കാക്ക (അങ്ങാടിക്കവിത)
സജദില്‍ മുജീബ്
മണിരാജണ്ണന്റെ
ചായവണ്ടിക്കരികില്‍
ഒരു കാക്ക
ഒറ്റക്കാലില്‍
ജീവിതത്തെ
ബാലന്‍സ് ചെയ്യുന്നു.
സത്തൂറ്റപ്പെട്ട
ചായച്ചണ്ടികള്‍
സമാവറിലെ
ചായവലയെ നോക്കി
പോയകാലത്തെ
ഒരു കട്ടന്‍ചായയെപ്പോലും
ഓര്‍ത്തെടുക്കാനാകാതെ
ചത്തുപോകുന്നു.
എല്ലാ
ദിക്കുകളിലേക്കും
കാകദൃഷ്ടി പായിച്ച്
അതിജീവനത്തിന്റെ
തുരുത്തു തേടുമ്പോള്‍
പിറക്കാതെ പോയ
മറ്റേക്കാലിനെയവന്‍
സ്വപ്നം കാണുന്നുണ്ട്.
ഒറ്റക്കാലിന്റെ ശക്തിയില്‍
പറന്നുയര്‍ന്നവനിപ്പോള്‍
രാംലാല്‍ ഫൈനാന്‍സിന്റെ
ഫ്‌ളക്‌സ്‌ബോര്‍ഡിലിരിക്കുന്നു.
പിന്നെയൊരു കിതപ്പോടെ
ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച
വലിയങ്ങാടിയെ നോക്കി
നെടുവീര്‍പ്പിട്ട്
വീണ്ടുമൊരു പറക്കലിനായി
ഒറ്റക്കാലിലൊരു
കുതിരശക്തി
മോഹിക്കുന്നു.
Comments