Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

ഛള്‍ത്തള്‍ക്ക സഷേഷര്‍ട്ടസല്‍ുള്‍

കെ.പി ഇസ്മാഈല്‍

പനിനീര്‍പൂവ് അതിമനോഹരം. പക്ഷേ, കമ്പിലുള്ള മുള്ളുകള്‍ വിരലുകളില്‍ കുത്തിനോവിക്കും. എന്നാല്‍ മുള്ളുകളുള്ളതുകൊണ്ട് പനിനീര്‍പൂ വേണ്ട എന്ന് ആരും പറയില്ല.

നമ്മുടെ ബന്ധങ്ങളിലും ചിലപ്പോള്‍ മുള്ളുകള്‍ കാണും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്വഭാവശുദ്ധിയില്ലാത്തവര്‍ ഉണ്ടാകും. ദമ്പതിമാര്‍ക്കിടയില്‍ സ്വഭാവ ദൂഷ്യങ്ങള്‍ ഉള്ളവര്‍ ധാരാളം. സോക്രട്ടീസിനെപ്പോലുള്ളവര്‍ ഭാര്യമാരുടെ പീഡനങ്ങള്‍ സഹിച്ചവരായിരുന്നു. മഹദ് വനിതകള്‍ക്കും ഭര്‍ത്താക്കന്മാരുടെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും അവര്‍ പീഡനങ്ങള്‍ സഹിച്ച് ദാമ്പത്യം തുടര്‍ന്നു. എന്നാല്‍ പെരുമാറ്റത്തിലെ മാധുര്യം കൊണ്ട് ബന്ധങ്ങളിലെ വേദനകള്‍ മാറ്റിയെടുക്കാനാകുമെന്ന കാര്യം പലരും മറക്കുന്നു.

കടുത്ത പ്രശ്‌നങ്ങള്‍ക്കിടയിലെ ജീവിതം പലര്‍ക്കും അസഹനീയമായിരിക്കും. അങ്ങനെയുള്ളവരാണ് ആത്മഹത്യയിലേക്ക് എടുത്തുചാടുന്നത്. എന്നാല്‍ ആത്മഹത്യ ബുദ്ധിശൂന്യമായ എടുത്തുചാട്ടമാണ്. ലോകം വിശാലവും മനോഹരവുമാണ്. ഒരിടം ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരിടത്തേക്ക് മാറാനാകും. ഒരാളോടൊത്ത് ജീവിക്കാന്‍ പ്രയാസമാണെങ്കില്‍ വേര്‍പിരിയാം. പുതിയ ബന്ധങ്ങള്‍ കണ്ടെത്താം. സാഹചര്യങ്ങള്‍ അസഹനീയമാകുമ്പോള്‍ ജീവിതം അവസാനിപ്പിക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള ഒരായിരം സാധ്യതകളെയും അവസരങ്ങളെയും നിഷേധിക്കുന്നതിനു തുല്യമാണ്.

താലിബാന്റെ വെടിയുണ്ടകള്‍ക്കിരയായ പെണ്‍കുട്ടിയാണ് മലാല യൂസുഫ് സായ്. ഇപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തിന്റെ ആഗോള പ്രതീകമായിരിക്കുകയാണ് മലാല. നോബല്‍ സമാധാന സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും. എന്നെ വെടിവെച്ച താലിബാന്‍കാരിലൊരാള്‍ എന്റെ മുന്നില്‍ വന്നുനിന്നാലും ഞാന്‍ അയാളെ ഉപദ്രവിക്കുകയില്ല എന്ന് മലാല പറയുന്നു. ശത്രുവിനെ എന്തുകൊണ്ട് വെറുക്കുന്നില്ല എന്ന ചോദ്യത്തിന് മലാലയുടെ മറുപടി ശ്രദ്ധേയമാണ്; 'വെറുക്കുക, കൊല്ലുക എന്നതാണ് അവരുടെ തത്ത്വശാസ്ത്രം. സ്‌നേഹിക്കുക, മാപ്പുനല്‍കുക എന്നതാണ് എന്റെ തത്ത്വശാസ്ത്രം. ഇസ്‌ലാം പഠിപ്പിക്കുന്നത് അതാണ്. അതുകൊണ്ട് ഞാന്‍ ആരെയും വെറുക്കുന്നില്ല.'

