കോപാഗ്നിയില്‍ കത്തിയമരാതിരിക്കാന്‍
സ്വഭാവത്തിലെ സന്തുലിതത്വവും സംസ്‌കാരത്തിലെ ഔന്നത്യവും നഷ്ടപ്പെടുത്തുന്ന കോപവും ദേഷ്യവും ക്രോധവും വര്‍ജിക്കാതെ വ്യക്തിത്വ വികാസം സാധ്യമാവില്ല. ഹൃദയത്തില്‍ തിളച്ചുമറിയുന്ന രോഷത്തിന്റെ ശമനം പകയിലൂടെയും പ്രതികാരത്തിലൂടെയും സാധിക്കണമെന്ന അന്തര്‍ദാഹമാണ് കോപത്തിന്റെ കാതല്‍. കോപത്തിന് പല തലങ്ങളുണ്ട്. കണ്ണും മുഖവും ചുവന്ന് നാഡീഞരമ്പുകള്‍ വലിഞ്ഞുമുറുകി കടിച്ചുകീറാന്‍ ആയുന്ന മനോഭാവത്തോടെ ഈറ്റപ്പുലിയെ പോലെ ചാടിവീഴുന്ന വ്യക്തികളെ കാണാം. അവരാണ് കോപത്തിന്റെ ആള്‍രൂപങ്ങള്‍. നാവ് കൊും കൈകാലുകള്‍ കൊണ്ടും അപരരെ ആക്രമിച്ചൊതുക്കാന്‍ വെമ്പുന്ന അവരുടെയുള്ളില്‍ പ്രത്യാഘാതങ്ങളെയോ ഭവിഷ്യത്തുകളെയോ കുറിച്ച ചിന്തയുണ്ടാവില്ല. എങ്ങനെയും തങ്ങളുടെ കോപം ശമിപ്പിച്ച് അപരന്റെ മേല്‍ അധീശത്വം സ്ഥാപിക്കാനാവും അവരുടെ ശ്രമം.
വികാരങ്ങളെ വിവേകം കീഴടക്കണം. ബുദ്ധിയും യുക്തിയും വീണ്ടുവിചാരവുമാവണം കര്‍മങ്ങളെ നിയന്ത്രിക്കുന്നത്. ആദര്‍ശബദ്ധമായ സുബദ്ധ നിലപാടില്‍ അടിയുറച്ച് ജീവിക്കുന്നവര്‍ക്ക് ചുറ്റും നടമാടുന്ന അധര്‍മങ്ങളോടും വ്യാജ വ്യവസ്ഥിതികളോടും അമര്‍ഷവും രോഷവും ഉണ്ടാവുക സ്വാഭാവികം. അത് ആക്ഷേപിക്കപ്പെടേണ്ടതല്ല. ആക്ഷേപിക്കപ്പെടേണ്ടത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മനുഷ്യനില്‍ അന്തര്‍ലീനമായ കോപവികാരത്തെ ഉപയോഗപ്പെടുത്തുന്നതാണ്. സ്വഭാവത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുന്ന കോപാഗ്നിയില്‍നിന്ന് അകലം പാലിക്കാന്‍ ഉപദേശിക്കുന്ന നിരവധി നബിവചനങ്ങളുണ്ട്.
അബൂഹുറയ്‌റ(റ)യില്‍നിന്ന്. നബി (സ) പറഞ്ഞു: ''അപരനെ ഇടിച്ചുവീഴ്ത്തുന്ന മല്ലനല്ല ശക്തന്‍. കോപവേളയില്‍ മനസ്സിനെ നിയന്ത്രിക്കാനും വികാരങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിക്കാനും കഴിയുന്നവനാണ് ശക്തന്‍'' (ബുഖാരി).
