കടമിടപാടുകളിലെ ലാഘവത്വം
ദൈനംദിന ജീവിതത്തില്‍ കടം വാങ്ങാത്തവര്‍ വിരളം. കടം നല്‍കുന്നത് പുണ്യകരമെങ്കിലും ഇസ്‌ലാം കടം വാങ്ങുന്നത് അത്രയധികം പ്രോത്സാഹിപ്പിച്ചിട്ടില്ല. കടം വാങ്ങുന്നതിന്റെ അനിവാര്യതയും ന്യായാന്യായതയും നാം ഗൗരവത്തിലെടുക്കാറുണ്ടോ?
സുഖലോലുപതക്കും പൊങ്ങച്ചത്തിനും വേണ്ടി കടം വാങ്ങുകയും അവസാനം കടക്കെണിയില്‍ വീഴുകയും ചെയ്യുന്നവര്‍ കുറവല്ല. ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ കാര്യങ്ങള്‍ തരംതിരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്. കുടുംബത്തിലും ബിസിനസ്സിലും ഇതു സംബന്ധിച്ച് നല്ലതുപോലെ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നോ രണ്ടോ ആഴ്ചകളോ മാസങ്ങളോ നീട്ടിവെച്ചാല്‍ നേടിയെടുക്കാവുന്ന ആവശ്യങ്ങളാണ് നമ്മുടെ ധൃതിയും ഉള്‍ക്കാഴ്ച ഇല്ലായ്മയും മൂലം കടക്കെണിയിലേക്ക് നമ്മെ എടുത്തെറിയുന്നത്.
കടം ലഭിക്കാവുന്ന വാതിലുകളെക്കുറിച്ചും മുന്‍ഗണന വേണം. ചെറിയ തുകയുടെ ഹ്രസ്വകാല വായ്പകള്‍ക്ക് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പലിശ ഇടപാടുകാരെയും സമീപിക്കുന്നത് ഒഴിവാക്കണം. കുടുംബ-ബന്ധുമിത്രാദികള്‍, സുഹൃത്തുക്കള്‍, തൊഴിലെടുക്കുന്ന സ്ഥാപനങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവരില്‍ ആദ്യം അന്വേഷിക്കുക. പലിശരഹിത നിധികളും പരസ്പര ധനസഹായ സംരംഭങ്ങളും ഈ മേഖലയില്‍ നിര്‍ണായകമാണ്.
പരിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ അധ്യായത്തിലെ ദീര്‍ഘമേറിയ സൂക്തത്തില്‍ (2:282) കടമിടപാട് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്.
അവധിവെച്ച ഇടപാടുകള്‍ എഴുതിവെക്കണം, തീരുമാനിക്കപ്പെട്ട ഇടപാടില്‍ ഏറ്റക്കുറവ് വരുത്താന്‍ പാടില്ല, ഇടപാടിന് സാക്ഷികള്‍ വേണം, സാക്ഷി നില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ വിസമ്മതിക്കരുത്, കടം എഴുതിവെക്കുന്നതില്‍ ഉദാസീനത പാടില്ല, കടമിടപാട് എഴുതുന്നവനും സാക്ഷിയും ദ്രോഹിക്കപ്പെടാവതല്ല... തുടങ്ങിയ നിര്‍ദേശങ്ങള്‍ ഗൗരവപ്പെട്ടതാണ്.
സുഹൃത്തുക്കളും അയല്‍വാസികളും തമ്മിലുള്ള കടമിടപാടുകള്‍ ഇന്ന് പൊതുവെ എഴുതിവെക്കാറില്ല. ഉടന്‍ തിരിച്ചുതരാം/ അടുത്തമാസം ശമ്പളം കിട്ടിയ ശേഷം തരാം എന്ന രീതിയിലാണ് സാധാരണ കടമിടപാടുകള്‍. വിശ്വാസവും പരിചയവുമാണ് ഇവിടെ ഇടപാടിന്റെ അടിത്തറ. മിക്കപ്പോഴും ഇവ ലംഘിക്കപ്പെടുകയും സുഹൃദ്-ബന്ധു ബന്ധങ്ങള്‍ തകരാറിലാവുകയും ചെയ്യുന്ന പ്രവണത വ്യാപകമാവുന്നു.