ഇഷ്ടമില്ലാത്തതിനെയെല്ലാം വെറുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. മാപ്പുചെയ്യുക എന്നതാണ് മൂല്യവത്തായ നിലപാട്. സൂറ അല്‍അഅ്‌റാഫില്‍ 'നീ മാപ്പുനല്‍കുന്ന സ്വഭാവം സ്വീകരിക്കുക' എന്ന് അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. 'നല്ല കാര്യം ഉപദേശിക്കുക, വിഡ്ഢികളെ അവഗണിക്കുക' എന്ന് തുടര്‍ന്നു പറയുന്നു. വെറുപ്പ് ശാശ്വതവികാരമായി ഉള്ളില്‍ കൊണ്ടു നടക്കരുതെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. വെറുപ്പ് വളരുന്നേടത്ത് നന്മകള്‍ തളിര്‍ക്കില്ല. ഹൃദയം എപ്പോഴും ശുദ്ധിയാക്കിവെക്കുകയും സേവനത്തിന്റെ പാതയില്‍ സഞ്ചരിക്കുകയും ചെയ്യുക എന്ന ശ്രേഷ്ഠവിചാരമാണ് ഖുര്‍ആന്‍ വചനങ്ങള്‍ നല്‍കുന്നത്.

ദൈവധിക്കാരിയാണ് പിശാച്. പിശാചിനെ സൂക്ഷിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. തെറ്റിലേക്ക് വീണുപോകാതിരിക്കാനുള്ള സൂക്ഷ്മത. എന്നാല്‍ പിശാചിനെ വെറുക്കണമെന്ന് ഖുര്‍ആന്‍ പറയുന്നില്ല. മനുഷ്യന്റെ ഉത്തമഗുണങ്ങള്‍ കേടുവരുത്തുന്ന ദുഷിച്ചവികാരമാണ് വെറുപ്പ്. അതുകൊണ്ടാണ് വെറുപ്പിന്റെ കാര്യത്തില്‍ ഇബ്‌ലീസിനെയും മാറ്റിനിര്‍ത്തിയത്. സ്‌നേഹം വഴിയുന്നിടത്ത് വെറുപ്പിനോ ദുഃഖത്തിനോ ഭയത്തിനോ സ്ഥാനമില്ല. സൂഫിവര്യയായ റാബിയയോട് ചോദിച്ചു: 'താങ്കള്‍ പിശാചിനെ വെറുക്കുന്നുണ്ടോ?' 'ഇല്ല. അല്ലാഹുവിനെ ഹൃദയം നിറയെ സ്‌നേഹിക്കുമ്പോള്‍ പിശാചിനെ വെറുക്കാന്‍ ഇടമില്ല' എന്നായിരുന്നു റാബിയയുടെ മറുപടി.

ഇസ്‌ലാമിലെ എല്ലാ ആരാധനകളും നന്മ ചെയ്യാനുള്ള പ്രേരണ നല്‍കുന്നു. പ്രാര്‍ഥനകളിലും ആരാധനാ ചടങ്ങുകളിലും സ്വന്തത്തെക്കുറിച്ചല്ല, സമൂഹത്തെക്കുറിച്ചാണ് വചനങ്ങളില്‍ കാണുക. ഒറ്റക്കല്ല, സമൂഹവുമായി ജീവിക്കുക എന്നതാണ് വചനങ്ങള്‍ നല്‍കുന്ന നിര്‍ദേശം. 'നമസ്‌കാരം കഴിഞ്ഞാല്‍ ഭൂമിയില്‍ ഇറങ്ങുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുക' എന്നാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. പള്ളിയില്‍ ചടഞ്ഞിരിക്കാനല്ല, എഴുന്നേറ്റ് പുറത്തിറങ്ങി പണിയെടുക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. പുറത്തിറങ്ങുക എന്നാല്‍ സമൂഹവുമായി ചേരുക, സാമൂഹിക നന്മക്കായി പണിയെടുക്കുക എന്നാണര്‍ഥം.

