രാജ്യത്തിന്റെ നരയും കോങ്കണ്ണും
ആഞ്ഞടിക്കുന്ന പെരുങ്കാറ്റുപോലെ ചില എഴുത്തുകളുണ്ട്. വായിച്ചു തീര്‍ന്നാലും അത് അവശേഷിപ്പിച്ച ഭീതി മായില്ല. നടുക്കടലിലാണോ നമ്മളിന്നേരമെന്ന് ഒരു നിമിഷം നടുങ്ങും. എത്ര സംഘര്‍ഷം സഹിച്ചായിരിക്കും പൊള്ളുന്ന കഥകളവര്‍ തുന്നിക്കാണുക?
എം. സുകുമാരന്‍ എന്നു കേള്‍ക്കുമ്പോള്‍ ജനല്‍ പൊളിയിലൂടെ വീശിയടിച്ചുവരുന്ന ഒരു കടല്‍കാറ്റാണ് ഓര്‍മയിലെത്തുക. അക്ഷരങ്ങള്‍ കൊണ്ട് കാറ്റ് നിര്‍മിച്ച അപൂര്‍വം മനുഷ്യരിലൊരാള്‍.
'എനിക്കിനി ഒന്നും എഴുതാനോ പറയാനോ ഇല്ല.' എന്നൊരിക്കല്‍ എഴുതി എം. സുകുമാരന്‍.
പറയാനുള്ളതെല്ലാം നേരത്തേ പറഞ്ഞുവെച്ചയാള്‍ ഇനിയെന്തിന് അധികം സംസാരിക്കണം?
എം. സുകുമാരന്‍ എഴുതിയ വഞ്ചിക്കുന്നംപതി എന്നൊരു കഥയുണ്ട്. അസ്വസ്ഥതകളും അമര്‍ഷങ്ങളും ജനങ്ങള്‍ക്കിടയില്‍ നാവ് നീട്ടുന്ന കാലത്തെപറ്റി അധികാരികള്‍ക്ക് താക്കീത് നല്‍കുന്നുണ്ട് ആ കഥ.
വഞ്ചിക്കുന്നംപതി എന്നത് ഒരു രാജ്യമാണ്. വളരെ വേഗം ആ രാജ്യം പ്രശസ്തിയാര്‍ജിച്ചു. വലിയൊരു കോട്ടതന്നെ അവിടെ നിര്‍മിച്ചിട്ടുണ്ട്. കോട്ടക്ക് ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന കരിങ്കല്‍ മതിലില്‍ അത്ര വിശ്വാസമില്ലാത്തു കൊണ്ടാണെന്ന് തോന്നുന്നു കോട്ടക്ക് മീതെ ഒരാള്‍ ഉയരത്തില്‍ കമ്പി വേലിയും കെട്ടിയിട്ടുണ്ട്. കോട്ടക്ക് ചുറ്റും വലിയ കിടങ്ങുമുണ്ട്.
വഞ്ചിക്കുന്നംപതിയിലെ രാജാക്കന്മാര്‍ക്ക് കോങ്കണ്ണ് പാരമ്പര്യമാണ്. റാണിമാരുടെ തല വളരെ ചെറുപ്പത്തിലേ നരക്കുന്നു. അതേക്കുറിച്ച് വരച്ചതിന്, പാടിയതിന്, കല്ലില്‍ കൊത്തിയുണ്ടാക്കിയതിന് കവികളും ചിത്രകാരന്മാരും ശില്‍പ്പികളുമെല്ലാം മഞ്ഞ് മലയടിവാരത്തിലേക്ക് നാടു കടത്തപ്പെട്ടിരിക്കുകയാണ്.
'വഞ്ചിക്കുന്നംപതി സമത്വസുന്ദര സ്വപ്‌നത്തിന്റെ സാക്ഷാത്കാരം' എന്നു പാടിയയാള്‍ ആസ്ഥാന കവിയായി.
എന്തിനാണ് കലാകാരന്മാരെ നാട് കടത്തിയതെന്ന് ആസ്ഥാന കവി ഒരു ദിവസം രാജാവിനോട് ചോദിച്ചു. ''അവര്‍ എന്റെ കോങ്കണ്ണിനെ കുറിച്ച് പാടിയതില്‍ എനിക്ക് പരാതിയില്ല. പക്ഷേ അത് വിരല്‍ ചൂണ്ടുന്നത് ഈ രാജ്യത്തിന്റെ വീക്ഷണ വൈകല്യത്തെയാണ്. റാണിയുടെ നരച്ച തലനാരിഴകള്‍ പാപ്പരായ തത്ത്വസംഹിതകളെ പ്രതിനിധാനം ചെയ്യുന്നു. ആ വര്‍ഗവഞ്ചകരെ ആലോചിച്ച് താങ്കള്‍ വിഷാദപ്പെടരുത്.''
മസ്തിഷ്‌കത്തെ മസ്തിഷ്‌കം കൊണ്ടെതിരിടണം, അല്ലാതെ നാടുകടത്തലും തടവറകളും പരിഹാരമാണോ എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ രാജാവൊന്നും പ്രതികരിച്ചില്ല.
പിറ്റേന്ന് ഉണര്‍ന്നെണീറ്റപ്പോള്‍ പരിചാരകള്‍ ആസ്ഥാന കവിക്കെതിരെ വിരല്‍ ചൂണ്ടി.
''അങ്ങയുടെ തല വലുതായി വരുന്നു.''
രാജാവും അതു തന്നെ പറഞ്ഞു.
'' മഹാകവീ.. അങ്ങയുടെ തലക്കെന്തു പറ്റി. വലുതായിവരുന്നല്ലോ.''
കൊട്ടാരത്തിലെ ഓരോരുത്തര്‍ക്കും അയാളുടെ തലയെപറ്റിയായിരുന്നു പറയാനുണ്ടായിരുന്നത്. കണ്ണാടിയില്‍ നോക്കിയപ്പോള്‍ കവിക്ക് ഒരു കുഴപ്പവും തോന്നിയതുമില്ല.
മഹാകവിയുടെ വലുതാകുന്ന തലയെ പറ്റി നാട്ടിലെല്ലായിടത്തും ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. തെരുവില്‍ കളിക്കുന്ന കുട്ടികള്‍ മാത്രം ഒന്നും പറഞ്ഞില്ല.
കൊട്ടാരം വൈദ്യന്‍ വന്ന് മാരകമായ അസുഖമാണ് കവിക്കെന്ന് പറഞ്ഞു. ഇതൊരു പകര്‍ച്ചവ്യാധിയാണെന്നും താങ്കളുടെ വിധി ജനങ്ങള്‍ വിധിക്കട്ടെ എന്നും പറഞ്ഞു.
കൊട്ടാര വളപ്പില്‍ ജനകീയസഭ കൂടി. കവി ആള്‍ക്കൂട്ടത്തെ നോക്കി. അതില്‍ കുട്ടികളുണ്ടായിരുന്നില്ല.
സത്യം എളുപ്പം വഴങ്ങുക കുട്ടികളുടെ നാവുകള്‍ക്കാണെന്ന് കവി രാജാവിനോട് പറഞ്ഞു. ഇരുപത്തിയൊന്ന് വയസ്സ് തികയാതെ ആര്‍ക്കും ജനകീയസഭയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു രാജാവിന്റെ പ്രതികരണം.
ജനകീയ സഭ മരണംവരെ കവിക്ക് ഏകാന്തജീവിതം വിധിച്ചു.
'വഞ്ചിക്കുന്നംപതിയിലെ കുട്ടികള്‍ വളരുകയും അവര്‍ക്ക് ഇരുപത്തിയൊന്ന് വയസ്സാവുകയും ചെയ്യും. ക്ഷമയോടെ കാത്തിരിക്കുക. അപ്പോഴേക്കും ആരെങ്കിലും രാജാവ് നഗ്നനാണെന്ന് പറയാതിരിക്കില്ല' എന്നയാള്‍ ആശ്വസിക്കുന്നതോടെയാണ് കഥ അവസാനിക്കുന്നത്.
വഞ്ചിക്കുന്നംപതിയുടെ പ്രത്യേകത കോട്ടയല്ല തടവറയാണിതെന്ന് ബോധ്യപ്പെടുന്നവരും അതുറക്കെ പറയുന്നവരും രാജ്യദ്രോഹികളാകുമെന്നതാണ്. ദ്രോഹിക്കുന്ന രാജാവിന്റെ നെഞ്ചളവിനെ സ്തുതിക്കാനും അവിടെ ആളു കാണും. ഇന്ധനവില കൂടുന്നല്ലോ എന്ന് പരാതിപ്പെടുമ്പോള്‍ അത് നമുക്ക് ശൗച്യാലയം പണിയാനല്ലേയെന്ന വാദങ്ങള്‍ക്കും ഇടം കിട്ടും. വിഡ്ഢിത്തങ്ങള്‍ക്ക് മാത്രം വിലയുള്ള, മനുഷ്യന് വിലയില്ലാത്ത വെള്ളരിക്കാപ്പട്ടണങ്ങളാണ് യഥാര്‍ഥത്തില്‍ ഓരോ വഞ്ചിക്കുന്നംപതിയും. അപ്പോഴും ആശ്വാസം രാജാവിനെ നഗ്നാ എന്ന് വിളിക്കാന്‍ ആരെങ്കിലുമൊക്കെ എല്ലാകാലത്തും കാണും എന്നതാണ്.
Comments