Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 26

3073

1440 സഫര്‍ 16

ലൈംഗികത: ലക്ഷണ വിലക്ഷണതകള്‍

മുഹമ്മദ് ശമീം

അല്‍പം മുമ്പൊരിക്കല്‍ ഒരു ചെറുപ്പക്കാരനുമായി പുത്തന്‍ ലൈംഗികാഭിനിവേശങ്ങളെപ്പറ്റി സംസാരിക്കാന്‍ ഇടവന്നു. സ്വവര്‍ഗരതി ആയിരുന്നു അവന്റെ വിഷയം. എഴുപതുകള്‍ക്കു മുമ്പ് ഒരു ക്രമഭംഗം (Disorder) ആയി പരിഗണിക്കപ്പെട്ടിരുന്ന സ്വവര്‍ഗരതി അനുക്രമമായ ഒരു ഗവേഷണമൊന്നും കൂടാതെ വളരെപ്പെട്ടെന്ന് സ്വാഭാവികമായി മാറിയതെങ്ങനെ എന്ന സംശയമാണ് ഞാനുന്നയിച്ചത്. ജനിതകവും മനശ്ശാസ്ത്രപരവുമായ കാരണങ്ങള്‍ക്കപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങള്‍ ഇതിനുണ്ടോ? അതൊരു സംശയപ്രകടനം മാത്രമായിരുന്നു. എന്നാല്‍ ഇതിന് അയാള്‍ പറഞ്ഞ മറുപടികളൊന്നും എനിക്കത്ര തൃപ്തികരമായി തോന്നിയില്ല.

 

അസ്വാഭാവികം 

ഒന്നാമത്, ലൈംഗിക അഭിവിന്യാസങ്ങള്‍ (Sexual Orientations)  പലതരത്തിലുണ്ട്. ചിലര്‍ക്ക് സാധാരണയിലും കവിഞ്ഞ ലൈംഗികാസക്തി ഉണ്ടായി എന്നു വരാം. ഇതിനെ ഒരു Paraphilia (വ്യക്തികളോടോ വസ്തുക്കളോടോ സാഹചര്യങ്ങളോടോ അസ്വാഭാവികമായി തോന്നുന്ന ലൈംഗികമോഹത്തെയാണ് പാരഫീലിയ എന്ന് പറയുക) ആയി പരിഗണിക്കാന്‍ പറ്റില്ല. അതേസമയം ഈ അതിലൈംഗികാസക്തിയെപ്പോലും (Hypersexuality or Sexual addiction) ഒരു ക്രമഭംഗം (Disorder)  ആയിത്തന്നെയാണ് പരിഗണിക്കാറുള്ളത്. പാരഫീലിയകള്‍ തന്നെ പലവിധമുണ്ട്. ഇവയെ പൊതുവെ കേവലം ക്രമഭംഗം (Disorder)  ആയിട്ടല്ല, മറിച്ച് വ്യതിയാനം (Deviation) ആയിത്തന്നെയാണ് പരിഗണിച്ചുപോരുന്നത്. ചിലര്‍ക്ക് ബലാത്സംഗത്തോട് ആഭിമുഖ്യം കാണും. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മനോവ്യതിയാനം തന്നെയാണതും. ബയാസ്റ്റോഫീലിയ അഥവാ റാപ്‌റ്റോഫീലിയ (Biastophilia or Raptophilia)  എന്ന് ഇതിന് പേരും ഉണ്ട്. ഇതിനേക്കാള്‍ അപ്പുറത്തും ഉണ്ട് സൈക്യാട്രിക് ഡിസോഡറുകള്‍. ആന്ത്രൊപ്പോഫിഗലേഗ്നിയ (Anthropophagalagnia) എന്ന ഡിസോഡര്‍ ബാധിച്ചവരില്‍ റാപ്‌റ്റോഫീലിയക്കൊപ്പം കാനിബാളിസം കൂടി ഉണ്ടാകുമത്രെ. എന്നുവെച്ചാല്‍ അവര്‍ ബലാത്സംഗം ചെയ്ത ശേഷം ഇരയെ കൊന്നു തിന്നും. 

മനുഷ്യരല്ലാത്ത ജീവികളോട് കാമാസക്തി തോന്നുന്ന Bestiality  അഥവാ Zoophilia, ശവശരീരങ്ങളെ കാമിക്കുന്ന Necrophilia,  കുട്ടികളോട് കാമാസക്തി പ്രകടിപ്പിക്കുന്ന Paedophilia  എന്നു തുടങ്ങി രതിചിത്രങ്ങളും പോണ്‍ ഫിലിമുകളും കണ്ട് രതിമൂര്‍ഛയനുഭവിക്കുന്ന Pictophilia, പരസ്യമായോ എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ ശരീരത്തിലേക്കോ മൂത്രവിസര്‍ജനം നടത്തി ഉന്മത്തരാകുന്ന Urolagnia,  വിസര്‍ജ്യം മണത്തും ശരീരത്തില്‍ പുരട്ടിയും നിര്‍വൃതി നേടുന്ന Coprophilia, അടിവസ്ത്രം ഉള്‍പെടെയുള്ള നിര്‍ജീവ വസ്തുക്കളില്‍ കാമാസ്വാദനം കേന്ദ്രീകരിക്കപ്പെടുന്ന Fetishism  എന്നിങ്ങനെ ആ പട്ടിക നീണ്ടുനീണ്ട് പോകും. 

ഇതൊക്കെയും വ്യത്യസ്തങ്ങളായ ഓറിയന്റേഷനുകള്‍ തന്നെയാണ്. പൂരപ്പറമ്പിലും ബസ്സിലുമൊക്കെ പെണ്ണുങ്ങളുടെ ശരീരത്തില്‍ ഉരസി നിര്‍വൃതി കൊള്ളുന്നവര്‍ക്കും കിടപ്പറകളില്‍ ഒളിഞ്ഞുനോക്കുന്നവര്‍ക്കുമൊക്കെ സുന്ദരമായ പേരുകളുണ്ട്. ഒന്നാമത്തെ കൂട്ടര്‍ ഫ്രോട്ടേറുകളാണെങ്കില്‍ (Frotteur) രണ്ടാമത്തെ വിഭാഗം വോയുറുകളാണ് (Voyeur). 

ഇവരിലൊക്കെയും വലിയൊരു വിഭാഗം ആളുകള്‍ സ്വാഭാവിക രതിബന്ധത്തില്‍ തല്‍പരരല്ലാത്തവരാണ്. ചിലര്‍ അതിന് പറ്റാത്തവര്‍ പോലുമാണ്. ഇവരുടെ അഭിനിവേശങ്ങളെയും വികാരങ്ങളെയും നാം ഏത് രീതിയിലാണ് പരിചരിക്കുക? 

