Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

തിരിച്ചറിയപ്പെടേണ്ട ഒളിയജണ്ടകള്‍

ഇസ്മാഈല്‍ പതിയാരക്കര

വടകര ഉപജില്ലാ കലോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട 'കിതാബ്' എന്ന നാടകം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ഈ നാടകം മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ ശക്തമായി ഉന്നയിക്കേണ്ടതുണ്ട്. എന്തു കൊണ്ടാണ് നോവലുകളിലും സിനിമകളിലും നാടകങ്ങളിലുമൊക്കെ സൃഷ്ടിക്കപ്പെടുന്ന മുസ്‌ലിം കഥാപാത്രങ്ങളെ അപരിഷ്‌കൃതരും പുരോഗമന പാതകളിലെ വിഘ്നങ്ങളുമൊക്കെയായി ചിത്രീകരിക്കാന്‍ എഴുത്തുകാരില്‍ പലരും പെടാപ്പാട് പെടുന്നത്? 

ഇഷ്ടം പോലെ വിവാഹം കഴിക്കുന്ന, സ്ത്രീലമ്പടനും വനിതാവകാശങ്ങളെ ഹനിക്കുന്നവനുമായ, സ്ഥിരമായി പച്ചബെല്‍റ്റും അതിനിടയില്‍ ഒരു പിച്ചാത്തിയും കുത്തിത്തിരുകി നടക്കുന്നവനുമായ ഒരു മുസ്‌ലിമിനെ മരുന്നിനെങ്കിലും ഇപ്പോള്‍ മലയാളക്കരയില്‍ കാണിക്കാന്‍ കഴിയുമോ? പക്ഷേ നൂറു കൊല്ലം മുമ്പെയുള്ള മാപിനികള്‍ വെച്ച് മാപ്പിള കഥാപാത്രത്തെ അടയാളപ്പെടുത്താനാണ് ചിലര്‍ക്ക് താല്‍പ്പര്യം. 

മലയാളത്തിലെ ആദ്യനോവല്‍ ഇന്ദുലേഖ മുതല്‍ തുടരുന്ന ഈ സമീപനത്തില്‍ ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. 

ഇടമറുക് മുതല്‍ ജബ്ബാര്‍ മാഷ് വരെയും, കുമാരനാശാന്‍ തുടങ്ങി ആനന്ദ് മുതലായവരും മതവിമര്‍ശനം നിര്‍ബാധം നടത്തി വന്ന ഒരു നാടാണിത്. പുസ്തകങ്ങള്‍ക്ക് മറു കൃതികള്‍ എഴുതിയും കലാ സാഹിത്യ സൃഷ്ടികളിലൂടെയും ആരോഗ്യകരമായ ഇടപെടലുകള്‍ നടത്തി സാംസ്‌കാരിക സംവാദങ്ങള്‍ സാധ്യമാണെന്ന് തെളിയിച്ചവരാണ് മുസ്‌ലിം സമൂഹം. പക്ഷേ നിഷ്‌കളങ്ക ബാല്യങ്ങളെ അരോചകമായ വേഷം കെട്ടിച്ചു ഇത്തരം മത വിമര്‍ശനങ്ങള്‍ സംഭാഷണങ്ങള്‍ക്കിടയില്‍ കുത്തിത്തിരുകി അവതരിപ്പിച്ചതുകൊ് എന്തു നേട്ടമാണ് പുരോഗമനാത്മകമായ ഒരു സമൂഹത്തിലുണ്ടാവുന്നതെന്നു ബന്ധപ്പെട്ടവര്‍ വിശദീകരിക്കേണ്ടതുണ്ട്.

