'അഴീക്കോടന് രാഘവന്‍ സിന്ദാബാദ്'
(ജീവിതാക്ഷരങ്ങള്‍-5 )
കൂട്ടുകാരില്‍ അധികപേരും സര്‍ക്കാറിന്റെ അറബിക് മുന്‍ഷി പരീക്ഷ പാസായി സ്‌കൂളുകളില്‍ അധ്യാപകരായി ചേര്‍ന്നുവെങ്കിലും ജ്യേഷ്ഠന്മാരുടെ സമ്മര്‍ദം ഉണ്ടായിട്ടുകൂടി എന്റെ മനസ്സ് അതിന് പാകപ്പെട്ടില്ല. ആഗ്രഹിച്ചപോലെ പത്രപ്രവര്‍ത്തന രംഗത്ത് കയറിപ്പറ്റാന്‍ അവസരം ലഭിച്ചത് ദൈവാനുഗ്രഹമായി ഞാന്‍ കാണുകയും ചെയ്തു. വളരെ മോഡറേറ്റായ വേതനമേ പ്രബോധനത്തില്‍നിന്ന് ലഭിച്ചുള്ളൂവെങ്കിലും ഞാനതില്‍ സംതൃപ്തനായിരുന്നു. വെള്ളിമാടുകുന്ന്, ചേന്ദമംഗല്ലൂരില്‍നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നിട്ടുകൂടി രണ്ടോ മൂന്നോ മാസത്തിലൊരിക്കലാണ് വീട്ടില്‍ വരിക. പിറ്റേന്നു തന്നെ തിരിച്ചുപോവുകയും ചെയ്യും. നാലു കിലോമീറ്റര്‍ നടന്നുവേണം വീട്ടിലെത്താന്‍ എന്നുള്ളതും ഇതിനൊരു കാരണമാണ്. ഒരിക്കല്‍ ഒരു രാത്രി കോഴിക്കോട് പട്ടണത്തില്‍നിന്ന് ബസില്‍ വെള്ളിമാടുകുന്നിലേക്കു വരവെ പ്രബോധനം ഓഫീസിന്റെ മുന്നിലെത്തിയപ്പോള്‍ കണ്ടക്ടറോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അന്ന്, അവിടെ സ്റ്റോപ്പില്ല. റോഡ് കുത്തനെയായതിനാല്‍ ബസുകാര്‍ക്ക് നിര്‍ത്താനും മടിയാണ്. എങ്കിലും കണ്ടക്ടര്‍ ബെല്ലടിച്ചു, ബസ് മെല്ലെ നിര്‍ത്താന്‍ പോവുമ്പോള്‍ ഞാന്‍ മുന്‍വശത്തുകൂടെ ഇറങ്ങാന്‍ തുടങ്ങി. പക്ഷേ, ബസ് പൂര്‍ണമായി നിര്‍ത്തിയിരുന്നില്ല. ഞാന്‍ തെറിച്ചുവീണു. വീണത് സര്‍വേ കല്ലിന്മേലാണ്. റോഡിലേക്കല്ല, റോഡരികിലേക്കാണ് തെറിച്ചത് എന്നതുകൊണ്ട് ബസിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയില്ല. അതിനാല്‍ ജീവന്‍ ബാക്കിയായി. ബസ് നിര്‍ത്തി കണ്ടക്ടറും യാത്രക്കാരും വന്നുനോക്കുമ്പോള്‍ ഞാന്‍ തപ്പിത്തടഞ്ഞ് എഴുന്നേല്‍ക്കുകയാണ്. 