എന്റെ ചോദ്യം അയാള്‍ക്കത്ര പിടിച്ചില്ലെന്ന് തോന്നുന്നു. സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളൊന്നുമില്ലെന്നും ഹോമോസെക്ഷ്വാലിറ്റി ഒരു സ്വാഭാവികാഭിനിവേശം മാത്രമാണെന്നുമാണ് അയാള്‍ പറഞ്ഞത്. അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ എനിക്ക് പ്രയാസമുണ്ട്. കാരണം, ഉത്തരാധുനിക തത്ത്വചിന്തകളുടെയൊന്നും അകമ്പടിയില്ലാതെയാണെങ്കിലും ഖുര്‍ആനില്‍ ഖൗമു ലൂത്വ് എന്ന് വിളിക്കപ്പെടുന്ന, സദൂമിലെ സമുദായം പറഞ്ഞ ന്യായവും മറ്റൊന്നല്ലല്ലോ. ആ വായന ശരിയല്ലെന്നും അവര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരും ആക്രമണകാരികളുമായിരുന്നുവെന്നും അയാള്‍ പറഞ്ഞു. അതെങ്ങനെ ശരിയാകും? ഖുര്‍ആനില്‍ പ്രവാചകന്‍ അവര്‍ക്കെതിരെ ഉന്നയിച്ച കുറ്റാരോപണം വളരെ വ്യക്തമാണ്: ''ലൂത്വിനെ നാം നിയോഗിച്ചു. അദ്ദേഹം സ്വജനതയോട് പറഞ്ഞതെന്തെന്നാല്‍, നിങ്ങള്‍ക്കു മുമ്പ് ലോകത്താരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയില്‍ നിങ്ങളേര്‍പ്പെടുന്നതെന്ത്? നിങ്ങള്‍ കാമപൂര്‍ത്തിക്കായി സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ സമീപിക്കുകയാണല്ലോ. കൊടിയ അക്രമികള്‍ തന്നെയാണ് നിങ്ങള്‍'' (അല്‍ അഅ്‌റാഫ് 80,81). ഓ, ഇവര്‍ വലിയ വിശുദ്ധന്മാര്‍ എന്ന് അന്നാട്ടിലെ 'ചിന്തകന്മാര്‍' ലൂത്വിനെ പരിഹസിച്ചിരുന്നതായും തുടര്‍ന്ന് പറയുന്നുണ്ട്. 

അപ്പോള്‍ ഇപ്പറഞ്ഞതില്‍ കുട്ടികളെവിടെ, ആക്രമണമെവിടെ? പിന്നെയുള്ളത് ഒരു സംഭവമാണ്. ലൂത്വിന്റെ വീട്ടിലേക്ക് കൗമാരക്കാരായ മനുഷ്യരുടെ വേഷത്തില്‍ ദൈവദൂതന്മാര്‍ വന്ന സന്ദര്‍ഭം. അന്നേരം ആക്രമണോത്സുകരായി ആ ജനത പാഞ്ഞടുത്തു എന്നാണ്. സൂറഃ ഹൂദ് 77-83 ആയത്തുകളില്‍ ഇക്കാര്യം പറയുന്നുണ്ട്. ഇതുകൊണ്ടു മാത്രം ആ ജനത ആക്രാമക ലൈംഗികതയുടെ ആളുകളാണെന്ന് വരുന്നില്ല. അവര്‍ക്കിടയില്‍ നിന്നു കൊണ്ട് നിരന്തരം അവരെ ഉപദേശിക്കുന്ന പ്രവാചകനോടുള്ള രോഷം കൂടിയാവാം അവരെ അങ്ങോട്ടേക്ക് കുതിച്ചെത്താന്‍ പ്രേരിപ്പിച്ചത്. എന്നു തന്നെയല്ല, തങ്ങളുടെ ലൈംഗിക അഭിവിന്യാസം ഇന്നതാണ് എന്നും മറിച്ചുള്ള ഒന്നില്‍ തങ്ങള്‍ തല്‍പരരല്ല എന്നും ഈ ജനത ന്യായം പറയുന്നതും ഇതിനിടയില്‍തന്നെയാണ് ഉള്ളത്. യാ ഖൗമി ഹാഉലാഇ ബനാതീ, ഹുന്ന അത്വ്ഹറു ലകും (എന്റെ ജനമേ, ഇതാ എന്റെ പെണ്‍കുട്ടികള്‍, ഇവരല്ലേ നിങ്ങള്‍ക്ക് വിശുദ്ധരായ ഇണകള്‍) എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍, അവരുടെ പ്രതികരണം ലഖദ് അലിംത മാലനാ ഫീ ബനാതിക മിന്‍ ഹഖ്, വ ഇന്നക ലതഅ്‌ലമു മാ നുരീദ് (നിന്റെ പെണ്‍കുട്ടികളില്‍ ഞങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്നും ഞങ്ങളുടെ അഭിനിവേശം എന്താണെന്നും നിനക്ക് നന്നായറിയാമല്ലോ) എന്നായിരുന്നല്ലോ (ഹൂദ് 78-79). 

സത്യത്തില്‍ ഇതുതന്നെയാണ് ഇപ്പോഴും ഉന്നയിക്കപ്പെടുന്ന ന്യായം. അഭിനിവേശം വ്യത്യസ്തമാകുമ്പോള്‍ അത് സ്വാഭാവികമാകാന്‍ എത്ര സാധ്യതയുണ്ടോ അത്ര തന്നെയെങ്കിലും സാധ്യത അതൊരു ക്രമഭംഗമാകാനും ഉണ്ടല്ലോ. 

ഞാന്‍ വിചാരിക്കുന്നത്, ഒരുപക്ഷേ മുകളില്‍ പറഞ്ഞ ഡിസോഡറുകളും ക്രമത്തില്‍ ഡിസോഡറുകളല്ലാതായിത്തീരും എന്നാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പീഡോഫീലിയ തികച്ചും സ്വാഭാവികമാണെന്നും പീഡോഫൈലുകള്‍ ലൈംഗിക ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നവരാണെന്നും വാദങ്ങള്‍ ഉയര്‍ത്തപ്പെട്ടേക്കാം. 

എന്റെ ഈ വര്‍ത്തമാനം അയാളെ തികച്ചും പ്രകോപിതനാക്കി. ആ സംസാരം അവിടെ അവസാനിക്കുകയും ചെയ്തു. 

 

വിവിധം 

പക്ഷേ, രണ്ടോ മൂന്നോ വര്‍ഷം വേണ്ടിവന്നില്ല. ഏതാണ്ട് ആറ് മാസത്തിനുള്ളില്‍തന്നെ പീഡോഫൈല്‍ അഡ്വക്കറ്റുകളുടെ വാദങ്ങള്‍ കേരളത്തിലെ സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്കിടയില്‍ മഞ്ച് വാദം എന്ന പേരിലാണ് പീഡോഫൈല്‍ അഡ്വക്കസി അറിയപ്പെടുന്നത്. അയല്‍പക്കത്തെ കൊച്ചുകുട്ടിക്ക് മഞ്ച് വാങ്ങിക്കൊടുക്കുന്നതിന്റെ പിന്നിലെ സ്വന്തം വികൃതാസക്തിയെ പവിത്രീകരിച്ചുകൊണ്ട് ഒരാള്‍ ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റില്‍നിന്നാണ് ആ പേരു വന്നത്. ആഗോളതലത്തില്‍ ഇത്തരം വാദങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെട്ടുതുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി എന്നു തന്നെ പറയാം. പീഡോഫൈല്‍ ആന്റ് പെഡറാസ്റ്റ് അഡ്വക്കസി ഗ്രൂപ്പുകള്‍ ഇന്ന് പലേടത്തും നിലനില്‍ക്കുന്നുണ്ട്. (ബാലലൈംഗികാഭിനിവേശത്തിന് പൊതുവെ പീഡോഫീലിയ എന്നാണ് പേരെങ്കിലും മുതിര്‍ന്ന പുരുഷന്മാര്‍ക്ക് ചെറിയ ആണ്‍കുട്ടികളോട് തോന്നുന്ന ആകര്‍ഷണത്തെ പ്രത്യേകമായി Pederasty എന്നാണ് പറയുക). IPCE എന്ന ഒരു അന്തര്‍ദേശീയ സംഘടനയുണ്ട്. International Pedophile and Child Emancipation  എന്ന് പൂര്‍ണരൂപം. ഈ പേരു തന്നെ തമാശയാണ്. പീഡോഫീലിയയും ചൈല്‍ഡ് ഇമാന്‍സിപേഷനും ഒരുമിച്ചു ചേര്‍ത്തിരിക്കുന്നു. ഇമാന്‍സിപേഷന്‍ എന്നു വെച്ചാല്‍ വിമോചനം എന്നര്‍ഥം. കുട്ടികളോട് മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന മോഹവൈകൃതത്തിലൂടെ കുട്ടികളുടെ വിമോചനമോ? ഒരുപക്ഷേ അങ്ങനെയുമാവാം. വിമോചനത്തെക്കുറിച്ച കാഴ്ചപ്പാടുകള്‍ പോലും പുത്തന്‍ ലിബറല്‍ കാലഘട്ടത്തില്‍ മറ്റൊന്നാണല്ലോ. 

