കരുത്തായിരുന്നു പി.ടി
എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും എന്റെ ഗുരുനാഥനായിരുന്നു പി.ടി. ആരാമം വഴി തുടങ്ങിയതാണ് ഗുരു ശിഷ്യ ബന്ധം. എഴുത്തിന്റെ വൈവിധ്യമാര്‍ന്ന വഴികളിലൂടെ സഞ്ചരിച്ച പി.ടി ആ വഴിയിലെ സൗഹൃദങ്ങളെ പരിചയപ്പെടുത്തിത്തരാന്‍ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല. വലിയ ചിന്തയും ആശയങ്ങളുമുള്ള പി.ടി, ആരിലെങ്കിലും ഏതെങ്കിലും തരത്തിലുള്ള ചെറിയൊരു കഴിവ് കണ്ടെത്തിയാല്‍ അത് വളര്‍ത്തിയെടുക്കാതെ പിന്തിരിയില്ല. കഥയെഴുതുന്ന, കവിത രചിക്കുന്ന, പാട്ട് പാടുന്ന, സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വഴിയില്‍ സഞ്ചരിക്കുന്ന പെണ്‍ പേരുകളില്‍ പലരും അദ്ദേഹം കണ്ടെത്തിയവരാണ്. അങ്ങനെയുള്ളവരെക്കുറിച്ച് അവര്‍ അറിയപ്പെടണമെന്ന് പി.ടിക്ക് നിര്‍ബന്ധമായിരുന്നു.
നാട് ഭരിച്ച വീരാംഗനകളെക്കുറിച്ച് എഴുതിയ പി.ടിക്ക് അവരുടെ പിന്മുറക്കാരായ സ്ത്രീകളുടെ ഈടുവെപ്പുകളെ നാളെയാരും അടയാളപ്പെടുത്താതെ പോകരുതെന്നുായിരുന്നു. അതിനാല്‍ ആരാമത്തില്‍ അവരെ കുറിച്ച് എഴുതാന്‍ വിളിച്ചു പറയും. ആരാമം മാസികയെ തുടക്കം മുതലേ നയിച്ച അദ്ദേഹം ഒരുപാട് പേരെ വായനക്കാരിലെത്തിച്ചു. ഒച്ചപ്പാടില്ലാത്ത വലിയൊരു സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകനായിരുന്നു പി.ടി.
നീണ്ട ഇടവേളക്കു ശേഷം ആരാമം ഇറക്കിയ സ്‌പെഷ്യല്‍ പതിപ്പ് എന്ന സ്വപ്‌നം പൂവണിയുമ്പോള്‍ വലിയ മനസ്സുള്ള ആ വഴികാട്ടി രോഗത്തിന് പിടിയിലായത് വല്ലാതെ വേദനിപ്പിച്ചു. ആരാമവുമായി ബന്ധപ്പെട്ട് അവസാനമായി അദ്ദേഹം പങ്കെടുത്തതും ആ എഡിറ്റോറിയല്‍ യോഗത്തിലായിരുന്നു. സ്‌പെഷ്യല്‍ പതിപ്പ് തയാറാക്കാന്‍ സഹായത്തിന് ആരെയെങ്കിലും വേണോ എന്ന ബന്ധപ്പെട്ടവരുടെ ചോദ്യത്തിന് വേണ്ടായെന്ന് പറയുമ്പോള്‍ വിളിപ്പാടകലെ എന്താവശ്യത്തിനും എന്നും കൂടെനിന്ന പി.ടി ഉണ്ടല്ലോ എന്നായിരുന്നു വിശ്വാസം. പക്ഷേ അപ്പോഴേക്കും അദ്ദേഹം തളര്‍ന്നിരുന്നു. ആരാമത്തിന്റെ ചരിത്രം തുടങ്ങേണ്ടത് പി.ടിയില്‍നിന്നാണല്ലോ. അനുഭവമെഴുതാന്‍ വീട്ടില്‍ പോയപ്പേള്‍ അദ്ദേഹത്തിന് തീരെ വയ്യാത്തതിനാല്‍ തിരിച്ചുപോരേണ്ടിവന്നു പലപ്പോഴും. എങ്കിലും ആ അനുഭവങ്ങള്‍ വായനക്കാര്‍ക്കു എത്തിക്കാന്‍ കഴിഞ്ഞു. ഒരുപക്ഷേ പി.ടി ജീവിച്ചിരിക്കെ അവസാനമായി പ്രസിദ്ധീകരിച്ച രചന അതായിരിക്കും.
