Prabodhanm Weekly

Pages

Search

2012 ജനുവരി 28

ഇ മെയില്‍ വിവാദത്തിലെ മതവും മതേതരത്വവും(വിശകലനം)

ടി. മുഹമ്മദ് വേളം

കേരള പോലീസ് 268 പേരുടെ ഇ മെയില്‍ ചോര്‍ത്താന്‍ ശ്രമിച്ചതും അതില്‍ 258 പേരും മുസ്‌ലിംകളായിരുന്നു എന്നതും മാധ്യമം വാരികയും ദിനപത്രവും പുറത്തുകൊണ്ടു വന്നിരിക്കുന്നു. ഇത്തരമൊരു പ്രശ്‌നം ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ സാമാന്യ മര്യാദയുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് അതിനെ കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകയാണ്. അതിനുപകരം അന്വേഷണം നടത്തേണ്ടതില്ല എന്നു തീരുമാനിക്കുക മാത്രമല്ല റിപ്പോര്‍ട്ടു ചെയ്ത പത്രസ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വാദിയെ പ്രതിയാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ അതിനുവേണ്ടി സര്‍ക്കാര്‍ പറയുന്ന ന്യായങ്ങള്‍ ചെയ്ത കുറ്റത്തേക്കാള്‍ ഭീകരമായ കുറ്റകൃത്യമാണെന്നതാണ് ഖേദകരമായ സത്യം.
മാധ്യമം സമുദായ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതാണ് ഇതിനു വേണ്ടി സര്‍ക്കാര്‍ പറയാന്‍ ശ്രമിക്കുന്ന ന്യായം. 268 പേരുടെ ഇമെയില്‍ ചോര്‍ത്താന്‍ ശ്രമിച്ചതില്‍ 258 പേരും ഒരു പ്രത്യേക സമുദായവും അതും സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായവും ആവുമ്പോള്‍ ആ വസ്തുത പറയുന്നത് സമുദായ സ്പര്‍ധ വളര്‍ത്തുമത്രെ. മൊത്തം പട്ടികയില്‍ 268 പേരുണ്ടെന്നും അതില്‍ 258 ഒഴിച്ച് ബാക്കി 10 പേര്‍ ഇതര സമുദായത്തില്‍ പെട്ടവരാണെന്നും പ്രസ്തുത ലേഖനം തന്നെ ആവര്‍ത്തിച്ചു പറയുന്ന കാര്യമാണ്. ആ പത്തുപേരുടെ വിവരം കൂടി പ്രസിദ്ധീകരിച്ചാല്‍ ഈ മഹാഭൂരിപക്ഷത്തിന്റെയും മതം മറ്റൊന്നായി കിട്ടുമോ? പ്രശ്‌നം പരിഹരിക്കപ്പെടുമോ? എങ്കില്‍ (19-1-2012) വ്യാഴാഴ്ചയോടെ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതാണ.് അന്ന് മാധ്യമം അവശേഷിച്ച 10 പേരുടെയും പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ടൊന്നും പരിഹരിക്കാന്‍ കഴിയുന്നതല്ല യു.ഡി.എഫ് സര്‍ക്കാറിന്റെ ഈ നിഗൂഢ നീക്കം.
