Prabodhanm Weekly

Pages

Search

2012 ജനുവരി 28

മാപ്പിളപ്പാട്ടിന്റെ ആകാശവും അബൂസഹ്‌ലയുടെ നക്ഷത്രക്കൊട്ടാരവും-2

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

വിശ്വാസിയുടെ കര്‍മജീവിതം വിഭാജിതമല്ല. മതേതരമെന്ന് ആര്‍ക്കോ വേണ്ടി ആരൊക്കെ ശഠിക്കുന്ന സ്ഥൂലമണ്ഡലങ്ങള്‍ പോലും മുസ്‌ലിമിനു മതപരമാണ്. അതിനാല്‍ തന്നെ ഭൂമിയിലെ ഭൗതിക ജീവിതം പിന്നിട്ടു അഭൗതികതയിലേക്കുള്ള വിശ്വാസിയുടെ പ്രയാണം 'ഫലത്തില്‍''നിന്നും 'പ്രതിഫലത്തിലേ'ക്കുള്ള തീര്‍ഥയാത്രയാണ്. സംഘബോധത്തികവില്‍ സമഷ്ടിയായി കര്‍മം നിര്‍വഹിക്കുമ്പോഴാണ് ഭൂമിയില്‍ സല്‍ഫലങ്ങള്‍'(നതീജ) സംഭവിക്കുന്നത്. കര്‍മകാണ്ഡം പിന്നിട്ട് മറുലോകത്തെത്തുമ്പോള്‍ വിശ്വാസിക്ക് വ്യക്തിതലത്തില്‍ ലഭിക്കുന്ന സ്വര്‍ഗമോക്ഷമെന്ന പ്രതിഫല' (ജസാഅ്)വും. ഈമാനിന്റെ തികവില്‍ ഇവ രണ്ടും സംഭവിക്കുമ്പോള്‍ സ്വര്‍ഗം ഭൂമിയെ തൊട്ടുനില്‍ക്കും. യു.കെ യിലെ കവിക്കതറിയാം. അദ്ദേഹം കേവലനായ കവിയല്ല. പണ്ഡിതനായ കവിയാണ്. അതുകൊണ്ടാണ് അബൂ സഹ്‌ലയുടെ രചനകള്‍ മാപ്പിളപ്പാട്ടിന്റെ ആകാശത്ത് നക്ഷത്രമാകുന്നത്.
ലോക സമാധാനത്തിന് ലോകം മുറവിളി കൂട്ടുന്നു മതിയായുള്ളൊരു ജീവിത പദ്ധതിയ
വിശുദ്ധ ഖുര്‍ആനരുളുന്നു (ഇസ്‌ലാമിനു പകരം)
മുസ്‌ലിം പൗരോഹിത്യത്തെ മാപ്പിളപ്പാട്ടുകാര്‍ രണ്ടു രീതിയിലാണ് കൈകാര്യം ചെയ്തത്. ഒന്ന് അമിത ഭക്തിയുടെയും മറ്റൊന്ന് പരിഹാസത്തിന്റെയും. മാലപ്പാട്ടുകളും ഇരവുകളും ഒന്നാം സര്‍ഗത്തില്‍ ഉള്‍പ്പെടുമെങ്കില്‍ പുലിക്കോട്ടില്‍ ഹൈദറിനെപ്പോലുള്ള മഹാകവികള്‍ സഭ്യതയുടെ സര്‍വ അതിരുകളും പൊളിച്ചാണ് പുരോഹിത വേഷങ്ങളെ നിഗ്രഹിച്ചത്.
യു.കെ പക്ഷേ പുരോഹിതന്മാരെയും മതപണ്ഡിതന്മാരെയും വിമര്‍ശിക്കുമ്പോള്‍ പരനിന്ദയിലേക്ക് ഒരിക്കലും താഴുന്നില്ല. ഇസ്‌ലാമും പൗരോഹിത്യവുമെന്ന മനോഹര ഗാനം ആരംഭിക്കുന്നത് അറബി ബൈത്തിലൂടെയാണ്. പിന്നീടു അതേ ആശയം ശുദ്ധ മലയാളത്തിലേക്ക് ഈണക്കമ്പികള്‍ പൊട്ടാതെ മൊഴിമാറ്റിപ്പാടുന്നു. ഒന്നൊന്നിനെ ഊന്നിക്കൊണ്ട്. ഇത്തരം പാഠാവതരണ മാതിരി മാപ്പിളപ്പാട്ടുശാഖയില്‍ വളരെ അപൂര്‍വമാണ്.
