'ചരിത്രവിധികളു'ടെ മറുപുറം
സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അലയൊലികള്‍ അടങ്ങും മുമ്പാണ്, മറ്റൊരു വിധി വരുന്നത്- ജാരവൃത്തി (Adultery)യും കുറ്റകൃത്യമല്ല. അങ്ങനെ രണ്ട് 'ചരിത്രവിധികള്‍'ക്ക് സാക്ഷിയായിരിക്കുകയാണ് 2018 സെപ്റ്റംബര്‍. സ്വവര്‍ഗരതിയെക്കുറിച്ചും ജാരവൃത്തിയെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടന്നു, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. കാടു കയറുന്ന ചര്‍ച്ചകള്‍ മാറ്റിനിര്‍ത്തിയാല്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാവും. നമ്മുടെ നിയമസംവിധാനത്തിന്റെ കോര്‍പറേറ്റ്‌വത്കരണമാണ് ഫലത്തില്‍ സംഭവിച്ചിരിക്കുന്നത്. കമ്പോളം പ്രമോട്ട് ചെയ്യുന്ന, അഥവാ പാശ്ചാത്യ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന കുത്തഴിഞ്ഞ ലൈംഗികതക്ക് ഇനി നിയമപരമായ തടസ്സങ്ങളൊന്നും അവശേഷിക്കുന്നില്ല. സ്വവര്‍ഗരതിയുടെ മേല്‍വിലാസത്തില്‍ ഏതുതരം ലൈംഗിക ആഭാസങ്ങളുമാകാം. ജാരവൃത്തി കുറ്റകൃത്യമല്ലാതാവുന്നതോടെ, ഏതൊരു ഭര്‍ത്താവിനും ഭാര്യക്കും അവിഹിത ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭര്‍ത്താവും ഭാര്യയുമായി തുടരാം. നിയമത്തിന്റെ ഒരിടപെടലും ഭയക്കേണ്ടതില്ല. മുമ്പാണെങ്കില്‍, ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന പുരുഷനെതിരെ ഭര്‍ത്താവിന് കേസ് കൊടുക്കാമായിരുന്നു. ഭാര്യക്ക് നിയമപ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരുന്നുമില്ല. 'പുരുഷന്മാരോടുള്ള ഈ അനീതി' അവസാനിപ്പിക്കുകയാണത്രെ ഇപ്പോള്‍ ചെയ്തിട്ടുള്ളത്. കുടുംബബന്ധങ്ങളുടെ പവിത്രതയും പരിശുദ്ധിയും സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍, ആണും പെണ്ണും പങ്കാളികളായ എല്ലാതരം ജാരസംസര്‍ഗങ്ങളെയും കുറ്റകൃത്യങ്ങളായി കണ്ടാല്‍ മതിയായിരുന്നല്ലോ. അങ്ങനെയായാലും 'സമത്വം' ഉണ്ടാകുമായിരുന്നല്ലോ.
യഥാര്‍ഥത്തില്‍ കുത്തഴിഞ്ഞ ലൈംഗികത(Promiscuity)ക്കാണ് ഇപ്പോള്‍ വാതില്‍ തുറന്നിട്ടുകൊടുത്തിരിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ ഈ രണ്ടു വിധികളും കുടുംബസംവിധാനത്തിനെതിരെ ഉയരുന്ന മരണമണിയാണ്. ജാരസംസര്‍ഗവും സ്വവര്‍ഗ ലൈംഗികതയും വ്യാപകമായ സമൂഹത്തില്‍ കുടുംബം ശിഥിലമാകുമെന്നതിന് തെളിവ് പരതി മറ്റെങ്ങും പോവേണ്ടതില്ല; പാശ്ചാത്യ സമൂഹങ്ങളിലേക്ക് നോക്കിയാല്‍ മതി. ഏതാനും വര്‍ഷങ്ങള്‍ മാത്രം നിലനില്‍ക്കുന്ന പ്രതിഭാസമായി നമ്മുടെ നാട്ടിലും വിവാഹബന്ധങ്ങള്‍ മാറിത്തീരുമോ? ജാരസംസര്‍ഗം വ്യാപകമായ സമൂഹത്തില്‍ പിതാവാരെന്ന് ഡി.എന്‍.എ ടെസ്റ്റ് നടത്തി കണ്ടുപിടിക്കേണ്ടിവരും. ഒറ്റ രക്ഷിതാവുള്ള കുടുംബത്തില്‍ (Single Parent Family) നമ്മുടെ വരും തലമുറക്ക് ജീവിക്കേണ്ടിവരുമോ?
എന്നിട്ടും ഈ വിധികളൊക്കെ 'മനുഷ്യന്റെ മാന്യമായ നിലനില്‍പിന്' ഒഴിച്ചുകൂടാനാവാത്തതാണ് എന്നാണ് വ്യാഖ്യാനം. എപ്പോഴാണ് മനുഷ്യന് മാന്യത ലഭിക്കുന്നത്? മൃഗങ്ങളെപ്പോലെ സര്‍വതന്ത്ര സ്വതന്ത്രമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണോ? അല്ലെങ്കില്‍ ഉയര്‍ന്ന ലൈംഗിക സദാചാരവും ധാര്‍മികതയും പുലര്‍ത്തുമ്പോഴാണോ? ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്റെ പിതാവ് ആരെന്നറിയാനും അയാളുടെ സ്വത്ത് അനന്തരമെടുക്കാനുമുള്ള അവകാശം അവന്/ അവള്‍ക്ക് ഉണ്ട്. ലൈംഗിക സദാചാരത്തിന്റെ സകല കെട്ടുകളുമഴിച്ചുവിടുന്നതോടെ അത്തരമവകാശങ്ങള്‍ അവന്/ അവള്‍ക്ക് നിഷേധിക്കപ്പെടുക മാത്രമല്ല, ജാരസന്തതിയെന്ന പേരുദോഷം ജീവിതകാലം മുഴുവന്‍ പേറി നടക്കേണ്ടി വരികയും ചെയ്യും. മുഖ്യധാരാ പാര്‍ട്ടികളൊക്കെ ഈ വിധികള്‍ക്ക് അനുകൂലമാണെന്നിരിക്കെ, മതമൂല്യങ്ങളില്‍ ഊന്നിയ ജനകീയ പ്രതിരോധങ്ങളില്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുള്ളൂ.
Comments