Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

കാരുണ്യത്തിന്റെ ആള്‍രൂപം സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

ദിവ്യാത്ഭുതങ്ങള്‍ നല്‍കി മുഹമ്മദ് നബിയെ ശക്തമായി പിന്തുണച്ചിട്ടുണ്ട് അല്ലാഹു. അവ സംഭവിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഖുര്‍ആനിലും അതു സംബന്ധമായ പരാമര്‍ശങ്ങള്‍ കാണാം. ചന്ദ്രന്‍ പിളര്‍ന്നതും (ഖുര്‍ആന്‍ 54:1), മദീനക്കെതിരെ ശത്രുക്കള്‍ സംയുക്തമായി നടത്തിയ സൈനിക നീക്കത്തെ ശിഥിലമാക്കാന്‍ അല്ലാഹു കൊടുങ്കാറ്റയച്ചതും (33:9) ഉദാഹരണങ്ങള്‍.

ഈ അത്ഭുതങ്ങള്‍ സംഭവിച്ചുകഴിഞ്ഞതിനു ശേഷമാണ് ഖുര്‍ആന്‍ അവ പരാമര്‍ശിക്കുന്നത്. ഖുര്‍ആനില്‍ അബദ്ധങ്ങള്‍ വന്നിട്ടുണ്ടാ എന്ന് പരതിനടക്കാറുള്ള അവിശ്വാസികള്‍ക്കു പോലും നടന്ന സംഭവങ്ങളും ഖുര്‍ആനിലെ പരാമര്‍ശങ്ങളും തമ്മില്‍ ഒരു വൈരുധ്യവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെ പലരുടെയും ഇസ്‌ലാമാശ്ലേഷണത്തിന് കാരണമാവുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കാകട്ടെ ഈ ദിവ്യാത്ഭുതങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും സഹായകമായി. ഹദീസുകളില്‍ ഇത്തരം അത്ഭുത പ്രവൃത്തികളെക്കുറിച്ച് വന്നിട്ടുണ്ട്. പ്രവാചകന്റെ വിരലുകള്‍ക്കിടയിലൂടെ വെള്ളം ഒഴുകിക്കൊണ്ടേയിരുന്നത്, മദീനക്കു ചുറ്റും കിടങ്ങ് കുഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഉള്ള ഭക്ഷണത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടിരുന്നത്, വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച വിവരണങ്ങള്‍, അല്ലാഹു അദ്ദേഹത്തിന് മാത്രമായി അറിയിച്ചുകൊടുത്ത അദൃശ്യകാര്യങ്ങള്‍.... ഇങ്ങനെ പലതും ഹദീസുകളില്‍ പ്രതിപാദിക്കുന്നു. അങ്ങനെയൊക്കെയാണെങ്കിലും, പ്രവാചകന് നല്‍കപ്പെട്ട എന്നെന്നും ജീവിക്കുന്ന അത്ഭുതം ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആന്റെ ഭാഷാപരമായ ഘടന, ശാസ്ത്രീയവും നിയമസംബന്ധിയുമായ അതിന്റെ പ്രതിപാദ്യങ്ങള്‍ തുടങ്ങിയവയൊക്കെയും അതിന്റെ അത്ഭുതകരമായ അമാനുഷ പ്രകൃതത്തെയാണ് വെളിപ്പെടുത്തുന്നത്.

മുഹമ്മദ് നബി ജീവിച്ചത് തന്റെ അനുയായികള്‍ക്കൊപ്പമാണ്, സ്വന്തം കുടുംബത്തോടൊപ്പവും സമൂഹത്തോടൊപ്പവുമാണ്. അദ്ദേഹത്തെക്കുറിച്ച് രഹസ്യമാക്കിവെച്ചതായി ഒന്നുമില്ല. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. അദ്ദേഹത്തെ ദൈവപ്രവാചകനായി അംഗീകരിക്കുന്നവര്‍ക്ക് ആ ജീവിതത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിയാമായിരുന്നു. അദ്ദേഹം പ്രഘോഷണം ചെയ്ത വിശ്വാസക്രമത്തിനു വേണ്ടി എന്തും അവര്‍ ബലികൊടുക്കാന്‍ തയാറായി. അവര്‍ക്കായി അദ്ദേഹത്തിന് നല്‍കാനുണ്ടായിരുന്നത് സര്‍വലോക പരിപാലകനില്‍നിന്നുള്ള വെളിപാടുകള്‍ മാത്രം.

വംശം, വര്‍ണം, ഭാഷ, സമ്പത്ത്, ലിംഗം ഇതിനെയൊന്നും അടിസ്ഥാനപ്പെടുത്താത്ത ഒരു സാഹോദര്യ വിഭാവനയാണ് ഇസ്‌ലാമിന്റെ പേരില്‍ അദ്ദേഹം അവതരിപ്പിച്ചത്. ഖുര്‍ആന്‍ (49:13) പറയുന്നു: ''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.''

