വാദപ്രതിവാദങ്ങളുടെ കലയും ശാസ്ത്രവും-3__ ജമാഅത്ത്-മുജാഹിദ് സംവാദം
മതവാദ പ്രതിവാദ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ജമാഅത്ത്-മുജാഹിദ് സംവാദത്തെക്കുറിച്ചും സൂചിപ്പിക്കുകയുണ്ടായി. ഈ തരത്തില്‍, കേരളത്തിലെ മുസ്ലിം മതവൃത്തങ്ങളില്‍ പൊതുവെ അറിയപ്പെട്ട രണ്ടു സംവാദങ്ങളാണ് ചുവടെ ചര്‍ച്ച ചെയ്യുന്നത്. കേവലം വ്യക്തിതലത്തിലോ പ്രാദേശികമായോ നടന്നിരിക്കാവുന്ന 'ജമാഅത്ത്-മുജാഹിദ് വാദപ്രതിവാദങ്ങ'ളൊന്നും ഇവിടെ കൈകാര്യം ചെയ്യുന്നില്ല.
എറണാകുളം സംവാദം
1972 ജൂണ്‍ 4നു മട്ടാഞ്ചേരി പുതിയ പള്ളി മദ്റസാ ഹാളില്‍ ഇസ്ലാമിക് സ്റുഡന്റ്സ് ആന്റ് യംഗ്മെന്‍സ് അസോസിയേഷന്‍ കൊച്ചി(ഐ.എസ്.വൈ.എ) 'ഇബാദത്ത്' വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍ പ്രതിനിധികളും ജമാഅത്തെ ഇസ്ലാമി വക്താക്കളും സംബന്ധിച്ചു. പരിപാടിയുടെ സ്വഭാവത്തെയും വിശദാംശങ്ങളെയും കുറിച്ച് ഭാരവാഹികള്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖയില്‍ പറയുന്നത് ഇങ്ങനെ:
"ഈ ചര്‍ച്ചാ സമ്മേളനത്തില്‍ സുന്നി ചിന്താഗതിക്കാരായ പണ്ഡിതന്മാരെ പങ്കെടുപ്പിക്കാന്‍ ഞങ്ങള്‍ നടത്തിയ അശ്രാന്ത പരിശ്രമം ദയനീയമായി പരാജയപ്പെട്ട ദുഃഖ സത്യം അനുസ്മരിക്കുന്നതോടൊപ്പം, പ്രസ്തുത ആശയക്കാരനായ ഒരു പണ്ഡിതനെ ഉല്‍ഘാടകനായി ലഭിച്ചതിലുള്ള ചാരിതാര്‍ഥ്യവും ഞങ്ങള്‍ പ്രകടമാക്കുന്നു. ഈ സമ്മേളനത്തില്‍ അധ്യക്ഷപദം അലങ്കരിച്ചത് കെ.എം സെയ്തുമുഹമ്മദ് ബി.എ., ബി.എല്‍ ആയിരുന്നു. ശംസുദ്ദീന്‍ മുസ്ലിയാര്‍(എസ്.എം.പി കൊല്ലം) സമ്മേളനം ഉല്‍ഘാടനം ചെയ്തു. ഉപക്രമാനന്തരം കേരള നദ്വത്തുല്‍ മുജാഹിദീനെ പ്രതിനിധീകരിച്ച് ടി.വി മൊയ്തീന്‍കുട്ടി മൌലവിയും ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി കെ. അബ്ദുല്ലാ ഹസനും യഥാക്രമം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചക്ക് പ്രാരംഭം കുറിച്ചുകൊണ്ട് കെ. ഉമര്‍ മൌലവി പ്രസംഗിച്ചു. പിന്നീട് ഉമര്‍ മൌലവിയുടെ വാദഗതികള്‍ക്ക് വി.കെ അലി മറുപടി പറഞ്ഞു. കേരള നദ്വത്തുല്‍ മുജാഹിദീനെ പ്രതിനിധീകരിച്ച് എ. അലവി മൌലവിയും ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി ഒ. അബ്ദുര്‍റഹ്മാനും ചര്‍ച്ചയില്‍ പങ്കെടുത്തു. അവസാനമായി പ്രബന്ധാവതാരകര്‍ക്ക് മറുപടി പറയാനുള്ള സന്ദര്‍ഭത്തില്‍ ടി.വി മൊയ്തീന്‍കുട്ടി മൌലവിക്ക് പകരം എ. അലവി മൌലവിയും ജമാഅത്ത് പക്ഷത്തു നിന്ന് കെ. അബ്ദുല്ലാ ഹസനും സംസാരിച്ചു.
സമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ഉപസംഹാര പ്രസംഗത്തില്‍ നിഷ്പക്ഷ നിലപാടില്‍ ഉറച്ചുനിന്ന് കൊണ്ട് അധ്യക്ഷന്‍ തന്റെ വ്യക്തിത്വം പുലര്‍ത്തി.''
ചര്‍ച്ചയുടെയും പ്രസംഗങ്ങളുടെയും വിശദാംശങ്ങള്‍ ലിഖിത രൂപത്തില്‍ ലഭ്യമല്ല. ഇപ്പോള്‍-നാല്‍പതാണ്ടുകള്‍ക്ക് ശേഷം- അതൊക്കെ മണിമണിയായി ഓര്‍ത്തെടുക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് പോലും സാധ്യവുമല്ല. ഒരുകാര്യം കട്ടായം. ചര്‍ച്ച കഴിഞ്ഞ് 'ജമാഅത്ത് കുട്ടികള്‍' തിരിച്ചെത്തിയത് കവിഞ്ഞ വിജയാഹ്ളാദത്തോടെയും ആത്മഹര്‍ഷത്തോടെയും ആയിരുന്നു. എന്നാല്‍ വിജയം സാങ്കേതികവും മനഃശാസ്ത്രപരവും ആയിരുന്നുവോ, അതോ വൈജ്ഞാനികവും പണ്ഡിതോചിതവും തന്നെ ആയിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. അഥവാ ജയിച്ചത് 'ഇബാദത്തി'ലാണോ 'വാദപ്രതിവാദത്തി'ലാണോ? പ്രബന്ധങ്ങളും സാഹചര്യത്തെളിവുകളും വെച്ചുനോക്കുമ്പോള്‍ ജമാഅത്ത് പക്ഷം മികച്ചു നിന്നതായി മനസ്സിലാക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.
ശ്രദ്ധേയമായ ചില വസ്തുതകള്‍:
1) മുജാഹിദ് പണ്ഡിതന്റെ പ്രബന്ധം തെളിവുകളും പ്രമാണങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നില്ല. സാമാന്യ സ്വഭാവത്തിലുള്ളതായിരുന്നു. അബ്ദുല്ലാ ഹസനാകട്ടെ, ആയത്ത്-ഹദീസുകളും പണ്ഡിത വചനങ്ങളും നിഘണ്ടുക്കളും അവലംബമാക്കി, പ്രമാണങ്ങളില്‍ ഊന്നി നിന്നാണ് പ്രബന്ധരചന നിര്‍വഹിച്ചത്.
2) പണ്ഡിതനായ അലവി മൌലവി പാകത്തില്‍ നിറുത്തി നിറുത്തി സംസാരിക്കുന്ന പ്രകൃതക്കാരനാണ്. തഫ്സീറുല്‍ മനാറിലെ ഒരു നീണ്ട 'ഇബാറത്തി'ല്‍ കുരുങ്ങി മൌലവിയുടെ സമയം വല്ലാതെ ചോര്‍ന്നു പോയത്രെ. അതുകൊണ്ട് ചര്‍ച്ചാവിഷയം യഥാവിധി ക്രോഡീകരിച്ച് സമര്‍ഥിക്കാന്‍ കഴിയാതെ പോയി. മറുവശത്ത് എ.ആറിന്റെ ചടുല സമര്‍ഥന രീതിയും സമയനിഷ്ഠയോടെയുള്ള വിഷയാവതരണവും സദസ്സിനെ സ്വാധീനിച്ചിരിക്കാം. ഉമര്‍ മൌലവിയും പ്രഫഷനല്‍ വാദപ്രതിവാദ വിദഗ്ധനല്ല.