പണ്ട് ഭൃത്യന്‍ രാജാവ് കുളിക്കുന്നിടത്തേക്ക് എത്തിനോക്കി. കയ്യോടെ പിടികൂടിയ രാജാവിനോട് ഭൃത്യന്‍ പറഞ്ഞത്രെ. ക്ഷമിക്കണം മഹാരാജാ, നിങ്ങളെ ഒളിഞ്ഞു നോക്കിയതല്ല രാജ്ഞിയാണെന്നു വിചാരിച്ചു നോക്കിയതാ. ഈ കഥയിലെ ഭൃത്യന്റെ അതേ സ്ഥിതിയാണ് ഇ മെയില്‍ ചോര്‍ത്തല്‍ സംഭവത്തിലെ നമ്മുടെ മുഖ്യമന്ത്രിയുടേതും. സര്‍ക്കാര്‍ നടത്തിയ ഒരു കുറ്റകൃത്യത്തിലെ ഇരകള്‍ മഹാഭൂരിഭാഗവും നാട്ടിലെ പ്രത്യേക സമുദായക്കാരാവുക, അവര്‍ തന്നെ ജനസംഖ്യയിലെ എണ്ണം കുറഞ്ഞവരാകുക ഈ വസ്തുത ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ ഇതിന് മറ്റെന്തെങ്കിലും വിശദീകരണമുണ്ടെങ്കില്‍ പത്രത്തെ പോലെ തന്നെ സര്‍ക്കാറിനും അത് വ്യക്തമാക്കാം. അത് ജനമധ്യത്തില്‍ വിശദീകരിക്കാം. സര്‍ക്കാറിനു തന്നെ വ്യക്തത കുറവുണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണത്തിനു ഉത്തരവിടാം. അതിനെല്ലാം പകരം ഈ കാര്യം ചൂണ്ടിക്കാട്ടുന്നത് സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനശ്രമമാണെന്ന വിശദീകരണം പാപത്തേക്കാള്‍ വലിയ പാപ പരിഹാര ക്രിയയാണ്. ഭരണകൂടത്താല്‍ മുസ്‌ലിം പീഡിപ്പിക്കപ്പെടുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ തകരുന്നതാണ് കേരളത്തിലെ മതസൗഹാര്‍ദമെന്ന് ഇവരോട് പറഞ്ഞതാരാണ്?
ഈ പട്ടികയിലെ ഭൂരിഭാഗം മുസ്‌ലിംകളാണെന്നതില്‍ ശ്രീമാന്‍ ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും തര്‍ക്കമില്ലെന്നിരിക്കെ അത് സര്‍ക്കാര്‍ ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയല്ലെന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ പോലും അത് വാര്‍ത്താ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നതില്‍ ഒരു അസാംഗത്യവുമില്ല. ഒരു വര്‍ഗീയതയുമില്ല. ലേഖനത്തില്‍ പറയുന്നതൊന്നുമല്ല അതിന്റെ കാരണമെങ്കില്‍ സമചിത്തതയോടെ വിശദീകരിക്കുകയായിരുന്നു ഒരു മതേതര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതിനുപകരം തിരിച്ചു വര്‍ഗീയത ആരോപിക്കുന്നതിലൂടെ അവര്‍ ന്യായമായും തെളിയിക്കുന്നത് ഇത് മുസ്‌ലിം വിരുദ്ധ നീക്കം തന്നെയാണെന്നാണ്. ഇമെയില്‍ പരിശോധനകള്‍ക്കുള്ള ന്യായം വര്‍ഗീയതയും അതിന്റെ തന്നെ കഠിന രൂപമായ തീവ്രവാദവുമാണ്. അതേ ന്യായം അത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെയും ചുമത്തുന്നു എന്നുമാത്രം. മിണ്ടണ്ട, നിങ്ങളെ നമ്മള്‍ വര്‍ഗീയവാദിയെന്നും പിന്നെ തീവ്രവാദി എന്നും വിളിച്ച് അടിച്ചിരുത്തും എന്നതാണ് ഈ പറയുന്നതിന്റെ പച്ചമലയാളം.
