അധികാരം നിലനിര്‍ത്താന്‍ വീണ്ടും രാമക്ഷേത്രം
ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഉരകല്ലിലിട്ട് അയോധ്യാ തര്‍ക്കത്തിന് വീണ്ടുമൊരിക്കല്‍ കൂടി ബി.ജെ.പി മൂര്‍ച്ച കൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കൃത്യമായി ചൂണ്ടിക്കാണിച്ചതു പോലെ അധികാരത്തിലേറി നാലു വര്‍ഷക്കാലവും ബി.ജെ.പിക്കോ കേന്ദ്ര സര്‍ക്കാറിനോ രാമക്ഷേത്ര നിര്‍മാണം ഓര്‍മയുണ്ടായിരുന്നില്ല. വോട്ടെടുപ്പ് തന്നെയാണ് ഈ ക്ഷേത്രവിവാദത്തിന്റെ എക്കാലത്തെയും അടിത്തറയായിരുന്നതെങ്കിലും ബി.ജെ.പിയുടെ പതിവു ശൈലിയില്‍നിന്നും അകന്നുമാറി വ്യത്യസ്തമായി വിഷയത്തെ സമീപിക്കാനാണ് ഇത്രയും കാലം നരേന്ദ്ര മോദി ശ്രമിച്ചു കൊണ്ടിരുന്നത്. സര്‍ക്കാറിന്റെയല്ല, വി.എച്ച്.പിയുടെ ആവശ്യമാണത് എന്ന പ്രതീതിയുണ്ടാക്കാനായിരുന്നു ശ്രമം. 2014-ലെ അങ്കപ്പുറപ്പാടിനിടയില്‍ പോലും നരേന്ദ്ര മോദി അയോധ്യ ഒരു മുഖ്യ പ്രചാരണ വിഷയമാക്കിയിരുന്നില്ല. 1980-കളില്‍ വെറും രണ്ടംഗ പാര്‍ട്ടിയായിരുന്ന ബി.ജെ.പിയെ രാമജന്മഭൂമി പ്രക്ഷോഭത്തിനു ശേഷം ഇന്ത്യയില്‍ അധികാരത്തിലേറ്റിയതിന്റെ കടക്കണക്ക് ലാല്‍ കൃഷ്ണ അദ്വാനിയെന്ന തലമൂത്ത നേതാവ് പറഞ്ഞു നടന്ന അക്കാലത്ത് അയോധ്യയുടെ പ്രാധാന്യം കുറച്ചുകാണാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. നരേന്ദ്ര മോദിയുടെ പ്രചാരണ വാഹനം ഫൈസാബാദ് വരെ എത്തിയെങ്കിലും അയോധ്യയിലേക്ക് കയറാതെയാണ് തിരികെ പോയത്. എന്നാല്‍ 2009-ല്‍ അയോധ്യയില്‍ ദര്‍ശനം നടത്തിയും വാര്‍ത്താ സമ്മേളനം വിളിച്ചുമാണ് അദ്വാനി പ്രചാരണം നയിച്ചത്. മോദിയുടെ ഈ ഇരട്ടത്താപ്പിനോട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രായോജകര്‍ കുറേകാലമായി കണ്ണു ചുളിക്കുന്നുണ്ടായിരുന്നു. ഗുജറാത്ത് മോഡലും വികസന, അഛേ ദിന്‍, തൊഴില്‍ദാന, പെട്രോള്‍ വില വായ്ത്താരികളും കൊണ്ട് ജയിച്ചുകയറാമെന്ന് ഉറപ്പുണ്ടായിരുന്ന മോദി രാമക്ഷേത്ര നിര്‍മാണമെന്ന പാര്‍ട്ടിയുടെ അടിസ്ഥാന ആശയം വിത്തിനു വെച്ചാണ് ഇത്രയും കാലം ഭരണം നടത്തിയതും. എന്നിട്ടും വെറും നാലു വര്‍ഷത്തിനകം മോദിക്ക് അതേ വിത്തെടുത്തു കുത്തേണ്ടി വരുന്നു. ബഹിഷ്‌കൃതന്റെ വ്യഥയും ചുണ്ടിലൂറുന്ന പരിഹാസവുമായി പൃഥ്വിരാജ് റോഡിലെ വസതിയിലിരുന്ന് കൈകള്‍ കൂട്ടിത്തിരുമ്മി അദ്വാനി പല്ലിറുമ്മുന്നുണ്ടാകും.
മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വികസന വാചകമടി ചീറ്റിപ്പോവുകയും രാമക്ഷേത്ര നിര്‍മാണം മുഖ്യപ്രചാരണ വിഷയമായി പൊടിതട്ടിയെടുക്കേണ്ടി വരികയും ചെയ്തത് ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം സ്വന്തം പരാജയം സമ്മതിക്കുന്നതിനു തുല്യമായിരുന്നു. നരേന്ദ്ര മോദിയോ അമിത് ഷായോ ശിവ്രാജ് സിംഗ് ചൗഹാനോ വസുന്ധര രാജയോ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നില്ലെന്ന മാധ്യമ വിലയിരുത്തലും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും ബി.ജെ.പി നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ടാകണം. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ലെന്നും അത് വെറും 'ജുംലാബാസി' (വാചകമടി)യാണെന്നും അമിത് ഷാ തന്നെ പറഞ്ഞ സ്ഥിതിക്ക് ബി.ജെ.പി വിശ്വാസ്യതയുടെ പ്രശ്നവും നേരിടുന്നുണ്ടായിരുന്നു. പുതിയതായി ഒന്നും പാര്‍ട്ടി പറയുന്നതേ ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ഈ സംസ്ഥാനങ്ങളിലെ കന്നി വോട്ടര്‍മാര്‍ പോലും തിരിച്ചറിയാനാരംഭിച്ച, വോട്ടെടുപ്പ് അടുക്കുന്തോറും അനിവാര്യമായ പരാജയം തുറിച്ചുനോക്കിയ ഈ സാഹചര്യത്തിലാണ് നവംബര്‍ 25-ന് അയോധ്യയില്‍ വി.എച്ച്.പിയും മറ്റും നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിയുടെ പിന്നില്‍ ബി.ജെ.പി ഉരുണ്ടുകളിക്കാന്‍ തുടങ്ങിയത്. ടെലിവിഷന്‍ ചാനലുകളെ സ്വാധീനിച്ച് ഈ റാലി മധ്യപ്രദേശിലും രാജസ്ഥാനിലും മുഴുനീളം സംപ്രേഷണം ചെയ്യാന്‍ അണിയറയില്‍ അവര്‍ കരുക്കള്‍ നീക്കി. കോണ്‍ഗ്രസ് ഈ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ രണ്ടുലക്ഷം പേരെ അണിനിരത്തുമെന്ന് വി.എച്ച്.പി അറിയിച്ച റാലിയില്‍ ഏതാനും ആയിരങ്ങള്‍ മാത്രമാണെത്തിയത്. മാത്രവുമല്ല അസംബ്ലി തെരഞ്ഞെടുപ്പിനിടെ കാര്യമായ ഒരു ചലനവും ഈ പ്രക്ഷോഭം ഉണ്ടാക്കിയതുമില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ ബ്രഹ്മാസ്ത്രം തൊടുത്ത് ആവനാഴിയൊഴിഞ്ഞ ബി.ജെ.പിക്കു വേണ്ടി ഒടുക്കം ആര്‍.എസ്.എസ് നേരിട്ടിറങ്ങി അയോധ്യാ സങ്കല്‍പ്പ രഥയാത്ര നടത്തുന്ന കാഴ്ച വരെ ദല്‍ഹിയിലുണ്ടായി.
അയോധ്യാ വിഷയത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന സമരത്തിന് യുക്തിസഹമായ അന്ത്യമുണ്ടാകുന്നില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിനു ഒരുവേള ഹിന്ദുത്വ വോട്ടുകള്‍ പോലും ബി.ജെ.പിക്ക് നഷ്ടമായെന്നു വരും. എന്നാല്‍ ഈ സമരം കൊണ്ട് ക്ഷേത്ര നിര്‍മാണമല്ല അന്തിമമായ ലക്ഷ്യമെന്ന് സമരം നയിക്കുന്ന നേതാക്കളുടെ ഓരോ പ്രസ്താവനകളും തെളിയിക്കുന്നുമുണ്ട്. കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും സ്വന്തം സര്‍ക്കാറുകളുടെ മൃഗീയ ഭൂരിപക്ഷം നിലനില്‍ക്കവെ ആരോടാണ് സംഘ്പരിവാര്‍ സമരം ചെയ്യുന്നത് എന്നതു തന്നെയാണ് കാതലായ ചോദ്യം. മോദിയെ കൊണ്ട് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് മോഹന്‍ ഭഗവത് സ്വന്തം അണികളെ തെരുവിലിറക്കുക എന്നതിനേക്കാള്‍ അസംബന്ധവും പരിഹാസ്യവുമായ മറ്റെന്തുണ്ട് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍? സ്വാഭാവികമായും ഈ രഥയാത്രയുടെ ലക്ഷ്യം ബാഹ്യമായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ക്കപ്പുറമാണെന്ന് വ്യക്തം.
