Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

ജവാദില്‍ഖുറാ, ഫദക്, തൈമാഅ്

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-76)

ഖൈബറില്‍നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന വാദില്‍ഖുറായില്‍ നിരവധി ഗോത്രങ്ങള്‍ താമസിച്ചിരുന്നു. അവരില്‍ അറബി ഗോത്രങ്ങളുണ്ട്, ജൂത ഗോത്രങ്ങളുണ്ട്. ബലാദുരി1യുടെ വിവരണത്തില്‍, ഖൈബര്‍ വിട്ടശേഷം പ്രവാചകന്‍ സൈന്യസമേതം വാദില്‍ഖുറായില്‍ ചെന്നതായി പറയുന്നുണ്ട്. ഒരൊറ്റ ദിവസം മാത്രം നീണ്ട ചെറിയ പ്രതിരോധത്തിനൊടുവില്‍ തങ്ങളുടെ കോട്ടകള്‍ക്കകത്തായിരുന്ന (ഉത്വും എന്നായിരുന്നു ആ കോട്ടകള്‍ക്ക് പറഞ്ഞിരുന്നത്. സംഹൂദി, രണ്ടാം എഡിഷന്‍, പേ: 1328) ജൂതന്മാര്‍ പുറത്തേക്കിറങ്ങി തങ്ങള്‍ കീഴടങ്ങിയതായി പ്രഖ്യാപിച്ചു. ഖൈബറിലെ അതേ കീഴടങ്ങല്‍ വ്യവസ്ഥ തന്നെയായിരുന്നു ഇവിടെയും. അതായത്, ഉല്‍പ്പന്നങ്ങളുടെ പകുതി ഇവിടത്തുകാര്‍ മദീനയിലെ കേന്ദ്ര ഭരണകൂടത്തിന് നല്‍കണം. ഇവിടത്തെ ഗവര്‍ണറായി അംറുബ്‌നു സഈദി2നെ പ്രവാചകന്‍ നിശ്ചയിക്കുകയും ചെയ്തു. ഖൈബര്‍ സംഭവം തൊട്ടടുത്ത ജൂതഗോത്രങ്ങള്‍ക്ക് മദീനാ ഭരണകൂടത്തിന് വിധേയപ്പെടാന്‍ പ്രേരണയായി. ഉദാഹരണത്തിന് ബനൂ ഉദ്‌റയിലെ ജൂതന്മാര്‍.3 ഉദ്‌റക്കാരനായ ഹംസ എന്നയാള്‍ക്ക് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ വാദില്‍ഖുറായില്‍ ധാരാളം സ്ഥലങ്ങള്‍ പ്രവാചകന്‍ പതിച്ച് നല്‍കിയിരുന്നു.4 ഹി. ഒമ്പതാം വര്‍ഷം ഒരു സ്ത്രീക്ക് ഈ മേഖലയില്‍ ധാരാളം സ്ഥലങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്.5

 

