ഫതാവാ തത്താര്‍ഖാനിയ്യ: പുനര്‍വായിക്കപ്പെടുമ്പോള്‍
ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍, സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമ ശാഖകള്‍ക്ക് അടിത്തറ പാകിയ ധാരാളം ഗ്രന്ഥ ശേഖരങ്ങളിലൂടെ നമുക്ക് കടന്നുപോകാതെ നിവൃത്തിയില്ല. ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമ ഗ്രന്ഥങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് എഴുതപ്പെട്ടതും മൊഴിമാറ്റം ചെയ്യപ്പെട്ടതുമൊക്കെയാണെങ്കിലും അവയുടെ യഥാര്‍ഥ സ്രോതസ്സ് മുസ്‌ലിം ഭരണകാലത്ത് എഴുതപ്പെട്ട ഫത്‌വാ ഗ്രന്ഥങ്ങളാണെന്നു കാണാം. ഇസ്‌ലാമിക നിയമ സംഹിതകളുടെ സുവര്‍ണ ഘട്ടമായിരുന്നു തുഗ്ലക്ക് ഭരണാധികാരികളുടേത്. ഇസ്‌ലാമിക കലയെ, പ്രത്യേകിച്ച് ഇസ്‌ലാമിക വാസ്തുവിദ്യയെ ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പരിചയപ്പെടുത്തിയവരെന്ന നിലക്കാണ് തുഗ്ലക്ക് ഭരണാധികാരികള്‍ അറിയപ്പെടുന്നതെങ്കിലും ഇസ്‌ലാമിക കര്‍മശാസ്ത്ര പഠനവും നിയമ പഠനവും വളരെയേറെ വികാസം നേടിയ ഘട്ടം കൂടിയാണത്.
മുസ്‌ലിം ഭരണകാലത്ത് ക്രോഡീകരിക്കപ്പെട്ട ഫത്‌വാ ഗ്രന്ഥങ്ങളില്‍ എടുത്തു പറയേണ്ട ഗ്രന്ഥമാണ് ഫതാവാ തത്താര്‍ഖാനിയ്യ. ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്ത് ജീവിച്ച പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ തത്താര്‍ ഖാന്റെ മേല്‍നോട്ടത്തില്‍ തയാറാക്കപ്പെട്ട ഈ ഗ്രന്ഥം എഴുതിയത് ഫരീദുദ്ദീന്‍ ഇബ്‌നുല്‍ അലാഅ് ഇന്ദര്‍പതി എന്ന ഹനഫി പണ്ഡിതനാണ്. ഹിജ്‌റ 777-ല്‍ സാദുല്‍ മസാഫ് എന്ന പേരില്‍ ഇദ്ദേഹം രചിച്ച ഗ്രന്ഥം അമീര്‍ തത്താര്‍ ഖാനുമായുള്ള ഹൃദ്യമായ ബന്ധത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ നാമത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇബ്‌നുല്‍ അലാഅ് പ്രസ്തുത ഗ്രന്ഥത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്: 'ഈ ഗ്രന്ഥം ഞാന്‍ ക്രോഡീകരിച്ചിരിക്കുന്നത് ഹിദായ ക്രോഡീകരിച്ചതുപോലെയാണ്. പിന്നീട് അതിനു ഫതാവേ തത്താര്‍ ഖാന്‍ എന്ന പേരു നല്‍കി.' ഇദ്ദേഹത്തിന്റെ നാമം ഗ്രന്ഥത്തിലെവിടെയും പരാമര്‍ശിച്ചിട്ടുമില്ല. ഗ്രന്ഥത്തിന്റെ പ്രാരംഭ ക്രോഡീകരണ നടപടികളുടെ ഭാഗമായി, ദല്‍ഹിയില്‍ അന്നുണ്ടായിരുന്ന മുഴുവന്‍ ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ശേഖരിക്കുകയുണ്ടായി. അബുല്ലൈസ് സമര്‍ഖന്ദിയുടെ അല്‍ നവാസില്‍, ഖസാനതുല്‍ ഫിഖ്ഹ്, നജ്മുദ്ദീന്‍ അന്നസഫിയുടെ അല്‍ ഫതാ
വാ അന്നസഫിയ്യ, ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ അല്‍ ഫതാവാ അസ്സുഗറാ വല്‍ കുബ്‌റാ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഫതാവാ തത്താര്‍ഖാനിയ്യ അവലംബമാക്കിയ പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളാണ്. ഗ്രന്ഥത്തിന്റെ ഒറിജിനല്‍ പതിപ്പ് അറബിയിലായിരുന്നു.
ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് എഴുതപ്പെട്ടയത്ര ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിനു മുമ്പോ ശേഷമോ എഴുതപ്പെട്ടിട്ടില്ല. താരീഖെ ഫിറോസ് ഷാഹി, ഫുതൂഹാതെ ഫിറോസ് ഷാഹി, സീറത്തെ ഫിറോസ് ഷാഹി, ഫതാവായെ ഫിറോസ് ഷാഹി തുടങ്ങിയവ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥങ്ങളായി വിലയിരുത്തപ്പെടുന്നവയാണ്. ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമങ്ങളുടെ അടിസ്ഥാന ഗ്രന്ഥശേഖരങ്ങളിലൊന്നായി പരിഗണിക്കുന്ന മറ്റൊരു ഗ്രന്ഥമാണ് മുഗള്‍ കാലഘട്ടത്തില്‍ രചിക്കപ്പെട്ട ഫതാവാ ആലംഗീരി. ഫതാവാ തത്താര്‍ഖാനിയ്യയുടെ ക്രോഡീകരണ മാനദണ്ഡങ്ങളും രീതികളും അവലംബമാക്കിയാണ് ഔറംഗസീബിന്റെ നിര്‍ദേശപ്രകാരം ഫതാവാ ആലംഗീരിയുടെ ക്രോഡീകരണവും നടന്നിട്ടുള്ളത്.
ഹനഫി ചിന്താധാരയില്‍ ക്രോഡീകരിക്കപ്പെട്ട ഫതാവാ തത്താര്‍ഖാനിയ്യ നിരവധി ഉപ തലക്കെട്ടുകള്‍ കൊണ്ട് സമ്പന്നമാണ്. മുസ്‌ലിം വ്യക്തി നിയമത്തിന്റെ പ്രധാന ഭാഗങ്ങളായ നികാഹ്, ത്വലാഖ്, ജീവനാംശം എന്നിവയില്‍ ഊന്നിയാണ് ഗ്രന്ഥത്തിന്റെ പ്രധാന ചര്‍ച്ച. രണ്ടാം വാള്യത്തിന്റെ അവസാനത്തിലാണ് വൈവാഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മൂന്നും നാലും അഞ്ചും വാള്യങ്ങളില്‍ യഥാക്രമം വിവാഹമോചനം, ജീവനാംശം, വസ്തുദാനം തുടങ്ങിയ മുസ്‌ലിം വ്യക്തി നിയമങ്ങളെ വിശദീകരിക്കുന്നു. മുസ്‌ലിം-ക്രിസ്ത്യന്‍ വിവാഹം, മുത്ത്വലാഖ്, വിവാഹമോചന പ്രക്രിയയില്‍ ഭാര്യക്ക് ലഭിക്കേണ്ട അവകാശങ്ങള്‍, നാലില്‍ കൂടുതല്‍ ഭാര്യമാരുള്ള വ്യക്തി ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഭാര്യമാരോട് സ്വീകരിക്കേണ്ട നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളും വിശദീകരിക്കുന്നു.
ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പ് അഞ്ചു ഭാര്യമാരുണ്ടെങ്കില്‍, ഭര്‍ത്താവ് അഞ്ചു ഭാര്യമാരെയും ഒരേ സമയത്താണ് വിവാഹം കഴിച്ചതെങ്കില്‍ ഇസ്‌ലാമിക നിയമപ്രകാരം വിവാഹം സാധുവാകില്ല. എന്നാല്‍ വ്യത്യസ്ത സമയങ്ങളിലാണെങ്കില്‍ ഇമാം അബൂഹനീഫയുടെ വീക്ഷണപ്രകാരം എണ്ണത്തില്‍ അഞ്ചാമത്തെ ഭാര്യയെ ഒഴിവാക്കി ബാക്കിയുള്ള നാലു പേരെയും ഭര്‍ത്താവിനു സ്വീകരിക്കാം. ഇമാം യൂസുഫും, ഇമാം ശാഫിഈയും അഭിപ്രായപ്പെടുന്നത് അഞ്ചു ഭാര്യമാരില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള നാലു പേരെ സ്വീകരിക്കാം എന്നാണ്. ഇങ്ങനെ വിഷയത്തിലെ വിവിധ മദ്ഹബീ അഭിപ്രായങ്ങള്‍ ചര്‍ച്ചക്കെത്തുന്നുണ്ട്.
ജീവനാംശത്തിന്റെ വിഷയത്തില്‍ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി മുഖ്യ ഖാദിയെ അറിയിക്കേണ്ടത് അനിവാര്യമാണ്. നിര്‍ണിത തുകക്കുള്ള ജീവനാംശം ഭാര്യക്ക് നല്‍കാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതിയാണെങ്കില്‍ അതനുസരിച്ചുള്ള വിധികള്‍ ഖാദിയില്‍നിന്നുണ്ടാവും. ഭര്‍ത്താവിനു ജീവനാംശം നല്‍കാന്‍ സാമ്പത്തിക സ്ഥിതി ഇല്ലായെങ്കില്‍ താല്‍ക്കാലികമായി മറ്റൊരാളില്‍നിന്ന് ഭാര്യക്ക് പണം കടമായി സ്വീകരിക്കാം, മെച്ചപ്പെട്ട സാമ്പത്തിക നിലയുണ്ടാകുമ്പോള്‍ ഭര്‍ത്താവ് അത് കൊടുത്തു വീട്ടണം.
മുത്ത്വലാഖിന്റെ വിഷയത്തില്‍, പ്രമുഖ ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നതുപോലെ, ഭാര്യയെ ഒറ്റയിരുപ്പില്‍ മൂന്നു തവണ ത്വലാഖ് ചൊല്ലിയാല്‍ ത്വലാഖ് സംഭവിക്കും എന്നു തന്നെയാണ് ഫതാവാ തത്താര്‍ഖാനിയ്യ വിശദീകരിക്കുന്നത്. ത്വലാഖിന്റെ ആശയം ഉള്‍ച്ചേര്‍ന്നിട്ടുള്ള വാക്കുകളോ വാക്യങ്ങളോ ഉപയോഗിക്കുന്നതു വഴിയും ത്വലാഖ് സംഭവിക്കാം എന്നു കൂടി ഗ്രന്ഥം വ്യക്തമാക്കുന്നു.
മുന്നൂറിലധികം പേജുകള്‍ വൈവാഹിക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ നീക്കിവെച്ചിട്ടുണ്ട്. ഹനഫി നിയമപ്രകാരം ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തിന്റെ സവിശേഷത, അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യത്യസ്ത മദ്ഹബീ വീക്ഷണങ്ങളാണ്. ഒരേ വിഷയത്തില്‍ വിവിധ പണ്ഡിതന്മാരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. ഓരോ പണ്ഡിതന്റെയും വിശദീകരണങ്ങള്‍, വളരെ വ്യക്തതയോടെയും അവര്‍ അവലംബമാക്കിയ ഗ്രന്ഥങ്ങളെ പരാമര്‍ശിച്ചുമാണ് വിശദീകരിച്ചിട്ടുള്ളത്. ഹനഫി ചിന്തയിലൂന്നുമ്പോഴും എല്ലാ മദ്ഹബീ ചിന്താധാരകളെയും ഉള്‍ക്കൊള്ളാന്‍ ഗ്രന്ഥകര്‍ത്താവ് വിശാലമനസ്‌കത കാണിക്കുന്നു.
അറബി ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥത്തില്‍ പേര്‍ഷ്യന്‍ ഭാഷയുടെ സ്വാധീനം പ്രകടമാണ്. മധ്യകാലഘട്ടത്തില്‍ അറബി ഗ്രന്ഥരചനയുടെ ഭാഷയായിരുന്നെങ്കില്‍ പേര്‍ഷ്യനായിരുന്നു അക്കാലത്തെ കോടതി ഭാഷ (Court Language). മുഗള്‍ കാലഘട്ടം പേര്‍ഷ്യന്‍ ഭാഷയെ ഉയരങ്ങളിലെത്തിച്ചു. ഫത്‌വാ സമാഹാരങ്ങള്‍ കൂടുതല്‍ എഴുതപ്പെട്ടതും മൊഴിമാറ്റം ചെയ്യപ്പെട്ടതും പേര്‍ഷ്യന്‍ ഭാഷയിലായതിനാല്‍ ജനങ്ങളുടെ സംസാര ഭാഷയായി അത് മാറി.