'ഒന്നും പറ്റിയിട്ടില്ല, നിങ്ങള്‍ പൊയ്‌ക്കോളൂ' എന്ന എന്റെ പ്രതികരണം കേള്‍ക്കേണ്ട താമസം അവര്‍ സ്ഥലം വിട്ടു. സത്യത്തില്‍ എന്തോ സംഭവിച്ചിരുന്നു. നാണക്കേടോര്‍ത്തുകൊണ്ട് അവരെ പറഞ്ഞുവിടുകയായിരുന്നു. ഇരുളില്‍ മെല്ലെ തപ്പിപ്പിടിച്ച് ഓഫീസിലേക്ക് കയറിച്ചെന്നപ്പോള്‍ ഉടുതുണിയപ്പാടെ കീറിപ്പറിഞ്ഞ് ഞാന്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നു. സഹപ്രവര്‍ത്തകര്‍ ഓടിയെത്തി വെളിച്ചത്ത് കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ വലതു കാല്‍മുട്ടിന് സാമാന്യം നല്ല പരിക്കുണ്ട്. കൈകളിലെ പരിക്കും മോശമല്ല. പ്രഥമ ശുശ്രൂഷ മാത്രം ചെയ്ത് അന്ന് രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് നടുവാകെ നീര്‍കെട്ടി വേദന കലശലായി. കാല്‍മുട്ടില്‍നിന്ന് ചോരയും നീരും വരാന്‍ തുടങ്ങി. കളരി മര്‍മ ചികിത്സയില്‍ വിദഗ്ധനായ ഒരു ഗോപാലന്‍ അടിയോടി പരിസരത്തുണ്ടെന്ന് ആരോ പറഞ്ഞപ്പോള്‍ അയാളെ വരുത്തി. മൂപ്പര്‍ നാടന്‍ മരുന്നു പ്രയോഗത്തിനു പുറമെ കുത്തനെ നിര്‍ത്തിയുള്ള ഉഴിച്ചിലും പാസ്സാക്കി. പടച്ചവനേ, അന്ന് സഹിച്ച വേദന! മൂന്നാഴ്ച നീണ്ട ഉഴിച്ചിലിനെ തുടര്‍ന്ന് നടു പൂര്‍വസ്ഥിതിയിലായി. നടന്നതൊന്നും വീട്ടില്‍ അറിയിച്ചില്ല. മൂന്നുമാസം കഴിഞ്ഞാണ് അത്തവണയും വീട്ടില്‍ പോയത്. കൂട്ടുകാരൊക്കെ പല വഴിക്കുപോയതാണ് നാട്ടില്‍ തങ്ങാന്‍ തോന്നാതിരുന്നത്. പത്രം ഓഫീസിലാകട്ടെ ഒഴിവു സമയങ്ങളിലൊക്കെ മലയാളം, ഉര്‍ദു, ഇംഗ്ലീഷ് ആനുകാലികങ്ങള്‍ സുലഭമായി വായിക്കാന്‍ കിട്ടും. സായാഹ്ന സവാരിക്കിറങ്ങാം, നാഗ്ജി ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനോ വിവിധ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ ശ്രദ്ധിക്കാനോ പട്ടണത്തില്‍ പോവാം, ശാന്ത ഭവനില്‍നിന്നോ ആര്യാഭവനില്‍നിന്നോ മസാല ദോശയും കഴിക്കാം. കൂട്ടുകാരായി സി.ടി അബ്ദുര്‍റഹീമോ മറ്റാരെങ്കിലുമോ ഉണ്ടാവും. പണ്ഡിതനും ചിന്തകനുമായിരുന്ന എഡിറ്റര്‍ ടി. മുഹമ്മദ് സാഹിബുമായുള്ള സമ്പര്‍ക്കമായിരുന്നു ഒരേസമയം പഠനാര്‍ഹവും ആസ്വാദ്യകരവുമായിരുന്ന മറ്റൊരു നേരംപോക്ക്. ഓഫീസിലെത്തുന്ന ചേകനൂര്‍ മൗലവി, സി.എന്‍ അഹ്മദ് മൗലവി, മൗലവി മുഹമ്മദ് ശീറാസി തുടങ്ങിയ പ്രമുഖരുമായി സംവദിക്കാന്‍ ലഭിച്ച സന്ദര്‍ഭങ്ങളും മധുരിക്കുന്ന ഓര്‍മകളാണ്. അപ്രകാരം നാലഞ്ചുകൊല്ലം അല്ലലും അലട്ടലുമില്ലാതെ ജീവിതം മുന്നോട്ടു നീങ്ങി.
