Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

മുസ്‌ലിം ചിന്തയുടെ ചലനാത്മക ലോകങ്ങള്‍

പി.എ നാസിമുദ്ദീന്‍

ഇസ്‌ലാമിക നാഗരികതയില്‍ വളര്‍ന്നു തിടംവെക്കുകയും യൂറോപ്യന്‍ നവോത്ഥാനത്തെയും പാശ്ചാത്യ തത്ത്വചിന്തയെയും വലുതായ രീതിയില്‍ സ്വാധീനിക്കുകയും ചെയ്ത മുസ്‌ലിം തത്ത്വചിന്തയെ അപഗ്രഥിക്കുന്ന അനര്‍ഘ ഗ്രന്ഥമാണ് എ.കെ അബ്ദുല്‍ മജീദ് രചിച്ച് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മുസ്‌ലിം തത്ത്വചിന്ത ചരിത്രം, ഉള്ളടക്കം. മുസ്‌ലിം തത്ത്വചിന്തയെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ആദ്യപുസ്തകമാണിത്. ഈ വിഷയത്തെ പഠനവിധേയമാക്കുമ്പോള്‍ അതിനോടനുബന്ധിച്ച് മറ്റു ബൃഹത്തായ വൈജ്ഞാനിക മണ്ഡലങ്ങളെക്കുറിച്ചും പറയേണ്ടത് അനിവാര്യമായി വരുന്നു. അതിനാല്‍ ദൈവശാസ്ത്രം, സൂഫിസം, ശീഈസം, മുസ്‌ലിമേതര സ്വാധീനങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെജ്ഞാനവും ധാരണയും ആര്‍ജിക്കാന്‍ വായനക്കാര്‍ക്ക് ഈ പുസ്തകത്തിലൂടെ കഴിയുന്നു.

ഖുര്‍ആനും സുന്നത്തും ഇസ്‌ലാമിക വിശ്വാസത്തിന്റെ പ്രാഥമിക സ്രോതസ്സുകളായിരിക്കെ തന്നെ അവ അനേകം വ്യാഖ്യാന സാധ്യതകള്‍ നല്‍കുന്നുണ്ട്. ഉമവികളുടെ ഭരണകാലത്തു തന്നെ പലതരം ചിന്താപദ്ധതികള്‍ നിലവില്‍ വന്നിരുന്നു. തുടര്‍ന്നുവന്ന അബ്ബാസിയ ഖലീഫമാരാകട്ടെ മറ്റു സംസ്‌കാരങ്ങളില്‍നിന്നുള്ള വിജ്ഞാനങ്ങള്‍ സ്വീകരിക്കുന്നതിന് വാതിലുകള്‍ തുറന്നിട്ടു. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ് എന്ന നബിവചനത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു അവരുടെ ഇത്തരം നടപടികള്‍. അവര്‍ സ്ഥാപിച്ച ബൈത്തുല്‍ ഹിക്മ ലോക വൈജ്ഞാനിക ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു.

ഗ്രീക്ക്, സംസ്‌കൃതം, സിറിയന്‍, ഹീബ്രു ഭാഷകളില്‍നിന്നുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അവര്‍ മുന്‍കൈയെടുക്കുകയും, അത് മുസ്‌ലിംലോകത്ത് തുറന്ന ചിന്തകളുടെയും അന്വേഷണങ്ങളുടെയും അന്തരീക്ഷം സംജാതമാക്കുകയും ചെയ്തു. അറബിയില്‍നിന്ന് ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മുസ്‌ലിം ധിഷണാശാലികളുടെ ഗ്രന്ഥങ്ങളാണ് പിന്നീട് ശാസ്ത്രയുഗത്തിനും യൂറോപ്യന്‍ നവോത്ഥാനത്തിനും കളമൊരുക്കിയത്. തത്ത്വചിന്തയുടെ ഉറവിടമായ ഗ്രീക്ക് തത്ത്വചിന്തയുടെ വാഹകര്‍ പിന്നീട് മുസ്‌ലിം ചിന്തകരായിരുന്നു. ഇബ്‌നു റുശ്ദും അല്‍ഫാറാബിയും ഇബ്‌നുസീനയുമൊക്കെ ശാസ്ത്രയുഗത്തിന്റെ അടിസ്ഥാന ശിലകള്‍ പണിയാന്‍ പാശ്ചാത്യ ചിന്തകര്‍ക്ക് പ്രേരണയും പ്രചോദനവുമായിരുന്നു.