3) സര്‍വോപരി, മുജാഹിദ് പക്ഷത്ത് അറിയപ്പെടുന്ന പ്രമുഖ പണ്ഡിതന്മാര്‍ അണിനിരന്നപ്പോള്‍ ജമാഅത്തിനെ പ്രതിനിധീകരിച്ചത് കേവലം 'ശാന്തപുരം കുട്ടികള്‍!' ഒന്നാംകിട മൌലവിമാരെ വിദ്യാര്‍ഥികള്‍ തോല്‍പിച്ചു എന്ന ശ്രുതിയാണ് പരന്നത്.
ഇതെല്ലാം ജമാഅത്ത് പക്ഷത്തിനു മികവും മിഴിവും നല്‍കിയ ഘടകങ്ങളാവാം. ഇരു പ്രബന്ധങ്ങളും ഐ.എസ്.വൈ.എ ഒന്നിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോപ്പികള്‍ ലഭ്യമാണോ എന്നറിയില്ല.
ചേന്ദമംഗല്ലൂര്‍ സംവാദം
പ്രമാദമായ ഈ സംവാദത്തെക്കുറിച്ച് ചേന്ദമംഗല്ലൂരിലെ പി.ടി കുഞ്ഞാലി മാസ്റര്‍ അയച്ചുതന്ന കുറിപ്പാണ് ചുവടെ:
"എല്ലാതരം അന്ധവിശ്വാസങ്ങളും ജീവിതത്തില്‍ കൊണ്ടുനടക്കുന്നവരായിരുന്നു 1940 വരെ ചേന്ദമംഗല്ലൂര്‍ ഗ്രാമക്കാര്‍. നാല്‍പതുകള്‍ക്കുശേഷമാണ് മുജാഹിദ് ആശയം ചേന്ദമംഗല്ലൂരിലെത്തിയത്. വാഴക്കാട് ഏതാണ്ട് ഞങ്ങളുടെ അടുത്ത പ്രദേശമായിരുന്നു. അവിടെ പഠനം പാതിവഴി നിര്‍ത്തിയ ചിലര്‍ നാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതുകൊണ്ടാണിതു സംഭവിച്ചത്. അവരുടെ മുന്‍കൈയില്‍ 1946ല്‍ പറപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ മൌലവി ചേന്ദമംഗല്ലൂരില്‍ വന്നു ദിവസങ്ങളോളം പ്രഭാഷണം നടത്തി. ഇതോടെയാണ് ചേന്ദമംഗല്ലൂര്‍ സുന്നിസത്തില്‍നിന്നും മുജാഹിദിലേക്ക് പതിയെ മാറുന്നത്. ഗ്രാമം മൊത്തമായിരുന്നു ആ മാറ്റം. നേരത്തേ നവോത്ഥാന ആശയങ്ങളോട് അടുപ്പംകാട്ടിയ മഹല്ലു ഖാദി പി.സി സഗീര്‍ മൌലവിയുടെ പിന്തുണ ഇതിനുണ്ടായി. മുജാഹിദുകള്‍ 'അന്‍സാറുസ്സുന്ന' എന്ന സംഘടന രൂപീകരിച്ചു പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തനം സംഘടിപ്പിച്ചുവന്നു.