അന്നേരമാണ് വിവാഹത്തെപ്പറ്റി വീട്ടുകാര്‍ ഗൗരവമായി ചിന്തിക്കുന്നത്. നേരുപറഞ്ഞാല്‍ കല്യാണം കഴിക്കാന്‍ നല്ല പേടിയുള്ള കൂട്ടത്തിലായിരുന്നു ഞാന്‍. ശമ്പളമില്ലാതെ മറ്റു വരുമാനമാര്‍ഗങ്ങളൊന്നുമില്ല. ശമ്പളമാകട്ടെ കുടുംബ ജീവിതത്തിന് തീര്‍ത്തും അപര്യാപ്തവും. കിട്ടുന്നതില്‍ പാതി ഉമ്മക്ക് കൊടുക്കും, ബാക്കികൊണ്ട് കുശാലായി കഴിയും. ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നുവന്നാല്‍ ജീവിതമാകെ താളം തെറ്റും. ഉമ്മയും എട്ട് മക്കളും കൂടി പിതൃസ്വത്ത് പങ്കിട്ടാല്‍ ഓരോരുത്തരുടെയും വിഹിതം 11 സെന്റിലൊതുങ്ങും. തറവാട് വീടും പങ്കുവെക്കണം. അത്യാവശ്യത്തിനു പോലും കടംവാങ്ങി ശീലമില്ല. ഇരുപതാം വയസ്സില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതില്‍ പിന്നെ കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിയുന്ന ജ്യേഷ്ഠന്മാരെ ഒട്ടും ബുദ്ധിമുട്ടിച്ചുകൂടെന്ന ശാഠ്യം ഉണ്ടായിരുന്നുതാനും. കഴിവതും അവരെ അങ്ങോട്ട് സഹായിക്കണമെന്നതായിരുന്നു മനസ്സ്. രോഗങ്ങളൊന്നും അലട്ടിയിരുന്നില്ലെങ്കിലും ആരോഗ്യത്തെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എല്ലാറ്റിനും പുറമെ പെണ്ണുകാണല്‍ എന്ന ഏര്‍പ്പാടിനെക്കുറിച്ച് ചിന്തിക്കുമ്പോഴേ നാണം വരും. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പത്തെ കഥയാണല്ലോ. കെ.സിയും ടി.കെയുമൊക്കെ വിവാഹത്തെക്കുറിച്ച് പറയുമ്പോള്‍ എന്റെ മറുപടി 'ഞാനിങ്ങനെ കഴിയുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.' അതില്‍ ശരിയുണ്ടെന്ന് അവരും സമ്മതിക്കും.
പക്ഷേ, വീട്ടുകാര്‍ അലോചനകളുമായി മുന്നോട്ടു പോയി. ഒരു ടീച്ചറുടേതായിരുന്നു ആദ്യം വന്ന പ്രൊപ്പോസല്‍. അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഒരു വീട്ടുകാരിയായിക്കഴിയുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചല്ലാതെ ഉയര്‍ന്ന വിദ്യാഭ്യാസവും ഉദ്യോഗവുമൊക്കെയുള്ള ജീവിതപങ്കാളിയെ ഞാന്‍ സ്വപ്‌നം കാണുക പോലും ചെയ്തിരുന്നില്ല. രണ്ടോ മൂന്നോ ആലോചനകളില്‍നിന്ന് കൂടി ഞാന്‍ ഒഴിഞ്ഞുമാറി. പിന്നെ വന്ന അന്വേഷണമാണ് വിവാഹത്തില്‍ കലാശിച്ചത്. കൂട്ടുകാരനോടൊത്ത് പുഴക്കടവില്‍ പോയി തോണിയില്‍ ഇക്കരെ കടക്കുന്ന ഒരു നാടന്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവള്‍ മതി എന്ന് ഞാന്‍ തീരുമാനിച്ചു. അവളെന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ചേന്ദമംഗല്ലൂരിന്റെ തൊട്ടടുത്തഗ്രാമത്തില്‍നിന്ന്, സുന്നി കുടുംബത്തിലെ മതനിഷ്ഠയും പ്രാഥമിക വിദ്യാഭ്യാസവുമുള്ള