അബൂഹുറയ്‌റ(റ): ഒരാള്‍ നബിയോട്: ''തിരുദൂതരേ, എനിക്ക് ആവശ്യമായ ഉപദേശം നല്‍കിയാലും.'' നബി(സ): ''നീ കോപിക്കാതിരിക്കുക.'' അത് പലതവണ നബി (സ) ആവര്‍ത്തിച്ചു. വീണ്ടും ഉണര്‍ത്തി: ''കോപാകുലനാവരുത്'' (ബുഖാരി). അബ്ദുല്ലാഹിബ്‌നു അംറ് (റ): ഞാന്‍ നബിയോട് ചോദിച്ചു: ''അല്ലാഹുവിന്റെ കോപത്തില്‍നിന്ന് എന്നെ രക്ഷപ്പെടുത്തുന്നതെന്താണ്?'' നബി (സ): ''നീ കോപിക്കാതിരിക്കുക'' (അഹ്മദ്). അബൂദ്ദര്‍ദാഅ്: ഞാന്‍ റസൂലിനോട് ചോദിച്ചു: ''എന്റെ സ്വര്‍ഗപ്രവേശത്തിന് കാരണമാകുന്നതെന്താണ്?'' നബി (സ): ''നീ ദേഷ്യവും കോപവും വര്‍ജിക്കുന്നത്'' (ത്വബറാനി). അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറഞ്ഞു: ''കോപാകുലനാകുമ്പോള്‍ കാണിക്കുന്ന വിവേകമാണ് വ്യക്തിയെ വ്യത്യസ്തനാക്കുന്നത്. ആഗ്രഹവും ആസക്തിയുമുണ്ടായിട്ടും കാത്തുസൂക്ഷിക്കുന്ന വിശ്വാസ്യതയും അമാനത്തുമാണ് ഒരാളെ വ്യതിരിക്തനാക്കുന്നത്'' (ഇഹ്‌യാ ഉലൂമിദ്ദീന്‍). ഉമര്‍ (റ) തന്റെ ഖുത്വ്ബയില്‍ ഓര്‍മിപ്പിച്ചു: ''ദുരാര്‍ത്തിയും തന്നിഷ്ടവും കോപവും ഇല്ലാത്തവന്‍ വിജയിച്ചു'' (ഇഹ്‌യാ). അബ്ദുല്ലാഹിബ്‌നു മുബാറകിനോട് ഒരാള്‍: ''സദ്‌സ്വഭാവമെന്തെന്ന് ഒറ്റ വാക്കില്‍ പറയാമോ?'' അദ്ദേഹത്തിന്റെ മറുപടി: ''കോപം വര്‍ജിക്കലാണ് അത്'' (ഇഹ്‌യാ).
ജീവിക്കുന്ന പരിസരം കോപം വളര്‍ത്തും. തര്‍ക്കവും വാഗ്വാദങ്ങളും കോപത്തിലേക്ക് നയിക്കും. അതിരുവിട്ട തമാശ, തനിക്കു നേരെ ഉയരുന്ന അതിക്രമങ്ങള്‍, ഞാനെന്ന ഭാവം, തന്നില്‍ കുടികൊള്ളുന്ന കോപവികാരങ്ങളെ ചെറുത്തുതോല്‍പിക്കാനുള്ള കരുത്തില്ലായ്മ, കഴിഞ്ഞകാലത്തെ ദുരനുഭവങ്ങളും സംഭവങ്ങളും മാന്തിപ്പുറത്തിട്ട് ഉണ്ടാക്കുന്ന കുടിപ്പക, ഔസ്-ഖസ്‌റജ് ഗോത്രക്കാരെ തമ്മില്‍ തെറ്റിക്കാനും കലാപകാരികളാക്കി മാറ്റാനും ശാബുബ്‌നു ഖൈസിനെ പോലുള്ള വ്യക്തികള്‍ നബി(സ)യുടെ കാലത്ത് അവലംബിച്ച കുടില തന്ത്രങ്ങള്‍-ഇങ്ങനെ നിരവധി കാരണങ്ങള്‍ കോപത്തിന്റെ വിത്തു പാകാനും കോപാഗ്നി ജ്വലിപ്പിക്കാനും നിമിത്തമാവാറുണ്ട്.