ഫദക്

മദീനക്കും ഖൈബറിനുമിടയിലാണ് ഫദക്. കുതിരക്കടിഞ്ഞാണ്‍ നിര്‍മാണത്തിന് പ്രശസ്തമായിരുന്നു ഈ പ്രദേശം (സംഹൂദി, രണ്ടാം എഡിഷന്‍, പേ: 1245). വാഖിദി6 റിപ്പോര്‍ട്ട് ചെയ്യുന്നത്, ഫദകിലെ ജൂതന്മാര്‍ ഖൈബറുകാരെ സഹായിക്കാന്‍ പോകാനിരിക്കുകയായിരുന്നു എന്നാണ്. അപ്പോള്‍ പ്രവാചകന്‍, അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഹിജ്‌റ ആറാം വര്‍ഷം ശഅ്ബാന്‍ മാസത്തില്‍ ഫദകിലേക്ക് അയച്ചു. പക്ഷേ, ഖൈബര്‍ സംഭവം നടക്കുന്നതാകട്ടെ പിന്നെയും ആറു മാസം കഴിഞ്ഞ് ഹി. 7-ാം വര്‍ഷം മുഹര്‍റം മാസത്തിലാണ്. ഇങ്ങനെ സംഭവങ്ങള്‍ കാലം തെറ്റി വരാനുള്ള കാരണം കണക്കുകൂട്ടലിലെ ചില ആശയക്കുഴപ്പങ്ങളാണെന്ന് പലയിടങ്ങളിലും നാം സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇബ്‌നുഹിശാമിന്റെ7 വിവരണപ്രകാരം, ഖൈബറുകാര്‍ അംഗീകരിച്ച അതേ സന്ധിവ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തങ്ങളും തയാറാണെന്ന് ഫദകില്‍നിന്നുള്ള ഒരു പ്രതിനിധിസംഘം പ്രവാചകനെ ചെന്നു കണ്ട് അറിയിക്കുകയാണുണ്ടായത്. മദീനാ ഗവണ്‍മെന്റിന്റെ മറ്റു ചെലവുകള്‍ക്കൊപ്പം, പ്രവാചക കുടുംബത്തിന്റെ ചെലവുകള്‍ക്കും വക കണ്ടെത്തിയിരുന്നത് ഇവിടെ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു. അബൂദാവൂദ് മാത്രം ഉദ്ധരിക്കുന്ന ഒരു സംഭവം (സുനന്‍ 19: 33/35) ഇങ്ങനെയാണ്: ഫദകിലെ ഗോത്രമുഖ്യന്‍ പ്രവാചകന് നാല് ഒട്ടകങ്ങള്‍ക്ക് വഹിക്കാന്‍ മാത്രമുള്ള സമ്മാനങ്ങളും ധാന്യങ്ങളും അയച്ചുകൊടുത്തു. പ്രവാചകനത് സ്വീകരിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല.

 

തൈമാഅ്

തൈമാഅ് നഗരം അറേബ്യയുടെ ഏറ്റവും വടക്കേ അറ്റത്താണ്. അറബി സാഹിത്യത്തില്‍ തൈമാഇന്റെ ഒട്ടേറെ മുദ്രകള്‍ പതിഞ്ഞു കിടക്കുന്നുണ്ട്. അവയില്‍ മിക്കതും ആറാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ പൈതൃകത്തില്‍നിന്നുള്ളവയാണ്. ആര്‍ക്കിയോളജിക്കല്‍ പര്യവേക്ഷണങ്ങളിലൂടെ, അവ ക്രൈസ്തവ യുഗത്തിനുമപ്പുറമുള്ള കാലത്തേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏതായാലും അക്കാലത്ത് ജൂത സ്വാധീനം വെളിപ്പെടുന്നതൊന്നും ഇവിടെനിന്ന് കണ്ടു കിട്ടിയിട്ടില്ല.

രണ്ടാം അസീറിയന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ തിഗ്‌ലത്ത് പിലേസര്‍ (745-727 ബി.സി) വടക്കന്‍ അറേബ്യ കീഴടക്കിയിരുന്നു. ബി.സി 728-ല്‍ ഠലാമശ (തൈമഃ തന്നെ)യില്‍നിന്നും മസാഇ, സബാഇ8 ഗോത്രങ്ങളില്‍നിന്നും അദ്ദേഹത്തിന് സ്വര്‍ണവും ഒട്ടകങ്ങളും സുഗന്ധ ദ്രവ്യങ്ങളും തിരുമുല്‍ക്കാഴ്ചയായി ലഭിച്ചിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. രണ്ട് നൂറ്റാണ്ട് കഴിഞ്ഞ് അവസാനത്തെ കല്‍ദിയന്‍ രാജാവ് നബോനിഡസ് (559-539 ബി.സി) ഇവിടെയൊരു പ്രവിശ്യാ പാര്‍പ്പിടം പണിതതോടെയാണ് ഈ പ്രദേശം വീണ്ടും പ്രശസ്തിയാര്‍ജിച്ചത്. ഒരു ക്യൂനിഫോം ലിഖിതത്തില്‍, നബോനിഡസ് രാജാവ് തേമ(തൈമാഅ്)യിലെ രാജകുമാരനെ കൊല്ലുകയും എന്നിട്ട് ഈ മരുപ്പച്ചയില്‍ താമസമാക്കുകയുമാണുണ്ടായത്9 എന്നു കാണാം.