പതിനാറുകാരി ആഇശ ജീവിത പങ്കാളിയായി വന്നത് 1969 ജൂണ്‍ 20-നാണ്. കൊടിയത്തൂരിലെ ജമാഅത്തെ ഇസ്‌ലാമിയുടെ മദ്‌റസയിലും ചേന്ദമംഗല്ലൂര്‍ മദ്‌റസത്തുല്‍ ബനാത്തിലുമായിരുന്നു മതപഠനം എന്നതുകൊണ്ട് അന്തരീക്ഷവുമായി സമരസപ്പെടാന്‍ അവള്‍ക്ക് പ്രയാസമൊന്നുമുണ്ടായില്ല. ഏതാണ്ട് അഞ്ച് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും ഭാര്യയെ ഞാന്‍ പോയി കൂട്ടിക്കൊണ്ടുവരേണ്ട സാഹചര്യവുമുണ്ടായില്ല. ആഗ്രഹിക്കുമ്പോഴൊക്കെ അവള്‍ സ്വന്തം വീട്ടില്‍ പോവും, മടങ്ങിവരും. വീട്ടുകാര്യങ്ങള്‍ വീട്ടുകാരിക്ക് വിട്ടുകൊടുക്കുകയാണ് ഞങ്ങളുടെ ജീവിതം ശാന്തമായി മുന്നോട്ടുപോവാന്‍ ഒരു പ്രധാന കാരണം. വരവ് തീരെ പരിമിതമായിരുന്നപ്പോഴും തീര്‍ത്തും തൃപ്തികരമായിരുന്നപ്പോഴും ചെലവുകളെക്കുറിച്ച് ചുഴിഞ്ഞന്വേഷിക്കാനോ കണക്ക് ചോദിക്കാനോ ഞാന്‍ മുതിര്‍ന്നില്ല. പ്രബോധനത്തിലായിരുന്നപ്പോള്‍ എന്റെ വേതനമെത്രയെന്ന് ഞാന്‍ ഭാര്യയോടോ മറ്റാരോടോ വെളിപ്പെടുത്തിയിരുന്നുമില്ല.
പക്ഷേ, വിവാഹത്തോടെ കുടുംബ ബജറ്റ് താളം തെറ്റാന്‍ തുടങ്ങി. വരവും ചെലവുകളും പൊരുത്തപ്പെടാതായി. ബാധ്യതകള്‍ കൂടി. ജ്യേഷ്ഠന്‍ അബ്ദുല്ലയുടെ ഭാര്യ സ്‌കൂള്‍ ടീച്ചര്‍ ആയിരുന്നതിനാല്‍ അദ്ദേഹം പിടിച്ചുനിന്നു. ഞാന്‍ മറ്റു പോംവഴികളെപ്പറ്റി ആലോചിച്ചു. അപ്പോഴും ജോലിയോ സ്ഥാപനമോ മാറുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. എന്നേക്കാള്‍ അസ്വസ്ഥനായിരുന്നു സഹപ്രവര്‍ത്തകന്‍ അബ്ദുര്‍റഹീം. എങ്ങനെയും ഗള്‍ഫിലെത്തുകയല്ലാതെ രക്ഷാമാര്‍ഗമില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. പക്ഷേ, അറുപതുകളുടെ അവസാനത്തില്‍ അതിനുള്ള വഴികളൊന്നും മുന്നില്‍ കണ്ടില്ല. ഗള്‍ഫുകാരുടെ കുടുംബത്തില്‍നിന്ന് വിവാഹം ചെയ്തപ്പോള്‍ റഹീമിന്റെ ഒരേയൊരു ലക്ഷ്യം കടലിനക്കരെ ഭാഗ്യാന്വേഷണമായിരുന്നു. ഞാന്‍ ആ വഴിക്ക് ചിന്തിച്ചില്ല. അക്കാലത്ത് ആനുകാലികങ്ങളില്‍ വല്ലതും എഴുതിയാലും അച്ചടിച്ചു കാണാമെന്നല്ലാതെ പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല. 'സ്റ്റാലിന്‍ എന്റെ സഹോദരന്‍' എന്ന തലക്കെട്ടില്‍ ജോസഫ് സ്റ്റാലിന്റെ സഹോദരന്‍ എഴുതിയ താല്‍പര്യജനകമായ ലേഖനം ഉര്‍ദു ഡൈജസ്റ്റില്‍(ലാഹോര്‍)നിന്ന് മിനക്കെട്ടിരുന്ന് മൊഴിമാറ്റം നടത്തി റഹീം ജനയുഗം വാരികക്ക് അയച്ചുകൊടുത്തത് കാമ്പിശ്ശേരി കരുണാകരന്‍ മുഖലേഖനമായി പ്രസിദ്ധീകരിച്ചുവെങ്കിലും അതടിച്ചുവന്ന വാരികയുടെ കോപ്പിപോലും ലേഖകന് അയച്ചു കൊടുത്തില്ല. വിവര്‍ത്തകന്‍ റഹീം ചേന്ദമംഗല്ലൂര്‍ എന്നതിനുപകരം രവി ചേന്ദമംഗല്ലൂരാക്കിയ അച്ചടിത്തെറ്റ് വേറെയും! ഒഴിവു സമയങ്ങളില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിനുവേണ്ടി ഞാന്‍ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തുകൊടുത്തിരുന്നെങ്കിലും അത് പ്രതിഫലരഹിതമായ സേവനം മാത്രം. സ്വന്തമായി പുസ്തകങ്ങള്‍ എഴുതുന്നവര്‍ക്കും റോയല്‍റ്റി കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നില്ല. അതിനാല്‍തന്നെ എഴുതാനോ വിവര്‍ത്തനം ചെയ്യാനോ കഴിയുന്നവര്‍ തന്നെ വൈമനസ്യം കാട്ടുക സ്വാഭാവികം. 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന രണ്ടു വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥത്തിന്റെ കര്‍ത്താവ് ടി. മുഹമ്മദ് സാഹിബിന് പോലും പ്രസാധകര്‍ സ്ഥിരം വേതനമല്ലാതെ റോയല്‍റ്റി നല്‍കിയില്ല എന്നാണോര്‍മ. പ്രസിദ്ധീകരിച്ചത് തന്നെ വലിയ കാര്യം എന്നതായിരുന്നു മനോഭാവം!
അതിനിടെയാണ് ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പ്രിന്‍സിപ്പലായിരുന്ന മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി ഖത്തറില്‍ സന്ദര്‍ശനത്തിനു പോയതും അവിടെ ശൈഖ് യൂസുഫുല്‍ ഖറദാവി ഡയറക്ടറായ അല്‍ മഅ്ഹദുദ്ദീനി (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജ്യസ് സ്റ്റഡീസ്) എന്ന സര്‍ക്കാര്‍ സ്ഥാപനം വിദേശ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നതും. അദ്ദേഹം അപേക്ഷിച്ചതനുസരിച്ച് അഞ്ച് സ്‌കോളര്‍ഷിപ്പുകള്‍ ഇസ്‌ലാമിയാ കോളേജിന് കിട്ടി. അതിലൊന്ന് താല്‍പര്യമുണ്ടെങ്കില്‍ എനിക്ക് അനുവദിക്കാമെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അധികമൊന്നും ആലോചിക്കാതെ ഞാനദ്ദേഹത്തോട് പറഞ്ഞു 'എന്നേക്കാള്‍ അതിനാഗ്രഹിച്ചു നടക്കുന്ന ഒരാള്‍ വേറെയുണ്ട്. ആ സീറ്റ് അവന് കൊടുക്കണം.' അതാരാണെന്ന് അബുല്‍ ജലാല്‍ മൗലവി അന്വേഷിച്ചപ്പോള്‍ സി.ടി അബ്ദുര്‍റഹീമിന്റെ പേരാണ് ഞാന്‍ പറഞ്ഞത്. 'അതിനവന്‍ ശാന്തപുരത്ത് വിദ്യാര്‍ഥിയായിരുന്നില്ലല്ലോ' എന്നായി അബുല്‍ ജലാല്‍. 'പഠിച്ചത് ശാന്തപുരം കോളേജിലല്ലെങ്കിലും അതേ സിലബസ് നിലവിലുള്ള ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയാ കോളേജിലെ വിദ്യാര്‍ഥി ആയിരുന്നല്ലോ' എന്ന എന്റെ മറുപടി ഒടുവില്‍ അദ്ദേഹം അംഗീകരിച്ചു. അങ്ങനെ ശാന്തപുരം പൂര്‍വവിദ്യാര്‍ഥികളായിരുന്ന എം.വി മുഹമ്മദ് സലീം, പി.എ സ്വാലിഹ്, എ. മുഹമ്മദലി, ഒ.പി ഹംസ എന്നിവരോടൊപ്പം ചേന്ദമംഗല്ലൂരുകാരനായ സി.ടി അബ്ദുര്‍റഹീമും ഖത്തറിലേക്ക് യാത്രയായി. ഞങ്ങളുടെ നാട്ടില്‍നിന്ന് ആദ്യ വിദേശയാത്ര നടത്തിയതും റഹീമാണ്.
അവരവിടെയെത്തി വിശേഷങ്ങള്‍ അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കും ആഗ്രഹം ജനിച്ചു. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ് (അപ്പോഴേക്ക് ഇസ്‌ലാമിയാ കോളേജ് ഇസ്‌ലാഹിയാ കോളേജ് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ ഒരേയൊരു ഇസ്‌ലാമിയാ കോളേജ് മതി എന്ന തീരുമാനപ്രകാരമായിരുന്നു പേരുമാറ്റം. ഒരക്ഷരമാറ്റം കൊണ്ട് സംഗതി ഒപ്പിക്കാം എന്ന് മാത്രമാണാലോചിച്ചത്. ലെറ്റര്‍ പാഡിലും സീലിലുമൊക്കെ ലഘുവായ മാറ്റം മതിയല്ലോ) പ്രിന്‍സിപ്പല്‍ വി. അബ്ദുല്ല ഉമരി ഖത്തര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടത് ആ സന്ദര്‍ഭത്തിലാണ്. അദ്ദേഹം നല്‍കിയ അപേക്ഷ പ്രകാരം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയക്കും കിട്ടി അടുത്ത തവണ അഞ്ച് സ്‌കോളര്‍ഷിപ്പുകള്‍. കെ.സി അബ്ദുല്ല മൗലവിയായിരുന്നു സെലക്ഷന്‍ നടത്തേണ്ടത്. ജ്യേഷ്ഠന്‍ അബ്ദുല്ലയും ഞാനും അന്ന് ചേന്ദമംഗല്ലൂരില്‍ അധ്യാപകനായിരുന്ന ഇ.വി അബ്ദുവും വെസ്റ്റ് കൊടിയത്തൂരിലെ ടി.പി അബ്ദുല്ല, കാരശ്ശേരിക്കാരന്‍ കെ.കെ മുഹമ്മദ് എന്നീ പൂര്‍വവിദ്യാര്‍ഥികളുമായിരുന്നു ടീമംഗങ്ങള്‍. എയര്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് വഹിക്കും. ഹോസ്റ്റല്‍ താമസത്തിനും ഭക്ഷണത്തിനും പുറമെ ലഘുവായ ഒരു സംഖ്യ പോക്കറ്റ് മണിയും അനുവദിക്കും. ഞങ്ങള്‍ അഞ്ചുപേരും കുടുംബഭാരമുള്ളവരായിരുന്നുവെങ്കിലും തല്‍ക്കാലം അത് പ്രശ്‌നമാക്കിയില്ല. യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മദ്രാസിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ പോയി ഖത്തര്‍ വിസ അടിപ്പിക്കണം. കോണ്‍സുലേറ്റില്‍ ചെന്നുനോക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ ഖത്തറിന്റെ പേരില്ല. അക്കാലത്ത് പാസ്‌പോര്‍ട്ടെടുക്കുമ്പോള്‍ പോകാനുദ്ദേശിക്കുന്ന രാജ്യത്തിന്റെ പേര് മാത്രമേ രേഖപ്പെടുത്താവൂ. അതേ അനുവദിച്ചുതരൂ. ഛവേലൃ ഇീൗിൃേശല െഎന്ന് പാസ്‌പോര്‍ട്ടില്‍ എഴുതിത്തരില്ല. ഖത്തര്‍ എന്നൊരു രാജ്യത്തിന്റെ പേര് പോലും പാസ്‌പോര്‍ട്ട് എടുക്കുന്ന കാലത്ത് പരിചിതമല്ലാതിരുന്നതുകൊണ്ട് ആരുടെയും പാസ്‌പോര്‍ട്ടില്‍ അതില്ലായിരുന്നു. ഇനി എന്തു ചെയ്യും എന്നാലോചിച്ചപ്പോഴാണ് കെ.കെ മുഹമ്മദിന് പരിചയമുള്ള ഒരു ട്രാവല്‍ ഏജന്‍സിയെ ഓര്‍ത്തത്. ജയ്ഹിന്ദ് ട്രാവല്‍സില്‍ ചെന്ന് വിവരം പറഞ്ഞപ്പോള്‍ അത് നടത്തുന്ന അച്ചായന്‍ ചെയ്തതെന്തെന്നോ? ടിയാന്‍ എല്ലാ പാസ്‌പോര്‍ട്ടുകളിലും ബന്ധപ്പെട്ട കോളത്തില്‍ ഖത്തര്‍ എന്നെഴുതിച്ചേര്‍ത്തു! അമേരിക്കന്‍ കോണ്‍സുലേറ്റില്‍നിന്ന് വിസയും അടിച്ചുകിട്ടി!
അടുത്തപടി അന്ന് വിദേശയാത്രക്ക് നിര്‍ബന്ധമായിരുന്ന പി. ഫോറം റിസര്‍വ് ബാങ്കില്‍നിന്ന് സംഘടിപ്പിക്കുകയാണ്. ആര്‍.ബി.ഐക്ക് കൊച്ചിയിലേ ശാഖയുള്ളൂ. അവിടെ ഉദ്യോഗസ്ഥനായിരുന്ന അഹ്മദ് കുട്ടി സാഹിബിനെ കണ്ട് സംഗതി ശരിപ്പെടുത്താമെന്ന ഉപദേശം കിട്ടിയതിനാല്‍, എറണാകുളം യാത്രക്ക് ഞങ്ങള്‍ കോഴിക്കോട്ടെത്തി. അപ്പോഴാണറിയുന്നത് എല്‍.ഡി.എഫ് കണ്‍വീനര്‍ അഴീക്കോടന്‍ രാഘവന്‍ തലേന്ന് തൃശൂരില്‍ കുത്തേറ്റു മരിച്ചതിനാല്‍ ഇന്ന് ഹര്‍ത്താലാണ്, ആ വഴിക്ക് എറണാകുളത്തേക്ക് പോകാന്‍ പറ്റില്ലെന്ന്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കെയാണ് തൃശൂരിലേക്ക് ആളെക്കൂട്ടുന്ന ഒരു ടെംമ്പോ വാനില്‍നിന്ന് വിളിവരുന്നത്. മറ്റൊന്നും ആലോചിക്കാതെ വാനില്‍ കയറി. വാന്‍ തൃശൂര്‍ അതിര്‍ത്തിയിലെത്തിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധ ജാഥ കടന്നുവരുന്നു. മുന്നോട്ടു നീങ്ങിയാല്‍ ആക്രമണം ഉറപ്പ്. റോഡരികിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചു; 'നിങ്ങളെങ്ങോട്ടാ?' 'തൃശൂരിലേക്ക്' എന്ന് വാന്‍ ക്ലീനര്‍ മറുപടി പറഞ്ഞപ്പോള്‍ അയാളുടെ പ്രതികരണം: 'ഈച്ചയെപ്പോലും പറക്കാനനുവദിക്കാത്ത ഹര്‍ത്താലാണിന്ന് തൃശൂര്‍ ജില്ലയില്‍. നിങ്ങളൊരു കാര്യം ചെയ്യ്. ഓരോരുത്തരും കറുത്ത ശീലക്കഷ്ണം ഷര്‍ട്ടില്‍ പതിച്ച്, അനുശോചനത്തിന് പോവുകയാണെന്ന് സഖാക്കളോട് പറഞ്ഞാല്‍ അവര്‍ ഒരുപക്ഷേ, വിട്ടേക്കും.' ഉപായം ഫലിച്ചു. എവിടെനിന്നോ ഒരു പഴയ ശീലക്കുട സംഘടിപ്പിച്ച് വലിച്ചുകീറി കറുത്ത ബാഡ്ജാക്കി യാത്ര തുടര്‍ന്നു. ഇടക്കിടെ റോഡില്‍ പ്രതിഷേധക്കാരെ കാണുമ്പോള്‍ ഞങ്ങള്‍ അഴീക്കോടന് സിന്ദാബാദ് വിളിക്കും; തടസ്സമില്ലാതെ യാത്ര തുടരും (ജീവിതത്തില്‍ ആദ്യമായി, ഒരുവേള അവസാനമായും ഒരാള്‍ക്കുവേണ്ടി സിന്ദാബാദ് വിളിച്ചത് സ. അഴീക്കോടനു വേണ്ടിയാണ്!).
തൃശൂര്‍ നഗരത്തില്‍ ചെന്നിറങ്ങിയപ്പോള്‍ തീര്‍ത്തും ജനശൂന്യമായ വീഥികള്‍. പെട്ടിക്കട പോലും തുറന്നിട്ടില്ല. ഞങ്ങള്‍ നേരെ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയി. കിട്ടിയ വണ്ടിക്ക് എറണാകുളത്തിന് പിടിച്ചു. രണ്ട് ദിവസത്തിനകം യാത്രാ രേഖകള്‍ ശരിപ്പെടുത്തി തിരിച്ചുപോന്നു. സെപ്റ്റംബര്‍ 30-നായിരുന്നു കന്നി വിദേശയാത്ര. കൊച്ചി-ബാംഗ്ലൂര്‍-ബോംബെ-ബഹ്‌റൈന്‍-ദോഹ വിമാന യാത്രയുടെ ഓര്‍മകള്‍ ഇന്നും ഓര്‍മയിലുണ്ട്. ഡക്കോട്ട, ആവ്രോ, ബോയിംഗ്, ഫോക്കര്‍ ഫ്രണ്ട്ഷിപ്പ് വിമാനങ്ങളില്‍ മാറിമാറി കയറി രണ്ട് ദിവസങ്ങള്‍ വേണ്ടിവന്നു ദോഹയിലെത്താന്‍! എയര്‍ലൈന്‍സ് കമ്പനികളുടെ വക മികച്ച അക്കമഡേഷന്‍ ലഭ്യമായിരുന്നതിനാല്‍ ആഹ്ലാദകരമായിരുന്നു കന്നിയാത്ര. ആദ്യ ദിവസം ബോംബെ താജ് ഹോട്ടലിലാണ് താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. ഞാനും ഇ.വി അബ്ദു സാഹിബും ഒരു റൂമില്‍. മറ്റുള്ളവര്‍ മറ്റൊന്നിലും. ഓര്‍ഡര്‍ പ്രകാരം നോണ്‍വെജ് ഡിന്നര്‍ വന്നപ്പോള്‍ വിഭവങ്ങളിലൊന്ന് ചുവന്നു പരന്ന ഓംലറ്റ് പോലുള്ള ഒരു സാധനം. അതെന്താണെന്ന് വെയ്റ്ററോട് ചോദിച്ചപ്പോള്‍ അയാള്‍ കൈമലര്‍ത്തി. 'ഒരുപക്ഷേ, പോര്‍ക്കാവാം. ഒഴിവാക്കുന്നതാണുചിതം.' ഞാന്‍ പറഞ്ഞു. 'എങ്കില്‍ അത് രുചി നോക്കാന്‍ കിട്ടിയ ആദ്യാവസരമാണ്. പന്നി മാംസമാണെന്നുറപ്പുണ്ടെങ്കില്‍ തിന്നാന്‍ പറ്റില്ലല്ലോ' അബ്ദുവിന്റെ പ്രതികരണം. ഞാനില്ലെന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു ചെറിയ കഷ്ണം വായിലിട്ടുനോക്കി. രുചി ശരിയല്ലെന്നു പറഞ്ഞ് തുപ്പിക്കളഞ്ഞു. ഭക്ഷണം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സഹയാത്രികനായിരുന്ന ഒരു മലയാളി റൂമില്‍ വന്ന് നിങ്ങള്‍ മാംസ ഭക്ഷണമായിരുന്നോ കഴിച്ചത് എന്ന് തിരക്കി. അതേ, എന്ന് മറുപടി നല്‍കിയപ്പോള്‍ 'അതിലൊരു ചുവന്ന സാധനം കണ്ടില്ലേ' എന്നായി അയാള്‍. 'അതേ, കണ്ടു. അതെന്താണ്?' 'അത് പന്നിയിറച്ചിയാണ്' - അയാള്‍ അറിയിച്ചപ്പോള്‍ 'ഇപ്പോള്‍ എങ്ങനെയുണ്ട്' എന്ന് ചോദിച്ചു ഞാന്‍. യാത്രകളില്‍ കഴിവതും മാംസഭക്ഷണം ഒഴിവാക്കുകയാണ് എന്റെ രീതി.
(തുടരും)
Comments