Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 26

3073

1440 സഫര്‍ 16

മീ ടൂ; അകവും പുറവും

എ.പി ശംസീര്‍

സ്റ്റിംഗ് ഓപ്പറേഷനുകളിലൂടെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ വിറപ്പിച്ച, ഭരണ സിരാകേന്ദ്രങ്ങളില്‍ കൊടുങ്കാറ്റിളക്കിവിട്ട തെഹല്‍കയുടെ സ്ഥാപക പത്രാധിപരും നോവലിസ്റ്റുമായ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ 2013 നവംബര്‍ 30-ന് അറസ്റ്റു ചെയ്യപ്പെട്ടു. ഈ വാര്‍ത്ത മാധ്യമലോകവും പൊതുസമൂഹവും ഞെട്ടലോടെയാണ് എതിരേറ്റത്. അധികാരത്തിന്റെ ഇടനാഴികളില്‍ അതീവ രഹസ്യമായി നടക്കാറുള്ള വന്‍കിട അഴിമതികള്‍ക്കു നേരെ തുറന്നുവെച്ച ജനാധിപത്യത്തിന്റെ ഏറ്റവും ജാഗ്രത്തായ നാലാം കണ്ണായിരുന്നു അന്ന് തെഹല്‍ക. അതുകൊണ്ടുതന്നെ തരുണ്‍ പല തവണ ആവര്‍ത്തിച്ചു പറഞ്ഞ പോലെ ഇതൊരു രാഷ്ട്രീയ പകപോക്കലാണെന്ന് (Political Vendetta) വിശ്വസിക്കാനായിരുന്നു തെഹല്‍കയും അത് പ്രതിനിധാനം ചെയ്യുന്ന നിര്‍ഭയ രാഷട്രീയത്തെ സ്‌നേഹിക്കുന്ന പലരും താല്‍പര്യപ്പെട്ടത്. എന്നാല്‍ സി.സി.ടി.വി ഫൂട്ടേജുകളുള്‍പ്പടെയുള്ള അതിശക്തവും നിര്‍ണായകവുമായ തെളിവുകള്‍ തരുണിനെതിരായിരുന്നു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലേര്‍പ്പെട്ട സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ എന്ന പ്രിവിലേജും നാലാം തൂണിന്റെ അദൃശ്യമായ അധികാര പ്രയോഗങ്ങളും മുന്‍നിര്‍ത്തി തനിക്കെതിരായ മുഴുവന്‍ കുറ്റങ്ങളും നിഷേധിക്കുകയും ഇരയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയുമാണ് തരുണ്‍ അന്ന് ചെയ്തത്.

ഈ സംഭവം നടക്കുമ്പോള്‍ 'മീ ടൂ' കാമ്പയിന്‍ ഇന്ന് കാണുന്ന പോലെ ശക്തിയാര്‍ജിച്ചിട്ടില്ല. അന്ന് തെഹല്‍കയുടെ മാനേജിംഗ് എഡിറ്ററായിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ ഷോമാ ചൗധരി പീഡനത്തിനിരയായ സ്വന്തം സ്ഥാപനത്തിലെ സഹപ്രവര്‍ത്തകക്ക് നിര്‍ണായക ഘട്ടത്തില്‍ പിന്തുണ നല്‍കുന്നതില്‍ മെല്ലെപ്പോക്കു നയം സ്വീകരിച്ചു. ഇതില്‍ മനം മടുത്ത് ഇരയായ  പെണ്‍കുട്ടി ഷോമാ ചൗധരിക്ക് എഴുതിയ രാജിക്കത്ത്, ലിംഗ ജനാധിപത്യത്തിന്റെ സ്വര്‍ഗഭൂമിയെന്നും അങ്ങേയറ്റം സ്ത്രീസൗഹൃദപരമായ ലിബറലിടങ്ങളെന്നുമൊക്കെ  നാം സ്വയം കരുതിപ്പോരുന്ന പല അക്കാദമിക-മാധ്യമ ഇടങ്ങളും എത്രമേല്‍ പുരുഷമേധാവിത്വപരവും സ്ത്രീവിരുദ്ധവുമാണെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഷോമാ ചൗധരിക്ക് പോലും തന്റെ പരാതിയില്‍ പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ സാധിക്കാതെ പോയതില്‍ താന്‍ അങ്ങേയറ്റം മാനസികമായി  തകര്‍ന്നുവെന്നും അവര്‍ ആ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

താന്‍ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനത്തിലെ പുരുഷാധികാര ഘടനയോട് വിധേയപ്പെട്ടുനില്‍ക്കുന്ന ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ത്രീ സഹപ്രവര്‍ത്തകര്‍ എവ്വിധമാണ് ആ തുറന്നുപറച്ചിലിനു ശേഷം പെരുമാറിയതെന്ന് അവര്‍ എടുത്തുപറയുന്നുണ്ട്. അവര്‍  തന്നെ വിരട്ടുകയും (Intimidation) സ്വഭാവഹത്യ നടത്തുകയും (Charactor Assassination) തനിക്കെതിരെ അപവാദ പ്രചാരണം (Slander) അഴിച്ചുവിടുകയും ചെയ്തു. ഷോമക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്ന രൂക്ഷ വിമര്‍ശനങ്ങളെ തുടര്‍ന്ന് അവര്‍ പിന്നീട് തെഹല്‍കയില്‍നിന്ന് രാജിവെക്കുകയുണ്ടായി. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണിലെ കരടായതിനാല്‍ താന്‍ രാഷ്ട്രീയമായ പകപോക്കലിന്റെ ഇരയാണെന്ന തരുണിന്റെ ന്യായവാദകളെയെല്ലാം റദ്ദുചെയ്യാന്‍ മാത്രം തെളിവുകള്‍ അയാള്‍ക്കെതിരായതുകൊണ്ട് പിന്നീട് ഷോമയുള്‍പ്പെടെയുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകരാരും അയാളെ രക്ഷിക്കാന്‍ മുന്നോട്ടു വന്നില്ല. ഈ സംഭവത്തിനു ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് ആഗോളതലത്തില്‍തന്നെ മീ  ടൂ കാമ്പയിന്‍ ആരംഭിക്കുന്നത്.

 

മീ ടൂ കൊടുങ്കാറ്റ്

2017 ഒക്‌ടോബര്‍ 15-ന് പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വീ വെയിന്‍സ്റ്റീനെതിരെ നടി അലൈസ മിലാനോ താന്‍ അയാളില്‍നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞത് 'മീ ടൂ' എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അതേ തുടര്‍ന്ന് ഹോളിവുഡില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ആയിരക്കണക്കിന് സ്ത്രീകള്‍ 'മീ ടൂ' ഹാഷ്ടാഗില്‍ തങ്ങളനുഭവിച്ച പീഡനാനുഭവങ്ങള്‍ തുറന്നു പറയാന്‍ തയാറായി. പണവും അധികാരവും ചേര്‍ന്നു രൂപപ്പെടുന്ന പാട്രിയാര്‍ക്കിയുടെ ഏറ്റവും ഹിംസാത്മക രൂപങ്ങളിലൊന്നായിരുന്നു ഹാര്‍വി വെയിന്‍സ്റ്റീന്‍ എന്ന നിര്‍മാതാവ്. അങ്ങനെയുള്ള അനേകം ഹാര്‍വിമാരുടെ ലൈംഗിക ഉപകരണങ്ങള്‍ മാത്രമായിരുന്നു മിക്ക നടിമാരും അവരുടെ ശരീരങ്ങളും എന്നാണ് ഹോളിവുഡിലെയും ബോളിവുഡിലെയും 'മീ ടൂ' ഇപ്പോള്‍ നമ്മോട് പറയുന്നത്. കേരളത്തിലാകട്ടെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനു ശേഷം മലയാള സിനിമാ മേഖലയിലെ ഏറ്റവും വൃത്തികെട്ടതും നിര്‍ദയവുമായ പുരുഷാധികാര-ആണത്ത പ്രയോഗങ്ങള്‍ക്കാണ് നാം സാക്ഷികളായത്. 

ഇന്ത്യയിലെ സിനിമാ - അക്കാദമിക - മാധ്യമ മേഖലകളിലാണ് 'മീ ടൂ' ആഞ്ഞടിക്കുന്നത്. ബി.ജെ.പി എം.പിയും വിദേശകാര്യ സഹമന്ത്രിയും ഒരു കാലത്ത് ഇന്ത്യയിലെ തലയെടുപ്പുള്ള പത്രപ്രവര്‍ത്തകരിലൊരാളുമായിരുന്ന എം.ജെ അക്ബറിനെതിരെ ഒരു ഡസനിലധികം സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. അക്ബര്‍ പത്രാധിപരായിരുന്ന ഏഷ്യന്‍ ഏജില്‍ ജോലിചെയ്യുന്ന കാലത്ത് ഷുമ റാഹ, ഗസാല വഹാബ് തുടങ്ങിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ദ വയര്‍ ഡോട്ട് കോമില്‍ അവര്‍ വിശദമായി എഴുതിയിട്ടുണ്ട്. തെഹല്‍കയിലെ യുവ മാധ്യമ പ്രവര്‍ത്തക നേരിട്ട അതേ പീഡനാനുഭവങ്ങളിലൂടെയാണ് ഈ സ്ത്രീകളെല്ലാം കടന്നുപോയത്. വിരട്ടലും ഭീഷണിയും സ്വഭാവഹത്യയും അപവാദ പ്രചാരണങ്ങളും അവര്‍ക്ക് നേരിടേിവന്നു. നീതിബോധമുള്ള പത്രപ്രവര്‍ത്തകനായതുകൊണ്ട് രാഷ്ട്രീയക്കാര്‍ തന്നെ വേട്ടയാടുന്നുവെന്ന തരുണ്‍ ഉപയോഗിച്ച യുക്തിയുടെ വേറൊരു തലമാണ് ഇപ്പോള്‍ സമ്പൂര്‍ണ രാഷ്ട്രീയക്കാരനായ അക്ബര്‍  പയറ്റുന്നത്. 2019 ഇലക്ഷന്‍ അടുത്തിരിക്കെ ഇത്തരം വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ കൃത്യമായ രാഷ്ട്രിയ അജണ്ടകളുണ്ടെന്ന് പറഞ്ഞാണ് അക്ബര്‍ പത്രസമ്മേളനത്തില്‍നിന്ന് വഴുതിയത്. ആരോപണങ്ങള്‍  നിഷേധിച്ചും രാഷ്ട്രീയ അധികാരത്തിന്റെ പിന്‍ബലം ഉപയോഗിച്ചും തുറന്നുപറച്ചിലുകള്‍ നടത്തിയ ഇരകളെ കൂടുതല്‍ ഇകഴ്ത്തുകയും അപമാനിക്കുകയുമാണ് അക്ബറുള്‍പ്പെടെയുള്ളവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

മീ ടൂ കാമ്പയിനിലൂടെ പല മേഖലകളിലുള്ള സ്ത്രീകള്‍ക്കും തുറന്നുപറച്ചിലിന് ധൈര്യം കൈവന്നുവെങ്കിലും കുറ്റാരോപിതരില്‍ വലിയൊരു വിഭാഗം ഇപ്പോഴും സേഫ് സോണിലും ഇരകള്‍ തുറന്നുപറച്ചിലിനു ശേഷം ഇരുട്ടിലുമാണ്. ഇത്തരം ഫ്യൂഡല്‍ മാടമ്പി ആണധികാര ഘടനയെ ഒന്ന് തൊടാന്‍ പോലും കഴിയാത്ത വിധം ദുര്‍ബലമാണ് നമ്മുടെ ജനാധിപത്യ ബോധവും ലിബറല്‍ സ്‌പേസുമെന്ന് ഈയടുത്ത കാലത്തെ പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്.

 

കീഴാള രാഷ്ട്രീയ പക്ഷത്തുനിന്നുള്ള തുറന്നുപറച്ചിലുകള്‍

'മീ ടൂ' കാമ്പയിനിന്റെ ചുവടുപിടിച്ച് ഇതിനിടയില്‍ ദലിത് ബഹുജന്‍ രാഷ്ട്രീയ പക്ഷത്തുനിന്നുണ്ടായ ചില സ്ത്രീകളുടെ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായി. കീഴാള സ്ത്രീ ശരീരങ്ങള്‍ക്കു മേലുള്ള സവര്‍ണ ആണധികാര പ്രയോഗങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പിന്റെ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു  കൂട്ടായ്മക്കകത്ത് കീഴാള സ്ത്രീയുടെ നേരെ കീഴാള പുരുഷന്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകള്‍ 'മീ ടൂ'വിന്റെ മറ്റൊരു തലം അനാവൃതമാക്കി. പ്രമുഖ  ദലിത് ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളുമായ രൂപേഷ് കുമാറിനും രജീഷ് പോളിനുമെതിരെ അതീവ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഉയര്‍ത്തപ്പെട്ടത്. കീഴാള രാഷ്ട്രീയത്തെയും ആണ്‍-പെണ്‍ സ്വത്വങ്ങളുടെ സ്വതന്ത്രവും ഉദാരവുമായ ലിംഗ ജനാധിപത്യ ഇടങ്ങളെ കുറിച്ചുള്ള  വ്യവഹാരങ്ങളെയും സൈദ്ധാന്തികമായി നിരന്തരം നവീകരിച്ചുകൊണ്ടിരുന്നവരില്‍നിന്നു തന്നെ ഉണ്ടായ സ്ത്രീശരീരത്തിനു മേലുള്ള കൈയേറ്റവും ബലപ്രയോഗങ്ങളും അവരിലുണ്ടാക്കിയ മാനസികാഘാതവും (Mental Trauma) രാഷ്ട്രീയ ഇഛാഭംഗവും വളരെ ആഴമേറിയതായിരുന്നു. സ്ത്രീയുടെ ശരീരത്തിനു മേലുള്ള അധികാരം അവള്‍ക്കു മാത്രമാണെന്നും അതിന്റെ നിര്‍വഹണവും ആവിഷ്‌കാരവും അവളുടെ തീരുമാനങ്ങള്‍ക്കനുസൃതമാണെന്നും അവളുടെ ശരീരത്തിനു നേരെയുള്ള ചെറിയ കൈയേറ്റം പോയിട്ട്  തുറിച്ചുനോട്ടം പോലും ജനാധിപത്യവിരുദ്ധവും  സ്ത്രീവിരുദ്ധവുമാണെന്നും നിരന്തരം ഉപന്യസിച്ച ഏറ്റവും അടുത്ത ആണ്‍ സുഹൃത്തുക്കള്‍ക്കു പോലും തങ്ങള്‍ വെറും സെക്‌സ് ടോയ്‌സുകളായിരുന്നുവെന്ന തിരിച്ചറിവുകള്‍ അവരില്‍ പകരുന്ന രാഷ്ട്രീയ നിരാശ അത്ര തീവ്രമായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഉത്തരകാലം വെബ് പോര്‍ട്ടലില്‍ ജെനീ റൊവീന എഴുതിയ ലേഖനത്തില്‍ കീഴാള രാഷ്ട്രീയ പക്ഷത്തെ ദലിത് ബഹുജന്‍ സ്ത്രീകളുടെ തുറന്നുപറച്ചിലുകള്‍ കുറ്റാരോപിതര്‍ക്കെതിരായ സൈബര്‍ ഇടങ്ങളിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ശക്തിപകരുകയും അത് ദലിത് ബഹുജന്‍ രാഷ്ട്രീയം തകരണമെന്നാഗ്രഹിക്കുന്നവര്‍ക്കും അതിനോട് കടുത്ത മുന്‍വിധിയും പകയും വെച്ചുപുലര്‍ത്തുന്നവര്‍ക്കും ഈ രാഷ്ട്രീയ മുന്നേറ്റത്തെ അടിക്കാനുള്ള ആയുധമാവുകയും ചെയ്തുവെന്നും അതുകൊണ്ട് കീഴാള രാഷ്ട്രീയ പക്ഷത്തെ തുറന്നുപറച്ചിലുകാര്‍ സവര്‍ണ ഫെമിനിസ്റ്റുകളുടെ പണിയെടുക്കരുതെന്നും പറഞ്ഞുവെക്കുന്നുണ്ട്. ഇതിന് ശീതള്‍ എന്‍.എസ് ഉത്തരകാലത്തില്‍ തന്നെ മറുപടി എഴുതിയിട്ടുണ്ട്. ഒരേസമയം ദലിത് / പെണ്ണ് എന്ന ഇരട്ട അടിച്ചമര്‍ത്തല്‍ നേരിടുന്ന ഒരുവള്‍ക്ക് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച തുറന്നുപറച്ചിലുകള്‍ ദലിത് ബഹുജന്‍ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ മുനയൊടിക്കുമെന്ന സൈദ്ധാന്തിക ഭാഷ്യങ്ങള്‍ എത്ര മേല്‍ അപഹാസ്യമാണെന്ന് ശീതള്‍ പറഞ്ഞുവെക്കുന്നു. നിങ്ങളുടെ രാഷ്ട്രീയത്തില്‍ കീഴാള പുരുഷന്മാരാല്‍ അക്രമത്തിന് വിധേയരാകുന്ന കീഴാള സ്ത്രീകള്‍ക്ക് ഇടമുണ്ടോ എന്നും അവര്‍ തിരിച്ചു ചോദിക്കുന്നുണ്ട്.

 

ചില ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കേണ്ട സമയം

ഒരുപാട് കാലമായി സ്ത്രീകള്‍ ഇരകളാക്കപ്പെടുന്ന  ചെറുതും വലുതുമായ സംഭവങ്ങളില്‍ മതാത്മക ആണധികാരം (സെക്യുലര്‍ ഇടങ്ങളില്‍ മുഖ്യമായും ഇസ്‌ലാം) നിരന്തരം പ്രതിസ്ഥാനത്തു നിര്‍ത്തപ്പെടുകയും തുടര്‍ച്ചയായി മാധ്യമ-രാഷ്ട്രീയ വിചാരണ നേരിടുകയും ചെയ്തതാണ് ഇതഃപര്യന്തമുള്ള ചരിത്രം. കറുത്ത പര്‍ദക്കകത്തെ ഇരുണ്ട ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളെക്കുറിച്ച് മാത്രം എഴുതപ്പെട്ട കവിതകളും കഥകളും ഉപന്യാസങ്ങളും നിരവധി; നിര്‍മിച്ച സിനിമകളും അനവധി. മഅ്ദനിക്കെതിരെ കെട്ടിച്ചമച്ച കഥകളെ അതേപടി സിനിമക്ക്  തിരക്കഥയാക്കിയ കഥാകൃത്ത് ഉണ്ണി ആറിന്റെ ഏറ്റവും തീവ്രമായ ധൈഷണിക വ്യഥ നൂറ്റാണ്ടുകളായി പള്ളി മിഹ്‌റാബില്‍ ബാങ്ക് കൊടുക്കാനാകാതെ വിമോചനം വഴിമുട്ടിനില്‍ക്കുന്ന മുസ്‌ലിം പെണ്ണ് തന്നെയാണ്. സാറാ ജോസഫിന്റെ കറുപ്പ് എന്ന കഥയിലെ മുസ്‌ലിം പെണ്ണ് നേരമേറെയിരുട്ടിയിട്ടും  കറുത്ത പര്‍ദ തയ്ച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അനന്തമായി നീളുന്ന മുസ്‌ലിം പെണ്ണിന്റെ വിമോചനം കറുത്ത പര്‍ദയുടെ ഇരുട്ടിനെ  മെറ്റഫറാക്കി പറഞ്ഞുവെക്കുകയായിരുന്നു അവര്‍.

റഫീഖ് അഹമ്മദ് പര്‍ദയിട്ട പെണ്ണിന്റെ മതദേഹത്തില്‍ വ്യാകുലപ്പെടുന്നുണ്ട്. മതദേഹം വ്യക്തിത്വമോ ആത്മാവോ സ്വതന്ത്ര ചിന്തയോ ഇല്ലാത്ത മൃതദേഹമാണെന്നാണ് കവി പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ 'മീ ടൂ'  കാമ്പയിനില്‍ പ്രമുഖ തമിഴ് കവിയും സിനിമാ ഗാന രചയിതാവുമായ വൈരമുത്തുവിനെതിരെ ഒന്നിലധികം പെണ്‍കുട്ടികളാണ് ലൈംഗികാതിക്രമ ആരോപണങ്ങളുമായി മുന്നോട്ടുവന്നത്. മതദേഹങ്ങളില്‍ വീണതിനേക്കാള്‍ എത്രമേല്‍ കനമുള്ള  ഇരുട്ടാണ് മതേതര ജനാധിപത്യ ഇടങ്ങളിലെ പെണ്ണിനു മേല്‍ ലിബറല്‍ ആണ്‍കോയ്മകള്‍ വീഴ്ത്തിയത് എന്നെങ്കിലും പുനരാലോചിക്കുന്നത് നന്നാകും.

അന്തരിച്ച ലബനീസ് വേരുകളുള്ള പ്രമുഖ അമേരിക്കന്‍ അക്കാദമീഷ്യന്‍ ജാക്ക് ഷഹീന്റെ പ്രധാന ഗവേഷണ മേഖല കലയിലും സാഹിത്യത്തിലും അറബ്-മുസ്‌ലിം സ്വത്വങ്ങളെക്കുറിച്ച യൂറോപ്പിന്റെയും ഹോളിവുഡിന്റെയും കടുത്ത മുന്‍വിധികളെക്കുറിച്ചായിരുന്നു. ഹോളിവുഡ് സിനിമകളിലും യൂറോ- അമേരിക്കന്‍ നാടകങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം അറബ്-മുസ്‌ലിം വംശജനെന്നാല്‍ മൃഗീയമായ ലൈംഗികതൃഷ്ണകളുള്ളവനും ഭീകരവാദിയും ചതിയനും വഞ്ചകനുമാണെന്ന് അദ്ദേഹം അറബ് റീല്‍ എന്ന പുസ്തകത്തില്‍ സമര്‍ഥിക്കുന്നുണ്ട്. അറബ് -മുസ്‌ലിം ആഫ്രിക്കന്‍ വംശജരെക്കുറിച്ച് ഇത്തരം വ്യാജോക്തികളും നുണകളും മുന്‍വിധികളും ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന ഹോളിവുഡിന്റെ ജനാധിപത്യ ഇടത്തില്‍ അലൈസ മിലാനോക്ക് താന്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയാന്‍ ഭയം  കൊണ്ടും ഭീതി കൊണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. അതുപോലെ മറ്റു പലര്‍ക്കും. വെളുത്ത വംശീയതക്കപ്പുറമുള്ള അപര സ്വത്വങ്ങളെയെല്ലാം ഹിംസയുടെയും രണോത്സുകതയുടെയും ചായം തേച്ച് അഭ്രപാളികളില്‍ ഇരുട്ടില്‍ നിര്‍ത്തുമ്പോഴും അതിനെ ശരീരം കൊണ്ട് ആവിഷ്‌കരിക്കുന്ന നടിമാരുടെ മുഖത്തു തേച്ച ചായങ്ങളില്‍ കലര്‍ന്ന  കണ്ണീരില്‍ കാലം കാത്തുവെച്ച വ്യാജബിംബങ്ങള്‍ പ്രതിബിംബിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലുള്‍പ്പടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 'മീ ടൂ' കാമ്പയിനില്‍ വര്‍ഷങ്ങളോളം തങ്ങളനുഭവിച്ചത് തുറന്നുപറയാനാകാതെപോയ സ്ത്രീകളെ ഞെരിച്ച പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ എത്രമേല്‍ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരിക്കണം.

മറുവശത്ത് മതത്തിന്റെ തെറ്റായ പ്രയോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന മതാത്മക പുരുഷാധികാരം മുസ്‌ലിം സ്ത്രീക്കു മേല്‍ നടത്തിയിട്ടുള്ള ലൈംഗികവും അല്ലാത്തതുമായ തുറന്നുപറച്ചിലുകളെ ജനാധിപത്യപരമായ വിശാലതയോടെ നമുക്ക് കാണാനും കഴിയണം. അമ്പലത്തിലെ പൂജാരിയുടെയും മദ്‌റസയിലെ ഉസ്താദിന്റെയും പള്ളീലച്ചന്റെയും പീഡന വാര്‍ത്തകള്‍ ചേര്‍ത്തുവെച്ച് ട്രോളുണ്ടാക്കുന്നവര്‍ ലിബറല്‍ ജനാധിപത്യ പൊതു ഇടങ്ങളിലെ ലൈംഗികാതിക്രമത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും ട്രോളിറക്കേണ്ട സമയമാണിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (47-49)
എ.വൈ.ആര്‍

ഹദീസ്‌

അല്ലാഹുവിനിഷ്ടം സ്ഥിരതയാര്‍ന്ന കര്‍മങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