റഹ്മാന്‍ മുന്നൂര് (1956-2018) ഇസ്‌ലാമെഴുത്തിന്റെ ബഹുമുഖ വിസ്താരം
''മിടിപ്പു താഴുന്നതെന്‍ ഭാഷതന്‍ നെഞ്ചിന്നല്ലോ
ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ
തിരുമ്മിയടച്ചത് നീതിതന്‍ മിഴിയല്ലോ
തഴുതിട്ടതോ സ്‌നേഹനീലമാം കലവറ''
(ഇവനെക്കൂടി, സച്ചിദാനന്ദന്‍)
ഇരുവഴിഞ്ഞിപ്പുഴയുടെ ചെരിഞ്ഞ കരകളില്‍ ഒറ്റക്കിരുന്ന് പാടിയ ഒരാള്‍ ഇതാ ഹൗളുല്‍ കൗസറിന്റെ തണുത്ത തീരങ്ങളിലേക്ക് യാത്രയാവുകയാണ്. സൗമ്യനും ശാന്തനുമായ റഹ്മാന്‍ മുന്നൂര് എന്ന ബഹുമുഖ പ്രതിഭയുടെ സൗഹൃദത്തണല്‍ ഇനി അദ്ദേഹം എഴുതിക്കൂട്ടിയ അക്ഷരങ്ങളിലും നിലക്കാത്ത ഈണങ്ങളിലും മാത്രം. സര്‍ഗാത്മകശേഷിയുള്ള ഒരു മനുഷ്യന്‍ ബാക്കിവെക്കുന്ന മുറിഞ്ഞുപോകാത്ത സ്വദഖതുന്‍ ജാരിയ (തീരാത്ത ദാനം) അതാണല്ലോ.
കഴിഞ്ഞ ഏപ്രിലില്‍, കനത്ത വെയില്‍ കത്തിത്തീര്‍ന്ന ഒരു സായാഹ്നത്തില്‍.
അസുഖബാധിതനായി വളരെ ശ്രമപ്പെട്ട് ഹിറാസെന്ററില്‍ വന്ന പി.ടിയെ തനിമയുടെ ഓഫീസില്‍വെച്ച്, കുറച്ച് ഇടവേളക്കുശേഷമാണ് കാണുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം കൂടിയാലോചനകളില്‍ വലിയ അനുഗ്രഹമായിരുന്നു. കൂടുതലൊന്നും പറയില്ലെങ്കിലും പറയുന്നത് കൂടുതല്‍ പ്രായോഗികവും യുക്തവുമായിരിക്കും. മെലിഞ്ഞു തുടങ്ങിയ ആ ശരീരത്തില്‍ അപ്പോള്‍ ആവേശത്തിന്റെ അംശങ്ങള്‍ കെട്ടുപോയിട്ടുണ്ട്. എങ്കിലും പ്രസന്നമായ ഭാവത്തില്‍ തനിമയുടെ ഈ വര്‍ഷത്തെ പരിപാടികളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. വിലപ്പെട്ട ചില നിര്‍ദേശങ്ങള്‍ തന്നു. അദ്ദേഹത്തിന്റെ ഒരഭിമുഖം തയാറാക്കി പ്രബോധനത്തില്‍ നല്‍കുന്നതിനെക്കുറിച്ച് പലപ്പോഴും സലീം കുരിക്കളകത്ത് ഓര്‍മിപ്പിച്ചിരുന്നു. ആ ആഗ്രഹം മനസ്സില്‍ വെച്ച് ഞാന്‍ പി.ടിയോട് 'എന്നോട് എന്തെങ്കിലുമൊക്കെ പറയാമോ' എന്ന് അഭ്യര്‍ഥിച്ചു. സാധാരണപോലെ, തികച്ചും സ്വാഭാവികമായ ഒരു സംഭവമെന്നപോലെയാണ് ആ ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചത്.
ഒരാഴ്ചക്കുള്ളില്‍ തന്നെ റഹ്മാന്‍ മുന്നൂരിന്റെ പതിഞ്ഞ സ്വരത്തിലുള്ള ശബ്ദം എന്റെ ഫോണിലേക്ക് വന്നുതുടങ്ങി. ചിലത് ഒന്നോ രണ്ടോ ദിവസങ്ങളുടെ ഇടവേളകളില്‍. ചിലത് ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞ്. അതിനിടയില്‍, റമദാന്‍ വന്നുമടങ്ങി. മഹാമാരിക്കാലവും കൊടുങ്കാറ്റും നമ്മുടെ നാടിനെ പിടിച്ചുലച്ചു. പ്രളയത്തിന്റെ ബലിപെരുന്നാളും കഴിഞ്ഞു. രോഗം പകര്‍ന്ന അവശതകള്‍ പി.ടിയെ കൂടുതല്‍ ക്ഷീണിതനും പരാശ്രയനുമാക്കി. ജീവിതകഥയുടെ ബാക്കിഭാഗം ഇനിയുണ്ടാവില്ല എന്ന് സങ്കടപ്പെട്ട കാലത്താണ് അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് പുണ്യഭൂമിയില്‍ പടച്ചവന്റെ ആതിഥ്യം അനുഭവിക്കുന്ന സന്തോഷവര്‍ത്തമാനം അറിഞ്ഞത്. പക്ഷേ, ആ സംസാരം ഹജ്ജിനുശേഷം തുടരാമെന്ന എന്റെ അത്യാഗ്രഹം ഇതാ ആറടി മണ്ണില്‍ അവസാനിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞതത്രയും വായനക്ക് പകര്‍ത്തിത്തന്ന് തൃപ്തിപ്പെടുകയേ ഇനി വഴിയുള്ളൂ. അപൂര്‍ണമായ ഒരാത്മകഥ. സുന്ദരമായ ഒരു പാട്ടിന്റെ പല്ലവിപോലെ.
ഇസ്‌ലാമെഴുത്തിന്റെ ബഹുമുഖമായ വിസ്താരങ്ങളില്‍ പലതിലും ഏര്‍പ്പെട്ട എഴുത്തുകാരനാണ് പി.ടി അബ്ദുറഹ്മാന്‍ എന്ന റഹ്മാന്‍ മുന്നൂര്. കവിതയും ഗാനവും നാടകവും കഥാപ്രസംഗവും ലേഖനവും വിവര്‍ത്തനവും അദ്ദേഹത്തിന് ഇസ്‌ലാമിന്റെ വൈവിധ്യപൂര്‍ണമായ സൗന്ദര്യസത്തകളെ വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളായിരുന്നു. അതില്‍തന്നെ മുഴുകി മറ്റു അംഗീകാരങ്ങളെക്കുറിച്ച് വ്യാകുലപ്പെടാതെ അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. അതിശയകരമായ വേഗത്തില്‍ വിവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മലയാളത്തിലെ ഇസ്‌ലാമികവായനയെ സമ്പന്നമാക്കിക്കൊണ്ടേയിരുന്നു. അതോടൊപ്പം കുറഞ്ഞ ഇടവേളകളില്‍ അദ്ദേഹം പാട്ടുകളെഴുതി. എണ്ണൂറോളം പാട്ടുകള്‍ എഴുതിയിട്ടുണ്ടാകുമെന്ന് അദ്ദേഹംതന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്വതഃസിദ്ധമായ അലസതകൊണ്ട് മുക്കാല്‍പങ്കും നഷ്ടമായി.
നാടകവും കഥയും നോവലും ലേഖനങ്ങളും എഴുതിയിട്ടുണ്ടെങ്കിലും രണ്ടു എഴുത്തുമേഖലയിലാണ് റഹ്മാന്‍ മുന്നൂര് സ്വാസ്ഥ്യം കണ്ടെത്തിയത്. ഉര്‍ദുവില്‍നിന്നുള്ള തര്‍ജമയും മലയാളത്തിലെ പാട്ടെഴുത്തുമായിരുന്നു അവ. വായനയുടെയും ഭാഷാര്‍ജനത്തിന്റെയും കണിശമായ പരിശീലനമാണ് ആദ്യത്തെ പ്രവൃത്തിക്ക് അനിവാര്യമായും വേണ്ടത്. കുട്ടിക്കാലത്തേ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന താളബോധവും പദധ്യാനവുമാണ് പാട്ടെഴുത്തിന് കൂട്ട്. ഈ രണ്ടു കാര്യങ്ങളും കൃതഹസ്തനായ ഒരു എഴുത്തുകാരനില്‍ രൂപപ്പെടുന്നതിന്റെ ആനന്ദകരമായ പ്രോസസ് ഈ ജീവിത ചിത്രീകരണത്തിലുണ്ട്. ഒരാള്‍ സര്‍ഗാത്മകവും വൈജ്ഞാനികവുമായ ആവിഷ്‌കാരശേഷി കൈവരിക്കുന്നതിനു പിന്നിലെ കടുത്ത പരിശീലനവും ശ്രമവും ഈ സംസാരത്തിലുണ്ട്. ഒരു പ്രതിഭയെ വിരിയിച്ചെടുക്കുന്നതില്‍ സമൂഹവും ചുറ്റുപാടും ഒരുക്കിവെക്കുന്ന സംവിധാനങ്ങള്‍ ഈ ശബ്ദത്തിലുണ്ട്.
കൂടുതലൊന്നും വെട്ടിമാറ്റാതെ അദ്ദേഹം പറഞ്ഞതുപോലെ സ്വാഭാവികമായി അത് പകര്‍ത്തിവെക്കുകയേ ഞാന്‍ ചെയ്യുന്നുള്ളൂ. തന്നെ ആദരിക്കുന്നതിനു വേണ്ടി ജന്മഗ്രാമം തയാറാക്കിയ വേദിയില്‍ വായിക്കാന്‍ അദ്ദേഹം പറഞ്ഞുകൊടുത്തെഴുതിച്ച ആത്മകഥാപരമായ ചെറുലേഖനവും ഈ ജീവിതാഖ്യാനത്തോട് ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. സംസാരത്തില്‍ വിട്ടുപോയ പലതും ആ കുറിപ്പ് പൂര്‍ത്തീകരിക്കുന്നുണ്ട് എന്നതിനാലാണത്.
Comments