ദൈവത്തിനു മുമ്പില്‍ വംശപാരമ്പര്യത്തിനൊന്നും യാതൊരു മഹത്വവുമില്ലെന്ന് അദ്ദേഹം പഠിപ്പിച്ചു.1 'അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല, ശ്രേഷ്ഠതയുടെ മാനദണ്ഡം ജീവിത സൂക്ഷ്മത മാത്രം' എന്ന നബിവചനവും (അഹ്മദ് ഉദ്ധരിച്ചത്, 23105) പ്രശസ്തമാണല്ലോ. അക്കാലത്ത് അടിമ സമ്പ്രദായം ലോകത്തുടനീളമുണ്ടായിരുന്നു. സകല മനുഷ്യനിര്‍മിത മതങ്ങളും അതിന് അംഗീകാരം നല്‍കി. ബൈബിള്‍ വരെ ആ സമ്പ്രദായത്തെ അംഗീകരിച്ചിരുന്നു (ഉല്‍പ്പത്തി 9:25-27, പുറപ്പാട് 21:2-12, എഫേസോസുകാര്‍ 6:5). മുഹമ്മദ് നബിയുടെ നിയോഗമുണ്ടായപ്പോള്‍, അടിമവിമോചനം എന്നത് ദൈവസാമീപ്യം നേടിത്തരുന്ന ഉത്കൃഷ്ട പ്രവൃത്തികളിലൊന്നായാണ് വിവരിക്കപ്പെട്ടത്. ചെയ്തുപോയ പാപങ്ങള്‍ക്ക് പരിഹാരമായും അടിമവിമോചനം നിര്‍ദേശിക്കപ്പെട്ടു. ഖുര്‍ആന്‍ (90:11-13) പറയുന്നു: ''എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. മലമ്പാത എന്തെന്ന് നിനക്കെന്തറിയാം? അത് അടിമയുടെ മോചനമാണ്.''

മുഹമ്മദ് നബി സര്‍വലോകങ്ങള്‍ക്കും കാരുണ്യമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (21:107). പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: 'കാരുണ്യവാന്മാര്‍ അല്ലാഹുവിന്റെ കാരുണ്യത്തിന് പാത്രമാവും. അതിനാല്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും' (തിര്‍മിദി: 1928). മറ്റൊരു നബിവചനം: 'ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കില്ല' (മുസ്‌ലിം: 5983). പ്രവാചകന്‍ കാരുണ്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമെന്ന് ഖുര്‍ആന്‍ (3:159): ''അല്ലാഹുവിന്റെ കാരുണ്യം കാരണമാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.''

തന്റെ ശത്രുക്കളോടു പോലും അതീവ കൃപയുള്ളവനായിരുന്നു പ്രവാചകന്‍. അദ്ദേഹം മക്ക ജയിച്ചടക്കിയപ്പോള്‍ ആ കാരുണ്യം ലോകം കണ്ടതാണ്. പ്രവാചകനെ നിരന്തരം ദ്രോഹിച്ചിരുന്ന മക്കയിലെ അവിശ്വാസികള്‍ തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാവുമെന്ന് ഉറപ്പിച്ചുനില്‍ക്കുകയാണ്. പക്ഷേ, പ്രവാചകന്‍ കഅ്ബയുടെ കവാടത്തിനരികെയെത്തി അവരോട് ചോദിച്ചു; 'എന്നില്‍നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്?' 'കാരുണ്യവാനായ സഹോദരാ, അലിവും സൗമ്യമായ പെരുമാറ്റവും' - അവര്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''ഞാന്‍ നിങ്ങളോട് പറയുന്നത് ജോസഫ് പ്രവാചകന്‍ തന്റെ സഹോദരന്മാരോട് പറഞ്ഞതാണ്: 'നിങ്ങള്‍ക്കെതിരെ ഇന്ന് പ്രതികാര നടപടിയൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണല്ലോ.' പിന്നെ ഇങ്ങനെ പ്രഖ്യാപിച്ചു: പോകൂ, നിങ്ങളെല്ലാവരും സ്വതന്ത്രരാണ്'' (ബൈഹഖി 18648, 18647).