കെ. ഉമര്‍മൌലവി, ശൈഖ് മുഹമ്മദ് മൌലവി, എം.ടി അബ്ദുര്‍റഹ്മാന്‍ മൌലവി, കെ. അലവി മൌലവി..... ഇവരൊക്കെയും അന്നു ചേന്ദമംഗല്ലൂരില്‍ വന്നു പ്രസംഗിക്കാറുണ്ടായിരുന്നു. നാടു പൊതുവെ മുജാഹിദ് ആശയത്തിനുകീഴില്‍. ഇക്കാലത്താണ് പ്രാഥമിക പഠനം പോലും തുടങ്ങാന്‍ ഭൌതിക സാഹചര്യങ്ങള്‍ അനുവദിക്കാതെ നാട്ടിലെ ചെറു പയ്യന്‍ നാടുവിട്ടു കോയമ്പത്തൂരിലെത്തുന്നത്. ബീഡിതെറുപ്പും ഹോട്ടല്‍ ജോലിയുമായി ദിനസരികള്‍ പൂരിപ്പിച്ച അയാള്‍ കീരന്‍തൊടി കുട്ടിഹസന്‍. കോയമ്പത്തൂരിന്റെ അനുകൂലാന്തരീക്ഷത്തില്‍ അതിവേഗം ഉര്‍ദുഭാഷ സ്വായത്തമാക്കി. വായനാതല്‍പരനായ അയാള്‍ക്ക് ഒരിക്കല്‍ ഒരു ചെറു പുസ്തകം കിട്ടി. മുസല്‍മാന്‍ കിസേ കഹ്തേഹേ എന്ന മൌദൂദിയുടെ പുസ്തകം, വില ഒരണ.
ഒരു ഗ്രാമത്തിന്റെ ആദര്‍ശപരിവര്‍ത്തനത്തിന്റെ ആദ്യാങ്കുരം സംഭവിച്ചത് അങ്ങനെ കോയമ്പത്തൂരില്‍. ഈ പുസ്തകത്തിലൂടെ ഇസ്ലാമിന്റെ അപാരസാധ്യതകളുമായി കുട്ടിഹസ്സന്‍ ചേന്ദമംഗല്ലൂരിലെത്തി. തന്റെ പുതു അറിവ് സമപ്രായക്കാര്‍ക്ക് പരിചയപ്പെടുത്തി. നാട്ടുകാര്‍ അയാളെ മൌദൂദിയെന്നു വിളിച്ചു. കുട്ടിഹസ്സനെച്ചൂണ്ടി സ്ത്രീകള്‍ കൂട്ടുകാരികള്‍ക്ക് മൌദൂദിയെ കാട്ടിക്കൊടുത്തു.
കാസര്‍കോട് ആലിയയില്‍ പഠിക്കുന്ന കെ.ടി.സി ബീരാനെന്ന ചെറു പയ്യനെ കുട്ടിഹസന് കൂട്ടുകിട്ടി. അവര്‍ അന്ന് ചേന്ദമംഗല്ലൂരില്‍ 'ബസ്മെ ഹസനാത്ത്' എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി. ഇക്കാലത്ത് ചേന്ദമംഗല്ലൂരില്‍ കെ. ഉമര്‍മൌലവി ദര്‍സു നടത്തിയിരുന്നു. ബസ്മെ ഹസനാത്ത് എന്ന നവജാത സംഘത്തെ എതിര്‍ക്കാന്‍ ഉമര്‍മൌലവി കഠിനപ്രയത്നം നടത്തി. എന്‍.വി അബ്ദുസ്സലാം മൌലവിയെയും, ശൈഖ് മൌലവിയെയും സ്ഥിരമായി ചേന്ദമംഗല്ലൂരില്‍ പ്രസംഗിപ്പിച്ചു. അന്നു കെ.സി അബ്ദുല്ല മൌലവി കൊടിയത്തൂരില്‍ താമസിക്കുന്നു. പക്ഷേ, അദ്ദേഹം മിക്കപ്പോഴും ചേന്ദമംഗല്ലൂരില്‍ വരും. ആത്മസുഹൃത്ത് പി.സി സഗീര്‍ മൌലവിയെ കാണാന്‍. ഒരിക്കല്‍ ബസ്മെ ഹസനാത്തിന്റെ കീഴില്‍ ചേന്ദമംഗല്ലൂരില്‍ ഒരു യോഗം ചേര്‍ന്നു. അതില്‍ കെ.