Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

ആഹാരവും ആരോഗ്യവുംകെ.ടി ഇബ്‌റാഹീം

കെ.ടി ഇബ്‌റാഹീം

ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇക്കാലത്ത് നാം ആഗ്രഹിച്ചാലും നടക്കാത്ത കാര്യവും അതു തന്നെയാണ്. ആഹാരം കഴിക്കുന്നത് ശരീരത്തിന്റെ പോഷണത്തിനും ആരോഗ്യം നിലനിര്‍ത്താനുമാണ്. പക്ഷേ ഇന്ന് നാം കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തിന് ഗുണമാണോ ദോഷമാണോ വരുത്തുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ അങ്ങാടികളില്‍ ലഭിക്കുന്ന മാംസം, മത്സ്യം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ സര്‍വസാധനങ്ങളിലും മാരകമായ രാസ പദാര്‍ഥങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതുകൊണ്ട് വിഷാംശം അടങ്ങിയിരിക്കുന്നു. ഫോര്‍മാലിന്‍ തളിച്ച ടണ്‍കണക്കിന് മത്സ്യം പിടിച്ചെടുത്ത വാര്‍ത്ത നാമെല്ലാവരും വായിച്ചതാണ്. അമിത ലാഭം നേടാനാണ് ഒരു തത്ത്വദീക്ഷയുമില്ലാതെ രാസപദാര്‍ഥങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നത്. നമ്മുടെ നാട്ടില്‍ കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം എന്നിവ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗമാണ്. 

ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ, ഹൈടെക്ക് സൗകര്യങ്ങളോടുകൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാണ് ഉടനെ മനസ്സിലേക്ക് കടന്നുവരിക. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഇത്തരം ആശുപത്രികളുടെ എണ്ണവും വര്‍ധിക്കുന്നു. ചികിത്സ ഒരു കച്ചവടമായി മാറുന്നു. ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടാണോ ഇതിന് പരിഹാരം കാണേണ്ടത് എന്നാണ് നാം ചിന്തിക്കേണ്ടത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ജനങ്ങള്‍ക്ക് ശുദ്ധമായ ആഹാരം ലഭ്യമാക്കാന്‍ സംവിധാനം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. വിഷാംശം കലര്‍ന്നതും മായം ചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടുപിടിച്ച്, അവ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഉദ്യോഗസ്ഥന്മാരുടെ അഴിമതി കാരണം ഇത്തരമാളുകള്‍ രക്ഷപ്പെട്ടുപോവുകയും, ജനങ്ങള്‍ കഷ്ടപ്പെടുന്നതുമാണ് നാം കാണുന്നത്. നിയമം ലംഘിക്കാനള്ളതല്ല, നടപ്പാക്കാനുള്ളതാണെന്ന തിരിച്ചറിവാണ് വേണ്ടത്.

വിശ്വാസികളെ സംബന്ധിച്ചേടത്തോളം ആരോഗ്യ സംരക്ഷണം നിര്‍ബന്ധ ബാധ്യതയാകുന്നു. ശരീരത്തിന് സ്വയം നാശം വരുത്താന്‍ അല്ലാഹു അനുവദിക്കുന്നില്ല. അല്ലാഹു നല്‍കിയ അറിവും കഴിവും ഉപയോഗപ്പെടുത്തി നല്ല ഭക്ഷണം ലഭ്യമാക്കാനുള്ള മാര്‍ഗം ആരായുന്നത് സല്‍ക്കര്‍മവും പ്രതിഫലാര്‍ഹവുമാണ്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കി ആഹരിക്കുന്ന ഭക്ഷണം അത്യധികം ശ്രേഷ്ഠകരമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. കൃഷിയും കച്ചവടവും പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാമിനെ ഗ്രന്ഥങ്ങളില്‍നിന്ന് ചന്തയിലേക്കും, പള്ളികളില്‍നിന്ന് പാടത്തേക്കും കൊണ്ടുവരണം. ഇമാം ഖുര്‍ത്വുബി പറഞ്ഞു: ''നിര്‍ബന്ധ സാമൂഹിക ബാധ്യതകളിലൊന്നാകുന്നു കൃഷി. വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളെ നിര്‍ബന്ധിക്കേണ്ടത് ഭരണാധികാരിയുടെ നിയമപരമായ ബാധ്യതയാകുന്നു.'' അല്ലാഹു പറയുന്നു: ''ജനങ്ങളേ, അനുവദനീയവും ശുദ്ധവുമായി ഭൂമിയില്‍ എന്തൊക്കെയുണ്ടോ അതില്‍നിന്ന് തിന്നു കൊള്ളുക''(അല്‍ബഖറ: 168). ''അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ അനുവദനീയമായതും ശുദ്ധമായതും ആഹരിച്ചുകൊള്ളുക'' (അന്നഹ്ല്‍: 114). ഭക്ഷണം അല്ലാഹു അനുവദിച്ചതാണോ ശുദ്ധമായതാണോ എന്ന് അന്വേഷിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്ന് ഈ ഖുര്‍ആന്‍ വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. കൃഷിയും കച്ചവടവും രാഷ്ട്രീയവുമൊക്കെ ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഏര്‍പ്പാടായി മാറിയ ഈ കെട്ട കാലത്ത്, ജനങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമെന്ന നിലക്ക് ഇതിനെല്ലാം ബദല്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് വിശ്വാസികളുടെ ആദര്‍ശപരമായ ബാധ്യതയാണ്. 'നിങ്ങള്‍ നന്മ കല്‍പക്കുന്നു, തിന്മ തടയുകയും ചെയ്യുന്നു' (ആലു ഇംറാന്‍: 110) എന്നാണ് വിശ്വാസികളുടെ മൗലിക ഗുണങ്ങളായി ഖുര്‍ആന്‍ എടുത്തുപറയുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. ആരോഗ്യമുള്ള മനസ്സിലേ നല്ല ചിന്തകള്‍ രൂപംകൊള്ളൂ.

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