Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

പ്രവാചക സന്ദേശത്തിന്റെ സ്വാധീനം

കെ.പി.എ റസാഖ് കൂട്ടിലങ്ങാടി

ലണ്ടനില്‍നിന്നിറങ്ങുന്ന ഇകണോമിസ്റ്റ് വാരിക എഴുതുന്നു; ''ലോകമേധാവിത്വം കൈവരിക്കുന്നതില്‍ പാശ്ചാത്യ നാഗരികതക്ക് ഒരേയൊരു പ്രതിയോഗിയേ ഉള്ളൂ, ഇസ്‌ലാം. അതുമായി പടിഞ്ഞാറ് ഏറ്റമുട്ടേണ്ടിവരും. കാരണം ഇസ്‌ലാം ഒരാശയമാണ്. തികച്ചും വ്യത്യസ്തമായ ഒരാശയം. മനുഷ്യാനുഭവങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അതീതമായ സത്യത്തില്‍ അത് വിശ്വസിക്കുന്നു. അതിന്റെ വീക്ഷണത്തില്‍ പതിനാല് നൂറ്റാണ്ട് മുമ്പ് മുഹമ്മദിന് അവതീര്‍ണമായതും ഖുര്‍ആന്റെ രൂപത്തില്‍ ഇന്നും സുരക്ഷിതമായി നിലനില്‍ക്കുന്നതുമായ അതേ സത്യം തന്നെയാണത്. ഒരു നാഗരികതയുടെ വിജയത്തിനും മേധാവിത്വത്തിനും ഇത്തരം ഒരു സത്യത്തില്‍ വിശ്വസിക്കുന്നതിന് സമാനമായ മറ്റൊരു ശക്തിയില്ല. അതിനാലാണ് യൂറോപ്പും പടിഞ്ഞാറും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭയപ്പെടുന്നത്. പുതിയൊരു ശീതയുദ്ധത്തിന്റെ അപകടാവസ്ഥയിലാണവര്‍. മിക്കവാറും 'ശീത'മായിക്കൊള്ളണമെന്നില്ല.'' അതേ വാരിക, മുഹമ്മദീയ പ്രവാചകത്വത്തിലുള്ള വിശ്വാസമാണ് ഇന്ന് പാശ്ചാത്യ നാഗരികതയുടെ ഏക പ്രതിയോഗിയും ഏറ്റവും വലിയ അപകടവും എന്ന് പറയുന്നുണ്ട്. ഈ വിശ്വാസം തന്നെയാണ് മുസ്‌ലിംകളുടെ ശക്തിസ്രോതസ്സ് (ഖുര്‍റം മുറാദ്).

ഡോ. അലക്‌സാണ്ടര്‍ ജേക്കബ് എഴുതുന്നു; 'അത്ഭുതാവഹമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തെ മാറ്റിമറിച്ച് പുനഃസൃഷ്ടിച്ച മഹാനായ മുഹമ്മദ് എന്റെയും പ്രവാചകനാണ്. മുസ്‌ലിംകള്‍ തീരെയില്ലാത്ത തുമ്പമണ്‍ പ്രദേശത്ത് ജനിച്ചുവളര്‍ന്ന എനിക്ക് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു സുഹൃത്ത് ഖുര്‍ആന്റെ കോപ്പി തന്നു. അത് വായിച്ചപ്പോഴാണ് ലോകത്തിന്റെ അത്ഭുതകരമായ ഈ വെളിച്ചത്തെക്കുറിച്ച് അറിയാനിടയായത്. ആ പ്രവാചകന്‍ എന്റെയും പ്രവാചകനെന്ന് ഞാന്‍ മനസ്സിലാക്കി. മൈക്കിള്‍ എച്ച്. ഹര്‍ട്ട് എന്ന ക്രിസ്തീയ എഴുത്തുകാരന്‍ ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച നൂറ് വ്യക്തികളെക്കുറിച്ചുള്ള 'ദ ഹന്‍ഡ്രഡ് എ റാങ്കിംഗ് ഓഫ് ദ മോസ്റ്റ് ഇന്‍ഫഌവെന്‍ഷ്യല്‍ പേഴ്‌സന്‍സ് ഇന്‍ ഹിസ്റ്ററി' എന്ന വിഖ്യാത പുസ്തകത്തില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് മുഹമ്മദിനാണ്. രണ്ടാമത് ഐസക് ന്യൂട്ടനും മൂന്നാം സ്ഥാനം യേശു ക്രിസ്തുവിനും നാലാമത് ബുദ്ധനുമാണ്. ഇത് അമേരിക്കയെ ഇളക്കിമറിച്ചു. 40-ാമത്തെ വയസ്സില്‍ മാലാഖമാരാല്‍ സത്യം നല്‍കപ്പെടുന്നതു വരെ സാധാരണക്കാരന്‍ മാത്രമായിരുന്ന മുഹമ്മദ് വെറും ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് ലോക ചരിത്രം മാറ്റിയെഴുതുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു എന്നാണ് 556 പേജുള്ള പുസ്തകത്തില്‍ വിശദീകരിക്കുന്നത്. ക്രി. 570-ല്‍ ജനിച്ച മുഹമ്മദ് 610-ല്‍ പ്രവാചകത്വത്തില്‍ അവരോധിതനായി. 622-ല്‍ മദീനയിലേക്ക് പോവേണ്ടി വന്നു. മരുഭൂമിയിലെ ദുഷ്‌കരമായ 410 കിലോമീറ്റര്‍ സഞ്ചാരം. 7 വര്‍ഷമാണ് അദ്ദേഹം മദീനയില്‍ പ്രവാസിയായി ജീവിച്ചത്. ലോകത്തെ മാറ്റിമറിച്ച 23 വര്‍ഷത്തില്‍ ഈ ഏഴു വര്‍ഷം സുപ്രധാനമാണ്. അത്ഭുതകരമായ ജീവിതത്തിലൂടെ ലോകത്തിനു നല്‍കിയ സന്ദേശമില്ലായിരുന്നെങ്കില്‍ പാശ്ചാത്യ സംസ്‌കാരവും ആധുനിക സംസ്‌കാരവും ഉണ്ടാകുമായിരുന്നില്ലെന്ന് നിസ്സംശയം പറയാം' (മാതൃഭൂമി ദിനപത്രം 29.6.2014).

ലോകത്ത് ഇന്നറിയപ്പെടുന്ന ചിന്തകര്‍ക്കൊക്കെ ഒരു മുന്‍നിരയുണ്ടായിരുന്നു. എന്നാല്‍ പ്രവാചകന്‍ മുഹമ്മദിന് തൊട്ടുമുമ്പ് ആ ദേശത്ത് ഒരു മഹാനായ വ്യക്തിയോ സമ്പന്നമായ ഒരു സംസ്‌കാരമോ ഉണ്ടായിരുന്നതിന് യാതൊരു തെളിവുമില്ല. അങ്ങനെയുള്ള ഒരു ജനവിഭാഗത്തില്‍നിന്ന് ഒരു സംസ്‌കാരം ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള നദീതടങ്ങളോ സസ്യലതാദികളോ പോലുമില്ലാത്ത ഈ പ്രദേശത്ത് ഇത്രയും വലിയ വെളിച്ചം ഉണ്ടായത് എങ്ങനെ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു (ആര്‍നോഡ് ടോയന്‍ബി, എ സ്റ്റഡി ഓഫ് ഹിസ്റ്ററി).

വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ട്: ''അല്ലാഹു മാനത്തുനിന്ന് മഴയിറക്കി അടിവാരങ്ങള്‍ അവയുടെ കഴിവിനൊത്ത് അതുമായൊഴുകി. ഒഴുക്ക് ശക്തമായപ്പോള്‍ നുരയും പതയുമുയര്‍ന്നു. ആഭരണങ്ങളും മറ്റുപകരണങ്ങളും നിര്‍മിക്കാന്‍ ആളുകള്‍ തീയിലുരുക്കുന്ന ലോഹങ്ങളിലും ഇതുപോലെ കീടമുണ്ടാവും. അല്ലാഹു സത്യാസത്യങ്ങളെ ഇങ്ങനെ ഉദാഹരിക്കുന്നു. നുരകള്‍ വറ്റിപ്പോകും, മനുഷ്യര്‍ക്കുപകാരമുള്ളത് ഭൂമിയില്‍ അവശേഷിക്കും. ഇത്തരം ഉദാഹരണങ്ങളിലൂടെ അല്ലാഹു യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ചുതരുന്നു'' (ഖുര്‍ആന്‍ 13:17).

1400 വര്‍ഷങ്ങള്‍ക്കു ശേഷവും പുത്തനുണര്‍വും പുത്തന്‍ പ്രതീക്ഷകളും നല്‍കി മുഹമ്മദ് നബി(സ) മനുഷ്യ മഹാസഞ്ചയത്തെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സന്ദേശങ്ങളില്‍ ഭീകരതയും തീവ്രതയും ആരോപിച്ച് അതിനെതിരില്‍ വെറുപ്പിന്റെ പുതിയ പുതിയ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സകലമാന കുതന്ത്രങ്ങളുടെയും വേലിയേറ്റങ്ങളാണ് ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്നത്. പര്‍വതങ്ങളെപ്പോലും പിഴുതുമാറ്റാനുതകുംവിധമുള്ള സന്നാഹങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും നൂതന പ്രതീകമാണ് ഇസ്‌ലാമോഫോബിയ.

നട്ടാല്‍ മുളക്കാത്ത പെരുംനുണകള്‍ ഇസ്‌ലാമിന്റെ പേരില്‍ കെട്ടിവെച്ച് പ്രവാചകനെയും ഇസ്‌ലാമിനെയും നശിപ്പിക്കാമെന്നവര്‍ കരുതുന്നു. ഇത് പ്രപഞ്ചനാഥന്റെ ജീവിത വ്യവസ്ഥയാണ്. ശത്രുക്കള്‍ അതിനെതിരില്‍ എത്ര നികൃഷ്ട ചെയ്തികള്‍ അനുവര്‍ത്തിച്ചാലും അതിനൊന്നും വരാനില്ല. ഇതഃപര്യന്തമുള്ള ചരിത്രം അതിനു സാക്ഷിയാണ്. ആശയം കൊണ്ടും ആദര്‍ശഗരിമ കൊണ്ടും വിശ്വാസങ്ങളുടെ സുതാര്യതകൊണ്ടും പ്രവാചക ജീവിതത്തിന്റെ വിശ്വാസ്യത കൊണ്ടും നിലനില്‍ക്കാനുള്ള അതിന്റെ അര്‍ഹതയും കരുത്തും ലോകം അംഗീകരിച്ചതാണ്.

ലോകമാസകലം, വിശേഷിച്ച് യൂറോപ്പിലും പാശ്ചാത്യ നാടുകളിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇസ്‌ലാം. അവിടത്തുകാരുടെ സ്വതന്ത്ര ചിന്തയും വിശാലമനസ്‌കതയും സഹിഷ്ണുതയും ലോകരാജ്യങ്ങളില്‍, വിശിഷ്യാ ഇന്ത്യാ രാജ്യത്ത് പ്രസരിക്കുകയാണെങ്കില്‍ അവര്‍ ഇസ്‌ലാമിനെയും പ്രവാചകനെയും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുമെന്ന് ഉറപ്പ്. മനുഷ്യസമൂഹം പ്രതീക്ഷിക്കുകയും അഭിലഷിക്കുകയും ചെയ്യുന്ന മൂല്യങ്ങളാല്‍ നിര്‍ഭരമായ ഒരു വ്യവസ്ഥ എന്ന നിലയില്‍ ഇസ്‌ലാം വളരുകയും നിലനില്‍ക്കുകയും ചെയ്യും. കാലത്തിന്റെ വിടവ് മാത്രമാണ് അവശേഷിക്കുന്നത്. ഈ കറുകറുത്ത തിരശ്ശീലയങ്ങ് തിരോഭവിച്ചാല്‍ മനുഷ്യ കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ജ്വലിക്കുന്ന ഈ പ്രകാശഗോപുരമായിരുന്നല്ലോ നമുക്ക് മുമ്പില്‍ മറച്ചുവെക്കപ്പെട്ടിരുന്നതെന്ന് ലോകം മൂക്കത്ത് വിരല്‍ വെക്കുന്ന ഒരു ശുഭദിനം വരും, വരാതിരിക്കില്ല.

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