സി അബ്ദുല്ല മൌലവിയും സഗീര്‍മൌലവിയും പങ്കെടുത്തു. അന്നത്തെ ചര്‍ച്ചയില്‍ ഗ്രാമത്തില്‍ ഒരു മദ്റസ സ്ഥാപിക്കാന്‍ തീരുമാനിച്ചു. അന്നുവരെ നാട്ടിലെ മതപഠനം മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് സ്കൂള്‍ നടത്തിവന്ന പള്ളിവക കെട്ടിടത്തില്‍ രാവിലെ പത്തുമണിവരെ വ്യവസ്ഥയില്ലാത്ത രീതിയിലായിരുന്നു. അവിടെയാണു ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ സ്വന്തമായി സ്ഥലം മേടിച്ചു മൌദൂദികള്‍ മതപഠനസൌകര്യമൊരുക്കുന്നത്. ഈ എളിയ ശ്രമത്തെ 'അന്‍സാറുസ്സുന്നക്കാര്‍' നേരിട്ടതിങ്ങനെ: "വലിയ പറമ്പത്തു കുഞ്ഞാലന്‍കുട്ടി(ഹാജിസാഹിബ്) ചേന്ദമംഗല്ലൂരില്‍ പഞ്ചാബ്(മൌദൂദിയുടെ നാട്) ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. നിരവധി മുജാഹിദ് മൌലവിമാര്‍ ചേന്ദമംഗല്ലൂരില്‍ വന്നു നിരന്തരം പ്രസംഗിച്ചു. ഇതിനിടയില്‍ ഹാജിസാഹിബ് ചേന്ദമംഗല്ലൂരില്‍ വന്നു, സഗീര്‍മൌലവിയുമായി സംസാരിക്കാന്‍. ആ കൂടിക്കാഴ്ചയോടെയാണ് സഗീര്‍മൌലവി ഇസ്ലാമിക പ്രസ്ഥാനത്തോട് അടുത്തത്. സംഭാഷണത്തില്‍ ഹാജിസാഹിബിന്റെ വ്യക്തി പ്രഭാവമാസ്മരികതയെപ്പറ്റി പലപ്പോഴും സഗീര്‍ മൌലവി അനുസ്മരിച്ചിട്ടുണ്ട്. പ്രസ്ഥാന പ്രവര്‍ത്തകര്‍ സ്വന്തമായി സ്ഥലം മേടിച്ചു മദ്റസ കെട്ടി. അതിന്റെ ഉദ്ഘാടനം 1952 ഫെബ്രുവരി 2ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദു യൂസുഫ് സാഹിബ് നിര്‍വഹിച്ചു. ആധാരം രജിസ്റര്‍ ചെയ്തത് അഖിലേന്ത്യാ അമീര്‍ മൌലാനാ അബുല്ലൈസ് സാഹിബിന്റെ പേരിലാണ്.
ഇതോടെ ഗ്രാമത്തില്‍ മുജാഹിദ് നേതൃത്വം വെപ്രാളപ്പെട്ടു തുടങ്ങി. നിരവധി മുജാഹിദു നേതാക്കള്‍ ചേന്ദമംഗല്ലൂരില്‍ വന്നു പ്രസംഗിച്ചുകൊണ്ടിരുന്നു. ഇതില്‍ ഏറെ തവണ വന്നത് എന്‍.വി അബ്ദുസ്സലാം മൌലവി.
ഒരിക്കല്‍ പുളിക്കല്‍ അലവി മൌലവി ചേന്ദമംഗല്ലൂരില്‍ വന്നു. ഏറെ സരസനായിരുന്ന അദ്ദേഹവുമായി സൌഹൃദം പങ്കുവെയ്ക്കുന്ന സഗീര്‍ മൌലവിയുടെ സ്നേഹനിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം ജമാഅത്തുകാര്‍ക്ക് ക്ളാസെടുത്തു. ഇതറിഞ്ഞ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൌലവി, അലവി മൌലവിയെ ശാസിച്ചു; എന്തിനാണ് മൌദൂദികള്‍ക്ക് ക്ളാസെടുത്തത്? മൌലവിയുടെ മറുപടി: അവരെന്നോട് ക്ളാസെടുക്കാന്‍ പറഞ്ഞു, ഞാനെടുത്തു. വേണമെങ്കില്‍ നിങ്ങള്‍ക്കും എടുത്തുതരാം.