പത്രപ്രവര്‍ത്തന വഴിയില്‍ മുതല്‍ക്കൂട്ടാകുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ പി.ടി ആവശ്യപ്പെടുമായിരുന്നു. ഈ സൗഹൃദവും കരുതലും കുടുംബബന്ധത്തിലേക്കു കൂടി നീണ്ടിരുന്നു. കുടുംബകാര്യങ്ങള്‍ പറയാനും അഭിപ്രായങ്ങള്‍ ആരായാനും ഏത് തിരക്കിലും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. ടൗണിലെ ആറ് സെന്റ് ഭൂമിയില്‍ ചക്കയും മാങ്ങയും ഇല്ലെന്ന് പലപ്പോഴായി എന്റെ വീട്ടിലേക്കുള്ള വരവില്‍ പി.ടി മനസ്സിലാക്കിയിരുന്നു. എല്ലാ വര്‍ഷവും മധുരമുള്ള ആ പഴങ്ങള്‍ എത്തിച്ചുതരാന്‍ പി.ടിക്ക് ഉത്സാഹമായിരുന്നു. പണം കൊടുത്ത് വാങ്ങിത്തിന്നവയേക്കാള്‍ ഏറെ വിലയും മധുരവുമുണ്ടായിരുന്നു സ്‌നേഹമൂറുന്ന ആ ചക്കച്ചുളകള്‍ക്കും മാങ്ങക്കും. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലും പി.ടി. ആ പതിവ് തെറ്റിച്ചില്ല. ഒരിക്കല്‍ വീട്ടില്‍ പോയപ്പോള്‍ മുറ്റത്ത് നിരത്തിവെച്ച അഞ്ചെട്ട് ചക്ക ചൂണ്ടി ഇത് നീ വരുമെന്ന് കരുതി ആളെ വരുത്തി പി.ടി പറിച്ചുവെച്ചതാണെന്ന് ഭാര്യ ഹഫ്‌സത്ത പറഞ്ഞപ്പോള്‍ എഴുത്ത് ഭൂപടത്തില്‍ മുന്നൂരെന്ന കുഗ്രാമത്തെ ചേര്‍ത്തുവെച്ച ഗ്രാമീണതയുടെ ആ നിഷ്‌കളങ്ക സ്‌നേഹം അടുത്തറിയുകയായിരുന്നു.
രോഗാവസ്ഥയില്‍ എന്നും നേരിട്ടുപോയി കാണാന്‍ കഴിഞ്ഞില്ലെങ്കിലും എന്നും വിളിക്കും. ഒരു ദിവസം വിളിച്ചത്, ബുദ്ധിമുട്ടാകില്ലെങ്കില്‍ ഒരു കാര്യം ചെയ്യുമോ എന്ന് ചോദിച്ചായിരുന്നു. 'ഞാന്‍ ഉപയോഗിച്ച ഐ.പി.എച്ചിലെ ഓഫീസ് മുറിയുടെ മേശവലിപ്പില്‍ ഒരു കവറുണ്ട്. കുറച്ചു സ്വര്‍ണാഭരണങ്ങളാണ്. അവിടെയുള്ള ജീവനക്കാരന്‍ ശബീറിനോട് പറഞ്ഞാല്‍ തുറന്നുതരും. അതെടുത്ത് വിറ്റ് പണം ഐ.എസ്.ടിയിലെ അബ്ദുല്ലക്കാ വശം കൊടുത്തയക്കണം. താക്കോല്‍ കൊടുത്തയക്കുന്നുണ്ട്.'
ഹജ്ജിനു പോകാന്‍ സ്വരൂക്കൂട്ടി വെച്ച സമ്പാദ്യമായിരുന്നുവത്രെ അത്. പറഞ്ഞതുപോലെ ചെയ്തു. പി.ടിയുടെ സമ്പാദ്യങ്ങള്‍ വിലപ്പെട്ട പുസ്തകങ്ങളും രചനകളും മാത്രമായിരുന്നല്ലോ. അദ്ദേഹത്തെ കുറിച്ച സംസാരത്തിനിടയില്‍ ഐ.എസ്.ടി മെസ്സിലെ ചേച്ചി പറഞ്ഞത് ആരോടും മറുത്തൊരു വാക്ക് പറയാത്തൊരാള്‍ എന്നായിരുന്നു. സ്വന്തം കാര്യത്തിന് ആരോടും തര്‍ക്കിച്ചു പറയാന്‍ അറിയാത്ത അദ്ദേഹം ശരിയായ നിലപാടുകള്‍ക്കു വേണ്ടി എഴുത്തിലൂടെ പലപ്പോഴും തര്‍ക്കിച്ചു. ആരോഗ്യരംഗവും അദ്ദേഹത്തിന്റെ ഗവേഷണ മേഖലയായിരുന്നു. ആരാമത്തില്‍ പോളിയോ സംബന്ധമായി എഴുതിയ നീണ്ട ഗവേഷണ പ്രബന്ധം അലോപ്പതി വിഭാഗത്തിലെ പല ഡോക്ടര്‍മാരെയും അലോസരപ്പെടുത്തിയെങ്കിലും അതിനെ ഗൗനിക്കാതെ സുഹൃത്തുക്കളും പരിചയക്കാരുമായവര്‍ക്കൊക്കെ മറു ലേഖനങ്ങള്‍ എഴുതുകയാണ് ചെയ്തത്. രോഗത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒരു ചെറു ചിരിയിയായിരുന്നു മറുപടി. ഒരുപക്ഷേ ഗൗരവമുള്ള രോഗമാണെന്ന തിരിച്ചറിവായിരിക്കാം ആ ചിരിയില്‍ ഒതുക്കി മറച്ചുപിടിക്കാന്‍ ശ്രമിച്ചത്.
മുന്നൂര് എന്ന ഗ്രാമത്തിന്റെ മാനസപുത്രനായിരിക്കാനാണ് പി.ടി എന്നും ഇഷ്ടപ്പെട്ടത്. നാടിനെ സ്‌നേഹിച്ച പി.ടിയെ നാടും നാട്ടുകാര്‍ തിരിച്ചും സ്‌നേഹിച്ചു. ആ ജീവിതത്തെ അടയാളപ്പെടുത്തിവെക്കാന്‍ അദ്ദേഹത്തിന്റെ മരണത്തിനു മുന്നേ അവര്‍ തയാറാക്കിയ ഡോക്യുമെന്ററി അതിനുള്ള തെളിവും ആദരവുമായിരുന്നു.
പി.ടിയുടെ കര്‍മഭൂമിയായ ഐ.എസ്.ടിയില്‍ വെച്ച് നടന്ന ഹജ്ജ് യാത്രയയപ്പില്‍ പതുക്കെയാണെങ്കിലും രോഗത്തെയും കഴിക്കുന്ന മരുന്നിനെയും ഭക്ഷണത്തെയുമൊക്കെ പറഞ്ഞ് സംസാരിച്ചപ്പോള്‍ പ്രതീക്ഷയായിരുന്നു... ഹജ്ജിനു പോകുമ്പോള്‍ തലേന്നു വരാമെന്നു ആ മുറ്റത്തു വെച്ച് പറഞ്ഞെങ്കിലും കാലാവസ്ഥ തീരെ പ്രതികൂലമായിരുന്നതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. എന്നിട്ടും എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിയില്‍ പി.ടി വിളിച്ചു പ്രാര്‍ഥിക്കാന്‍ പറഞ്ഞു.... തിരിച്ചു വന്നപ്പോള്‍ ആരാമം സ്പഷ്യല്‍ പതിപ്പുമായി ഉടനെപ്പോയി കാണാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. മരിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് പി.ടി ഗുരുതരാവസ്ഥയില്‍ എന്ന മെസേജ് കണ്ട് കാണാന്‍ ഓടിച്ചെന്നെങ്കിലും കര്‍മവീഥിയിലെ വഴിവിളക്കായ അദ്ദേഹം വിളി കേള്‍ക്കാതെ കണ്ണടച്ചിരിക്കുകയായിരുന്നു.
സംസം വെള്ളവും കാരക്കയും കൈയില്‍ വെച്ചു തരുമ്പോള്‍ നിങ്ങള്‍ വരാമെന്ന് പറഞ്ഞ ദിവസം നിങ്ങളെ കാത്തിരുന്ന് ഡോക്ടറുടെ അടുത്ത് പോകാന്‍ പി.ടി മടിച്ചിരുന്നു എന്ന് ഹഫ്‌സത്ത പറഞ്ഞത് വല്ലാത്ത നൊമ്പരമായി. നേരം ഇരുട്ടുന്നതു കണ്ട് വേഗം ഇറങ്ങുമ്പോള്‍ പി.ടി നിങ്ങള്‍ക്ക് തരാന്‍വെച്ചതാണെന്നു പറഞ്ഞു ഒരു പാക്കറ്റ് ഈത്തപ്പഴം കൂടി ഹഫ്‌സത്ത നീട്ടി. അതിന്റെ മധുരം മാറുംമുമ്പെ പി.ടി യാത്രയായി.
Comments