Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

എം.എ റശീദ് മൗലവി

തസ്‌നീം ബാനു

പ്രമുഖ ഉര്‍ദു ഭാഷാ പണ്ഡിതനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന തിരൂര്‍ തലക്കടത്തൂരിലെ അബ് ദുല്‍ റശീദ് മൗലവി 2018 ജൂണ്‍ 29-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. 1923-ലാണ് റശീദ് മൗലവിയുടെ ജനനം. തലക്കടത്തൂര്‍, താനാളൂര്‍, വാണിയന്നൂര്‍, രണ്ടത്താണി, കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പള്ളി ദര്‍സുകളില്‍നിന്നായിരുന്നു പഠനം. പിതാവിന്റെ മരണശേഷമാണ് മൗലവി പരപ്പനങ്ങാടിയിലെ പനയത്തില്‍ പള്ളിയില്‍ ദര്‍സിനെത്തുന്നത്. അക്കാലത്ത് മര്‍ഹൂം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ അവിടെ വിദ്യാര്‍ഥിയായിരുന്നു. മൗലവി അവിടെ ദര്‍സില്‍ ചേര്‍ന്ന വര്‍ഷവും പതിവുപോലെ ദര്‍സിലെ വിദ്യാര്‍ഥികള്‍ മൗലിദ് പരിപാടികള്‍ സംഘടിപ്പിക്കാനായി ഒരു തുക സ്വരൂപിച്ചിരുന്നു. എന്നാല്‍, മൗലിദ് പരിപാടികള്‍ നടത്താതെ ആ വര്‍ഷത്തെ പണം കൊണ്ട് മൗലവിക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുകയാണ് ചെയ്തത്. അതിനു കാരണം മര്‍ഹൂം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു. അനാഥനായ മൗലവിയുടെ വിഷമതകള്‍ മനസ്സിലാക്കിയ അദ്ദേഹം മറ്റുള്ളവരുമായി കൂടിയാലോചിച്ചായിരുന്നു അങ്ങനെ ഒരു തീരുമാനമെടുത്തത്.

ജീവിത പ്രാരാബ്ധങ്ങള്‍ കാരണം 14-ാം വയസ്സില്‍ തന്നെ മൗലവി തൊഴില്‍ തേടി കറാച്ചിയിലേക്ക് യാത്രയായി. പ്രയാസങ്ങളും പ്രശ്‌നങ്ങളും നിറഞ്ഞ സംഭവബഹുലമായ ആ യാത്ര മൗലവി തന്റെ പൂര്‍ത്തിയാക്കാത്ത ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. അലച്ചിലുകള്‍ക്കൊടുവില്‍ എത്തിച്ചേരുന്നത് യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരെ പരിചരിക്കുന്ന ഖാക്‌സാര്‍ എന്ന സന്നദ്ധ സംഘത്തില്‍. ആ സംഘജീവിതമാണ് അദ്ദേഹത്തിന് ഉര്‍ദുവില്‍ പ്രാഗത്ഭ്യം നേടിക്കൊടുത്തത്. മൗലവി തന്റെ ജീവിതത്തില്‍ നിലനിര്‍ത്തിപ്പോന്ന 'പട്ടാള ചിട്ട'യും അക്കാലത്ത് പരിശീലിച്ചതാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ അതിന്റെ സ്ഥാപക നേതാവിന്റെ ജിഹ്വയിലൂടെ തന്നെ ഗ്രഹിക്കാനായതും ആ യാത്രയുടെ നേട്ടമാണ്.

നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കുഞ്ഞവറാന്‍ കുട്ടി മാസ്റ്റര്‍ തിരൂരിലെ ആലിന്‍ചോട്ടില്‍ വിട്ടുകൊടുത്ത സ്ഥലത്ത് അല്‍ അമീന്‍ ഗ്രാമകേന്ദ്രം സ്ഥാപിതമാവുന്നത്. അവിടെ പഠനക്ലാസ്സുകള്‍ നടത്തുന്നവരില്‍ കുഞ്ഞവറാന്‍ കുട്ടി മാസ്റ്റര്‍ക്കും കുഞ്ഞാലി മുന്‍ഷിക്കുമൊപ്പം റശീദ് മൗലവിയുമുണ്ടായിരുന്നു. 1943-ലാണ് ആ സ്ഥാപനം ആരംഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍നിന്നാണ് ഇവര്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിലേക്ക് മാറുന്നത്. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെയും ഇ.എം.എസിന്റെയും സഹചാരിയായിരുന്ന മര്‍ഹൂം കുഞ്ഞവറാന്‍കുട്ടി മാസ്റ്ററുമായി ഹാജി സാഹിബ് നടത്തിയ നിരന്തര ബന്ധമായിരുന്നു ഈ മാറ്റത്തിനു കാരണം. അതോടെ അല്‍ അമീന്‍ ഗ്രാമകേന്ദ്രം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിജ്ഞാനകേന്ദ്രമായിത്തീര്‍ന്നു. ഇവിടെ വയോജന വിദ്യാഭ്യാസം, ഉര്‍ദു പഠനം, ദീനീപഠനം എന്നിവ നടത്തിയിരുന്നു. പിന്നീട് തിരൂര്‍ ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപനത്തിന് പ്രചോദനമായത് ഈ വിജ്ഞാന കേന്ദ്രമായിരുന്നു. ഇതിനിടയില്‍ മൗലവി ഉര്‍ദുവിലെ പല പരീക്ഷകളും പാസ്സായി ഉര്‍ദു അധ്യാപകനാവാനുള്ള യോഗ്യത നേടി. സര്‍ക്കാര്‍ ജോലിക്ക് അദ്ദേഹം താല്‍പര്യം കാണിച്ചില്ല. ഇസ്‌ലാമിക സ്ഥാപനങ്ങളിലെ അധ്യാപനവൃത്തിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

വേങ്ങേരി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ, ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, കുറ്റ്യാടി ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായി. ആ കാലങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ ഉര്‍ദു പഠന ക്ലാസ്സുകളും മതപഠന ക്ലാസ്സുകളും സംഘടിപ്പിച്ചു. 1975-നു ശേഷം നാട്ടില്‍ സ്വന്തമായി വെറ്റില വ്യാപാരത്തില്‍ വ്യാപൃതനായി. മൗലവി നാട്ടില്‍ വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന അവസരത്തിലാണ് തിരൂര്‍ ഇസ്‌ലാമിക് സെന്ററിന്റെ രൂപീകരണവും ടി.ഐ.സി സ്‌കൂള്‍ നിര്‍മാണവും നടക്കുന്നത്. അതിനു വേണ്ട ഫണ്ട് ശേഖരണത്തില്‍ മൗലവി ഭാഗഭാക്കായിരുന്നു. സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മൗലവി അതിലെ വിദ്യാര്‍ഥികള്‍ക്ക് ഉര്‍ദു പഠിപ്പിക്കാന്‍ തന്റെ വ്യാപാരവൃത്തിക്കിടയില്‍ സമയം കണ്ടെത്തി. മൗലവി അവിടെ 15 വര്‍ഷത്തോളം പാര്‍ട്ട് ടൈം അധ്യാപകനായി.

ഖുസ്രുവും ഗാലിബും ഇഖ്ബാലും അനശ്വരമാക്കിയ ഉര്‍ദു ഭാഷയെ അതിന്റെ സൗന്ദര്യം ചോര്‍ന്നുപോകാതെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ മൗലവിക്ക് സാധിച്ചു. മര്‍ഹൂം ജി.എം ബനാത്ത്‌വാല മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന വേളയില്‍ തലക്കടത്തൂരില്‍ പ്രസംഗിച്ചപ്പോള്‍ പരിഭാഷകനാവാന്‍ മൗലവിയെ ക്ഷണിച്ചതും ബനാത്ത്‌വാല പരിഭാഷകനെ മുക്തകണ്ഠം പ്രശംസിച്ചതും മൗലവി തന്റെ ജീവചരിത്ര കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു.

ഭാര്യമാര്‍: ശാഹിദ, പരേതയായ ആഇശാബി. ആദ്യ ഭാര്യ ആഇശാബിയില്‍ ആറ് പെണ്‍കുട്ടികള്‍. അതില്‍ അസ്മാബി ഒഴിച്ച് അഞ്ചു പേര്‍ ജീവിച്ചിരിപ്പുണ്ട്. ഹാജറ (താനൂര്‍ മുക്കോല), തസ്‌നീം ബാനു (കടന്നമണ്ണ), ബശീറത്ത് (എടയൂര്‍), സാബിറ ബീഗം (തിരൂര്‍ നടുവിലങ്ങാടി), കനീസ് ഫാത്വിമ (ഷൊര്‍ണൂര്‍). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