Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

അയോധ്യാ പ്രശ്‌നത്തിലെ പ്രകോപനങ്ങള്‍

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത, ശത്രുത, വര്‍ഗീയത, വെറുപ്പ്, നിയമരാഹിത്യം തുടങ്ങിയ ഛിദ്രവാസനകളില്‍ ജമാഅത്ത് കേന്ദ്ര ശൂറായോഗം കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുംതോറും ഈ പ്രവണത കൂടിക്കൊണ്ടിരിക്കുകയാണ്. ഈയടുത്ത ദിവസങ്ങളില്‍ അയോധ്യയില്‍ ബാബരി പള്ളി നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സംഘ്പരിവാറിന്റെ ഉത്തരവാദപ്പെട്ട ചില നേതാക്കള്‍ അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയുണ്ടായി. ബി.ജെ.പി നേതാക്കളും എം.പിമാരും എം.എല്‍.എമാരും മാത്രമല്ല, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വരെ മത്സരബുദ്ധിയോടെ ഇത്തരം പ്രസ്താവനകള്‍ നടത്തുകയാണ്. ഇതൊക്കെയും മതപരമായ വെറുപ്പും വിദ്വേഷവും വളര്‍ത്തി വോട്ട് നേടുന്നതിനു വേണ്ടിയാണെന്ന് ശൂറ മനസ്സിലാക്കുന്നു.

രാജ്യത്ത് സമാധാനാന്തരീക്ഷമുണ്ടാക്കുക, നിയമവാഴ്ച ഉറപ്പുവരുത്തുക, ജാതിമതങ്ങള്‍ തമ്മില്‍ സഹകരണവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളാണ് നിര്‍വഹിക്കേണ്ടത്. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നം ഇപ്പോള്‍ സുപ്രീംകോടതിയിലാണുള്ളത്. ജനങ്ങള്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. പാര്‍ലമെന്റില്‍ നിയമമുണ്ടാക്കി ക്ഷേത്രം നിര്‍മിക്കാനാവശ്യപ്പെടുന്നത് നിയമത്തിനും ഭരണഘടനക്കും എതിരാണ്.

ഈ ബഹളമൊക്കെയും കോടതിയെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഈ യോഗം വിലയിരുത്തുന്നു. രാജ്യത്ത് നീതിന്യായം നടപ്പിലാവേണ്ടത് നിയമത്തിന്റെയും തെളിവുകളുടെയും അംഗീകൃത വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ്; ഭൂരിപക്ഷാഭിപ്രായത്തിലോ ഊഹങ്ങളുടെ അടിസ്ഥാനത്തിലോ അല്ല. രാജ്യത്തെ ഭൂരിഭാഗവും നിയമത്തിലും നീതിന്യായത്തിലും വിശ്വാസമര്‍പ്പിച്ചവരാണ്. രാജ്യത്തെ ഭൂരിപക്ഷം ബാബരി മസ്ജിദിന്റെ ഭൂമിയില്‍ തന്നെ രാമക്ഷേത്രമുണ്ടാക്കണമെന്ന അഭിപ്രായക്കാരാണെന്ന വാദം അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാകുന്നു.

കോടതിവിധി വരുന്നതിനു മുമ്പ് തന്നെ ഭീഷണിയുടെയും ഭയപ്പെടുത്തലിന്റെയും ഭാഷയില്‍ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് പിന്തിരിയണമെന്ന് അത്തരം ശക്തികളെ ഓര്‍മിപ്പിക്കുന്നു. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രത പാലിക്കുമെന്ന് ഈ യോഗം പ്രതീക്ഷിക്കുന്നു.