ഖാല അലൈഹിസ്സലാത്തുവസ്സലാം
ലാ റുഹ്ബാനിയ്യതഫില്‍ ഇസുലാം
ഇല്ല പൗരോഹിത്യ മിസുലാം ദീനതില്‍ തെല്ലുമെന്നാറ്റല്‍ നബി ഉണര്‍ത്തിയേ (ഇസ്‌ലാമും പൗരോഹിത്യവും)
യു.കെയുടെ ശ്രദ്ധേയ രചനകള്‍ നൂഹ് നബിയും സമുദായവും, മൂസാ നബിയും ഫിര്‍ഔനും എന്നീ രണ്ടു പ്രവാചക കഥാരചനകളാണ്. മൂസാ പ്രവാചകന്റെ ജീവിത കാലത്തെ ഈജിപ്ത്. അന്നവിടെ നാടുവാണ ഫറോവന്‍ സാമ്രാട്ടുകളും. ഈ പരിസരമാണു ഒന്നാമത്തെ പാട്ടു ഭൂമിക.
കഥയുടെ നാടാം ഈജിപ്തിന്റെ
അധിപതി റംസീസു രണ്ടാമന്റെ കഥയില്ലായ്മകളൊന്നറിയണ്ടേ (പശ്ചാത്തലം)
ഇങ്ങനെ മൂസയുടെ ജനനം മുതല്‍ ഫറവോന്‍ ചക്രവര്‍ത്തിയുടെ ദുര്‍മരണം വരേയുള്ള കഥാപരിസരം ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടു ശീലുകളില്‍ ആദിമധ്യാന്ത ഭംഗിയോടെ ഒഴുക്കില്‍ പാടിപ്പോകുന്ന രചനാ പുഷ്ടി. പാടിപ്പാടിപ്പോകുമ്പോള്‍ മറ്റു കവികള്‍ കാണിക്കാത്ത ഒരതിസൂക്ഷ്മത യു.കെ പ്രകടിപ്പിക്കുന്നുണ്ട്. നാട്ടുപരിസരം വര്‍ണിക്കുമ്പോള്‍ ഭാവനയുടെ പൊന്‍ ചിറകിലേറി കഥാഭാഗത്തിന്റെ പരഭാഗ ഭംഗിയിലേക്കും കാല്‍പനിക ശോഭയിലേക്കും കവികള്‍ അറിയാതെ ചെന്നു ചാടും. മോയിന്‍ കുട്ടി വൈദ്യരിലും ചാക്കീരിയിലും പരീക്കുട്ടിയിലും പുന്നയൂര്‍ക്കുളം കവികളിലും എസ്.എ ജമീലിലും ടി. ഉബൈദില്‍ പോലും ഈ അതിവര്‍ണനാ മേദസ്സ് കാണാം. കഥാസന്ദര്‍ഭത്തിന്റെ ശാലീന യുക്തിയുമായിപ്പോലും ചേര്‍ന്നു നില്‍ക്കാതെ കേവല രംഗപരിസര നിരീക്ഷണത്തിലേക്കു വീണു പോകുന്നത് കവിഭാവനയുടെ പൊതു പരിമിതിയാണ്. അതോടെ വര്‍ണനയുടെ അധിക മേദസ്സ് പാഠഗൗരവത്തെ തകര്‍ക്കും. യു.കെയുടെ പാട്ടുകളില്‍ ഈയൊരു ഊനം ഒട്ടുമേയില്ല. മലയാളത്തില്‍ കാല്‍പനികത കാലുകള്‍ വെട്ടിയിട്ടു ചിറകില്‍ മാത്രം പാറിനടന്ന കാലത്താണ് യു.കെയുടെ രചനാ മണ്ഡലം പ്രഫുല്ലമായിരുന്നത് എന്ന് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.
