Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 26

3073

1440 സഫര്‍ 16

പോരും കുടിപ്പകയും

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ഹൃദയത്തില്‍ ആളിക്കത്തുന്ന പകയും വിദ്വേഷവും ശത്രുതയായി ബഹിര്‍ഗമിക്കുകയും ചുറ്റുമുള്ളതിനെ ചുട്ട് ഭസ്മമാക്കുകയും ചെയ്യും. ഹൃദയത്തില്‍ ശാശ്വതമായി കുടികൊള്ളുന്ന പകയും വിദ്വേഷവും ശമനമാര്‍ഗം തേടുന്നത് ശത്രുതാപരമായ പ്രവര്‍ത്തനത്തിലൂടെയും പ്രതിക്രിയയിലൂടെയുമാവുമെന്ന് ഇമാം ഗസാലി വിശദീകരിക്കുന്നു. ജീവിതം ദീനിനു വേണ്ടി സമര്‍പ്പിക്കുകയും ത്യാഗനിര്‍ഭരമായ കര്‍മങ്ങളിലൂടെ ജിഹാദിന് ഭാഗ്യം ലഭിക്കുകയും ചെയ്ത നിസ്വാര്‍ഥരായ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ സല്‍പേര്‍ കളങ്കപ്പെടുത്താനും അവരുടെ ചെറു വീഴ്ചകളെയും വൈകല്യങ്ങളെയും പര്‍വതീകരിച്ച് അപകീര്‍ത്തിപ്പെടുത്താനും നടത്തപ്പെടുന്ന കുത്സിത ശ്രമങ്ങള്‍ ഈ ഗണത്തില്‍പെടുന്നതാണ്. ശഹീദ് സയ്യിദ് ഖുത്വ്ബും സഹപ്രവര്‍ത്തകരും നിരന്തരം വേട്ടയാടപ്പെടുന്നതും അപവദിക്കപ്പെടുന്നതും തല്‍പരകക്ഷികളുടെ ഉള്ളില്‍ കത്തുന്ന പകയുടെ ബഹിര്‍സ്ഫുരണമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രബോധനത്തിന്റെ ഉത്തമ താല്‍പര്യം പരിഗണിച്ച് എടുക്കുന്ന നിലപാടുകള്‍ സാമ്രാജ്യത്വത്തിനുള്ള വിടുവേലയായും ചാരപ്പണിയായും ചിത്രീകരിക്കുകയും അവരെ ഫ്രീമേസന്മാരായും അവിശ്വാസികളായും ബിദ്അത്തുകാരായും ചാപ്പകുത്തുകയും ചെയ്യുന്ന പ്രവണതയും ഒടുങ്ങാത്ത പകയുടെ ഫലമായുണ്ടാവുന്നതാണ്. തങ്ങളുടെ വരുതിയില്‍ വരാത്ത ആരെയും ശത്രുക്കളായി മുദ്രകുത്തുന്ന ഈ വിഭാഗം തങ്ങളുടെ കഴിവുകളോ സാമ്പത്തിക ശേഷിയോ എള്ളോളം ദീനിന്റെ മാര്‍ഗത്തില്‍ ചെലവിടാനും തയാറായി മുന്നോട്ടുവരില്ല. ''നിങ്ങളോട് അവന്‍ ധനം ചോദിക്കുകയും നിങ്ങള്‍ക്കുള്ളതെല്ലാം തരണമെന്ന് ആവശ്യപ്പെടുകയുമാണെങ്കില്‍ നിങ്ങള്‍ ലുബ്ധ് കാണിക്കും. അവന്‍ നിങ്ങളുടെ ദുഷ്ടുകളെ (പകയെ)വെളിക്ക് കൊണ്ടുവരികയും ചെയ്യും'' (മുഹമ്മദ് 37). എന്നാല്‍, ഹൃദയം പകയില്‍നിന്നും പോരില്‍നിന്നും മുക്തമാക്കി വെക്കുന്ന നിര്‍മല ഹൃദയരെക്കുറിച്ച് അല്ലാഹുവിന്റെ വിവരണം തീര്‍ത്തും വ്യത്യസ്തമാണ്: ''ഈ മുമ്പന്മാര്‍ക്ക് ശേഷം വന്നു ചേര്‍ന്നവര്‍, അവര്‍ പ്രാര്‍ഥിക്കുന്നു: നാഥാ, ഞങ്ങള്‍ക്കും ഞങ്ങള്‍ക്ക് മുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട് വിദ്വേഷമുണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, നീ കനിവുറ്റവനും അളവറ്റ ദയാപരനുമാണല്ലോ'' (അല്‍ഹശ്ര്‍ 10).

സ്വര്‍ഗവാസികളായ ഭാഗ്യശാലികളെക്കുറിച്ച് ഖുര്‍ആന്‍: ''അവരുടെ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന വിദ്വേഷങ്ങളെ നാം നീക്കിക്കളയും'' (അല്‍ ഹിജ്ര്‍ 47). പകകളില്‍നിന്ന് മുക്തമാകുന്ന ഹൃദയം സ്വര്‍ഗവാസികളുടെ സവിശേഷ ഗുണമായി എണ്ണിയിരിക്കുന്നു. നബി(സ) സ്വര്‍ഗവാസിയായി വിശേഷിപ്പിച്ച വ്യക്തിയെ പഠിക്കാന്‍ തുനിഞ്ഞിറങ്ങിയ അബ്ദുല്ലാഹിബ്‌നു ഉമറിന് പ്രസ്തുത വ്യക്തി നല്‍കിയ വിശദീകരണം: ''താങ്കള്‍ ഇക്കണ്ടതു പോലെയൊക്കെ ജീവിക്കുന്ന സാധാരണ വ്യക്തിയാണ് ഞാന്‍. പക്ഷേ ഒന്നുണ്ട്. വിശ്വാസികളാരെയും ഞാന്‍ വഞ്ചിക്കില്ല. ഒരാള്‍ക്ക് അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹത്തെ ചൊല്ലി ഞാന്‍ അസൂയപ്പെടില്ല. എനിക്കാരോടും ഒരു പകയും വിദ്വേഷവുമില്ല. ആരോടെങ്കിലുമുള്ള ശത്രുതയും ഉള്ളില്‍ പേറി ഞാന്‍ അന്തിയുറങ്ങില്ല''. ഇതു കേട്ട ഇബ്‌നു ഉമര്‍: ''അപ്പോള്‍ അതാണ് കാര്യം. ഞങ്ങള്‍ക്ക് സാധിക്കാത്തതും അതാണ്'' (അഹ്മദ്).

അല്ലാഹു മറ്റുള്ളവര്‍ക്ക് കനിഞ്ഞേകുന്ന അനുഗ്രഹങ്ങള്‍ തനിക്ക് നിഷേധിക്കപ്പെട്ടതായി കാണുന്ന വ്യക്തിയില്‍ പക പത്തിയുയര്‍ത്തും. അനുഗ്രഹങ്ങള്‍ പലതുണ്ട്; തൊഴില്‍, ഉദ്യോഗം, അധികാരം, സ്വാധീനം, നൈപുണി, വാചാലത, ബുദ്ധിസാമര്‍ഥ്യം, സന്തതികള്‍, കുടുംബം, സ്വീകാര്യത തുടങ്ങി പല അനുഗ്രഹങ്ങള്‍. നല്‍കുന്നതിലും നിഷേധിക്കുന്നതിലുമുള്ള അല്ലാഹുവിന്റെ യുക്തി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതുമൂലമാണ് പകയും പോരും ഉണ്ടാവുന്നത്.

സമൂഹത്തില്‍ സമ്പത്തിന്റെ അസന്തുലിതമായ വിതരണവും വിവേചനവും പകക്ക് കാരണമാവാറു്. ഒരേ വീട്ടിലെയും കുടുംബത്തിലെയും അംഗങ്ങള്‍ക്കിടയില്‍ അനുവര്‍ത്തിക്കുന്ന അനീതിയും വിവേചനവും ഒരിക്കലും അടങ്ങാത്ത പോരിന് ഹേതുവാകാറുണ്ട്. കുടുംബം മുതല്‍ രാഷ്ട്രം വരെയുള്ള സ്ഥാപനങ്ങളില്‍ അഖിലം നീതി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇസ്‌ലാം ഊന്നിപ്പറയുന്നത് വ്യക്തികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലും ഉടലെടുത്തേക്കാവുന്ന അനീതിയുടെയും തന്മൂലമുള്ള പകയുടെയും വാതിലുകള്‍ കൊട്ടിയടക്കാനാണ്. പരസ്പരം ശത്രുതയുടെയും വൈരാഗ്യത്തിന്റെയും വിത്തിടുന്ന അനീതി അവസാനിപ്പിക്കണമെന്നാണ് ആഹ്വാനം. ''വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരാവണം. അത് നിങ്ങള്‍ക്കു തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. കക്ഷി ധനികനോ ദരിദ്രനോ ആവട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (അന്നിസാഅ് 135).

മക്കള്‍ക്കിടയില്‍ സ്വത്ത് നീതിയോടും ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചും ഓഹരി വെക്കാതിരിക്കുന്നത് തലമുറകളോളമുള്ള തീരാപ്പോരിനും പകക്കും കാരണമാവാറുണ്ട്. ഇതുമൂലമുണ്ടാവുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയുടെ വിഹിതം സ്വത്തിന്റെ ഉടമക്ക് ഖബ്ര്‍ ജീവിതത്തില്‍ ഖിയാമത്ത് നാളോളം കിട്ടിക്കൊണ്ടിരിക്കും; പരലോകത്ത് നരകശിക്ഷയും. സ്വഹാബി നുഅ്മാനുബ്‌നു ബശീര്‍ ഒരു സംഭവം അനുസ്മരിക്കുന്നു: എന്റെ പിതാവ് എന്നെയും കൂട്ടി ഒരിക്കല്‍ നബിസന്നിധിയില്‍ ചെന്നു. 'എന്റെ ഈ മകന് ഞാന്‍ എന്റെയടുത്തുള്ള ഒരു പരിചാരകനെ ദാനമായി നല്‍കിയിട്ടുണ്ട്.' അപ്പോള്‍ റസൂല്‍ എന്റെ പിതാവിനോട്: 'നിങ്ങളുടെ എല്ലാ മക്കള്‍ക്കും നിങ്ങള്‍ ഇതുപോലെ ഇഷ്ടദാനം നല്‍കിയിട്ടുണ്ടോ?' പിതാവ്: 'ഇല്ല.' റസൂല്‍: 'എങ്കില്‍ അവനെ തിരിച്ചെടുക്കുക.' മറ്റൊരു റിപ്പോര്‍ട്ടില്‍: 'എല്ലാ മക്കള്‍ക്കും ഇങ്ങനെ നല്‍കിയിട്ടുണ്ടോ?' പിതാവ്: 'ഇല്ല.' റസൂല്‍: 'നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതിപൂര്‍വം പെരുമാറുക.' അപ്പോള്‍ എന്റെ പിതാവ് തന്റെ തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതേ സംഭവം ഉദ്ധരിച്ച മറ്റൊരു രിവായത്തില്‍, 'എല്ലാ മക്കള്‍ക്കും ഒരുപോലെ നല്‍കിയിട്ടില്ലെ'ന്ന മറുപടി നല്‍കിയപ്പോള്‍ റസൂല്‍: ''നിങ്ങളുടെ അനീതിക്ക് നിങ്ങള്‍ എന്നെ സാക്ഷിയാക്കേണ്ട. അക്രമത്തിന് ഞാന്‍ അരുനില്‍ക്കില്ല. സുതാര്യമല്ലാത്ത പ്രവൃത്തിക്ക്  ഞാന്‍ കൂട്ടുനില്‍ക്കില്ല. സത്യത്തിന് മാത്രമേ ഞാന്‍ സാക്ഷി നില്‍ക്കുകയുള്ളൂ.''

മക്കള്‍ക്കിടയില്‍ വിവേചനം കല്‍പിച്ചും നീതിയുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചും സ്വത്ത് ഓഹരി വെക്കുന്ന രക്ഷിതാക്കള്‍ക്കുള്ള താക്കീതാണിത്. മക്കള്‍ക്കിടയില്‍ ഒരിക്കലും ഒടുങ്ങാത്ത ശത്രുതയും വൈരവും വളര്‍ത്തുന്ന നടപടിയുടെ അപകടത്തിലേക്കാണ് നബി(സ) വിരല്‍ചൂണ്ടുന്നത്. മിക്ക കുടുംബങ്ങളുടെയും തകര്‍ച്ചക്കും നിതാന്ത ശത്രുതക്കും ഹേതുവാകുന്നത് സ്വത്ത് നീതിരഹിതമായി ഓഹരി വെക്കുന്ന രീതിയാണ്. സ്വന്തം പരലോകം മറ്റുള്ളവരുടെ ഇഹലോകത്തിനു വേണ്ടി വില്‍ക്കുന്നത് എന്തൊരു ബുദ്ധിശൂന്യതയാണ്! ഉമറുബ്‌നു അബ്ദില്‍ അസീസ്: ''പരമ വിഡ്ഢി ആരെന്നറിയാമോ? മറ്റുള്ളവരുടെ ദുന്‍യാവിനു വേണ്ടി തന്റെ സ്വന്തം പരലോക ജീവിതം നഷ്ടപ്പെടുത്തിയവന്‍'' (അല്‍ഹില്‍യ). 

സംഗ്രഹം: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (47-49)
എ.വൈ.ആര്‍

ഹദീസ്‌

അല്ലാഹുവിനിഷ്ടം സ്ഥിരതയാര്‍ന്ന കര്‍മങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