 

ധാര്‍മികാധഃപതനത്തിന് ആക്കം കൂട്ടുന്ന കോടതിവിധികള്‍

ധാര്‍മികതയെ തകര്‍ക്കുമെന്ന് ആശങ്കയുയര്‍ത്തുന്ന അത്യന്തം ഖേദകരമായ വിധി പ്രസ്താവിച്ചിരിക്കുകയാണ് രാജ്യത്തെ പരമോന്നത കോടതി. മുതലാളിത്ത വ്യവസ്ഥിതിയും ഭൗതികപ്രമത്തമായ താല്‍പര്യങ്ങളും ലിബറലിസത്തിന്റെ വ്യാപനവും വിദ്യാഭ്യാസ രംഗത്തെ ദിശാബോധമില്ലായ്മയും ഉത്തരവാദിത്തം മറന്ന മാധ്യമങ്ങളും ചേര്‍ന്ന് നേരത്തേ തന്നെ പ്രശ്‌നകലുഷിതമാക്കിയ നമ്മുടെ രാജ്യത്ത് കുടുംബവ്യവസ്ഥിതിയുടെ കെട്ടുറപ്പു നഷ്ടപ്പെടുകയും ബലാല്‍ക്കാരങ്ങളും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും വളരെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് കൂനിന്മേല്‍ കുരുവായി സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. മാനവികവും ധാര്‍മികവുമായ മൂല്യങ്ങള്‍ അംഗീകരിച്ച ഏതൊരു സംസ്‌കൃത സമൂഹവും സ്വവര്‍ഗരതിയെ നിന്ദ്യവും നികൃഷ്ടവുമായാണ് കണ്ടിട്ടുള്ളത്. ഈ തിന്മയെ നിയമ നിര്‍മാണത്തിലൂടെയും ധാര്‍മികത വളര്‍ത്തിയും തടയിടാനാണ് ആ സമൂഹങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ സുപ്രീംകോടതി അത് നിയമപരമായി അംഗീകരിച്ചിരിക്കുകയാണ്, പരസ്പര സമ്മതത്തോടെയാണെങ്കില്‍. അതുമൂലം സംജാതമാകുന്ന ധര്‍മച്യുതിയും കുടുംബത്തിന്റെ തകര്‍ച്ചയും ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹികാന്തരീക്ഷത്തിലെ ദൂഷ്യങ്ങളുമൊന്നും തന്നെ കോടതി പരിഗണിച്ചതായി കാണുന്നില്ല.

രാജ്യത്തിന്റെ പൊതുബോധമുണര്‍ത്തി ഈ വിധി പുനഃപരിശോധിക്കുന്നതിനായി ധാര്‍മിക ബോധമുള്ള സംഘടനകള്‍ ശ്രമിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു. സ്വവര്‍ഗരതി നേരത്തേതു പോലെ നിയമവിരുദ്ധവും കുറ്റകരവുമാക്കാന്‍ സുപ്രീംകോടതി തയാറാവണം.

ഇതു പോലെതന്നെ ഖേദകരമാണ്, വിവാഹിതരായ പുരുഷനും സ്ത്രീയും അന്യരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് അനുവദനീയമാക്കിയ കോടതിവിധിയും. ഉഭയസമ്മതത്തോടെയാവണമെന്ന് മാത്രമാണ് ഇതിനുള്ള ഏക ഉപാധി. ദമ്പതികളിലൊരാളുടെ ജാര സംസര്‍ഗത്തെ നിയമപരമായി നേരിടാന്‍ ആവില്ലെന്നതാണ് ഇതിന്റെ പ്രത്യാഘാതം. വിചിത്രമായ ഈ കോടതിവിധി മത, ധാര്‍മിക, പാരമ്പര്യ, മാനവിക മൂല്യങ്ങളോടാണ് ഏറ്റുമുട്ടുന്നത്. ഇത് കുടുംബ വ്യവസ്ഥിതിയെ ആമൂലാഗ്രം ഗ്രസിക്കുമെന്ന് പറയേണ്ടതില്ല.

ഇത്തരം ദുഷ്‌ചെയ്തികള്‍, പരസ്പര സമ്മതത്തോടെയാണെങ്കിലും ഒരു ഉത്തമ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അനുയോജ്യമായ നിയമനിര്‍മാണത്തിലൂടെ ഇത് കുറ്റകരമായി തന്നെ നിലനിര്‍ത്തണമെന്നും രാജ്യത്തെ നിയമനിര്‍മാണ സ്ഥാപനങ്ങളോടും അതിനായി സമ്മര്‍ദം ചെലുത്തണമെന്ന് പൊതു സമൂഹത്തോടും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെടുന്നു.

