ഹസീനയുടെ ഏകാധിപത്യം തുടരുമോ?
പ്രഖ്യാപിച്ച പ്രകാരമാണെങ്കില്‍, ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് വരുന്ന ഡിസംബര്‍ മുപ്പതിന് നടക്കും. മുന്നൂറംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പതിനാറു കോടി വോട്ടര്‍മാര്‍ വിധിയെഴുതും. പക്ഷേ, തെരഞ്ഞെടുപ്പ് ബൂത്ത്പിടിത്തവും മറ്റു കൃത്രിമത്വങ്ങളും ഇല്ലാതെ നടക്കുമെന്നതിന് യാതൊരു ഗാരന്റിയുമില്ല. കാരണം 2014-ലെ പൊതു തെരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ പ്രഹസനമായിരുന്നു. പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ എതിരെ മത്സരിക്കാനാരുമില്ല. ഒടുവില്‍ ഭരണ കക്ഷിയായ അവാമി ലീഗ് 234 സീറ്റുകള്‍ സ്വന്തമായി എടുത്തു. റോഷന്‍ ഇര്‍ശാദിന്റെ ജാതീയ പാര്‍ട്ടിക്ക് 34 സീറ്റുകള്‍ നല്‍കി അവരെ 'പ്രതിപക്ഷ'ത്ത് ഇരുത്തി. ബാക്കി ഈര്‍ക്കില്‍ സംഘടനകള്‍ക്കും വീതിച്ചു നല്‍കി. ഇങ്ങനെയൊരു 'വാക്കോവര്‍' പ്രതീക്ഷിച്ചാണ് ഹസീന വാജിദ്, പ്രതിപക്ഷത്തിന് സംഘടിക്കാന്‍ ഒരവസരവും നല്‍കാത്തവിധത്തില്‍ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
പക്ഷേ, ഹസീനയുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി സംഘടിക്കുന്നതാണ് പിന്നീട് കണ്ടത്. തെരഞ്ഞെടുപ്പ് സംശുദ്ധമായി നടന്നാലും ഇല്ലെങ്കിലും മത്സരിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. മാത്രവുമല്ല, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമൊക്കെയായ ശൈഖ് മുജീബുര്‍റഹ്മാന്റെ വലംകൈയായി പ്രവര്‍ത്തിച്ച കമാല്‍ ഹുസൈന്‍ (ഇദ്ദേഹം ബംഗ്ലാദേശിന്റെ ആദ്യത്തെ വിദേശകാര്യമന്ത്രി കൂടിയാണ്) ആയിരിക്കും പ്രതിപക്ഷ മുന്നണിയായ 'ജാതീയ ഒയിക്കോ ഫ്രന്റി'ന് നേതൃത്വം നല്‍കുക. ഇത് പ്രതിപക്ഷ നിരയില്‍ ഉണ്ടാക്കിയ ആത്മവിശ്വാസം ചില്ലറയല്ല. തന്റെ പിതാവിന്റെ ഉറ്റ സുഹൃത്തിനെ മറ്റു രാഷ്ട്രീയ എതിരാളികളെപ്പോലെ വേട്ടയാടാന്‍ ഹസീന ഒരുങ്ങുന്നില്ലെങ്കില്‍ കഥമാറും. ബി.എന്‍.പിയും ജമാഅത്തെ ഇസ്‌ലാമിയും ലിബറല്‍ പാര്‍ട്ടികളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഗ്രൂപ്പും മുസ്‌ലിം ലീഗും ജംഇയ്യത്തു ഉലമായെ ഇസ്‌ലാമും ഖിലാഫത്തെ മജ്‌ലിസും തുടങ്ങി ചെറുതും വലുതുമായ ഇരുപതിലധികം കക്ഷികളാണ് ഇതില്‍ അണിനിരന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് ഹസീനയും മറ്റു മന്ത്രിമാരും രാജിവെക്കുക, കെയര്‍ടേക്കര്‍ സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക, പാര്‍ലമെന്റ് പിരിച്ചുവിടുക, നിഷ്പക്ഷമായ ഇലക്ഷന്‍ കമീഷനെ വെക്കുക, രാഷ്ട്രീയ എതിരാളികളെ ജയില്‍മോചിതരാക്കുക, പോളിംഗ് സ്റ്റേഷനുകളില്‍ സൈന്യത്തെ വിന്യസിക്കുക തുടങ്ങി ഏഴിന ആവശ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിലൊന്ന് പോലും ഭരണകക്ഷിയായ അവാമി ലീഗ് അംഗീകരിക്കാനിടയില്ല.
ബംഗ്ലാദേശ് ജനതയെ സംബന്ധിച്ചേടത്തോളം ഈ ഏകാധിപത്യ ഭരണകൂടത്തിന് അന്ത്യം കുറിക്കേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ മുഴുവന്‍ വേട്ടയാടുകയാണ്. ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ മുത്വീഉര്‍റഹ്മാന്‍ നിസാമി, സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഖമറുസ്സമാന്‍, അസി. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ മുല്ല, കേന്ദ്ര കൂടിയാലോചനാ സമിതി അംഗം മീര്‍ ഖാസിം അലി എന്നീ അഞ്ച് നേതാക്കളെയാണ് ഇക്കാലയളവില്‍ ഹസീനയുടെ ഏകാധിപത്യ ഭരണകൂടം കള്ളക്കേസുകളുണ്ടാക്കി തൂക്കിലേറ്റിയത്. ബി.എന്‍.പിയുടെയും ജമാഅത്തിന്റെയും പ്രമുഖ നേതാക്കളെല്ലാം ഇപ്പോഴും തടവറയിലാണ്. ക്രിക്കറ്റ് കളിക്കാരനായ സാഖിബ് ഹുസൈന്‍ അവാമി ലീഗ് ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍, കടുത്ത ജനരോഷത്തെ തുടര്‍ന്ന് താന്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. ജനവികാരമളക്കാനുള്ള മാപിനിയായി ഈ സംഭവത്തെ കാണാമെങ്കില്‍, സംശുദ്ധമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഹസീനാവാജിദ് നിലംതൊടില്ല. പക്ഷേ, അങ്ങനെയൊരു തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത വല്ലാതെയൊന്നും നിലനില്‍ക്കുന്നുമില്ല.
Comments