തത്ത്വശാസ്ത്രത്തെ എല്ലാ ശാസ്ത്രങ്ങളുടെയും മാതാവായിട്ടായിരുന്നു ആദ്യകാലത്ത് പരിഗണിച്ചിരുന്നത്. അതിനാല്‍ ഭൗതികശാസ്ത്രം, വൈദ്യം, രസതന്ത്രം, പ്രകാശശാസ്ത്രം, ഗോളശാസ്ത്രം എന്നിങ്ങനെ എല്ലാ ശാസ്ത്രങ്ങളും ഇസ്‌ലാമിക നാഗരികതയില്‍ വളര്‍ന്നു വികസിച്ചു. അനേകം കണ്ടുപിടിത്തങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഇത് കാരണമായി.

തത്ത്വശാസ്ത്രത്തിന്റെ ജ്ഞാനോല്‍പ്പാദന രീതിയിലൂടെ ഇസ്‌ലാമിനെ വിവക്ഷിക്കുന്നതാണ് ഇസ്‌ലാമിക തത്ത്വചിന്ത. തത്ത്വചിന്തയുടെ അവാന്തര ഘടനകളായ അതിഭൗതികവാദം, ജ്ഞാനമീമാംസ എന്നിവയിലൂടെ ഖുര്‍ആന്റെ അടിസ്ഥാന പ്രമേയങ്ങളായ ബുദ്ധി, മനുഷ്യന്റെ പ്രകൃതവും വിധിയും, ഏകദൈവവിശ്വാസം മുതലായവയെ വിവക്ഷിച്ചതിന്റെ ഫലമായിട്ടാണ് മുസ്‌ലിം തത്ത്വചിന്ത രൂപം കൊള്ളുന്നത്. ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടില്‍ കൂഫയില്‍ ജീവിച്ചിരുന്ന അല്‍കിന്ദിയെയാണ് ആദ്യത്തെ മുസ്‌ലിം തത്ത്വചിന്തകനായി എണ്ണുന്നത്. മുസ്‌ലിം തത്ത്വചിന്തയുടെ പിതാമഹന്മാരായി എണ്ണപ്പെടുന്നവരെല്ലാം തത്ത്വചിന്തകരായിരിക്കെ തന്നെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ വലിയ ശാസ്ത്രജ്ഞരുമായിരുന്നു.

ഇബ്‌നു റുശ്ദ് വൈദ്യശാസ്ത്രത്തിലും അല്‍ഫാറാബി തര്‍ക്കശാസ്ത്രത്തിലും ഇബ്‌നുസീന വ്യത്യസ്ത ശാസ്ത്ര ശാഖകളിലും മൗലികമായ കണ്ടെത്തലുകള്‍ നടത്തി. ഇവരെല്ലാം തന്നെ ഇസ്‌ലാമിക വിശ്വാസത്തോട് താദാത്മ്യം പ്രാപിച്ചവരായിരുന്നു. തത്ത്വചിന്തയെ വഴിവിട്ട സമ്പ്രദായമായും തത്ത്വചിന്തകരെ മതഭ്രഷ്ടരായും കാണുന്ന നിലപാട് മുസ്‌ലിം മത പരിഷ്‌കര്‍ത്താക്കള്‍ പലരും ഉന്നയിച്ചെങ്കിലും തത്ത്വശാസ്ത്രത്തെ അവലംബമാക്കി, സ്വതന്ത്രവും പ്രതീകാത്മകവുമായ അര്‍ഥം മതപാഠങ്ങള്‍ക്ക് അവര്‍ നല്‍കുകയായിരുന്നു എന്നതാണ് സത്യം.

തത്ത്വശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ദൈവശാസ്ത്രത്തിന്റെ രീതിശാസ്ത്രം. തത്ത്വചിന്ത മതത്തെ പുറത്തുനിന്ന് പഠനവിധേയാക്കിയപ്പോള്‍ ദൈവശാസ്ത്രം അകത്തുനിന്നാണ് പഠനവിധേയമാക്കിയത്. മനുഷ്യന്റെ സ്വാതന്ത്ര്യം, വിധി, ദൈവത്തിന്റെ സ്വരൂപം എന്നിവയെക്കുറിച്ചെല്ലാം ഖുര്‍ആന്റെയും ഹദീസിന്റെയും പശ്ചാത്തലത്തില്‍ ഒട്ടേറെ മൗലികമായ ചോദ്യങ്ങളുണ്ടായി. ഇത്തരം ചോദ്യങ്ങളെ തര്‍ക്കശാസ്ത്രമുപയോഗിച്ചും തത്ത്വചിന്തയുടെ ചില സാങ്കേതിക രീതികളുപയോഗിച്ചും വാദിച്ച് ഉറപ്പിക്കാനും, ഇസ്‌ലാമിന്റെ അടിസ്ഥാന സ്വത്വത്തെ ചിതറാതെ കേന്ദ്രീകരിച്ചു നിര്‍ത്താനുമാണ് ഇവര്‍ പരിശ്രമിച്ചത്. അടിസ്ഥാന തത്ത്വങ്ങളില്‍ ഊന്നിക്കൊണ്ടുതന്നെ മുഅ്തസില, അശ്അരി, മാതുരീദി എന്നിങ്ങനെയുള്ള വ്യത്യസ്ത ചിന്താ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു.

