Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

ദല്‍ഹിയുടെ ആത്മാവറിഞ്ഞ ഭാഷ (നവംബര്‍ 9 ലോക ഉര്‍ദു ഭാഷാദിനം)

സബാഹ് ആലുവ

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുള്ള അനുഭവമാണ്. ദല്‍ഹിയിലെ പ്രമുഖ സൂഫി ആചാര്യന്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ അന്ത്യവിശ്രമം കൊള്ളുന്ന നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ ഇടവന്നു. മുമ്പ് അവിടെ സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും രാമത്തെ ഈ യാത്ര ദല്‍ഹിയുമായി ബന്ധപ്പെട്ട വലിയൊരു ചരിത്ര രേഖയുടെ ഓര്‍മപ്പെടുത്തലിലേക്ക് കൊണ്ട് പോയി. ദര്‍ഗക്ക് പുറത്തുള്ള കാഴ്ചകളായിരുന്നു ഇത്തവണ കൂടുതല്‍ ആകര്‍ഷിച്ചത്. ദര്‍ഗക്ക് പുറത്തുള്ള ഒരു കെട്ടിടത്തിനരികെ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ അതിന്റെ  പ്രധാന ചുവരില്‍ ഉര്‍ദു ഭാഷയില്‍ 'മിര്‍സാ ഗാലിബ് അക്കാദമി' എന്ന് എഴുതിയത് ശ്രദ്ധയില്‍പെട്ടു. അകത്തേക്ക് കയറിയപ്പോള്‍ കെട്ടിടത്തിന്റെ പ്രധാന ഭാഗത്ത് ധാരാളം പുസ്തകങ്ങള്‍ നിരത്തി വെച്ചിരിക്കുന്നത് കു. അധികവും ഉര്‍ദു ഭാഷയിലാണ്. പിന്നീടുള്ള അന്വേഷണത്തില്‍ ദല്‍ഹി എന്ന പ്രദേശത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ മിര്‍സാ അസദുല്ലാഹ് ബേഗ് ഖാന്‍ എന്ന ഉര്‍ദു സാമ്രാട്ടിന്റെ പേരില്‍ പണി കഴിപ്പിച്ചിട്ടുള്ള അക്കാദമിയാണെന്നും ഉര്‍ദു ഭാഷയുമായി ബന്ധപ്പെട്ട പരിപാടികള്‍ അവിടെ നടക്കാറുന്നെും മനസ്സിലായി. ഗാലിബ് എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമാണ്. ഉര്‍ദു ഭാഷ ദല്‍ഹിയെ ഇത്രമേല്‍ സ്വാധീനിച്ചതിനു പിന്നില്‍ മിര്‍സാ ഗാലിബിന്റെ സംഭാവനകള്‍ വളരെ വലുതാണ്. അതുകൊണ്ടാണ് മിര്‍സ ഗാലിബ് ഒരിക്കല്‍ പറഞ്ഞത്:

യെക് റോസ് അപ്‌നി റൂഹ്‌സെ പൂചാ കി ദല്‍ഹി ക്യാ ഹെ, തോ യു ജവാബ് മേ കഹാ ഗയാ: യെ ദുനിയാ മാനോ ജിസ്മ് ഹെ ഔര്‍ ദല്‍ഹി ഉസ്‌കി ജാന്‍.

(ഒരിക്കല്‍ ഞാന്‍ എന്റെ ആത്മാവിനോട് ചോദിച്ചു: എന്താണ് ദല്‍ഹി? അപ്പോള്‍ അത് മറുപടി തന്നു: 'ഈ ലോകം ഒരു ശരീരമാണെങ്കില്‍ അതിന്റെ ആത്മാവാണ് ദല്‍ഹി').

നിസാമുദ്ദീന്‍ ദര്‍ഗയോട് അടുത്ത് തന്നെയാണ് മിര്‍സാ ഗാലിബിന്റെ മാര്‍ബിള്‍ ഫലകത്തില്‍ തീര്‍ത്ത ശവകുടീരവും. ആഗ്രയില്‍ ജനിച്ച മിര്‍സാ ഖാന്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ദല്‍ഹിയെന്ന തന്റെ പ്രിയതമയോടൊപ്പമാണ് കഴിച്ചുകൂട്ടിയത്. അതുകൊണ്ട് തന്നെ ദല്‍ഹിയുടെ ഉയര്‍ച്ചയും തളര്‍ച്ചയും തന്റെ ഓര്‍മകളിലൂടെ അദ്ദേഹം അയവിറക്കിയിട്ടുണ്ട്. 1857-ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ 1861-ല്‍ അദ്ദേഹം തന്റെ സുഹൃത്തിനെഴുതിയ കത്തില്‍ ദല്‍ഹിയെ വിവരിക്കുന്നതിപ്രകാരമാണ്: ''ഇന്നീ നഗരം മരുഭൂമി പോലെയായിരിക്കുന്നു. ദല്‍ഹി ഇവിടെയില്ല. പകരം കെട്ടിയുണ്ടാക്കിയ ഒരു ടെന്റ് പോലെയാണ് ഇവിടം അനുഭവപ്പെടുന്നത്.''

നവംബര്‍ 9 മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ജന്മദിനമാണ്. അതോടൊപ്പം ഉര്‍ദു ഭാഷയെ ലോകം ആദരിക്കുന്ന ദിനവും. ഉര്‍ദു ഭാഷയെ പറ്റി പറയുമ്പോള്‍ മിര്‍സാ ഗാലിബ്, അല്ലാമാ ഇഖ്ബാല്‍ എന്നീ രണ്ടു പ്രതിഭകളെ ഓര്‍ക്കാതെ ആ ദിനം കടന്നുപോവുകയില്ല. ഇംഗ്ലീഷ് സാഹിത്യത്തിന് ഷേക്‌സ്പിയര്‍ എങ്ങനെയാണോ, ആ സ്ഥാനമാണ് ഉര്‍ദു സാഹിത്യത്തില്‍ മിര്‍സാ ഗാലിബിന്. ദല്‍ഹിയുടെ സ്വന്തം ഭാഷയെന്ന വിശേഷണത്തിലൂടെ പ്രസിദ്ധിയാര്‍ജിച്ച ഉര്‍ദു പിന്നീട് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ വ്യത്യസ്ത രീതികളില്‍ പ്രചാരം നേടി. മുഗള്‍ കാലഘട്ടത്തിലാണ് ഉര്‍ദു ഭാഷ വികാസം പ്രാപിച്ചതെങ്കിലും ദല്‍ഹിയിലെ തുഗ്ലക്ക് കാലഘട്ടമാണ് ഉര്‍ദു ഭാഷയെ ദക്ഷിണേന്ത്യയില്‍ പരിചയപ്പെടുത്തിയത് (ദഖ്‌നി ഉര്‍ദു). ദല്‍ഹിയില്‍നിന്ന് ഇന്നത്തെ മഹാരാഷ്ട്രയിലുള്ള ദൗലത്താബാദിലേക്കുള്ള തലസ്ഥാന മാറ്റത്തിലൂടെ പില്‍ക്കാലത്ത് സാധ്യമായത് വലിയ വിപ്ലവമായിരുന്നുവെന്ന് ചരിത്രം പിന്നീട് വിലയിരുത്തി. പാകിസ്താനില്‍ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടതോടെ ലോകഭാഷാ ശ്രേണിയില്‍ ഉര്‍ദു ഭാഷക്ക് വലിയ മുന്നേറ്റം തന്നെയുണ്ടായി.

