Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

സൈബര്‍ വിപണിയിലെ വ്യാജ മരുന്നുകള്‍

ഡോ. ടി.കെ യൂസുഫ്

അനേകം തട്ടിപ്പുകളുടെയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും കൂത്തരങ്ങായ ഇ കൊമേഴ്‌സില്‍ ഇപ്പോള്‍ മനുഷ്യ ജീവന്‍ കൊണ്ട് പന്താടുന്ന വ്യാജ ഔഷധ വിപണിയും അരങ്ങു തകര്‍ക്കുകയാണ്. മാരക രോഗങ്ങള്‍ക്കും തീരാവേദനകള്‍ക്കും ശമനം നല്‍കുന്ന വല്ല മരുന്നുകളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകാന്‍ വേണ്ടി ആഗോള വലയില്‍ അന്വേഷിക്കുന്നവരുടെ പണം പിടുങ്ങി, അവര്‍ക്ക് നിഷ്ഫലവും അപകടകരവുമായ വ്യാജ മരുന്നുകള്‍ നല്‍കുന്നതിനേക്കാള്‍ വലിയ ക്രൂരത എന്തുണ്ട്? ചോദിക്കാനും പറയാനും ആളില്ലാത്ത ഈ നാഥനില്ലാക്കളരിയില്‍ എത്രമാത്രം കൃത്രിമ മരുന്നുകളാണ് വിറ്റഴിക്കപ്പെടുന്നത്! ഈ തട്ടിപ്പിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണ്? ഇന്റര്‍നെറ്റില്‍നിന്നും മരുന്നു വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.?

ആഗോളവലയില്‍ വിപണനം ചെയ്യപ്പെടുന്ന വ്യജ മരുന്നുകളുടെ തോത് 200 കോടി ഡോളര്‍ വരെ എത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് എല്ലായിടത്തും വ്യാജ മരുന്നുകള്‍ കാണപ്പെടുന്നുണ്ട്. അവയിലെ ഘടകങ്ങളും ചേരുവകളും യാതൊരു ഗുണവും ചെയ്യില്ല എന്നതിലുപരി ആരോഗ്യത്തിന് ഹാനികരം കൂടിയാണ്. മരുന്നിന്റെ ചേരുവകള്‍ പാക്കറ്റുകളില്‍ രേഖപ്പെടുത്താറുണ്ടെങ്കിലും ഇവ നിര്‍മിക്കാനുപയോഗിച്ച വസ്തുക്കള്‍ക്ക് അവയുമായി യാതൊരു ബന്ധവും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ വ്യാജ മരുന്നുകള്‍ രോഗശമനം നല്‍കില്ലെന്നു മാത്രമല്ല അനേക രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.  അംഗീകൃത കമ്പനിക്കാരുടെ ലേബലില്‍ പോലും കൃത്രിമ വിലാസത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ വ്യജ വിപണിയില്‍ വിലസുന്നുണ്ട്. 

ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ തടയാന്‍ പല രാജ്യങ്ങളും നിയമനിര്‍മാണം നടത്തിയതു പോലെ, വ്യാജ മരുന്ന് വിപണി നിയന്ത്രിക്കാന്‍ വേണ്ടിയും ചില രാജ്യങ്ങള്‍ സന്നദ്ധമാകുന്നുണ്ട്. ഫ്രാന്‍സില്‍ വ്യാജമരുന്ന് വിപണി നടത്തുന്ന വെബ്‌സൈറ്റുകള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അടച്ചുപൂട്ടി, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്തത് അതിനുദാഹരണമാണ്. തുടര്‍ന്ന് ഇന്റര്‍നെറ്റിലെ വ്യാജ മരുന്നുവിപണിക്കെതിരെ 81 രാജ്യങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു കാമ്പയില്‍ സംഘടിപ്പിക്കുകയും പതിനായിരത്തിലധികം അനധികൃത സൈറ്റുകള്‍ നിരോധിക്കുകയും ചെയ്തു. 

ലൈംഗിക ഉത്തേജക മരുന്നുകള്‍, ഗര്‍ഭ നിരോധന ഗുളികകള്‍, തടി കുറക്കാനും കൂട്ടാനുമുളള ഔഷധങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവക്കു പുറമെ പ്രമേഹം, രക്ത സമ്മര്‍ദം, യൂറിക് ആസിഡ്, കാന്‍സര്‍, അപസ്മാരം, വിഷാദം എന്നീ രോഗങ്ങള്‍ക്കുളള മരുന്നുകളുമാണ് പ്രധാനമായും വ്യാജ വിപണിയില്‍ കാണപ്പെടുന്നത്. ആവശ്യക്കാര്‍ എറെയുളള ഇത്തരം ഔഷധ രംഗത്തെ വ്യജന്മാരെ നേരിടാന്‍  ഇന്റര്‍പോള്‍ തന്നെ ഇടപെടുന്നുണ്ട് എന്നതാണ് അല്‍പം ആശ്വാസം. കുറ്റവാളികളെ പിടികൂടുന്നതോടൊപ്പം ഇരകളെ ബോധവത്കരിക്കാനും ഇന്റര്‍പോള്‍ ദൃശ്യ-ശ്രാവ്യ മര്‍ഗങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ട്. 

