Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 26

3073

1440 സഫര്‍ 16

സ്ത്രീകള്‍ പള്ളിയില്‍ പോകട്ടേ എന്ന് ചോദിച്ചപ്പോള്‍ കോടതി പറഞ്ഞത്

അജ്മല്‍ കൊടിയത്തൂര്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, കോടതികള്‍ സ്ത്രീ സമത്വത്തിനും അവകാശ സംരക്ഷണത്തിനുമായി വിശ്വാസ കാര്യങ്ങളില്‍ ഇടപെടുകയാണെങ്കില്‍, മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശ വിഷയത്തിലും ഇടപെടുകയും അവര്‍ക്ക് പള്ളിവാതിലുകള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ചിലര്‍ ആവശ്യപ്പെടുകയുണ്ടായി. സുപ്രീം കോടതിയും സര്‍ക്കാറും ഹിന്ദു മതവിശ്വാസികളെ ഉന്നം വെച്ചാണ് മുന്നോട്ടു പോകുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള സംഘ് പരിവാര്‍ പ്രചാരണങ്ങളും ഹിന്ദുസ്ത്രീകളേക്കാള്‍ ദയനീയ അവസ്ഥയിലാണ് മുസ്‌ലിം സ്ത്രീകള്‍ എന്ന ധാരണ പൊതുബോധത്തില്‍ ഊട്ടിയുറപ്പിക്കാനുള്ള മുഖ്യധാരാ സെക്യുലര്‍ ലിബറലുകളുടെ ശ്രമങ്ങളുമാണ് ഇതിന്റെ പിന്നിലെ രാഷ്ട്രീയമെന്ന് വ്യക്തമാണ്. മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട മുത്ത്വലാഖ്, ഏക സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴൊന്നും ഇപ്പോള്‍ ശബരിമലക്കൊപ്പം മുസ്‌ലിം സ്ത്രീ പള്ളിപ്രവേശം ഉയര്‍ത്തിക്കൊണ്ടുവരുന്നവര്‍, ഈ ആവശ്യവുമായി രംഗത്തു വന്നിരുന്നില്ല.
ശബരിമലയിലെ സ്ത്രീ പ്രവേശവുമായി താരതമ്യം ചെയ്യാവുന്നതല്ല മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശം. പക്ഷേ, ഇതു സംബന്ധിച്ച കേസ് കോടതിയിലെത്തുകയും തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍, സ്ത്രീ പള്ളിപ്രവേശ വിഷയത്തില്‍ മുന്‍കാലങ്ങളില്‍ കോടതികള്‍ കൈക്കൊണ്ട നടപടികള്‍ വിശകലനവിധേയമാക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. നിര്‍ണിതമായ ടെക്സ്റ്റുകള്‍ക്കപ്പുറം പരമ്പരാഗതമായി നിലനിന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളാണ് ഹിന്ദുമതത്തിലെ നടപടിക്രമങ്ങള്‍ക്ക് ആധാരമാക്കപ്പെടുന്നതെങ്കില്‍, മുസ്‌ലിം സമൂഹത്തിനകത്ത് അംഗീകരിക്കപ്പെടുന്ന പ്രമാണ പാഠങ്ങളെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിലെ വിശ്വാസ-ആരാധനകള്‍ നിശ്ചയിക്കപ്പെടുന്നത്. അതിനാല്‍തന്നെ ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നിനിന്നുകൊണ്ടു മാത്രമേ മുസ്‌ലിം വിഷയങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയൂ.
