Prabodhanm Weekly

Pages

Search

2012 ജനുവരി 28

തുനീഷ്യ, ഈജിപ്ത് പുതിയ ചോദ്യങ്ങള്‍

ജോണ്‍ എല്‍ എസ്‌പോസിറ്റോ/ ഇസ്സത്ത് ഇബ്‌റാഹീം

ജിപ്ത് തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോഴുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍?
തീര്‍ച്ചയായും ചില കാര്യങ്ങളെക്കുറിച്ച് ഞാന്‍ ആലോചിക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ മുസ്‌ലിം ബ്രദര്‍ഹുഡ് മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. ഇതിനു പല കാരണങ്ങളുണ്ട്. ഈജിപ്തില്‍ ശക്തമായ ഒരു ബഹുകക്ഷി രാഷ്ട്രീയ സമ്പ്രദായം നിലനില്‍ക്കുന്നില്ല എന്നതാണ് അതിലൊന്ന്. ഈജിപ്തിലും തുനീഷ്യയിലും ഇസ്‌ലാമിസ്റ്റുകള്‍ നാല്‍പതു ശതമാനം സീറ്റെങ്കിലും നേടുമെന്ന് ഞാന്‍ മുമ്പേ തന്നെ എഴുതിയിട്ടുള്ളതാണ്. പക്ഷേ, ഏവരെയും ഞെട്ടിച്ചത് ഇതൊന്നുമായിരുന്നില്ല. രാഷ്ട്രീയ മേഖലകളില്‍ ഏറെ പേര്‍ക്കും അപരിചിതരായ സലഫികള്‍ ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച മുന്നേറ്റം ശരിക്കും അപ്രതീക്ഷിതമായിരുന്നു. എന്തായാലും ഇത്രയും കാലം ഇസ്‌ലാമിക മുന്നേറ്റം എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ആദ്യം മനസ്സില്‍ വരിക ഇഖ്‌വാന്‍ എന്ന പേര് മാത്രമായിരുന്നു. എന്നാല്‍ ഇന്ന് സലഫികള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും അവരുടെ നൂര്‍ പാര്‍ട്ടി ഇലക്ഷനില്‍ സമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരിക്കുന്നു.
എനിക്ക് തോന്നുന്നത് ഇഖ്‌വാനേക്കാളും കൂടുതല്‍ ചോദ്യങ്ങള്‍ അഭിമുഖീകരിക്കാനുള്ളത് നൂര്‍ പാര്‍ട്ടിക്കായിരിക്കും എന്നാണ്. ശരീഅത്ത് നിയമങ്ങളെ കുറിച്ച അള്‍ട്രാ കണ്‍സര്‍വേറ്റീവ് ചര്‍ച്ചകളുമായി ഇനി അവര്‍ കൂടുതല്‍ സംവദിക്കേണ്ടിവരും. ഇഖ്‌വാനാകട്ടെ കാലങ്ങളായി ഇത്തരം ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാടുകള്‍ രേഖപ്പെടുത്തിയതിന്റെ മഹത്തായ ചരിത്രമുള്ളൊരു പ്രസ്ഥാനമാണ്. നൂര്‍ പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അനുനയപരമായ നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ ചില നിരീക്ഷകരുടെ അഭിപ്രായത്തില്‍ നൂര്‍ പാര്‍ട്ടി ഈയിടെ ചില വിഷയങ്ങളില്‍ സ്വീകരിച്ച ഇത്തരം നിലപാടുകളും പാര്‍ട്ടിയിലെ തന്നെ ചില വ്യക്തികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങളും തമ്മില്‍ വൈരുധ്യങ്ങളുണ്ട് എന്നാണ്. എനിക്ക് തോന്നുന്നത്, ഈജിപ്തില്‍ സലഫികളുടെ പ്രാതിനിധ്യത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് നേരെ എതിര്‍ദിശയിലാണ് തുനീഷ്യ സഞ്ചരിക്കുന്നത്.

രാഷ്ട്രീയ മേഖലയിലെ പുതിയ പ്രതിഭാസമാണ് സലഫി മൂവ്‌മെന്റുകളുടെ കടന്നുവരവ്. ഇത് വഹാബി ചിന്താഗതികളുടെ തന്നെ വികസിത രൂപമാണെന്ന് കരുതുന്നുണ്ടോ? അതോ ആഴത്തില്‍ വേരുകളുള്ള മറ്റു വല്ല കാരണങ്ങളും ഉണ്ടോ അതിന്?