തൈമാഅ് ശില (Stone of Taima) എന്ന ലിഖിതത്തില്‍- ഇതിപ്പോള്‍ ഫ്രാന്‍സിലെ ലുവ്ര് മ്യൂസിയത്തിലുണ്ട്- ബി.സി അഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന മനോഹര വര്‍ണനകളുണ്ട്. അരാമിക് ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഹജംസലം എന്ന പുതിയ പ്രതിഷ്ഠയെക്കുറിച്ചാണ് അതില്‍ പറയുന്നത്. ഒരു പുരോഹിതനാണ് ഈ പ്രതിഷ്ഠയുമായി രംഗത്തു വന്നത്. അയാള്‍ അതിനൊരു ക്ഷേത്രമുണ്ടാക്കുകയും കാണിക്കകള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ ചുമതലകള്‍ പരമ്പരാഗതമായി ചിലരെ ഏല്‍പ്പിക്കുകയും ചെയ്തു.10

ജൂതശക്തി തൈമാഇല്‍ കേന്ദ്രീകരിക്കപ്പെടുന്നത് മിക്കവാറും ക്രി. ആറാം നൂറ്റാണ്ടിലായിരിക്കും. നമ്മുടെ ചരിത്ര സ്രോതസ്സുകളില്‍ സമൗഅലു ബ്‌നു ആദിയാഅ് എന്നൊരു ജൂതരാജകുമാരനെക്കുറിച്ച് പറയുന്നുണ്ട്. ഈ സമൗഅല്‍/സാമുവല്‍ പാര്‍ത്തിരുന്നത് തൈമയില്‍ പ്രശസ്തമായ ഒരു കോട്ടയിലായിരുന്നു. അറബിയല്ലാത്ത മറ്റൊരു ഭാഷയും അയാള്‍ സംസാരിക്കുമായിരുന്നില്ല. അയാളുടെ കവിതകളും (ബൈറൂത്ത് എഡിഷന്‍) സമാഹരിക്കപ്പെട്ടിട്ടുണ്ട്. അവ വായിച്ചാല്‍ അയാളും മറ്റു അറബികളും തമ്മില്‍ ഭാഷയിലോ ചിന്തയിലോ ഒരു വ്യത്യാസവും കാണാന്‍ കഴിയില്ല. ഒരുപക്ഷേ, അയാള്‍ ഇസ്രായേല്‍ക്കാരന്‍ തന്നെ ആവണമെന്നില്ല; ജൂതമതത്തിലേക്ക് മാറിയ അറബിയായിരിക്കാം. മൃഗാരാധന പോലുള്ള സമ്പ്രദായങ്ങളില്‍നിന്ന് അറബികള്‍ വിടുതല്‍ ആഗ്രഹിച്ച ഒരു ഘട്ടമായിരുന്നു അത്. ഏകദൈവത്വം പോലുള്ള വിശ്വാസക്രമങ്ങള്‍ പിന്തുടരാന്‍ ഇതാവാം കാരണം (ഈ ഘട്ടത്തില്‍ തന്നെയാണ് ദുന്നുവാസും ജൂതമതം സ്വീകരിക്കുന്നത്). ഏതായാലും ഈ സമൗഅല്‍/സാമുവല്‍ ആണ് 'സമൗഅലിനേക്കാള്‍ സത്യസന്ധന്‍' എന്ന അറബി പ്രയോഗത്തിന് കാരണക്കാരന്‍.

ഇയാള്‍ ജീവിച്ചിരുന്ന കോട്ട അല്‍ അബ്‌ലഖ്11 (പല നിറങ്ങളുള്ള അല്ലെങ്കില്‍ രണ്ട് നിറങ്ങളുള്ള എന്നര്‍ഥം) എന്നോ ചിലപ്പോള്‍ അല്‍ അബ്്‌ലഖുല്‍ ഫര്‍ദ് (ഒരേയൊരു അബ്്‌ലഖ്) എന്നോ ആണ് വിളിക്കപ്പെട്ടിരുന്നത്. പല വര്‍ണങ്ങളുള്ള കല്ലുകള്‍ കൊണ്ട് നിര്‍മിച്ചതുകൊണ്ടാവാം ഈ പേരു വന്നത്. മദീനയില്‍നിന്ന് അന്നത്തെ കാലത്ത് ഏഴു ദിവസം വഴിദൂരമുള്ള തൈമാഇന്ന് പുറംമതിലുകളുണ്ടായിരുന്നു. ഉവൈറ തടാകക്കരയിലായിരുന്നു അത് സ്ഥിതിചെയ്തിരുന്നത്. ബക്‌രിയുടെ റിപ്പോര്‍ട്ടനുസരിച്ച്, അവിടെ ധാരാളം കാരക്കത്തോട്ടങ്ങളും അത്തിമരങ്ങളും മുന്തിരിത്തോപ്പുകളുമൊക്കെ ഉണ്ടായിരുന്നു. ഇവിടെയുള്ള കോട്ട നിര്‍മിച്ചത് സോളമനാണെന്നും അദ്ദേഹം പറയുന്നു.12 ഇതിന് പ്രമുഖ കവി അഅ്ശയുടെ വരികള്‍ തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രശസ്തനായിരുന്ന അറബിക്കവി ഇംറുഉല്‍ ഖൈസ്, സമൗഅലിന്റെ സമകാലികനായിരുന്നു. ഒരിക്കല്‍ ഇംറുല്‍ ഖൈസ് തൈമാഇലെത്തി തന്റെ ജംഗമസ്വത്തുക്കളൊക്കെ, പ്രത്യേകിച്ച് ആയുധങ്ങള്‍ സമൗഅലിനെ ഏല്‍പ്പിച്ചു. എന്നിട്ട് കവി ബൈസാന്റിയന്‍ ചക്രവര്‍ത്തിയെ കാണാനായി അങ്കാറയിലേക്ക് തിരിച്ചു. ഇത് ഏകദേശം ക്രി. 540-ല്‍ ആണ്. അവിടെ വെച്ച് കവി ഇംറുഉല്‍ ഖൈസ് വധിക്കപ്പെടുകയാണത്രെ ഉണ്ടായത് (അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും അങ്കാറയിലുണ്ട്). അസൂയക്ക് പാത്രമായി വധിക്കപ്പെട്ട കവിയുടെ സ്വത്തുവഹകള്‍ വിട്ടുതരണമെന്ന് ഗസ്സാന്‍കാരനായ അല്‍ഹാരിസുല്‍ അഅ്‌റജ് സമൗഅലിനോട് ആവശ്യപ്പെട്ടു. പക്ഷേ സമൗഅല്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് സമൗഅലിനെ ഹാരിസ് ഉപരോധിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ സമയത്ത് സമൗഅലിന്റെ മകന്‍ കോട്ടക്ക് പുറത്തായിരുന്നു. ഹാരിസ് അവനെ പിടികൂടി തന്റെ ആവശ്യം ആവര്‍ത്തിച്ചു. അംഗീകരിച്ചില്ലെങ്കില്‍ മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സാമുവല്‍ അംഗീകരിക്കാതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച് തന്നെ മകനെ ഹാരിസ് അറുകൊല ചെയ്തു. ഈ അബ്‌ലഖ് കോട്ട വളരെ കെട്ടുറപ്പുള്ളതായിരുന്നതിനാല്‍ ശത്രുക്കള്‍ പലവുരു ആക്രമിച്ചെങ്കിലും കീഴടക്കാനായില്ല. അവസാനം ശത്രുക്കള്‍ക്ക് തിരിച്ചുപോരേണ്ടിവന്നു.