 

സ്വയംഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയ കടന്നുകയറ്റം

രാജ്യത്തെ സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ സംഘടനകളുടെ അനാവശ്യമായ കടന്നുകയറ്റം വര്‍ധിച്ചുവരുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസ് ശൂറ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. മാസങ്ങള്‍ക്കു മുമ്പ് സുപ്രീംകോടതിയിലെ ചില മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ ആദ്യത്തെ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. അവര്‍ ചീഫ് ജസ്റ്റിനെക്കുറിച്ചാണ് പരാതിപ്പെട്ടതെങ്കിലും രാജ്യത്തെ നിയമവ്യവസ്ഥ എത്രത്തോളം സ്വതന്ത്രവും ജനാധിപത്യപരവുമാണെന്ന ആശങ്കയാണ് അവര്‍ ജനങ്ങളുമായി പങ്ക് വെച്ചത്. കോടതിയില്‍ വരുന്ന കേസുകള്‍ വീതംവെക്കുന്നത് ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്താണെന്നായിരുന്നു അവര്‍ ആരോപിച്ചത്. സങ്കുചിത താല്‍ക്കാലിക താല്‍പര്യങ്ങള്‍ക്കായി കോടതിയെ ഉപയോഗിക്കുന്നത് അതിനെ ദുര്‍ബലപ്പെടുത്തുകയും പൊതുസമൂഹം അതില്‍ അര്‍പ്പിച്ച വിശ്വാസത്തെ തകര്‍ക്കുകയും ചെയ്യും. ഇത് രാഷ്ട്രത്തിന് വലിയ നഷ്ടമുണ്ടാക്കുന്നതും മഹദ് പാരമ്പര്യത്തിന് മുറിവേല്‍പിക്കുന്നതുമാണെന്ന കാര്യത്തില്‍ സംശയമില്ല.

സി.ബി.ഐയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കലും ഡയറക്ടര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലും സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണത്തിന് ശക്തിപകരുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനും ഭരണകൂടത്തെ പിന്താങ്ങുന്ന രാഷ്ട്രീയക്കാരുടെ കേസുകള്‍ ദുര്‍ബലപ്പെടുത്താനും വേണ്ടി സി.ബി.ഐയെയും മറ്റു സംവിധാനങ്ങളെയും ഉപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇത്തരം സംവിധാനങ്ങളുടെ നിഷ്പക്ഷത സംശയിക്കപ്പെടുന്നത് സമാധാനത്തിനും നിയമവാഴ്ചക്കും കനത്ത ആഘാതമായിരിക്കും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യത്തിലുള്ള ബാഹ്യ ഇടപെടലുകളും ആശങ്കയുണര്‍ത്തുന്നു. കറന്‍സി നിരോധം പോലുള്ള സുപ്രധാന തീരുമാനങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യവും സ്വയം ഭരണാധികാരവും അവഗണിക്കുന്നത് രാജ്യത്തെ സാമ്പത്തികാടിത്തറയെത്തന്നെ ദോഷകരമായി ബാധിക്കും. ഇപ്പോള്‍ റിസര്‍വ് ബാങ്കുമായുള്ള ഭരണകൂടത്തിന്റെ ഏറ്റുമുട്ടലിന് നിമിത്തമായത് ഉല്‍പാദനപരമല്ലാത്ത ആസ്തിയു(ചീിുലൃളീൃാശിഴ അലൈ േ ചജഅ)മായി ബന്ധപ്പെട്ട നയരൂപീകരണത്തിലെ രാഷ്ട്രീയ സമ്മര്‍ദമാണെന്ന് വ്യക്തമായിരിക്കുന്നു. ഇപ്പോള്‍ ഭരണകൂടത്തിന്റെ നോട്ടം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലേക്കാണെന്നും പറയപ്പെടുന്നു. ഇത്തരം ആശങ്കകളും ആക്ഷേപങ്ങളും ആശങ്കാജനകമാണ്. റിസര്‍വ് ബാങ്ക് നമ്മുടെ സമ്പദ് ഘടനയുടെ സുപ്രധാന റഗുലേറ്ററാണ്. അതിന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും സംശയിക്കപ്പെടുമ്പോള്‍ ആഗോള സാമ്പത്തിക സ്ഥാപനങ്ങളും ഫിനാന്‍സ് മാര്‍ക്കറ്റുകളും രാജ്യത്തെ വിശ്വാസത്തിലെടുക്കാത്ത സ്ഥിതി സംജാമാവും.