സലഫികളെക്കുറിച്ച് പറയുകയാണെങ്കില്‍, സലഫി എന്ന വാക്ക് പോലും അതിന്റെ വിവിധ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊണ്ട് വിശദീകരിക്കുക ഏറെ വിഷമം പിടിച്ച പണിയാണ്. സാമാന്യ അര്‍ഥത്തില്‍ പ്രവാചകന്റെ ആദ്യകാല അനുയായികളെ സൂചിപ്പിക്കാനാണ് ആ വാക്ക് ഉപയോഗിക്കുക. തുടര്‍ന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മഹാനായ ഇസ്‌ലാമിക പരിഷ്‌കര്‍ത്താവ് മുഹമ്മദ് അബ്ദുവിന്റെ മൂവ്‌മെന്റിനെ പറ്റി പറയാനും ഈ പദം ഉപയോഗിക്കുന്നുണ്ട്. അതിന് ശേഷം ചില ആളുകളെപ്പറ്റി (അവരെ അള്‍ട്രാ കണ്‍സര്‍വേറ്റീവ് എന്ന് വിളിക്കാനാണ് എനിക്കിഷ്ടം) പറയാനും ഇതേ പദം ഉപയോഗിക്കുന്നു. അവര്‍ വഹാബികള്‍ എന്നും അഭിസംബോധന ചെയ്യപ്പെടാറുണ്ട്.
എനിക്ക് തോന്നുന്നത്, സുഊദിയിലെ സലഫികളും ഗള്‍ഫിലെ മറ്റു സലഫികളും തമ്മില്‍ ചില കാര്യങ്ങളിലെങ്കിലും സമാനതകളുണ്ട് എന്നാണ്. സലഫികളെ രണ്ടു വിഭാഗങ്ങളായാണ് ഞാന്‍ വേര്‍തിരിക്കാറ്. ഒന്ന്, പൂര്‍ണമായും രാഷ്ട്രീയത്തെ കൈയൊഴിഞ്ഞ ഓര്‍ത്തഡോക്‌സ് ഇസ്‌ലാമിന്റെ യാഥാസ്ഥിതിക വിഭാഗക്കാര്‍. ഈജിപ്തില്‍ മുബാറക്കിന് കീഴില്‍ ഇത്തരക്കാര്‍ ധാരാളം ഉണ്ടായിരുന്നു. രണ്ടാമത്തെ വിഭാഗം രാഷ്ട്രീയ സലഫികളാണ്. ഇവ രണ്ടും കൂടാതെ മൂന്നാമതൊരു വിഭാഗമുണ്ട്. അവരെ ഞാന്‍ മിലിറ്റന്റ് സലഫികള്‍ എന്ന് വിളിക്കും. എന്റെ അഭിപ്രായത്തില്‍ ഇവരെ തമ്മില്‍ പരസ്പരം വ്യവഛേദിച്ച് മനസ്സിലാക്കേണ്ടത് വളരെ അനിവാര്യമാണ്. മിലിറ്റന്റ് സലഫികളെയാണ് ജിഹാദിസ്റ്റുകള്‍ എന്ന് വിളിക്കുക. പലപ്പോഴും വയലന്‍സിന്റെ മാര്‍ഗമായിരിക്കും അവര്‍ സ്വീകരിക്കുക. പൊളിറ്റിക്കല്‍ സലഫികള്‍ വിചാരിക്കുന്നത് തങ്ങള്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടെന്നും മറ്റുള്ളവരും ആ കാഴ്ചപ്പാട് തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തണം എന്നുമാണ്. സൊസൈറ്റിയില്‍ ആകമാനം തങ്ങളുടെ കാഴ്ചപ്പാട് വ്യാപിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്റെ അഭിപ്രായത്തില്‍ ഇവരുമായി ബന്ധപ്പെട്ടു ഇനിയും ഇവിടെ പുതിയ പദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
പല സംഘടനകളും ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. എന്നാല്‍ മുസ്‌ലിംകളല്ലാത്തവരെ സംബന്ധിച്ചേടത്തോളം ഇത് വളരെ സങ്കീര്‍ണമാണ്. ആദ്യം അവര്‍ വഹാബികള്‍ എന്ന് കേള്‍ക്കുന്നു. അവരിലൂടെ മുസ്‌ലിം ലോകത്ത് നിന്ന് ഇസ്‌ലാമിനെ കുറിച്ച് ഭീഷണിയുടെ സ്വരത്തിലുള്ള വാക്കുകളായിരുന്നു മറ്റുള്ളവര്‍ക്ക് കേള്‍ക്കേണ്ടിവന്നത്. പിന്നെ അവര്‍ സലഫികള്‍ എന്ന് കേള്‍ക്കുന്നു. ഇതില്‍ തന്നെ സലഫികള്‍ വിവിധ തരത്തിലുള്ളപ്പോള്‍, ഇവരൊക്കെ ആരാണെന്നും എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്നും ഉള്ള ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നു.