നല്ലതിനെയാണ് സാധാരണക്കാര്‍ ഇഷ്ടപ്പെടുക. നല്ലത് എന്നാല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. സ്‌നേഹം, സാന്ത്വനം, സഹായം തുടങ്ങിയ മൃദുല വികാരങ്ങളാണവ. ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നവരാണ് മഹാന്മാരായി അറിയപ്പെടുന്നത്. പ്രവാചകന്മാര്‍ സാധാരണക്കാരുടെ സംരക്ഷകരായിരുന്നു. പിഴച്ചവള്‍ എന്നാരോപിച്ച് ഒരു സ്ത്രീയെ ജനങ്ങള്‍ യേശുവിന്റെ മുന്നില്‍ ഹാജരാക്കി. അവളെ കല്ലെറിയാന്‍ യേശു പറയണമെന്നാണ് ജനം ആഗ്രഹിച്ചത്. പക്ഷേ, യേശു പറഞ്ഞത് അക്രമികളുടെ ഹൃദയത്തില്‍ തറക്കുന്ന വാക്കുകളായിരുന്നു: 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ.' അക്രമികളുടെ കൈകളിലെ കല്ലുകള്‍ താഴെ വീണു. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരെ പിടികൂടുകയായിരുന്നു പ്രവാചകന്മാര്‍. വഴിതെറ്റിപ്പോയ പാവങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു പാവപ്പെട്ടവനോട് പണം വാങ്ങി ചതിച്ച ധനികനെ സമീപിച്ച് അവന്റെ പണം തിരിച്ചുനല്‍കാന്‍ മുഹമ്മദ് നബി ആവശ്യപ്പെട്ടപ്പോള്‍ ഒരക്ഷരം ഉരിയാടാതെ അവന്‍ പണം കൊടുത്തു. പണക്കാരെ സംരക്ഷിക്കുകയും പാവങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന ആളുകള്‍ പഠിക്കേണ്ട അനേകം പാഠങ്ങളുണ്ട് പ്രവാചകന്മാരുടെ ജീവിതത്തില്‍.

പരമദരിദ്രനായ ഒരു ആദിവാസിയെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു എന്ന ഉള്ളുലക്കുന്ന വാര്‍ത്തകള്‍ നാം വായിക്കുന്നു. ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവരുടെ പേരുകളില്‍ മതത്തിന്റെ അടയാളങ്ങള്‍ കാണാം. പക്ഷേ, അവരുടെ മനസ്സില്‍ ജീവകാരുണ്യത്തിന്റെ തുള്ളിപോലുമില്ല. ദൈവവിശ്വാസമില്ലാത്തിടത്ത് കാരുണ്യം പൂക്കില്ല. കാരുണ്യവാനായ ദൈവവിശ്വാസിക്ക് ക്രൂരനാകാന്‍ കഴിയില്ല.

കാരുണ്യവാനായ ദൈവത്തിന്റെ നാമത്തില്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന് പറയുന്നത് ശ്രദ്ധേയമാണ്. കാരുണ്യം ജീവിതത്തില്‍ ഉള്‍ക്കൊള്ളുക എന്നതാണ് ബിസ്മിയുടെ പൊരുള്‍. മതവിശ്വാസത്തോടു കൂടിയ വിശ്വ സാഹോദര്യമേ ഫലവത്താകൂ എന്നാണ് ഗാന്ധിജിയുടെ വാക്കുകള്‍. മാനുഷികമായ ഐക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാനാകും. മനുഷ്യരെല്ലാം ചീര്‍പ്പിന്റെ പല്ലുകള്‍പോലെ സമന്മാരാണ് എന്നാണ് ശ്രദ്ധേയമായ ഒരു നബിവചനം. ശിവഗിരി ആശ്രമം സന്ദര്‍ശിക്കാനെത്തിയ വാട്ട്‌സ് സായ്പ്പിന് ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളെ മറ്റൊരു അന്തേവാസി പരിചയപ്പെടുത്തിയത് ഇങ്ങനെ: 'ഇവര്‍ പറയക്കുട്ടികളായിരുന്നു. ഇവരെ ആശ്രമത്തിലെടുത്ത് മനുഷ്യരാക്കിയിരിക്കുകയാണ്.' അതു കേട്ട് നാരായണ ഗുരു തിരുത്തി: 'അവര്‍ ആദ്യമേ മനുഷ്യര്‍ തന്നെ. മറ്റുള്ളവര്‍ അത് വകവെച്ചുകൊടുക്കാതിരുന്നതാണ്.'

മുള്ളുള്ള പനിനീര്‍പൂവ് ജീവിതത്തിന്റെ പ്രതീകമാണ്. അഴകും മുള്ളും ചേര്‍ന്നതാണ് ജീവിതം. 'മുള്ളുകള്‍ എന്ന അപായ സാധ്യതയില്‍നിന്നാണ് സുരക്ഷ എന്ന പൂവ് നമ്മള്‍ പറിച്ചെടുക്കുന്നത്' എന്ന് ഷേക്‌സ്പിയര്‍.

പനിനീര്‍പൂവുപോലെ മനോഹരമാണ് ജീവിതം. മുള്ളുള്ള പനിനീര്‍പൂവിനെ നാം ഇഷ്ടപ്പെടുന്നു. അതുപോലെ പ്രയാസങ്ങളുള്ള ജീവിതത്തെയും ഇഷ്ടപ്പെടാനാകും. മനസ്സ് പക്വമാണെങ്കില്‍ എല്ലാറ്റിലും മധുരം നുകരാനാകും.

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