മുസ്‌ലിം സ്ത്രീ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട് മതപരമായ ചര്‍ച്ചകള്‍ക്കപ്പുറം അക്കാദമികമായ ചരിത്രാന്വേഷണങ്ങള്‍ താരതമ്യേന കുറവാണ്. നവിന്‍ റിദാത്തിന്റെ Women in the Mosque: A Historical Perspective on Segregation എന്ന പഠനം, പ്രവാചക കാലം മുതല്‍, സ്ത്രീക്ക് പള്ളിയില്‍ പ്രവേശിക്കാനും ആരാധനാ കര്‍മങ്ങളില്‍ പങ്കെടുക്കാനും ഉണ്ടായിരുന്ന അവകാശം കാലക്രമേണ എങ്ങനെ നഷ്ടപ്പെട്ടു എന്ന അന്വേഷണത്തിന് ചെറിയ തോതിലെങ്കിലും ശ്രമിക്കുന്നുണ്ട്. മുസ്‌ലിം ഫെമിനിസ്റ്റുകളുടെ ചരിത്രാന്വേഷണങ്ങളിലും ഇത്തരം ചില ചര്‍ച്ചകള്‍ കാണാന്‍ കഴിയും.
പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി തേടിക്കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ കോടതിയെ സമീപിച്ചാല്‍ അനുകൂല വിധി നേടാന്‍ കഴിയും എന്നു തന്നെയാണ് മുന്‍കാല അനുഭവം. 1998-ലും 2006-ലും പ്രസക്തമായ രണ്ട് കോടതി വിധികള്‍ മുസ്‌ലിം സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ഉളിയില്‍ മഹല്ലിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജുമാമസ്ജിദില്‍ പ്രാര്‍ഥനക്ക് അനുമതി തേടി കെ.എന്‍ സുലൈഖ, ടി. സാറ ഉമ്മ, കെ.കെ സുബൈദ, പി.കെ ഖദീജ, ടി.പി സുഹ്‌റ തുടങ്ങിയവര്‍ ആദ്യം കൂത്തുപറമ്പ് മുന്‍സിഫ് കോടതിയിലും തുടര്‍ന്ന് തലശ്ശേരിയിലെ ജില്ലാ കോടതിയിലും കേസ് ഫയല്‍ ചെയ്യുകയുണ്ടായി. സ്ത്രീകള്‍ക്ക് പള്ളി പ്രവേശനം പാടില്ല എന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ കൊണ്ട് പ്രതിഭാഗത്തിന് തെളിയിക്കാന്‍ സാധിച്ചില്ല എന്നും ആയതിനാല്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ട് എന്നും പറഞ്ഞ കൂത്തുപറമ്പ് മുന്‍സിഫ് കോടതി പള്ളി വിഷയം വഖ്ഫ് വകുപ്പുമായി കൂടി ബന്ധപ്പെട്ടതായതിനാല്‍ തങ്ങളുടെ അധികാര പരിധിയില്‍ പെടുന്നതല്ല എന്നു പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കെ.എന്‍ സുലൈഖയും സംഘവും തലശ്ശേരി ജില്ലാ കോടതിയെ സമീപിക്കുകയും ഉളിയില്‍ പള്ളിയില്‍ പ്രവേശിക്കാനുള്ള പരിപൂര്‍ണ അവകാശം നേടിക്കൊണ്ടുള്ള വിധി സമ്പാദിക്കുകയും ചെയ്തു. 1998 മാര്‍ച്ച് 16-ന് ജില്ലാ ജഡ്ജ് കെ.സി ജോര്‍ജ് പുറപ്പെടുവിച്ച പ്രസ്തുത വിധി കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സുപ്രധാന നിയമ നടപടിയായിരുന്നു.
ഖുര്‍ആനികാധ്യാപനങ്ങളും നിലവിലുള്ള മുഹമ്മദന്‍ സിവില്‍ നിയമങ്ങളും ഉദ്ധരിച്ച കോടതി യാതൊരു കാരണവശാലും ഇസ്‌ലാം മതവിശ്വാസിയെ പള്ളിയില്‍നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ല എന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയുണ്ടായി.