ഒരുപാട് മതങ്ങളെ അടുത്തറിയാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ ഞാന്‍ ക്രിസ്ത്യന്‍ തിയോളജിയുടെ ഭാഗമായിരുന്നു. എന്നാല്‍ ഞാന്‍ ഇസ്‌ലാമിന്റെ ഭാഗമായി നാല്‍പതു വര്‍ഷത്തോളം പ്രവര്‍ത്തിക്കുകയുണ്ടായി. ചിലപ്പോള്‍ നിങ്ങള്‍ക്ക് ക്രിസ്ത്യാനിറ്റിയില്‍ വളരെ യാഥാസ്ഥിതിക വിഭാഗങ്ങളെയും കാണാനാവും. ഉദാഹരണത്തിന് അമേരിക്കയില്‍ നിങ്ങള്‍ക്ക് അവരവരുടെ വൈയക്തിക ജീവിതങ്ങളില്‍ കടുത്ത യാഥാസ്ഥിതികത്വം പുലര്‍ത്തുന്നവരെ കണ്ടെത്താം. ഇത് വലതുപക്ഷ ക്രിസ്ത്യന്‍ (Christian right) എന്ന പേരില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും അങ്ങനെ അത് സ്വന്തം താല്‍പര്യങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുന്ന ഒരു ഉപകരണമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. നിരവധി മതങ്ങളില്‍ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള യാഥാസ്ഥിതികവാദികളെ കാണാനാവും. അതുകൊണ്ടുതന്നെ ഒരൊറ്റ നിര്‍വചനത്തിലേക്ക് ഇവയെ എല്ലാം ഒതുക്കുക പ്രയാസമാണ്. ഈജിപ്തിലുള്ളവരെയും പുറത്തുള്ളവരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ 'നിശ്ശബ്ദ സലഫികളുടെ' രാഷ്ട്രീയ പ്രവേശവും തെരഞ്ഞെടുപ്പിലെ അവരുടെ മികച്ച പ്രകടനവും. ചില ഇടങ്ങളില്‍ അവര്‍ക്ക് ഇഖ്‌വാനുമായി അത്ര വ്യത്യാസമുള്ളതായി കാണാന്‍ സാധിക്കില്ല. എന്നാല്‍ മറ്റു ചില മേഖലകളില്‍ അവര്‍ ഇഖ്‌വാനുമായി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.

ചിലരുടെ അഭിപ്രായത്തില്‍ ഇലക്ഷനുകള്‍ ഇസ്‌ലാമിസ്റ്റുകളല്ലാത്തവരെ പുറന്തള്ളുന്നു എന്നാണല്ലോ. എത്രത്തോളം ഗൗരവത്തിലെടുക്കാം ഈ അഭിപ്രായം?
എനിക്ക് തോന്നുന്നത് ഇതില്‍ അപകടകരമായ പല പ്രവണതകളും ഉണ്ട് എന്നാണ്. എന്തൊക്കെ പറഞ്ഞാലും ഇഖ്‌വാന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ നേരിട്ടവരും അത്തരം മേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെ വലിയ ട്രാക്ക് റെക്കോര്‍ഡുകള്‍ ഉള്ളവരുമാണ്. അവരുടേതായ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് കൊണ്ട് ജനങ്ങളുമായി തെരഞ്ഞെടുപ്പിലൂടെ സംവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം ചില ഇടങ്ങളില്‍ നേരിയതാണെങ്കിലും, അവരുടെ ജനങ്ങളുമായി സംവദിച്ചതിന്റെ ട്രാക്ക് റെക്കോര്‍ഡ് എഴുതിത്തള്ളാനാവാത്തതാണ്. എന്നാല്‍ സലഫികളുടെ കാര്യത്തിലാണെങ്കില്‍ നിരവധി സംശയങ്ങള്‍ ബാക്കിയാണ്. ആരാണ് ഇവരെന്നും എവിടെ നിന്നാണ് അവര്‍ രാഷ്ട്രീയക്കാരായി മാറിയതെന്നും കുറേ ആളുകള്‍ക്കെങ്കിലും സംശയമുള്ള കാര്യമാണ്. മുബാറക്കിന്റെ പെട്ടെന്നുണ്ടായ പതനത്തെത്തുടര്‍ന്ന് ഇവര്‍ രാഷ്ട്രീയമായി സംഘടിക്കുകയും അങ്ങനെ വോട്ടുകള്‍ ആകര്‍ഷിക്കുകയുമാണ് ചെയ്തത്. എന്നാലും രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെ പറയത്തക്ക ചരിത്രമൊന്നും ഇല്ലാത്തേടത്തോളം കാലം അവരെക്കുറിച്ച് എല്ലാം അജ്ഞാതം തന്നെയാണ്. ഇസ്‌ലാമിനെക്കുറിച്ച ഒരു മധ്യകാല കാഴ്ചപ്പാടാണ് അവര്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നതെങ്കില്‍ തീര്‍ച്ചയായും ഡെമോക്രസി ഹറാം ആണെന്ന കാഴ്ചപ്പാടിലായിരിക്കും അവര്‍ എത്തിച്ചേരുക. ഇനി അതല്ല ഇവര്‍ക്ക് വല്ല ഹിഡന്‍ അജണ്ടയുമുണ്ടാവുമോ? ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് ആളുകളെ തഹ്‌രീര്‍ സ്‌ക്വയറിലേക്ക് വിളിച്ചുവരുത്തുന്നത് ശരീഅത്തിനെക്കുറിച്ചും അതിനെക്കുറിച്ച അവരുടെ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊടുക്കാനായിരിക്കുമോ?

