Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

ഞങ്ങള്‍ ഇരകളല്ല, വിമോചന പോരാളികള്‍!

അഹദ് തമീമി/ ദീന തക്‌റൂരി

ഫലസ്ത്വീന്‍ ചെറുത്തുനില്‍പ്പിന്റെ പുതു പ്രതീകമാണ് അഹദ് തമീമി. തന്റെ ബന്ധുവായ കുട്ടിയുടെ മുഖത്ത് വെടി വെച്ച് പരിക്കേല്‍പ്പിച്ച ഇസ്രയേല്‍ സൈനികര്‍ നബി സാലിഹിലെ തന്റെ വസതിക്ക് മുന്നില്‍ നിന്ന് ആള്‍ക്കൂട്ടത്തിനെതിരെ നിറയൊഴിച്ചപ്പോള്‍ അത് ചോദ്യം ചെയ്യുകയും സൈനികരെ അടിക്കുകയും ചെയ്ത കുറ്റത്തിനാണ് അഹദിനെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് ഇസ്രയേല്‍ ശ്രമിച്ചത്. എന്നാല്‍ അഹദ് സൈനികരെ അടിക്കുന്ന വീഡിയോ വൈറലായതോടെ അന്താരാഷ്ട്ര തലത്തില്‍ അഹദിന് വേണ്ടി വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. നിരായുധയായ പെണ്‍കുട്ടി എങ്ങനെയാണ് പട്ടാളക്കാരനെ അപായപ്പെടുത്തുക എന്ന ചോദ്യം ഉന്നയിച്ച് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ രംഗത്തെത്തി. ധീരയായ ഈ പതിനേഴു വയസ്സുകാരി 'ജോന്‍ ഓഫ് ആര്‍ക്കാ'യാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജയില്‍ മോചിതയായ ശേഷം ഡയറക്റ്റ് ഫ്രം എന്ന അല്‍ ജസീറയുടെ ഓണ്‍ലൈന്‍ ചാനലായ എ.ജെ. പ്ലസിന്റെ(അഖ+) പരിപാടിയില്‍ മാധ്യമപ്രവര്‍ത്തക ദീന തക്‌റൂരി, അഹദ് തമീമിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് താഴെ.

 

ഇസ്രയേല്‍ പട്ടാളക്കാരെ അടിച്ചതായി പറയുന്നുവല്ലോ. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്?

എന്റെ ബന്ധുവായ ഒരു കുട്ടിയുടെ മുഖത്ത് വെടിയേറ്റ ദിവസമായിരുന്നു അന്ന്. അവനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതായിരുന്നു. തുടര്‍ന്നാണ് പട്ടാളക്കാര്‍ ഞങ്ങളുടെ വീടിന്റെ മുന്നില്‍ വന്ന് യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഞാന്‍ അവരോട് പോകാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ഇവിടെ നിന്ന് വെടിയുതിര്‍ക്കാന്‍ അധികാരമില്ല. അവിടെ കുട്ടികളും വൃദ്ധരും ഉണ്ടാകും. ഇത് പറയുമ്പോള്‍ അയാള്‍ എന്നെ തുപ്പിക്കൊണ്ടിരുന്നു. ദേഷ്യം വന്ന ഞാന്‍ അവരെ അടിച്ചു.

 

എവിടുന്നാണ് ഈ ധൈര്യം ലഭിച്ചത്?

ഈ ധൈര്യം പൊടുന്നനെ കിട്ടിയതല്ല. ചെറുപ്പം മുതലേ ഇസ്രയേല്‍ അതിക്രമത്തിനെതിരെ ശബ്ദിക്കാന്‍ പഠിപ്പിക്കപ്പെട്ടവരാണ് ഞങ്ങള്‍. അക്രമത്തിന് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കാനും. ഒരു സാധാരണ മനുഷ്യനോട് ഞാനിത് ചെയ്യില്ല. ഞാന്‍ ശാന്ത സ്വഭാവക്കാരിയാണെന്നാണ് എല്ലാവരും പറയുക. അവരൊക്കെ ഇത് കേട്ട് ഞെട്ടി.

 

ആ സംഭവത്തിന് ശേഷം അറസ്റ്റ് പ്രതീക്ഷിച്ചിരുന്നോ?

അതേ, ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഞാന്‍ ഷര്‍ട്ടും ജീന്‍സും ധരിച്ചായിരുന്നു അന്ന് നിന്നത്. ജാക്കറ്റും കഫിയ്യയും ഷൂസും ഒക്കെ ഞാന്‍ തയാറാക്കി വെച്ചിരുന്നു. അറസ്റ്റ് വരിക്കാന്‍ ഞാന്‍ തയാറായിരുന്നു.

 

പട്ടാളക്കാര്‍ വന്ന ശേഷം എന്താണ് നടന്നത്?

അവരെന്നെ കൈവിലങ്ങണിയിച്ച് അവരുടെ വാഹനത്തില്‍ കയറ്റി. വാഹനത്തില്‍ വെച്ച് അവരെന്നെ മാന്യമല്ലാത്ത പലതും പറഞ്ഞു. എനിക്കെതിരെ ചാര്‍ജുകള്‍ കൂട്ടാനായിരുന്നു ഈ പ്രകോപനശ്രമങ്ങളെല്ലാം. പക്ഷേ ഞാന്‍ ശാന്തമായി എല്ലാം കേട്ടിരുന്നു. പിന്നീട് അവര്‍ എന്നെ ചോദ്യം ചെയ്യലിനായി കൈമാറി.

 

അറസ്റ്റ് നടന്ന ദിവസം ഏറെ വേദന തോന്നിയതെപ്പോഴായിരുന്നു?

എന്റെ മാതാപിതാക്കളുടെ കണ്ണില്‍ നോക്കിയപ്പോഴായിരുന്നു. അവര്‍ പരസ്പരം കെട്ടിപ്പിടിച്ച് എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അവരോട് യാത്ര ചോദിക്കാന്‍ പട്ടാളക്കാര്‍ എന്നെ അനുവദിച്ചില്ല.

 

ചോദ്യം ചെയ്യല്‍ എങ്ങനെയായിരുന്നു?

നിരവധി നിയമലംഘനങ്ങള്‍ ഉണ്ടായിരുന്നു ചോദ്യം ചെയ്യലില്‍. ആദ്യമായി എന്റെ കൂടെ വനിതാ പട്ടാളക്കാര്‍ ആരും തന്നെ ഇല്ലായിരുന്നു. പുരുഷ പട്ടാളക്കാരാണ് എന്നെ ചോദ്യം ചെയ്തത്. പിന്നെ എനിക്കൊരു വക്കീലോ കൂടെ കുടുംബക്കാരാരെങ്കിലുമോ ഉണ്ടായിരുന്നില്ല, ഞാനൊരു മൈനര്‍ ആണെന്നിരിക്കെ. മൂന്നാമത്, അവര്‍ മാന്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. നാലാമത് അവര്‍ എന്നെ എന്റെ വീട്ടുകാരുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി.

 

എന്നിട്ട് അഹദ് എന്താണ് പറഞ്ഞത്?

മൗനമായിരിക്കാനുള്ള എന്റെ അവകാശം ഞാന്‍ ഉപയോഗിച്ചു.

 

എവിടുന്നാണ് മൗനമായിരിക്കാനുള്ള ഐഡിയ ലഭിച്ചത്?

എന്റെ കുടുംബത്തിലെ അധിക പേരും അറസ്റ്റ് വരിച്ചവരാണ്. അവരുടെ അനുഭവങ്ങളില്‍ നിന്നാണ് ഞാന്‍ ഇതറിഞ്ഞത്.

 

അവര്‍ ബഹളം വെച്ചപ്പോള്‍ ഭയം തോന്നിയില്ലേ?

എന്റെ പിതാവ് ഇതുപോലെ ചോദ്യം ചെയ്യലില്‍ നിന്ന് മരണം കണ്ട് തിരിച്ച് ജീവിതത്തിലേക്ക് വന്നയാളാണ്. അത് കൊണ്ട് തന്നെ ഒരാളുടെ ദൃഢനിശ്ചയം അവരുടെ ബഹളങ്ങളേക്കാള്‍ ശക്തമാണെന്ന് എനിക്കറിയാമായിരുന്നു.

 

ജയിലില്‍ എന്തായിരുന്നു ഏറ്റവും മിസ്സ് ചെയ്തത്?

കമ്പിവേലികളില്ലാതെ നക്ഷത്രങ്ങളും ആകാശവും നോക്കിയിരിക്കുന്നത്. കൈവിലങ്ങില്ലാതെ തെരുവിലൂടെ നടക്കുന്നത്. പിന്നെ നൂഡില്‍സും ഐസ് കോഫിയും.

 

ജയിലില്‍ അവരുടെ പെരുമാറ്റം എങ്ങനെയായിരുന്നു?

എനിക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും മേല്‍ നല്ല സമ്മര്‍ദമുണ്ടായിരുന്നു. ഞങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഞങ്ങളുടെ ക്ലാസ്സുകള്‍ തടഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും പറ്റി പഠിക്കുമ്പോള്‍ അവര്‍ സൈറണ്‍ മുഴക്കി ഞങ്ങളെ ഞങ്ങളുടെ സെല്ലുകളിലേക്ക് പറഞ്ഞയച്ചു. ജയില്‍ ഒരു സ്‌കൂളാക്കുന്നതില്‍നിന്ന് ഞങ്ങളെ തടയാന്‍ അവര്‍ ആവതും ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ക്കതിന് സാധിച്ചു.

 

ജയിലില്‍ ധാരാളം കുട്ടികളില്ലേ? അവരുടെയവസ്ഥ എന്താണ്?

കുട്ടികളാണ് ജയിലിലെ ശക്തമായ ഘടകം. അവരുടെ തന്റേടം മുതിര്‍ന്നവര്‍ക്ക് ആത്മധൈര്യം നല്‍കുന്നുണ്ട്. അവരോട് കൂടിയാലോചിച്ചിട്ടാണ് ഞങ്ങളുടെ പ്രതിനിധികള്‍ പല തീരുമാനങ്ങളും എടുക്കുന്നത്. നമ്മുടെ സമരം നന്നായറിയുന്നവരാണ് ആ കുട്ടികള്‍.

 

അവരെ പ്രതിനിധീകരിച്ച് എന്താണ് പറയാനുള്ളത്?

മൂന്ന് കാര്യങ്ങളാണ്. ഐക്യം നിലനിര്‍ത്തുക, ദൃഢനിശ്ചയമുള്ളവരാവുക, ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനായി പോരാടുക. ഈ കാര്യങ്ങളിലൂടെ നമ്മുടെ രാജ്യത്തെ വിമോചിക്കാന്‍ നമുക്ക് കഴിയും. ജയിലുകളിലുള്ളവരെ മോചിപ്പിക്കാതെയും അഭയാര്‍ഥികളായി ഇവിടം വിട്ടവര്‍ തിരിച്ചുവരാതെയും ജറൂസലം ഫലസ്ത്വീന്റെ തലസ്ഥാനമാകാതെയും ഫലസ്ത്വീന്ന് ഒരു വിമോചനമില്ല.

 

അഹദ് ആഗോള തലത്തില്‍ പ്രശസ്തയാണ്. എന്ത് തോന്നുന്നു?

പ്രശസ്തി ആഗ്രഹിക്കാത്ത ഒരാളാണ് ഞാന്‍. പക്ഷേ ഇപ്പോഴെന്നെ സന്തോഷിപ്പിക്കുന്നത് എനിക്ക് എന്റെ രാജ്യത്തിന്റെയും ഞങ്ങളുടെ തടവുകാരുടെയും പ്രശ്‌നങ്ങള്‍ ലോകത്തിന്റെ മുമ്പാകെ കൊണ്ടുവരാന്‍ സാധിച്ചു എന്നതിലാണ്. ഇനി എനിക്ക് വേണ്ടി നടന്ന കാമ്പയിനുകള്‍ മറ്റു തടവുകാര്‍ക്ക് വേണ്ടിയും നടക്കണം. അവരില്‍ രോഗികളും മുറിവേറ്റവരും ഒരുപാട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടവരും ഉണ്ട്. അവരോരോരുത്തരും മോചിതരാകണം എന്നാണെന്റെ ആഗ്രഹം. മാത്രമല്ല ഫലസ്ത്വീനിലെ ഓരോരുത്തരെയും ജയില്‍വാസം, ചോദ്യംചെയ്യല്‍ എന്നിവയെ സംബന്ധിച്ച് ബോധവത്കരിക്കണം; പ്രത്യേകിച്ച് സ്ത്രീകളെ. കാരണം ഇവിടെ ഏതു നിമിഷവും ആരും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമല്ലോ.

 

'ഐക്കണ്‍ ഓഫ് ഫലസ്ത്വീന്‍' എന്നാണ് എല്ലാവരും അഹദിനെ വിശേഷിപ്പിക്കുന്നത്. ഇത് ഒരു ആദരവായിട്ടാണോ കാണുന്നത് അതോ ഭാരമായിട്ടോ?

തീര്‍ച്ചയായും ആദരവായിട്ടാണ്. കാരണം ഫലസ്ത്വീന്‍ വിഷയം ഞങ്ങള്‍ക്കൊരിക്കലും ഒരു ഭാരമായിരുന്നില്ല. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു. ദൈവത്തിനു സ്തുതി, ചെറുതെങ്കിലും ചെയ്യാനായതില്‍. ഞാനീ പാതയില്‍ തുടരും. ഞാന്‍ പഠിച്ച് വക്കീലാകും, അന്താരാഷ്ട്ര കോടതികളില്‍ കേസ് ഫയല്‍ ചെയ്യും.

 

പുതുതലമുറയില്‍ പെട്ടയാളാണല്ലോ? എന്താണ് നിങ്ങളുടെ തലമുറ ആഗ്രഹിക്കുന്നത്?

മുന്‍തലമുറ ഞങ്ങള്‍ക്ക് നല്‍കിയത് അധിനിവിഷ്ട ഫലസ്ത്വീന്‍ ആണ്. ഇന്‍ശാ അല്ലാഹ്, വരും തലമുറക്ക് ഞങ്ങളുടെ തലമുറ സ്വതന്ത്ര ഫലസ്ത്വീന്‍ നല്‍കും. ഇനി സ്വാതന്ത്ര്യം നല്‍കാനായില്ലെങ്കില്‍ അതിന് വേണ്ടി പോരാടാന്‍ അവരെ സജ്ജരാക്കും.

 

ഇസ്രയേലിനും ഫലസ്ത്വീനുമിടയില്‍ സമാധാനം പുലര്‍ന്നുകാണാനാകും എന്ന പ്രതീക്ഷയുണ്ടോ?

ഇസ്രയേല്‍ സയണിസ്റ്റ് ആശയം കൈവെടിഞ്ഞാല്‍ മാത്രം. ഞങ്ങള്‍ ജൂതരും ക്രിസ്ത്യാനികളും മുസ്ലിംകളും ഇവിടെ സമാധാനത്തില്‍ ജീവിച്ചിരുന്നവരാണ്. സയണിസമാണ് ഇവിടത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഞങ്ങള്‍ക്ക് ജൂതരുമായി ഒരു പ്രശ്‌നവുമില്ല. സയണിസവുമായിട്ടാണ് പ്രശ്‌നമുള്ളത്. ഫലസ്ത്വീനു വേണ്ടി സംസാരിക്കുന്ന ജൂത സുഹൃത്തുക്കള്‍ ഞങ്ങള്‍ക്കുണ്ട്. അതിന്റെ പേരില്‍ മര്‍ദിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തവരുണ്ട്.

ഞാന്‍ എപ്പോഴും പറയാറുള്ളത് അധിനിവേശത്തിന്റെ ഇരകള്‍ ഞങ്ങളല്ല എന്നാണ്. കടുത്ത വിദ്വേഷവും വെറുപ്പും മനസ്സുകളില്‍ പ്രോഗ്രാം ചെയ്യപ്പെട്ട ഇസ്രയേലുകാരാണ് യഥാര്‍ഥത്തില്‍ ഇരകള്‍. പതിനാലും പതിനഞ്ചും വയസ്സ് മാത്രമുള്ള ആയുധമേന്തിയ ഇസ്രയേലി കുട്ടികളാണ് ഈ അധിനിവേശത്തിന്റെ ഇരകള്‍. ഞങ്ങളല്ല. ഞങ്ങള്‍ വിമോചന പോരാളികളാണ്. തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ഞങ്ങളെ തളര്‍ത്താന്‍ അധിനിവേശത്തിനായിട്ടില്ല. അല്ല, ഞങ്ങള്‍ ഈ വിഷയത്തില്‍ അധിനിവേശത്തെ തോല്‍പിച്ചവരാണ്. എനിക്ക് ഏവരോടും പറയാനുള്ളത് നിങ്ങള്‍ ഇസ്രയേലിനെ ഒറ്റപ്പെടുത്തുകയും ബഹിഷ്‌കരിക്കുകയും അവരെ യുദ്ധക്കുറ്റവാളികളായി കാണുകയും ചെയ്യണം. അതേപോലെ ഫലസ്ത്വീനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഐക്യപ്പെടുത്തണം. സമൂഹം അതിന് വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം. 

തയാറാക്കിയത്: ആദില്‍ എ. റഹ്മാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