സ്ത്രീ-പുരുഷ മാത്സര്യങ്ങള്‍ക്കപ്പുറം സ്ത്രീയിലെ സ്ത്രീത്വത്തെയും മാതൃത്വത്തെയും അങ്ങേയറ്റം ബഹുമാനിച്ച പ്രത്യയ ശാസ്ത്രമാണ് ഇസ്‌ലാം. മീ ടൂ തുറന്നുപറച്ചിലുകള്‍ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത്തരം ചൂഷണങ്ങളില്ലാത്ത ഒരു ലോകക്രമമാണ് ഇസ്‌ലാം മുമ്പോട്ടു വെക്കുന്നത്. ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്നതിനെതിരിലുള്ള ശാസനകളും വസ്ത്രധാരണത്തിലെ കണിശതയുമൊക്കെ ചൂഷണരഹിതവും ഭയരഹിതവുമായ ഒരു പെണ്‍ജീവിതം പ്രദാനം ചെയ്യാനുള്ള  ചവിട്ടുപടികളത്രെ. 

നേരെ തിരിച്ചൊന്നാലോചിക്കുക. സ്ത്രീ സമത്വം ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രം ചികഞ്ഞാല്‍ ഇതു വരെ പ്രസംഗിച്ച വലിയ കാര്യങ്ങള്‍ ഏട്ടിലെ പശു മാത്രമാണെന്ന് ബോധ്യമാകും. പാര്‍ട്ടി സെക്രട്ടറിയായോ കെ.പി.സി.സി പ്രസിഡന്റായോ മുഖ്യമന്ത്രിയായോ ഒന്നും ഇക്കാലം വരെ ഒരു വനിത ഉണ്ടാവാതെ പോയത് ഈ ഇരട്ടത്താപ്പിന്റെ ഉദാഹരണങ്ങളില്‍ ചിലത് മാത്രമാണ്. 

മാപ്പിളപ്പെണ്ണിന്റെ അവകാശങ്ങള്‍ക്കു വേണ്ടി മുറവിളി കൂട്ടുന്നവര്‍ തങ്ങളുടെ നാട്ടിന്‍ പുറങ്ങളിലേക്ക് കണ്ണ് തുറന്നു പിടിച്ചൊന്നു നോക്കണം. അവിടെ വ്യക്തിത്വമുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്ന മുസ്‌ലിം സ്ത്രീകളെ പൊതുവിലും ഗള്‍ഫ് ഭാര്യമാരെ പ്രത്യേകിച്ചും കണ്‍കുളിര്‍ക്കെ കാണാം. ഏത് പാതിരാത്രിക്കും മക്കള്‍ക്കു സുഖമില്ലെങ്കില്‍ ഒറ്റക്ക് വാഹനം ഓടിച്ചു ആശുപത്രിയില്‍ പോകുന്ന, സാമ്പത്തിക കാര്യങ്ങള്‍ ആണുങ്ങളേക്കാള്‍ ഭംഗിയായി നോക്കുന്ന തന്റേടിയാണവള്‍. 

അങ്ങനെയുള്ള മാതാക്കളുടെ പെണ്മണികളാണ് പ്രതി നാടകത്തിലെ പെണ്‍ശബ്ദമായി തെരുവുകളെ കിടിലം കൊള്ളിക്കുന്നത്. മുഖപടത്തിനപ്പുറം മറഞ്ഞിരിക്കുന്ന പഴയ തലമുറയിലെ മാപ്പിളപ്പെണ്ണുങ്ങളെ നോക്കി നെടുവീര്‍പ്പിട്ടു കാലം കഴിക്കാതെ, പള്ളിക്കമ്മിറ്റികളില്‍ പോലും കാലെടുത്തു വെച്ച് കൊണ്ടിരിക്കുന്ന, ജീവിതത്തെ അസാമാന്യ മെയ്‌വഴക്കത്തോടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന പരിശ്രമ ശാലിയായ, നിലപാടുകളുള്ള മുസ്‌ലിം പെണ്ണിനെ ഏത് കാലത്താണ് പുരോഗമനം എന്ന് നടിക്കുന്ന പൊതു ബോധത്തിന് സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിയുക?

 

 

ഇന്ത്യയിലെ സ്ഥലനാമങ്ങള്‍

പ്രബോധനം 'സ്ഥലനാമമാറ്റം ചരിത്രത്തെ അപഹരിക്കുന്നവര്‍' എന്ന ലേഖനം(നവം. 23) നന്നായിരുന്നു. ഒരു മതേതര രാജ്യമായ ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ മതേതരത്വത്തിന് എതിരായ പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ നഗരമായ അഹ്മദാബാദിന് കര്‍ണാവതിയെന്നും ഫൈസാബാദിന് അയോധ്യയെന്നും അലഹാബാദിന് പേര് പ്രയാഗ് രാജ് എന്നും ഹൈന്ദവ നാമങ്ങള്‍ നല്‍കി മാറ്റിക്കഴിഞ്ഞു. ഇത് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യം ഇല്ലാതാക്കും എന്ന് പറയേണ്ടതില്ലല്ലോ. സംഘ്പരിവാറിന്റെ ഇത്തരം ചെയ്തികള്‍ ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ ചേര്‍ന്ന് ചെറുത്തു തോല്‍പിക്കേണ്ടതാണ്. ശക്തമായി ചെറുത്തു നിന്നില്ലെങ്കില്‍ ഇനിയും മുന്നോട്ടു പോകാന്‍ അവര്‍ക്ക് ധൈര്യം ലഭിക്കും.

ആര്‍. ദിലീപ്, മുതുകുളം

 

 

ചാറ്റ് റൂമുകളിലെ അപകടങ്ങള്‍

നിഷിദ്ധത്തിലേക്ക് (ഹറാം) നയിക്കുന്നതും നിഷിദ്ധമാണെന്നാണ് നിദാനശാസ്ത്ര(ഉസ്വൂലുല്‍ ഫിഖ്ഹ്)ത്തിന്റെ കാഴ്ചപ്പാട്. മദ്യപാനം നിഷിദ്ധമായത് പോലെ അതിലേക്ക് എത്തിക്കുന്ന വഴികളും പ്രവര്‍ത്തനങ്ങളും നിഷിദ്ധമാണ്. ഓരോ അവയവത്തിനും വ്യഭിചാരമുണ്ട്. കണ്ണിന്റെ വ്യഭിചാരം ദര്‍ശനമാണ്. കൈയിന്റെ വ്യഭിചാരം സ്പര്‍ശമാണ്. കാലിന്റെ വ്യഭിചാരം നടത്തവും. ലൈംഗിക അവയവം ഇത് സാക്ഷാല്‍ക്കരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു എന്ന നബി വചനം ഇതിന് തെളിവാണ്. പ്രബോധനം (വാള്യം 75 ലക്കം 21) 'വാട്‌സ്ആപ്പിലെ കുടുംബഗ്രൂപ്പുകള്‍' എന്ന തലക്കെട്ടില്‍ ഹസീബ് അഹ്മദ് എഴുതിയ കത്താണ് ഈ കുറിപ്പിന് പ്രേരകം.

വാട്‌സ്ആപ്പില്‍ മാത്രമല്ല അപകടം പതിയിരിക്കുന്നത്. ഫോണ്‍ വിളികള്‍, ഫേസ് ബുക്ക്, ഐ.എം.ഒ, സ്‌കൈപ്, ബോട്ടിം തുടങ്ങിയ ആപ്പുകളിലും അപകടമുണ്ട്. അന്യ സ്ത്രീ-പുരുഷന്മാര്‍ ഒരിടത്ത് ഒറ്റപ്പെടുന്നത് (ഖുല്‍വത്) അപകടമാണ്. ഒരു സ്ത്രീയും പുരുഷനും ഒറ്റപ്പെടുമ്പോള്‍ മൂന്നാമത്തെ സാന്നിധ്യം പിശാചിന്റേതാണെന്നത്രെ നബി(സ) പഠിപ്പിക്കുന്നത്. ഫോണ്‍ ചാറ്റുകളിലും ഈ അര്‍ഥത്തില്‍ ഒറ്റക്ക് ആകല്‍ (ഖുല്‍വത്) സംഭവിക്കുന്നു്. സ്ത്രീകള്‍ അന്യര്‍ക്ക് ഫോണ്‍ നമ്പര്‍ കൈമാറുന്നതും തെറ്റിലേക്ക് നയിക്കാന്‍ വഴിതുറക്കുന്നതിനാല്‍ പലപ്പോഴും അപകടകരമായിത്തീരുന്നു.

ഒ.ടി മുഹ്‌യിദ്ദീന്‍, വെളിയങ്കോട്

 

 

 

അനുചിതമായ ഹദീസ് വ്യാഖ്യാനം

ഹദീസിനെകുറിച്ചുള്ള വിശദീകരണം (വാള്യം 75, ലക്കം 19) ഹദീസ് പഠനം ലക്ഷ്യമാക്കിയുള്ളതല്ല, മറിച്ച് ഈയിടെ ഉണ്ടായ ഒരു കോടതിവിധിയെകുറിച്ച് ലേഖകന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഉദ്ദേശിച്ച് എഴുതിയതാണെന്ന് തോന്നുന്നു. തലക്കെട്ട് തന്നെ അനുചിതം, വിശദീകരണമാകട്ടെ വ്യാഖ്യാനിച്ചൊപ്പിച്ചതും! ഹദീസിന്റെ സന്ദര്‍ഭവും പ്രാധാന്യവും പരിഗണിക്കാതെയുള്ള വ്യാഖ്യാനം അരോചകമായി.  കോടതി വിധിയോടുള്ള പ്രതികരണം ലേഖനമായോ, കുറിപ്പായോ, കത്തായോ പ്രകടിപ്പിക്കാമായിരുന്നു.

ഗഫൂര്‍ തറയില്‍

 

 

 

'യൂസുഫ് ഇസ്‌ലാം'

എ.പി ശംസീറിന്റെ ലേഖനത്തില്‍ (നവംബര്‍ 23) 'യൂസുഫുല്‍ ഇസ്‌ലാമിന്റെ വഴി' എന്ന് തലക്കെട്ടിലും ലേഖനത്തിലും ഉപയോഗിച്ചത് പിശകാണ്. 'യൂസുഫുല്‍ ഇസ്‌ലാം' അല്ല 'യൂസുഫ് ഇസ്‌ലാം' എന്നാണ് വേണ്ടത്. പല പ്രസംഗകരും ലേഖകരും ഈ പിശക് വരുത്താറുണ്ട്. ടലേുവലി ഉലാലൃേല ഏലീൃഴശീൗ എന്ന ആദ്യത്തെ പേരും, പിന്നീട് സംഗീതത്തില്‍ വന്നപ്പോള്‍ സ്വീകരിച്ച കാറ്റ് സ്റ്റീവന്‍സ് എന്ന പേരും മാറ്റി അദ്ദേഹം പിന്നീട് സ്വീകരിച്ച പേരാണ് യൂസുഫ് ഇസ്‌ലാം. ഖുര്‍ആനിലെ യൂസുഫ് നബിയുടെ കഥയില്‍ ആകൃഷ്ടനായാണ് ആ പേര് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.

പി.വി സഈദ് മുഹമ്മദ് കണ്ണൂര്‍

 

 

പ്രഭ പ്രസരിപ്പിക്കുന്ന 'ജീവിതാക്ഷരങ്ങള്‍'

നര്‍മോക്തി തിലകക്കുറിയാക്കിയ പ്രഥമ ലക്കം(3076) തന്നെ ജീവിതാക്ഷരങ്ങളെ ഏറെ ദീപ്തമാക്കുന്നുണ്ട്. ആത്മകഥാകൃത്തിനും വായനക്കാരനും ഒരുപോലെ ആത്മഹര്‍ഷം പകരുന്ന, പച്ചയായ ജീവിതകഥ, മലയാള ജീവചരിത്ര ശാഖക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

'കറുത്ത ശിലയെ മുത്തിയ മൂക്ക് തിരിച്ചു കിട്ടണമല്ലോ' എന്ന നര്‍മോക്തിയില്‍ ലയിച്ച് പാതിരാവേറെ കഴിഞ്ഞും ചിരിച്ചുകൊണ്ടിരുന്നു!

അബ്ദുര്‍റഹ്മാന്‍ പൂവഞ്ചേരി

 

 

 

ചെറിയ കവിത

'മരിക്കാത്ത ജീവിതങ്ങള്‍' (നവംബര്‍ 16, 3074) എന്ന കവിത ജീവിതലക്ഷ്യം തിരിച്ചറിഞ്ഞു ജീവിച്ചു മരിച്ചു പോയവരെ അനുസ്മരിക്കുന്നതും ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ദിശ നിര്‍ണയിക്കുന്നതുമാണ്. ചെറിയ കവിത, വലിയ ആശയം!

വി.കെ ഖാദര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി

 

 

 

എന്തിനാണ് ഈ ബീവി പ്രയോഗം?

പ്രബോധനത്തിലെ ലേഖനങ്ങളില്‍ സ്വഹാബി വനിതകളുടെ പേരിനോടൊപ്പം ബീവി എന്ന് ചേര്‍ത്ത് കാണുന്നു. എന്തിനാണ് ഈ ബീവി പ്രയോഗം? അറബി ഭാഷയില്‍ ബീവി ഇല്ല. ഉര്‍ദു ആണ് ആ പദമെങ്കില്‍ അതിന്റെ അര്‍ഥം എന്താണ്? അറബിയും ഉര്‍ദുവും ചേര്‍ത്ത് പറയുന്നതില്‍ അനൗചിത്യം ഇല്ലേ? ബീവി ചേര്‍ക്കാതെ പറയുന്നതല്ലേ കൂടുതല്‍ ഭംഗി?

അബ്ബാസ് എ. റോഡുവിള

 

 

വാഹന വളയങ്ങള്‍

'മനുഷ്യജീവന്‍ തുടിക്കുന്ന വാഹന വളയങ്ങള്‍' എന്ന കുറിപ്പ് ക്ഷമയും സൂക്ഷ്മതയും ഇല്ലാത്ത ഓട്ടപ്പാച്ചിലുകള്‍ എത്രയെത്ര വിലപ്പെട്ട മനുഷ്യജീവനുകളാണ് തട്ടിയെടുക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്നതാണ്. അമിത വേഗത സൃഷ്ടിക്കുന്ന അപകടങ്ങള്‍ ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വിവരിച്ചത് ശ്ലാഘനീയം തന്നെ. ധൃതി പൈശാചികമാണ്, പെട്രോളും ഡീസലും പോലുള്ള അനുഗ്രഹങ്ങള്‍ ധൂര്‍ത്തടിച്ച് നശിപ്പിക്കല്‍ ദൈവധിക്കാരമാണ് എന്ന വായനയും പ്രസക്തമത്രെ. മരണമെന്ന വിധിയെ തടുക്കാന്‍ മനുഷ്യകരങ്ങള്‍ക്ക് കഴിയില്ലങ്കിലും സൂക്ഷ്മത പാലിക്കുക എന്നത് മനുഷ്യന്‍ പുലര്‍ത്തേണ്ട ദൈവിക മൂല്യമാണ്, ദീനീ സംസ്‌കാരമാണ്.

റാഹില അന്‍ഷദ്, ഈരാറ്റുപേട്ട

 

 

1967-ലായിരുന്നു

'ജീവിതാക്ഷരങ്ങളി'ല്‍ (ലക്കം 3078) പരാമര്‍ശിച്ച അറബ്-ഇസ്രയേല്‍ യുദ്ധം 1965-ലായിരുന്നില്ല, 1967-ലായിരുന്നു. ആറ് ദിവസത്തെ യുദ്ധം എന്നാണ് ഇത് വിളിക്കപ്പെട്ടിരുന്നത്.

അബ്ദുല്‍ അലി, ഓവുങ്ങല്‍

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