തൃശൂര്‍ ജില്ലയിലെ ഇരുനൂറിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കരുവന്നൂര്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ ആരാധനകള്‍ക്കായി പ്രവേശനം തേടി 2006-ല്‍ റുഖിയ, റെജുല, സുലൈഖ, സാജിദ തുടങ്ങി 12 മുസ്‌ലിം സ്ത്രീകള്‍ കേരള വഖ്ഫ് ട്രൈബ്യൂണലിന് സമര്‍പ്പിച്ച ഹരജിയില്‍ പുറപ്പെടുവിച്ച വിധിയാണ് മുസ്‌ലിം സ്ത്രീ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന കോടതി ഇടപെടല്‍. ഇസ്‌ലാമിക വിശ്വാസ, കര്‍മശാസ്ത്ര നിയമങ്ങളുടെ ആധാരശിലകള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞ്, മുസ്‌ലിംകളുടെ ആചാരാനുഷ്ഠാനങ്ങളുടെ നിര്‍ണയത്തില്‍ പരിഗണിക്കപ്പെടുന്ന ടെക്സ്റ്റുകള്‍ കൃത്യമായി വിശകലനവിധേയമാക്കി ജ. ഗ്രേസിക്കുട്ടി പുറപ്പെടുവിച്ച പ്രസ്തുത വിധി കേവലം ഒരു കോടതി വ്യവഹാര സംക്ഷിപ്തം എന്നതിലുപരി ഇസ്‌ലാം മുസ്‌ലിം സ്ത്രീകള്‍ക്ക് അനുവദിച്ചുനല്‍കിയ ആരാധനാവകാശങ്ങളെ കുറിച്ചുള്ള ഗഹനമായ ഒരു പഠനം തന്നെയാണ്. ശരീഅത്തിന്റെ ആധാര ശിലകളായ ഖുര്‍ആന്‍, സുന്നത്ത് (പ്രവാചക ചര്യ), ഇജ്മാഅ് (പണ്ഡിതന്മാരുടെ അഭിപ്രായ സമന്വയം), ഖിയാസ് (മതവിധികളുമായുള്ള സമീകരണം) എന്നിവയെ എണ്ണിപ്പറഞ്ഞ്, അസ്സ്വിഹാഹുസ്സിത്ത എന്ന് വിളിക്കപ്പെടുന്ന ആറു പ്രധാന ഹദീസ് ഗ്രന്ഥങ്ങളെ എടുത്തു പറഞ്ഞ് ഇവയിലെല്ലാമുള്ള ആശയങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പ്രസ്തുത വിധി തയാറാക്കിയത്. സ്ത്രീകള്‍ക്ക് പള്ളി തടയാന്‍ പാടില്ല എന്നതിന് തെളിവായി ഖുര്‍ആന്‍ ആയത്തുകളും, പ്രവാചക കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുകയും നമസ്‌കാരാദി കര്‍മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതിന് തെളിവായി അനേകം ഹദീസുകളും വിധിയില്‍ ഉദ്ധരിക്കുന്നുണ്ട്. സ്വഹീഹ് മുസ്‌ലിമിലെ 'സ്ത്രീ പള്ളിപ്രവേശം' എന്ന അധ്യായത്തില്‍നിന്ന് പത്ത് ഹദീസുകള്‍ ഓരോന്നായി എടുത്തു പറഞ്ഞ് നിരീക്ഷിക്കുന്നത് ഇങ്ങനെ:
All the above referred Hadiths are of unimpeachable authority and they establish the fact the prophet of God had not only commanded his followers to perimit the women to pray in the mosque, but he also prohibited men from preventing women from offering their prayers in the mosque.
ഖുര്‍ആനും ഹദീസുകളും വിശകലനം ചെയ്തതിനു ശേഷം, ശാഫിഈ-ഹനഫീ മദ്ഹബുകളിലെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ ഫത്‌വകളും കോടതി പരിശോധനാവിധേയമാക്കുന്നുണ്ട്. ഇന്ത്യയിലെ ഹനഫീ മദ്ഹബുകാര്‍ പൊതുവെ അംഗീകരിച്ചുവരുന്ന 'ഫതാവാ ആലംഗീരി' (ഫതാവാ അല്‍ ഹിന്ദിയ) എന്ന ഗ്രന്ഥത്തിലെ 'ആരാണ് നമസ്‌കാരത്തില്‍ ഇമാമായി നില്‍ക്കേണ്ടത്' എന്ന ഭാഗത്ത് 'വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെ പിന്തുടരേണ്ടതാണ്' എന്ന് വ്യക്തമായി സൂചിപ്പിക്കുന്നതായും ജുമുഅ നമസ്‌കാരം പള്ളികളില്‍ വെച്ച് നടക്കുന്ന ആരാധന ആയതിനാല്‍ ഹനഫീ മദ്ഹബിലും സ്ത്രീകള്‍ക്ക് പള്ളി പ്രവേശനാനുമതി നല്‍കപ്പെട്ടിരുന്നു എന്നും വ്യക്തമാക്കുന്നു. അതേപോലെ തന്നെ ഇമാം ശാഫിഈ തന്റെ 'അല്‍ ഉമ്മി'ല്‍ സ്ത്രീ പള്ളിപ്രവേശം ചര്‍ച്ചക്കെടുക്കുകയും യാതൊരു കാരണവശാലും മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിപ്രവേശം നിഷേധിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തതായി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇമാം ശാഫിഈ പ്രസ്തുത പുസ്തകത്തില്‍ സ്ത്രീകള്‍ക്കായി പള്ളിയില്‍ പ്രത്യേകം പ്രാര്‍ഥനാ സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും സ്ത്രീകള്‍ പള്ളിയില്‍ വരുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഇന്നതൊക്കെയാണെന്നും ചര്‍ച്ച ചെയ്യുന്നുണ്ട്. മദ്ഹബുകളുടെ നിലപാടുകള്‍ വിധിയില്‍ സമാഹരിക്കുന്നു:
'None of the scholars or Imams of the Mad'habs have unconditionally stated that ladies should be prevented from the mosque. To the extreme end, some of the Imams would say that young ladies should not be permitted, but this is contrary to what the Prophet has commanded.''

തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിദ്ധീകരണമായ അല്‍ബയാന്‍ 1951 ജൂലൈ ലക്കത്തില്‍ (പേജ് 289-290) പ്രസിദ്ധീകരിച്ച 'ജുമുഅ നമസ്‌കാരം' എന്ന ലേഖനത്തില്‍ സ്ത്രീകള്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്ത് ളുഹ്ര്‍ നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ് എന്ന് എഴുതിയതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇസ്‌ലാമിക പ്രമാണങ്ങളെ സവിസ്തരം വിശകലനം ചെയ്ത കോടതി ഇസ്‌ലാം സ്ത്രീകള്‍ക്ക് പള്ളികള്‍ വിലക്കുകയായിരുന്നില്ല, പകരം പുരുഷന്മാരുടേതില്‍നിന്ന് വ്യത്യസ്തമായി ചില ഇളവുകള്‍ നല്‍കുകയാണ് ചെയ്തതെന്നും പള്ളിയില്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയെ തടയാന്‍ ഒരാള്‍ക്കും ഒരവകാശവും ഇല്ലെന്നും വ്യക്തമാക്കുകയുണ്ടായി.
കരുവന്നൂര്‍ സ്ത്രീ പള്ളി പ്രവേശന വിധിയുടെ സവിശേഷത സ്ത്രീ പള്ളിപ്രവേശന വിരോധികള്‍ കാലാകാലങ്ങളായി ഉന്നയിക്കാറുള്ള പാരമ്പര്യവാദത്തിന്റെ മുനയൊടിച്ചു എന്നുള്ളതാണ്. കരുവന്നൂര്‍ പള്ളിക്ക് 200 വര്‍ഷത്തെ പഴക്കമുണ്ടെന്നും നാളിതുവരെയായി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും പള്ളി കമ്മിറ്റി ഇതിന് എതിരാണെന്നുമുള്ള വാദത്തിന് മറുപടിയായി കോടതി പറയുന്നു:
'പള്ളിക്കമ്മിറ്റിക്കോ ജനറല്‍ ബോഡിക്കോ, മറ്റാര്‍ക്കെങ്കിലുമോ മുന്‍കാല പൈതൃകം മുന്നോട്ടു വെച്ചുകൊണ്ട് സ്ത്രീകള്‍ക്ക് നല്‍കപ്പെട്ട ഒരവകാശം നിഷേധിക്കാന്‍ യാതൊരധികാരവും ഇല്ല. പകരം ഇത്രയും കാലമായി ചെയ്തുവരുന്ന ഒരു തെറ്റ് തിരുത്തുകയാണ് വേണ്ടത്. ഈ തെറ്റും തിരുത്തപ്പെടേണ്ടതുതന്നെയാണ്.'
പള്ളിയില്‍ സ്ഥലമില്ലെന്നും പ്രത്യേക സൗകര്യം ഇല്ലെന്നുമുള്ള ചെറുന്യായങ്ങള്‍ നിരത്തി അവരുടെ അവകാശം ഹനിക്കരുത് എന്ന് കോടതി പ്രത്യേകം ഉണര്‍ത്തുകയുണ്ടായി.
ഇസ്‌ലാമിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി പുറപ്പെടുവിച്ചിട്ടുള്ള 1998-ലെ തലശ്ശേരി ജില്ലാ കോടതിയുടെയും 2006 -ലെ കേരള വഖ്ഫ് ട്രൈബ്യൂണലിന്റെയും വിധികള്‍ സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍ സുപ്രധാനങ്ങളായി കണക്കാക്കാവുന്നതാണ്. മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് ഈ അടുത്ത കാലത്തായി വിവിധ കോടതികളില്‍നിന്നും വന്ന വിധികളില്‍നിന്നും മേല്‍പ്പറഞ്ഞ വിധികളെ വ്യതിരിക്തമാക്കുന്നത് കോടതി കേവല യുക്തിക്കും പൊതുബോധത്തിനും അപ്പുറം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ അടിസ്ഥാനമാക്കി, വിശ്വാസികളുടെ വികാരത്തെ മാനിച്ച് യാഥാര്‍ഥ്യം കണ്ടെത്താനുള്ള പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടു എന്നതാണ്. പ്രവാചക കാലത്ത് അനുഭവിച്ച ഒരു സൗകര്യം ചരിത്രത്തിലെവിടെയോ വെച്ച് നഷ്ടമാവുകയും തുടര്‍ന്ന് അത് പാരമ്പര്യമാവുകയുമായിരുന്നു. എന്നാല്‍ പ്രമാണവിരുദ്ധമായ ഈ പാരമ്പര്യവാദത്തെ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍നിന്നുകൊണ്ടു തന്നെ തിരുത്താനും നവജാഗരണം സാധ്യമാക്കാനും പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുകയുണ്ടായി എന്നാണ് കോടതി വിധികള്‍ സൂചിപ്പിക്കുന്നത്.
മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം സ്ത്രീകളുടെ തന്നെ ഒരു ആവശ്യമായി ഉയര്‍ന്നുവരേണ്ടതുണ്ട്. ഇസ്‌ലാം അനുവദിച്ചുനല്‍കുകയും പ്രവാചകന്റെ കാലം മുതല്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുകയും ചെയ്ത ഒരവകാശം ബാലിശമായ ചില ന്യായങ്ങളുടെ പേരില്‍ അനുവദിക്കാതിരിക്കുന്ന പൗരോഹിത്യ നടപടികളെ നിയമപരമായും നേരിടാന്‍ ഇനിയും സ്ത്രീകള്‍ ഉണരേണ്ടതുണ്ട്. കോടതികള്‍ വഴി നേടിയെടുത്ത അവകാശങ്ങള്‍ പ്രയോഗത്തില്‍ വരുത്താനും സ്ത്രീ ജനത ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (47-49)
എ.വൈ.ആര്‍

ഹദീസ്‌

അല്ലാഹുവിനിഷ്ടം സ്ഥിരതയാര്‍ന്ന കര്‍മങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