മിസ്‌റിലെ ഏകാധിപത്യത്തിന്റെ കൊടൂരതകള്‍ വര്‍ണിക്കുമ്പോള്‍ ശോകാര്‍ദ്രമായി സങ്കടപ്പെടുന്ന യു.കെ അതിനകത്ത് അപ്പോഴും അഗാധമായ ഒരു പരിഹാസം ചാലിച്ചു നിര്‍ത്തിയതായി കാണാം.

നീളെ നീലിന്‍ മാറിടത്തിലെന്നും കൊന്നൊഴുക്കിയേ പാലൊലിക്കും ഉമ്മമാരെ കണ്ണുനീരിലാഴ്ത്തിയേ കണ്‍കുളിര്‍ക്കെ കണ്ട് പൂങ്കവിളിലുമ്മ വെക്കുവാന്‍ ഭാഗ്യമില്ല മോഹമോടെ പാല്‍കുടം കൊടുക്കുവാന്‍
(സ്വേഛാധിപത്യത്തിന്റെ കൊടും ക്രൂരത)
അല്ലാഹുവിന്റെ കല്‍പനക്കൊത്ത് സ്വന്തം കണ്‍മണിത്തിടമ്പിനെ ചോരവാരുന്ന വേദനയോടെ ഉമ്മ യോക്കാബാദ് നൈല്‍ നദിയിലെറിയുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ യു.കെയിലെ കാവ്യസിദ്ധി പ്രാണനാളത്തിലൂടൊരു മരാളനാരുപോലെ ലോലമാവുന്നു.
വല്‍സലയായ പെണ്ണിന്‍ കണ്ണിലു സന്തോഷ ബാഷ്പമൂറിയേ - അവള്‍
ഉല്‍സുകയായി പിഞ്ചുകുഞ്ഞിനെ മാറോടണച്ചു കൂട്ടിയേ
കൊഞ്ചിക്കളിച്ചു കാണും കുഞ്ഞിന്റെ ചെഞ്ചുണ്ടിലുമ്മ ചാര്‍ത്തിയേ - പുള
പുഞ്ചിരി തൂകും മോനെ കൊണ്ട മൃതീമ്പിച്ച് നാള്‍ പുലര്‍ത്തിയേ
(യൂകാബാദിന്റെ വിശ്വാസ ദാര്‍ഢ്യം)
നൈല്‍ പ്രവാഹത്തില്‍ നിന്നു റാണിക്കു കിട്ടിയ കുഞ്ഞിനെ പാലൂട്ടാനായി നാടാകെ പരതി നടന്നു ലഭിച്ച പോറ്റുമ്മ സത്യത്തില്‍ പെറ്റുമ്മയാണെന്ന സത്യം കൊട്ടാരത്തില്‍ അറിയുന്നേയില്ല. ഇത് അല്ലാഹുവിന്റെ സോദ്ദേശ്യ ഇടപെടലാണ്. ഈ രംഗം കവി പറയുമ്പോള്‍ ഭാവനയുടെ അത്യപാരത നമുക്കനുഭവവേദ്യമാകും. അതിഭാവുകത്വത്തിന്റെ പുറംതള്ളലുകളില്ലാതെ.
നോവേറ്റ് പെറ്റവള്‍ പോറ്റുമ്മയായ്
നോക്കേണം റബ്ബിന്‍ ഹിക്മത്ത് നാം
പാവങ്ങളാമിവര്‍ക്കെന്തറിയാം
പാര്‍ക്കാനിരിക്കുന്ന സംഭവങ്ങള്‍
പുരവിട്ടു കൊട്ടാരം തന്നിലോളം
പുറപ്പെട്ടു വന്നു മടങ്ങുന്ന ഈ
പരിശുദ്ധ കുഞ്ഞു കുരുന്നു തന്റെ
പര്യടനത്തിന്റെ രഹസ്യമെന്ത്
(പെറ്റുമ്മ പോറ്റുമ്മയാവുന്നു)
മനോധര്‍മത്തിനു വളരെയേറെ സാധ്യതകളുള്ള ഇത്തരം അവസരങ്ങളില്‍ കവി അതി സൂക്ഷ്മതയോടെയാണ് പദങ്ങള്‍ വിന്യസിക്കുന്നത്. കാരണം ഒന്നും രണ്ടും പ്രമാണ പാഠങ്ങളില്‍ നിന്നു മാത്രമാണ് അദ്ദേഹം കവിതയും കാവ്യ പരിസരങ്ങളും സൃഷ്ടിക്കുന്നത്.