സമരം ആരോടെന്നും ആവശ്യം എന്തെന്നും യുക്തിസഹമായി വ്യക്തമാക്കാനാവാതെയാണ് ആര്‍.എസ്.എസ് തെരുവിലിറങ്ങുന്നത്. മുസ്ലിം സംഘടനകള്‍ ഇത്തവണ കാണിക്കുന്ന ബുദ്ധിപരമായ നിസ്സംഗത വിഷയത്തിന്റെ വൈകാരികത ഇല്ലാതാക്കുന്ന സാഹചര്യവുമു്. രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടെടുപ്പിനെ സ്വാധീനിക്കാനാവുന്ന തരത്തില്‍ വര്‍ഗീയ അസ്വസ്ഥത സൃഷ്ടിക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെങ്കില്‍ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പു വരെ അത് നിലനിര്‍ത്തുക കൂടി ചെയ്തെങ്കിലേ ഈ രഥയാത്രകള്‍ കൊണ്ട് ബി.ജെ.പിക്ക് നേട്ടമുണ്ടാകുന്നുള്ളൂ. ഈ പ്രക്ഷോഭത്തിന്റെ ഉപോല്‍പ്പന്നമായ ധ്രുവീകരണമാണ് ബി.ജെ.പിയുടെ ആലോചനാമൃതമായി മാറുന്നത്.
രാമക്ഷേത്ര വിഷയം തെരഞ്ഞെടുപ്പു കാലങ്ങളില്‍ സംഘ്പരിവാര്‍ പൊടി തട്ടിയെടുക്കുമ്പോള്‍ മിണ്ടാതിരിക്കാറുള്ള ബി.ജെ.പി പക്ഷേ ഇപ്പോഴത്തെ ആര്‍.എസ്.എസിന്റെ യാത്രയോട് മുഖം തിരിക്കുകയാണ് ചെയ്തത്. മന്ദിര്‍-മസ്ജിദ് വിവാദങ്ങളില്‍ വക്താക്കളില്‍ ഒരാളായ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയാണ് രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് നാലു ദിവസം ബാക്കിനില്‍ക്കെ ഈ താല്‍പര്യമില്ലായ്മ ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു തുറന്നു പറഞ്ഞത്. ക്ഷേത്രവിഷയം ഗുണത്തേക്കാളേറെ പാര്‍ട്ടിക്ക് ദോഷമാണ് ചെയ്തതെന്നും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും വോട്ട് ധ്രുവീകരിക്കാനുമാണ് അത് പ്രതിപക്ഷം ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെ ഭോജ്ശാല മന്ദിര്‍-മസ്ജിദ് വിവാദത്തിലൂടെ ബി.ജെ.പിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നയാളാണ് വിജയ വര്‍ഗീയ. അത്തരം വിവാദങ്ങളെ മറ്റേതൊരു നേതാവ് തള്ളിപ്പറഞ്ഞാലും വിജയ് വര്‍ഗീയക്ക് അതിനുള്ള അര്‍ഹത ഇല്ലായിരുന്നു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തരുതെന്ന മോഹം ബി.ജെ.പിക്കുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന ആരും ഇന്ത്യയില്‍ വിശ്വസിക്കില്ലെന്നിരിക്കെ അടിസ്ഥാന പ്രശ്നം അതായിരുന്നില്ല. മോദിയും ആദിത്യനാഥും ഭരിച്ചിട്ടും രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞില്ലെന്നു വരുന്നതിലെ അപകടമാണ് ബി.ജെ.പിയെ ഭയപ്പെടുത്തിയതെന്നര്‍ഥം. ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആര്‍.എസ്.എസ് ആവശ്യം കൈലാഷ് പരസ്യമായി നിരാകരിക്കുകയും ചെയ്തു. ബി.ജെ.പിയല്ല രാമക്ഷേത്ര വിവാദം രാഷ്ട്രീയ ആയുധമാക്കുന്നതെന്നും സന്യാസിമാരാണെന്നും സുപ്രീംകോടതി വിധിക്കായി ബി.ജെ.