ഒരു വിഷയത്തെ മതം ജാതി ലിംഗം പ്രദേശം എന്നിത്യാതി സംവര്‍ഗങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്യാന്‍ പാടില്ല എന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന സര്‍ക്കാര്‍ തിട്ടൂരമാണ്. നാളെ ദലിതുകള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന, അക്രമിക്കപ്പെടുന്ന ഒരു പ്രശ്‌നമുണ്ടായാല്‍ അത് ദലിത് വിരുദ്ധമാണെന്ന് ആരെങ്കിലും പ്രത്യേകിച്ച,് ഒരു ദലിത് എഴുത്തുകാരനോ ആക്ടിവിസ്റ്റോ മാധ്യമമോ പറഞ്ഞാല്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനശ്രമമാണെന്ന് പറഞ്ഞ് പ്രശ്‌നത്തിന്റെ ദലിത് വിരുദ്ധതയെ മൂടിവെക്കാന്‍ കഴിയും. കീഴാള കര്‍തൃത്വത്തെ നിഷേധിക്കാനും നിശ്ശബ്ദമാക്കാനും കഴിയും. ഇത് സ്ത്രീയുടെ വിഷയത്തിലും മുസ്‌ലിംകള്‍ മാത്രമല്ലാത്ത ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യത്തിലും വികസനത്തില്‍ പിന്നാക്കം പോയ ഭൂഭാഗത്തിന്റെ കാര്യത്തിലുമെല്ലാം ഇതേ പോലെ ബാധകമാണ്.
ഒരു പ്രശ്‌നത്തിലെ ജാതിയും മതവും ലിംഗവും പ്രാദേശികതയും പറയരുത്. അഥവാ പറയല്‍ നിര്‍ബന്ധമാകുന്ന സാഹചര്യം വന്നാല്‍ തന്നെ അവരത് പറയരുത്. അത് പറയാന്‍ അവരല്ലാത്ത പുറത്തുള്ള യജമാനന്മാരുണ്ട്. എന്നാല്‍ ജാതിയും മതവുമൊക്കെ ഇവിടെ വിവേചനത്തിന്റെ ശക്തമായ കാരണങ്ങളാണ് താനും. അത് നിര്‍ബാധം ഇനിയും തുടരും. പക്ഷേ അത് പറയാന്‍ പാടില്ല. കാരണം അത് പറയാന്‍ അനുവദിക്കുന്നു എന്നതിന്റെ അര്‍ഥം അതിന്റെ പരിഹാരം ആരംഭിക്കുന്നു എന്നതാണ്. അത് ഒരിക്കലും പരിഹരിക്കപ്പെടരുത് എന്ന് മേലാളന്മാര്‍ക്ക് നിര്‍ബന്ധമുണ്ട്. ഈ നിര്‍ബന്ധമാണ് വര്‍ഗീയത എന്ന തെറിവിളിക്ക് പിന്നിലുള്ളത്. ഞങ്ങള്‍ ഗുപ്തമായ വര്‍ഗീയത കളിക്കും നിങ്ങള്‍ അതിനെ പരസ്യമായി വര്‍ഗീയത എന്നു വിളിക്കരുത്. അങ്ങനെ വിളിച്ചാല്‍ നിങ്ങള്‍ വര്‍ഗീയവാദികളാകും.
ലോകം വൈജ്ഞാനിക അക്കാദമിക തലങ്ങളില്‍ സാമൂഹിക പ്രശ്‌നങ്ങളെ വിലയിരുത്താന്‍ ജാതിയെയും മതത്തെയും വംശത്തെയും സാമൂഹികശാസ്ത്ര സംവര്‍ഗങ്ങളായി അംഗീകരിച്ചു കഴിഞ്ഞു. കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള എത്രയോ യൂനിവേഴ്‌സിറ്റികളിലും അക്കാദമിക സ്ഥാപനങ്ങളിലും ഇത്തരം എത്രയോ ഗവേഷണങ്ങളും പ്രബന്ധങ്ങളും ഉണ്ടായിക്കഴിഞ്ഞ കാലത്താണ് ബഹുമാനപ്പെട്ട കേരള ഗവണ്‍മെന്റ് ജാതി പറയരുത്, മതം ചോദിക്കരുത് എന്ന ഉത്തരവുമായി രംഗത്തുവരുന്നത്. ഇതിനു കേസെടുക്കുകയാണെങ്കില്‍ മാധ്യമത്തിനെതിരെ മാത്രമല്ല കേരള ഗവണ്‍മെന്റിന്റെ തന്നെ എത്രയോ അക്കാദമിക സ്ഥാപനങ്ങള്‍ക്കെതിരെയും ഗവേഷകര്‍ക്കെതിരെയും കലാശാല അധ്യാപകര്‍ക്കെതിരെയും കേസെടുക്കേണ്ടി വരും.