സത്യത്തില്‍ ഈ ഭ്രാന്ത് ഇവിടെയും നില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. പീഡോഫൈല്‍ അഡ്വക്കസിക്കുമപ്പുറം ഇപ്പോള്‍ Incest Advocacy  വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏതൊരു ധര്‍മശാസ്ത്രമനുസരിച്ചും പരസ്പരം ലൈംഗികസമ്പര്‍ക്കത്തിലേര്‍പ്പെട്ടു കൂടാത്ത ബന്ധുക്കള്‍ തമ്മിലുള്ള ബന്ധത്തെയാണ് Incest (അഗമ്യഗമനം) എന്ന് പറയുക. ഇറാനിയന്‍-കനേഡിയന്‍ എക്‌സ് മുസ്‌ലിം എതീസ്റ്റും സെക്യുലര്‍ ആക്ടിവിസ്റ്റും ആയി അറിയപ്പെടുന്ന പോഡ്കാസ്റ്ററും വ്‌ലോഗറുമായ (വീഡിയോ ബ്ലോഗിനെയാണ് വ്‌ലോഗ് എന്ന് പറയുക) അര്‍മിന്‍ നവാബി ഇക്കഴിഞ്ഞ ജൂലൈയില്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടത്, ഗര്‍ഭധാരണത്തിന് കാരണമായിത്തീരുന്നില്ലെങ്കില്‍ അഗമ്യഗമനത്തില്‍ യാതൊരു തെറ്റുമില്ല എന്നാണ്. അതിനാല്‍ പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയെത്തിയവര്‍ക്കിടയില്‍ നടക്കുന്ന ഹോമോസെക്ഷ്വല്‍ ഇന്‍സെസ്റ്റ് തികച്ചും ശരിയാണെന്നും അപ്രകാരം ബന്ധപ്പെടുന്ന രണ്ട് സഹോദരന്മാരെയോ സഹോദരികളെയോ തമ്മില്‍ അകറ്റുന്നത് 'അധാര്‍മികം' ആണെന്നും നവാബി തുടരുന്നു. 

പ്രശ്‌നത്തെ ഏതു വീക്ഷണകോണില്‍ സമീപിക്കുമ്പോഴും ഇത്തരം വിഷയങ്ങള്‍ക്കു പിന്നില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഉദാര ലൈംഗികതയുടെ അപകടങ്ങളെപ്പറ്റി സൂചിപ്പിക്കുന്നത്, ഇസ്‌ലാമിക ധര്‍മനീതിയുടെ പരിസരത്ത് നില്‍ക്കുമ്പോള്‍ അത് അനിവാര്യമാണ് എന്ന് തോന്നിയതിനാലാണ്. കേവല സദാചാരം (Morality) അല്ല ഇസ്‌ലാം പരിശീലിപ്പിക്കുന്നത്. അതിന് അതിന്റെ ദര്‍ശനത്തിന്റെ തന്നെ അവിഭാജ്യഭാഗമായ ഒരു ധര്‍മശാസ്ത്രം (Ethics)  ഉണ്ട്. അതിന്റെ ആധാരത്തിലാണ് അതിലെ സദാചാര സിദ്ധാന്തങ്ങള്‍ വികസിപ്പിക്കപ്പെടുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യവും സമൂഹത്തിന്റെ ഭദ്രതയുമായി ബന്ധപ്പെട്ട നിലപാടുകളും സിദ്ധാന്തങ്ങളും പോലും അത് വികസിപ്പിക്കുന്നത് ആ ധര്‍മശാസ്ത്രത്തിന്റെ അകത്താണ്. 

 

മധ്യമം 

ഇസ്‌ലാമിലെ ധര്‍മശാസ്ത്ര സങ്കല്‍പത്തിന്റെ പ്രധാന സവിശേഷത അത് ഒരുവശത്ത് മനുഷ്യന്റെ വൈകാരികാഭിനിവേശങ്ങളെയും വൈയക്തികാഭിലാഷങ്ങളെയും സര്‍ഗാത്മകവും ക്രിയാത്മകവുമായി സമീപിക്കുമ്പോള്‍തന്നെ, മറുവശത്ത് അതിന് കൃത്യമായ അതിരുകളും നിശ്ചയിക്കുന്നു എന്നതാണ്. ഇണയോടൊപ്പം ജീവിതോദ്യാനത്തിലേക്ക് കടക്കാനും അതില്‍ വിഹരിക്കാനും ഇരുവര്‍ക്കുമിഷ്ടമുള്ളത് ഭുജിക്കാനും മനുഷ്യനോട് പറഞ്ഞത് കേവലം അനുവാദമെന്ന നിലയിലല്ല, മറിച്ച് കല്‍പനയെന്ന നിലയിലാണ്. അതാകട്ടെ, മനുഷ്യനോടുള്ള ദൈവത്തിന്റെ പ്രഥമ ധാര്‍മിക കല്‍പനയുമാണ്. നിത്യബ്രഹ്മചര്യത്തില്‍ (Celibacy)  നിഷ്ഠനാവാന്‍ ഇസ്‌ലാം അനുവദിക്കുന്നു പോലുമില്ല എന്നതാണ് പ്രത്യേകം മനസ്സിലാക്കേണ്ടത്. ഇഷ്ടമുള്ളത് ഭുജിക്കുക എന്നതില്‍ വ്യക്തിയുടെ സ്വഛന്ദതയും പരിരക്ഷിക്കപ്പെടുന്നു. അതേസമയം അതോട് ചേര്‍ത്തു തന്നെയാണ് പരിധിയെപ്പറ്റിയും ഉദ്‌ബോധിപ്പിക്കുന്നത്. വിലക്കപ്പെട്ട മരം പ്രതീകവല്‍ക്കരിക്കുന്നത് പരിധികളെയാണ്. മതപരമായ ഭാഷയില്‍ വിലക്കുകള്‍ എന്ന് പറയാം. സ്വഛന്ദതയും വിലക്കുകളും തമ്മില്‍ വൈരുധ്യമുണ്ട്. വൈരുധ്യങ്ങള്‍ മനുഷ്യജീവിതത്തിന്റെ അനിവാര്യതയാണു താനും. വിരുദ്ധ ധ്രുവങ്ങള്‍ തമ്മിലുള്ള കൃത്യമായ വൈരുധ്യാത്മക ബന്ധത്തെയാണ് ഒരു നിലപാടായി ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നത്. 

ഇതുപോലെ കൃത്യപ്പെടുത്തേണ്ട മറ്റൊരു വൈരുധ്യാത്മക ബന്ധമാണ് വ്യക്തിയുടെ അഭിനിവേശങ്ങളും സമൂഹത്തിന്റെ താല്‍പര്യങ്ങളും തമ്മിലുള്ളത്. ഒരു വ്യക്തിയുടെ സ്വതന്ത്രവും തനതുമായ രീതികളെ ശീലങ്ങള്‍ എന്നു പറയാം. അതേസമയം സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് സാമൂഹികാചാരങ്ങളിലാണ്. അതായത്, വൈയക്തികാഭിനിവേശങ്ങളും സാമൂഹികതാല്‍പര്യങ്ങളും തമ്മിലുള്ള വൈരുധ്യാത്മകതയേക്കാള്‍ ശീലങ്ങളും ആചാരങ്ങളും തമ്മിലുള്ള വൈരുധ്യാത്മകബന്ധം എന്ന് പറയുന്നതാവും കൂടുതല്‍ പ്രയോജനപ്രദം. ആചാരങ്ങള്‍ ശീലങ്ങളെ നിരാകരിക്കുന്നതാവരുത്. അഥവാ വ്യക്തിയുടെ സ്വഛന്ദതയെയും അഭിലാഷങ്ങളെയും അടിച്ചമര്‍ത്താന്‍ സമൂഹത്തിന് അധികാരമില്ല. നിയമങ്ങള്‍ അങ്ങനെയൊരു പ്രവണത കാണിക്കുമ്പോള്‍ അത് ദുരാചാരങ്ങളായിത്തീരും, അവിടെ കേന്ദ്രീകൃത സമഗ്രാധിപത്യം (Authoritarianism)വളര്‍ന്നുവരും. 