പി കാത്തുനില്‍ക്കാന്‍ തയാറാണെന്നുമാണ് ഇപ്പോള്‍ വര്‍ഗീയയുടെ നിലപാട്. കോടതി നടപടികള്‍ വേഗത്തിലായി കിട്ടാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും അറ്റകൈ പ്രയോഗം എന്ന നിലയില്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രമിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം തെരഞ്ഞെടുപ്പില്‍ സജീവമാക്കി നിലനിര്‍ത്തുക എന്നതിലപ്പുറം പാര്‍ലമെന്റിലൂടെ ഒരു തീരുമാനമെടുത്ത് പ്രശ്‌നം അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാറിനു പോലും കഴിയില്ല എന്നതാണ് വസ്തുത. ഒരു കോടതിവിധിയും മറ്റൊരു ബില്ലുമാണ് അതിലെ തടസ്സങ്ങള്‍. അയോധ്യയിലെ 67.3 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കൊണ്ടും ആരാധനാലയങ്ങളുടെ തല്‍സ്ഥിതി 1947-ലേതിന് തുല്യമായി നിലനിര്‍ത്തിക്കൊണ്ടും നരസിഹംറാവു കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്നതിനു മുമ്പെ ബാബരി മസ്ജിദിനു താഴെ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വിധി പറയണമെന്ന് അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ സുപ്രീംകോടതിയോട് ഒരു റഫറന്‍സിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം പറയില്ലെന്നും ഉടമസ്ഥാവകാശ കേസില്‍ മാത്രമേ ഇടപെടുകയുള്ളൂ എന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഉടമസ്ഥാവകാശ കേസ് അവസാനിപ്പിക്കാനും ഏറ്റെടുത്ത ഭൂമിയില്‍ മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും വെവ്വേറെ ആരാധനാലയങ്ങള്‍ പണിതു നല്‍കാനും റാവുവിന്റെ ബില്ലില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. പിന്നീട് ഈ ബില്‍ നിയമമായെങ്കിലും ഇസ്മാഈല്‍ ഫാറൂഖി എന്നൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനാവിരുദ്ധവും മുസ്ലിംകളുടെ അവസാനത്തെ അവകാശം പോലും ഇല്ലാതാക്കുന്നതുമാണ് ഈ ബില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അത് റദ്ദാക്കുകയാണുണ്ടായത്.
എന്നാല്‍ അതേ കോടതിവിധിയില്‍ കയറിക്കൂടിയ മറ്റു ചില പരാമര്‍ശങ്ങള്‍ കേസിനെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുന്നീ വഖ്ഫ് ബോര്‍ഡ് ഇക്കഴിഞ്ഞ ആഗസ്റ്റ് 27-ന് കോടതിയെ സമീപിച്ചത്. മുസ്ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ മസ്ജിദിന്റെ അനിവാര്യതയില്ലെന്ന വരികള്‍ നീക്കണമെന്ന ഈ ആവശ്യത്തോട് പ്രതികരിക്കവെ, അത്തരത്തിലുള്ള പരാമര്‍ശങ്ങളൊന്നും ഉടമസ്ഥാവകാശ കേസിനെ ബാധിക്കില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. വെറുമൊരു ഉടമസ്ഥാവകാശ തര്‍ക്കമായി നിലനില്‍ക്കുന്ന കേസില്‍ അതു കൊണ്ടുതന്നെ പാര്‍ലമെന്റിലൂടെയോ രാഷ്ട്രപതിയിലൂടെയോ ബി.ജെ.പിക്ക് ഇടപെടുക എളുപ്പമല്ലാത്ത ചിത്രമാണ് ഇപ്പോഴുള്ളത്. പഴയ ബില്ലിനെ പാര്‍ലമെന്റില്‍ തന്നെ റദ്ദാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒടുവിലത്തെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയാത്തിടത്തോളം രാജ്യസഭയിലൂടെ ഇത് പാസ്സാക്കിയെടുക്കുക അത്ര എളുപ്പവുമാവില്ല. അതു തന്നെയും 2019-ലും ലോക്സഭയില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലേ സാധ്യമാവുകയുമുള്ളൂ.