മൂസ പ്രവാചകനായി ഫറോവയുടെ കൊട്ടാരത്തില്‍ തിരിച്ചെത്തിയതും അവിടെ ചക്രവര്‍ത്തിയുമായുള്ള സംവാദവും പട്ടമഹിഷിയുടെ വിശ്വാസ പ്രഖ്യാപനവും വിവരിക്കുമ്പോള്‍ ഭാവനയുടെ ഉന്നത ഗിരിശൃംഗത്തിലെത്തുന്നു. അപ്പോഴും അത്യുക്തിയുടെ അതലങ്ങളിലേക്കു വീഴാതെ. വിശ്വാസം ഒരു കുറ്റമാവുകയും കുരിശു മരണം ശിക്ഷയായി വിധിക്കപ്പെടുകയും ചെയ്ത ആസിയ ശിക്ഷ ഏറ്റുവാങ്ങുന്നതിനു മുമ്പ് അല്ലാഹുവിനോടു ചെയ്യുന്ന ഏറെ കാതരമായ ഒരു പ്രാര്‍ഥന ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്. ഭൗതികമായ നിസ്സഹായതയില്‍ നിന്നും ആകാശ ബോധ്യത്തിന്റെ സമ്പൂര്‍ണ സമര്‍പ്പണത്തില്‍ ലയിച്ചു നടത്തുന്ന ശോകാര്‍ദ്രമായ ഇരവ്. ഖുര്‍ആനിക പ്രയോഗങ്ങളുടെ ആന്തരിക ഭാവങ്ങള്‍ പാട്ടിന്റെ ആകാശമേടകളെ ഘനീഭവിപ്പിച്ചു ശോകസാന്ദ്രിമയായി ഭൂമിയിലേക്ക് പെയ്തിറങ്ങുന്നു.
മാപ്പിളപ്പാട്ടിന്റെ പാല്‍പ്പത സൗന്ദര്യം സമ്പൂര്‍ണമായും നിറന്നു പൊലിക്കുന്ന ആര്‍ദ്ര മനോഹരമായൊരു ഇശല്‍ മാലിക.
എന്റെ ഇലാഹേ നീ എന്നെ തുണച്ചീടണേ
നിന്റെയടുക്കല്‍ എനിക്കിടം നല്‍കീടണേ
ഫിര്‍ ഔനില്‍ നിന്നെന്നെ കാത്തുകൊള്ളേണമെന്നും
ഫിര്‍ദൗസില്‍ കൊട്ടാരം തീര്‍ത്തു തരണമെന്നും
(ബീവിക്ക് അല്ലാഹുവിനോട് പറയാനുള്ളത്)
യു.കെയുടെ മറ്റൊരു സുപ്രധാന രചന നൂഹ് നബിയും സമുദായവുമാണ്. ഒമ്പതു നൂറ്റാണ്ടിലേറെ നീണ്ട തന്റെ സന്മാര്‍ഗ സപര്യ കൊണ്ട് പുരോഗതിയേതും സംഭവിക്കാതെ അവിശ്വാസത്തില്‍ കടുത്തുപോയ സമൂഹത്തിന്റെ ജീവിത വൈകൃതങ്ങളെ വളരെ സമഗ്രമായി യു.കെ പ്രത്യക്ഷമാക്കുന്നതു രണ്ടു വരി പാട്ടിലാണ്.
ഈമാന്‍ ഇബ്‌ലീസിനു വിറ്റു കടുപ്പമേറിയ കുഫ്‌റിനു പകരം
സന്മാര്‍ഗ ചെയ്തികളവരില്‍ വെറുമൊരു കടങ്കഥയായ്
(മനുഷ്യര്‍ പിശാചിന്റെ കെണിയില്‍)
ഏറെ സ്‌നേഹ വാത്സല്യങ്ങളോടെ സ്വന്തം ജനതയുടെ മോക്ഷത്തിനു അധ്വാനിക്കുന്ന നൂഹിനെ പ്രമത്തതയോടെ അര്‍മീനിയാ പ്രഭുക്കള്‍ പരിഹസിക്കുന്ന ഭാഗം യു.കെയുടെ മനോധര്‍മത്തില്‍ വാര്‍ന്നു വീഴുന്നതു ഹൃദയഹാരിയായ പദസങ്കലനത്തോടെയാണ്. നെല്ലോലത്തലപ്പുകള്‍ പരസ്പരം മിണ്ടിച്ചിരിക്കുന്നതുപോലെ.