പ്രവാചകന് വേണമെങ്കില്‍, തന്നെ ഉപദ്രവിച്ചതിന്, തന്റെ അനുയായികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് മക്കക്കാരോട് പ്രതികാരം ചോദിക്കാമായിരുന്നു. അതിന് തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം മാപ്പു നല്‍കുകയാണുണ്ടായത്. അദ്ദേഹം മാനവകുലത്തിന് കാരുണ്യമാണ് എന്ന് പറയുന്നതിന്റെ അര്‍ഥം അതാണ്. 'കോപം കടിച്ചമര്‍ത്തുന്നവര്‍, ജനങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യുന്നവര്‍. സല്‍ക്കര്‍മികളെയല്ലോ അല്ലാഹു ഇഷ്ടപ്പെടുക' എന്ന ഖുര്‍ആനിക നിര്‍ദേശത്തെ (3:134) ജീവിതത്തിലേക്ക് കൊണ്ടുവരികയായിരുന്നു അദ്ദേഹം. ഖുര്‍ആനില്‍ ഇങ്ങനെയും പറയുന്നുണ്ട് (41:34-35): ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.''

ശത്രുക്കള്‍ പ്രവാചകന്റെ പല്ല് പൊട്ടിക്കുകയും തലക്ക് മുറിവേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കെതിരെ ശാപപ്രാര്‍ഥന നടത്തിക്കൂടേ എന്ന് അനുയായികള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പ്രാര്‍ഥിച്ചത് ഇങ്ങനെയാണ്: 'സര്‍വലോക രക്ഷിതാവേ, എന്റെ ജനങ്ങള്‍ക്ക് മാപ്പേകിയാലും. കാരണം തങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല' (ഇബ്‌നു ഹിബ്ബാന്‍: 949). വ്യക്തിപരമായ കാര്യത്തിന് അദ്ദേഹത്തിനൊരിക്കലും ശുണ്ഠി വരില്ല. കോപിക്കുന്നത് അല്ലാഹുവിനു വേണ്ടി മാത്രം. അദ്ദേഹം പറയാറുണ്ടായിരുന്നു: 'എതിരാളിയെ മലര്‍ത്തിയടിക്കുന്നവനല്ല ശക്തന്‍; കോപം വരുമ്പോള്‍ അത് കടിച്ചമര്‍ത്തുന്നവനാണ്' (മുസ്‌ലിം: 6595). വിനയത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഒരു മനുഷ്യന്‍ പ്രവാചക സന്നിധിയില്‍ വന്നു. ഒരു മഹാരാജാവിന്റെ മുമ്പിലെന്ന പോലെ അയാള്‍ വിറക്കുന്നുണ്ടായിരുന്നു. പ്രവാചകന്‍ വളരെ വിനയാന്വിതനായി അയാളോട് പറഞ്ഞു: 'പേടിക്കാതിരിക്കൂ. ഞാനൊരു രാജാവല്ല. മക്കയില്‍ ഉണക്കമാംസം ഭക്ഷിച്ചിരുന്ന ഒരു സ്ത്രീയുടെ മകനാണ് ഞാന്‍' (ഇബ്‌നുമാജ, 3391). മറ്റൊരിക്കല്‍ പ്രവാചകന്‍: 'ആരുടെ ഹൃദയത്തില്‍ അണുമണിത്തൂക്കം അഹങ്കാരമുണ്ടോ അവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല' (മുസ്‌ലിം, 225).

ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായി. ആ ദിവസം തന്നെയാണ് പ്രവാചകന്റെ മകന്‍ ഇബ്‌റാഹീം മരണപ്പെട്ടതും. അതു കണ്ട് ജനം പറഞ്ഞു; ഗ്രഹണമുണ്ടായത് ഇബ്‌റാഹീമിന്റെ മരണം കൊണ്ടാണ്. അവരെ തിരുത്തി പ്രവാചകന്‍ പ്രഖ്യാപിച്ചു: 'സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. ഒരാളുടെയും ജനനമരണങ്ങള്‍ കാരണം അവക്ക് ഗ്രഹണം ബാധിക്കുകയില്ല' (ബുഖാരി, 1044). മറ്റൊരിക്കല്‍ അനുയായികളെ പ്രവാചകന്‍ ഇങ്ങനെ ഉപദേശിച്ചു: 'നിങ്ങള്‍ എന്നെ അമിതമായി പ്രശംസിക്കരുത്; മര്‍യമിന്റെ മകനെ ക്രിസ്ത്യാനികള്‍ പ്രശംസിച്ച പോലെ. ഞാന്‍ ദൈവത്തിന്റെ ഒരു ദാസന്‍ മാത്രമാകുന്നു. അതിനാല്‍ ദൈവദാസന്‍ എന്നോ ദൈവദൂതന്‍ എന്നോ എന്നെ വിളിക്കുക' (ബുഖാരി, 3372).