പൂര്‍ണമനുഷ്യന്‍ എന്ന ഒരു അരിസ്റ്റോട്ടിലിയന്‍ കാഴ്ചപ്പാടുണ്ട് (അരിസ്റ്റോട്ടിലിന്റെ സ്ത്രീവിരുദ്ധതയെ മറന്നുകൊണ്ടല്ല ഈ ചര്‍ച്ചയില്‍ അദ്ദേഹത്തെ ഉദ്ധരിക്കുന്നത്). സമഗ്രതയാണ് മനുഷ്യജീവിതത്തിന്റെ സവിശേഷത. അതായത്, അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ പ്രകൃതിയുടെ മുഴുവന്‍ ജീവിതവും ജീവിക്കുന്നവനാണ് മനുഷ്യന്‍. എന്നാല്‍ എല്ലാ ഗുണങ്ങള്‍ക്കും പുറമെ അവന് യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവുമുണ്ട്. അതിനാല്‍ അവനില്‍ ദൈവികമായ യുക്തിയുടെ ജ്വലനമുണ്ട്. മനുഷ്യന് സന്തോഷിക്കാന്‍ കഴിയുന്നത് അവന്റെ എല്ലാ കഴിവുകളും സാധ്യതകളും ഉപയോഗിക്കുമ്പോള്‍ മാത്രമാണ്. 

ഈ സന്തോഷാവസ്ഥക്ക് മൂന്ന് രൂപങ്ങളുണ്ട്. ആഹ്ലാദത്തിന്റെയും സുഖാനുഭവത്തിന്റെയും ജീവിതമാണ് അതില്‍ ഒന്നാമത്തേത്. സ്വതന്ത്രനും എന്നാല്‍ ഉത്തരവാദിത്തമുള്ളവനുമായ പൗരന്‍ എന്ന നിലക്കുള്ളത് രണ്ടാമത്തേത്. അവസാനത്തേതാകട്ടെ, ചിന്തകനും ദാര്‍ശനികനും എന്ന നിലക്കുള്ള ജീവിതവും. ഈ മൂന്ന് ആനന്ദങ്ങളെയും ആസ്വദിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം സമഗ്രമായിത്തീരുക. 

സന്തുലിതത്വവും പക്വതയുമുള്ളപ്പോള്‍ മാത്രമേ ജീവിതത്തിന്റെ ലയാത്മകത കണ്ടെത്താന്‍ സാധിക്കൂ. അതിനാല്‍ മധ്യമസ്വഭാവത്തിലാവണം മനുഷ്യജീവിതം. ഇതിനെ അരിസ്റ്റോട്ടില്‍ സുവര്‍ണ മാധ്യമികത (Golden Mean or Golden Middle way)  എന്നാണ് വിളിക്കുന്നത്. യഥാര്‍ഥത്തില്‍ എല്ലാ ക്ലാസ്സിക്കല്‍ തത്ത്വചിന്തകന്മാരും പ്രവാചകന്മാരും അംഗീകരിച്ചതാണ് ഈ സന്തുലിതത്വം. ജീവിതം പക്വമായിത്തീരാന്‍ ആത്യന്തികമായ രണ്ടറ്റങ്ങള്‍ ഒഴിവാക്കപ്പെടണം എന്നേ ഇതിനര്‍ഥമുള്ളൂ. ആത്യന്തികതകള്‍ ഒഴിവാക്കപ്പെടുമ്പോഴാണല്ലോ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന ഉമ്മതുന്‍ വസത്വ് സാക്ഷാല്‍കൃതമാവുക. ജീവിതം ഈ സുവര്‍ണ മാധ്യമികതയിലാവണം. ഭക്ഷണവും ലൈംഗികതയും മുതല്‍ ചെലവഴിക്കലും സാഹസികതയും വരെ എന്തിലും സ്വീകരിക്കപ്പെടേണ്ടത് ഈ മിതസമീപനമാണ് എന്നാണ് അരിസ്റ്റോട്ടില്‍ വിശദീകരിക്കുന്നത്. 

ശീലങ്ങളും ആചാരങ്ങളും തമ്മിലുള്ള വൈരുധ്യത്തിലും ഇതേ മധ്യമസമീപനമാണ് കൈക്കൊള്ളേണ്ടത്. ചുറ്റിലും ഒരു സമൂഹമില്ലെങ്കില്‍ നാമാരും ശരിക്കുള്ള മനുഷ്യരാവില്ല. കുടുംബവും സമൂഹവും നമ്മുടെ പ്രാഥമികാവശ്യങ്ങളായ ആഹാരം, ലൈംഗികത തുടങ്ങിയവയെ ആരോഗ്യകരമായി നിര്‍വഹിച്ചുതരുന്നു. നമുക്ക് അനിവാര്യമായ സ്‌നേഹം പകര്‍ന്നുതരികയും ചെയ്യുന്നു. അതിനാല്‍ മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. ഏറ്റവും ഉന്നതമായ അവസ്ഥയില്‍ ഒരു രാഷ്ട്രീയ ജീവിയും. 

 

ഉദാരം 

എന്നാല്‍ വ്യക്തിയെ സമൂഹത്തില്‍നിന്ന് വ്യവഛേദിക്കുകയാണ് ഉദാര വ്യക്തിവാദികള്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും അസഹിഷ്ണുതാപൂര്‍വമായ നിലപാടുകളാണ് പുരോഗമനം എന്ന മറ പിടിച്ചു കൊണ്ട് ഇവര്‍ കാണിക്കുന്നത് എന്നതാണ് അനുഭവം. അതുതന്നെയും ഉദാരലൈംഗികതയുടെ കാര്യത്തിലാകുമ്പോള്‍ കൂടുതല്‍ ആക്രാമകമാകുന്നു. 1973-ലാണ് അമേരിക്കന്‍ സൈക്യാട്രിസ്റ്റ് അസോസിയേഷന്‍ ഡിസോഡറുകളുടെ പട്ടികയില്‍നിന്ന് സ്വവര്‍ഗരതിക്ക് സ്വാഭാവികതയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതെങ്കില്‍ ഹോമോഫോബ് എന്ന പദം അമ്പതുകളില്‍തന്നെ സാമൂഹിക വ്യവഹാരങ്ങളുടെ ഭാഗമായിത്തീര്‍ന്നിരുന്നു. സത്യത്തില്‍ ഇതൊരു ലേണിംഗ് പ്രോസസാണ്. പൊതുബോധത്തെ മാറ്റിയെടുക്കാനുള്ള വിദ്യകള്‍. സദാചാരവാദികളുടെയും കുടുംബവാദികളുടെയും വിയോജിപ്പുകളെ ഹോമോഫോബിയ ആയി മുദ്ര കുത്തുന്നതോടെ അവര്‍ നിശ്ശബ്ദരായിത്തീരുന്നു. അംഗീകരിച്ചില്ലെങ്കില്‍ പിന്തിരിപ്പന്മാരായിത്തീരും എന്ന അവസ്ഥയാണ് അടുത്ത ഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ ഘട്ടമാണ് അതിനടുത്തത്. 