നാശമുണ്ടെന്ന ഭീഷണി നാളുകളായി കേള്‍ക്ക്ണ്
നാശമതിങ്ങിറങ്ങുവാന്‍ നാളെനി തോനെ വേണമോ
(നശിച്ചൊടുങ്ങാന്‍ വെല്ലുവിളി)
പാട്ടിന്റെയും കവിതയുടെയും ലോകത്ത് എന്നും സ്ത്രീ അതിപ്രധാനമായ ഉപമാനവും ഉപമേയവുമാണ്. അംഗനാ ലാവണ്യത്തിനു ചുറ്റും കറങ്ങുന്ന ഭ്രമര സാന്നിധ്യമാണ് എന്നും പാട്ടുലോകം. പ്രത്യേകിച്ചു മാപ്പിളപ്പാട്ടില്‍. യുദ്ധകാവ്യങ്ങളില്‍ പോലും നിറസൗന്ദര്യത്തോടെ അവള്‍ പ്രത്യക്ഷപ്പെടുന്നു. വൈദ്യരുടെ ബദറുല്‍ മുനീറും ഹുസ്‌നുല്‍ ജമാലുമാണ് സ്ത്രീ വര്‍ണനയിലെ ലക്ഷണ സമ്പൂര്‍ണമായ ആദ്യ രചന. ജിന്നും ഇന്‍സും ഇഫ്‌രീത്തും ഒളിവിലും തെളിവിലും പ്രത്യക്ഷപ്പെടുന്ന വിഭ്രാത്മക ലോകത്ത് സ്ത്രീ സൗന്ദര്യം അതിന്റെ ഏഴഴകില്‍ അപ്‌സരസ്സുകളെപ്പോലെ വിപ്രലംഭ പദമാടുന്ന വിലാസവതിയായെത്തുന്നു. വൈദ്യരുടെ തന്നെ ആമിനക്കുട്ടി, പുലിക്കോട്ടിലിന്റെ മറിയക്കുട്ടി, ഷൊര്‍ണ്ണൂര്‍ യാത്ര, തത്തമ്മക്കിളിയോട്, നാടന്‍ പെണ്ണുങ്ങള്‍ തുടങ്ങി നിരവധി പാട്ടുകള്‍ ഉദാഹരണങ്ങളാണ്. ഒപ്പനപ്പാട്ടുകളും കല്യാണപ്പാട്ടുകളും ഇതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു. എഴുപത് ചുറ്റു വസ്ത്രമുടുത്തിട്ടും ശരീരവടിവുകളും നിമ്‌നോന്നതകളും കാണുന്ന സ്വര്‍ഗ കന്യകള്‍ നടന്നുപോകുന്നതു വായപ്പള്ളി മുഹമ്മദ് വിവരിക്കുന്നത് മാപ്പിളപ്പാട്ടിലെ ഏറ്റവും പ്രസിദ്ധമായ രചനയാണ്.
സംകൃതപമഗിരിതങ്കതുങ്ക തധിംഗിണ
തിംകൃത തിമികിട മേളം
സരി - ധം സരി സരിഗമദക്കിദത്ത ദിം ദിംഗിണി
തിം തിമി തളകൃത താളം
പുന്നയൂര്‍ കുഞ്ഞുവിന്റെ കുരുത്തക്കേടെന്നിലേറി, എസ്.എ ജമീലിന്റെ കത്തു പാട്ടുകള്‍ ഇതൊക്കെയും സാംസ്‌കാരിക അരുതുകളുടെ വേലി പൊളിച്ച പാട്ടു സമൃദ്ധികളാണ്.
അങ്കം വെട്ടുന്ന തങ്കമേനിയില്‍
കുങ്കുമം വെയില്‍ ചാര്‍ത്തവേ
മങ്കയവളുടെ ചെങ്കവിളിന്റെ
റങ്കു കണ്ട് മയങ്ങിപ്പോയി
(എസ്.എ ജമീല്‍)
ഇങ്ങനെ സ്ത്രീ പക്ഷഗാനങ്ങള്‍ ശൃംഗാരത്തിന്റെയും വിപ്രലംഭത്തിന്റെയും ചേറ്റു കണ്ടങ്ങളില്‍ വരാഹത്തെപ്പോലെ പുളച്ചു കളിച്ചപ്പോള്‍ മാപ്പിളപ്പെണ്ണിനെ കേവല തൃഷ്ണയില്‍ നിന്നു സമ്പൂര്‍ണമായും വിമോചിപ്പിക്കുകയും എന്നിട്ടവളെ ജീവിതത്തിന്റെ വിശുദ്ധിയില്‍ പുനഃസ്ഥാപിക്കുകയും ചെയ്തുവെന്ന മഹത്തായ ദൗത്യമാണ് ഒരു നിയോഗം പോലെ യു.കെയിലെ കവി ഒറ്റയ്ക്ക് ഏറ്റെടുത്തത്. കേവല ഭോഗവസ്തുവില്‍ നിന്നും സ്ത്രീയെ ആത്മമോക്ഷത്തിന്റെ പുണ്യസ്ഥലികളിലേക്ക് വാഴ്ത്തി നിര്‍ത്തുകയെന്ന നിയോഗം.
കവിയുടെ സമ്പൂര്‍ണ സ്ത്രീപക്ഷ ഗാന സമാഹാരങ്ങള്‍ പ്രധാനമായും രണ്ടെണ്ണമാണ്. മറിയക്കുട്ടിയും ജമീലയും. മതം പഠിച്ചറിഞ്ഞ മറിയത്തെ പണവും പ്രതാപവും മാത്രം മാനദണ്ഡമാക്കി പിതാവ് പലിശക്കാരന്‍ തറുവൈ മൂപ്പന്റെ മകന്‍ പോക്കറിനു നിക്കാഹ് ചെയ്യാന്‍ തീരുമാനിക്കുന്നു. മറിയക്കുട്ടിയുടെയും സുഹൃത്തുക്കളുടെയും വന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് പിതാവ് ഈ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങുന്നു. ഇതിനിടയില്‍ നടക്കുന്ന ഏറെ സംഘര്‍ഷഭരിതമായ ജീവിത പ്രകര്‍ഷങ്ങളിലൂടെ കവി നമ്മെ കൊണ്ടുപോകുന്നു. മനോഹരവും അതിലളിതവുമായ ഈണ സമൃദ്ധി. ആമ്പല്‍കുളത്തില്‍ നീന്തുന്ന അരയന്നപ്പിട പോലെ.
ദുര്‍ന്നടപ്പുകാരനായ പോക്കരുമായി നിക്കാഹിനു വിസമ്മതിക്കുന്ന മകളെ പിതാവ് ആശ്വസിപ്പിക്കുന്നത് എങ്ങിനെയെന്നല്ലേ.
പൂമകളേ കരയല്ലേ സങ്കടങ്ങള്‍ കാട്ടല്ലേ
എന്‍മകള്‍ ഗുണമോര്‍ത്തല്ലേ ഞാന്‍
പാടുപെട്ടു നടക്ക്ണത്
പാടുപെട്ടു നടക്ക്ണത്....
മെച്ചമായൊരു മാളികയും കൂടെ പത്തായപ്പുരയും
ഭക്ഷണത്തിനു നെല്ലരിയും ഉണ്ടല്ലോ മോളേ കൂട്ടരിക്ക്
(കുഞ്ഞാമുട്ടി ഹാജി മകളെ ആശ്വസിപ്പിക്കുന്നു)
ഇത്തരം വിവാഹങ്ങള്‍ക്ക് പണവും സമ്മാനങ്ങളും കൈപറ്റി കള്ള ഫത്‌വകള്‍ ചുട്ടു നല്‍കുന്ന മുസ്‌ലിയാക്കളെയും കവി നിര്‍ദയം പിടികൂടുന്നു. അപ്പോഴും സന്ദര്‍ഭമാവശ്യപ്പെടുന്ന വിശേഷണ പദങ്ങള്‍ മാത്രമേ കവി ഉപയോഗിക്കുന്നുള്ളു.