അങ്ങനെയെങ്കില്‍ അത് മതകീയ പാരമ്പര്യങ്ങളെ എങ്ങനെ ആധുനിക ഡെമോക്രസിയില്‍ അക്കമഡേറ്റ് ചെയ്യും എന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരില്ലേ?
പടിഞ്ഞാറുള്ള പല പോളിസി നിര്‍മാതാക്കളും, എന്തിനു മുസ്‌ലിം ലോകത്ത് നിന്ന് തന്നെയുള്ളവരും ഡെമോക്രസിയാണ് എന്തിനുമുള്ള മാതൃക എന്നും വികസനത്തിനാവശ്യമായ എല്ലാവിധ മോഡലുകളും പടിഞ്ഞാറ് നിന്ന് തന്നെ വരണം എന്നും ധരിച്ചുപോയിട്ടുണ്ട്. ഈജിപ്തിനെ പോലുള്ള പൂര്‍വ കോളനി രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മേല്‍പറഞ്ഞ ചിന്തകളെ അടിസ്ഥാനമാക്കി മതേതരത്വത്തെ എല്ലാറ്റിന്റെയും മൂലശിലയാക്കി പ്രതിഷ്ഠിക്കുകയും രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം പടിഞ്ഞാറന്‍ മാതൃകയിലാക്കി തീര്‍ക്കുകയും ചെയ്തു. ഇതിന്റെ പല പരിണതികളാണ് ഇന്നും നമ്മള്‍ അവിടെ കണ്ടുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ പടിഞ്ഞാറിന്റെ അനുഭവം വെച്ച് നോക്കിയാല്‍ ഡെമോക്രസി വളരെ വ്യത്യസ്ത രീതികളിലാണ് അമേരിക്കയിലും യൂറോപ്പിലും പോലും വികസിച്ചുവന്നത് എന്ന് കാണാം. അമേരിക്കയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക രാഷ്ട്രവും ചര്‍ച്ചും തമ്മില്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്നതാണ്. സത്യത്തില്‍ മതവും രാഷ്ട്രീയവുമെല്ലാം കലര്‍ന്ന ഒരു മിശ്രിതമാണ് അവിടെയുള്ളതെങ്കിലും സാങ്കേതികമായി അവ രണ്ടും വേര്‍തിരിഞ്ഞു തന്നെ നില്‍ക്കുന്നു. ഇനി യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, യു.കെ, സ്‌കാന്റിനേവിയ തുടങ്ങിയ നാടുകളില്‍ സ്റ്റേറ്റിന്റെ തന്നെ മതമായാണ് അത് നിലനില്‍ക്കുന്നത് എന്ന് പറയാം. എന്നാല്‍ നിങ്ങള്‍ക്ക് അവിടെ ഒരു ഡെമോക്രസി ഉണ്ടുതാനും. എന്നാലോ, അവിടങ്ങളില്‍ സ്റ്റേറ്റിന്റെ തലവന്‍ സ്റ്റേറ്റ് മതത്തില്‍തന്നെ പെട്ടവനാവണമെന്നും സ്റ്റേറ്റ് മതത്തിന്റെ ചര്‍ച്ചുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ എല്ലാം തന്നെ രാഷ്ട്രത്തിന്റെ പിന്തുണയോടെ മാത്രമേ നടത്തിക്കൊണ്ടുപോകാവൂ എന്നുമുണ്ട്. ഇത് മൊത്തത്തില്‍ അമേരിക്കന്‍ ഡെമോക്രസിയില്‍നിന്ന് വ്യത്യാസപ്പെട്ടു നില്‍ക്കുന്നു.