ഗ്രാമത്തിലെ ശീഘ്രമാറ്റം മുജാഹിദുകള്‍ക്ക് പ്രശ്നമായി. അങ്ങനെയാണ് 'നമ്മള്‍ തമ്മിലുള്ള വിശ്വാസപ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ തയാറുണ്ടോ' എന്ന വെല്ലുവിളി അവര്‍ ഉന്നയിക്കുന്നത്. നിഷ്പക്ഷരായ ചില നാട്ടുമൂപ്പന്മാരും ഇതില്‍ സഹകരിച്ചു. വെല്ലുവിളി നിരന്തരമായപ്പോള്‍ സഹജമായ ആത്മവിശ്വാസത്തില്‍ കെ.സി അതേറ്റെടുത്തു. ജമാഅത്ത് അണികള്‍ക്ക് ആവേശം. സത്യം പരസ്യമായി പറയാനുള്ള അവസരം മുജാഹിദുകള്‍ക്കും. ഇബാദത്തിന് ആരും പറയാത്ത അര്‍ഥം എവിടെനിന്നെന്ന ഭീകരമായ ചോദ്യത്തിനുമുമ്പില്‍ തോറ്റുപോകുന്ന കെ.സിയെയും സുഹൃത്തുക്കളെയും മുജാഹിദുകള്‍ കിനാവു കണ്ടു. എല്ലാം തീര്‍ച്ചപ്പെട്ടു. അപ്പോഴാണ് കെ.സിക്ക് സംഘടനാപരമായ വിലക്കു വീണത്. വാദപ്രതിവാദം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മാര്‍ഗവും രീതിയുമല്ല. അതു പാടില്ല. ആവശ്യത്തിന്റെ തേട്ടത്തിലും തന്റെ വിശ്വാസബോധ്യത്തിനു പുറത്തും തീരുമാനമെടുത്ത കെ.സി വ്യവസ്ഥയുടെ കണിശതയെപ്പറ്റി അത്ര ബോധവാനായിരുന്നില്ല. ഹാജിസാഹിബ് വഴങ്ങുന്ന നേതാവല്ല. അദ്ദേഹം വ്യവസ്ഥകള്‍ പഠിച്ചത് പഠാന്‍കോട്ടുനിന്നാണ്. കെ.സിയും സുഹൃത്തുക്കളും അന്തംവിട്ടുനിന്നു. ഏറ്റെടുത്ത വെല്ലുവിളി ഒരുഭാഗത്ത്. സംഘടനാവ്യവസ്ഥയും നേതാവും വേറൊരു ഭാഗത്ത്. എന്തുചെയ്യും? അവസാനം കെ.സിക്ക് ഹാജിസാഹിബില്‍ ഉണ്ടായിരുന്ന വ്യക്തിപരമായ സ്വാധീനംകൊണ്ടുമാത്രം ഹാജിസാഹിബ് ഒരിളവു കൊടുത്തു: ഒരു ദിവസം അവര്‍ പറയട്ടെ. അടുത്ത ദിവസം കെ.സി മറുപടി പ്രസംഗം നടത്താം. അതു ജമാഅത്തിന്റെ പേരിലല്ല. കെ.സിയുടെ സ്വന്തം പേരില്‍.
ഒരേ ദിവസം ഒരേ വേദിയില്‍ രണ്ടുപേര്‍ക്കും ഏറ്റുമുട്ടാന്‍ സാധിച്ചില്ലെങ്കിലും ഹാജിസാഹിബില്‍നിന്ന് അത്രയെങ്കിലും നേടിയതു കെ.സി ആയതുകൊണ്ടുമാത്രമാണ്. അങ്ങനെ, 1952 ഡിസംബര്‍ മാസം അവസാന ആഴ്ച ഖണ്ഡനപ്രഭാഷണങ്ങള്‍ നടന്നു. ആദ്യം മുജാഹിദു ഭാഗത്തുനിന്ന് എന്‍.വിയായിരുന്നു. കെ.സി സദസ്സില്‍ പോയിരുന്നു ശ്രദ്ധാപൂര്‍വം കുറിപ്പെടുത്തു. അന്നു രാത്രിതന്നെ മുജാഹിദ് മൌലവിമാരുടെ പ്രസംഗത്തിനു മറുപടി തയാറാക്കി. പ്രസക്തഭാഗം നോട്ടീസുകളാക്കാന്‍ പാതിരാത്രിതന്നെ ചെറുപ്പക്കാര്‍ കോഴിക്കോട്ടേക്ക് കാല്‍നടയായി പോയി. കോഴിക്കോട്ട് ബാലചന്ദ്രാ കല്ലച്ചുകൂടത്തിലെത്തി നോട്ടീസുകള്‍ തയാറാക്കി ഉച്ചയോടെ തിരിച്ചു നാട്ടിലേക്കു പദയാത്ര ചെയ്തു. കെ.ടി.സി വീരാന്‍, കെ.വി കാദര്‍കുട്ടി തുടങ്ങിയവരൊക്കെ ഇതില്‍ ആവേശത്തോടെ പങ്കെടുത്ത ചെറുപ്പക്കാരാണ്. എന്‍.വി ഉന്നയിക്കുന്ന സര്‍വ വാദങ്ങളെയും പിറ്റേന്നു രാത്രി അവരുടെ തന്നെ പ്രമാണങ്ങള്‍ നിരത്തി കെ.സി കൈകാര്യം ചെയ്തു. അങ്ങനെ, ഒന്നിടവിട്ട ദിവസങ്ങളില്‍ മാറിമാറി പത്തുനാള്‍ നീണ്ട പ്രഭാഷണങ്ങള്‍ അവസാനിച്ച തൊട്ടു പിറ്റേന്നു മുതല്‍ ജനങ്ങള്‍ ഏറക്കുറെ സമ്പൂര്‍ണമായിത്തന്നെ ജമാഅത്തിലേക്ക് മാറുകയായിരുന്നു. അത്ര ഉജ്ജ്വലമായിരുന്നു അന്നു കെ.സിയുടെ പാഠാവതരണം. അഞ്ചുദിവസത്തെ പ്രഭാഷണമേ വേണ്ടിവന്നുള്ളൂ, ഒരു ഗ്രാമത്തിന്റെ പരിവര്‍ത്തനത്തിന്!
(തുടരും)
[email protected]
അന്ന് കെ.സി പ്രസിദ്ധീകരിച്ച ലഘുലേഖകളിലൊന്ന്:
ഏതാണ് ശരി?
1. 'ഈ ലോകത്ത് മുസ്ലിംകള്‍ക്ക് അധികാരവും ആധിപത്യവും ആഗ്രഹിക്കുകയും അതിന്നുവേണ്ടി പ്രവൃത്തിക്കുകയും ചെയ്യുന്ന ഒരാളാണു ഞാനും. പക്ഷെ അത് മതസ്റേജിലല്ല. രാഷ്ട്രീയ സ്റേജിലാണ്' എന്നു പ്രസംഗിച്ചുകൊണ്ടു കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധി എന്‍.വി അബ്ദുസ്സലാം മൌലവി മതത്തില്‍നിന്നും രാഷ്ട്രത്തെ വേര്‍പെടുത്തുന്നു.
ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായ അല്‍മുര്‍ശിദ് പറയുന്നു: "ഇസ്ലാം ഏത് ദിവസം ദീന്‍(മതം) ആയോ അന്നുതന്നെ സിയാസത്തും(രാഷ്ട്രം) കൂടിയായിരുന്നു.'
പു. 3 ലക്കം 11. ഭാ. 405.
2. പ്രതിനിധി പറയുന്നു: എല്ലാ അമ്പിയാക്കളും ലോകത്ത് വന്നിട്ടുള്ളതിന്റെ ഉദ്ദേശം ആരാധനാപരമായ കാര്യങ്ങളെ പ്രബോധനം ചെയ്യല്‍ മാത്രമായിരുന്നു.
അല്‍മുര്‍ശിദ് പറയുന്നു: "കേവലം ആരാധനയില്‍ ലയിക്കലല്ല ഇസ്ലാം. അങ്ങനെയായിരുന്നുവെങ്കില്‍ റസൂല്‍ തിരുമേനിയും സഹാബത്തും രാജ്യഭാരം നടത്തേണ്ടതില്ലായിരുന്നു. അപ്പോള്‍ ഭൌതികവും ആത്മീയവും ഒത്ത് ചേര്‍ന്നുള്ള ഒരു രാഷ്ട്രമാണു ഇസ്ലാം എന്നു മനസ്സിലാക്കണം.''
പു. 5, ലക്കം. 3, പേ. 84.
3. പ്രതിനിധി പറയുന്നു; ഈ ലോകത്ത് അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കല്‍ ലക്ഷ്യമേ അല്ല.
അല്‍ മുര്‍ശിദ് പറയുന്നു: "നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിന്നുള്ള അധികാരം നാം കൈവരുത്തണം. അത് ഭൌതികശക്തികൊണ്ടേ സാധിക്കയുള്ളൂ.
പു. 4 ലക്കം 12 ഭാഗം 442.
4. പ്രതിനിധി പറയുന്നു: യൂസുഫ് നബി(അ) ഒരമുസ്ലിം രാജാവിന്റെ ഒരു കീഴുദ്യോഗസ്ഥനായിരുന്നു.
അല്‍മുര്‍ശിദ് പറയുന്നു: ഭരണമേധാവിയായിരുന്നു.
പു. 5, ലക്കം 3 ഭാഗം 96.
മൌലവിയുള്‍ക്കൊള്ളുന്ന 'നദ്വത്തി'ന്റെ മുഖപത്രമായ അല്‍മനാറില്‍ ഇങ്ങനെ ഒരു ഫത്വയും കാണുന്നു. "യാതൊരു നബിയും നബിയായി റബ്ബ് നിയോഗിച്ചതിനു ശേഷം യാതൊരു കാഫിര്‍ ഗവര്‍മ്മേണ്ടിന്റെയും പ്രജയായി ജീവിച്ചിട്ടില്ല.................. ഒന്നാമത് ആ രാജാവ് യൂസുഫ് നബിയുടെ ദഅ്വത്ത് (ക്ഷണം) സ്വീകരിച്ച് മുസ്ലിമായിരുന്നുവെന്ന് മുജാഹിദ്(റ) പറഞ്ഞതായി തഫ്സീറുകളില്‍ ഉണ്ട്. രണ്ടാമത് ഒരു ഗവര്‍മ്മേണ്ടിന്റെ ഉദ്യോഗം നീതിയായ വിധത്തിലും റബ്ബിന്റെ ആജ്ഞ അനുസരിച്ചും നടത്തുവാനായി ഒരാള്‍ ഏറ്റെടുക്കുന്നത് കൊണ്ട് ആ ഉദ്യോഗസ്ഥന്‍ ആ ഗവര്‍മ്മേണ്ടിന്റെ പ്രജയാകണമെന്നില്ല. ഈ ഉദ്യോഗം ഒരു വക്കാലത്ത് മാത്രമാകുന്നു.''
അല്‍മനാര്‍ പു. 1, ല. 21,22. ഭാഗം 29,30.
മേല്‍പറഞ്ഞ വിഷയങ്ങളില്‍ ജംഇയ്യത്തുല്‍ ഉലമായുടെ അഭിപ്രായം തന്നെയാണ് മിക്കവാറും ജമാഅത്തെ ഇസ്ലാമിക്കുമുള്ളത്. അപ്പോള്‍ മൌലവി സാഹിബിന്റെ അഭിപ്രായം ഒരു പ്രശ്നമായി അംഗീകരിക്കപ്പെടേണമെങ്കില്‍ അദ്ദേഹത്തിന്റെ പ്രാതിനിധ്യം ചോദ്യം ചെയ്യപ്പെടേണ്ടതായി വന്നിരിക്കുന്നു. ഇത്തരം വൈരുധ്യങ്ങള്‍ ഇനിയുമുണ്ട്. അവയും മൌലവി സാഹിബിന്റെ മറ്റാക്ഷേപങ്ങള്‍ക്കുള്ള മറുപടിയും സന്ദര്‍ഭംപോലെ-
എന്ന്,
കോഴിക്കോട് കെ.സി അബ്ദുല്ലാഹ്.
16-12-'52
Comments