തെരഞ്ഞെടുപ്പ് അടുത്തു വരുന്തോറും കേസിന്റെ വാദം കേള്‍ക്കലിന് ആക്കം കൂട്ടി അതിലൂടെ നേട്ടം കൊയ്യാനാണ് ബി.ജെ.പി ഏറ്റവുമൊടുവില്‍ ശ്രമിച്ചത്. ഇത് കോടതി തിരിച്ചറിഞ്ഞതുകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് തീയതി നീട്ടിവെച്ചത്. ഹിന്ദു സംഘടനകളുടെയോ കേന്ദ്രസര്‍ക്കാറിന്റെ തന്നെയോ ആവശ്യമനുസരിച്ച് ഈ ജനുവരി മുതല്‍ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാനുള്ള സാധ്യതയും കാണുന്നില്ല. കാര്യങ്ങള്‍ നീതിപൂര്‍വകമായാണ് മുന്നോട്ടു പോവുന്നതെങ്കില്‍ അയോധ്യാ വിഷയത്തില്‍ രാജ്യം എത്തിപ്പെട്ട ഊരാക്കുടുക്ക് അഴിച്ചെടുക്കുക ബി.ജെ.പിക്ക് എളുപ്പവുമല്ല. കേസില്‍ വിധി അനുകൂലമായാല്‍ ക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ബി.ജെ.പി തന്നെ അതിന് മുന്നില്‍ നില്‍ക്കുമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. പക്ഷേ സാങ്കേതികമായി ബി.ജെ.പിക്കോ സംഘ്പരിവാറിനോ അതിന് കഴിയില്ല. നിലവില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവെക്കുകയാണെങ്കിലും മുസ്ലിംകളുടെ വാദം അംഗീകരിക്കുകയാണെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായാണ് മാറാന്‍ പോകുന്നത്.
മസ്ജിദിന്റെ സ്ഥലം കൈയേറി അതിനകത്ത് ഹിന്ദുക്കള്‍ വിഗ്രഹം സ്ഥാപിച്ചു എന്നാണല്ലോ സുന്നീ വഖ്ഫ് ബോര്‍ഡിന്റെ കേസ്. ഈ വാദം സുപ്രീം കോടതി ശരിവെച്ചാല്‍ ആര് ഈ വിഗ്രഹം എടുത്തു മാറ്റും? മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പകുത്തു നല്‍കിയ വിധിയാണ് സുപ്രീംകോടതി അംഗീകരിക്കുന്നതെങ്കില്‍ മുസ്ലിംകളുടെ കൈയില്‍ വരുന്ന മൂന്നിലൊന്ന് സ്ഥലം അവിടെ നിലനിര്‍ത്തുന്നതില്‍ കേസിലെ രണ്ടാം കക്ഷിയായ നിര്‍മോഹി അഖാരക്ക് എതിര്‍പ്പില്ല. എന്നാല്‍ ഉടമസ്ഥാവകാശ കേസില്‍ നേരിട്ട് കക്ഷികളല്ലാത്ത ബി.ജെ.പിയും വി.എച്ച്.പിയും അത് അംഗീകരിക്കാനും പോകുന്നില്ല. പാര്‍ലമെന്റില്‍ നിയമം നിര്‍മിച്ച് മുസ്ലിംകളുടെ ഈ സ്ഥലം കൈയേറുക എന്നതല്ലാതെ മറ്റൊരു പോംവഴിയും പിന്നെ ബാക്കിയുണ്ടാകില്ല. മസ്ജിദ് തല്ലിത്തകര്‍ത്തതു പോലെ എളുപ്പമല്ല ക്ഷേത്ര നിര്‍മാണം എന്നു ചുരുക്കം. കോടതിവിധി എന്തായാലും അങ്ങാടിയില്‍ തല്ലി തോല്‍പ്പിക്കാനാവുമെന്ന സംഘ് പരിവാറിന്റെ ഹുങ്ക് മാത്രമായിരിക്കും അയോധ്യാ കേസിന്റെ ബാക്കിപത്രം. ആര്‍.എസ്.എസിന്റെ അയോധ്യാ യാത്ര ഈ ദിശയിലുള്ള ഒരു തുടക്കം മാത്രമായിരിക്കെ അതിനെ വെറുമൊരു ക്ഷേത്ര നിര്‍മാണ യാത്രയായി പൊതുജനം മനസ്സിലാക്കുന്നതാണ് ബി.ജെ.പിക്കു പോലും ഉള്‍ക്കൊള്ളാനാവാതെ പോകുന്നത്. ദല്‍ഹിയില്‍ പ്രത്യേകിച്ച് ചലനമൊന്നും സൃഷ്ടിക്കാതെ പോകുന്ന യാത്ര അടുത്ത ഘട്ടത്തില്‍ യു.പിയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എന്തും സംഭവിക്കുന്ന സാഹചര്യമായിരിക്കും സൃഷ്ടിക്കപ്പെടുക.
