ഉപബോധം
വംശശുദ്ധീകരണ കാലത്ത്
വേട്ടക്കാരന്റെ വംശത്തില്‍
നിരപരാധിയായി
ജനിക്കുന്നതിനേക്കാള്‍ നല്ലത്
ഇരയായി ജനിക്കലാണ്.
ജീവന്റെ,
ആത്മാഭിമാനത്തിന്റെ,
നീതിയുടെ
നിലനില്‍പ്പിനു വേണ്ടിയാകയാല്‍
ഒരു ചെറുത്തുനില്‍പ്പും
ഭയപ്പെടുത്തില്ല.
ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍
അന്യായമായി മരിച്ചവരുടെ
അടയാത്ത കണ്ണുകള്‍
അലോസരപ്പെടുത്തില്ല.
കാഴ്ചപ്പുറത്ത് നിന്നേ
ഉന്മൂലനം ചെയ്യപ്പെട്ടവരുടെ
അമ്മമാരുടെ
തീ പിടിച്ച നോട്ടങ്ങള്‍
തൊലിയുരിക്കില്ല.
വംശം മാത്രം കാരണമായി
ചീന്തിയെറിയപ്പെട്ട പെണ്‍കുട്ടി
സ്വപ്‌നത്തില്‍ വന്നു നിലവിളിക്കില്ല.
ഓരോ വെടിയൊച്ചയും
ഓരോ രോദനവും
എനിക്കും കൂടി വേണ്ടി എന്ന്
ഉറക്കം കെടുത്തില്ല.
കണ്ണുകളില്‍ നീണ്ടൊരു
ചോദ്യചിഹ്നം കൊളുത്തിയിട്ട്
വരും തലമുറ
മുന്നില്‍ വന്നു നില്‍ക്കില്ല.
പകരം
ചോരമണമുള്ള ഇന്നുകള്‍ക്കു മേല്‍
വരാനിരിക്കുന്ന പ്രഭാതങ്ങളുടെ
മുല്ലപ്പൂ സ്വപ്‌നങ്ങളുണ്ടായിരിക്കും.
നിര്‍ഭയമായി ഉയര്‍ന്നിരിക്കുന്ന
മുഷ്ടികളുടെയും
നിവര്‍ന്ന മുതുകുകളുടെയും
വര്‍ത്തമാനമുണ്ടായിരിക്കും.
പോരാട്ടത്തീയില്‍ മുളച്ച
വരും വെയിലില്‍ വാടാത്ത
ഇളം തലമുറയുടെ
നീക്കിവെപ്പുണ്ടായിരിക്കും.
Comments