കോപവും ദേഷ്യവും വ്യക്തിക്ക് വരുത്തുന്ന നാശങ്ങള്‍ നിരവധിയാണ്. നാഡീഞരമ്പുകള്‍ വലിഞ്ഞുമുറുകുകയും കണ്ണുകള്‍ ചുവക്കുകയും ചെയ്യുന്ന അവസ്ഥാന്തരങ്ങള്‍ നിരന്തരം സംഭവിക്കുമ്പോള്‍ അതിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ ശരീരത്തെ പ്രതികൂലമായി ബാധിക്കാതെ വയ്യ. വികാരങ്ങള്‍ക്കു മേല്‍ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന വ്യക്തിയേക്കാള്‍ കവിഞ്ഞ ഭാഗ്യഹീനന്‍ ആരുണ്ട്? സുലൈമാന്‍ നബി (അ) പറഞ്ഞു: ''കോപത്തിന്റെ ആധിക്യം സൂക്ഷിക്കണം. കാരണം അത് വിവേകശാലിയുടെ ഹൃദയം തകര്‍ക്കും'' (ഇഹ്‌യാ).
കോപാകുലന് ദേഷ്യവേളയില്‍ താന്‍ ചെയ്യുന്നതിനെക്കുറിച്ചും പറയുന്നതിനെക്കുറിച്ചും ഒരു ബോധവും ഉണ്ടാവില്ല. അന്നേരം ഉന്മാദിയെ പോലെയാണ് അയാളുടെ പെരുമാറ്റം. മറ്റുള്ളവരോട് ക്ഷമാപണം നടത്തേണ്ട ദൈന്യാവസ്ഥയില്‍ കോപം അയാളെ കൊണ്ടെത്തിക്കും. ''എപ്പോഴും 'മാപ്പ്, മാപ്പ്' എന്ന് പറയേണ്ടിവരുന്ന ദുര്‍ഗതി സൂക്ഷിക്കണം'' (ഇഹ്‌യാ).
കോപിഷ്ഠന് കൂട്ടുകാരുണ്ടാവില്ല. ജനങ്ങള്‍ 'വെറുക്കപ്പെട്ടവന്‍' ആയി അയാളെ മാറ്റിനിര്‍ത്തും. സമൂഹത്തില്‍നിന്ന് പുറന്തള്ളപ്പെടുന്ന അയാള്‍ ഒറ്റപ്പെടുകയും വിഷാദരോഗിയായിത്തീരുകയും വീട്ടിലും കുടുംബത്തിലും അന്യനായി കഴിയേണ്ടിവരികയും ചെയ്യും.
നബി (സ) കോപത്തിന് ചികിത്സ നിര്‍ണയിച്ചിട്ടുണ്ട്. രണ്ടാളുകള്‍ കോപാകുലരായി പരസ്പരം ശകാരിച്ചപ്പോള്‍ നബി(സ): ''അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം എന്ന് അവര്‍ പറഞ്ഞാല്‍ ദേഷ്യം അകലും, രംഗം ശാന്തമാവും'' (ബുഖാരി).
നബി (സ) മറ്റൊരിക്കല്‍: ''ഹൃദയത്തില്‍ തീക്കനല്‍ കത്തുന്നപോലെ കോപം ആളിക്കത്തും. നിങ്ങള്‍ കണ്ടിട്ടില്ലേ, ദേഷ്യം പിടിച്ചവന്റെ കണ്ണുകള്‍ ചുവക്കുന്നതും ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നതും. അങ്ങനെ അനുഭവപ്പെട്ടാല്‍ അയാള്‍ ഭൂമിയോട് ഒട്ടിനില്‍ക്കട്ടെ'' (തിര്‍മിദി). ''നില്‍ക്കുമ്പോഴാണ് ദേഷ്യമെങ്കില്‍ ഇരിക്കണം. എന്നിട്ടും കോപം ശമിച്ചില്ലെങ്കില്‍ ചെരിഞ്ഞു കിടക്കട്ടെ''. വീണ്ടും നബി(സ): ''കോപം പൈശാചികമാണ്. പിശാച് പടക്കപ്പെട്ടത് തീയാലാണ്. തീ വെള്ളം കൊണ്ട് അണയും. അതിനാല്‍ കോപം വന്നാല്‍ വുദൂവെടുക്കുക'' (അബൂദാവൂദ്).
സംഗ്രഹം: പി.കെ ജമാല്‍
Comments