അയോധ്യാ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പതിവ് രാഷ്ട്രീയ പ്രസ്താവനകള്‍ക്കപ്പുറം വായ തുറന്ന് ഒരക്ഷരം ഉരിയാടിയിട്ടില്ല എന്നതും ശ്രദ്ധിക്കുക. അവരുടെ രാഷ്ട്രീയ പരിണാമങ്ങളുടെ കൂടി ബാക്കിപത്രമാണല്ലോ അയോധ്യയിലെ തര്‍ക്കവും അതിന്റെ ഇന്നത്തെ ദുരവസ്ഥയുമൊക്കെ. പുതിയ കാലത്ത് ബി.ജെ.പിയോളമോ അതിനേക്കാളേറെയോ നല്ല ഹിന്ദു പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് മറ്റാരുമല്ല രാഹുല്‍ ഗാന്ധി തന്നെയാണ് റാലികളില്‍ പറയുന്നത്. മോദി നല്ല ഹിന്ദുവല്ല എന്ന് പറയുമ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി പൂണൂല്‍ ധാരിയായ കശ്മീരീ കൗള്‍ ബ്രാഹ്മണനാണെന്നും ദത്താത്രേയ ഗോത്രത്തിലേക്കാണ് വേരുകളെന്നും കോണ്‍ഗ്രസ് സ്ഥാപിച്ചെടുക്കുന്നുണ്ട്. മധ്യപ്രദേശില്‍ ക്ഷേത്രങ്ങളില്‍ മാത്രമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ഒറ്റ മസ്ജിദിലോ ദര്‍ഗയിലോ കയറിയിട്ടില്ല. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു പത്രികയില്‍ മതകാര്യ വകുപ്പും രാമപാഥയും നര്‍മദാ പഥവും ഗോശാലകളും ഗോമൂത്രവുമൊക്കെ കടന്നുകയറി. അതില്‍ എടുത്തുപറയേണ്ട വിഷയമായിരുന്നു പശു. അക്രമാസക്തമായ മുസ്ലിം വിരുദ്ധതയുടെ പ്രതീകമായി ബി.ജെ.പി വളര്‍ത്തിയെടുത്ത ഈ രാഷ്ട്രീയ ആയുധം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റുപിടിക്കുക മാത്രമല്ല, സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്ന മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണവും ഇത്തവണ വെട്ടിക്കുറച്ചു. കഴിഞ്ഞ തവണ അഞ്ച് പേര്‍ക്ക് ടിക്കറ്റ് നല്‍കിയ കോണ്‍ഗ്രസ് ഇക്കുറി മൂന്നു മുസ്ലിംകളെ മാത്രമാണ് മധ്യപ്രദേശില്‍ രംഗത്തിറക്കിയത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സംസ്ഥാന അസംബ്ലിയിലെ മുസ്ലിം പ്രാതിനിധ്യമെന്നത് ഭോപാല്‍ നോര്‍ത്തിലെ എം.എല്‍.എയായ ആരിഫ് അഖീല്‍ മാത്രമായിരുന്നു. ഏകദേശം 45 ലക്ഷം മുസ്ലിംകളുള്ള സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് മറക്കരുത്. ഹിന്ദു പാര്‍ട്ടിയായി രൂപം മാറുമ്പോഴും മുസ്ലിംകളെ അകറ്റിനിര്‍ത്താത്ത പാര്‍ട്ടിയെന്ന 'ചീത്തപ്പേര്' പോലും രാഹുല്‍ ഗാന്ധിയും കൂട്ടരും ഭയപ്പെടുന്നുണ്ടായിരുന്നുവെന്നര്‍ഥം. മധ്യപ്രദേശില്‍ മൃദു ഹിന്ദുത്വമല്ല തീവ്ര ഹിന്ദുത്വം തന്നെയാണ് കോണ്‍ഗ്രസ് ഇറക്കിയ ചീട്ട്. മറുഭാഗത്ത് സ്വന്തം ഹിന്ദുത്വ വിഷയങ്ങളില്‍ മറ്റുള്ളവര്‍ കൈയിട്ടു വാരുമ്പോള്‍ രാമജന്മഭൂമി വിഷയമല്ലാത്തതൊന്നും ബി.