ഏതു സാഹചര്യത്തിലും തന്നെ സഹായിച്ചവരെ ബുദ്ധിമുട്ടിക്കരുത് എന്ന ചിന്ത നമുക്കുണ്ടാവണം. ഉത്തമര്‍ണന്റെ അടുത്ത് ചെന്ന് നിലവിലെ അവസ്ഥ വിവരിക്കുകയും സമയം നീട്ടിവാങ്ങുകയും ചെയ്യാം. അധമര്‍ണനോട് വിട്ടുവീഴ്ച കാണിക്കല്‍ അല്ലാഹുവിന്റെ കാരുണ്യത്തിന് കാരണമാകും. കടം വാങ്ങിയ ശേഷം മുങ്ങി നടക്കുകയും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയും സിം കാര്‍ഡ് മാറ്റുകയും ചെയ്യുന്നത് വിശ്വാസ വഞ്ചനയാണ്.
കടം നല്‍കിയവര്‍ പണം തിരിച്ചുചോദിക്കുമ്പോള്‍ അധമര്‍ണന്‍ ദേഷ്യപ്പെടുകയോ സഹായിച്ചവരെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുകയോ ചെയ്യരുത്. തനിക്ക് പൂര്‍ണമായും ബോധ്യമുണ്ടായിട്ടും തിരിച്ചടവ് നടത്താന്‍ പറ്റാത്ത സമയം കടത്തിന്റെ അവധിയായി പറഞ്ഞ് ഉത്തമര്‍ണനെ പറ്റിക്കരുത്. വാഗ്ദത്ത ലംഘനം നിഫാഖ് തന്നെയാണ്. കടം സമയബന്ധിതമാണെങ്കിലും അല്ലെങ്കിലും പണം നല്‍കിയവന് ആവശ്യം നേരിടുമ്പോഴാണ് നമ്മെ സമീപിക്കുന്നത് എന്ന ബോധ്യം അധമര്‍ണന് ഉണ്ടായിരിക്കണം. ഉത്തമര്‍ണന് ഇഷ്ടം പോലെ സ്വത്തില്ലേ, അദ്ദേഹം എന്തിനാണ് എന്റെ പിറകെ തന്നെ നടക്കുന്നത് എന്ന് അധമര്‍ണന്‍ ചിന്തിക്കരുത്. സുഹൃത്തിന്റെ ആവശ്യം പരിഗണിച്ച് സഹായിച്ചവന് തിരിച്ച് പണത്തിന്റെ ആവശ്യം വരുമ്പോള്‍ ഒഴികഴിവ് പറയാതിരിക്കാന്‍ നാം പരമാവധി ശ്രദ്ധിക്കണം. സഹായവും സഹകരണവും ഇരു ഭാഗത്തേക്കും ഒഴുകണം.
പാവപ്പെട്ടവനാണ് താനെന്നും പാവപ്പെട്ടവനായി ഇരിക്കേണ്ടവനാണെന്നും കടം വാങ്ങേണ്ടവനാണെന്നും എല്ലാവരും തനിക്ക് കടം വിട്ടുതരണമെന്നും ആശിക്കരുത്. വ്യക്തിത്വവും ആത്മാഭിമാനവും പണയം വെച്ചല്ല നാം ജീവിക്കേണ്ടത്. സമ്പന്നന്‍ മറുകൈ അറിയാതെ അവശ്യക്കാരെ കണ്ടെത്തി സ്വദഖ വ്യാപിപ്പിച്ചാല്‍ ഒരു പരിധിവരെ ചെറിയ കടങ്ങള്‍ ഉള്‍പ്പെടുന്ന ദുരിതങ്ങള്‍ അകറ്റാനാകും. അതോടൊപ്പം, ഭൗതിക ജീവിതത്തോടുള്ള ദരിദ്രരുടെ സമീപനവും മാറേണ്ടതുണ്ട്. കടം തിരിച്ചുനല്‍കാതെ നാട്ടിലെ മുഴുവന്‍ മാമൂലുകളും അന്ധവിശ്വാസങ്ങളും പതിവു തെറ്റാതെ നടത്തുന്ന അധമര്‍ണന്‍ സഹതാപമര്‍ഹിക്കുന്നുണ്ടോ?
കടം തിരിച്ചുനല്‍കണം എന്ന മനസ്സോടെയാണ് നാം കടം വാങ്ങേണ്ടത്. എന്റെ കൈയില്‍ പൈസ ഉള്ളപ്പോള്‍ കൊടുക്കാം, അല്ലെങ്കില്‍ കടം നീട്ടി നീട്ടി കൊണ്ടുപോകാം, അതുമല്ലെങ്കില്‍ കുറേ കഴിയുമ്പോള്‍ കടം നല്‍കിയ വ്യക്തി ചോദ്യം നിര്‍ത്തും, മറന്നുപോകും എന്ന ദുഷ്ചിന്തയില്‍ കടം വാങ്ങരുത്. അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപം നാം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത മറക്കാതിരിക്കുക.
കടം കുടുംബത്തെ അറിയിക്കാതെ കൊണ്ടുനടക്കുന്നവരുണ്ട്. ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും സങ്കടപ്പെടുത്തേണ്ടതില്ല. അവരെ അറിയിച്ചിട്ടും വലിയ പ്രയോജനമൊന്നുമില്ല. ഇതാണ് പലരുടെയും ന്യായം. ഈ നിലപാട് ശരിയല്ല. നമ്മുടെ മുഴുവന്‍ അവസ്ഥകളും കുടുംബ-ബന്ധുമിത്രാദികള്‍ അറിയണം. സന്തോഷവും സങ്കടവും എല്ലാവരും ഒന്നിച്ചനുഭവിക്കുമ്പോഴേ കുടുംബം സൃഷ്ടിക്കപ്പെടുകയുള്ളൂ. അതല്ലെങ്കില്‍ നാല് ചുമരുകള്‍ക്കിടയിലെ ഏതാനും മനുഷ്യജന്മങ്ങളെന്നേ പറയാന്‍ പറ്റൂ. മരണം മനുഷ്യനെ പിടികൂടുന്നത് എപ്പോഴാണെന്ന് ആര്‍ക്കും പറയാന്‍ സാധ്യമല്ല. ഖബ്‌റടക്കം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മാത്രം കുടുംബക്കാര്‍ പരേതന്റെ കടബാധ്യതകള്‍ അറിയുന്നത് പ്രോത്സാഹനാജനകമല്ല.
കുടുംബക്കാരുടെയും അടുത്ത സുഹൃത്തുക്കളുടെയും കടങ്ങള്‍ അങ്ങനെയൊന്നും വീട്ടേണ്ടതില്ല എന്ന തെറ്റിദ്ധാരണ പലരിലും കടന്നുകൂടിയിട്ടു്. കടം ആര്‍ക്കുള്ളതാണെങ്കിലും അതെത്ര ചെറിയ തുക ആണെങ്കിലും കടം തന്നെയാണ്. നന്മയുടെ ബന്ധങ്ങളെ ക്ഷയിപ്പിക്കാന്‍ നമ്മുടെ നിസ്സംഗത കാരണമാവാതിരിക്കട്ടെ.
ഒരാള്‍ക്ക് കടമുണ്ടായിട്ട് മനഃപൂര്‍വം വീട്ടാതിരുന്നു. അന്ത്യശ്വാസം വരെ അത് വീട്ടണമെന്ന വിചാരം അയാളിലുണ്ടായിരുന്നില്ല. ഉത്തമര്‍ണന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. മരണശേഷം ആരെങ്കിലും ഇരട്ടിയിരട്ടിയായി ആ കടം വീട്ടിയാലും അല്ലാഹുവിന്റെയടുത്ത് കടം വീട്ടാത്തവരുടെ ഗണത്തിലായിരിക്കും. അറിയുക, കടം തിലകച്ചാര്‍ത്തല്ല. അത് എത്രയും വേഗം തന്റെ മൂര്‍ദാവില്‍നിന്ന് താഴെ വെക്കാനാണ് നാം പരിശ്രമിക്കേണ്ടത്.
വാട്ട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പുകള്‍
സോഷ്യല്‍ മീഡിയാ കാലത്ത് കുടുംബബന്ധങ്ങളില്‍ പലതരം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അകന്നുകൊണ്ടിരുന്ന പല ബന്ധങ്ങളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി അടുക്കുന്നത് കാണാം. എന്നാല്‍, ഇതില്‍ ഗുണത്തോടൊപ്പം ചില അപകടങ്ങളും സംഭവിക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ചില വാട്ട്‌സ്ആപ്പ് പോസ്റ്റുകള്‍ കലഹത്തിന് കാരണമാകുന്നു. ഗ്രൂപ്പില്‍നിന്ന് പുറത്തു പോകുന്നത് കുടുംബബന്ധം മുറിക്കുന്നത് പോലെ ആയിത്തീരുന്നു. അതുകൊണ്ടുതന്നെ സൂക്ഷ്മതയോടെ മാത്രമേ ഇക്കാലത്ത് കുടുംബ ഗ്രൂപ്പുകള്‍ രൂപീകരിക്കാവൂ. അല്ലാത്തപക്ഷം കുടുംബം കൂടുതല്‍ തമ്മിലടിക്കുന്നേടത്ത് കാര്യങ്ങള്‍ ചെന്നെത്തും. സന്തോഷവും സങ്കടവും ഇമോജികളിലൂടെ പങ്കുവെക്കുന്ന കാലത്ത് സ്‌നേഹവും അങ്ങനെ തന്നെ പങ്കുവെക്കാന്‍ പഠിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. കുടുംബത്തിന്റെ നന്മകള്‍ക്കു വേണ്ടി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കാനും കലഹങ്ങള്‍ക്ക് ഇടയാക്കാത്തവിധം അവ കൈകാര്യം ചെയ്യാനും പരിശ്രമിക്കുക.
ഹസീബ് അഹ്മദ്
മതിലുകള്‍
ഇത് വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെക്കുറിച്ചുള്ള കുറിപ്പല്ല. ബഷീര്‍ എഴുതിയത് കുറ്റവാളികളെ അടക്കാനും ഒതുക്കാനുമുള്ള ജയില്‍ മതിലുകളെക്കുറിച്ചാണ്. ഇവിടെ പറയുന്നത് സമ്പന്ന വീടുകള്‍ക്കു ചുറ്റും കാണുന്ന മതിലുകളെക്കുറിച്ചാണ്. ഒരു വ്യത്യാസമുണ്ട്. ജയില്‍ മതിലുകള്‍ക്ക് അലങ്കാരങ്ങളില്ല. സമ്പന്നരുടെ മതിലുകള്‍ ആഡംബരപൂര്‍ണവും അലങ്കാരസമൃദ്ധവുമാണ്. വീടിനേക്കാള്‍ സുന്ദരമാണ് ചില മതിലുകള്‍. മതിലിന്റെ ഉയരക്കൂടുതല്‍ കാരണം പുറത്തുനിന്ന് വീടിന്റെ ആര്‍ഭാടം കാണാത്തതിനാല്‍ തങ്ങള്‍ പ്രമാണിമാരാണെന്ന് ജനങ്ങളെ അറിയിക്കാനാണ് മതിലുകളില്‍ പണം വാരിപ്പൂശുന്നത്. കള്ളന്മാര്‍ കട്ടുകൊണ്ടുപോകില്ലെങ്കില്‍ അവര്‍ മതിലുകളില്‍ സ്വര്‍ണനാണയങ്ങള്‍ ഒട്ടിച്ചേനെ!
സമ്പന്നരുടെ മതിലുകള്‍ മനുഷ്യരെ മറക്കുകയും മറയ്ക്കുകയും ചെയ്യുന്നു. അയല്‍വാസികളെയും നാട്ടുകാരെയും ഭിക്ഷക്കാരെയും ദരിദ്രരെയും അകറ്റിനിര്‍ത്തുന്നു. മനുഷ്യത്വം മരവിച്ചവര്‍ക്കു മാത്രമേ മതിലിനു വേണ്ടി ലക്ഷങ്ങള്‍ വാരിയെറിയാനാകൂ. അഹങ്കാരത്തിന്റെ പനകള്‍ പുളച്ചുവളരുമ്പോള്‍ മനുഷ്യത്വത്തിന്റെ പുല്ലും പൂവും ഞെരിഞ്ഞമരുന്നു.
അഹങ്കാരത്തിന്റെ മതിലുകള്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. അസ്വസ്ഥതകള്‍ വെറുപ്പായും വൈരാഗ്യമായും പ്രതികാരമായും പരക്കുന്നു. ലഹളയായും വര്‍ഗീയാക്രമണമായും ലാവപോലെ ഒഴുകുന്നു. നിയമങ്ങള്‍ക്കും പോലീസിനും അടക്കാന്‍ കഴിയുന്നതല്ല വൈരാഗ്യത്തിന്റെ അഗ്നിപര്‍വതങ്ങള്‍.
അഹങ്കാരത്തിന്റെ വിഷവിത്തുകള്‍ വിളയുന്നേടത്ത് അസൂയയുടെയും പകയുടെയും കീടങ്ങള്‍ പെറ്റുപെരുകുന്നു. ചികിത്സ ഒന്നേയുള്ളൂ, മനുഷ്യനാവുക. അപ്പോള്‍ ആഡംബര വീടുകളും അലങ്കാരമതിലുകളും അപ്രത്യക്ഷമാകും. മനുഷ്യനാവുക എന്ന ഒറ്റമൂലി കൊണ്ടേ കലാപത്തിന്റെ രോഗാണുക്കളെ നശിപ്പിക്കാനാകൂ.
ആദ്യമായി മതിലുകള്‍ പൊങ്ങിയത് രാജകൊട്ടാരങ്ങള്‍ക്ക് ചുറ്റുമായിരിക്കണം. പഴയ രാജാക്കന്മാരുടെ സ്ഥാനത്താണ് പുത്തന്‍ പണക്കാര്‍. അകത്തുള്ളവരെ 'രക്ഷിക്കാനും' പുറത്തുള്ളവരെ തടയാനുമാണ് കോട്ടമതിലുകള്‍. അങ്ങനെ മതിലുകള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന പ്രതീകമായി മാറി.
പഴയകാലങ്ങളില്‍ വീടിനു ചുറ്റും മതിലുകള്‍ അപൂര്‍വമായിരുന്നു; പ്രത്യേകിച്ച് ഗ്രാമങ്ങളില്‍. പുരയിടത്തിന്റെ അതിരുകള്‍ മനസ്സിലാക്കാന്‍ ജൈവ വേലികള്‍ കെട്ടിയിരുന്നു. ശീമക്കൊന്നയും ആടലോടകവും മുരിങ്ങയും അതിരുകള്‍ കാക്കുകയും അയല്‍പക്കങ്ങളെ അടുപ്പിക്കുകയും ചെയ്തു. ഒഴിവുസമയങ്ങളില്‍ ഇരുവശത്തുനിന്നും അവര്‍ ഹൃദയങ്ങള്‍ കൈമാറി. വേലിയിലെ പച്ചിലകളും പൂക്കളും ആ ഹൃദയസംഗീതത്തിന് താളം പിടിച്ചു. കിളികള്‍ക്കും പൂമ്പാറ്റകള്‍ക്കും അവിടെ ഇടമുണ്ടായിരുന്നു. കിളികളുടെ കൊഞ്ചലുകളും പൂമ്പാറ്റകളുടെ ചിറകാട്ടലും വേലികള്‍ക്ക് ശബ്ദവും വര്‍ണവും നല്‍കി. ഇന്ന് ചുട്ടുപഴുത്ത മതിലുകള്‍ കിളികളെയും പൂമ്പാറ്റകളെയും ആട്ടിപ്പായിച്ചു.
ഭൗതിക പരിഷ്‌കാരം പുഷ്‌കലമായപ്പോള്‍ സംസ്‌കാരത്തിന് ക്ഷതവും ക്ഷയവും സംഭവിച്ചു. വേലികള്‍ പഴഞ്ചനായി. മതിലുകള്‍ ഉയര്‍ന്നു. പരസ്പരം കാണാതായി. ബന്ധങ്ങള്‍ മുറിഞ്ഞു. കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളില്‍, 'അകത്ത് ആയ, പുറത്ത് നായ, പുതിയ വീടായി.'
മനുഷ്യത്വത്തിന്റെ മധുരം പുരളാത്ത പണം പിശുക്കന്മാരെ സൃഷ്ടിക്കുന്നു. സേവനത്തിനും സ്‌നേഹത്തിനും ക്ഷാമം വന്നു. പിശുക്കന്മാര്‍ എപ്പോഴും മറ്റുള്ളവരില്‍നിന്ന് മറഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നു. പിശുക്കും അഹങ്കാരവും ചേരുമ്പോള്‍ മനസ്സ് കരിങ്കല്ലാകുന്നു. മനസ്സിലെ കരിങ്കല്ലുകള്‍ പുറത്തെ മതിലുകളായി ഉയരുന്നു. പുത്തന്‍ സമ്പന്ന തലമുറ സ്വയം സൃഷ്ടിച്ച തടവറകളില്‍ സമ്പാദ്യങ്ങളുടെ ഭാരം ചുമന്ന് മരിച്ചു ജീവിക്കുന്നു, പവിഴപ്പുറ്റുകള്‍ പോലെ.
കെ.പി ഇസ്മാഈല്‍
Comments