ഡീന്‍ ഹാമറുടെ A Linkage Between DNA Makers on the X Chromosome and Male Sexual Orientation  എന്ന പഠനം സയന്‍സ് മാഗസിനില്‍ പ്രസിദ്ധം ചെയ്യപ്പെടുന്നത് 1993 -ലാണ്. സ്വവര്‍ഗാനുരാഗികളുടെ X ക്രോമസോമില്‍ X9 28 എന്ന ഒരു ജെനെറ്റിക് മാര്‍കര്‍ ഉണ്ടെന്ന് അതില്‍ അവകാശപ്പെട്ടു. ഇതാണ് ഗേ ജീന്‍ ആയി കൊട്ടിഘോഷിക്കപ്പെട്ടത്. 

എന്നാല്‍ ഇതിനെതിരായുള്ള പഠനങ്ങളും സയന്‍സ് മാഗസിനില്‍ തന്നെ വന്നിട്ടുണ്ട്. ജനിതക ഘടകങ്ങള്‍ എന്നത് എന്തായാലും ഇത്രത്തോളം ലളിതമല്ലല്ലോ. ഹാമര്‍ തന്നെ പിന്നീട് ജീന്‍ എന്നത് ഭാഗികമായ ഉത്തരം മാത്രമാണെന്ന് തുറന്നു സമ്മതിച്ചു. ജനിതകത്തേക്കാള്‍ പരിസരത്തിനാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സ്വാധീനമുള്ളത്. പകുതിയിലധികം പേരുടെയെങ്കിലും സ്വവര്‍ഗാനുരാഗ സ്വഭാവത്തിനു പിന്നില്‍ ജനിതക ഘടകങ്ങളില്ല എന്ന് ഹാമര്‍ തന്നെ സമ്മതിച്ചതായി 1995 നവംബറില്‍ സയന്റിഫിക് അമേരിക്കനില്‍ പ്രസിദ്ധീകരിച്ച Gay Genes: Revisited എന്ന പഠനത്തില്‍ ജോണ്‍ ഹോര്‍ഗന്‍ പറയുന്നു. അതേസമയം ഹോര്‍ഗന്റെ പഠനം സ്വവര്‍ഗരതി തല്‍പരതക്ക് എതിരല്ല. മാത്രമല്ല, ക്രിസ്ത്യന്‍ ഹോമോഫോബുകള്‍ ഗേ ജീനിനെപ്പറ്റിയുള്ള തന്റെ റിപ്പോര്‍ട്ട് ദുരുപയോഗം ചെയ്യുന്നതായി 2010-ല്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നുമുണ്ട്. ഇവിടെ ഗേ ജനിതകത്തിന്റെ ആധികാരികത സംശയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. 

നിയമസാധുത്വം (Legitimacy)  നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ അതിനടുത്ത ഘട്ടമാണ്. ദല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഹോമോ സെക്ഷ്വാലിറ്റിയെയും ഗേ, ലെസ്ബിയന്‍ വിവാഹങ്ങളെയും ഡീക്രിമിനലൈസ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതൊരു സംവാദവിഷയമാകുന്നത് ജനാധിപത്യപരമായി അപകടകരമൊന്നുമല്ല താനും. അതേസമയം നിയമം സ്വവര്‍ഗരതിയെ മഹത്വവല്‍ക്കരിച്ചതുപോലെയാണ് പിന്നീടുണ്ടായ പ്രചാരണങ്ങള്‍. അങ്ങനെയൊരു മാനസികാവസ്ഥ തന്നെ സൃഷ്ടിക്കപ്പെടുകയും ചെയ്തു. 

 

വിയോജനം 

ഒരു ഡിസോഡര്‍ അല്ലെങ്കില്‍ ഡീവിയേഷന്‍ എന്ന നിലയില്‍ പരിഗണിച്ചുകൊണ്ട് ഇതിനെ ചികിത്സിക്കാനോ മാറ്റാനോ ശ്രമിക്കുന്നത് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെ നിഷേധിക്കലാണെന്ന വാദവും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഇതു സംബന്ധമായി ഉയര്‍ത്തപ്പെട്ട വാദം Egodystonic  ആണെങ്കില്‍ മനശ്ശാസ്ത്ര ചികിത്സയാകാം, എന്നാല്‍ Egosyntonic ആണെങ്കില്‍ ചികിത്സ പാടില്ല എന്നായിരുന്നു. വിചിത്രമെന്ന് തോന്നുന്നതോ അല്ലാത്തതോ ആയ സ്വന്തം സ്വഭാവസവിശേഷതകളില്‍ ഒരാള്‍ സ്വയം അസ്വസ്ഥനാവാതിരിക്കുകയോ അത് അയാളുടെ ഈഗോയുടെ ലക്ഷ്യമായി പരിഗണിക്കപ്പെടുകയോ തന്റെ Ideal self-image ആയി സ്വയം അംഗീകരിക്കപ്പെടുകയോ ചെയ്യുന്നതാണ് ഈഗോസിന്റോണിക്. എന്നാല്‍ ഒരാളുടെ ചിന്തകളും പെരുമാറ്റങ്ങളും അയാളുടെ ഐഡിയല്‍ സെല്‍ഫ് ഇമേജിന് വിരുദ്ധമായിത്തീരുന്ന അവസ്ഥയാണ് ഈഗോഡിസ്റ്റോണിക്. ഈ നിലപാടില്‍ അല്‍പമൊക്കെ ന്യായമുണ്ടെന്ന് സമ്മതിച്ചുകൊടുക്കാം. എന്നാല്‍, ഈ വിഭജനത്തെപ്പോലും നിരാകരിച്ചുകൊണ്ട് ഒരാളിലും ഒരു നിലക്കും ഇതിനെ ഡിസോഡറായി പരിഗണിക്കാവതല്ല എന്ന ശാഠ്യമാണ് ഉയര്‍ത്തപ്പെടുന്നത്. 

വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയും ഉദാരവാദികളില്‍, പ്രത്യേകിച്ചും ഉത്തരാധുനിക ലൈംഗിക ഉദാരവാദികളില്‍ തികച്ചും പ്രകടമാണ്. വിയോജിക്കുന്നവരെ (എതിര്‍ക്കുന്നവരെയല്ല) ഹോമോഫോബുകളായി മുദ്രകുത്തുക, പുരോഗമനവിരുദ്ധരെന്നും മതമൗലികവാദിയെന്നും കപടസദാചാരവാദിയെന്നും ചാപ്പകുത്തുക തുടങ്ങിയ രീതികള്‍ സംവാദങ്ങളില്‍ കാണാം. വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ സ്വവര്‍ഗവിവാഹത്തെ എതിര്‍ത്തു കൊണ്ടുള്ള ഒരു ഭീമഹരജിയില്‍ ഒപ്പിട്ട ഒന്നര ലക്ഷത്തോളം ആളുകളുടെ പേരും മേല്‍വിലാസവും അന്വേഷിച്ചുകൊണ്ട് സ്വവര്‍ഗാഭിരമികളുടെ സംഘടനകള്‍ വിവരാവകാശ ഹരജി നല്‍കിയ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട് വി.സി ശ്രീജന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2018 സെപ്റ്റംബര്‍ 23). ഇത് എതിരാളികളെ തെരഞ്ഞുപിടിച്ച് കൈകാര്യം ചെയ്യാനാണ് എന്നതിനാല്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കരുതെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണത്രെ ഹരജിയില്‍ ഒപ്പിട്ടവര്‍. 