ദീനു പഠിച്ചൊരു പെണ്‍കുട്ടി
ദുനിയാവു പിടിച്ചൊരു പോക്കരുട്ടി
നടുവിലു നട്ടം തിരിഞ്ഞു നമ്മുടെ
ഖത്തീബു മായന്‍ മോല്യാര്
(നിശ്ചയിച്ച കല്യാണം വേണ്ടെന്നു വെക്കുന്നു)
മറിയകുട്ടിയെന്ന പേരില്‍ തന്നെ കവി പുലിക്കോട്ടില്‍ ഹൈദറിന്റേതായി ഏറെ പ്രസിദ്ധമായൊരു രചനയുണ്ട്. 1921ല്‍ തിരുക്കൊച്ചി മുതല്‍ അന്തമാന്‍ വരെ ചിതറിപ്പോയ മാപ്പിളമാരുടെ അസാന്നിധ്യം സൃഷ്ടിച്ച ദാമ്പത്യ വെപ്രാളങ്ങളില്‍ നിരവധി കുടുംബങ്ങള്‍ മലബാറില്‍ ശ്ലഥമായിരുന്നു. ബെല്ലാരിയില്‍ ജയിലില്‍ കഴിയുന്ന ഹസ്സന്‍കുട്ടി ഭാര്യയെ തലാക്ക് ചൊല്ലി നാട്ടിലേക്ക് കത്തയക്കുന്നു. ഇതില്‍ ഏറെ ഖിന്നയായ ഭാര്യ മറിയക്കുട്ടിക്കു വേണ്ടി ഹൈദര്‍ ജയിലിലേക്കയക്കുന്ന കത്താണ് മറിയക്കുട്ടി. വിവാഹ മോചിതയാക്കിയ ഭാര്യയുടെ ഭാഗത്തുനിന്നെഴുതിയ ഏറെ ഭാവസാന്ദ്രവും ശോകാര്‍ദ്രവുമായ ഗാനം. രചനയില്‍ ഏറെ മികവു പുലര്‍ത്തുന്ന ഗാനം ഒരു മധുര രാഗ പരാഗമായി ലക്ഷണമൊത്ത മാപ്പിളപ്പാട്ടിനു ഉദാഹരണമാണെങ്കിലും അവതരണത്തില്‍ നൈതികതയുടെ ചുമരുകള്‍ തുരക്കുന്നു.
എന്നെ നിങ്ങളൊയ്യെ തൊട്ടിട്ടില്ല മറ്റൊരാണ്
എമ്പിടുന്നു കൊണ്ട് വെട്ടി തങ്ങളെ കാലാണ്!
കാല് രണ്ടും തന്നെയാണേ! ഇപ്പഴുംഭുജിക്കാന്‍
കണ്ട് നുണഞ്ഞ് നടക്കുന്നുണ്ട് ചിലരൊക്കാ..
ബാലരെ വലയിലിന്നോളം പിണഞ്ഞിട്ടില്ല
വന്നു നോക്കിപ്പോയ തൊയ്യെ കോളു തിന്നിട്ടില്ല
(മറിയക്കുട്ടി - പുലിക്കോട്ടില്‍)
യു.കെയും പുലിക്കോട്ടിലും കൈകാര്യം ചെയ്യുന്നത് ഏതാണ്ട് സമാനതകളേറെയുള്ള പാഠപ്രദേശമാണ്. പരസ്പര വിശ്വാസം തകര്‍ന്നതോടെ ശ്ലഥമായ ദാമ്പത്യം. മറ്റൊന്ന് ഒത്തുപോകാന്‍ ഒരു സാധ്യതയും കാണാതെ ഒപ്പിച്ചെടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ദാമ്പത്യം. പാഠാവതരണത്തിനു മദാലസ രംഗങ്ങള്‍ ലോഭം വിടാതെ പ്രയോഗിക്കുന്നു ഹൈദര്‍. യു.കെ ഇത്തരം പ്രതിസന്ധികള്‍ മറികടക്കുന്നത് സൗമ്യ മൗനങ്ങളുടെയും ധര്‍മ ദീപ്തിയുടെയും ഉജ്ജ്വല പ്രതീകങ്ങളിലൂടെയാണ്. മൗനത്തിലും വിനിമയങ്ങള്‍ ഇരമ്പി നില്‍ക്കും.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം