Prabodhanm Weekly

Pages

Search

2012 ജനുവരി 28

യുഗപ്പകര്‍ച്ചയില്‍ മറന്നുകൂടാത്തത്‌

പി.കെ ജമാല്‍

ത-രാഷ്ട്രീയ സംഘടനകള്‍ക്കെല്ലാം തങ്ങളുടെ അധീനതയില്‍ യുവജന പ്രസ്ഥാനങ്ങളുണ്ട്. യുവാക്കളുടെ കര്‍മശേഷി രചനാത്മക തലങ്ങളിലേക്ക് തിരിച്ചുവിടാന്‍ പ്രത്യേക കര്‍മപദ്ധതികളും സംഘടനകള്‍ ആവിഷ്‌കരിക്കാറുണ്ട്. യുവാക്കള്‍ യുഗശില്‍പികളാണ്. യുവത്വത്തിന്റെ കരുത്തും ഊര്‍ജവും ഉപയോഗപ്പെടുത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിസ്മയമായ അറബ് വസന്തത്തിന്റെ സ്രഷ്ടാക്കള്‍ യുവാക്കളാണ്. യുവജനങ്ങളുടെ സാഹസിക മുന്നേറ്റമാണ് മാറ്റങ്ങള്‍ക്ക് രാസത്വരകമായി വര്‍ത്തിച്ചതും അതിന് ഗതിവേഗം കൂട്ടിയതും. പ്രസ്ഥാനങ്ങളിലെ വ്യക്തികള്‍ തമ്മില്‍, പുതിയ തലമുറയും പഴയ തലമുറയും തമ്മില്‍, യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ നിലനിന്ന സുദൃഢബന്ധത്തിന്റെ സദ്ഫലങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സര്‍വവിജയങ്ങളും. പഴമയുടെയും പുതുമയുടെയും സമജ്ഞസ സമ്മേളനമാണ് സംഘടനകളിലും പ്രസ്ഥാനങ്ങളിലും ഉണ്ടാവേണ്ടത്. മുതിര്‍ന്നവരെ തള്ളിപ്പറയുകയും വെട്ടിനിരത്തുകയും ചെയ്യുന്ന പുതുമുറക്കാരും, പുതുതലമുറയെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാണിക്കുന്ന മുതിര്‍ന്ന തലമുറയും ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നത്. സമൂഹത്തിലും സംഘടനയിലും പ്രസ്ഥാനത്തിലും അംഗീകാരവും ആദരവും അര്‍ഹിക്കുന്ന വ്യക്തിത്വങ്ങള്‍ ധാരാളമുണ്ടാവും.
ഒരു തലമുറയുടെ ഹൃദയത്തില്‍ പ്രസ്ഥാന ബോധത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ അത്തരം വ്യക്തിത്വങ്ങളെ സമൂഹമധ്യത്തില്‍ നിന്ന് പിഴുതെറിയാനാവരുത് നമ്മുടെ ശ്രമം. സംവത്സരങ്ങള്‍ നീണ്ട കര്‍മകാണ്ഡങ്ങളിലൂടെ ആര്‍ജിതമായ അവരുടെ കഴിവുകളും അനുഭവ സമ്പത്തും വിപുലമായ ബന്ധങ്ങളും പരിചയങ്ങളും പ്രസ്ഥാനത്തിന്റെ ഉന്നമനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയും ആലോചനയുമായിരിക്കും വിവേകവും വീണ്ടുവിചാരവുമുള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതി. ആലോചനവേളകളില്‍ സക്രിയമായ അവരുടെ ഇടപെടലിനുള്ള അവസരങ്ങള്‍ നിഷേധിക്കുകയും പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്ന് അവരെ അകറ്റിനിര്‍ത്താനുള്ള വഴികള്‍ തേടുകയും ചെയ്യുന്ന നിഷേധാത്മക സമീപനം ഒരിക്കലും അല്ലാഹുവിന്റെ തിരുനോട്ടത്തിന് ഒരു സമൂഹത്തെ അര്‍ഹമാക്കുകയില്ല. മുമ്പേ നടന്നവരെ പ്രാര്‍ഥനാ നിര്‍ഭരമായ ഹൃദയത്തോടെ ഓര്‍ക്കുന്നവരും കളങ്കമില്ലാത്ത മനസ്സോടെ അവരെ നോക്കിക്കാണാനുള്ള സൗമനസ്യത്തിന് വേണ്ടി സദാ സ്രഷ്ടാവിനോട് തേടുന്നവരുമായിരിക്കും തന്റെ ദീനിന്റെ പ്രവര്‍ത്തകര്‍ എന്ന് അല്ലാഹു ഓര്‍മപ്പെടുത്തിയതിന് നിരവധി അര്‍ഥതലങ്ങളുണ്ട്. ''അവര്‍ക്കു ശേഷം വന്നവര്‍- അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പേ നടന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! വിശ്വാസം കൈക്കൊണ്ടവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു കാലുഷ്യവും ഉണ്ടാക്കരുതേ! ഞങ്ങളുടെ രക്ഷിതാവേ, നീ ഏറെ ദയാപരനും കരുണാവാരിധിയുമാകുന്നു'' (അല്‍ഹശ്ര്‍ 10). അംഗീകാരത്തിന്റെയും ആദരവിന്റെയും മാനദണ്ഡമെന്ത്? മുതിര്‍ന്നവരോടുള്ള സ്‌നേഹവും ആദരവും കടപ്പാടും പ്രകടിപ്പിക്കാനുള്ള മാര്‍ഗമെന്താണ്? മുതിര്‍ന്നവരോടുള്ള ഏറ്റവും നല്ല സമീപനവും പെരുമാറ്റവും ബന്ധപ്പെട്ട വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍ എന്തൊക്കെ? ഇസ്‌ലാമിന് ഇതില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്.
മുന്നില്‍ നടന്നവരും പിറകെ വന്നവരും തമ്മിലെ വ്യത്യാസം, യുഗപ്പകര്‍ച്ചയില്‍ സംഭവിക്കുന്ന മൂപ്പിളമാ സ്വത്വം ഒരു വസ്തുതയായി അംഗീകരിച്ചുകൊണ്ടാണ് അല്ലാഹു ഇരു വിഭാഗത്തിനും നന്മയും ഭാവുകവും നേര്‍ന്നത് (സൂറത്തുല്‍ ഹദീദ് 10). ഇതേ പാത നബി(സ)യും പിന്തുടര്‍ന്നു. പഴയ തലമുറയിലെ പ്രമുഖരും മായ്ക്കാനാവാത്ത പാദമുദ്രകള്‍ പതിപ്പിച്ച മഹാശയരുമായ അബൂബക്കര്‍ സിദ്ദീഖി(റ)നെയും ഉമറി(റ)നെയും കുറിച്ച ചില ദുസ്സൂചനകള്‍ ഖാലിദുബ്‌നു വലീദിന്റെ സംസാരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ റസൂല്‍(സ) തന്റെ നീരസം പ്രകടിപ്പിച്ചതും സംഭവബഹുലമായ അവരുടെ ജീവിതത്തെ ബഹുമാനാദരവുകളോടെ വിലയിരുത്താന്‍ ഖാലിദി(റ)നെ ഉപദേശിച്ചതും ചരിത്രം. ഇസ്‌ലാമിലേക്ക് വൈകി കടന്നുവന്ന ഖാലിദി(റ)ന്റെ പരാമര്‍ശങ്ങളില്‍ നബി(സ) രോഷാകുലനായെന്ന് മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണാം. പ്രസ്ഥാനത്തില്‍ തന്നോടൊപ്പം നിന്ന പഴയ തലമുറയിലെ വ്യക്തിത്വങ്ങളെ നബി(സ) നോക്കിക്കണ്ട രീതിയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്.
നബി(സ) പ്രസ്താവിച്ചു: ''മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മില്‍ പെട്ടവരല്ല'' (അഹ്മദ്, തിര്‍മിദി, ഇബ്‌നു ഹിബ്ബാന്‍). ''ചെറിയവരോട് കരുണ കാണിക്കാത്തവനും മുതിര്‍ന്നവരുടെ അവകാശം അറിഞ്ഞ് അംഗീകരിക്കാത്തവനും നമ്മില്‍ പെട്ടവനല്ല'' (ഹാകിം). ''മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും പണ്ഡിതന്മാര്‍ക്കുള്ള അവകാശം അറിഞ്ഞ് അംഗീകരിക്കാത്തവരും എന്റെ സമുദായത്തില്‍ പെട്ടവരല്ല'' (അഹ്മദ്). തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ''മുതിര്‍ന്നവരുടെ അന്തസ്സും മാന്യതയും വകവെച്ചു കൊടുക്കാത്തവരും നമ്മില്‍ പെട്ടവരല്ല.'' ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍: ''കബ്ബിര്‍, കബ്ബിര്‍..... മുതിര്‍ന്നവര്‍ക്ക് അവസരം നല്‍കൂ, മുതിര്‍ന്നവര്‍ക്ക് അവസരം നല്‍കൂ'' എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായി കാണാം. ''നബിയുടെ സദസ്സില്‍ സഹോദരങ്ങളായ ചിലര്‍ പ്രശ്‌നവുമായി വന്നു. അവരില്‍ ഏറ്റവും ഇളയവനാണ് സംസാരിച്ചു തുടങ്ങിയത്. ഉടനെ റസൂല്‍ ഇടപെട്ട് ഉണര്‍ത്തി: ''കബ്ബിറൂ, കബ്ബിറൂ (മുതിര്‍ന്നവര്‍ പറയട്ടെ, മുതിര്‍ന്നവര്‍ പറയട്ടെ)'' (ബുഖാരി, മുസ്‌ലിം).
ഇളമുറക്കാര്‍ തങ്ങളേക്കാള്‍ പ്രായമുള്ളവരെ അവഗണിക്കുകയും തള്ളിമാറ്റി മുന്നോട്ട് കുതിക്കുകയും ചെയ്യുന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ ഭദ്രതക്ക് ഊനമണക്കുമെന്ന കാഴ്ചപ്പാടായിരുന്നു നബി(സ)യുടെ പല സന്ദര്‍ഭങ്ങളിലെയും ഇടപെടലിന്റെ പൊരുള്‍. ഇന്നത്തെ യുവാവ് നാളെ മധ്യവയസ്‌കനാവും, വൃദ്ധനാവും. ആ ഘട്ടങ്ങളിലും പരസ്പരം നല്‍കുന്ന ആദരവും സ്‌നേഹവുമാണ് ഭാവിയിലേക്കുള്ള കരുതിവെപ്പ്. നബി പറഞ്ഞു: ''യുവാവ് വൃദ്ധനെ ആദരിച്ചാല്‍, അയാള്‍ വൃദ്ധനാവുമ്പോള്‍ ആദരിക്കാനൊരാളെ അല്ലാഹു ഏര്‍പ്പെടുത്തും'' (തിര്‍മിദി). ഓരോരുത്തരോടും അവരുടെ നിലയും വിലയും അറിഞ്ഞ് പെരുമാറണമെന്നാണ് നബി(സ)യുടെ നിര്‍ദേശം. ''ജനങ്ങളെ അവര്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങളില്‍ അവരോധിക്കുക'' (അബൂദാവൂദ്, ഹാകിം).

മഹിത മാതൃകകള്‍
മുതിര്‍ന്നവരെയും പദവികള്‍ അലങ്കരിക്കുന്നവരെയും ആദരിക്കുന്നത് സത്യസന്ധമായ വിശ്വാസത്തിന്റെ ലക്ഷണമാണ്. മുതിര്‍ന്നവരോടും പ്രായമുള്ളവരോടും ഖലീഫമാരും താബിഇകളും പണ്ഡിതന്മാരും കാണിച്ച ആദരവിനും ബഹുമാനത്തിനും സമാനതകളില്ല. ഉന്നത ശ്രേണികളില്‍ വിരാജിച്ച അവര്‍ പിന്‍തലമുറകള്‍ക്ക് വിട്ടേച്ചുപോയ മഹിതമായ മാതൃകകളാല്‍ നിറഞ്ഞിരിക്കുന്നു ചരിത്ര ഗ്രന്ഥങ്ങള്‍. അവരുടെ പദവികളും അധികാരവും അതിന് തടസ്സമായില്ല. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ) മദീനയിലെ പള്ളിയിലെ മിമ്പറില്‍ പ്രവേശിക്കുമ്പോള്‍ ഒരുപടി ഇറങ്ങിയാണ് നില്‍ക്കുക. ഒന്നാമത്തെ ഖലീഫയായ അബൂബക്കറിനോളം തനിക്ക് വലിപ്പമില്ലായെന്ന എളിമയാണ്, വിചാരമാണ് അബൂബക്കര്‍(റ) മരണമടഞ്ഞിട്ടും അദ്ദേഹം പതിവായി നിന്ന മിമ്പറിന്റെ പടിയില്‍ നിന്നിറങ്ങി നില്‍ക്കാന്‍ ഉമറിനെ പ്രേരിപ്പിച്ചത്. ''ആളുകളെ അളക്കേണ്ടത് അവരുടെ യഥാര്‍ഥ കഴിവുകളുടെയും യോഗ്യതകളുടെയും അടിസ്ഥാനത്തിലാവണമെന്ന്'' അലി (റ) പറയുമ്പോഴും, ആദരവിന്റെ മാനദണ്ഡമാണ് നിര്‍ണയിക്കുന്നത്. ഉമറും ഉസ്മാനും (റ) വാഹനത്തിലേറി പോകുമ്പോള്‍ എതിരെ വരുന്ന അബ്ബാസി(റ)നെ കണ്ടുമുട്ടിയാല്‍ ബഹുമാനപുരസ്സരം ഇറങ്ങി നില്‍ക്കുമായിരുന്നുവെന്ന് ആഇശ(റ) ഓര്‍ക്കുന്നു.
നന്മ നിറഞ്ഞ ഒരു സമൂഹം പ്രദര്‍ശിപ്പിക്കുന്ന പക്വതയാണ് സമീപനത്തിന്റെയും നിലപാടുകളുടെയും ഉദാത്ത ദൃഷ്ടാന്തമാണ് മുതിര്‍ന്നവരോടുള്ള ആദരവ്. മാതാപിതാക്കളോടെന്ന പോലെ കരുണാര്‍ദ്രമായ വിനയത്തിന്റെ ചിറകുകള്‍ വിരിച്ചുകൊടുത്ത് അവരുടെ കഴിഞ്ഞകാല സേവനങ്ങള്‍ പ്രാര്‍ഥനാപൂര്‍വം ഓര്‍ക്കുകയും സ്‌നേഹാദരങ്ങളോടെ അവരെ ഉള്‍ക്കൊള്ളുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്നത് ഉയര്‍ന്ന പ്രസ്ഥാന സംസ്‌കൃതിയുടെ അടയാളമാണ്. അബ്ദുല്‍ മലിക്ബ്‌നു മര്‍വാന്‍ പറഞ്ഞു: ''നാല് കൂട്ടര്‍ക്ക് സേവനം ചെയ്യുന്നതില്‍ ലജ്ജ തോന്നേണ്ടതില്ല- നേതാവ്, പണ്ഡിതന്‍, മാതാപിതാക്കള്‍, അതിഥി.''
വിശ്രുത താബിഈ സുഫ്‌യാനുസ്സൗരിയുടെ സഹോദരന്‍ മരണമടഞ്ഞപ്പോള്‍ അനുശോചനമറിയിക്കാന്‍ ഇമാം അബൂഹനീഫ(റ) സുഫ്‌യാനുബ്‌നുസ്സൗരിയുടെ വീട്ടില്‍ കയറിച്ചെന്ന രംഗം ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. സുഫ്‌യാന്‍ അദ്ദേഹത്തെ എതിരേല്‍ക്കാന്‍ പുറത്തേക്കിറങ്ങിച്ചെല്ലുകയും ആദരവോടെ തന്റെ ഇരിപ്പിടത്തില്‍ കൊണ്ടുപോയി ഇരുത്തുകയും ചെയ്തു. അദ്ദേഹം അബൂ ഹനീഫക്കരികെ ഭവ്യതയോടെ നില്‍പ്പുറപ്പിച്ചു. ആളുകളെല്ലാം പിരിഞ്ഞുപോയപ്പോള്‍ അബൂഹനീഫയോടുള്ള അങ്ങേയറ്റം ആദരം നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ച് ആരാഞ്ഞവരോട് സുഫ്‌യാന്‍ നല്‍കിയ മറുപടി: ''അറിയുമോ? വിജ്ഞാനത്തിന്റെ ഭണ്ഡാരമാണ് ആ മനുഷ്യന്‍. അദ്ദേഹത്തിന്റെ അറിവിനെ ആദരിച്ച് ഞാന്‍ നില്‍ക്കുന്നില്ലെങ്കില്‍ ആ പ്രായത്തെ മാനിച്ചു ഞാന്‍ നില്‍ക്കേണ്ടതല്ലേ? പ്രായമോര്‍ത്ത് ഞാന്‍ നില്‍ക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഫിഖ്ഹിലെ അഗാധ ജ്ഞാനം മുന്‍നിര്‍ത്തി ഞാന്‍ നില്‍ക്കണം. ആ ഫിഖ്ഹിനെ ഓര്‍ത്ത് നില്‍ക്കുന്നില്ലെങ്കില്‍ ആ ഭയഭക്തിയെ മാനിച്ചെങ്കിലും ഞാന്‍ നില്‍ക്കണം.''
മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് വിവേകത്തിന്റെയും ബുദ്ധിയുടെയും ലക്ഷണമാണ്. ഖലീഫ മഅ്മൂന്‍ (റ) പറഞ്ഞു: ''തന്നിലുള്ള ന്യൂനത മറച്ചുപിടിക്കാനാണ് ഒരാള്‍ അഹങ്കാരിയാവുന്നത്. സ്വന്തം ദൗര്‍ബല്യം മറ്റുള്ളവര്‍ അറിയാതിരിക്കാനാണ് ധിക്കാരിയായി പെരുമാറുന്നത്.'' ഇമാം ശാഫിഈ പറഞ്ഞതും അതുതന്നെ. ''മറ്റുള്ളവര്‍ കഴിവ് വകവെച്ചു കൊടുക്കാത്തവനാണ് ഉയര്‍ന്ന കഴിവുള്ളവന്‍. ഏറ്റവും ശ്രേഷ്ഠന്‍ മറ്റുള്ളവര്‍ ശ്രേഷ്ഠനായി മുദ്രകുത്താന്‍ മടിക്കുന്നവരാണ്.'' ''നിങ്ങളിലെ മുതിര്‍ന്നവരോടൊപ്പമാണ് ബര്‍ക്കത്തും ഐശ്വര്യവും''- നബി(സ) പറഞ്ഞു. ''വിനയം കാണിച്ചവന് ഭാവുകങ്ങള്‍. ഹലാലായ മാര്‍ഗത്തില്‍ സമ്പാദിച്ച് ചെലവഴിച്ചവനും അഗതികളോടും സാധുജനങ്ങളോടും കരുണ കാണിച്ചവനും അറിവും വിജ്ഞാനവുമുള്ളവരോട് ഇടപഴകുന്നവനും അഭിവാദ്യങ്ങള്‍.''
ജനങ്ങളില്‍ ഏറ്റവും ആദരമര്‍ഹിക്കുന്നവന്‍ വൃദ്ധരാണ്. അബൂ മൂസല്‍ അശ്അരി റിപ്പോര്‍ട്ട് ചെയ്യുന്നു: ''അല്ലാഹുവിനെ മഹത്വവത്കരിക്കുന്നതിന്റെ ഭാഗമാണ് മുസ്‌ലിമായ വൃദ്ധനെയും പണ്ഡിതനെയും നീതിമാനായ നേതാവിനെയും ബഹുമാനിക്കുന്നത്'' (അബൂദാവൂദ്).
ബസ്വറയിലേക്ക് യാത്ര തിരിച്ച ശിഷ്യന്‍ യൂസുഫ് സ്സംതിക്ക് ഇമാം അബൂ ഹനീഫ(റ) നല്‍കുന്ന വസ്വിയ്യത്ത്: ''താങ്കള്‍ ബസ്വറയില്‍ ചെന്ന് ആളുകള്‍ താങ്കളെ വരവേല്‍ക്കുകയും സന്ദര്‍ശിക്കുകയും താങ്കളുടെ ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കുകയും ചെയ്താല്‍ പിന്നെ വേണ്ടത്: ഓരോ വ്യക്തിയെയും അവര്‍ക്ക് പറ്റിയ ഇടങ്ങളില്‍ കുടിയിരുത്തുക, മാന്യന്മാരെയും മഹാന്മാരെയും അറിഞ്ഞാദരിക്കണം, പണ്ഡിതന്മാരെ ബഹുമാനിക്കണം, വൃദ്ധരെ അലിവോടെ കാണണം, കുട്ടികളോട് സൗമ്യമായി വര്‍ത്തിക്കണം, പൊതുജനങ്ങളുമായി അടുത്തിടപഴകണം, നന്മ നിറഞ്ഞവരുമായി കൂട്ടുകൂടണം, ആരെയും നിന്ദിക്കരുത്, അവഹേളിക്കരുത്, നിന്റെ വ്യക്തിത്വം കളഞ്ഞ് കുളിക്കരുത്.''
മുന്‍ഗാമികള്‍ ചെയ്ത മഹത്തായ സേവനങ്ങളും അവര്‍ നല്കിയ വിലപ്പെട്ട സംഭാവനകളും കൃതജ്ഞതാപൂര്‍വം ഓര്‍ക്കുന്ന ഉമറിനെ നാം അറിയണം. ഉമറിന്റെ പരിചാരകന്‍ അസ്‌ലം ഒരു സംഭവം അനുസ്മരിക്കുന്നു: ''ഞാന്‍ ഉമറി(റ)നോടൊപ്പം അങ്ങാടിയിലേക്ക് പുറപ്പെട്ടതാണ്. ഒരു യുവതി ഉമറിനെ സമീപിച്ച് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍! എന്റെ ഭര്‍ത്താവ് മരിച്ചു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും വിട്ടേച്ചാണ് അദ്ദേഹം പോയത്. വേവിക്കാന്‍ മാംസമില്ല. മേയ്ക്കാന്‍ ആടുമാടുകളില്ല. നട്ടുനനക്കാന്‍ കൃഷിയില്ല. മക്കള്‍ പട്ടിണിയാവുമോ എന്ന ഭീതിയിലാണ് ഞാന്‍. ഖുഫാഫുബ്‌നു അയ്മാഉല്‍ ഗഫാരിയുടെ മകളാണ് ഞാന്‍. അറിയാമല്ലോ, എന്റെ പിതാവ് ഹുദൈബിയയില്‍ റസൂലിനോടൊപ്പം ഉണ്ടായിരുന്നു. ഇത്‌കേട്ട ഉമര്‍ നിന്ന നില്‍പില്‍ ഹൃദ്യമായി പുഞ്ചിരിച്ച്: 'മകളേ സ്വാഗതം' എന്നോതി. വീട്ടില്‍ കെട്ടിയ ഒട്ടകത്തെ അഴിച്ചുകൊണ്ടുവന്ന് ഉമര്‍ രണ്ട് ഭാണ്ഡം നിറയെ ഭക്ഷണ വിഭവങ്ങള്‍ അതിന്റെ പുറത്ത് വെച്ചുകെട്ടി. കൂടാതെ പണം വേറെ. വസ്ത്രം വേറെ. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ യുവതിയുടെ കൈയില്‍ ഏല്‍പിച്ച് ഉമര്‍: ഇതിനെയും തെളിച്ചു പോയ്‌കൊള്ളൂ. ഇവ തീരുമ്പോഴേക്ക് ഇനിയും സാധനങ്ങള്‍ നിന്റെ വീട്ടില്‍ എത്തിക്കൊള്ളും. ഈ കാഴ്ച കണ്ടു നിന്ന ഒരാള്‍: അമീറുല്‍ മുഅ്മിനീന്‍, ഇത് അല്‍പം കൂടിപ്പോയില്ലേ? ഉമര്‍: എടോ നിനക്കെന്തറിയാം? ഇവളുടെ പിതാവും സഹോദരനുമാണ് പണ്ടൊരുകാലത്ത് യുദ്ധവേളയില്‍ വലിയ ഒരു കോട്ട വളഞ്ഞ് മുസ്‌ലിംകള്‍ക്ക് വിജയത്തിന്റെ വാതില്‍ തുറന്നുതന്നത്. അവരുടെ യുദ്ധമുതലിലെ ആ ഓഹരിയുടെ പങ്ക് പറ്റിയാണ് ഞാനും നീയുമൊക്കെ ഇപ്പോള്‍ ജീവിക്കുന്നത്'' (അഖ്ബാര്‍ ഉമര്‍, ശൈഖ് അലിത്വന്‍ത്വാവി). ഉമറിന്റെ വാക്കുകള്‍ തലമുറകളിലൂടെ മുഴങ്ങുന്നത് നാം കേള്‍ക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം