Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

ജീവിതത്തിന്റെ പല്ലവി റഹ്മാന്‍ മുന്നൂര് പറയുന്നു

പാഴൂര്‍ യു.പി സ്‌കൂള്‍, ചേന്ദമംഗലൂര്‍ ഹൈസ്‌കൂള്‍, ശാന്തപൂരം ഇസ്‌ലാമിയാ കോളേജ് എന്നീ സ്ഥാപനങ്ങളിലായിരുന്നു എന്റെ വിദ്യാഭ്യാസം. ശാന്തപുരത്തുനിന്ന് ഫഖീഹുന്‍ ഫിദ്ദീന്‍ ബിരുദവും ബി.എ ഡിഗ്രിയും പൂര്‍ത്തിയാക്കിയതിനുശേഷം അറബി സാഹിത്യത്തില്‍ എം.എയും നേടി. മുപ്പത്തിനാലു വര്‍ഷം വിവിധ സ്ഥാപനങ്ങളില്‍ പത്രാധിപ ജോലി ചെയ്തു. മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തു. അര ഡസന്‍ സ്വതന്ത്രകൃതികളും രചിച്ചു. എണ്ണമറ്റ പാട്ടുകള്‍ എഴുതി. പഴയ ഒപ്പനപ്പാട്ടുകാരന്‍ ആയിരുന്ന ബാപ്പ നെഞ്ചില്‍ കയറ്റിയിരുത്തി കൈകള്‍ താളത്തില്‍ മുട്ടിച്ച് പാടിത്തന്നിരുന്ന പടപ്പാട്ടുകളും ഉമ്മ പറഞ്ഞുതന്ന ബീവി സീറായോമയുടെയും വളര്‍മരത്തിന്റെയും കഥകളുമായിരിക്കണം എന്നില്‍ സാഹിത്യത്തിന്റെ വിത്തുകള്‍ പാകിയത്.  

വളരെ ചെറുപ്പത്തിലേ ഞാന്‍ എഴുതി തുടങ്ങിയിട്ടുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അഞ്ചാറ് പാട്ടുകളെഴുതി. അത് അച്ചടിക്കണമെന്ന് വലിയ മോഹം. നേരെ മാവൂരില്‍ ചെന്നു. നടന്നാണ് പോയത്. അവിടെ ഒരു ചിത്രകല പ്രസ് ഉണ്ട്. കുറിക്കല്യാണക്കത്തുകളില്‍നിന്നാണ് പ്രസിന്റെ പേര് ഞാന്‍ മനസ്സിലാക്കിയത്. അവിടെ ചെന്ന് കൈയിലുള്ള പാട്ടിന്റെ സ്‌ക്രിപ്റ്റ് കാണിച്ചുകൊടുത്തു. എത്ര ചെലവ് വരും അച്ചടിക്കാന്‍ എന്ന് ചോദിച്ചു. ഇരുപത്തിരണ്ട് രൂപയാകും എന്നു പറഞ്ഞു. തിരിച്ചുവന്ന് ഉമ്മ മുഖേന വാപ്പയോട് കാശ് ചോദിച്ചു. കൈയില്‍ കാശ് ഒന്നും ഉണ്ടാവുകയില്ല. അങ്ങനത്തെ കാലമാണ്. അതൊരു പാഴ്‌വേല ആയിരിക്കുമെന്ന് കരുതിയോ എന്തോ, കാശ് കിട്ടിയില്ല. വളരെയധികം സങ്കടപ്പെട്ടു ഞാന്‍ കരഞ്ഞു. 

അന്നുരാത്രി പെങ്ങന്മാര്‍ പറഞ്ഞു: ''ഏതായാലും അച്ചടിക്കാന്‍ പൈസയില്ല, അച്ചടിച്ചാല്‍തന്നെ വില്‍ക്കാനും കഴിയില്ല. ഒരു കാര്യം ചെയ്യ്; യ്യ് പാട്, ഞങ്ങളൊക്കെ കേട്ടോളാം.'' 

അങ്ങനെ അവരൊക്കെ കേള്‍ക്കാന്‍ തയാറായി ഇരുന്നു. അവിടെ മഞ്ച എന്ന് ഞങ്ങളൊക്കെ പറയുന്ന പത്തായംപോലുള്ള ഒരു പെട്ടിയുണ്ട്. ഞാന്‍ അതില്‍ കയറിയിരുന്നു, പാട്ടെല്ലാം പാടി. അവര്‍ ഉഷാറായിട്ടുണ്ട് എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ആ സങ്കടം തീര്‍ത്തു.

അങ്ങനെ പാട്ടാണ് ആദ്യം എഴുതിത്തുടങ്ങിയത്. പാട്ട് എനിക്ക് പാരമ്പര്യമായി കിട്ടിയതാണ.് വാപ്പയും വാപ്പാന്റെ രണ്ട് അനുജന്മാരും അക്കാലത്തെ ഒപ്പനപ്പാട്ടുകാര്‍ ആയിരുന്നു. കല്യാണ വീടുകളില്‍ പോയി പാട്ടു പാടും, ഒപ്പന കളിക്കും. അന്നത് മത്സരമായിട്ടാണ് നടക്കുക. പെണ്ണിന്റെ വീട്ടുകാര്‍ പാട്ടുകാരെ കൊണ്ടുവന്നിട്ടുണ്ടാകും. ആണിന്റെ വീട്ടുകാരും പാട്ടുകാരെ കൊണ്ടുവരും.  അവര്‍ തമ്മിലാണ് മത്സരം.  ഉപ്പാന്റെ ഒപ്പന ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ജനിക്കുമ്പോഴേക്കും അത്തരം പരിപാടികളൊക്കെ അവര്‍ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പഴമക്കാരായ നാട്ടുകാര്‍ ധാരാളം അതിനെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. വാപ്പാന്റെ കുടുംബത്തിലെ അബു മൊല്ലാക്ക, അബ്ദുസ്സലാം മൊല്ലാക്ക എന്നിവരൊക്കെ പാട്ടുകാരായിരുന്നു.   അബ്ദുസ്സലാം മൊല്ലാക്ക നിമിഷകവിയായിരുന്നുവത്രെ. 

അന്നൊക്കെ ചെറിയ പാട്ടുപുസ്തകങ്ങള്‍ വില്‍ക്കുന്ന ആളുകള്‍ നാട്ടിലൊക്കെ വരും. പള്ളിയുടെ മുമ്പിലുള്ള മക്കാനിക്കരികില്‍നിന്ന് ഉറക്കെ പാടി എട്ടോ പത്തോ പാട്ടുകളുള്ള ആ പുസ്തകം വില്‍ക്കും. ചെറിയ കാശുകൊടുത്ത് ആളുകള്‍ അത് വാങ്ങും. അങ്ങനെയും പാട്ടുകളോട് കമ്പമുണ്ടായി. തൊട്ടടുത്ത താത്തൂര്‍ ഗ്രാമത്തില്‍ ശുഹദാക്കളുടെ നേര്‍ച്ച നടക്കാറുണ്ട്, കൊല്ലംതോറും. നാലുദിവസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയാണ്. ഈ പാട്ടുപുസ്തകക്കാര്‍ അവിടെയും നിരന്നു നില്‍പ്പുണ്ടാകും. ചെറുപ്പം മുതലേ പെങ്ങന്മാരോടൊപ്പം ഈ നേര്‍ച്ചയിലേക്ക് പോകും. അവര്‍ മാലയും വളയും വാങ്ങുമ്പോള്‍ എനിക്ക് താല്‍പര്യം ഈ പാട്ടുപുസ്തകങ്ങള്‍ വാങ്ങാനായിരുന്നു. നേര്‍ച്ചയില്‍ മാവൂര്‍ സുലൈമാന്‍ എന്ന കളരിയഭ്യാസിയുടെ പ്രകടനം നടക്കാറുണ്ട്. ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്നു അയാള്‍. വെളുത്ത് കൊഴുത്ത് സുന്ദരനായ ഒരു മനുഷ്യന്‍. വലിയ അഭ്യാസിയായിരുന്നു. അദ്ദേഹത്തെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ല എന്നെല്ലാവരും പറയും. ഒരു നേര്‍ച്ചക്കാലത്ത് ഞാനും ആ പ്രകടനം കണ്ടു. തൊട്ടടുത്ത ആഴ്ചയില്‍ മാവൂര്‍ സുലൈമാനെ ആറെസ്സെസ്സുകാര്‍ വെട്ടിക്കൊന്നു എന്ന വാര്‍ത്തയും കേട്ടു. രാത്രിഷിഫ്റ്റ് കഴിഞ്ഞ് വരുന്ന സമയത്ത് വഴിയില്‍ ഒളിച്ചിരുന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാവൂര്‍ സുലൈമാനെക്കുറിച്ച് ഉടനെത്തന്നെ പാട്ടുകളിറങ്ങി. അതും പാട്ടുപുസ്തകമായി, അടുത്ത വര്‍ഷം നേര്‍ച്ചയില്‍ വില്‍പ്പനക്കുണ്ടായിരുന്നു. ഞാനും വാങ്ങി സൂക്ഷിച്ചു ഒന്ന്. എനിക്കിപ്പോഴും മനപ്പാഠമാണ് അതിലെ വരികള്‍.

നാട്ടില്‍ കുറിക്കല്യാണങ്ങളുണ്ടാകും. അവിടെ ഗ്രാമഫോണ്‍ റെക്കോര്‍ഡിലൂടെ പാട്ടുകള്‍ കേള്‍ക്കും. അതൊരു സീസണാണ്. ഞങ്ങള്‍ കുട്ടികളൊക്കെ ആ ഗ്രാമഫോണ്‍ പെട്ടിക്കുചുറ്റും കൂടിയിരിക്കും. വീട്ടില്‍തന്നെ ഒട്ടേറെ പാട്ടുപുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അറബിമലയാളത്തിലുള്ളതും മലയാളത്തിലുള്ളതും. ഖദീജ ബീവിയുടെ വഫാത്ത്, അക്ബര്‍ സദഖ, കുറത്തിപ്പാട്ട് ഇതൊക്കെ. അതിലുള്ള വരികള്‍ അക്കാലത്തുതന്നെ എനിക്ക് മനപ്പാഠമാണ്. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അയല്‍നാടുകളിലുള്ള ഗാനമേളകള്‍, നാടകങ്ങള്‍, കഥാപ്രസംഗങ്ങള്‍ ഇതിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങി. അന്നത്തെ പ്രധാനപ്പെട്ട ഒരു പാട്ടെഴുത്തുകാരനാണ് കൊടിയത്തൂരിലെ ഉസ്സന്‍ മാസ്റ്റര്‍. യു.കെ.ഡി.ആര്‍ എന്ന പേരില്‍ ഒന്നാന്തരം പാട്ടുകള്‍ രചിക്കുകയും അത് മനോഹരമായി പാടുകയും ചെയ്തു അദ്ദേഹം. കഥാപ്രസംഗങ്ങള്‍ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. 

പിന്നീട് യു.കെ അബൂസഹ്‌ല ചേന്ദമംഗല്ലൂരിലെത്തിയ കാലമാണ്. യു.കെയുടെ പാട്ടുകള്‍ ചേന്ദമംഗല്ലൂരിലും ഞങ്ങളുടെ ഗ്രാമത്തിലും ഏറെ പ്രസിദ്ധമായിരുന്നു. പ്രായമുള്ളവരും തോണിക്കാരും സ്ത്രീകളും ഒക്കെ ആ പാട്ടുകള്‍ പാടി നടന്നു. ഞങ്ങളുടെ നാട്ടിലെ സുന്നി മദ്‌റസകളില്‍ പോലും അദ്ദേഹത്തിന്റെ പാട്ടുകള്‍ സാഹിത്യസമാജങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. അതൊക്കെ യു.കെയുടെ പാട്ടുകളാണെന്ന് പിന്നീടാണ് മനസ്സിലായത്.

അക്കാലത്ത് ചേന്ദമംഗല്ലൂരും കൊടിയത്തൂരുമൊക്കെ ധാരാളം ക്ലബുകളുണ്ടായിരുന്നു. സിത്താര ആര്‍ട്‌സ് ക്ലബിനെപ്പോലെ വളരെ പ്രസിദ്ധമായ ചിലതും അതിലുണ്ട്. ടി. അബ്ദുല്ല മാസ്റ്ററൊക്കെ ആയിരുന്നു അതിന്റെ കാര്യമായ പ്രവര്‍ത്തകര്‍. കൊടിയത്തൂരിലെ  ഉസ്സന്‍ മാസ്റ്റര്‍ ഈ ക്ലബുകളെക്കുറിച്ചുതന്നെ ഒരു പാട്ടെഴുതിയിട്ടുണ്ട്. അവര്‍ ഇടക്കിടെ നാടകങ്ങളൊക്കെ അവതരിപ്പിക്കും. അതില്‍ പലതിലും ഞാനുമുണ്ടായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ഗാനമേളാ ട്രൂപ്പുകള്‍ക്ക് ഞാന്‍ പാട്ടെഴുതിക്കൊടുത്തിട്ടുണ്ട്. സി.വി.എ കുട്ടി ചെറുവാടിക്ക് നല്ലൊരു ഗായകസംഘംതന്നെ ഉണ്ടായിരുന്നു. അദ്ദേഹം അതെല്ലാം വിവിധ വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട.് എന്റെ നാട്ടില്‍ തന്നെ വന്ന് അദ്ദേഹം അവ പാടുന്നതിനുമുമ്പ് നാട്ടുകാരനായ റഹ്മാന്‍ മുന്നൂര് രചിച്ച ഗാനമാണെന്ന് നേരത്തേ പറഞ്ഞുകൊണ്ടാണ് അവതരിപ്പിക്കുക.

വായന അക്കാലത്തുതന്നെ വലിയ ഹരമുള്ള കാര്യമായിരുന്നു. ഹൈസ്‌കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് പല കുട്ടികളും കളിക്കാനായി ഗ്രൗണ്ടിലേക്ക് ഓടുന്ന നേരത്ത് ഞാന്‍ വായനശാലയിലേക്ക് ഓടും. നേരത്തേ എത്തിയാലേ അവിടെയുള്ള വാരികകളും മാസികകളും വായിക്കാന്‍ കിട്ടുകയുള്ളൂ. ശാസ്ത്രഗതി, തളിര്, യുറീക്ക, പൂമ്പാറ്റ എന്നിവയൊക്കെ അവിടെയുണ്ട്. ചന്ദ്രിക, മാതൃഭൂമി ആഴ്ചപ്പതിപ്പുകളൊക്കെയും അവിടെനിന്നാണ് വായിച്ചിരുന്നത്. അക്കാലത്ത് വായിച്ച 'ചെറിയ ലോകവും വലിയ മനുഷ്യരും' എന്ന കാര്‍ട്ടൂണ്‍ ഇപ്പോഴും ഓര്‍ക്കുന്നു. സ്‌കൂള്‍ ലൈബ്രറിയുടെ ഉള്ളിലേക്ക് കയറാനോ സ്വന്തമായി പുസ്തകം തെരഞ്ഞെടുക്കാനോ ഉള്ള സ്വാതന്ത്ര്യം അന്നില്ല. അധ്യാപകര്‍ തെരഞ്ഞെടുത്ത പുസ്തകം വായിക്കാന്‍ കിട്ടും. വായിച്ച് തിരിച്ചുകൊടുത്താല്‍ വേറെ പുസ്തകം തരും. അങ്ങനെ കുറേ കഥകളും നോവലുകളും വായിച്ചുകൂട്ടി. അക്കാലത്ത് നാട്ടില്‍ ഓലകൊണ്ട് പന്തലുകെട്ടി ചെറിയ കലാപരിപാടികളൊക്കെ സംഘടിപ്പിക്കും. ഹൈസ്‌കൂളിലെത്തിയപ്പോള്‍ അത്തരം കലാപരിപാടികളുടെ ഒരു വാര്‍ഷികം തന്നെ ഞങ്ങളുടെ സംഘം നടത്തി. നാട്ടിലെ യു.പി സ്‌കൂളില്‍ മൈക്കുവെച്ച പരിപാടിയായിരുന്നു അത്. 

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, നാട്ടില്‍ ഒരു സാഹിത്യസമാജം രൂപീകരിച്ചു. സര്‍ സയ്യിദ് മെമ്മോറിയല്‍ സാഹിത്യസമാജം എന്നായിരുന്നു പേര്. മദ്‌റസയുടെ ചെരുവില്‍ ആഴ്ചയില്‍ ഒരു ദിവസം മഗ്‌രിബിനുശേഷം ഞങ്ങള്‍ ഒരുമിച്ചുകൂടും. അതിന്റെ ആദ്യത്തെ സെക്രട്ടറി ഞാനായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല, ഓരോ ആഴ്ചയും നാട്ടിലെ മുതിര്‍ന്നവരും ഉസ്താദുമാരും മാഷമ്മാരും അവിടെ പ്രസംഗിക്കാനെത്തി. ഞങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളിലെ തെറ്റുകള്‍ അവര്‍ ചൂണ്ടിക്കാണിച്ചുതരും. അതിന്റെ ഭാഗമായാണ് എവര്‍ഷൈന്‍ എന്ന ക്ലബ് ഞങ്ങള്‍ തുടങ്ങുന്നത്. നാട്ടില്‍ ഒരു വായനശാലയുണ്ടാക്കി. എവര്‍ഷൈന്‍ ഇപ്പോഴും ഉണ്ട്, പക്ഷേ ഇപ്പോഴത് വെറുമൊരു ഫുട്‌ബോള്‍ ക്ലബായി മാറിപ്പോയി.

വീട്ടില്‍ ജ്യേഷ്ഠന്‍ നല്ലൊരു വായനക്കാരനായിരുന്നു. അദ്ദേഹത്തിന് ഒരു പുസ്തകപ്പെട്ടി തന്നെ ഉണ്ടായിരുന്നു. ഒരു തകരപ്പെട്ടി. പ്രബോധനം മാസിക, അല്‍മുര്‍ശിദ്, അല്‍ മുഅല്ലിം എന്നിവയൊക്കെ അതില്‍നിന്നാണ് വായിച്ചത്. സുന്നികളുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും മുജാഹിദുകാരുടെയും തൊട്ട് ഖാദിയാനികളുടെ വരെ പുസ്തകങ്ങള്‍ അതിലുണ്ടായിരുന്നു. 'യേശുക്രിസ്തു കശ്മീരില്‍' എന്ന പുസ്തകം ഇപ്പോഴും ഓര്‍ക്കുന്നു. നല്ല ഭംഗിയുള്ള ഫോട്ടോകളുണ്ടായിരുന്ന ആ പുസ്തകത്തില്‍ ഫോട്ടോകളുടെ പിന്‍പുറം ബ്ലാങ്കായിരുന്നു. അവിടെ ഞാന്‍ പലതും കുത്തിക്കുറിക്കും. അന്ന് എഴുതിയ ഒരു കഥയുടെ പേര് 'യാചകന്‍' എന്നാണെന്ന് ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നുണ്ട.് ഹൈസ്‌കൂള്‍ പ്രായത്തില്‍തന്നെ കൈയെഴുത്തുപത്രം ഇറക്കിയിട്ടുണ്ട്. 'രചന' എന്നായിരുന്നു പേര്. അതിന്റെ എഡിറ്റര്‍ മാത്രമല്ല, അതിലേക്കുള്ള ചിത്രങ്ങളും കാര്‍ട്ടൂണുകളും അടക്കം ഞാന്‍ തന്നെ തയാറാക്കി. മുഖചിത്രമടക്കം ഞാനാണ് വരച്ചത്. ചേന്ദമംഗല്ലൂര്‍ സ്‌കൂളില്‍നിന്ന് കിട്ടിയ പ്രചോദനവും പരിചയവും പരിശീലനവുമാണ് അതിനൊക്കെ എന്നെ പ്രാപ്തനാക്കിയത്.

ഹൈസ്‌കൂള്‍ കാലത്തെ മറ്റൊരോര്‍മ, ആ കാലത്ത് ഞാനൊരു നോവലെഴുതി. 'ട്യൂഷന്‍ മാസ്റ്റര്‍' എന്നായിരുന്നു പേര്. ഒരു ഇരുനൂറു പേജിന്റെ നോട്ടുബുക്കിലാണ് എഴുതിയത്. സുഹൃത്തുക്കള്‍ വായിച്ച് കൈമാറിക്കൈമാറി അതങ്ങനെയങ്ങ് നഷ്ടപ്പെട്ടുപോവുകയും ചെയ്തു. അതൊരു പ്രണയകഥയായിരുന്നു. ട്യൂഷന്‍ മാസ്റ്ററും ട്യൂഷനു വരുന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവും അനുബന്ധ കാര്യങ്ങളും ആണ് പ്രമേയം. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെത്തി. അവിടെനിന്നാണ് എന്റെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള അവസരങ്ങളൊക്കെ ഉണ്ടായത്. എഴുത്തിന്റെ തുടക്കം, അതുമായുള്ള ബന്ധം നേരത്തേ ഉണ്ടായിരുന്നു എന്നു മാത്രം.

ബാപ്പ സുന്നി ആശയഗതിക്കാരനായിരുന്നെങ്കിലും അദ്ദേഹത്തിന് പ്രാദേശിക ജമാഅത്ത് നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ചേന്ദമംഗല്ലൂരിലുള്ള കെ.സി അബ്ദുല്ല മൗലവി, സഗീര്‍ മൗലവി തുടങ്ങിയ പല വ്യക്തിത്വങ്ങളുമായും അദ്ദേഹം സൗഹൃദം നിലനിര്‍ത്തി. അദ്ദേഹത്തിന്റെ ബന്ധം പലപ്പോഴും വലിയ വലിയ ആളുകളുമായിട്ടായിരുന്നു. അതില്‍ എല്ലാ വിഭാഗം ആളുകളും ഉണ്ട്. ഹമീദ് ചേന്ദമംഗല്ലൂരിന്റെ പിതാവ്, മുക്കത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍, കാരശ്ശേരിയിലെ എന്‍.സി കോയക്കുട്ടി ഹാജി തുടങ്ങിയ സമ്പന്നരും പണ്ഡിതരും രാഷ്ട്രീയക്കാരും ഒക്കെയായിരുന്നു സുഹൃത്തുക്കള്‍. അതുകൊണ്ടുതന്നെ ശാന്തപുരത്തേക്ക് പോവുക എന്നത് അദ്ദേഹത്തിന് എതിര്‍പ്പുള്ള കാര്യമായിരുന്നില്ല. അദ്ദേഹംതന്നെയാണ് എന്നെ ശാന്തപുരത്തേക്ക് കൊണ്ടുപോയതും അവിടെ ചേര്‍ത്തതും. 

എ.പി അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്ന ഒരു പണ്ഡിതന്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. ഉന്നത സ്വഭാവഗുണങ്ങള്‍ക്ക് ഉടമയായ, നിഷ്‌കളങ്കനായ, അന്നത്തെ സുന്നി പണ്ഡിതരില്‍നിന്ന് വ്യത്യസ്തനായ മഹാനായിരുന്നു അദ്ദേഹം. അറബി, ഉര്‍ദു ഭാഷകളില്‍ നല്ല കവിതകള്‍ എഴുതാറുണ്ടായിരുന്നു. സമസ്തക്കുവേണ്ടി പല പാഠപുസ്തകങ്ങളും അദ്ദേഹം അന്ന് തയാറാക്കിയിരുന്നു. അക്കാലത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള ഉര്‍ദു പാഠപുസ്തകങ്ങളും അദ്ദേഹമായിരുന്നു എഴുതിയിരുന്നത്. പക്ഷേ, അതിലൊന്നും അദ്ദേഹത്തിന്റെ പേരു ചേര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. സമസ്തയുടെ ഒരു പുസ്തകത്തില്‍ അദ്ദേഹത്തിന്റെ പേര് അച്ചടിച്ചുവന്നപ്പോള്‍ ആ പേര് മാറ്റിയിട്ടില്ലെങ്കില്‍ താന്‍ വിദ്യാഭ്യാസ ബോര്‍ഡില്‍നിന്ന് രാജിവെക്കുമെന്നുവരെ ഭീഷണിപ്പെടുത്തി അത് നീക്കം ചെയ്യിച്ച മനുഷ്യനാണ്.

ശാന്തപുരത്തേക്ക് പോകുന്നതിന്റെ തലേ ദിവസം ബാപ്പ എന്നോട് എ.പി അഹമ്മദ് കുട്ടി മുസ്‌ലിയാരെ പോയി കാണണമെന്ന് പറഞ്ഞു. ഞാനദ്ദേഹത്തിനടുത്തു പോയി കാര്യം പറഞ്ഞപ്പോള്‍ വലിയ സന്തോഷമാണ് പ്രകടിപ്പിച്ചത്. അദ്ദേഹം പറഞ്ഞു: 'അവിടെ ടി. ഇസ്ഹാഖലി മൗലവി എന്ന ഒരു ഉസ്താദുണ്ട്. അദ്ദേഹത്തെ കാണണം, എന്റെ സലാം പറയണം.' ഇസ്ഹാഖലി മൗലവിയും അദ്ദേഹവും തമ്മിലുള്ള സ്‌നേഹബന്ധത്തിന് അങ്ങനെ ഞാന്‍ സാക്ഷിയായി. ടി. ഇസ്ഹാഖലി മൗലവി എന്ന ജമാഅത്ത് പണ്ഡിതനും എ.പി അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്ന സമസ്ത പണ്ഡിതനും തമ്മിലുള്ള സൗഹൃദത്തിനിടയില്‍ കുറേക്കാലം ഒരു പാലമായി മാറാന്‍ എനിക്ക് കഴിഞ്ഞു. 

(അടുത്ത ലക്കത്തില്‍ 'ശാന്തപുരം എന്ന കാലം')

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