പറഞ്ഞുവരുന്നത് വെസ്റ്റേണ്‍ ഡെമോക്രസി എന്ന് നമ്മള്‍ പറയുന്നത് അത് നിലകൊള്ളുന്ന വിവിധ രാജ്യങ്ങളുടെ സ്വഭാവമനുസരിച്ച് നിരവധി വ്യാഖ്യാനങ്ങളും രൂപഭേദങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. യഥാര്‍ഥ ചോദ്യം ഇതാണ്: ഈ രാജ്യങ്ങളിലെല്ലാം ഇന്ന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ന് മാതൃകകള്‍ പലതും മാറിക്കൊണ്ടേയിരിക്കുകയാണ്. ഇപ്പുറത്ത് മുസ്‌ലിം ലോകത്താകട്ടെ വിവിധ തരത്തിലുള്ള ജനാധിപത്യ രാജ്യങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുമുണ്ട്. നിങ്ങള്‍ സെനഗലിലെക്കോ മലേഷ്യയിലേക്കോ അതുമല്ലെങ്കില്‍ തുര്‍ക്കിയിലേക്കോ നോക്കുക. കുറേക്കാലം അമേരിക്ക തുര്‍ക്കി മോഡല്‍ ജനാധിപത്യത്തിന്റെ പ്രായോജകരായിരുന്നു. പക്ഷേ, തുര്‍ക്കി മോഡല്‍ ജനാധിപത്യം എന്നതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് തുര്‍ക്കി മോഡല്‍ സെക്യുലരിസം എന്നുതന്നെയായിരുന്നു. അത് മതനിരപേക്ഷം അല്ലെങ്കില്‍ മതവിരുദ്ധം ആയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. തുര്‍ക്കി എന്ന മുസ്‌ലിം രാഷ്ട്രവും അവിടത്തെ ഗവണ്‍മെന്റും പറഞ്ഞുകൊണ്ടിരിക്കുന്നത്, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഒരുപോലെ ഇടം അനുവദിക്കുന്ന ഒരു സെക്യുലരിസത്തെ കുറിച്ചാണ്. തുര്‍ക്കിയില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് മതത്തെ ബഹുമാനത്തോടെയും വളരെ സെന്‍സിറ്റീവായും കാണുന്ന പ്രവണത കാണാനാവും. മതത്തെ മനപ്പൂര്‍വം അവമതിക്കാന്‍ ശ്രമിക്കുന്ന യാതൊന്നിനെയും നിങ്ങള്‍ക്ക് അവിടെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. മുമ്പ് തുര്‍ക്കിയില്‍ നേരത്തെ പറഞ്ഞ സെക്യുലര്‍ ഭരണ സംവിധാനത്തിന് കീഴില്‍ നിങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തില്‍ പെടുന്നവനായി കാണപ്പെട്ടാല്‍ നിങ്ങള്‍ക്ക് സ്‌കൂളില്‍ അധ്യാപകനാവാന്‍ കഴിയുമായിരുന്നില്ല. മിലിറ്ററി സേവനത്തിനോ മറ്റേതെങ്കിലും ബ്യൂറോക്രസിയിലോ എത്തിച്ചേരാന്‍ പോലും പറ്റുമായിരുന്നില്ല. അതായത് എല്ലാം മാറിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ തുനീഷ്യയില്‍ അന്നഹ്ദ പാര്‍ട്ടി ഉയര്‍ന്നുവരികയാണ്. കഴിഞ്ഞ മുപ്പത് കൊല്ലമായി അന്നഹ്ദയെ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍. അവര്‍ പറയുന്നത് തീര്‍ച്ചയായും തുര്‍ക്കിയാണ് തങ്ങളുടെ പ്രചോദനം എന്നാണ്. എന്നാല്‍, തുര്‍ക്കിയെ അതുപോലെ പകര്‍ത്താന്‍ അവര്‍ തയാറല്ല. തുനീഷ്യയുടെ പ്രത്യേകമായ ഒരു സവിശേഷതയെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത് എന്ന് വ്യക്തം. ഗനൂശി പറയുന്നത് പൊതുവായ ഒരു മതകീയ പാരമ്പര്യവും