ജെ.പിയുടെ കൈയില്‍ ബാക്കിയാവാതെയും വന്നു. അങ്ങനെ നോക്കുമ്പോള്‍ കോണ്‍ഗ്രസ് തന്നെയാണ് കര്‍ണാടക, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ വല്ലാതെയൊന്നും കേള്‍ക്കാനില്ലായിരുന്ന അയോധ്യാ കാര്‍ഡ് വീണ്ടും പരസ്യമായി ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കേണ്ട ഗതികേടിലേക്ക് ബി.ജെ.പിയെ കൊണ്ടെത്തിച്ചത്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം അയോധ്യയും ദേശീയതയും പട്ടാളവും സര്‍ജിക്കല്‍ സ്ട്രൈക്കുമൊക്കെ കൂടിക്കുഴഞ്ഞ് അസംബന്ധജടിലമായത് ഏറ്റവും മികച്ച ഹിന്ദു ദേശീയ പാര്‍ട്ടി ആരെന്ന് തെളിയിക്കാനുള്ള വെപ്രാളത്തിലായിരുന്നു.
ബാബരി മസ്ജിദ് കേസിന്റെ വിധി സ്വന്തം ജീവിതത്തെ എങ്ങനെയാണ് ബാധിക്കുകയെന്ന് ഇന്ത്യന്‍ മുസ്ലിംകള്‍ ഗൗരവത്തോടെ വിലയിരുത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഭൂമി കൈയില്‍ കിട്ടിയാലും കോണ്‍ഗ്രസോ ബി.ജെ.പിയോ ഭരിക്കുന്ന ഇന്ത്യയില്‍ അവിടെ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ഥമുാേ? എങ്ങനെ നോക്കിയാലും അടുത്ത അഞ്ചു വര്‍ഷക്കാലം ഇന്ത്യയെ ആരു ഭരിക്കുമെന്നതാണ് ഇന്ത്യന്‍ മുസ്ലിം ജനജീവിതത്തിന്റെ അടിസ്ഥാനമായി മാറാന്‍ പോകുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കളമൊഴിയുകയും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തിലേറുകയും ചെയ്തു എന്ന് സങ്കല്‍പ്പിക്കുക. ഉടമസ്ഥാവകാശ കേസിന്റെ ചൂടും പുളിയും ഏറ്റുവാങ്ങേണ്ടിവരിക മിക്കവാറും ഈ ഗവണ്‍മെന്റിനായിരിക്കും. കോണ്‍ഗ്രസിന്റെ വിവിധ കാലഘട്ടങ്ങളിലാണ് പള്ളി പൂട്ടിയിട്ടതും വിഗ്രഹം സ്ഥാപിച്ചതും പൂ
ജ നടത്താനായി തുറന്നു കൊടുത്തതും ശിലാന്യാസം നടത്തിയതും ഏറ്റവുമൊടുവില്‍ അത് എന്നെന്നേക്കുമായി തകര്‍ത്തതും. ഈ സംഭവങ്ങളിലൊക്കെ പ്രതിപക്ഷത്തായിരുന്നു ബി.ജെ.പി നിലകൊണ്ടത്, ഭരണപക്ഷത്തായിരുന്നില്ല. അതേ കോണ്‍ഗ്രസിനെ കൊണ്ട് ഇനിയവിടെ ക്ഷേത്രം നിര്‍മിപ്പിക്കണമെങ്കില്‍ ബി.ജെ.പി ഒന്നു തെരുവിലിറങ്ങി ബഹളം വെക്കേണ്ട ആവശ്യമേ ഉണ്ടാകാനിടയുള്ളൂ. ക്ഷേത്രത്തിനു വേണ്ടി കഴിഞ്ഞ നാലര വര്‍ഷമായി ഒരു ചുക്കും ചെയ്യാതെ അടങ്ങിയിരുന്ന നരേന്ദ്ര മോദി പിറ്റേദിവസം മുതല്‍ കോളാമ്പി കെട്ടി നാടു ചുറ്റാനിറങ്ങും. ഇപ്പോഴത്തെ പോ