ഒരു അനുചരന്‍ പ്രവാചകനോട് പറഞ്ഞു: 'നിങ്ങള്‍ ഞങ്ങളുടെ യജമാനനാണ്. അതിനാല്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അധികാരവും ആനുകൂല്യങ്ങളും തരണം.' ഈ വര്‍ത്തമാനം പ്രവാചകനെ കോപാകുലനാക്കി (സ്വന്തത്തിനു വേണ്ടിയല്ല, ദൈവത്തിനു വേണ്ടിയാണ് കോപം വരുന്നതെന്ന് ഓര്‍ക്കുക). പ്രവാചകന്‍ അയാളോട് പറഞ്ഞു: 'നമ്മുടെ യജമാനന്‍ അല്ലാഹുവാണ്. ഞാന്‍ ആരുടെയും യജമാനനല്ല. പിശാച് നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. ദൈവം എന്നെ ഏതു സ്ഥാനത്താണോ വെച്ചിരിക്കുന്നത് അതിനേക്കാള്‍ ഉയരത്തില്‍ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ദൈവദാസനും ദൈവദൂതനും മാത്രം' (അഹ്മദ് 12295).

പ്രവാചകന്‍ കൊണ്ടുവന്ന ഇസ്‌ലാമിക നിയമസംഹിത (ശരീഅത്ത്) പാവങ്ങളുടെയും ദുര്‍ബലരുടെയും അഗതികളുടെയും അനാഥരുടെയും സംരക്ഷണം ഏറ്റെടുക്കുന്നു. ആ സംരക്ഷണം ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണ്. ഖുര്‍ആന്‍ (107:1-3) പറയുന്നു: ''മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനാണ്. അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.'' ആവശ്യക്കാരെ സഹായിക്കാതിരിക്കുന്നത് നരകത്തിലേക്ക് വഴി നടത്തുമെന്ന് മറ്റൊരു ഖുര്‍ആനിക സൂക്തം (69:33-34): ''അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല.'' നിരപരാധികള്‍ക്കെതിരെയുള്ള അനീതിയും കടന്നാക്രമണവുമൊന്നും ഇസ്‌ലാമിന് പൊറുപ്പിക്കാനാവുകയില്ല. വീണ്ടും ഖുര്‍ആന്‍ (2:190): ''നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.'' മറ്റൊരു സൂക്തത്തില്‍ ഇങ്ങനെയും വന്നിരിക്കുന്നു(5:32): ''അക്കാരണത്താല്‍ ഇസ്രായേല്‍ സന്തതികളോട് നാം കല്‍പിച്ചു: ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും. നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്.''

അത്രക്ക് ഭീകരമായ കൃത്യമായാണ് ഇസ്‌ലാം കൊലപാതകത്തെ കാണുന്നത്. മൃഗങ്ങളോടു പോലും അലിവ് കാണിക്കണമെന്നാണ് ഇസ്‌ലാമിന്റെ ശാസന. അവയെ ഉപദ്രവിക്കരുത്. നബി അരുളി: 'ഒരു പൂച്ചയെ കെട്ടിയിട്ടതിന്റെ പേരില്‍ ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവള്‍ അതിനെ അത് ചാവുന്നതുവരെ കെട്ടിയിട്ടു. അതിന് ഭക്ഷണമോ വെള്ളമോ കൊടുത്തില്ല. ഭൂമിയിലെ ജീവികളെ പിടിച്ചുതിന്നാന്‍ അതിനെ അഴിച്ചുവിട്ടതുമില്ല. നരകത്തിലേക്കാണ് ആ സ്ത്രീ പോവുക' (മുസ്‌ലിം 5804). ദാഹിച്ചുവലഞ്ഞ നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ അധാര്‍മിക ജീവിതം നയിച്ചിരുന്ന ഒരു സ്ത്രീ സ്വര്‍ഗ പ്രവേശം നേടിയതായും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (ബുഖാരി, 3392). പച്ചക്കരളുള്ള ഓരോ ജീവിയോട് കാണിക്കുന്ന കരുണക്കും പ്രതിഫലമുണ്ടെന്ന് മറ്റൊരു നബിവചനം (ബുഖാരി, 2323).

(തുടരും)

കുറിപ്പുകള്‍

1) നബിയുടെ പിതൃസഹോദരനായ അബൂലഹബ് കടുത്ത ശത്രുത പുലര്‍ത്തി ദൈവസന്ദേശം തള്ളിക്കളഞ്ഞു. അതിന്റെ ഫലമായി അബൂലഹബിനെ അധിക്ഷേപിച്ചുകൊണ്ടും നരകമായിരിക്കും അയാളുടെ സങ്കേതം എന്നറിയിച്ചുകൊണ്ടും ഖുര്‍ആന്‍ സൂക്തങ്ങളിറങ്ങി. പ്രവാചകനുമായുള്ള രക്തബന്ധം ശാശ്വത ശിക്ഷയില്‍നിന്ന് അയാള്‍ക്ക് യാതൊരു സംരക്ഷണ കവചവുമൊരുക്കുകയില്ല.

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