ഖുര്‍ആനെയും സുന്നത്തിനെയും മാത്രമേ ജ്ഞാനത്തിന്റെ സ്രോതസ്സുകളായി കാണാന്‍ കഴിയൂ എന്ന് ദൃഢനിശ്ചയം എടുത്തവരായിരുന്നു കര്‍മശാസ്ത്ര വിശാരദര്‍ (ഫുഖഹാഅ്). ദൈവിക വെളിപാടു മാത്രമാണ് ഏക ജ്ഞാനമെന്നും ഇസ്‌ലാമിന്റെ ആദ്യ ആദര്‍ശകാലത്തേക്ക് മടങ്ങിപ്പോകലാണ് എല്ലാറ്റിനും പ്രതിവിധിയെന്നും ഇവര്‍ വിശ്വസിച്ചു. ഇബ്‌നു തൈമിയ്യ, ഇബ്‌നു ഹമ്പല്‍ എന്നിവര്‍ കര്‍മശാസ്ത്ര വാദത്തിന്റെ വക്താക്കളായിരുന്നു. ഇസ്‌ലാമിക വചനങ്ങള്‍ക്കും പാഠങ്ങള്‍ക്കും നിഗൂഢമായ അര്‍ഥങ്ങള്‍ കല്‍പിച്ച നിഗൂഢവാദികളായ സൂഫികളായിരുന്നു മറ്റൊരു വിഭാഗം. ഇങ്ങനെ വ്യത്യസ്തതകളോടെ, ബഹുസ്വരതയും ചലനാത്മകതയും നിലനിര്‍ത്തിക്കൊണ്ടാണ് മുസ്‌ലിം ചിന്താലോകം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. ഈ ബഹുസ്വരതയുടെ മഴവില്‍ഭംഗിയെ യഥാതഥമായി പിടിച്ചെടുക്കാന്‍ ഗ്രന്ഥകര്‍ത്താവിന് ആയിട്ടുണ്ട്. ഒരേനേരം വൈജ്ഞാനിക ചരിത്രമായും രാഷ്ട്രീയ ചരിത്രമായും സംവാദ ചരിത്രമായും മാറുന്ന മുസ്‌ലിം ചിന്തയുടെ ഉള്ളടക്കത്തെ ആധികാരിക രേഖകളുടെ പിന്‍ബലത്തില്‍ ഈ പുസ്തകം വിശദമാക്കുന്നു.

പുസ്തകത്തിന്റെ മുഖ്യഭാഗമായ ഇരുപതു ചിന്തകരെ കുറിച്ചുള്ള തൂലികാ ചിത്രങ്ങളില്‍, അവരുടെ ലഘുജീവിത ചരിത്രവും ചിന്തകളുടെ സംക്ഷിപ്ത രൂപവും നല്‍കിയിരിക്കുന്നു. തത്ത്വചിന്തകര്‍ക്കൊപ്പം അവരുടെ വിമര്‍ശകരായ ഇമാം ഗസാലി, ഇബ്‌നുതൈമിയ്യ തുടങ്ങിയവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. മുസ്‌ലിം ആശയ ലോകത്തിന്റെ ഒരു നേര്‍ചിത്രം ലഭിക്കാന്‍ ഇത് സഹായകമാണ്.

തത്ത്വചിന്തകരെ മതഭ്രഷ്ടരായി കണ്ട ഇമാം ഗസാലി മുസ്‌ലിം ചരിത്രത്തെ വലിയ അളവില്‍ സ്വാധീനിച്ച മഹാപുരുഷനായിരുന്നു. ദൈവശാസ്ത്രത്തിന്റെയും മിസ്റ്റിസത്തിന്റെയും അപൂര്‍വ സമ്മിശ്രണമായിരുന്നു അദ്ദേഹത്തിന്റെ ആശയലോകം. അദ്ദേഹത്തിന്റെ 'തത്ത്വചിന്തയുടെ പതനം' എന്ന ഗ്രന്ഥം ഗ്രീക്ക് ചിന്തകളും മറ്റു ആദേശ ചിന്തകളും മുസ്‌ലിം ലോകത്ത് വരുത്തിവെച്ച വ്യതിയാനങ്ങള്‍ക്കെതിരായ ശക്തമായ പ്രതിരോധമായി കണക്കാക്കപ്പെടുന്നു. മുസ്‌ലിം ലോകത്തെ യുക്തിചിന്തക്കും സ്വതന്ത്ര ചിന്തക്കും ശക്തി കുറച്ച് ഇമാം ഗസാലിയും കര്‍മശാസ്ത്രത്തിന് മാത്രം പ്രാധാന്യം നല്‍കുകയും ഇസ്‌ലാമിന്റെ ആദ്യകാലത്തേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയും ചെയ്ത ഇബ്‌നു തൈമിയ്യയും മതപണ്ഡിതരുടെ പ്രാമാണികത മുസ്‌ലിം ലോകത്ത് വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് ചില മുസ്‌ലിം ദാര്‍ശനികര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എല്ലാ വിജ്ഞാനങ്ങളെയും ആദ്യകാല ഭരണാധികാരികള്‍ സ്വീകരിക്കുകയും സ്വതന്ത്രചിന്തക്കൊപ്പം മതവിശ്വാസം പുലരുകയും ചെയ്തപ്പോഴാണ് മുസ്‌ലിം നാഗരികത ലോകത്തിന്റെ വെളിച്ചമായി ചരിത്രത്തില്‍ പ്രകാശിതമായത്. എന്നാല്‍ ക്രമേണ ഭീഷണികളും ആക്രമണങ്ങളും മുസ്‌ലിം ലോകം നേരിട്ടപ്പോള്‍ മതബോധത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി മറ്റു വിജ്ഞാനങ്ങളുടെ അനിയന്ത്രിതമായ കടന്നുവരവുകളും അവയുടെ ഇടപെടലുകളും നിയന്ത്രിക്കപ്പെട്ടു. ഇമാം ഗസാലിയടക്കമുള്ള പല പരിഷ്‌കര്‍ത്താക്കളുടെയും ജീവിതകാലം ഇസ്‌ലാം ആക്രമണങ്ങള്‍ക്ക് വിധേയമായ കാലം കൂടിയായിരുന്നു. തത്ത്വചിന്തയടക്കം എല്ലാ ചിന്താ പദ്ധതികളും അവ ഉണ്ടായിത്തീര്‍ന്ന കാലത്തിന്റെ കൂടി കണ്ണാടിയാണ് എന്ന വാക്യം ഇവിടെ അനുസ്മരണീയമാണ്. മുസ്‌ലിം നാഗരികതയെക്കുറിച്ച് അഭിമാനം കൊള്ളുമ്പോള്‍ അതിനെ സംജാതമാക്കിയ ബഹുസ്വര മനോഭാവത്തെയും ഉയര്‍ന്ന ജനാധിപത്യ ബോധത്തെയും കൂടി ശ്ലാഘിക്കേണ്ടതുണ്ട്.

ചരിത്രത്തില്‍ ചിലപ്പോള്‍ ഉയര്‍ന്ന സ്വാതന്ത്ര്യബോധവും ചിലപ്പോള്‍ കര്‍ക്കശമായ മതബോധവും മുന്‍കൈ നേടിയെടുത്തതാണ് മുസ്‌ലിം വൈജ്ഞാനിക ലോകത്തിന്റെ ഉള്ളടക്കം. മുസ്‌ലിം ലോകം പുതിയ പ്രതിസന്ധികള്‍ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ വൈജ്ഞാനിക ചരിത്രപ്രതിപാദനത്തിലൂടെ പുതിയ ദിശാസൂചികള്‍ക്ക് പശ്ചാത്തലമൊരുക്കാനും അന്വേഷകരായ വായനക്കാരുടെ ചിന്തകള്‍ക്ക് പുതിയ തലങ്ങള്‍ സമ്മാനിക്കാനും ഈ പുസ്തകം ഉപകരിക്കുന്നു. 

പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്

പേജ്: 546, വില: 499

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