സത്യത്തില്‍ സ്വവര്‍ഗവിവാഹം എന്ന ആശയം തന്നെ വിചിത്രമാണ്. ഹെറ്ററോസെക്ഷ്വല്‍ ബന്ധത്തില്‍പോലും വിവാഹം എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ നിരാകരിച്ച്, കൂടെത്താമസിക്കുക എന്ന രീതി പ്രയോഗവല്‍ക്കരിക്കുന്ന മതേതര സമ്പ്രദായം അല്‍പസ്വല്‍പം വ്യാപകത്വം നേടിക്കൊണ്ടിരിക്കുന്ന കാലത്ത്, തങ്ങളെ വിവാഹം എന്ന കുരുക്കില്‍ ബന്ധിക്കാന്‍ ഉദാരലൈംഗികതയെ പ്രമോട്ട് ചെയ്യുന്നവര്‍ ശ്രമിക്കുന്നതെന്തിന് എന്ന് മനസ്സിലാകുന്നില്ല. കുടുംബം എന്ന സ്ഥാപനം വിവാഹം എന്ന ആചാരത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല. അത് അതിന്റെ തുടക്കം മാത്രമാണ്. അതിന് ഒട്ടേറെ തുടര്‍ച്ചകളുണ്ട്. അനന്തരാവകാശം തൊട്ട് വിവാഹമോചനം വരെ നീളുന്ന ഒട്ടേറെ നിയമങ്ങളും ആചാരങ്ങളും ഇതില്‍ കടന്നുവരുന്നുണ്ട്. ഇതിനെയൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ട് സ്വവര്‍ഗാനുരാഗികളുടെ വിവാഹം എന്ന ആശയം അംഗീകരിക്കപ്പെടുമ്പോള്‍ മറ്റ് തുടര്‍ച്ചകളും ബാധ്യതകളുമൊന്നും ബാധകമാകാത്ത കേവല വിവാഹത്തിന്റെ പ്രസക്തി എന്താണ്? 

ഇതുപോലെ വിചിത്രമാണ് തന്റെ പ്രത്യക്ഷാവസ്ഥക്ക് വിരുദ്ധമായി താന്‍ സ്വയമോ മറ്റെന്തെങ്കിലും സമ്മര്‍ദം കാരണമോ തന്റെ ലൈംഗികസ്വത്വമായി സ്വീകരിച്ചിരിക്കുന്ന ലിംഗവിഭാഗത്തിന്റെ വസ്ത്രങ്ങള്‍ ധരിക്കുന്ന പ്രവണത. സ്ത്രീകളുടേത് എന്നംഗീകരിക്കപ്പെട്ട വേഷങ്ങള്‍ ഉപേക്ഷിച്ച് പുരുഷനെപ്പോലെ പാന്റും ഷര്‍ട്ടുമിട്ട് നടക്കുന്ന പെണ്ണുങ്ങളുടെ കാലത്താണ് ഇങ്ങനെയൊരു നടപടി. പലപ്പോഴും LGBT മൂവ്‌മെന്റുകളുടെ പ്രവര്‍ത്തകര്‍ അവരുടെ കാമചാപല്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത് കേവലം നിലനില്‍ക്കുന്ന സദാചാര സമ്പ്രദായത്തോടുള്ള പ്രതിഷേധം മാത്രമായിരിക്കാന്‍ തരമില്ല. സ്വാഭാവികമായും ഇതിനെ ഒരു Behavioral Disorder  ആയി കാണുന്നത് തെറ്റാണെന്ന് കരുതാന്‍ പറ്റുമോ? 

ഇത്തരം ആസക്തികള്‍ ജനിതകമാണെന്നതിന് പ്രകടമായ തെളിവുകളൊന്നും സമര്‍പ്പിക്കപ്പെട്ടതായി അറിവില്ലെന്ന് നേരത്തേ പറഞ്ഞു. ഇത് മനശ്ശാസ്ത്ര വ്യതിയാനമാവാം. അതിലുപരി ഇതിനെ പ്രതിലോമകരമായ സാംസ്‌കാരിക പരിണാമമായി കാണാം. തീര്‍ച്ചയായും ഇതിന്റെയൊക്കെ അംഗീകാരത്തിലേക്ക് സമൂഹം പരിണമിക്കുന്നതോടെ, ഒരുപക്ഷേ ആ സമൂഹത്തിന്റെ സംസ്‌കാരമായിത്തന്നെ ഇത് വളരുന്നതോടെ കൂടുതലാളുകള്‍ ഈയവസ്ഥയിലേക്ക് കണ്ടീഷന്‍ ചെയ്യപ്പെടുന്നു. അതായത്, സംസ്‌കാരവും മാനസികാവസ്ഥകളും പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നു. എന്നാല്‍പോലും ഇതില്‍ മാറ്റങ്ങളുണ്ടാവാറുണ്ട്. മൗലികസ്വഭാവമാണെങ്കില്‍ അങ്ങനെയൊരു മാറ്റം സാധ്യമല്ലല്ലോ. സ്വവര്‍ഗാസക്തിയുടെ പേരില്‍ സാമാന്യം നല്ല 'പേരുദോഷം' നേടിയ ഒരു പ്രദേശം ഇതെഴുതുന്നയാള്‍ക്ക് നേരിട്ടറിയാം. ഒരുപക്ഷേ ആ പ്രദേശവാസികളേക്കാള്‍ സ്വവര്‍ഗാസക്തര്‍ മറ്റിടങ്ങളിലും ഉണ്ടായിരുന്നിരിക്കാം. പൊതുബോധവും മുന്‍വിധികളും നിയന്ത്രിക്കാത്ത സര്‍വേകളും കണക്കുകളും ഉണ്ടാവാന്‍ സാധ്യതയില്ലല്ലോ. അതേസമയം സ്വവര്‍ഗാഭിരമിത്വം ഉള്ളവര്‍ അവിടെ ധാരാളമുണ്ടായിരുന്നു എന്നത് വസ്തുതയാണു താനും. അക്കാലത്ത് ഇത്തരം അഭിനിവേശങ്ങളുടെ ഇരകളായിത്തീര്‍ന്നത് പലപ്പോഴും കുട്ടികള്‍ ആയിരുന്നു. ധാര്‍മികബോധമുള്ള കുറേ ചെറുപ്പക്കാരുടെ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി മൊത്തം ഈ സമൂഹത്തിന്റെ മാനസികാവസ്ഥയില്‍ വലിയ മാറ്റമുണ്ടായി. ഇന്ന് ഈ ഗ്രാമത്തില്‍ ഇത്തരം ഓറിയന്റേഷന്‍ ഉള്ളവര്‍ വളരെ കുറവാണ്. ഈ ആസക്തിക്ക് തീര്‍ത്തും മൗലികമായ ജനിതകന്യായങ്ങള്‍, എന്തിന് സ്ഥിരത്വമുള്ള മാനസികകാരണങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു മാറ്റം സംഭവിക്കുമായിരുന്നില്ല. ഒരു സമൂഹം എന്ന നിലക്ക് ഗ്രാമത്തെ എടുത്താല്‍ നേരത്തേ ഇവരില്‍ ഒരുതരം സാമൂഹിക ദൃഢീകരണം (Social Reinforcement) പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതം എന്നതിലുപരി അഭ്യസിപ്പിക്കപ്പെട്ട (learned) ഒരു സ്വഭാവമാണ് ഇത്. ലേണിംഗിലൂടെയാണ് ഇത് കണ്ടീഷന്‍ ചെയ്യപ്പെടുന്നത്. സ്വാഭാവികമായും ഇത് unlearn  ചെയ്യാനും പറ്റും. 

പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. ചെറുപ്രായത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവരാണ് സ്വവര്‍ഗാഭിരമികളില്‍ വലിയൊരു വിഭാഗം. Pioneer of the Modern Gay Rights Movement ആയി അറിയപ്പെടുന്ന ഹെന്റി കാള്‍ ഉല്‍റിച്‌സ് അദ്ദേഹത്തിന്റെ ജീവിതകഥയില്‍ ബാല്യത്തില്‍ പെണ്‍വേഷങ്ങള്‍ ധരിപ്പിച്ച് താലോലിക്കാറുണ്ടായിരുന്ന സ്വന്തം അമ്മയെ അനുസ്മരിക്കുന്നുണ്ട്. പതിനാലാം വയസ്സില്‍ അദ്ദേഹത്തെ ഒരു കുതിരസവാരി പരിശീലകന്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയനാക്കിയത്രെ. എമ്മോ ഗോള്‍ഡ്മാന്‍ എന്ന ഗേ, തരം കിട്ടുമ്പോഴെല്ലാം ലൈംഗികമായും അല്ലാതെയും തന്നെ പീഡിപ്പിച്ചിരുന്ന ചില അധ്യാപകരെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. പ്രഖ്യാപിത ട്രാന്‍സ് ജെന്‍ഡറുകളില്‍ പലരും ഇത്തരം ബാല്യകാലപീഡകള്‍ക്ക് വിധേയരായിട്ടുണ്ട്. ഇത്തരം പീഡകള്‍ ഉണ്ടാക്കിയേക്കാവുന്ന മാനസികാഘാതങ്ങളെപ്പറ്റി ശരിയായ പഠനങ്ങള്‍ അനിവാര്യമാണ്. സ്ത്രീകളുമായി ഫലപ്രദമായും സ്വാഭാവികമായും ഇടപെടാനുള്ള സാമര്‍ഥ്യമോ ശേഷിയോ ഇല്ലായ്മയും പുരുഷന്മാരായ പലരെയും മറ്റ് പുരുഷന്മാരിലോ കുട്ടികളിലോ അഭിനിവേശങ്ങള്‍ ജനിപ്പിച്ചേക്കാം. 

 

വിശകലനം 

ഒരു സമൂഹത്തിന്റെ മാനസികവും ധൈഷണികവുമായ ഊര്‍ജം മുഴുവനും രതിയിലേക്ക് പരിമിതപ്പെടുത്തുന്നത് സമൂഹത്തിന്റെ വികാസത്തെയല്ല സൂചിപ്പിക്കുന്നത്. ജീവിതാവബോധവും ജീവിതാനന്ദവും സമഗ്രമാണ് എന്ന തിരിച്ചറിവ് അനിവാര്യമാണ്. ഇതിന് ഒരു രാഷ്ട്രീയ വശം കൂടിയുണ്ട്. ഏകമോ അതിപ്രധാനമോ ആയ പ്രശ്‌നമായി ലൈംഗികത കത്തിനില്‍ക്കുമ്പോള്‍ മറ്റു പലതും സ്വാഭാവികമായി തമസ്‌കരിക്കപ്പെടും എന്നതാണത്. മനുഷ്യജീവിതത്തിനും സംസ്‌കാരത്തിനും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധങ്ങളില്‍പോലും അനാരോഗ്യകരമായ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഈ പ്രവണത നിമിത്തമായേക്കാം. 

രതിയുമായി ബന്ധപ്പെട്ട അതിഭാവുകത്വവും കാല്‍പനികതയും കലര്‍ന്ന വര്‍ണനകളും പുതിയ കാലത്ത് സൃഷ്ടിക്കപ്പെട്ട പരസ്യ കാമചേഷ്ടകളും സൃഷ്ടിക്കുന്ന ഒരു ലൈംഗികദാരിദ്ര്യമുണ്ട്. ഇത്തരം ചേഷ്ടകളെ സ്വയം തന്നെ ഒരു അധര്‍മമായി സദൂമ്യരെ പ്രവാചകന്‍ ലൂത്വ് ഓര്‍മപ്പെടുത്തുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഇതിനപ്പുറം ആ സമൂഹത്തിന്റെ മുഖ്യസ്വഭാവമായി സ്വവര്‍ഗാസക്തി മാറുന്നതിന് ഒരു പ്രധാന കാരണം എന്ന നിലക്കും ഇത്തരം പരസ്യചേഷ്ടകളെ വിലയിരുത്താം. ഈ അതിഭാവുകത്വങ്ങള്‍ തന്നെയും പ്രയോഗതലത്തില്‍ ഒരുതരം അസംതൃപ്തി സൃഷ്ടിച്ചേക്കാം. മറ്റു പല കാര്യങ്ങളിലും കാല്‍പനികതയും പ്രായോഗികതയും തമ്മിലുള്ള അന്തരം തിരിച്ചറിയുന്ന മനുഷ്യന്‍ രതിയില്‍ മാത്രം ഈ അതിഭാവുകത്വത്തിന്റെ സാക്ഷാല്‍ക്കാരം പ്രതീക്ഷിക്കുന്നു. 

ഒപ്പം ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമൊക്കെ അവന്‍ ദര്‍ശിക്കുന്ന വൈചിത്ര്യങ്ങളും വൈകൃതങ്ങളും രതിയുടെ സ്വാഭാവികരീതികളില്‍ അപൂര്‍ണത തോന്നിക്കുന്നു. ഇത് പക്ഷേ, ഒരര്‍ഥത്തില്‍ പണ്ടേ തുടങ്ങിയതാണ്. അറുപത്തെട്ട് രതിനിലകള്‍ വിവരിക്കുന്നുണ്ട് 'കാമസൂത്ര'യില്‍ വാത്സ്യായനന്‍. ഇതില്‍ പലതും പൗരാണിക ക്ഷേത്രച്ചുവരുകളില്‍ ശില്‍പങ്ങളായി ചിത്രീകരിച്ചതായും കാണാം. എന്നാല്‍ ഇതിലെ മൂന്നോ നാലോ നിലകളൊഴിച്ച് ബാക്കിയുള്ളവയിലേതെങ്കിലും പ്രാക്ടീസ് ചെയ്യാന്‍ ഒരാള്‍ തുനിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ നടുവൊടിഞ്ഞ് കിടക്കാന്‍ അതു തന്നെ മതി. ഈ അറുപത്തെട്ട് നിലകളുടെയും പ്രയോഗത്തിലും അനുഭൂതിയിലും വിചാരപ്പെട്ടു നടക്കുന്ന ഒരാള്‍ ഒന്നുകില്‍ ഇണയില്‍ നിരാശനാവും, അല്ലെങ്കില്‍ തന്നെ ഒന്നിനും കൊള്ളാത്തവനായി മനസ്സിലാക്കും. ഇത്തരം പ്രവണതകളൊക്കെയും വിചിത്രവും അസ്വാഭാവികവുമായ രീതികള്‍ അന്വേഷിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചേക്കാം. 

ഇത്തരം നൈരാശ്യങ്ങളെ ശമിപ്പിക്കുന്നതിനു വേണ്ടിയാണ് ലൈംഗികതയില്‍ ആപല്‍ക്കരവും അധാര്‍മികവുമായ പരീക്ഷണങ്ങള്‍ക്ക് അവന്‍ മുതിരുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ പലേടത്തും ഓര്‍ഗികള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. ഒരുപാട് ഇണകള്‍ ഒരുമിച്ചൊരു മുറിയില്‍, ചിലപ്പോള്‍ പരസ്പരം ചേര്‍ന്നു കൊണ്ടൊക്കെ നടക്കുന്ന മദിരോത്സവങ്ങളെയും രതിക്കൂത്തുകളെയുമാണ് Orgy എന്ന് പറയുക. 

ഒപ്പം ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവവും നിലനില്‍ക്കുന്നു. ജനനേന്ദ്രിയങ്ങളുടെ പരസ്പരഘര്‍ഷണമല്ല ലൈംഗികത. ശരീരത്തിലെ എല്ലാ അവയവങ്ങളും ഒപ്പം മനസ്സും ബോധവും പൂര്‍ണമായും പങ്കു കൊള്ളേണ്ട ഒരു പ്രക്രിയയാണത്. നോട്ടം, ചുംബനം, സ്പര്‍ശനം, വര്‍ത്തമാനം എല്ലാം ഇതില്‍ പ്രധാനമാണ്. ഇണയുടെ അഭീഷ്ടങ്ങള്‍ അറിയാനും സാക്ഷാല്‍ക്കരിക്കാനുമുള്ള വ്യഗ്രത രണ്ടു പേരിലുമുണ്ടാവണം. രതിയിലേര്‍പ്പെടുന്ന ഇണകളുടെ ലോകം അവരുടെ മാത്രം ലോകമാണ്. അതങ്ങനെത്തന്നെയായിരിക്കുകയും വേണം. ഇത്തരം ബോധങ്ങളുടെ അഭാവവും സ്വാഭാവികമായ രതിയില്‍ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍തന്നെ ശരിയായ ലൈംഗികാവബോധം പ്രസക്തമായിത്തീരുന്നു. 

വിവാഹം കഴിക്കാനുള്ള അവകാശത്തോടൊപ്പം സ്വവര്‍ഗദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം കൂടി ഇവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നുണ്ടല്ലോ. ദത്തെടുക്കാന്‍ കുഞ്ഞുങ്ങളെ ഇഷ്ടം പോലെ കിട്ടും. എന്നാല്‍ ഈ ദമ്പതികള്‍ക്കൊപ്പം വളര്‍ന്നുവരുന്ന കുഞ്ഞിന്റെയും ഐഡന്റിറ്റി ഇതേ രീതിയില്‍ സെറ്റ് ചെയ്യപ്പെടാനാണ് വളരെക്കൂടുതല്‍ സാധ്യതകളുള്ളത്. ഒപ്പം മനസ്സിലാക്കേണ്ട കാര്യം, ലൈംഗികക്കമ്പോളത്തിന് ഇത് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു എന്നതാണ്. ഇന്റര്‍നെറ്റിലെ ഡാര്‍ക്ക്, ഡീപ് വെബ്ബുകള്‍ രതിക്കമ്പോളത്തിന്റെ ആഗോളീകരണത്തെ വ്യാപകമാക്കിയിട്ടുണ്ട്. ഈ കമ്പോളത്തിലേക്ക് കൂടുതല്‍ വിഭവങ്ങള്‍, അങ്ങനെ ഈ കച്ചവടത്തിന്റെ വിപുലനത്തിനുള്ള കൂടുതല്‍ സാധ്യതകള്‍ ഉറപ്പു വരുത്തുകയാണ് മൂലധനശക്തികള്‍ ചെയ്യുന്നത്. ഉദാരലൈംഗികത എന്നത് കമ്പോളത്തിന്റെ താല്‍പര്യമാണ്. 

 

സംസ്‌കാരം 

സാംസ്‌കാരിക പരിണാമം എന്ന് മുകളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഖുര്‍ആനിലെ ലൂത്വിന്റെ പരിശ്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ തന്നെ എതിര്‍പ്പ് ഇതിനെയാണ് അടയാളപ്പെടുത്തുന്നത്. സദൂമില്‍ നിലനിന്നിരുന്നത് മെയില്‍ ഹോമോസെക്ഷ്വാലിറ്റിയാണ്. ഒരു നിലക്കും അതിന്റെ ഗുണഭോക്താവല്ല ആ സ്ത്രീ. 

സ്ത്രീ സ്വവര്‍ഗാസക്തി അഥവാ ലെസ്ബിയനിസം എന്ന വിഷയം തന്നെ യഥാര്‍ഥത്തില്‍ രതിയേക്കാള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ഒന്നിലും പുരുഷനെ ആശ്രയിക്കാതിരിക്കുക എന്ന തീവ്രാശയം വെച്ചുപുലര്‍ത്തിയിരുന്ന, പുരുഷവിദ്വേഷവും പുരുഷനിരാകരണവും മുഖമുദ്രയാക്കിയിരുന്ന റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ കുടുംബജീവിതത്തിന്റെ ചിട്ടകള്‍ക്ക് വഴങ്ങുന്നതിനോ പുരുഷന്റെ ശാരീരികതൃഷ്ണകള്‍ തൃപ്തിപ്പെടുത്തുന്നതിനോ അയാളുടെ പിന്തുടര്‍ച്ചക്കായി മക്കളെ പ്രസവിക്കുന്നതിനോ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിച്ചു. തനിക്ക് സംരക്ഷണം നല്‍കുന്നതിന് പ്രത്യുപകാരമായി മാത്രമാണ് സ്ത്രീ ഇത്രയും കാര്യങ്ങള്‍ക്ക് സന്നദ്ധയാവുന്നത്. ഈ സംരക്ഷണം സ്വയം നേടിയെടുത്താല്‍ പിന്നെ ഇത്തരം കാര്യങ്ങളില്‍നിന്നെല്ലാം അവള്‍ മുക്തയായിത്തീരും. വിവാഹവും കുടുംബഘടനയും സാമൂഹിക തിന്മകളുടെ പ്രത്യക്ഷ കാരണമാണെന്നാണ് ഷൂലാമിത്ത് ഫയര്‍‌സ്റ്റോണ്‍ വിലയിരുത്തിയിട്ടുള്ളത്. 

ഇതിന്റെ അടുത്ത ഘട്ടത്തിലുള്ള വികാസമാണ് സ്ത്രീ-പുരുഷ ബന്ധങ്ങള്‍ നിരാകരിക്കപ്പെട്ടതും സ്വവര്‍ഗപ്രണയം സ്വാഭാവികവും സ്വീകാര്യവുമായിത്തീര്‍ന്നതും. ഇതേത്തുടര്‍ന്ന് 'മൈ ബോഡി, മൈ ചോയ്‌സ്' എന്ന മുദ്രാവാക്യത്തോടെ മുന്നോട്ടു വെക്കപ്പെട്ട രാഷ്ട്രീയാശയമാണ് ലെസ്ബിയന്‍ ഫെമിനിസം. ഈ ലെസ്ബിയന്‍ ഫെമിനിസമാണ് പുതിയ കാലത്തെ ലെസ്ബിയന്‍ ലൈംഗികാസക്തിയായി വികസിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു. വൈയക്തികമായി ദാമ്പത്യബന്ധത്തില്‍ ഉണ്ടാകുന്ന അസംതൃപ്തികളും ഇതിന് നിമിത്തമായേക്കാം. അത്തരമൊരു പരിചരണമാണ് ദീപാ മേത്തയുടെ 'ഫയര്‍' എന്ന സിനിമയിലുള്ളത്. 

തന്റെ സമൂഹം പരമ്പരാഗതമായി കൊണ്ടു നടക്കുന്ന സംസ്‌കാരത്തെ ഭര്‍ത്താവ് ചോദ്യം ചെയ്തു എന്നതാണ് ലൂത്വിന്റെ ഭാര്യയെ പ്രകോപിതയാക്കിയത്. സാത്വികനും പ്രവാചകനുമായ ഭര്‍ത്താവില്‍നിന്ന് ദൂരം പാലിക്കാന്‍ അവര്‍ക്ക് പ്രേരണ നല്‍കിയതും ഈ പ്രകോപനമാണ് എന്നു വേണം ചിന്തിക്കാന്‍. 

എത്തിക്‌സിനെ മൈനസ് ചെയ്തുകൊണ്ടുള്ള ഇസ്‌ലാം എന്നത് പൂജ്യമായിരിക്കും. ഒപ്പം സമൂഹത്തിലെ ധര്‍മവിരുദ്ധമായ പ്രവണതകള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധം തീര്‍ക്കല്‍ മുസ്‌ലിംകളുടെ ബാധ്യതയുമത്രെ. ഫലപ്രദമായ പ്രതിരോധം എന്ന പ്രയോഗത്തെ ശരിക്ക് മനസ്സിരുത്തി വിലയിരുത്തേണ്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (47-49)
എ.വൈ.ആര്‍

ഹദീസ്‌

അല്ലാഹുവിനിഷ്ടം സ്ഥിരതയാര്‍ന്ന കര്‍മങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