ക്കനുസരിച്ച് ക്ഷേത്ര നിര്‍മാണം നടത്തണമെന്ന് ബി.ജെ.പി പറയുമ്പോള്‍ അതിനെതിരു നില്‍ക്കാന്‍ ആംപിയറില്ലാത്ത ഒരു വിനീതവിധേയന്റെ റോളിലായിരിക്കും മൃദുഹിന്ദുത്വത്തിന്റെ ചാമ്പ്യനാകാന്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ഉണ്ടായിരിക്കുക. രാജീവ് ഗാന്ധിയും നരസിംഹറാവുവും വഹിച്ച കുറ്റകരമായ പങ്കുകളുടെ തുടര്‍ച്ചയേറ്റുവാങ്ങാനാണ് ഈ കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെയും യോഗമെങ്കില്‍ നിലവില്‍ മതേതര മുന്നണിയില്‍ ഒപ്പം നില്‍ക്കുമെന്ന് പറയുന്ന സമാജ്വാദിയും ബി.എസ്.പിയുമൊക്കെ വീണ്ടും യു.പി രാഷ്ട്രീയം മുന്നില്‍ കണ്ട് പിന്നില്‍നിന്ന് കുത്തും. ക്ഷേത്ര നിര്‍മാണത്തെ ചൊല്ലി ഈ സര്‍ക്കാര്‍ നിലം പൊത്തിയാല്‍ പിന്നീടുള്ള ഇന്ത്യ ആഭ്യന്തര കലാപങ്ങളുടെ വിളഭൂമിയായിരിക്കുമെന്നതില്‍ ആര്‍ക്കുണ്ട് സംശയം?
അഫ്സല്‍ ഗുരു കേസില്‍ സംഭവിച്ചതുപോലെ പൊതു വികാരം പരിഗണിച്ചോ, തല്‍സ്ഥിതി പരിഗണിച്ചോ മറ്റോ കോടതി വിധി പറഞ്ഞു എന്നിരിക്കട്ടെ. സകല രാഷ്ട്രീയ പാര്‍ട്ടികളും അതിനെ സ്വാഗതം ചെയ്യുകയാണുണ്ടാവുക. അലഹാബാദ് ഹൈക്കോടതിയുടെ വിധി അതേപടി നിലനിര്‍ത്തിയാലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ശേഷിച്ച രണ്ട് സ്ഥലങ്ങളും കൂട്ടിച്ചേര്‍ത്ത് ക്ഷേത്ര നിര്‍മാണം ആരംഭിക്കും. പക്ഷേ മസ്ജിദ് 'േദശീയ വികാര'മല്ലാത്തതുകൊണ്ട് ഒരു സര്‍ക്കാറും ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങാന്‍ പോകുന്നില്ല. അഥവാ കോടതി കണ്ണുരുട്ടി അത്തരമൊരു തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടായി എന്നിരിക്കട്ടെ. അപ്പോള്‍ പോലും അങ്ങോട്ടേക്ക് കടക്കാനുള്ള വഴി ഉള്‍പ്പെടുന്ന 67.3 ഏക്കര്‍ സ്ഥലം നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ കൈയിലാണ്. പാര്‍ലമെന്റിലൂടെ വേണം അത് വിട്ടുകിട്ടാന്‍. ഈ കോണ്‍ഗ്രസ് അതിന് മുന്‍കൈയെടുക്കുമോ? കാത്തിരുന്നു കാണാം.
Comments