മുപ്പത് വാള്യങ്ങളിലായി എഴുതപ്പെട്ട ഫതാവാ തത്താര്‍ഖാനിയ്യയെ ഖാലിക് അഹ്മദ് നാസിമി തന്റെ Studies in Medievel India: History and Culture എന്ന ഗ്രന്ഥത്തില്‍ വിലയിരുത്തുന്നത് ഇപ്രകാരമാണ്: 'ദല്‍ഹി സല്‍ത്തനത്തിനു കീഴില്‍ ഇസ്‌ലാമിക നിയമസംഹിതകള്‍ക്ക് ലഭിച്ച മികച്ച സംഭാവന.' ഉത്തര്‍പ്രദേശിലെ ദാറുല്‍ മുസന്നിഫീന്‍ ശിബ്‌ലി അക്കാദമിയില്‍നിന്ന് മാസാന്തം പുറത്തിറങ്ങുന്ന ഉര്‍ദു മാഗസിനില്‍ ഈ ഗ്രന്ഥത്തെക്കുറിച്ച് അവലോകനങ്ങള്‍ വരികയുണ്ടായി. മൗലാനാ രിയാസത്ത് അലി നദ്‌വി, കുച്ച് ഫതാവെ തത്താര്‍ഖാന്‍ കെ ബാരെ മേം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലും ഗ്രന്ഥത്തെ സവിസ്തരം പരിചയപ്പെടുത്തുന്നുണ്ട്. ബര്‍റെ സ്വഗീര്‍ മേം ഇല്‍മ് ഫിഖ്ഹ് (ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക കര്‍മശാസ്ത്രം) എന്ന ഉര്‍ദു പുസ്തകത്തില്‍ മുഹമ്മദ് ഇസ്ഹാഖ് ബട്ടിയും ഗ്രന്ഥത്തെ പരാമര്‍ശിക്കുന്നുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് മൊഴിമാറ്റം ചെയ്തതോ എഴുതിയതോ ആയ ഗ്രന്ഥങ്ങളാണ് സാധാരണ മുസ്‌ലിം വ്യക്തി നിയമങ്ങളുടെ സുപ്രധാന അവലംബങ്ങളായി കൊട്ടിഘോഷിക്കപ്പെടാറുള്ളത്. മൊഴിമാറ്റങ്ങള്‍ വഴി ഗ്രന്ഥങ്ങളുടെ യഥാര്‍ഥ ആശയം അവതരിപ്പിക്കാന്‍ പലപ്പോഴും ഇംഗ്ലീഷ് നിയമോപദേശകര്‍ക്ക് കഴിയാതെവരികയും ചെയ്തിട്ടുണ്ട്. ഫതാവാ തത്താര്‍ഖാനിയ്യയുടെ പുനര്‍വായന ഇപ്പോഴും എത്രത്തോളം പ്രസക്തമാണെന്ന് ഇത് വ്യക്തമാക്കുന്നു.
പറ്റ്‌നയിലെ ഖുദാ ബഖ്ഷ് ലൈബ്രറി, ഹൈദരാബാദിലെ അസഫിയ്യ ലൈബ്രറി, ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം എന്നിവിടങ്ങളില്‍ ഫതാവാ തത്താര്‍ഖാനിയ്യയുടെ ഒറിജിനല്‍ ഏടുകള്‍ ലഭ്യമാണ്. ഖാദി സജ്ജാദ് ഹുസൈന്‍ എഡിറ്റ് ചെയ്ത ഗ്രന്ഥത്തിന്റെ അഞ്ചു വാള്യങ്ങള്‍ ഹൈദരാബാദ് ദാഇറത്തുല്‍ മആരിഫും ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള കേന്ദ്ര വിദ്യാഭ്യാസ കാര്യാലയവും ചേര്‍ന്ന് പുറത്തിറക്കിയിട്ടുണ്ട്.
Comments