സാംസ്‌കാരികതയും പിന്തുടര്‍ന്നവരാണ് തുനീഷ്യക്കാര്‍ എന്നാണ്. അതുകൊണ്ട് തുനീഷ്യക്ക് ഏറ്റവും യോജിച്ചത് ഒരു സിവില്‍ ഗവണ്‍മെന്റ് ആയിരിക്കും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇവിടെ വെച്ച് തന്നെ അദ്ദേഹം അന്നഹ്ദയെ ഒരു മതകീയ സംഘടന എന്ന നിലയില്‍ നിന്ന് വേര്‍തിരിച്ചു ഒരു രാഷ്ട്രീയ സംഘടനയായി ആഖ്യാനം ചെയ്യുന്നു. ഒരു ശക്തമായ സിവില്‍സമൂഹവും സിവില്‍ ഗവണ്‍മെന്റും വേണമെങ്കില്‍, ആ ഗവണ്‍മെന്റിനു എല്ലാവിധ ആളുകളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുകയും അവര്‍ക്ക് കൂട്ടായ ഒരു വേദിയായി (coalition) പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് അന്നഹ്ദയുടെ വിജയം. അവര്‍ സെക്യുലര്‍ പാര്‍ട്ടികളുമായി കൂട്ടായ്മകള്‍ ഉണ്ടാക്കുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് പോലും സെക്യുലര്‍ നേതാക്കളെ നോമിനേറ്റ് ചെയ്യുകയും ചെയ്യുന്നു. ഗനൂശി പറയുന്നത്, ഞങ്ങള്‍ ഇസ്‌ലാമിസ്റ്റുകള്‍ തന്നെയാണ് എന്നും പക്ഷേ തുനീഷ്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതിനെ (മദ്യപാനം പോലുള്ളവ) അപ്പാടെ മാറ്റിമറിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ്. എല്ലാ പൗരന്മാരെയും തുല്യതയോടെ കാണുന്ന ഒരു ബഹുസ്വരമായ സമൂഹമാണ് ഉണ്ടാവേണ്ടത്.

ഈജിപ്തില്‍ കാര്യങ്ങള്‍ എത്രത്തോളം വ്യത്യസ്തമാണ്?
ഈജിപ്തിനെ സംബന്ധിച്ചേടത്തോളം വെല്ലുവിളി മറ്റൊരു തരത്തിലാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ള ഒരു ഇന്‍ക്ലുസീവ് ജനാധിപത്യ മാതൃകയാണ് അവിടെ സംജാതമാകുന്നത്. ഈജിപ്തുകാര്‍ പറയുന്നത് തങ്ങള്‍ക്ക് ഒരു മതകീയ രാഷ്ട്രം വേണ്ടെങ്കിലും മതത്തെ ഗൗരവമായി പരിഗണിക്കുന്ന ഒരു രാഷ്ട്രമാണ് തങ്ങള്‍ക്കു വേണ്ടത് എന്നാണ്. തങ്ങളുടെ മതകീയ മൂല്യങ്ങള്‍ സമൂഹത്തില്‍ പ്രതിധ്വനിച്ചു കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഒരു ആധുനിക നേഷന്‍ സ്റ്റേറ്റ് വ്യവസ്ഥയില്‍ എല്ലാ പൗരന്മാരെയും ഒരുപോലെ പരിഗണിക്കുകയും അതോടൊപ്പം മതപരമായും രാഷ്ട്രീയമായും അവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുകയും ചെയ്യുക എന്നതാണ് ഈജിപ്തിലെ ഒരു സുപ്രധാന വെല്ലുവിളി. ഈജിപ്തിലെ കാര്യങ്ങള്‍ തുനീഷ്യയേക്കാള്‍ വളരെ സങ്കീര്‍ണമാണ്. ഈജിപ്ത് എന്ന രാഷ്ട്രം അത്രയും സങ്കീര്‍ണമാണ് എന്നത് തന്നെ കാരണം. നിങ്ങള്‍ക്ക് അവിടെ സെക്യുലരിസ്റ്റുകളെ കാണാം. യഥാര്‍ഥത്തില്‍ അവരെ സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. കാരണം അവര്‍ തങ്ങളുടെ അഭിപ്രായങ്ങളുമായി യോജിക്കാത്തവരെ പുറന്തള്ളുന്നവരാണ്. പിന്നെ അവിടെ നിങ്ങള്‍ക്ക് കാണാനാവുക എല്ലാ കാര്യങ്ങളിലും ഒരു മതകീയ മാനസികാവസ്ഥ വെച്ച് പുലര്‍ത്തുന്നവരെയാണ്. അവര്‍ മതത്തെ ഒരു സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു കാണാന്‍ ഇഷ്ടപ്പെടുന്നില്ല. പിന്നെ ഇഖ്‌വാനുണ്ട്. ഒപ്പം സാമാന്യം യാഥാസ്ഥിതികവാദികളായ സലഫികളും. ബാക്കിയുള്ള വിഭാഗം കോപ്റ്റിക് ക്രിസ്റ്റ്യന്‍ വിഭാഗങ്ങളാണ്. പറഞ്ഞുവരുന്നത് ഇവരെയെല്ലാം ഒരേസമയം അഭിസംബോധന ചെയ്യാന്‍ കഴിയുന്ന ഒരു സമീപനമാണ് അവിടെ വേണ്ടിവരിക എന്നതാണ്. മറ്റൊന്ന് പാര്‍ട്ടികള്‍ സെക്യുലരോ മതകീയമോ ആവട്ടെ, എല്ലാവര്‍ക്കും തുല്യ പൗരത്വമാണ് ഉള്ളതെങ്കില്‍ അധികാരത്തിലിരിക്കുന്നവര്‍ എതിര്‍പക്ഷത്തെ അവമതിക്കുകയോ താറടിക്കുകയോ ചെയ്യുന്ന വിധത്തില്‍ പ്രതികരിക്കുന്നത് ഒഴിവാക്കണം എന്നാണ്. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വളരെ പോസിറ്റീവായ, എതിര്‍പക്ഷത്തോട് മാന്യമായി പ്രതികരിക്കുന്ന (Loyal opposition) സമീപനം മുസ്‌ലിം നാടുകളും കണ്ടുപഠിക്കേണ്ടതാണ്. തമ്മില്‍ എത്ര വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഒരു പാര്‍ട്ടി ഭരിക്കുമ്പോള്‍ എതിര്‍പക്ഷത്തിന് സംഘടിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇത് ഒരു ഏകാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഒന്നല്ല. അവിടെ തങ്ങളെ എതിര്‍ക്കുന്ന എന്തിനെയും ആക്രമിക്കാനും നശിപ്പിക്കാനും, അല്ലെങ്കില്‍ എതിര്‍ പാര്‍ട്ടിയാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന തരത്തിലുള്ള മാനസികാവസ്ഥ സൃഷ്ടിക്കാനുമാണ് ശ്രമിക്കുക. ഇനിയുള്ള നാളുകളില്‍ എന്റെ ആശങ്ക, മുമ്പ് അധികാരത്തില്‍ ഇരുന്ന വരേണ്യ ഗ്രൂപ്പുകളും അവിടത്തെ സെക്യുലരിസ്റ്റുകളും മിലിറ്ററിയെ ഉപയോഗപ്പെടുത്തി എത്രത്തോളം പുതിയ ഭരണാധികാരികളെ പുറന്തള്ളാന്‍ ശ്രമിക്കും എന്നതാണ്. ഒരു തുറന്ന രാഷ്ട്രീയ സമ്പ്രദായം വരുന്നതിനേക്കാളും ഇവര്‍ മുന്‍ഗണന നല്‍കുന്നത് ഇഖ്‌വാനെ എങ്ങനെ ഒതുക്കാം എന്നതിനാണ്. ഇത് ഇഖ്‌വാന്നും സലഫി ഗ്രൂപ്പുകള്‍ക്കും ജനങ്ങളില്‍നിന്ന് ലഭിച്ച മികച്ച പിന്തുണയെ മറന്നുകൊണ്ടാവാനേ തരമുള്ളൂ.
ഈജിപ്തില്‍ ഉള്ളത് പോലെ സ്വാധീനശക്തി തുനീഷ്യയില്‍ മിലിറ്ററിക്കില്ല. അതുകൊണ്ട് തന്നെ അവിടെ തെരഞ്ഞെടുപ്പില്‍ വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രം നേടിയ തീവ്ര സെക്യുലരിസ്റ്റുകളുമായി എങ്ങനെ സംവദിക്കാം എന്നത് മാത്രമേ പ്രശ്‌നമായുള്ളൂ. നമ്മള്‍ ഇനി കാണാന്‍ പോകുന്നതെന്തെന്നു വെച്ചാല്‍ പല രാജ്യങ്ങളിലും പല രീതികളില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞുവരുന്നതാണ്. അതുകൊണ്ട് തന്നെ ഈജിപ്തിലെ കാര്യങ്ങളേക്കാള്‍ വളരെ അധികം വ്യത്യാസപ്പെടുന്നുണ്ട് ലിബിയയിലെയും യമനിലെയും അവസ്ഥ.

