Prabodhanm Weekly

Pages

Search

2012 ജനുവരി 28

ആധാര്‍ പദ്ധതി പൗരാവകാശങ്ങള്‍ക്ക് നേരെയുള്ള കൈയ്യേറ്റം (ചെന്നൈയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസു ശൂറ അംഗീകരിച്ച പ്രമേയങ്ങള്‍)

ധാര്‍ പദ്ധതിയുടെ കീഴില്‍ രാജ്യനിവാസികള്‍ക്ക് യൂണിക്ക് ഐഡന്റിറ്റി കോഡ് (യു.ഐ.ഡി) നമ്പര്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യത്തെയും അതിന്റെ രീതിയെയും സംബന്ധിച്ച് രാജ്യം മുഴുക്കെ ആശങ്കകളും സംശയങ്ങളും ഉയര്‍ന്നതായി ജമാഅത്ത് ശൂറ മനസിലാക്കുന്നു. പൗരന്മാര്‍ക്ക് ഐ.ഡി കാര്‍ഡു നല്‍കാന്‍ തീരുമാനിച്ചത് എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ്. രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റം തടയുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന യു.ഐ.ഡി കാര്‍ഡ് പൗരത്വ രേഖയല്ല.
ആധാര്‍ പദ്ധതി രാജ്യനിവാസികളുടെ പൗരാവകാശങ്ങളെയും, ഭരണഘടനയും നിയമവ്യവസ്ഥിതിയും ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെയും നിഷേധിക്കുക മാത്രമല്ല, സാമ്പത്തിക തകര്‍ച്ചക്കും ദാരിദ്ര്യത്തിനും കാരണമായിത്തീരുകയും ചെയ്യും. വ്യക്തിസ്വാതന്ത്ര്യത്തിനും സുരക്ഷക്കും നേരെയുള്ള കൈയേറ്റമാണിത്. ഇതിന്റെ നേട്ടമുണ്ടാവുക അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ക്കും വ്യാപാര സംരംഭകര്‍ക്കുമായിരിക്കുമെന്നും ശൂറ മനസിലാക്കുന്നു.
യു.ഐ.ഡി പ്രോജക്ടിന് ആകെ ചെലവ് കണക്കാക്കുന്നത് 50,000 കോടി രൂപയാണ്. അത് ഈടാക്കുക രാജ്യത്തെ പാവപ്പെട്ടവരുടെ നികുതിയില്‍ നിന്നായിരിക്കുമെന്നുറപ്പാണ്. എന്നാല്‍ ഇത്ര വലിയ പദ്ധതി നടപ്പില്‍ വരുത്തും മുമ്പേ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയോ, നിയമനിര്‍മാണം നടത്തുകയോ ചെയ്തിട്ടില്ല.
ഇത് ഐഛികമാണെന്ന് പറയുന്നുണ്ടെങ്കിലും, വിവിധ സേവനങ്ങളും സൗകര്യങ്ങളും ലഭിക്കുന്നതിന് ഇത് നിര്‍ബന്ധമായിത്തീരുമെന്ന് കരുതേണ്ടിയിരിക്കുന്നു. യു.ഐ.ഡി നമ്പറില്ലാത്തവരെ ഗവണ്‍മെന്റ് സഹായങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സാധ്യത കാണുന്നു. അതു കൊണ്ടാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ ആധാര്‍ പദ്ധതി അവകാശനിഷേധത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയത്.
യു.ഐ.ഡി നടപ്പാക്കുന്നതോടെവ്യക്തിയുടെ എല്ലാ ജീവിത വ്യവഹാരങ്ങളുമായും അതിനെ ബന്ധിപ്പിക്കാം. അങ്ങനെ നേരത്തെ പറഞ്ഞ ഏജന്‍സികള്‍ക്ക് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അവസരം ലഭിക്കും. സ്വകാര്യ ജീവിതത്തിന്റെ സുരക്ഷിതത്വം താറുമാറാവുകയായിരിക്കും ആത്യന്തിക ഫലം.
അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലുമുള്ള കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും ആധാര്‍ സ്‌കീമുമായി ബന്ധിക്കുമെന്ന് യു.ഐ.ഡി അതോറിറ്റി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനുള്ള നിയമസാധുത അവര്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന കരട് നിയമത്തില്‍, നിയമനിര്‍മാണത്തിന് മുമ്പ് അതോറിറ്റിയുണ്ടാക്കിയ മുഴുവന്‍ കരാറുകള്‍ക്കും മുന്‍കാല പ്രാബല്യമുണ്ടാവുമെന്ന് വിശദീകരിച്ചിരിക്കുന്നു.
എല്ലാ വികസന പദ്ധതികളെയും സാമൂഹിക ക്ഷേമ പദ്ധതികളെയും ആധാറുമായി ബന്ധിപ്പിക്കുമെന്ന് അതോറിറ്റി പറയുന്നു. ഇത്രയേറെ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇപ്പോള്‍ വോട്ടര്‍ ഐഡി പോലും വിതരണം ചെയ്തു കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഓരോ പൗരനും യു.ഐ.ഡി നമ്പര്‍ നല്‍കുകയെന്നത് എളുപ്പമല്ല. അതിനാല്‍ തന്നെ ദരിദ്രരായ ബഹുഭൂരിപക്ഷത്തിനും കാര്‍ഡില്ലെന്ന കാരണത്താല്‍ ക്ഷേമപദ്ധതികള്‍ തടയപ്പെടുമെന്ന ആശങ്കയുണ്ട്. പലര്‍ക്കും റേഷന്‍ കാര്‍ഡുകളും റോസ്ഗാര്‍ യോജനാ കാര്‍ഡുകളും ലഭിച്ചിട്ടില്ലെന്നിരിക്കെ വിശേഷിച്ചും.
അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭാരിച്ച പണച്ചെലവ് , ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നിവ കണക്കിലെടുത്ത് ഇത്തരം പദ്ധതികള്‍ വേണ്ടെന്ന് വെക്കുമ്പോള്‍ ഇന്ത്യ പോലുള്ള ദരിദ്ര രാഷ്ട്രം 50,000 കോടി മുടക്കുള്ള ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ആരെയും അത്ഭുതപ്പെടുത്തും.
ആധാര്‍ പദ്ധതി നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് 209 കമ്പനികളുടെ സേവനം തേടിയിട്ടുണ്ട്. അവര്‍ അതിന്റെ ഗുണഭോക്താക്കളാണെന്ന് മാത്രമല്ല, സാമാന്യ ജനത്തിന്റെ സ്വകാര്യതയില്‍ ഇടപെടാന്‍ അവര്‍ക്ക് അവസരം ലഭിക്കുകയുമാണ്. അതവര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നതിന് എന്താണുറപ്പ്? നാട്ടിലെയും വിദേശങ്ങളിലെയും സോഫ്റ്റ് വെയറുകള്‍ വാങ്ങിയിരിക്കെ അതുവഴി നിയമവിരുദ്ധമായ വിവര കൈമാറ്റവും നടക്കാനിടയാകും. അതുകൊണ്ടാണ് നിയമവിദഗ്ധരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ എതിര്‍ക്കുന്നത്. ഇത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നത്. ആധാര്‍ സ്‌കീമില്‍ വിരലടയാളങ്ങള്‍ക്ക് പുറമെ കണ്ണിന്റെ ചിത്രമെടുക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന് നിയമം അനുവദിക്കുന്നില്ല. പൊതുവെ ഇത് കുറ്റവാളികളുടെ തിരിച്ചറിയലിനാണ് ഉപയോഗപ്പെടുത്താറുള്ളത്.
മേല്‍ പറഞ്ഞ ആശങ്കകളും അപാകതകളുമുള്ള ഈ പദ്ധതി ഉടനെ നിര്‍ത്തിവെക്കണമെന്ന് മജ്‌ലിസു ശൂറ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഇനി പദ്ധതി അനിവാര്യമാണ് എന്നാണെങ്കില്‍ ആദ്യം ഈ വിഷയത്തില്‍ പാര്‍ലമെന്റിലും പുറത്തും ചര്‍ച്ചകള്‍ നടക്കണം. പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും ജനത്തെ ബോധ്യപ്പെടുത്തണം. അവരുടെ ആശങ്കകളകറ്റണം. വ്യക്തിജീവിതത്തില്‍ കടന്നുകയറില്ലെന്ന് ഉറപ്പ് വരുത്താന്‍ നിയമനിര്‍മാണം നടത്തണം. ഇതിന് ശേഷമേ പദ്ധതിയെക്കുറിച്ച് ആലോചിക്കാവൂ. അല്ലാത്തപക്ഷം ഇത്തരം പദ്ധതികള്‍ നിര്‍ത്തിവെക്കുകയാവും ഏറ്റവും ഉചിതം.

ലോക്പാല്‍ ബില്‍
രാജ്യത്തെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുന്നതിന് ലോക്പാലിന്റെ ആവശ്യകതയും പ്രാധാന്യവും നിഷേധിക്കാനാവില്ല. ഉയര്‍ന്ന തലങ്ങളിലെ അഴിമതി നിയന്ത്രിക്കാനുള്ള അതോറിറ്റി എന്ന നിലക്കാണ് ലോക്പാലിനെ കണ്ടതെങ്കിലും ഇപ്പോള്‍ അതിന് രാഷ്ട്രീയ നിറം നല്‍കപ്പെട്ടിരിക്കുന്നു. ഒരു വര്‍ഷമായി അത് സംബന്ധിച്ച് ബഹളം നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനും ഭാരതീയ ജനതാ പാര്‍ട്ടിക്കും ഈ കാര്യത്തില്‍ വേണ്ടത്ര താല്‍പര്യമില്ല. അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. സ്വന്തം അധികാരം സംരക്ഷിക്കാനും അധികാരം പിടിച്ചെടുക്കാനുമുള്ള തന്ത്രം മാത്രമാണ് അവര്‍ മെനയുന്നത്. ഇക്കാര്യത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരേതര സംഘടനകളുടെയും നിലപാടുകളും ആശാവഹമല്ല.
ഇലക്ഷന്‍ രാഷ്ട്രീയവും താല്‍ക്കാലിക ലാഭങ്ങളും മാറ്റിവെച്ച് നിയമപരമായി അധികാരമുള്ള ലോക്പാല്‍ കൊണ്ടുവരാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാറിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും ബന്ധപ്പെട്ട സംഘടനകളോടും ജമാഅത്ത് ശൂറ ആവശ്യപ്പെടുന്നു. അതിന്റെ പരിധിയില്‍ പ്രധാനമന്ത്രി,സി.ബി.ഐ, പാര്‍ലമെന്റ്, സ്റ്റേറ്റ് അസംബ്ലി, കൗണ്‍സില്‍ മെമ്പര്‍മാര്‍, കോര്‍പറേറ്റ് സെക്ടര്‍, എന്‍.ജി.ഒകള്‍ എല്ലാം ഉള്‍പ്പെടണം. വിദ്യാഭ്യാസ യോഗ്യതക്കും നിയമ വിജ്ഞാനത്തിനും പുറമെ, സമൂഹത്തില്‍ വിശ്വസ്തരും കറയേല്‍ക്കാത്ത വ്യക്തിത്വമുള്ളവരുമായിരിക്കണം അതിന്റെ അമരത്തുള്ളവര്‍. അതിന്റെ തെരഞ്ഞെടുപ്പിനായി ഉണ്ടാക്കുന്ന കമ്മിറ്റിയില്‍ പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടായിരിക്കണമെന്നും ശൂറ ആവശ്യപ്പെടുന്നു.
അഴിമതി, കെടുകാര്യസ്ഥത, കുംഭകോണം തുടങ്ങിയവ നിയമനിര്‍മാണം കൊണ്ടുമാത്രം തടയാനാവില്ല. നിയമം വിശ്വാസ്യതയോടെ നടപ്പാക്കുന്നതോടൊപ്പം ജനഹൃദയത്തില്‍ ദൈവഭയവും ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. നിയമ പാലകര്‍ കാണുന്നില്ലെങ്കിലും ദൈവം എല്ലാം കാണുന്നുവെന്നും അവന്‍ കണക്ക് ചോദിക്കുമെന്നും ഓരോരുത്തരെയും ബോധ്യപ്പെടുത്തുകയാണ് യഥാര്‍ഥ പോംവഴി.

ഭക്ഷ്യസുരക്ഷാ നിയമം
ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഗവണ്‍മെന്റ് ഭക്ഷ്യ സുരക്ഷാ ബില്‍ പാസാക്കാനായി അതിന്റെ കരട് മന്ത്രസഭയില്‍ വെച്ചുവെന്നത് ഏറെ സന്തോഷകരമാണെന്ന് ജമാഅത്ത് മജ്‌ലിസ് ശൂറ വിലയിരുത്തുന്നു. ബജറ്റ് സെഷനില്‍ തന്നെ ഇത് നിയമമാക്കുമെന്നും അങ്ങനെ തങ്ങളുടെ വാഗ്ദാനം യു.പി.എ ഗവണ്‍മെന്റ് പാലിക്കുമെന്നും ശൂറ പ്രതീക്ഷിക്കുന്നു.
ഏറെക്കാലത്തെ കാത്തിരിപ്പിനും ചര്‍ച്ചക്കും ശേഷം സമര്‍പ്പിക്കപ്പെട്ട കരടില്‍ പോലും വളരെയേറെ പോരായ്മകളുണ്ടെന്നതും ഇന്ത്യയിലെ നിരവധി പൗരന്മാര്‍ തുടര്‍ന്നും പട്ടിണി കിടക്കേണ്ടിവരുമെന്നതും ശൂറയെ ആശങ്കയിലാക്കുന്നു. കരട് രേഖയില്‍ ജനങ്ങളെ ടാര്‍ഗറ്റഡ്, ജനറല്‍ എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ച് പ്രത്യേക വിഭാഗത്തിന് മാത്രം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷയില്‍നിന്ന് ഭൂരിഭാഗം പാവപ്പെട്ടവരും പുറത്താവുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇത് പാവപ്പെട്ടവരോട് കാണിക്കുന്ന അനീതിയാണ്. പ്രത്യേക വിഭാഗത്തിലുള്‍പ്പെടുത്താനായി നടത്തപ്പെടുന്ന സര്‍വേയാകട്ടെ അബദ്ധ പഞ്ചാംഗമാണ്. ഉദാഹരണമായി, 16 വയസ്സുള്ള ആണ്‍കുട്ടിയുടെ അമ്മയായ വിധവ ഈ ബില്ലിന്റെ പരിധിക്ക് പുറത്താണ്. അതേസമയം കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയിലാകട്ടെ തൊഴില്‍ ലഭിക്കാനുള്ള മിനിമം പ്രായപരിധി 18 വയസ്സാണ്. ഇത്തരം നിരവധി അപാകതകളും വൈരുധ്യങ്ങളും സര്‍വേയിലുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബജറ്റ് സമ്മേളനത്തിന് മുമ്പായി ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി ഓരോ ഇന്ത്യക്കാരനും 35 കിലോ ധാന്യവും മറ്റു ഭക്ഷ്യ വസ്തുക്കളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ വേണ്ട നിയമനിര്‍മാണം നടത്തണമെന്ന് ജമാഅത്ത് ശൂറ ആവശ്യപ്പെടുന്നു.
കുട്ടികള്‍ക്ക് പോഷകാഹാരവും ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പ്രത്യേക ആഹാരവും ലഭ്യമാക്കാന്‍ വേണ്ട നിയമവും അതില്‍ ഉള്‍പ്പെടുത്തണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ മൗലികാവകാശമാണെന്ന് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ളതാണ്.

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍, ലോകത്തെമ്പാടുമുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ധനികരും ദരിദ്രരും തമ്മിലുള്ള ഭീമമായ അന്തരവും തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിപ്പിക്കുന്ന നയങ്ങള്‍ ലോകമൊട്ടുക്കും ഇന്ന് മുഖ്യ പ്രശ്‌നമായി മാറിയിരിക്കുന്നു.
കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന സാമ്പത്തിക മാന്ദ്യത്തിനുത്തരവാദി, പലിശയിലും ചൂഷണത്തിലും വഞ്ചനയിലും ആര്‍ത്തിയിലും അധിഷ്ഠിതമായ സാമ്പത്തിക നയങ്ങളാണ്. അതില്‍നിന്ന് രക്ഷിക്കാനെന്ന് പറഞ്ഞ് നടപ്പാക്കുന്ന പരിഷ്‌കരണങ്ങളാവട്ടെ, അതിലേറെ ആപല്‍ഗര്‍ത്തത്തിലേക്കാണ് ലോകത്തെ കൊണ്ടെത്തിക്കുന്നത്. ബാങ്കുകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഗവണ്‍മെന്റുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ബെയില്‍ ഔട്ട് പാക്കേജില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതിലൂടെ, ദരിദ്രരും തൊഴില്‍രഹിതരുമായ മറ്റുള്ളവരാണ് അതിന്റെ കെടുതികള്‍ക്കിരയാവുന്നത്. അമേരിക്കക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളും ഓരോന്നോരോന്നായി സാമ്പത്തിക മാന്ദ്യത്തിനടിപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ മാന്ദ്യത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം മാന്ദ്യത്തിനിരയായ വന്‍കിട കോര്‍പറേറ്റുകളെയും ബാങ്കുകളെയും രക്ഷിക്കാന്‍ ബെയില്‍ ഔട്ട് പാക്കേജ് കൊണ്ടുവരുമ്പോള്‍ സാധാരണക്കാരന്റെ അടിസ്ഥാനാവശ്യങ്ങള്‍ പോലും അവഗണിക്കപ്പെടുന്നു.
വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരെ ജമാഅത്തെ ഇസ്‌ലാമി പിന്തുണക്കുന്നതോടൊപ്പം അമര്‍ഷവും ദുഃഖവും പ്രകടിപ്പിച്ച് പ്രതിഷേധിക്കുന്നത് കൊണ്ട് മാത്രം പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന കാര്യവും അവരെ ഉണര്‍ത്തുന്നു. പലിശ, ചൂഷണം, കൊള്ള ലാഭം എന്നിവയില്‍ നിന്ന് മുക്തവും നീതി, ആര്‍ദ്രത പോലുള്ള മൂല്യങ്ങളില്‍ അധിഷ്ഠിതവുമായ ഒരു ബദല്‍ സാമ്പത്തിക പദ്ധതിയാണ് ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിനുള്ള ഏക പരിഹാരമെന്ന് അവര്‍ മനസിലാക്കണം. അതാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ വരദാനമാണ് ഇസ്‌ലാമിക ജീവിത വ്യവസ്ഥ. താല്‍ക്കാലികവും വൈയക്തികവുമായ ലാഭങ്ങള്‍ക്കുപരി സര്‍വ മനുഷ്യരുടെയും ക്ഷേമവും സംതൃപ്തിയുമാണ് അത് മുന്നോട്ട് വെക്കുന്നത്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ സൂക്ഷ്മമായി പഠിക്കാന്‍ തയാറാവണമെന്ന് പ്രക്ഷോഭകരോടെന്ന പോലെ ലോക ജനതയോടും ജമാഅത്ത് ശൂറ ആവശ്യപ്പെടുന്നു.
നമ്മുടെ രാജ്യത്തെ നയരൂപീകരണ വിദഗ്ധരും വാള്‍സ്ട്രീറ്റില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. നമ്മുടെ സാമ്പത്തിക നയവും വിനാശകരമായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. അമേരിക്കയെയും യൂറോപ്യന്‍ രാഷ്ട്രങ്ങളെയും കൂപ്പ് കുത്തിച്ച സാമ്പത്തിക നയം ദരിദ്രമായ നമ്മുടെ രാജ്യത്ത് അടിച്ചേല്‍പിക്കുന്നതിന്റെ ഫലം എത്രമാത്രം വിനാശകരമായിരിക്കുമെന്ന് പറയേണ്ടതില്ല. മുതലാളിത്തത്തിലധിഷ്ഠിതമായ സാമ്പത്തിക നയത്തില്‍ നിന്ന് പിന്മാറാന്‍ നാം ആര്‍ജവം കാണിക്കണം.

അറബ് വസന്തം
അറബ് ലോകത്തെ സാമൂഹിക നവജാഗരണം ഏത് നിലക്കും ശുഭകരമാണെന്ന് ജമാഅത്ത് ശൂറ വിലയിരുത്തുന്നു. തുനീഷ്യയിലും, ഈജിപ്തിലും പൊതുജനം ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ സമാധാനപരമായ പ്രക്ഷോഭം സംഘടിപ്പിച്ച് ഏകാധിപതികളെ പുറത്താക്കുകയും പൊതുജനത്തിന്റെ ഇംഗിതമനുസരിച്ച് ജനാധിപത്യ ഭരണകൂടങ്ങള്‍ സ്ഥാപിക്കാന്‍ മുന്നോട്ട് വരികയും ചെയ്തിരിക്കുന്നു. യമനിലും അതിന്റെ സാധ്യതകള്‍ തെളിഞ്ഞുകാണുന്നുണ്ട്.
ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ രാഷ്ട്രീയ വേദിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയും തുനീഷ്യയിലെ അന്നഹ്ദയും ഭരണത്തിലേറുന്നത്, ആ രണ്ട് മുസ്‌ലിം രാഷ്ട്രങ്ങളിലും ഇസ്‌ലാമിക മൂല്യങ്ങള്‍ക്കനുസൃതമായ ജനായത്ത ഭരണം സ്ഥാപിതമാവുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. അത് മറ്റു മുസ്‌ലിം രാജ്യങ്ങള്‍ക്കും വഴിവിളക്കായിത്തീരുമെന്ന് പ്രത്യാശിക്കാം. മുസ്‌ലിം സമൂഹത്തെയും ഇസ്‌ലാമിനെയും സംബന്ധിച്ച് അമേരിക്കയും പാശ്ചാത്യ ലോകവും പ്രചണ്ഡമായി പ്രചരിപ്പിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും ഇത് നിമിത്തമായിത്തീരുകയും ചെയ്യും.
മുസ്‌ലിം രാജ്യങ്ങളില്‍ പ്രതീക്ഷയുടെ പുതിയ സൂര്യോദയമുണ്ടാവുമ്പോള്‍ അതിനെ ജനവിരുദ്ധമാക്കാനുള്ള ഗൂഢാലോചനയിലാണ് പാശ്ചാത്യ ലോകം. അതാണ് ലിബിയയിലും സിറിയയിലുമൊക്കെ കാണാനാവുന്നത്. കേണല്‍ ഖദ്ദാഫിയുടെ വധത്തിന് ശേഷം ഇസ്‌ലാമിന്റെ പക്ഷത്തുള്ളവരും പാശ്ചാത്യവത്കരണ തല്‍പരരും തമ്മില്‍ ശക്തമായ അധികാര വടംവലി നടത്തുന്നതാണ് നാം കാണുന്നത്. സിറിയയില്‍ ഭരണകൂടം പൊതുജനത്തെ സായുധമായി നേരിടുമ്പോള്‍ അതിന് ഓശാന പാടുകയാണ് പാശ്ചാത്യ ലോകം ചെയ്യുന്നത്. അവിടെയും നിരവധി ജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമി പാശ്ചാത്യ ഇടപെടലുകളെ ശക്തമായി അപലപിക്കുകയും അതിനെതിരെ സമാധാനപ്രിയരും ജനാധിപത്യ ബോധമുള്ളവരുമായ ലോക രാഷ്ട്രങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. ലിബിയയില്‍ നിന്ന് നാറ്റോ അമേരിക്കന്‍ സേനയെ പിന്‍വലിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളും മറ്റു യുക്തമായ രീതികളും അവലംബിച്ചുകൊണ്ട് ശ്രമിക്കണമെന്ന് ഇന്ത്യാ ഗവണ്‍മെന്റിനോടും ജമാഅത്തെ ഇസ്‌ലാമി ശൂറ ആവശ്യപ്പെടുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം