Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

നിയമസഭാ തെരഞ്ഞെടുപ്പുകള്‍: അമിത ആത്മവിശ്വാസം കോണ്‍ഗ്രസ്സിന് വിനയാകുമോ?

എ. റശീദുദ്ദീന്‍

ആസന്നമായ മധ്യപ്രദേശ്-ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ശക്തമായ പ്രകടനം കാഴ്ച വെക്കുമെങ്കിലും രാജസ്ഥാനില്‍ ഒഴികെ അന്തിമ വിജയത്തിന്റെ കാര്യത്തില്‍ അവരോടൊപ്പമല്ല രാഷ്ട്രീയ പണ്ഡിറ്റുകള്‍ നിലയുറപ്പിക്കുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി മുതലായവരുമായുള്ള സഖ്യം രൂപീകരിക്കപ്പെടാതെ പോയത്  മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത ദോഷം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍. സവര്‍ണ ജാതിക്കാര്‍ രൂപീകരിച്ച സപാക്സ് മുന്നണി ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്ന വോട്ടുകളെ പകുത്ത് ബി.ജെ.പിയെ രക്ഷപ്പെടുത്തുമെന്നും മറ്റുമുള്ള സിദ്ധാന്തങ്ങളും അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഇതൊന്നുമായിരിക്കില്ല 15 വര്‍ഷമായി മധ്യപ്രദേശും ഛത്തീസ്ഗഢും ഭരിക്കുന്ന ബി.ജെ.പിയുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരം തന്നെയാണ് ജനവിധിയുടെ അടിസ്ഥാനമാകാന്‍ പോകുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഒരളവോളം ഛത്തീസ്ഗഢിലും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേരെയാണ് മത്സരം. ബി.ജെ.പിയെ പോലെ മുഖ്യമന്ത്രി മുഖങ്ങളില്ലെങ്കിലും ഇതാദ്യമായി അടുക്കും ചിട്ടയുമുള്ള കോണ്‍ഗ്രസിനെയാണ് ഇത്തവണ കാണാനുള്ളത്. ശിവ്രാജ് സിംഗ് ചൗഹാന്‍, രമണ്‍ സിംഗ്  എന്നീ മുഖങ്ങള്‍ മാത്രമായി മാറിയ ബി.ജെ.പിയെ  ജനം വെറുത്തു തുടങ്ങിയെങ്കില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങള്‍ക്കിടെ നാലോ അഞ്ചോ തവണ മാത്രം പ്രത്യക്ഷപ്പെട്ട മായാവതിയെയോ, കണ്ടിട്ടുണ്ടോ ഇല്ലേ എന്ന് തീര്‍ത്തു പറയാനാവാത്ത അഖിലേഷ് യാദവിനെയോ ജനം പകരം വെക്കുമെന്ന് വിശ്വസിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. ശിവ്രാജ് ചൗഹാന്റെയും രമണ്‍ സിംഗിന്റെയും ജനപ്രീതിയെ എതിരിടുന്ന കോണ്‍ഗ്രസ് തന്ത്രങ്ങള്‍ എ്രതത്തോളം ഫല്രപദമാകും എന്നതു മാത്രമാണ് ചോദ്യം. 

ഏറ്റവുമൊടുവിലെ കണക്കുകളനുസരിച്ച് അഞ്ച് ശതമാനത്തില്‍ കുറയാത്ത വോട്ടുകള്‍ ബി.ജെ.പിയില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വിജയിക്കാനാവും. ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 2013-ലെ കണക്കനുസരിച്ച് 6.29 ശതമാനം വോട്ടുകള്‍ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ നാല് സീറ്റുകളില്‍ ജയിക്കുകയും 11 സീറ്റുകളില്‍ അവര്‍ രണ്ടാമതെത്തുകയും 21 സീറ്റുകളില്‍ 30,000-ത്തിലധികം വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ബി.എസ്.പിയെ കൂട്ടിയേ തീരൂ എന്ന കണക്ക് രൂപപ്പെടുന്നതിന്റെ പശ്ചാത്തലം ഇതാണ്. അതേസമയം ഈ സിദ്ധാന്തത്തിന്റെ അനിവാര്യമായ അനുമാനങ്ങളിലൊന്ന് 2013-ലെയും '14-ലെയും നിലയില്‍ ബി.ജെ.പി അല്‍പം പോലും പിന്നിലേക്ക് പോകില്ല എന്നതാണ്. ഇതേ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ കഴിഞ്ഞ തവണ മത്സരിച്ച ബി.എസ്.പി ഇക്കുറിയും സ്വന്തം വോട്ടുബാങ്കിനെ അതേമട്ടില്‍ പിടിച്ചുനിര്‍ത്തുകയും വേണം. ലഭിക്കുന്ന ചിത്രം ഇതു രണ്ടുമല്ല. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും ബി.എസ്.പി വോട്ടുബാങ്ക് ദുര്‍ബലമായിരിക്കുകയാണ്. മധ്യപ്രദേശിലെ എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പിന്നീട് ബി.ജെ.പിയെ തോല്‍പ്പിക്കുകയും ചെയ്തു. ഛത്തീസ്ഗഢില്‍ കഴിഞ്ഞ തവണ ബി.എസ്.പിയുടെ വോട്ടു ശതമാനം 4.27 ആയിരുന്നു. രാജസ്ഥാനില്‍ 3.77-ഉം. ഉത്തര്‍്പദേശിലെ കൂട്ട തോല്‍വിക്കു ശേഷം ബി.എസ്.പിയുടെ സംഘടനാ ശക്തി ഗണ്യമായ തോതില്‍ കുറഞ്ഞിട്ടുണ്ട്. മായാവതിക്ക് സ്വാധീനമുണ്ടെന്ന് കരുതുന്ന യു.പിയിലെ അതിര്‍ത്തി ജില്ലകളില്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥും അതിശക്തമായ പ്രചാരണമാണ് മാസങ്ങളായി നടത്തിവരുന്നത്. ഈ പ്രചാരണമാകട്ടെ മായാവതി ഏറ്റുപിടിക്കുന്ന അതേ വിഷയങ്ങളെ കേന്ദ്രീകരിച്ചും.

കണക്കുകളാണ് അന്തിമമായ ശരിയെങ്കില്‍ മധ്യപ്രദേശില്‍ നിലവില്‍ 36.54 ശതമാനം മാത്രം വോട്ടുബാങ്കുള്ള കോണ്‍ഗ്രസിന് 44.9 ശതമാനം വോട്ടുബാങ്കുള്ള ബി.ജെ.പിയെ മറികടക്കുക ഏതു സാഹചര്യത്തിലും എളുപ്പമല്ല. കോണ്‍ഗ്രസും മായാവതിയും സഖ്യം ചേര്‍ന്നാല്‍ പോലും കടലാസില്‍ ബി.ജെ.പി തന്നെയാവും അപ്പോഴും മുമ്പില്‍. പക്ഷേ, ചില മണ്ഡലങ്ങളിലും മേഖലകളിലും മാത്രമാണ് ബി.എസ്.പി സ്വാധീനം. കോണ്‍ഗ്രസിന്റേതും ബി.ജെ.പിയുടേതും അങ്ങനെയല്ല. ഛത്തീസ്ഗഢില്‍ 2013-ല്‍ കോണ്‍ഗസിനും ബി.ജെ.പിക്കുമിടയിലെ വോട്ടിംഗ് ശതമാനത്തില്‍ വന്ന വ്യത്യാസം കഷ്ടിച്ച് ഒരു ശതമാനം മാത്രമാണ്. 10 സീറ്റുകളുടെ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്. കഴിഞ്ഞ തവണ മനസ്സു കൊണ്ടല്ലെങ്കിലും ശരീരം കൊണ്ട് അജിത് ജോഗി കോണ്‍ഗ്രസിനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ ബി.എസ്.പിയും ജോഗിയും ഒപ്പമുണ്ടായിരുന്നെങ്കില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമായിരുന്നു. രാജസ്ഥാനിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസും ബി.എസ്.പിയും സമാജ്വാദിയും ഒന്നിച്ചു പിടിച്ചാല്‍ പോലും 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയ ശതമാനത്തിന്റെ അടുത്തൊന്നുമെത്തില്ല. എന്നാല്‍ ഇത്തവണ വസുന്ധര രാജ സിന്ധ്യ നിലം തൊടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ നാല് ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി എട്ടുനിലയില്‍ പൊട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളാണ് വിജയ പരാജയങ്ങളുടെ നിദാനമെങ്കില്‍ ഈ മൂന്നു സംസ്ഥാനങ്ങളില്‍ രണ്ടിലും കോണ്‍ഗ്രസിന് വിജയസാധ്യതയില്ല എന്ന് സമ്മതിക്കേണ്ടിവരും. എന്നാല്‍ അതല്ല ഉയര്‍ന്നുവരുന്ന ചിത്രം.   

അടിത്തട്ടിലെ ജനവികാരത്തെ ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നില്ല. 2014-ലെ മോദി തരംഗത്തിന് 2018-ല്‍ എന്തു സംഭവിക്കുന്നു എന്നതാണ് സുപ്രധാന ചോദ്യം. 2013-ല്‍ മധ്യപ്രദേശിലെ മാല്‍വ മേഖലയിലെ 66 സീറ്റുകളില്‍ 57-ഉം ബി.ജെ.പിയാണ് ജയിച്ചത്. ലോക്സഭയിലും പാര്‍ട്ടി കോണ്‍ഗ്രസിനെ തൂത്തുവാരി. പക്ഷേ രത്ലാം പാര്‍ലമെന്റ് മണ്ഡലത്തിലും കോലാറസ്, മുംഗാവലി മണ്ഡലങ്ങളിലും ചൗഹാനും കേന്ദ്ര നേതാക്കളും ഒരാഴ്ചയിലേറെ തമ്പടിച്ചു പ്രചാരണം നടത്തിയിട്ടും ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തോറ്റു. ജനം വെറുത്തു തുടങ്ങിയ ചൗഹാനെയും രമണ്‍ സിംഗിനെയും 2013-ല്‍ വീണ്ടും അധികാരത്തിലേറ്റിയത് നരേന്ദ്ര മോദി എന്ന പുതിയൊരു മുഖമായിരുന്നു. ഈ സംസ്ഥാനങ്ങളിലെ ജനവിധിയുടെ ചരി്രതം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 2003-ല്‍ ദിഗ്വിജയ് സിംഗിനെ വീഴ്ത്തി മധ്യപ്രദേശില്‍ ബി.ജെ.പി നേടിയത് 42.5 ശതമാനം വോട്ടും 173 സീറ്റുകളുമായിരുന്നു. ഇത് 2008-ല്‍ തന്നെ 37.5 ശതമാനമായി കുറയുകയും സീറ്റുകള്‍ 145-ലേക്ക് താഴുകയും ചെയ്തു. പൊതുജനത്തിന് അതിവേഗം ബി.ജെ.പിയെ മടുക്കുന്നുണ്ടായിരുന്നു എന്നര്‍ഥം. എന്നാല്‍ യു.പി.എക്കെതിരെ നരേന്ദ്ര മോദി ഒരു വലിയ ദേശീയ പ്രതീക്ഷയായി ഉയര്‍ന്നുവരാനാരംഭിച്ച 2013-ല്‍ രണ്ടിടത്തും ബി.ജെ.പിക്ക് ഒരിക്കല്‍ കൂടി ജനം അവസരം കൊടുത്തു. സംസ്ഥാനത്തെ പ്രശ്നങ്ങളേക്കാള്‍ ദേശീയ വിഷയങ്ങളില്‍ ഊന്നിയും മന്‍മോഹന്‍ സിംഗിന്റെ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ പരാജയം ഉയര്‍ത്തിക്കാട്ടിയും നരേന്ദ്ര മോദിയും കോര്‍പറേറ്റ് അനുകൂല നിലപാട് സ്വീകരിച്ച മാധ്യമങ്ങളും ചേര്‍ന്നാണ് ഇത് സാധ്യമാക്കിയത്. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ ആഭ്യന്തര ദൗര്‍ബല്യങ്ങള്‍ കൂടിയായതോടെ പരാജയം കുറേക്കൂടി ആഴത്തിലുള്ളതായി. എന്നാല്‍, 2013-ല്‍ സഹായിച്ച മോദി ഘടകം ഇത്തവണ പൂര്‍ണമായും അപ്രത്യക്ഷമായിട്ടുണ്ട്. മുഖ്യമന്ത്രിമാര്‍ക്ക് ലഭിക്കുന്ന വോട്ടുകളിലേ ഈ സംസ്ഥാനങ്ങളില്‍ ഇനി ബി.ജെ.പി പിടിച്ചുനില്‍ക്കാന്‍ പോകുന്നുള്ളൂ. രാജസ്ഥാനിലാകട്ടെ ഒരേസമയം മോദിയുടെയും ഒപ്പം വസുന്ധരാജ സിന്ധ്യയുടെയും ജനപ്രീതി അപ്രത്യക്ഷമായി കഴിഞ്ഞു. മറുപക്ഷത്ത് വിമത നേതാക്കളെ മാറ്റിനിര്‍ത്തിയും കുറേക്കൂടി മികച്ച ഒത്തൊരുമയോടെയുമാണ് കോണ്‍ഗ്രസ് ഇക്കുറി മത്സരരംഗത്തെത്തുന്നത്. ജ്യോതിരാദിത്യ സിന്ധ്യ പുതിയ മുഖമായി ഉയര്‍ന്നുവരുന്ന മധ്യപ്രദേശ് ഉദാഹരണം. ദിഗ് വിജയ് അനുകൂലികള്‍ ഇത്തവണ വിമത നീക്കങ്ങളുമായി രംഗത്തില്ല. 

കോണ്‍ഗ്രസിന് സ്വന്തം നിലയില്‍ ജയിക്കാനാവുന്ന ഏറ്റവും മികച്ച സാധ്യതയുള്ള സംസ്ഥാനങ്ങളാണ് മധ്യപ്രേദശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവ. ബംഗാളിലെ സി.പി.എം സര്‍ക്കാര്‍ നേരിട്ടതിന് തുല്യമായ ജനരോഷമാണ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇപ്പോള്‍ ബി.ജെ.പി നേരിടുന്നത്.  ഇത് സ്വന്തം നേട്ടമാക്കി മാറ്റാന്‍ ഇത്തവണ കോണ്‍ഗ്രസിന് കഴിയുന്നില്ലെങ്കില്‍ 2019-ലെ തെരഞ്ഞെടുപ്പിനെ അത് ബാധിക്കും. ഈ സംസ്ഥാനങ്ങളില്‍ മറ്റാരുടെയെങ്കിലും സഹായത്തോടെ അധികാരത്തിലേറിയാല്‍ അത് 2019-ല്‍ സ്വന്തം സാധ്യതകളെ ദുര്‍ബലമാക്കുമെന്ന തിരിച്ചറിവും കോണ്‍ഗ്രസിനുണ്ട്. മധ്യപ്രദേശില്‍ ഒറ്റക്ക് കരുത്ത് തെളിയിച്ചെങ്കിലേ മഹാസഖ്യത്തില്‍ യു.പിയിലും ബിഹാറിലും മാന്യമായ ഇടം ലഭിക്കുമായിരുന്നുള്ളൂ. ഛത്തീസ്ഗഢ് കൂടി വിജയിച്ചാല്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നല്ലാതെ കോണ്‍ഗ്രസിന്റെ വിലപേശലിന്റെ അടിത്തറ മധ്യപ്രദേശ് തന്നെയായിരുന്നു. ഈ ജീവന്മരണ പോരാട്ടത്തെ കോണ്‍ഗ്രസ് ആ അര്‍ഥത്തിലെടുത്തു എന്നാണ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ നല്‍കുന്ന സൂചന. ബി.എസ്.പിയെയോ സമാജ്വാദിയെയോ ഈ സംസ്ഥാനങ്ങളില്‍ ഒപ്പം നിര്‍ത്താനുള്ള കാര്യമായ ഒരു നീക്കവും കോണ്‍ഗ്രസ് നടത്തിയിട്ടില്ല എന്നതാണ് വസ്തുത. ബി.എസ്.പി ആവശ്യപ്പെട്ട 30 സീറ്റുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ അതില്‍ പത്തെണ്ണം കോണ്‍ഗ്രസ് ജയിച്ചവയായിരുന്നു. ഇങ്ങനെ കര്‍ണാടക മാതൃകയില്‍ സഖ്യകക്ഷികള്‍ക്ക് കീഴടങ്ങിയാല്‍ അതിന് 2019-ല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. അതു കൊണ്ടാണ് തുടക്കം മുതലേ രണ്ടാംനിര നേതാക്കള്‍ മാത്രം ചര്‍ച്ചകളില്‍ ഇടപെട്ടത്. മായാവതിയുമായി കൂട്ടുകെട്ട് സാധ്യമാവണമെങ്കില്‍ സോണിയയോ രാഹുലോ സംസാരിക്കണമായിരുന്നു. 2019-ലെ ചര്‍ച്ചയുടെ സാധ്യതകളെ അടച്ചുകളയാതിരിക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്.    

എന്നാല്‍ ഒന്നിച്ചുനില്‍ക്കുകയാണെങ്കില്‍ മധ്യപ്രദേശില്‍ ബി.ജെ.പി വിജയിച്ച 44 സീറ്റുകളില്‍ കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം വിജയിക്കുമെന്നാണ് 2013 അസംബ്ലി തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചമ്പലില്‍ 13-ഉം ബുന്ദേല്‍ഖണ്ഡില്‍ 11-ഉം വിന്ധ്യപ്രദേശില്‍ 8-ഉം ശേഷിച്ച മേഖലകളില്‍നിന്നായി അഞ്ചും സീറ്റുകളില്‍ ബി.ജെ.പിയെ ഇങ്ങനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍. ഈ സീറ്റുകളില്‍ ബി.ജെ.പിക്കു ലഭിച്ച വോട്ടുകള്‍ ഇത്തവണ ഇടിയുമെന്നും നിഗമനമു്. ആ ചോര്‍ച്ച കോണ്‍ഗ്രസിനു ലഭിക്കാനാണ് ബി.എസ്.പിയേക്കാള്‍ സാധ്യത കൂടുതലുള്ളതും.  സപാക്സ് മുന്നണി എന്ന പേരില്‍ ഉന്നത ജാതിക്കാരുടെയും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെയുമൊക്കെ 'സാമാന്യ പിച്ചഡാ അല്‍പ്പസംഖ്യക് കല്യാണ്‍ സമാജ്' ഈ ഒക്ടോബര്‍ 2-ന് തട്ടിക്കൂട്ടിയുണ്ടാക്കിയത് ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ മുന്നണി ഇതിനകം 88 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുകഴിഞ്ഞു. ബി.എസ്.പി അനുകൂല വോട്ടുകളെ പിളര്‍ത്താനാണ് മുന്നണി രൂപം കൊണ്ടതെന്നാണ് സംസാരം. അന്തിമ വിശകലനത്തില്‍ സപാക്സ് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് പറയാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ആദിവാസികള്‍ക്കിടയില്‍ 2003-നു ശേഷം ബി.ജെ.പി നേടിയ വളര്‍ച്ചയും പിന്നീട് അവര്‍ക്കിടയിലുണ്ടായ അസംതൃപ്തിയും ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു സുപ്രധാന ഘടകമാണ്. ജാബുവ, മാണ്ട്ല, ധാര്‍ മേഖലകളില്‍ ഒരുകാലത്ത് കോണ്‍ഗ്രസിനുായിരുന്ന ആധിപത്യമാണ് പിന്നീട് ബി.ജെ.പി പിടിച്ചെടുത്തത്. എന്നാല്‍ ഇന്ന് ആദിവാസി സമൂഹം മുമ്പെന്നേത്തേക്കാളും അസ്വസ്ഥരും ബി.ജെ.പി വിരുദ്ധരുമാണ്. അവിഭക്ത മധ്യപ്രദേശില്‍ ഈ മേഖലയിലെ 75 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന്റേതായിരുന്ന കാലമുണ്ട്. 2003-ല്‍ ആകെയുള്ള 41-ല്‍ വെറും 4 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ശേഷിച്ച സീറ്റില്‍ മുഴുവന്‍ ബി.ജെ.പി ജയിച്ചു കയറി. എന്നാല്‍ 2008-ല്‍ 18-ഉം 2013-ല്‍ 31-ഉം സീറ്റുകള്‍ നേടി ആദിവാസി മേഖലയില്‍ കോണ്‍ഗ്രസ് മടങ്ങിയെത്താനാരംഭിച്ചു. ഇത്തവണ ബി.ജെ.പിക്കുള്ള  തിരിച്ചടി കൂടുതല്‍ ആഴത്തിലുള്ളതാവും. എന്നാല്‍, ആദിവാസികളുടെ രാഷ്്രടീയ മുഖമായ ഗോണ്ട്വാനാ ഗണതന്ത്ര് പാര്‍ട്ടിയുമായി (ജി.ജി.പി)കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കാതിരുന്നത് രാഹുല്‍ ഗാന്ധിയുടെ തന്ത്രപരമായ പാളിച്ചയായി വിലയിരുത്തപ്പെടുന്നു്. ഒന്നോ രണ്ടോ സീറ്റുകളിലേ ജി.ജി.പി നിര്‍ണായക ശക്തിയായി മാറുന്നുള്ളൂവെങ്കിലും ആദിവാസി മേഖലയില്‍ ഈ കൂട്ടുകെട്ട് ബി.ജെ.പിയെ നിലം പരിശാക്കിയേനെ. അതേസമയം കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം മുതലെടുത്ത് ഒടുവില്‍ ജി.ജി.പിയുമായി സമാജ്വാദി പാര്‍ട്ടി സഖ്യമുണ്ടാക്കുകയായിരുന്നു;  അഖിലേഷ് യാദവിന്റെ പാര്‍ട്ടി സംസ്ഥാനത്ത് ഒന്നുമല്ലെങ്കില്‍ കൂടിയും.  

കഴിഞ്ഞ തവണ ഛത്തീസ്ഗഢില്‍ ജയിക്കാമായിരുന്നിട്ടും അജിത് ജോഗിയും പി.സി.സി അധ്യക്ഷന്‍ മഹന്ത് രാം ചരണ്‍ ദാസും ഗ്രൂപ്പുകളിച്ച് പരസ്പരം വെട്ടിനിരത്തിയ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. 2016-ല്‍ ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച അജിത് ജോഗി മായാവതിയുമായും സി.പി.ഐയുമായും സഖ്യം ചേര്‍ന്നാണ് ഇത്തവണ മത്സരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന കാലത്തു പോലും സ്വന്തം സമുദായമായ സത്നാമി സമൂഹത്തിന്റെ വോട്ട്ബാങ്ക് നിര്‍ണായകമായ മണ്ഡലങ്ങളില്‍ 2014-ല്‍ ഒറ്റ സ്ഥാനാര്‍ഥിയെ പോലും വിജയിപ്പിക്കാന്‍ അജിത് ജോഗിക്ക് കഴിഞ്ഞിരുന്നില്ല. ഈ മേഖലയിലെ ഏതാണ്ടെല്ലാ സീറ്റും ബി.ജെ.പിയാണ് 2013-ലും 2014-ലും കൈയടക്കിയത്. സര്‍ഗൂജ, രായ്ഗഢ്, ജാംജ്ഗീര്‍ ചമ്പ, ബിലാസ്പൂര്‍ മുതലായ മേഖലകളിലെല്ലാം ബി.ജെ.പിയാണ് ജയിച്ചത്. ഈ മേഖലകള്‍ ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ആദിവാസി മേഖലകള്‍ തിരിച്ചുപിടിച്ച കോണ്‍ഗ്രസ് ഒ.ബി.സികളിലേക്കു കൂടി സ്വാധീനം വ്യാപിപ്പിക്കാനുള്ള പ്രായോഗിക നീക്കങ്ങളും നടത്തുന്നുണ്ട്. ത്രികോണ മത്സരം രൂപപ്പെടുത്താനായി ആഞ്ഞുപിടിക്കുന്നുണ്ടെങ്കിലും രമണ്‍സിംഗിനെ താഴെയിറക്കാനായി ജോഗി-മായാവതി കൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ വിശ്വസിക്കുമെന്ന് കരുതാന്‍ ഇപ്പോള്‍ ഏതായാലും സാധ്യതയൊന്നുമില്ല. ഒറ്റപ്പെട്ട സീറ്റുകളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന ശക്തിയാവാന്‍ ജോഗി-മായാവതി കൂട്ടുകെട്ടിന് കഴിഞ്ഞേക്കാമെന്നു മാത്രം. എന്നാല്‍ വര്‍ക്കിംഗ് പ്രസിഡന്റ് രാം ദയാല്‍ കൂറുമാറി ബി.ജെ.പിയില്‍ എത്തിയത് കോണ്‍ഗ്രസിന് വലിയ തോതില്‍ ക്ഷീണം ചെയ്യുന്നുമുണ്ട്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രധാനമായും നേരിടുന്നത് ശിവ്രാജ് സിംഗ് ചൗഹാന്റെ ജനപ്രീതിയെ ആണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. മുസ്ലിംകള്‍ക്കിടയില്‍ പോലും ചൗഹാന് സ്വീകാര്യതയുണ്ട്. എടുത്തുപറയാന്‍ നിരവധി പദ്ധതികളും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അതേസമയം കാര്‍ഷിക മേഖലയിലെ കേന്ദ്ര നയങ്ങളും നോട്ട് നിരോധവും ജി.എസ്.ടിയുമൊക്കെ ഈ സംസ്ഥാനത്തെ തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചിട്ടുമുണ്ട്. മാണ്ട്‌സോര്‍ വെടിവെപ്പ് അതിന്റെ പരിണതിയായിരുന്നു. ഛത്തീസ്ഗഢില്‍ ചാവല്‍ ബാബ ആയി അറിയപ്പെടുന്ന രമണ്‍ സിംഗിനുമുണ്ട് നല്ലൊരളവില്‍ ജനപ്രിയത. എന്നാല്‍ ഈ രണ്ടു നേതാക്കള്‍ക്കുമപ്പുറത്ത് നരേന്ദ്ര മോദിയല്ലാതെ മറ്റൊരു നേതാവും ഈ സംസ്ഥാനങ്ങളുടെ ചിത്രത്തിലില്ല. ഈ രണ്ടിടത്തും സഖ്യങ്ങളില്ലാതെ സ്വന്തം കരുത്തില്‍ വിശ്വസിച്ച് ഒരു രാഷ്ട്രീയ ചൂതാട്ടത്തിനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