മൂന്നാം ലോക രാജ്യങ്ങള്‍ക്കാണ്  വ്യാജ മരുന്നുവിപണി ഏറ്റവും വലിയ വെല്ലുവിളിയായിത്തീര്‍ന്നിട്ടുളളതെന്നാണ് ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫ. ഡേവിഡ് ടെയ്‌ലര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങള്‍ ഇത്തരം കെണിയില്‍ അധികം അകപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് വ്യാജ ലോബി കാര്യമായി ലക്ഷ്യം വെക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണപ്രകാരം ഇന്റര്‍ നെറ്റിലൂടെയോ അല്ലാതെയോ മൂന്നാം ലോകത്ത് വിറ്റഴിക്കപ്പെടുന്ന ഔഷധങ്ങളില്‍ മുപ്പതു ശതമാനവും വ്യാജമാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന്റെ തോത് കേവലം പത്തു ശതമാനം മാത്രമാണ്. ഇ കൊമേഴ്‌സിലൂടെ സൈബര്‍ വിപണിയില്‍നിന്ന് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ വാങ്ങുന്നത് ബ്രിട്ടീഷുകാരാണെങ്കിലും വ്യാജ മരുന്നുകള്‍ വാങ്ങുന്നവര്‍ അവരില്‍ ഒരു ശതമാനം മാത്രമാണ്. കാരണം ബ്രിട്ടനിലെ ഔഷധ ഗുണനിലവാര പരിശോധനാ സംഘങ്ങള്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മാത്രമെ അവര്‍ വാങ്ങിക്കാറുളളൂ. 

വ്യാജ മരുന്നുകളുടെ പരസ്യങ്ങള്‍ പലവിധത്തില്‍ വരുന്നതു കൊണ്ടു തന്നെ അവ മുഴുവനും അന്വേഷിച്ച് കണ്ടെത്തുക ദുഷ്‌കരമാണ്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ മിക്ക രാജ്യങ്ങളും നിയോഗിക്കുന്ന സംഘടനകളുടെ പരിധിയില്‍ ഒതുങ്ങാത്ത വിധം വിപുലവും വൈവിധ്യപൂര്‍ണവുമായ മാര്‍ഗങ്ങളിലൂടെയാണ് വ്യാജ മരുന്നുകളെക്കുറിച്ചുളള പരസ്യങ്ങള്‍ പുറത്തു വരുന്നത്. വ്യാജന്മാരെ കണ്ടെത്താനുളള കുറ്റമറ്റ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ വ്യാജവിപണിയുടെ തോത് താരതമ്യേന കുറവാണ് എന്നു മാത്രം. 

ഭരണകൂടങ്ങള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി സമഗ്രവും സമ്പൂര്‍ണവുമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത രാജ്യങ്ങളിലാണ് വ്യാജന്മാരുടെ വിളയാട്ടം. അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാനും അവ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കാനും സര്‍ക്കാറുകള്‍ ശ്രമിക്കാത്തതും ഇക്കൂട്ടരുടെ വളര്‍ച്ചക്ക് സഹായകമായിത്തീരുന്നുണ്ട്. പല രാജ്യങ്ങളും ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുന്ന ഈ കച്ചവടത്തെ നിയന്ത്രിക്കുന്നതിന് ഇതുവരെ നിയമനിര്‍മാണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല എന്നതാണ് അത്ഭുതം. സ്വതന്ത്ര വിപണിയുടെ വാതിലുകള്‍ തുറക്കപ്പെട്ട രാജ്യങ്ങളും വ്യാജന്മാര്‍ക്ക് വിരുന്നൊരുക്കുന്നുണ്ട്. ഇന്റര്‍നെറ്റ് വിപണി ഉപഭോക്താക്കള്‍ക്ക് ഏറെ സമയവും അധ്വാനവും ലാഭിക്കാന്‍ വഴിയൊരുക്കുന്നുണ്ടെങ്കിലും മരുന്നുകളും ജീവന്‍ രക്ഷാ ഔഷധങ്ങളും വാങ്ങാന്‍ ഈ മാര്‍ഗം വിനിയോഗിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

(അവലംബം: അല്‍മുജ്തമഅ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