തൈമാഅ് എപ്പോഴാണ് പ്രവാചകന്‍ കീഴടക്കിയത് എന്ന് നമ്മുടെ സ്രോതസ്സുകള്‍ കൃത്യമായി പറയുന്നില്ല. പക്ഷേ, അവിടെ ബനൂ ആദിയാഅ് ജൂത രാജവംശം (സമൗഅലിന്റെ പിതാവാണ് ആദിയാഅ്) ഭരണം നടത്തിയിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരാണ്. ബലാദുരി13 പറയുന്നത്, ഖൈബറും വാദില്‍ഖുറായും (ഹി. ഏഴാം വര്‍ഷം) കീഴടങ്ങിയതോടെ തൈമാഅ് നിവാസികളുടെ ഒരു പ്രതിനിധിസംഘം പ്രവാചകനെ വന്നു കാണുകയും തങ്ങള്‍ ചുങ്കം നല്‍കിക്കൊള്ളാമെന്ന് സമ്മതിക്കുകയും പ്രവാചകനത് അംഗീകരിക്കുകയും ചെയ്തു എന്നാണ്. ഇത് ഹി. ഒമ്പതാം വര്‍ഷം, 30,000 സൈനികരുമായി പ്രവാചകന്‍ തബൂക്കിലേക്ക് പുറപ്പെട്ട സമയത്തായിരിക്കാനും സാധ്യതയുണ്ട്. തബൂക്കിലേക്ക് ഈ വഴിയായിരിക്കാം അദ്ദേഹം കടന്നുപോയിട്ടുണ്ടാവുക. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം, യസീദുബ്‌നു അബീ സുഫ്‌യാനെയാണ് പ്രവാചകന്‍ ഈ മേഖലയുടെ ഗവര്‍ണറായി നിശ്ചയിച്ചത്.14 തൈമാഉകാരുമായി പ്രവാചകനുണ്ടാക്കിയ ഉടമ്പടിയുടെ രേഖ നമുക്ക് ലഭിച്ചിട്ടുണ്ട്. അക്കാലത്തെ നയതന്ത്ര എഴുത്തിന്റെ മികച്ച മാതൃകയാണ് ഈ രേഖ.

''കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഇത് ദൈവപ്രവാചകന്‍ മുഹമ്മദ്, ബനൂ ആദിയാഇന്നായി എഴുതി നല്‍കുന്നത്. അവര്‍ തലവരി ചുങ്കം കൊടുക്കുന്നുണ്ടല്ലോ, അവര്‍ക്ക് സംരക്ഷണമുണ്ട്. കരാര്‍ വ്യവസ്ഥ ലംഘിക്കപ്പെടരുത്, നാട് കടത്തപ്പെടുകയുമരുത്. (കരാര്‍ വ്യവസ്ഥകള്‍ക്ക്) രാത്രി ദൈര്‍ഘ്യവും പകല്‍ കരുത്തും പകരട്ടെ. എഴുതിയത്: ഖാലിദു ബ്‌നു സഈദ്.''15 (രാത്രി ദൈര്‍ഘ്യത്തെയും പകല്‍ കടുപ്പത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ശൈത്യകാല രാത്രിയും വേനല്‍ക്കാല പകലുമാവും ഉദ്ദേശിച്ചിട്ടുണ്ടാവുക).

ഈ രേഖയില്‍ ബനൂ ആദിയാഅ് ഭരണവംശത്തെ പ്രത്യേകം പേരെടുത്ത് പറഞ്ഞതുകൊണ്ട്, തൈമാഇല്‍ മാത്രമല്ല അവരുടെ മുഴുവന്‍ ഭരണപ്രദേശങ്ങളിലും ഇത് ബാധകമായിരുന്നുവെന്നു മനസ്സിലാക്കാം. ഇബ്‌നു സഅ്ദിന്റെ കൃതിയില്‍ ഇവരുടെ പേര് ബനൂ ഗാദിയാഅ് എന്നാണ് ചേര്‍ത്തിട്ടുള്ളത്. ഇങ്ങനെയൊരു ജനവിഭാഗത്തെക്കുറിച്ച് എവിടെയും പരാമര്‍ശവും കാണുന്നില്ല. മറ്റുള്ള കൃതികളിലും ആദിയാഅ് എന്നു തന്നെയാണുള്ളത് (അറബിയിലെഴുതുമ്പോള്‍ ഇരു വാക്കുകളും തമ്മില്‍ ഒരു 'കുത്തി'(റീ)േന്റെ വ്യത്യാസമേയുള്ളൂ). ഇബ്‌നു മന്‍ളൂര്‍ 16 രേഖയുടെ ഒരു ഭാഗം ഉദ്ധരിച്ച് അത് തൈമാഉകാരുമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നുണ്ട്. തൈമാഅ് ഭരിച്ചിരുന്നത് ബനൂ ആദിയാഅ് മാത്രമായിരുന്നു താനും.17 തലവരിച്ചുങ്കത്തെക്കുറിച്ച പരാമര്‍ശം കരാര്‍ ഒപ്പു വെച്ച കാലത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. മുസ്‌ലിംകളല്ലാത്ത പ്രജകളുടെ മേല്‍ അത് ചുമത്തിയിരുന്നത് ഹി. ഒമ്പതാം വര്‍ഷം മാത്രമാണ്. ഖൈബര്‍ പടയോട്ടക്കാലത്ത് ഉല്‍പ്പന്നങ്ങള്‍ പങ്കുവെക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. 'തബൂക്ക് പടയോട്ടക്കാലത്ത് തൈമാഉകാര്‍ പേടിച്ചുപോയി' എന്ന് മഖ്‌രീസി വ്യക്തമായി പറയുന്നുമുണ്ട്.18

ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് ജൂതപ്രജകളെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തന്നെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു (അവരുടെ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന മുസ്‌ലിംകളെ അവര്‍ നിരന്തരം അക്രമിച്ചതായിരുന്നു കാരണം).19 എന്നാല്‍ തൈമാഉകാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നില്ല എന്ന് ഇബ്‌നുല്‍ ഖയ്യിം എഴുതുന്നുണ്ട്. യമനിലെ ജൂതന്മാര്‍ക്കും പ്രശ്‌നമൊന്നും ഉണ്ടായില്ല. ഇവരുടെ നല്ല പെരുമാറ്റം കാരണമാകണം അത്. അതേസമയം യമനിലെ ക്രിസ്ത്യാനികളെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അവരെ ഉമര്‍ നജ്‌റാനില്‍നിന്ന് ഇറാഖിലേക്കാണ് മാറ്റിയത്.

(തുടരും)

 

കുറിപ്പുകള്‍

1. ബലാദുരി - അന്‍സാബ് I, 738

2. മുഹബ്ബര്‍, പേ: 126, സഫദി I, 845

3. സറക്ശി - മബ്‌സ്വൂത്വ് XXIII, 27

4. ബലാദുരി - ഫുതൂഹ്, പേ: 33-5

5. ബുഖാരി 24: 54

6. ഇബ്‌നു സഅ്ദ് ഉദ്ധരിച്ചത് 2/1, പേ: 65

ബലാദുരി- അന്‍സാബ് I, 793

7. ഇബ്‌നു ഹിശാം പേ: 764, 773-4, 776

8. ഹിറ്റി - ഹിസ്റ്ററി ഓഫ് ദി അറബ്‌സ്, പേ: 37 (1951 എഡിഷന്‍)

9. അതേ കൃതി പേ: 39

10. അതേ കൃതി പേ: 40. തൈമാഅ് മുദ്രണത്തില്‍ കാണുന്നത് ഇപ്രകാരമാണ്: Throne offered by Ma'nan, Son of Imran, to god Salem, for his life.

11. ലിസാനുല്‍ അറബ്

12. ബക്‌രി - തൈമാഅ്, അല്‍ അസ്‌ലഖുല്‍ ഫര്‍ദ് എന്നീ ശീര്‍ഷകങ്ങള്‍

13. ബലാദുരി - ഫുതൂഹ് പേ: 33-5

14. സഫദീ - I, 845

15. വസാഇഖ് - No: 19

16. ലിസാനുല്‍ അറബ്

17. മസ്ഊദി - തന്‍ബീഹ്, പേ: 258

18. അതേ കൃതി പേ: 467

19. ഇബ്‌നുല്‍ ഖയ്യിം - അഹ്കാമുദ്ദിമ്മ (ദമസ്‌കസ് എഡിഷന്‍), പേ: 183

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