മുസ്‌ലിം എന്നു പറഞ്ഞാല്‍ തകരുന്നതാണ് നമ്മുടെ മതസൗഹാര്‍ദവും മതേതരത്വവുമെങ്കില്‍ അത് ആരുടെ മതസൗഹാര്‍ദവും ആരുടെ മതേതരത്വവുമാണെന്ന് മനസ്സിലാകേണ്ടതുണ്ട്. മാത്രവുമല്ല അതൊരു ഭരണഘടനാ വിരുദ്ധ വാദം കൂടിയാണ്. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷ അവകാശങ്ങള്‍ അംഗീകരിച്ചത്. അതു വേണ്ടതില്ലാ എന്ന വെളിപാട് അന്നേ ഭരണഘടനാ നിര്‍മാണസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ പോലെതന്നെ അവരും ഉന്നയിച്ചത് അത് വംശീയതക്ക് കാരണമാകുമെന്നായിരുന്നു. ഇത് വര്‍ഗീയവാദമാണെങ്കില്‍ രാജ്യത്തെ ആദ്യത്തെ വര്‍ഗീയവാദി ഡോക്ടര്‍ ബി.ആര്‍ അംബേദ്കറും ഭരണഘടനാ ശില്‍പികളുമാണ്.
അതിനെക്കാളുമൊക്കെ വലിയ തമാശ മുസ്‌ലിം ലീഗ് എന്നുപേരുളള ഒരു പാര്‍ട്ടി മന്ത്രിസഭയിലെ രണ്ടാം കക്ഷിയായി ഇരിക്കുമ്പോഴാണ് ഈ വാദം ഗവണ്‍മെന്റ് ഉയര്‍ത്തുന്നത്. മതവിശകലനവും അത്തരം സാമൂഹിക പ്രവര്‍ത്തനങ്ങളും സമുദായ സൗഹാര്‍ദം തകര്‍ക്കുന്ന 'ഹീന ശ്രമമാ'ണെങ്കില്‍ മുസ്‌ലിം ലീഗ് സ്വയം പിരിച്ചുവിട്ടെങ്കിലുമാണ് യു.ഡി.എഫ് ഈ തീസീസ് അവതരിപ്പിക്കേണ്ടിയിരുന്നത്. തത്വത്തില്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെങ്കിലും മുസ്‌ലിം പാര്‍ട്ടിയെന്ന നിലക്ക് ലീഗ് സ്വയം നിര്‍വീര്യമായ ഒരു പാര്‍ട്ടിയാണെന്നതുകൊണ്ട് പ്രായോഗിക തലത്തില്‍ ഇങ്ങനെ ഒരു പ്രശ്‌നം യു.ഡി.എഫില്‍ നിലനില്‍ക്കുന്നില്ല.
258 പേരുടെ ലോഗിന്‍ വിവരങ്ങള്‍ ചോദിച്ചിട്ട് അയച്ച കത്തില്‍ സിമി ബന്ധം പരാമര്‍ശിച്ചത് ഉദ്യോഗസ്ഥന് പറ്റിയ അബദ്ധമാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. ആ ഒറ്റ കാരണത്താല്‍ ഈ 268 പേരോട് ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി മാപ്പു പറയേണ്ടതാണ്. അല്ലെങ്കില്‍ കേരളീയ സമൂഹത്തോട് എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് വിശദീകരിക്കേണ്ടതാണ്.
ഇസ്രയേലുമായി ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ചതുമുതലാണ് ഗവണ്‍മെന്റിനു ആവശ്യമുള്ളവരെ പൊതുവിലും മുസ്‌ലിംകളെ സവിശേഷമായും ഇങ്ങനെ കെണിയില്‍ കുടുക്കി അകത്തിടുന്ന ഒടിയന്‍ വിദ്യകള്‍ രഹസ്യാന്വേഷണ തലത്തില്‍ പ്രചാരത്തില്‍ വന്നത്. എസ്.എം കൃഷ്ണ ഇസ്രയേല്‍ സന്ദര്‍ശിച്ച് ബന്ധം ഊട്ടിയുറപ്പിക്കുക മാത്രമല്ല 'ഭീകരത'യെ നേരിടുന്ന കാര്യത്തിലും ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്യുന്ന കാലത്താണ് ഉമ്മന്‍ ചാണ്ടി ഇത് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനയുടെ രാഷ്ട്ര നാമമാണ് ഇസ്രയേല്‍. അവര്‍ ഭീകരം എന്നുപറയുന്നത്ഫലസ്ത്വീനിലെയും ഫലസ്ത്വീനെ പിന്തുണക്കുന്ന ലോകത്ത് എല്ലായിടത്തുമുള്ള മുസ്‌ലിംകളെയും കുറിച്ചാണ്. അതേ മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ ഇസ്രയേല്‍ സഹകരണം ശക്തിപ്പെടുകയാണ്. തെളിവ് തെരഞ്ഞ് പുറത്ത് എവിടെയും പോവേണ്ടതില്ല.
ഇത്രയും ഗൗരവതരവും ഗുരുതരവുമായ ഒരു രാഷ്ട്രീയ പ്രശ്‌നമുന്നയിച്ച മലയാളത്തിലെ ഏറെ പ്രശസ്തനായ പത്രപ്രവര്‍ത്തകന്റെ(വിജു വി. നായര്‍, നോട്ടപ്പുള്ളികള്‍ മാധ്യമം വാരിക, 2012 ജനുവരി 21) ലേഖനത്തെയാണ് വര്‍ഗീയത എന്ന വിഷ ചാപ്പകുത്തി സര്‍ക്കാറിന്റെ ഗൂഢനീക്കങ്ങളെ മറച്ചുവെക്കുന്നത്.
കേരള ഗവണ്‍മെന്റ് ഒരു സമുദായത്തിനെതിരെ നടത്തുന്ന നീക്കത്തിലും അതിന്റെ പ്രത്യയശാസ്ത്രത്തിലും ഉറച്ചുനില്‍ക്കുന്നു എന്നതാണ് മാധ്യമത്തിനെതിരെ നടത്താന്‍ ശ്രമിക്കുന്ന ഓലപ്പാമ്പ് യുദ്ധം തെളിയിക്കുന്നത്.
എന്റെ ഇമെയില്‍ ഐഡി പാസ്‌വേഡ് ഞാന്‍ പരസ്യപ്പെടുത്താം എന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കെ.എം ഷാജിക്ക് വിജു വി. നായര്‍ പറഞ്ഞ അപകടത്തെ കുറിച്ച് മാത്രമല്ല ഇന്റര്‍നെറ്റ് ഉപയോഗത്തെകുറിച്ചും അതിന്റെ എത്തിക്‌സിനെ കുറിച്ചും പത്ത് പൈസയുടെ വിവരമില്ലെന്നുകൂടിയാണ് തെളിയുന്നത്. കാരണം, പാസ്‌വേഡ് എല്ലാവരും അങ്ങനെ പരസ്യപ്പെടുത്തണമെന്നാണ് ശ്രീമാന്‍ പറയുന്നത്. യൂത്ത് ലീഗിലെ ഇമെയില്‍ ഉപയോക്താക്കള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയാല്‍ കാര്യം ഏറെ രസകരമായിരിക്കും.
അതിനപ്പുറം കെ.എം ഷാജിയുടെ മെയില്‍ ഐഡി ഉപയോഗിച്ച് ആരെങ്കിലും ഒരു വ്യാജ സന്ദേശമയച്ചാലും താന്‍ കുടുങ്ങാന്‍ പോവുന്നില്ലെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടാകാം. ഇന്ത്യയിലെ സാമാന്യ മുസ്‌ലിം സമൂഹത്തിനില്ലാത്ത ചില സുരക്ഷകള്‍ സമുദായത്തിന്റെ വേട്ടക്കാരില്‍ നിന്നു തന്നെ ഷാജിക്കുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കെ.എം ഷാജി പൗരാവകാശലംഘനത്തിന്റെ ഭരണകൂട ഉപകരണമായ കരിനിയമത്തിന്റെ പൊളിറ്റിക്കല്‍ അംബാസിഡറാണ്'. ''നമ്മുടെ ജനാധിപത്യ മതേതര വ്യവസ്ഥിതിയില്‍ രാഷ്ട്രശില്‍പികള്‍ കാറ്റും വെളിച്ചവും കടക്കാനായി അനേകം സുഷിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതേതരത്വവും ജനാധിപത്യവും രചനാത്മകമായി പുലരാന്‍ വിഭാവനം ചെയ്ത ഈ സുഷിരങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍ അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് 'സര്‍ഗാത്മ'കമായി ഉപയോഗിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമം വെച്ച് ഒരു തീവ്രവാദ സംഘടനയെയും നിരോധിച്ചിട്ട് കാര്യമില്ല, അവര്‍ പല വേഷങ്ങളില്‍ പല ഭാവങ്ങളില്‍ വീണ്ടും അവതരിക്കും'' (കെ.എം ഷാജി, മാതൃഭൂമി ദിനപത്രം 2010 ആഗസ്റ്റ് 4). ഷാജിക്ക് മെയില്‍ പാസ്‌വേഡ് പരസ്യമാക്കിയാലും ഒന്നും പേടിക്കാനില്ലാത്തതിന്റെ കാരണം ഭരണകൂട ഭീകരതയുടെ ഈ അംബാസിഡര്‍ഷിപ്പാണ.്
ഇമെയില്‍ വിവാദവിഷയകമായ ചര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ അവതാരകന്‍ വേണു കെ.എം ഷാജിയോട് ചോദിച്ചതാണ് കാര്യം. 'താങ്കളും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും അടുത്തടുത്ത കസേരകളില്‍ ഇരിക്കുന്നത് യാദൃഛികമാണെങ്കിലും നിങ്ങള്‍ ഇരുവരുടെയും സ്വരം ഒന്നാണ്.' ഭരണകൂട ഭീകരതയുടെ പ്രത്യയശാസ്ത്രമാണ് കെ. സുരേന്ദ്രനും കെ.എം ഷാജിയും പരസ്പരം പങ്കുവെക്കുന്നത്
ഏത് മുന്നണി ഭരിച്ചാലും യഥാര്‍ഥ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന പൗരസമൂഹത്തിന്റെ മുഖപത്രമായൊരു പത്രമാധ്യമം ഭരണകൂടത്താല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുക എന്നത് സ്വാഭാവികത മാത്രമാണ്. ഇതില്‍ ആരു വിജയിക്കുമെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ആയുരാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.
ഏതായാലും ഒരു കാര്യമുറപ്പാണ്. കേരളം മുസ്‌ലിം തീവ്രവാദികളുടെ പറുദീസ എന്നേടത്തുനിന്ന് ഭരണകൂട ഭീകരതയുടെ പരീക്ഷണസ്ഥലം എന്നിടത്തേക്ക് ചര്‍ച്ചയെ ശരി ദിശയിലേക്ക് തിരിച്ച് വിടാനെങ്കിലും പ്രസ്തുത ലേഖനങ്ങളും തുടര്‍ ചര്‍ച്ചകളും സഹായിച്ചിരിക്കുന്നു. ഇത് കേരളത്തിന്റെ നവ ജനാധിപത്യ മുന്നേറ്റത്തിന്റ ചരിത്രത്തിലെ ചെറുതല്ലാത്ത ഒരു ചുവടുവെപ്പാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം