Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

ആരെയും വേദനിപ്പിക്കാതെ

കെ.കെ മൊയ്തീന്‍ കുട്ടി ബാഖവി, ആക്കോട്

നാമെല്ലാം ഈ പള്ളിയില്‍ ഒരുമിച്ചുകൂടിയിരിക്കുന്നത് പ്രമുഖ ചിന്തകനും ഇസ്‌ലാമിക പ്രബോധന രംഗത്ത് നിറഞ്ഞുനിന്ന എഴുത്തുകാരനുമായിരുന്ന പി.ടി അബ്ദുര്‍റഹ്മാന്‍ മുന്നൂരിന്റെ മയ്യിത്ത് നമസ്‌കാരത്തിനാണ്. റഹ്മാന്‍ മുന്നൂരിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആളുകളാണ് ഇവിടെ കൂടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ പരിചയപ്പെടുത്തുന്നത് അദബ്‌കേടാണെന്ന് മനസ്സിലാക്കി ഞാനത് ബോധപൂര്‍വം ഒഴിവാക്കുകയാണ്. ഹജ്ജിന് പോകുന്നതിന് മുമ്പ് ഈ പള്ളിയില്‍ അദ്ദേഹത്തിന് ഒരു യാത്രയയപ്പ് നല്‍കിയിരുന്നു. അന്ന് വളരെ ക്ഷീണിതനായിരുന്നു. അബ്ദുല്‍ ജലീല്‍ മാസ്റ്ററോടൊപ്പമാണല്ലോ അദ്ദേഹം ഹജ്ജിന് പോയത്. ഹജ്ജ് കഴിഞ്ഞ് വന്നതിനു ശേഷവും അദ്ദേഹം രചന നടത്തി. എന്റെ ഒരു സുഹൃത്ത് വീട്ടില്‍നിന്ന് മയ്യിത്ത് കണ്ട് തിരിച്ചുവരുമ്പോള്‍ ആ പാട്ടിന്റെ ഉള്ളടക്കം പറഞ്ഞു: 'ഹജ്ജ് ചെയ്യാന്‍ വളരെ എളുപ്പം, ഹജ്ജ് കഴിഞ്ഞതിനു ശേഷം ജീവിക്കാന്‍ ഒരുപാട് പ്രയാസം.' ആ പാട്ടിന്റെ ഈരടിയിലൂടെ അദ്ദേഹം ഓര്‍മപ്പെടുത്തിയതാണ് ഇന്ന് സംഭവിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ വല്ലതും വന്നുപോയിട്ടുണ്ടെങ്കില്‍ അല്ലാഹു മാപ്പാക്കിക്കൊടുക്കുമാറാകട്ടെ.

നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിചയമുള്ള റഹ്മാന്‍ മുന്നൂര് എന്റെ കുട്ടിക്കാലത്ത് എനിക്ക് പത്ത് വയസ്സ് പ്രായമുള്ളപ്പോള്‍ ഫിഖ്ഹുസ്സുന്ന എന്ന ഫിഖ്ഹീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകം എനിക്ക് വായിക്കാന്‍ തന്നിരുന്നു. അന്നോര്‍മയുണ്ട് എനിക്ക് ഇദ്ദേഹത്തെ. ഈ മഹല്ലിന്റെ കമ്മിറ്റിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. റഹ്മാന്‍ മുന്നൂരിന് സൗകര്യപ്പെടുന്ന സമയം തെരഞ്ഞെടുത്താണ് ഹജ്ജിന് പോകുന്ന ബാക്കിയുള്ളവര്‍ക്കൊക്കെ യാത്രയയപ്പ് നല്‍കിയത്. ഇപ്പോഴിതാ വന്നു, ചേതനയറ്റ ശരീരവുമായി. നിശ്ശബ്ദനായിരുന്നു റഹ്മാന്‍ മുന്നൂര്. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത പ്രവര്‍ത്തനമായിരുന്നു. ഏതു വിഷയത്തിലും ആര്‍ക്കും ബുദ്ധിമുട്ട് നേരിടരുത് എന്ന് നിര്‍ബന്ധമുള്ള മനുഷ്യനായതുകൊണ്ടുതന്നെ ഈ കാണുന്ന ഒരുപാടാളുകള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായും കൂട്ടുകാരായുമുണ്ട്. നമ്മളെല്ലാവരും യാത്രാമൊഴി നല്‍കാനും പ്രാര്‍ഥിക്കാനുമാണ് ഇവിടെ ഒരുമിച്ചുകൂടിയത്. ഹജ്ജ് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടേയുള്ളൂ. അല്ലാഹുവിന്റെ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്; ഒരാള്‍ ഹജ്ജ് ചെയ്ത് കഴിഞ്ഞാല്‍ നൂറ് ദിവസം വരെ അവരുടെ പ്രാര്‍ഥനക്ക് ഉത്തരമുണ്ട് എന്ന്. അദ്ദേഹത്തോടൊപ്പം ഹജ്ജിന് പോയ ജലീല്‍ മാസ്റ്റര്‍ റൂമില്‍വന്ന് എന്നോട് പറഞ്ഞു, 25 ദിവസമേ ആയിട്ടുള്ളൂ. പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന നല്ല മനുഷ്യനായി, ആരെയും ഉപദ്രവിക്കാതെ, ആരെയും വേദനിപ്പിക്കാതെ വളരെ ശാന്തമായി അദ്ദേഹം കടന്നുപോയി. അദ്ദേഹത്തിന്റെ ഗാനങ്ങളും അങ്ങനെത്തന്നെ. ജീവിതവും അങ്ങനെത്തന്നെ. പ്രവര്‍ത്തനവും അങ്ങനെത്തന്നെ. അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞി മരണപ്പെട്ടപ്പോള്‍ എന്നെ കൂട്ടിക്കൊണ്ട് പോയി അവിടെ നിന്ന് ദുആ ചെയ്യാന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു: മൂന്നിന്റെ അന്ന് തഅ്‌സിയത്തിന്റെ ദിവസമാണല്ലോ. അദ്ദേഹം തന്നെ എല്ലാവരെയും വിളിച്ച് വരുത്തിയിട്ട്, അവരൊക്കെ ഒരുമിച്ച് കൂടി ഞങ്ങള്‍ ജ്യേഷ്ഠനെ ഓര്‍മിക്കുന്ന അന്ന് അദ്ദേഹമായിരുന്നു മുന്നിലുണ്ടായിരുന്നത്. 

അദ്ദേഹത്തിന്റെ നാട് മുന്നൂര് ഒരു കുഗ്രാമമാണ്. എന്നിട്ടും മാവൂരോ മറ്റു സ്ഥലങ്ങളോ തെരഞ്ഞെടുക്കാതെ അദ്ദേഹം തൂലികാനാമമായി സ്വീകരിച്ചത് റഹ്മാന്‍ മുന്നൂര് എന്നാണ്. അദ്ദേഹം നാടിന്റെ അന്തസ്സായിരുന്നു. അഭിമാനമായിരുന്നു. എല്ലാം ഉപേക്ഷിച്ചുകൊണ്ട്, മക്കളെയൊഴിവാക്കി, സഹപ്രവര്‍ത്തകരെയൊഴിവാക്കി, എല്ലാം ഒഴിവാക്കി നമ്മുടെ മുമ്പിലിതാ വിട ചോദിക്കുകയാണ്. നമുക്ക് ചെയ്യാനുള്ളത് പ്രാര്‍ഥന മാത്രം; ആത്മാര്‍ഥമായ പ്രാര്‍ഥന. 

(റഹ്മാന്‍ മുന്നൂരിന്റെ മയ്യിത്ത് നമസ്‌കാരത്തിന് മുമ്പ് മുന്നൂര് മഹല്ല്  ഇമാം കെ.കെ മൊയ്തീന്‍ കുട്ടി ബാഖവി നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