ഇമ്മാതിരി ഇടപെടലുകള്‍ക്ക് വിധേയമാണെന്ന് സംശയിക്കപ്പെടുന്ന സ്വതന്ത്ര ജനാധിപത്യ സ്ഥാപനമാണ് ഇലക്ഷന്‍ കമീഷനും. വോട്ടിംഗ് മെഷിനുകളെ (ഋഢങ) സംബന്ധിച്ച സംശയങ്ങളും ആശങ്കകളും അതിര് വിട്ടിരിക്കുന്നു. അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ താല്‍പര്യം പരിഗണിച്ചാണ് അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്ക് തീയതി നിശ്ചയിക്കുന്നതെന്നും ആക്ഷേപമുയരുന്നു. മാത്രവുമല്ല, മിക്ക സംസ്ഥാനങ്ങളിലും വോട്ടര്‍ ലിസ്റ്റിലെ അപാകതകളെക്കുറിച്ച് മറ്റു കക്ഷികള്‍ക്ക് ധാരാളം ആവലാതികള്‍ പറയാനുണ്ട്.

ലോക്പാല്‍ നിയമനം നാല് വര്‍ഷമായി നടത്തിയിട്ടില്ല. കേന്ദ്ര വിവരാവകാശ കമീഷന്റെ സ്വയംഭരണവും നിഷ്പക്ഷതയും മുറിവേല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍, പ്രസാര്‍ ഭാരതി, യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍, കേന്ദ്ര യൂനിവേഴ്‌സിറ്റികള്‍ തുടങ്ങി ഒട്ടനവധി സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങളിലും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നതായും നിയന്ത്രണങ്ങള്‍ വരുത്തുന്നതായും ആക്ഷേപമുയരുകയാണ്.

ഏറെ അടിയന്തര ശ്രദ്ധ പതിയേണ്ട സങ്കീര്‍ണമായ അവസ്ഥാവിശേഷമാണിതെന്ന് ഈ യോഗം മനസ്സിലാക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ നിലനില്‍പും അവയുടെ സ്വയംഭരണം സംരക്ഷിക്കലും വേണ്ട രീതിയിലുള്ള അധികാര വികേന്ദ്രീകരണവും ജനാധിപത്യത്തിന്റെ അടിത്തറയാണ്. രാഷ്ട്രപതിയോടും രാഷ്ട്രീയ പാര്‍ട്ടികളോടും ജനാധിപത്യവിശ്വാസികളായ പൗരസമൂഹത്തോടും, സ്വതന്ത്രവും സ്വയംഭരണ സ്വഭാവമുള്ളതുമായ സ്ഥാപനങ്ങളില്‍ ഭരണകൂടം ഇടപെടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.

 

ഗസ്സയില്‍ ഇസ്രയേലിന്റെ താണ്ഡവം

ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ ബോംബിംഗിനെയും മിസൈലാക്രമണത്തെയും ജമാഅത്ത് ശൂറ കഠിനമായ ഭാഷയില്‍ അപലപിക്കുന്നു. ഇസ്രയേലിനെ ഫലസ്ത്വീനിലെ നിരായുധരായ മനുഷ്യരെ ആക്രമിക്കുന്നതില്‍നിന്ന് തടയണമെന്ന് മുസ്‌ലിം രാഷ്ട്രങ്ങളോടും ലോക വന്‍ശക്തികളോടും സര്‍വോപരി ഐക്യരാഷ്ട്ര സഭയോടും ഈ യോഗം ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ തുടര്‍ന്നും നിലനില്‍ക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. എന്നാല്‍ യു.എന്‍ രക്ഷാസമിതി സമ്മേളനം ഫലപ്രദമായില്ലെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

20 ലക്ഷത്തിലേറെ ജനങ്ങള്‍ വസിക്കുന്ന ഈ കൊച്ചു ഭൂപ്രദേശം ഇസ്രയേലിന്റെ മിസൈല്‍, ബോംബ് ആക്രമണങ്ങളുടെ ഫലമായി പാടേ തകര്‍ന്നിരിക്കുന്നു. ഈ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ രാപ്പകല്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന നിരായുധരായ മനുഷ്യരെയാണ് വീണ്ടും കടുത്ത ബോംബാക്രമണം നടത്തി കൊന്നൊടുക്കുന്നത്. ഇപ്പോഴും രക്തസാക്ഷികളാവുന്നതില്‍ പലരും സ്ത്രീകളും കുട്ടികളുമാണ്.

മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടു വരുന്നതിനായി ആഗോള തലത്തില്‍ നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുകയാണ് ഇപ്പോഴത്തെ ആക്രമണത്തിന്റെ ലക്ഷ്യം. ഇത് തുടര്‍ന്നാല്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷമായി ഇസ്രയേല്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് സകലതും നിഷേധിച്ചിരിക്കുകയാണ്, ഇത് തുടര്‍ന്നാല്‍ 2020 ഓടെ ഗസ്സ ജനവാസ യോഗ്യമല്ലാത്ത പ്രദേശമായി മാറുമെന്ന് യു.എന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മനുഷ്യരുടെ സഞ്ചാരവും വസ്തുക്കളുടെ കയറ്റുമതിയും ഇറക്കുമതിയും ഇസ്രയേല്‍ നിരോധിച്ചിരിക്കെ, എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു പ്രഷര്‍ കുക്കറായി മാറിയിരിക്കുകയാണ് ഈ പ്രദേശം.

ഫലസ്ത്വീനികളുടെ ചെറുത്തുനില്‍പിനെ പ്രതി ആരും അത്ഭുതപ്പെടേണ്ടതില്ല. ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുള്ള പ്രതികരണമാണ് ഈ മര്‍ദിത സമൂഹത്തിന്റെ ഇന്‍തിഫാദ.

ഈ നിരായുധരായ സമൂഹത്തെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഈ യോഗം മുസ്‌ലിം രാഷ്ട്രങ്ങളോടും ലോക വന്‍ശക്തികളോടും ഐക്യരാഷ്ട്ര സഭയോടും ആവശ്യപ്പെടുന്നു. അതുവഴി ഒരു സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം സ്ഥാപിക്കാനും നിര്‍ഭയമായി ഫലസ്ത്വീനികള്‍ക്ക് ജീവിക്കാനും സാധിക്കണം.

ചില മുസ്‌ലിം രാഷ്ട്രങ്ങള്‍ ആക്രമണത്തിനും പീഡനങ്ങള്‍ക്കും ഇരയാവുന്ന ഫലസ്ത്വീനും ഫലസ്ത്വീനികള്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനു പകരം, അക്രമികളും നീതിബോധമില്ലാത്തവരുമായ ഇസ്രയേലികളുമായി ചങ്ങാത്തം കൂടി ഇസ്‌ലാമികമായ അന്തസ്സും മാന്യതയും കളഞ്ഞു കുളിക്കുകയാണ്. ആ നിലപാടുകളില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.

നമ്മുടെ രാജ്യം അവഗണിക്കാനാവാത്ത ലോക ശക്തിയാണ്. അതുകൊണ്ടുതന്നെ നേരത്തേയുള്ള നമ്മുടെ നീതിപൂര്‍വകമായ നിലപാട് ഫലസ്ത്വീന്‍ പ്രശ്‌നത്തിലും നാം അനുവര്‍ത്തിക്കണം. ഇസ്രയേലിന്റെ അതിക്രമങ്ങളും അന്യായങ്ങളും അവസാനിപ്പിക്കാന്‍ ശബ്ദമുയര്‍ത്തണമെന്നും ഫലസ്ത്വീനികളുടെ ന്യായമായ അവകാശം നേടിക്കൊടുക്കാന്‍ മുന്‍കൈ എടുക്കണമെന്നും ഭരണകൂടത്തോട് ജമാഅത്ത് കേന്ദ്ര മജ്‌ലിസ് ശൂറ ആവശ്യപ്പെടുകയും ചെയ്യുന്നു.

 

വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