താങ്കള്‍ ഇഖ്‌വാനെ കുറേകാലമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളാണല്ലോ. ഇഖ്‌വാന്റെ പരിഷ്‌കരണത്തിന്റേതായ ഒരു പ്ലാറ്റ്‌ഫോമും, ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് പോലെയുള്ള 'ഖുത്വുബിയ്യന്‍' ഐഡിയോളജിക്കാരും പരിഷ്‌കരണവാദികളും (Reformists) തമ്മിലുള്ള പ്രശ്‌നങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു? ഈജിപ്തിലെ ഏറ്റവും വലിയ പ്രശ്‌നം, പരസ്പര വിശ്വാസത്തിന്റേതാണ്. എന്‍.ഡി.പിയിലെ മുന്‍ അംഗങ്ങളെ അല്ലെങ്കില്‍ മിലിറ്ററിയെ തന്നെ എങ്ങനെ ഒരാള്‍ക്ക് വിശ്വസിക്കാനാവും? എത്ര കണ്ട് സെക്യുലരിസ്റ്റുകള്‍ക്ക് ഇസ്‌ലാമിസ്റ്റുകളെ വിശ്വസിക്കാനാവും?
ഇഖ്‌വാനെ സംബന്ധിച്ചേടത്തോളം അവര്‍ കുറേകാലമായി വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത രീതികളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വികസിച്ചു വന്ന ഒരു പ്രസ്ഥാനമാണ്. ഉദാഹരണത്തിന്, ബ്രദര്‍ ഹുഡിന്റെ ദാര്‍ശനികനായ സയ്യിദ് ഖുത്വ്ബിന്റെ ശൈലി സ്റ്റേറ്റുമായും മിലിറ്ററിയുമായും മുഖാമുഖം എതിരിടുന്നതായിരുന്നു. പക്ഷേ, ഇന്ന് സലഫികള്‍ക്കും മുസ്‌ലിം ബ്രദര്‍ഹുഡിനും സമൂഹത്തിന്റെ ഒരു ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. അവരിതുവരെയും വയലന്‍സിന്റെ മാര്‍ഗം തെരഞ്ഞെടുത്തില്ല. അവരെ ഗവണ്‍മെന്റ് ക്രൂരമായി വേട്ടയാടിപ്പോഴും അറസ്റ്റ് ചെയ്തപ്പോഴും കൊന്നൊടുക്കിയപ്പോഴും അവര്‍ ഇതില്‍ തന്നെ ഉറച്ചുനിന്നു. ബ്രദര്‍ഹുഡിനു പുറത്തുള്ള റാഡിക്കല്‍ സ്വഭാവമുള്ള, വയലന്റ് ആയിട്ടുള്ള ഗ്രൂപ്പുകളെ കുറിച്ച് എന്തെങ്കിലും പറയുന്നത് ശരിയായിരിക്കും എന്ന് ഞാന്‍ കരുതുന്നില്ല. 1970-കളില്‍ സാദാത്തിന്റെ കാലത്ത് അത്തരം ആളുകളുണ്ടായിരുന്നു, അവര്‍ ഖുത്വ്ബിന്റെ അനുയായികളുമായിരുന്നു. അവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വളരെയധികം പീഡിപ്പിക്കപ്പെടുകയും ഉണ്ടായി. പക്ഷേ, അവരെല്ലാം വ്യത്യസ്ത സംഘടനകളായി മാറുകയാണുണ്ടായത്. യഥാര്‍ഥ ചോദ്യമെന്തായിരിക്കണം എന്നു വെച്ചാല്‍, ബ്രദര്‍ ഹുഡ് എത്രമാത്രം പരിഷ്‌കരണോന്മുഖമാണ് എന്നതായിരിക്കണം. അല്ലാതെ അവര്‍ എത്രമാത്രം അപകടകാരികളാണ് എന്നായിരിക്കരുത്. കുറേകാലം ഗവണ്‍മെന്റ് തീര്‍ത്ത വലയത്തിനുള്ളിലായിരുന്നു ബ്രദര്‍ഹുഡ്. അന്ന് ആ പാര്‍ട്ടി ചിന്തിച്ചിരിക്കുക അതിന്റെ നിലനില്‍പിനെക്കുറിച്ചും സംഘടനയെ എങ്ങനെ സജീവമായി നിലനിര്‍ത്താം എന്നതിനെക്കുറിച്ചും ആയിരിക്കണം. പിന്നെ പ്രധാനമായി ഭാവിയില്‍ വരാന്‍ പോകുന്ന ഇലക്ഷനുകളെ എങ്ങനെ സമീപിക്കണമെന്നതിനെക്കുറിച്ചും.
(ജോണ്‍ എല്‍ എസ്‌പോസിറ്റോ: ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷ്‌നല്‍ അഫയേഴ്‌സ് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസില്‍ പ്രഫസര്‍, പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഡയറക്ടര്‍)
വിവ: അര്‍ഷഖ് മങ്കര
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം