ബൈരാക്ലി പള്ളിയും നോവിസാദിലെ മുസ്‌ലിം ജീവിതവും
[വംശവെറിയുടെ കനല്‍ക്കൂനകളില്‍ അകംവെന്തൊരു ബലിപെരുന്നാള്‍ കാലം-3]
ബൈരാക്ലി മസ്ജിദ്. ബെല്‍ഗ്രേഡ് നഗരത്തില്‍ അവശേഷിക്കുന്ന ഏക മുസ്‌ലിം പള്ളി. 16-ാം നൂറ്റാണ്ടില്‍ ഉസ്മാനിയ രാജാക്കന്മാര്‍ പണികഴിപ്പിച്ച ഈ പൗരാണിക നിര്‍മിതി സെര്‍ബിയന്‍ തലസ്ഥാനത്തെ മുസ്‌ലിം ചരിത്ര സാക്ഷ്യമായി ഇന്നും ജീവിക്കുന്നു. വശങ്ങളില്‍ തണല്‍ മരങ്ങള്‍ വരിനില്‍ക്കുന്ന വീതി കുറഞ്ഞ പുരാതന നഗരവീഥിക്കരികില്‍ തേച്ചു മിനുക്കാത്ത തടിച്ച കല്‍ഭിത്തികളും വീതികുറഞ്ഞ കമാന ജാലകങ്ങളും ഭംഗിയുള്ള താഴികക്കുടവും തലയെടുപ്പുള്ള പള്ളി മിനാരവും ചേര്‍ന്ന വാസ്തു സൗന്ദര്യം. അകത്ത് വിസ്തൃതി കുറഞ്ഞ ഒരൊറ്റ പ്രാര്‍ഥനാ മുറി. പതിനെട്ടാം നൂറ്റാണ്ടിനാദ്യം ബെല്‍ഗ്രേഡ് പിടിച്ച ആസ്ത്രിയ ബൈരാക്ലി പള്ളി ബലമായി കത്തോലിക്ക ചര്‍ച്ചാക്കി മാറ്റിയെങ്കിലും രണ്ട് ദശാബ്ദക്കാലത്തിനു ശേഷം നഗരം തിരിച്ചുപിടിച്ച മുസ്‌ലിം രാജാക്കന്മാര്‍ പള്ളിയുടെ ജീവിതം വീണ്ടെടുത്തു. പിന്നീട് രണ്ടാം ലോക യുദ്ധകാലത്തും ഒടുവില്‍ 2004-ലെ കൊസോവോ കലാപകാലത്തും പള്ളി അഗ്നിക്കിരയാക്കപ്പെട്ടു. നിരന്തരമായ ആക്രമണങ്ങളും കൈയേറ്റങ്ങളും അതിജയിക്കാനാവാതെ ബെല്‍ഗ്രേഡ് നഗരത്തിലെ ഇരുന്നൂറ്റി എഴുപതില്‍ പരം പള്ളികള്‍ ചരിത്രത്തിലേക്ക് മറഞ്ഞപ്പോഴും എല്ലാറ്റിനെയും അതിജീവിച്ച് ബൈരാക്ലി ജീവിതം തുടരുന്നു.
റോഡരികില്‍നിന്ന് ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് കല്‍പ്പടവുകള്‍ ഇറങ്ങി. പള്ളിക്കകത്തും പുറത്തും ഉസ്മാനിയ വാസ്തുവൈഭവത്തിന്റെ ചാരുതകളൊപ്പിയെടുക്കുന്ന സഞ്ചാരികള്‍. അവര്‍ക്കായി ചൊല്ലിപ്പഠിച്ച പാഠങ്ങള്‍ ഏതൊക്കെയോ ഭാഷകളില്‍ ആവര്‍ത്തനം ചെയ്യുന്ന യാത്രാ സഹായികളും. കല്ലുപാകിയ പള്ളിമുറ്റത്തിനൊരറ്റത്തെ ബഹുനില കെട്ടിടത്തിലാണ് ഇസ്‌ലാമിക് കമ്യൂണിറ്റി ഓഫ് സെര്‍ബിയ (Islamic Community of Serbia) യുടെ ആസ്ഥാനം. സെര്‍ബ് മുസ്‌ലിം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഔദ്യോഗിക സ്വഭാവമുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ കെട്ടിടത്തിലാണ്. മതാധ്യക്ഷനായ റഈസുല്‍ ഉലമയുടെ ഔദ്യോഗിക കാര്യാലയവും മതപഠന സംവിധാനങ്ങളും ഇവിടെത്തന്നെ. കെട്ടിടത്തിന്റെ കവാടത്തില്‍ 'സിയാദ്' ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. കാര്യാലയത്തിലെ മാനേജരായ സിയാദുമായി ഡാമിയന്‍ നേരത്തേ ഏര്‍പ്പാട് ചെയ്തതായിരുന്നു ഈ കൂടിക്കാഴ്ച. ഏറെ സന്തോഷത്തോടെ അവര്‍ ഞങ്ങളെ സ്വീകരിച്ചു.
''ബൈരാക്ലി പള്ളിയില്‍ പെരുന്നാളു കൂടണം. പിന്നെ പറ്റുമെങ്കില്‍ റഈസുല്‍ ഉലമയെ കണ്ടു സംസാരിക്കാനുള്ള അവസരവും.'' ഡാമിയന്‍ എന്റെ അഭിലാഷങ്ങളൊക്കെയും പരിഭാഷപ്പെടുത്തി.
''തീര്‍ച്ചയായും. ഒക്കെ ഏര്‍പ്പാട് ചെയ്യാം.'' അവര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.
''ഉളുഹിയ്യയില്‍ ചേരാന്‍ താല്‍പര്യമുണ്ടോ?'' ചുമരില്‍ പതിച്ചുവെച്ച നാനാതരം അറിയിപ്പു കടലാസുകള്‍ക്കിടയില്‍ കണ്ട ചെമ്മരിയാടിന്റെ ചിത്രത്തിലേക്ക് നോക്കിനിന്ന എന്റെ ആത്മവിചാരം അവര്‍ ഊഹിച്ചെടുത്തു.
''അതേ'' - ഞാനെന്റെ ആഗ്രഹം അറിയിച്ചു.
സെര്‍ബ് ഗ്രാമങ്ങളിലെ അല്‍ബേനിയന്‍ കുടിയേറ്റക്കാര്‍ക്ക് വിശപ്പടക്കാനായി ഒരാടിനെ ബലിനല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് ഞങ്ങള്‍ പള്ളിയങ്കണത്തിലേക്കിറങ്ങി.
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആ മതില്‍ക്കെട്ടിനകത്തെ വിശേഷങ്ങളും വിസ്മയങ്ങളും ഓര്‍ത്തെടുത്തുകൊണ്ടും പള്ളിയേക്കാള്‍ പഴക്കമുള്ള സെര്‍ബ് മുസ്‌ലിം സാമൂഹിക ഘടനയുടെ വര്‍ത്തമാനങ്ങള്‍ പങ്കുവെച്ചും ഞങ്ങള്‍ ഏറെ നേരം പള്ളിമുറ്റത്തെ കല്‍പ്പടവിലിരുന്നു.
ഉസ്മാനിയ സാമ്രാജ്യം കിഴക്കന്‍ യൂറോപ്പിലേക്ക് വികസിച്ചുതുടങ്ങിയ 15-ാം നൂറ്റാണ്ടുമുതല്‍ തന്നെ ആരംഭിച്ചതാണ് ഈ മണ്ണിലെ മുസ്‌ലിം സാമൂഹിക ജീവിതം. ഉസ്മാനിയ ഭരണക്രമത്തില്‍ ഇസ്‌ലാമിക ശരീഅത്തും സെക്യുലര്‍ നിയമ സംവിധാനവും രണ്ടായി പിരിഞ്ഞ് നിര്‍ണിത അധികാര പരിധികളുള്ള 'മുഫ്തി'മാരും 'ഖാളി'മാരും ജന്മം കൊണ്ടതില്‍പിന്നെ ശരീഅത്തെന്നത് മുഫ്തിമാരും റഈസുല്‍ ഉലമമാരും നിയന്ത്രിക്കുന്ന മതാനുഷ്ഠാന നിയമങ്ങളിലേക്ക് ചുരുങ്ങിപ്പോയത് ചരിത്രം. അങ്ങനെയാണ് യൂഗോസ്ലാവ്യന്‍ രാജ്യങ്ങളിലൊക്കെയും മുഫ്തികള്‍ നിയന്ത്രിക്കുന്ന മുസ്‌ലിം സമൂഹ ഘടന നിലവില്‍വന്നത്. എട്ടേ മുക്കാല്‍ മില്യനോളം ജനസംഖ്യയുള്ള സെര്‍ബിയയില്‍ മുസ്‌ലിംകളുടെ എണ്ണം വെറും മൂന്ന് ശതമാനം മാത്രം. അവരില്‍ മഹാഭൂരിപക്ഷവും ഹനഫി മദ്ഹബുകാര്‍. സെര്‍ബിയന്‍ രാജവാഴ്ചക്കാലത്തും പരിമിതമായ അധികാര പരിധികളോടെ മുഫ്തി കേന്ദ്രീകൃത മുസ്‌ലിം സമൂഹ ഘടന തുടര്‍ന്നുപോന്നു. ടിറ്റോയുടെ ഭരണകാലത്താകട്ടെ മുസ്‌ലിം സമൂഹ സംഘടനയുടെ പേരില്‍നിന്നും 'മതം' (Religion) എന്ന പദം എടുത്തു മാറ്റപ്പെട്ടു. എങ്കിലും ബോസ്‌നിയന്‍ തലസ്ഥാനമായ 'സരയാവോ' മുഖ്യ ആസ്ഥാനമായി യൂഗോസ്ലാവ്യന്‍ മുഫ്തിമാരുടെ ഇസ്‌ലാമിക് കമ്യൂണിറ്റി വളരെ പരിമിതമായ അനുഷ്ഠാന കാര്യങ്ങളുടെ മേല്‍നോട്ടത്തില്‍ മാത്രമൊതുങ്ങി തുടര്‍ച്ച നിലനിര്‍ത്തി. പിന്നീട് യൂഗോസ്ലാവ്യയുടെ അസ്തമയകാലം.
ഇന്ന് റഈസുല്‍ ഉലമ സിയാദ് നുസൂഫോവിച്ചിന്റെ നേതൃത്വത്തില്‍ ബൈരാക്ലി പള്ളി ആസ്ഥാനമായി സെര്‍ബിയയിലെ മുഫ്തികളെയൊക്കെയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സമൂഹ ഘടനയുടെ പേരാണ് ഇസ്‌ലാമിക് കമ്യൂണിറ്റി ഓഫ് സെര്‍ബിയ. സിയാദ് അവരുടെ ചരിത്രം പറഞ്ഞുനിര്‍ത്തി. പക്ഷേ, അവരുടെ ചരിത്ര കഥനത്തില്‍ സെര്‍ബ് മുസ്‌ലിം സമൂഹം നേരിടുന്ന എക്കാലത്തെയും വലിയ ശൈഥില്യത്തിന്റെ സമീപകാല സങ്കട കഥകള്‍ ഒട്ടുമേ സ്പര്‍ശിക്കാതെ വിട്ടുപോയിരുന്നു.
തൊണ്ണൂറുകളിലെ ആരംഭത്തില്‍ യൂഗോസ്ലാവ്യ വിഘടിച്ച് സെര്‍ബിയ ഒരു സ്വതന്ത്ര രാഷ്ട്രമായതില്‍ പിന്നെ സെര്‍ബിയന്‍ മുസ്‌ലിം സമൂഹവും ഒരു സ്വതന്ത്ര ഘടനയിലേക്ക് മാറിയെങ്കിലും അവര്‍ സരയാവോയിലെ റഈസുല്‍ ഉലമായുടെ നേതൃത്വം അംഗീകരിക്കുന്നവരായിരുന്നു. സെര്‍ബ് മുസ്‌ലിം സമൂഹത്തിന്റെ മഹാഭൂരിപക്ഷവും താമസിക്കുന്ന നോവി പസാര്‍ പട്ടണമായിരുന്നു അവരുടെ കേന്ദ്രം. പക്ഷേ 2007-ല്‍ അപ്രതീക്ഷിതമായി സെര്‍ബിയന്‍ ഗവണ്‍മെന്റിന്റെ ആശീര്‍വാദത്തോടെ ബെല്‍ഗ്രേഡ് മുഫ്തി ഹംദിയ യൂസുഫ് സ്പാഹിച്ച് റഈസുല്‍ ഉലമയായി പുതിയ സമൂഹ ഘടന നിലവില്‍ വന്നു. അതാണ് 'ഇസ്‌ലാമിക് കമ്യൂണിറ്റി ഓഫ് സെര്‍ബിയ (Islamic Community of Serbia). ഈ പുതിയ സംവിധാനത്തെ അംഗീകരിക്കാത്ത വലിയ ഒരു വിഭാഗം പഴയ റഈസുല്‍ ഉലമയുടെ നേതൃത്വം കൈവിടാതെതന്നെ 'ഇസ്‌ലാമിക് കമ്യൂണിറ്റി ഇന്‍ സെര്‍ബിയ' (Islamic Community in Serbia) എന്ന പേരില്‍ സമാന്തര സമൂഹ ഘടനയായി നിലകൊണ്ടു. പേരിലെ 'ഇന്‍', 'ഓഫ്' എന്നീ ഇംഗ്ലീഷ് പദവ്യത്യാസങ്ങള്‍ക്കപ്പുറം തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ഈ രണ്ടു സംഘടനകള്‍ക്കുമൊപ്പം മുഫ്തികളും വിശ്വാസികളും വിഭജിച്ചു മാറി. പിന്നീട് പള്ളികളും മദ്‌റസകളും പിടിക്കാന്‍ അവര്‍ പരസ്പരം കലഹിച്ചു. തെരുവിലും പള്ളികളിലും ഏറ്റുമുട്ടി. മുസ്‌ലിം ഗല്ലികളില്‍ തീനാളങ്ങളും വെടിയൊച്ചകളും അശാന്തി പടര്‍ത്തി. പിളര്‍പ്പൊഴിവാക്കി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് തുര്‍ക്കിയില്‍നിന്ന് ഉര്‍ദുഗാന്‍ തന്നെ നേരിട്ടിടപെട്ടിട്ടു പോലും ഫലം കണ്ടില്ല. ഈ രണ്ട് സമാന്തര ഘടനകള്‍ ഇന്നും ഇത്തിരിപ്പോന്ന സെര്‍ബിയന്‍ മുസ്‌ലിം സമൂഹത്തെ രണ്ടായി പകുത്ത് പരസ്പരം മത്സരിക്കുന്നു.
2008-ല്‍ ഹംദിയയുടെ മരണശേഷം മകന്‍ മുഹമ്മദ് യൂസുഫ് സ്പാഹിച്ച് ഇസ്‌ലാമിക് കമ്യൂണിറ്റി ഓഫ് സെര്‍ബിയയുടെ പരമോന്നത അസംബ്ലിയുടെ പ്രസിഡന്റായി. പിന്നീട് സുഊദി അറേബ്യയിലെ സെര്‍ബിയന്‍ അംബാസഡറും. ഹംദിയക്കു ശേഷം സെര്‍ബിയന്‍ റഈസുല്‍ ഉലമയായ ആദം സില്‍കിച്ച് 2016-ല്‍ സെര്‍ബിയന്‍ സര്‍ക്കാറിന്റെ ഒത്താശയോടെ പുറത്താക്കപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാലാണെന്നാണ് ജനസംസാരം. പകരം നിയമിതനായ റഈസാണ് സിയാദ് നുസൂഫോവിച്ച്. ഇസ്‌ലാമിക് കമ്യൂണിറ്റി ഓഫ് സെര്‍ബിയ ആദം സില്‍കിച്ചിനെ പുറത്താക്കിയതില്‍ അസംതൃപ്തരായ ഒരു വിഭാഗത്തിന്റെ പ്രതിപക്ഷ സ്വരങ്ങള്‍ ഇനിയുമൊരു വിഘടനത്തിലേക്ക് നയിച്ചേക്കുമോ എന്ന ഉള്‍ഭയം ഔദ്യോഗിക സംഘടനക്ക് ഇല്ലാതെയില്ല. ഇവയൊന്നും ഗൗനിക്കാതെ ഇസ്‌ലാമിക് കമ്യൂണിറ്റി ഇന്‍ സെര്‍ബിയ സമാന്തര പാതയിലൂടെ സരയാവോയിലേക്ക് നോക്കി നീങ്ങുന്നു. ഇതാണ് മുസ്‌ലിം സെര്‍ബിയയുടെ വര്‍ത്തമാനകാല ചിത്രം.
''പെരുന്നാള്‍ ദിവസം രാവിലെ തന്നെയെത്തണം.''
ബൈരാക്ലി പള്ളിയങ്കണത്തില്‍നിന്ന് മടങ്ങുമ്പോള്‍ സിയാദ് പ്രത്യേകം ഓര്‍മിപ്പിച്ചു.
''ഞങ്ങള്‍ നോവിസാദ് പട്ടണത്തിലേക്കാണ്.'' ഡാമിയന്‍ ഞങ്ങളുടെ പുതിയ യാത്രാലക്ഷ്യം അവരുമായി പങ്കുവെച്ചു.
''അവിടെ വോയ്‌വുദ്ദീന പ്രവിശ്യയുടെ മുഫ്തി മുഹമ്മദിനെ കാണാന്‍ മറക്കരുത്. ഞാന്‍ വിളിച്ചു പറയാം.'' അവരുടെ ആസ്ഥാനത്തേക്കുള്ള വഴിയും മുഫ്തി മുഹമ്മദിന്റെ മൊബൈല്‍ നമ്പറും കുറിച്ചു തന്ന് സിയാദ് ഞങ്ങളെ യാത്രയാക്കി.
സെര്‍ബിയയുടെ വടക്കന്‍ സ്വയംഭരണ പ്രവിശ്യയാണ് വോയ്‌വുദ്ദീന. ആസ്ത്രിയയും ഹംഗറിയും ഉസ്മാനിയ സാമ്രാജ്യവും മാറിമാറി ഭരിച്ച വോയ്‌വുദ്ദീന പ്രദേശം യൂഗോസ്ലാവ്യന്‍ കാലത്താണ് സ്വയം ഭരണാധികാരങ്ങളോടെ സെര്‍ബിയയുടെ ഭാഗമായത്. കൃഷിയും എണ്ണ ഖനനവും ലോഹ വ്യവസായങ്ങളും കൊണ്ട് സെര്‍ബിയയുടെ സാമ്പത്തിക വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ഈ പ്രവിശ്യയുടെ തലസ്ഥാനമാണ് നൊവിസാദ്.
ബെല്‍ഗ്രേഡില്‍നിന്ന് നൊവിസാദിലേക്കുള്ള യാത്രാമധ്യേ കാറിലെ റേഡിയോയിലൂടെ 'കേരള' 'കേരള' എന്ന് ആവര്‍ത്തിക്കുന്നതു കേട്ട് അതെന്താണെന്ന് ഞാന്‍ ഡാമിയനോട് തിരക്കി. ''ആ 'രാജ്യ'ത്ത് ഒരു മഹാപ്രളയമുണ്ടായെന്നും ഇന്ത്യാ രാജ്യത്തോട് സഹായം ചോദിച്ച് കാത്തിരിപ്പാണെന്നും'' അയാളുടെ ആശ്ചര്യപ്പെടുത്തുന്ന പരിഭാഷ.
കേരളം എന്റെ നാടാണെന്നും അത് ഇന്ത്യാ രാജ്യത്തിന്റെ ഭാഗമാണെന്നും ഞാന്‍ വിശദീകരിച്ചു കൊടുത്തത് അയാള്‍ക്ക് പൂര്‍ണമായി ദഹിച്ചില്ല.
''പിന്നെ എന്തിന് സഹായം ചോദിക്കലും കാത്തിരിക്കലും? സഹായങ്ങള്‍ സ്വമേധയാ വന്നുചേരേണ്ടതല്ലേ?''
എന്റെ രാജ്യത്തിന്റെ കാര്യനിര്‍വഹണ സംവിധാനങ്ങള്‍ ഏറെ പണിപ്പെട്ട് അയാള്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും ഒടുക്കം അയാളെപ്പോലെത്തന്നെ എന്നെയും ബോധ്യപ്പെടുത്താനാവാതെ അയാളുടെ ചോദ്യം എന്റെയും ചോദ്യമായി മനസ്സിലവശേഷിച്ചു.
വോയ്‌വുദ്ദീന സമതലഭൂമിയിലൂടെ കുറേ ദൂരം സഞ്ചരിച്ച് ഞങ്ങള്‍ നൊവിസാദിലെത്തി. പട്ടണം നിറഞ്ഞുനില്‍ക്കുന്ന ആസ്‌ട്രോ-ഹംഗേറിയന്‍ നിര്‍മിതികളുടെ വാസ്തു സൗന്ദര്യങ്ങള്‍ ആസ്വദിച്ചുകൊണ്ടും വഴിയോരക്കാഴ്ചകളിലെ പിന്നാമ്പുറ ചരിത്രങ്ങള്‍ അയവിറക്കിക്കൊണ്ടും ഞങ്ങള്‍ നഗരവീഥികളിലൂടെ സഞ്ചരിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് നോവിസാദിലേക്ക് കടന്നുകയറിയ ഹിറ്റ്‌ലറുടെ ജര്‍മനി നടത്തിയ കൂട്ടനരഹത്യകളുടെയും യുദ്ധാനന്തരം വിജയം നേടിയ കമ്യൂണിസ്റ്റ് യോദ്ധാക്കള്‍ പ്രതികാരമെന്ന പേരില്‍ നടത്തിയ അതിക്രൂരമായ ജര്‍മന്‍ വംശഹത്യകളുടെയും മായാത്ത ചോരപ്പാടുകള്‍ ഈ മണ്ണിലൊളിഞ്ഞിരിപ്പുണ്ട്.
ആള്‍ത്തിരക്കൊഴിഞ്ഞ നഗരപാതകളിലൂടെ നടന്ന് ഞങ്ങള്‍ വഴിയോരത്തൊരു പഴകിയ കെട്ടിടത്തിന് മുന്നിലെത്തി. അവിടെ ഒരു ചെറിയ മുറിയുടെ ചില്ലുവാതിലിന് മുകളില്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെടാത്ത അക്ഷരങ്ങളില്‍ 'ഇസ്‌ലാമിക് കമ്യൂണിറ്റി ഓഫ് സെര്‍ബിയ, മിഷിഹാത് നൊവിസാദ്' എന്നെഴുതി വെച്ചിരിക്കുന്നു. അകത്ത് താഴെ നിലയില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ അടുക്കിവെച്ച അലമാരകള്‍. അതിന് മുകളിലായി ഭംഗിയായി അലങ്കരിച്ച ഓഫീസിനകത്ത് മുഫ്തി മുഹമ്മദ് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
'സിയാദ് വിളിച്ചിരുന്നു' - മുഹമ്മദ് സ്‌നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചിരുത്തി.
മുറികളുടെ ചെറുപ്പമല്ലാതെ പുറത്തെ ദൈന്യതകളൊന്നും അകത്ത് കാണാന്‍ കഴിഞ്ഞില്ല. മേത്തരം ഇരിപ്പിടങ്ങളും ഓഫീസ് ഉപകരണങ്ങളും അലങ്കാര രൂപങ്ങളും ചിത്രങ്ങളും ലിഖിതങ്ങളും പരവതാനികളും അകത്ത് ഭംഗിയായി വിന്യസിച്ചിരുന്നു. മുഫ്തികളുടെ അംഗവസ്ത്രമായ കറുത്ത ഗൗണും തലയില്‍ വെളുത്ത വട്ടത്തൊപ്പിയുമണിഞ്ഞ് മുഹമ്മദ് ഞങ്ങളൊന്നിച്ചിരുന്ന് ഏറെ നേരം വോയ്‌വുദ്ദീനയിലെ മുസ്‌ലിം വിശേഷങ്ങള്‍ പങ്കുവെച്ചു.
അരലക്ഷത്തിലേറെ വരുന്ന വോയ്‌നുദ്ദീനന്‍ മുസ്‌ലിംകളില്‍ പാതിയോളം പേരും താമസിക്കുന്നത് നൊവിസാദ് പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും. അവരില്‍ വിരലിലെണ്ണാവുന്ന അല്‍പം പേരൊഴികെ എല്ലാവരും അതിദരിദ്രര്‍. കുറേയേറെ കുടിയേറ്റക്കാരും അഭയാര്‍ഥികളും. പതിനേഴോളം മുസ്‌ലിം പള്ളികളുണ്ടായിരുന്ന വൊയ്‌വുദ്ദീനയില്‍ ഇന്ന് ഏതാനും പ്രാര്‍ഥനാ സ്ഥലങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിലും ഇരുനൂറ് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി 'സുബോടിച്ച്' പട്ടണത്തില്‍ ഒരു പള്ളി പണിത് പ്രാര്‍ഥനക്കായി തുറക്കപ്പെട്ടിരിക്കുന്നു. 2008-ല്‍ പണിതീര്‍ന്ന 'മുഹാജിര്‍' മസ്ജിദ്.
2014-ല്‍ സെര്‍ബിയന്‍-അല്‍ബേനിയന്‍ ഫുട്‌ബോള്‍ ടീമുകള്‍ പരസ്പരം തല്ലിപ്പിരിഞ്ഞ യൂറോകപ്പ് യോഗ്യതാ മത്സരാന്ത്യം കലാപത്തിനിറങ്ങിയ സെര്‍ബ് കളിഭ്രാന്തന്മാര്‍ മുഹാജിര്‍ പള്ളി കവാടത്തില്‍ തീവെക്കുകയുണ്ടായെങ്കിലും പള്ളി ഇന്നും സുരക്ഷിതമായി നിലനില്‍ക്കുന്നു. 'ഇസ്‌ലാമിക് കമ്യൂണിറ്റി ഇന്‍ സെര്‍ബിയ'യുടെ സജീവ പ്രവര്‍ത്തന മേഖലയായ വോയ്‌വുദ്ദീനയിലിപ്പോള്‍ 'ഇസ്‌ലാമിക് കമ്യൂണിറ്റി ഓഫ് സെര്‍ബിയ'യും വേരുപിടിച്ചുവരുന്നു.
''എന്തിനാണീ രണ്ട് സംഘടനകള്‍?'' ഞാന്‍ മുഫ്തിയോട് തിരക്കി.
''അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. യൂഗോസ്ലാവ്യയുടെ കാലം കഴിഞ്ഞ് സെര്‍ബിയ ഇന്ന് കൃത്യമായ രാഷ്ട്രീയ ഭൂപടമുള്ള ഒരു രാഷ്ട്രമാണ്. അതുകൊണ്ട് സെര്‍ബിയന്‍ മുസ്‌ലിം സമൂഹം ജീവിക്കേണ്ടത് പൂര്‍ണമായും സെര്‍ബിയന്‍ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമുള്ള ഒരു ഇസ്‌ലാമിക ഘടനക്ക് കീഴിലാവേണ്ടതില്ലേ?''
മുഹമ്മദ് അദ്ദേഹത്തിന്റെ വാദഗതികള്‍ വിശദീകരിച്ചു.
''യോജിപ്പിന്റെ മാര്‍ഗങ്ങള്‍ ആരായുന്നില്ലേ?''
''തീര്‍ച്ചയായും. പക്ഷേ, രാഷ്ട്രീയ താല്‍പര്യങ്ങളില്‍ തട്ടി ലക്ഷ്യം കാണാതെ പോവുകയാണ്. മുഹാജിര്‍ പള്ളിയുടെ ഉദ്ഘാടനത്തില്‍ രണ്ട് സംഘടനാ നേതൃത്വങ്ങളും പങ്കാളികളായിരുന്നു'' - മുഹമ്മദ് ശുഭപ്രതീക്ഷയിലാണ്.
സംഭാഷണം നിര്‍ത്തി ഓഫീസില്‍നിന്ന് ലൈബ്രറിയിലേക്കിറങ്ങുമ്പോള്‍ ഞാന്‍ നമസ്‌കാര സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചു. മുഹമ്മദ് താഴെ നിലയില്‍നിന്നും ഭൂമിക്കടിയിലേക്കിറങ്ങുന്ന ചുറ്റുഗോവണിയിലേക്ക് ചൂണ്ടി. നാല്‍പതോളം പേര്‍ക്ക് നമസ്‌കരിക്കാവുന്ന ഭൂഗര്‍ഭ പള്ളി മുറിയില്‍ ഭംഗിയായി വിരിച്ച പരവതാനിയും മരത്തില്‍ തീര്‍ത്ത പ്രസംഗ പീഠവും.
''നോവിസാദില്‍ പുതിയ ഇസ്‌ലാമിക ആസ്ഥാനം പണിയാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്'' - മുഹമ്മദ് ഏറെ സന്തോഷത്തോടെ ഞങ്ങളെ അറിയിച്ചു. സര്‍ക്കാര്‍ അനുമതി ലഭിച്ച പുതിയ സമുച്ചയത്തിന്റെ നിര്‍മാണ ചെലവുകള്‍ കണ്ടെത്താന്‍ അദ്ദേഹം മുഹമ്മദ് യൂസുഫ് സ്പാഹിച്ചിനോടൊന്നിച്ച് ഗള്‍ഫ് നാടുകളിലേക്ക് യാത്രക്കൊരുങ്ങുകയാണെന്നും അറിയിച്ചു.
മുഫ്തി മുഹമ്മദിനും അദ്ദേഹത്തിന്റെ നവ ഉദ്യമത്തിനും നന്മകള്‍ നേര്‍ന്നും ശാന്തിവാചകം ചൊല്ലി ആലിംഗനം ചെയ്തും ഞങ്ങള്‍ നേരമിരുട്ടും മുമ്പ് നോവിസാദില്‍നിന്ന് ബെല്‍ഗ്രേഡിലേക്ക് തന്നെ തിരിച്ചു.
ഇന്ന് ബെലിപെരുന്നാള്‍ ദിനം. തന്റെ ജീവിതം തളിര്‍ത്തു വന്ന ജീവല്‍ ശ്രേണി തന്നിലൊടുങ്ങി അവസാനിക്കാതിരിക്കാന്‍ ഒരു പുരുഷായുസ്സോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ വംശ തുടര്‍ച്ചയുടെ ശുഭവാര്‍ത്തയായെത്തിയ ഇളംനാമ്പ് കൈനീട്ടിവാങ്ങിയ തന്റെ കൈകൊണ്ട് തന്നെ ഞെരിച്ചറുത്തു കളയാനുള്ള ദൈവ പരീക്ഷണത്തിനു മുന്നില്‍ ശിരസ്സ് കുനിച്ചനുസരിച്ചുനിന്ന ഇബ്‌റാഹീം പ്രവാചകന്റെ സമ്പൂര്‍ണ സമര്‍പ്പണത്തിന് ദൈവചങ്ങാത്തം പാരിതോഷികമായി നല്‍കപ്പെട്ടതിന്റെ ഓര്‍മപ്പെരുന്നാള്‍. ഒപ്പം, നരബലി അരുതെന്ന ദൈവകല്‍പ്പനയുടെ ഓര്‍മപുതുക്കലിന്റെയും നാള്‍. ദൈവഹിതമപ്പാടെ തമസ്‌കരിക്കപ്പെട്ട് എന്തിനെന്നറിയാതെ കുരുതികൊടുക്കപ്പെട്ട എത്രയോ നിസ്വരുടെ കണ്ണീരും ചോരയും കുഴഞ്ഞലിഞ്ഞ ഈ മണ്ണിലാണ് ഞാനിന്ന് പെരുന്നാള്‍ കൂടുന്നത്. എന്റെ പെരുന്നാള്‍ ദിന ആഘോഷങ്ങള്‍ രണ്ട് രാജ്യങ്ങളിലായി പകുത്തിരിക്കുകയാണ്. ഉച്ചവരെ സെര്‍ബിയന്‍ തലസ്ഥാന നഗരിയിലും ഉച്ചകഴിഞ്ഞ് ബോസ്‌നിയന്‍ തലസ്ഥാനമായ സരയാവോ പട്ടണത്തിലും.
ബെല്‍ഗ്രേഡിലെ താമസ സ്ഥലത്ത് ഞാന്‍ പതിവിലും നേരത്തേ ഉണര്‍ന്നെണീറ്റ് ഒരുങ്ങിനിന്നു. പ്രഭാതത്തില്‍ തന്നെ കൂട്ടിനെത്തിയ ഡാമിയനൊപ്പം മനസ്സില്‍ ദൈവമഹത്വ വചനങ്ങള്‍ ഉരുവിട്ടുകൊണ്ട് ബൈരാക്ലി പള്ളിയിലേക്ക് പുറപ്പെട്ടു. പള്ളിക്കകത്തും പുറത്തും വിശ്വാസികളുടെ തിരക്ക്. പള്ളിമുറ്റത്തെ ആള്‍ത്തിരക്കിലേക്കിറങ്ങിയ എന്നെ ഒരാള്‍ കൈപിടിച്ച് പള്ളിക്കകത്തെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് കൂടെ നടത്തുന്നത് അപ്പുറത്തെ കെട്ടിടവരാന്തയില്‍നിന്ന് സിയാദ് നോക്കിനില്‍പ്പുണ്ടായിരുന്നു. പള്ളിക്കത്ത് മിമ്പറിനു താഴെനിന്നൊരു മുഫ്തി സെര്‍ബിയന്‍ ഭാഷയില്‍ ഭാവതീവ്രതയോടെ പ്രസംഗിക്കുന്നു. പരിഭാഷകനായി ഡാമിയന്‍ കൂടെയില്ലാത്തതിനാല്‍ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും നാമങ്ങളും ഇടക്കുച്ചരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുമല്ലാതൊന്നും എനിക്ക് ഗ്രാഹ്യമായിരുന്നില്ല. പള്ളിമുറിയില്‍ പുരുഷന്മാര്‍ മാത്രമേയുള്ളൂ. ബൈരാക്ലി പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കൊന്നുമില്ലെങ്കിലും സ്ഥലപരിമിതി കാരണം വെള്ളിയാഴ്ചകളിലും പെരുന്നാള്‍ ദിവസങ്ങളിലും പള്ളിമുറ്റത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സ്ത്രീകള്‍ക്കായി നമസ്‌കാരപ്പായ വിരിക്കാറുള്ളത്. അകത്ത് തിങ്ങിനിറഞ്ഞ മനുഷ്യരിലേറെയും ലളിതവസ്ത്രധാരികളായ സാധാരണക്കാര്‍.
മുഫ്തി പ്രസംഗമവസാനിപ്പിച്ച് സദസ്സിലേക്ക് മാറിയതോടെ മുന്‍നിരയില്‍ ചമ്രം പടിഞ്ഞിരുന്നൊരാള്‍ ഈണത്തിലേതോ സെര്‍ബിയന്‍ ബൈത്ത് പാടിത്തുടങ്ങി. ദൈവമാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന വരികളുടെ ഈണത്തില്‍ ലയിച്ചിരുന്ന സദസ്സിലേക്ക് കറുത്ത സൂട്ടണിഞ്ഞ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ റഈസുല്‍ ഉലമ സിയാദ് നുസൂഫോവിച്ച് കടന്നുവന്ന് നമസ്‌കാരത്തിന് ഇമാമായി നിന്നു. തീര്‍ത്തും അപരിചിതരായ ബാള്‍ക്കന്‍ മുഖങ്ങള്‍ക്കൊപ്പം പെരുന്നാള്‍ നമസ്‌കാരത്തിന് ദൈവമഹത്വം വാഴ്ത്തി കൈകള്‍ കെട്ടി ബൈരാക്ലിയുടെ നൂറ്റാണ്ടുകള്‍ നീണ്ട പ്രാര്‍ഥനാ ചരിത്രത്തില്‍ ഞാനും ഇടം നേടി. നമസ്‌കാരശേഷം സെര്‍ബ് ഭാഷയില്‍ ലളിതമായൊരു ഖുത്വുബയും നിര്‍വഹിച്ച് പെരുന്നാള്‍ ആശംസകള്‍ കൈമാറാനായി 'റഈസ്' അംഗരക്ഷകര്‍ക്കൊപ്പം മുറ്റത്തേക്കിറങ്ങി.
പള്ളിമുറ്റത്തെ ആള്‍ത്തിരക്ക് ക്രമേണ റോഡരികിലെ തുര്‍ക്കിഷ് ഹലാല്‍ ഭക്ഷണശാലയിലെ തടിച്ച ഷവര്‍മക്കുറ്റികള്‍ക്കരികിലേക്ക് നീങ്ങുന്നതും നോക്കി ഞാനും ഡാമിയനും സിയാദയും റഈസിനെയും കാത്ത് കെട്ടിട കവാടത്തിലെ കസേരകളിലിരുന്നു. ഏതോ സെര്‍ബ് ടെലിവിഷന്‍ വാര്‍ത്താ ചാനലിനു വേണ്ടി പള്ളി പശ്ചാത്തലമാക്കി അഭിമുഖം നല്‍കി ഓഫീസിലേക്ക് കയറവെ സിയാദ ഞങ്ങളെ നുസൂഫോവിച്ചിന് പരിചയപ്പെടുത്തി. സ്‌നേഹോഷ്മളമായ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹസ്തദാനം ചെയ്ത് അദ്ദേഹം ഞങ്ങളെ അകത്തേക്ക് കൂട്ടി. വിശാലമായ ഓഫീസ് മുറിയില്‍ സെര്‍ബിയന്‍ പതാകയും സെര്‍ബ് മുസ്‌ലിം സമൂഹത്തിന്റെ ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത ഹരിത പതാകയും വശം ചേര്‍ത്തുവെച്ച പ്രൗഢമായ ഇരിപ്പിടങ്ങളില്‍ ഞങ്ങളെയൊപ്പമിരുത്തി റഈസുല്‍ ഉലമ വിശേഷങ്ങള്‍ തിരക്കി. സെര്‍ബ് മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാനകാല വെല്ലുവിളികള്‍ വിശദീകരിച്ചു.
'സെര്‍ബിയയെ പോലൊരു രാഷ്ട്രത്തില്‍ ഏറ്റവും ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തിന് തങ്ങളുടെ ചുറ്റുപാടുകളെ തീര്‍ത്തും നിരാകരിച്ചുകൊണ്ട് നിലനില്‍പ് അസാധ്യമാണ്. ഇസ്‌ലാമിക് കമ്യൂണിറ്റി ഓഫ് സെര്‍ബിയ ഈ രാജ്യത്തിന്റെ ബഹുസ്വരതയെ ഉള്‍ക്കൊണ്ടും മാനിച്ചും അവര്‍ക്കിടയില്‍ മുസ്‌ലിം സമൂഹത്തിന് മാന്യമായൊരിടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. അതില്‍ രാഷ്ട്രീയം കലര്‍ത്തി വിഭാഗീയത സൃഷ്ടിക്കുന്നത് ഒട്ടും അഭികാമ്യമല്ല. ഞങ്ങളെ രാജ്യം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. 1868 മുതല്‍ 2018 വരെയുള്ള സെര്‍ബിയന്‍ മുസ്‌ലിം സമൂഹത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ അരങ്ങേറിയത് ബെല്‍ഗ്രേഡിലെ പാര്‍ലമെന്റ് ഹൗസിലായിരുന്നു.''
സംഭാഷണമധ്യേ മേശപ്പുറത്ത് നിരത്തിയ സെര്‍ബിയന്‍ കോഫിയും ബാള്‍ക്കന്‍ ദേശങ്ങളിലെ പ്രധാന പെരുന്നാള്‍ മധുരമായ 'ബക്‌ളാവ'യും രുചിച്ചുകൊണ്ട് ഞങ്ങള്‍ സംസാരം തുടര്‍ന്നു.
''സെര്‍ബിയയിലെ വിഘടിത ഇസ്‌ലാമിക സമൂഹ സംഘടനയുമായി ഐക്യപ്പെട്ട് മുന്നോട്ടു പോകണം എന്നു തന്നെയാണ് ഞങ്ങളുടെ തേട്ടം. എല്ലാവരും ഒരേ ഘടനക്കു കീഴിലെത്തിച്ചേരാനുള്ള ശ്രമങ്ങള്‍ക്ക് പരമ കാരുണ്യവാന്റെ അനുഗ്രഹമുണ്ടാവട്ടെ'' റഈസ് പറഞ്ഞുനിര്‍ത്തി.
വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ സമയമായെന്ന് ഡാമിയന്‍ വാച്ചില്‍ തൊട്ട് കാണിക്കെ ഞങ്ങള്‍ റഈസിന് നന്ദിയറിച്ച് സലാം ചൊല്ലി പുറത്തേക്കിറങ്ങി. വാതില്‍പടിവരെ ഞങ്ങളെ അനുഗമിച്ച് എളിമയോടെ റഈസുല്‍ ഉലമ സിയാദ് നുസൂഫോവിച്ച് ഞങ്ങളെ യാത്രയാക്കി.
മടക്കയാത്രക്കായി കാറിനരികിലേക്ക് നടന്ന എന്നെ ഡാമിയന്‍ പള്ളിമുറ്റത്ത് ക്ഷീണിച്ചിരുന്ന ഒരു അല്‍ബേനിയന്‍ അഭയാര്‍ഥിയുടെ അരികിലേക്ക് വിളിച്ചു.
''ഇയാള്‍ക്കെന്തെങ്കിലും കൊടുക്കൂ. താങ്കളൊരു ദീര്‍ഘയാത്രക്ക് പുറപ്പെടുകയല്ലേ.''
കീശയിലവശേഷിച്ച ദീനാറുകള്‍ പെറുക്കിയെടുത്ത് ആ പാവത്തിന്റെ കൈവെള്ളയില്‍ വെച്ചുകൊടുത്തപ്പോള്‍ ആ ദൈന്യമുഖത്ത് പെരുന്നാളമ്പിളി നിന്നു ചിരിച്ചു.
''ആ മുഖത്തെ സന്തോഷം കണ്ടില്ലേ. പള്ളിയിലെത്താന്‍ വൈകിയതിനാല്‍ ഒന്നും കിട്ടാതെ തിരിച്ചു പോകാനിരിക്കുകയായിരുന്നയാള്‍. അയാള്‍ക്കൊരു ദിവസത്തെ ആഹാരമാണ് താങ്കള്‍ സമ്മാനം നല്‍കിയത്'' ഡാമിയന്റെ മുഖത്തും സന്തോഷം തിരയടിച്ചു.
ഞങ്ങള്‍ ബെല്‍ഗ്രേഡ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലാണ്. നാലു നാള്‍ മാത്രം നീണ്ട സെര്‍ബിയന്‍ യാത്രയവസാനിപ്പിച്ച് ഡാമിയനോടും ബെല്‍ഗ്രേഡിനോടും യാത്ര പറയുകയാണ്.
''എന്റെ യാത്ര അപൂര്‍ണമായാണ് ഞാന്‍ മടങ്ങുന്നത്.''
കാറില്‍ കയറവെ എന്റെ ആത്മഗതം അല്‍പമുച്ചത്തിലായി.
''എന്തു പറ്റി?'' ഡാമിയന്‍ തിരക്കി.
''സെര്‍ബിയയിലെ മുസ്‌ലിം ഭൂരിപക്ഷം താമസിക്കുന്ന നൊവിപസാര്‍ പട്ടണവും 'ഇസ്‌ലാമിക് കമ്യൂണിറ്റി ഇന്‍ സെര്‍ബിയ'യുടെ മുഫ്തിമാരെയും കാണണമായിരുന്നു'' ഞാന്‍ സങ്കടം പറഞ്ഞു.
''സുഹൃത്തേ, ഇത്രയും കുറഞ്ഞ സമയത്തിനകത്ത് എത്ര ദൂരമാണ് നമ്മളോടിയത്. എത്ര ജീവിതങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോയത്. താങ്കള്‍ വിട്ടുപോയത് സത്യത്തില്‍ വിട്ടുപോയിട്ടില്ല. നൊവിപസാറിന്റെയും ഇസ്‌ലാമിക് കമ്യൂണിറ്റി ഇന്‍ സെര്‍ബിയയുടെയുമൊക്കെ നേര്‍ കണ്ണാടി ബിംബങ്ങള്‍ താങ്കള്‍ക്ക് ബോസ്‌നിയയില്‍ കാണാം.''
ഡാമിയന്‍ വഴിയരികില്‍ വാഹനം നിര്‍ത്തി. കാറിന് പുറകിലെ സീറ്റില്‍ എനിക്കായി കരുതിയ രണ്ട് പുസ്തകങ്ങള്‍ സമ്മാനമായി തരുന്നു. ഡാമിയന്റെ മുത്തഛന്‍ റാഡേ ബോറിസ്ലാവിച്ചിന്റെ ജീവചരിത്രവും പിന്നെ യൂഗോസ്ലാവ്യന്‍ നോബല്‍ ജേതാവായ ഐവോ ആന്‍ഡ്രിച്ച് രചിച്ച 'ദി ബ്രിഡ്ജ് ഓണ്‍ ദി ഡ്രിന' എന്ന നോവലും. അറേബ്യന്‍ സൂഖില്‍നിന്ന് കൊണ്ടുവന്ന മേത്തരം ഈത്തപ്പഴപ്പെട്ടികള്‍ തിരിച്ചും സമ്മാനിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനാ കവാടത്തിനരികില്‍ വെച്ച് ഞങ്ങള്‍ ആലിംഗനം ചെയ്തു പിരിഞ്ഞു. ബലിപെരുന്നാള്‍ ദിനത്തില്‍ ഉച്ചനേരത്ത് നിക്കോളാ ടെസ്‌ല വിമാനത്താവളത്തില്‍ എയര്‍ സെര്‍ബിയയുടെ ഒരു കൊച്ചുവിമാനം സരയാവോയിലേക്ക് പറക്കാന്‍ തയാറായി നില്‍പുണ്ടായിരുന്നു.
Comments