നിസാമുദ്ദീന്‍ ദര്‍ഗക്ക് സമീപം മറ്റൊരു മഖ്ബറ കൂടി കാണാം. പേര്‍ഷ്യന്‍ ഭാഷാ പണ്ഡിതന്‍, ഖവാലിയുടെ പിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ അമീര്‍ ഖുസ്രുവിന്റേതാണത്. അവസാന മുഗള്‍ സുല്‍ത്താന്‍ ബഹദൂര്‍ ഷാ സഫറിന്റെ ദര്‍ബാറിലെ പ്രശസ്തനായ കവി. അമീര്‍ ഖുസ്രുവിനു ശേഷമാണ് നേരത്തേ വിവരിച്ച മിര്‍സാ ഗാലിബിന്റെ വരവ്. മീര്‍ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന മുഹമ്മദ് തഖി, മിര്‍സാ മുഹമ്മദ് റാഫി സൗദാ, മീര്‍ അമ്മാന്‍, മിര്‍സാ സലാമത്ത് അലി ദബീര്‍ തുടങ്ങിയവരും ദല്‍ഹിയില്‍ ഉര്‍ദു ഭാഷയുടെ എക്കാലത്തെയും കുലപതികളായി പേരെടുത്തവരാണ്. ഇവരിലൂടെ മുഗള്‍ കാലഘട്ടം ഉര്‍ദു ഭാഷയുടെ സുവര്‍ണ യുഗമായി മാറി. നിരവധി കാവ്യ ഗ്രന്ഥങ്ങള്‍ അക്കാലത്ത് ദല്‍ഹിയില്‍ വിരചിതമായി.

ഇന്ത്യയില്‍ ഗസലും ഖവാലിയു മാണ് ഉര്‍ദുവിനെ ജനകീയമാക്കിയത്. പഴയ ദല്‍ഹിയെപ്പോലെ ഇന്ത്യയിലെ മറ്റൊരു നഗരവും ഗസല്‍ വായനയെ ഇത്രയധികം നെഞ്ചോടു ചേര്‍ത്ത് വെച്ചിട്ടുണ്ടാവില്ല. ദല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലും അജ്മീറിലെ ചിശ്തി ദര്‍ഗയിലും ഖവാലിയുടെ തനതു രീതികള്‍ നമുക്ക് ഇന്നും നേരിട്ടനുഭവിക്കാം. ഒരു സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായി ഇന്നത് മാറിക്കഴിഞ്ഞു. അറബി ഭാഷയിലെ ഖൗല്‍ എന്ന വാക്കില്‍ നിന്നാണ് ഖവാലി ഉായത്.

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം ഭരണത്തിന്റെ മികച്ച അവശേഷിപ്പുകളിലൊന്നാണ് സജീവമായി ഇന്നും നിലനില്‍ക്കുന്ന ഉര്‍ദു ഭാഷ. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ പേര്‍ഷ്യന്‍ ഭാഷയുടെ അസ്തമയം ഉര്‍ദു എന്ന പുതിയ ഭാഷയുടെ ഉദയമായിരുന്നു. ഉര്‍ദു ഭാഷയിലൂടെ ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു ഭാഷയുണ്ടെങ്കില്‍ അത് പേര്‍ഷ്യനാണെന്ന് തിരിച്ചും പറയാം. മുഗള്‍ ഭരണകാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കോടതി ഭാഷയായി (Court Language)അംഗീകരിക്കപ്പെട്ട ഭാഷയാണ് പേര്‍ഷ്യന്‍. ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ഇസ്‌ലാമിക നിയമ സംഹിതകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയില്‍നിന്ന് ഉര്‍ദു ഭാഷയിലേക്ക് തര്‍ജമ ചെയ്യപ്പെട്ടതാണ്. ഫതാവേ ഫിറോസ് ഷാഹി, സീറത്തെ ഫിറോസ് ഷാഹി, ഫതാവേ താതാര്‍ഖാനി തുടങ്ങിയവ അതിനുത്തമോദാഹരണങ്ങളാണ്.

മറ്റൊന്ന് അറബി ഭാഷയുടെ സ്വാധീനമാണ്. അറബി പദ പ്രയോഗങ്ങളിലൂടെ ഉര്‍ദുവിന് മറ്റൊരു ഭാഷക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഭാഷാ ശുദ്ധി കൈവന്നു. ശാഇരീ സബാന്‍ (Poetic Language) എന്ന പദവി കൈയാളുന്ന ഇന്ത്യയിലെ അപൂര്‍വം ഭാഷകളിലൊന്നാണ് ഉര്‍ദു. അതുകൊണ്ടാണ് ഹിന്ദി സിനിമാ വ്യവസായമായ ബോളിവുഡ് ഉര്‍ദു ഭാഷയെ ഏറ്റെടുത്തതും. കൈഫി അസ്മിയും മുഹമ്മദ് റാഫിയും താലോലിച്ച പ്രസ്തുത ഭാഷയെ പുതുതലമുറയും മാറോടു ചേര്‍ത്തു പിടിക്കുന്നു.

ഉര്‍ദു കവിതകളിലൂടെ ദേശസ്‌നേഹത്തെ വാനോളം പുകഴ്ത്തിയ അല്ലാമാ ഇഖ്ബാല്‍ ഇന്ത്യയുടെ യശസ്സ് ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടി. ഇന്ത്യയിലെ കൊച്ചുകുട്ടികള്‍ പോലും ചൊല്ലിപ്പഠിച്ച 'സാരെ ജഹാം സെ അച്ഛാ' എന്ന ദേശഭക്തിഗാനം എഴുതിയത് ഉര്‍ദു ഭാഷയിലാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ കത്തിയാളിയ ജ്വാല പിന്നീടങ്ങോട്ട് ഒരു രാജ്യത്തെ ജനത ഏറ്റെടുത്തത് ഇഖ്ബാലിന്റെ ഈരടികളിലൂടെയും മറ്റുമായിരുന്നു. തരാനേ ഹിന്ദി (ഹിന്ദുസ്ഥാനിലെ ഗീതം) എന്ന പേരില്‍ അറിയപ്പെട്ട പ്രസ്തുത ഗീതം ഇഖ്ബാലിന്റെ തന്നെ 'ബാങ്കെ ദാറെ' (The Call of the Marching Bell)  എന്ന ഉര്‍ദു സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടു്. 1950-ല്‍ സിത്താര്‍ മാന്ത്രികനായ രവിശങ്കര്‍ ഈ ഗാനം ചിട്ടപ്പെടുത്തുകയും ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അതു ആലപിക്കുകയും ചെയ്തു. ഏതൊരു ഇന്ത്യക്കാരനും ആവേശത്തോടെ വിളിക്കുന്ന ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഉര്‍ദു ഭാഷയുടെ മികച്ച സംഭാവനകളിലൊന്നാണ്.

ഇന്ന് ദല്‍ഹിയില്‍ വിവിധ പേരുകളില്‍ ഉര്‍ദു ഭാഷയുടെ വികാസം ലക്ഷ്യമാക്കി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. അവയില്‍ കേന്ദ്ര മാനവ വിഭവ വകുപ്പിന് കീഴില്‍ സ്ഥാപിക്കപ്പെട്ട National Council for Promotion of Urdu Language ദല്‍ഹിയിലെ ജസോളയിലാണ് സ്ഥിതി ചെയ്യുന്നത്. ഉര്‍ദു ഭാഷ പരിജ്ഞാനം നേടാനാഗ്രഹിക്കുന്നവര്‍ക്ക് പല രീതികളിലുള്ള പരിശീലന മാതൃകകള്‍ ഈ സ്ഥാപനം നല്‍കി വരുന്നു. മറ്റൊന്ന് ദല്‍ഹി സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ദല്‍ഹി അക്കാദമിയാണ്. അന്‍ജുമന്‍ തര്‍ഖി ഉര്‍ദു, ഗാലിബ് അക്കാദമി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ദല്‍ഹിയില്‍ ഉര്‍ദു ഭാഷാ പഠനത്തിനായി പല സംരംഭങ്ങളും നടത്തിവരുന്നു.

ഇന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണ് ഉര്‍ദു. 'ദല്‍ഹി എന്നെ ഏറെ മോഹിപ്പിച്ചു' എന്ന മിര്‍സാ ഗാലിബിന്റെ വാക്കുകളില്‍ ഉര്‍ദു ഭാഷയോടുള്ള പ്രണയവും തുടിച്ചു നില്‍ക്കുന്നു. ഉര്‍ദു ഭാഷാ ദിനത്തില്‍ ഈ മഹാരഥന്മാരുടെയൊക്കെ സംഭാവനകള്‍ നാം ഓര്‍ത്തെടുക്കുകയും ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