Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 26

3073

1440 സഫര്‍ 16

വി.വി അബ്ദുസ്സലാം

സി.കെ.എ ജബ്ബാര്‍

ജീവിതാവസാനം വരെ സേവനം ചെയ്യുക എന്ന അനുഗൃഹീതമായ ജീവിതസാക്ഷ്യം നിര്‍വഹിച്ചാണ് കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകന്‍ വി.വി അബ്ദുസ്സലാം യാത്രയായത്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് നടന്ന ഇന്ധന വിലവര്‍ധനവിനെതിരായ സമരമുഖത്ത് മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം. ഒരുമാസം മുമ്പ് പ്രളയ ദുരിതാശ്വാസ സേവനത്തിനായി ദിവസങ്ങളോളം തൃശൂരിലായിരുന്നു. പ്രവാസിയെന്ന നിലയില്‍ അബൂദബി ഐ.വൈ.എയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മികച്ച കലാകാരന്‍, പ്രസംഗകന്‍, സംഘാടകന്‍. അതിലുപരി സാധാരണക്കാരുമായും കുട്ടികളുമായും ഇടപഴകി ഇസ്‌ലാമിക മൂല്യങ്ങള്‍ ആശയവിനിമയം നടത്തുന്നതില്‍ അഗ്രഗണ്യനുമായിരുന്നു. 

ജീവിതത്തില്‍ കിട്ടിയ സന്ദര്‍ഭങ്ങളെല്ലാം ഇസ്‌ലാമിക പ്രബോധനമാര്‍ഗത്തിലും സേവനത്തിലും പൊതുപ്രവര്‍ത്തനത്തിലും മുഴുകിയ അസാധാരണ കര്‍മസാക്ഷ്യത്തിന്റെ ഉടമയാണ് അബ്ദുസ്സലാം. എം.എസ്.എഫിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് കടന്നു. പിന്നീട് എസ്.ഐ.ഒ കണ്ണൂര്‍ ഏരിയാ കമ്മിറ്റി അധ്യക്ഷനായും ജില്ലാ സമിതി അംഗമായും പ്രവര്‍ത്തിച്ചു. എണ്‍പതുകളില്‍ കണ്ണൂര്‍ സിറ്റിയെ കാര്‍ന്നുതിന്നിരുന്ന ചൂതാട്ടത്തിനെതിരായ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭങ്ങളുടെ മുഖ്യസാരഥികളില്‍ ഒരാളായിരുന്നു. അന്ന് കണ്ണൂരില്‍ നടന്ന കുപ്രസിദ്ധമായ കാബറെ നൃത്താഭാസത്തിനെതിരായ സമരസമിതിയെ നയിച്ച അബ്ദുസ്സലാം ഈ വിഷയത്തില്‍ നടന്ന നിരവധി സമരപരിപാടികളില്‍ തീപ്പൊരി പ്രസംഗം നടത്തി പത്രകോളങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. അബ്ദുസ്സലാം അന്ന് നടത്തിയ പ്രസംഗത്തിന്റെ തലവാചകമായിരുന്നു കണ്ണൂര്‍ എസ്.പി.യുടെ ശ്രദ്ധ ക്ഷണിക്കുന്ന വിധത്തില്‍ സുദിനം സായാഹ്ന പത്രം തലക്കെട്ട് നല്‍കിയത്. 'യുവാവായ പൊലീസ് മേധാവി ലജ്ജിക്കുക' എന്നായിരുന്നു മുഖപ്രസംഗത്തിന്റെ തലക്കെട്ട്. ഇതിനെ തുടര്‍ന്നാണ് കാബറെ നടന്ന ഹോട്ടല്‍ പൊലീസ് റെയ്ഡ് ചെയ്ത് പൂട്ടിയത്. അബ്കാരി ലേലത്തിനെതിരായ സമരത്തെ ചെത്തുതൊഴിലാളി ഗുണ്ടകള്‍ അക്രമിച്ചപ്പോള്‍ മുന്‍നിരയില്‍ ചെറുത്തു നില്‍ക്കുകയും മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ബംഗളൂരു പാലസ്ഗ്രൗണ്ടില്‍ നടന്ന എസ്.ഐ.ഒ പ്രഥമ ദേശീയ സമ്മേളനത്തിലും സമ്മേളനാനന്തര പ്രവര്‍ത്തനങ്ങളിലും ആഴ്ചയോളം വളന്റിയര്‍ സേവനമനുഷ്ഠിച്ചു. പ്രസ്ഥാനം ഏല്‍പിക്കുന്ന ഏതു ജോലിയും വൈമനസ്യമില്ലാതെ ഏറ്റെടുക്കുന്നതില്‍ എല്ലാവര്‍ക്കും മാതൃകയാണ് അബ്ദുസ്സലാം. അദ്ദേഹത്തിന്റെ വൈവാഹിക ജീവിതം പോലും പ്രസ്ഥാനത്തിന്റെ തീരുമാനമനുസരിച്ചായിരുന്നു. ഇന്നത്തേതു പോലെ വനിതാ ഘടന അത്രയൊന്നും വികസിച്ചിട്ടില്ലാത്ത അക്കാലത്ത് സ്ത്രീധന വിവാഹാലോചനകളെ തിരസ്‌കരിച്ച് കുടുംബത്തില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന യുവതി നാട്ടാചാര വേദികളില്‍ സംസാരമായി. ഇത് ചര്‍ച്ച ചെയ്ത ജമാഅത്ത് പ്രാദേശിക ഘടകം അബ്ദുസ്സലാമിനോട് യുവതിക്കു വേണ്ടി വിവാഹാലോചന നടത്തുകയായിരുന്നു. ജമാഅത്ത് നേതൃത്വം പറഞ്ഞതിനപ്പുറം തനിക്കൊരു തീരുമാനമില്ലെന്ന് സ്വന്തം കുടുംബത്തെയും ബോധ്യപ്പെടുത്താന്‍ അബ്ദുസ്സലാമിന് കഴിഞ്ഞു. മാതൃകാപരമായ ആ വിവാഹം പ്രസ്ഥാനത്തിന്റെ വൈവാഹിക നിലപാടിനെ യുവാക്കളില്‍ പ്രകാശിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ദാമ്പത്യത്തിന്റെ മധുരം അബ്ദുസ്സലാം മരിക്കുവോളം അനുഭവിച്ചു. സഹധര്‍മിണിയായ ആഇശ ടീച്ചര്‍ മുനിസിപ്പല്‍ കൗണ്‍സിലറെന്ന നിലയില്‍ അക്കാലത്തും, മുന്‍കൗണ്‍സിലറെന്ന നിലയില്‍ ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരിയാണ്. എസ്.ഐ.ഒ കണ്ണൂര്‍ മുന്‍ ജില്ലാ സമിതി അംഗവും ദല്‍ഹിയിലെ കീ കമ്യൂണിറ്റി ഡയറക്ടറും യുനൈറ്റഡ് എഗെയിന്‍സ്റ്റ് ഹെയിറ്റ് കമ്മിറ്റി അംഗവുമായ മുഹമ്മദ് ശിഹാദും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷകയായ ഉമ്മുല്‍ ഫായിസയുമാണ് മക്കള്‍. ദല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥിനി ഫാത്വിമ തസ്നീം, ഡോ. കെ. അശ്‌റഫ് (ജോഹന്നാസ്ബര്‍ഗ് സര്‍വകലാശാല, സൗത്ത് ആഫ്രിക്ക) എന്നിവര്‍ മരുമക്കളാണ്.

 

 

സി.കെ യൂസുഫ്

സ്വഭാവ മഹിമയിലും പ്രസ്ഥാന പ്രതിബദ്ധതയിലും മികച്ച മാതൃകയായിരുന്നു സി.കെ യൂസുഫ്. ശയ്യാവലംബിയാകുന്നത് വരെ പ്രസ്ഥാനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. സ്വയം നടക്കാന്‍ സാധിക്കാതായപ്പോള്‍ മകന്‍ മുജീബിന്റെ കൈപിടിച്ചാണ് താമസസ്ഥലമായ പരിയാപുരത്തു നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഒരാടംപാലം പ്രാദേശിക ജമാഅത്തില്‍ പങ്കെടുത്തിരുന്നത്. 

കോഴിക്കോട് ജെ.ഡി.ടി ഹൈസ്‌കൂളില്‍ പ്രാഥമിക പഠനം. മുപ്പതിലധികം വര്‍ഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലിചെയ്തു. ആ സ്ഥലങ്ങളിലെല്ലാം വിശാലമായ സൗഹൃദവലയം ഉാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരിക്കല്‍ സൗഹൃദത്തിലായവരുമായി ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചു. അങ്ങാടിപ്പുറത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും പ്രസ്ഥാനത്തെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും അദ്ദേഹത്തിന്റെ സുഹൃദ് ബന്ധം സഹായകമായിട്ടുണ്ട്. ഖുര്‍ആന്‍ ലളിതസാരം അവരില്‍ അധികപേര്‍ക്കും സൗജന്യമായി നല്‍കി. മങ്കട ഏരിയയിലെ ദഅ്‌വ സെല്‍ അംഗമായും ഓരാടംപാലം ഹല്‍ഖയിലെ മലര്‍വാടി കോര്‍ഡിനേറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. മക്കള്‍ക്ക് ലൗകിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും നല്‍കാന്‍ ശ്രദ്ധിച്ചു. 

ഫിത്വ്ര്‍ സകാത്ത്, ഉദുഹിയ്യത്ത് എന്നിവ സംഘടിമായി നടത്തുന്നതിന് പ്രദേശവാസികളെ നിരന്തരം ബോധവല്‍ക്കരിച്ചു.

ആഇശയാണ് ഭാര്യ. സൗദ, ജാബിര്‍, മുജീബ് എന്നിവര്‍ മക്കളാണ്.

ടി. അബ്ദുര്‍റഹ്മാന്‍, തിരൂര്‍ക്കാട്

 

 

 

ടി. അബ്ദുല്‍ അസീസ് മാസ്റ്റര്‍

കോഴിക്കോട് ജില്ലയിലെ എലങ്കമല്‍ ഗ്രാമത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച ടി. അബ്ദുല്‍ അസീസ് മാസ്റ്റര്‍ വിടവാങ്ങി. ആയഞ്ചേരി റഹ്മാനിയാ ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊയിലാണ്ടി ഗവ. മാപ്പിള ഹൈസ്‌കൂള്‍, കുറ്റ്യാടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലായാണ് അസീസ് മാസ്റ്റര്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്. ഊട്ടേരി ജുമാ മസ്ജിദ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇ.കെ അഹ്മദ് കുട്ടി ഹാജിയോടൊപ്പം പങ്കുവഹിച്ചു. ദീര്‍ഘകാലം പള്ളി കമ്മിറ്റി അംഗമായിരുന്നു. സ്വന്തം വീടിനു സമീപം താന്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച മസ്ജിദുല്‍ ഇസ്‌ലാഹ് കമ്മിറ്റിയുടെ പ്രസിഡന്റായിരിക്കെയാണ് മരണപ്പെട്ടത്.

വിദ്യാര്‍ഥികാലം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ സഹയാത്രികനായ മാസ്റ്റര്‍ പൊതുസമ്മതനായ വ്യക്തിയായിരുന്നു. 18 വര്‍ഷക്കാലം പ്രദേശത്തെ സുന്നി മദ്‌റസയുടെ സെക്രട്ടറിയായിരുന്നു. മരണശേഷം പ്രസ്തുത മദ്‌റസയില്‍ വെച്ചാണ് ആദ്യ അനുസ്മരണ സമ്മേളനം നടന്നത്. നാട്ടിലെ റോഡ് വികസനം, വൈദ്യുതി കണക്ഷന്‍, ക്ഷേമ പെന്‍ഷന്‍, വീടു നിര്‍മാണം, പള്ളി-മദ്‌റസ പരിപാലനം തുടങ്ങി എല്ലാ കാര്യങ്ങളിലും അസീസ് മാസ്റ്ററുടെ നേതൃപരമായ പങ്കുണ്ടായിരുന്നു. മാതൃകാഅധ്യാപകനായ അദ്ദേഹം സ്‌കൂളിനു പുറത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യയും 3 മക്കളുമുണ്ട്.

സഈദ് എലങ്കമല്‍

 

 

 

അബൂബക്കര്‍ മാസ്റ്റര്‍

ചെറുപ്പം മുതല്‍ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു മലപ്പുറം ജില്ലയിലെ കുനിയില്‍ അബൂബക്കര്‍ മാസ്റ്റര്‍. പത്തു വര്‍ഷത്തിലധികമായി രോഗം ബാധിച്ചു കിടപ്പിലായിരുന്നു.

എന്റെ ജ്യേഷ്ഠസഹോദരനാണ് അബൂബക്കര്‍ മാസ്റ്റര്‍. വാഴക്കാട് സ്വദേശികളായ ഞങ്ങള്‍, വാഴക്കാട് ദാറുല്‍ ഉലൂമിലും ഹൈസ്‌കൂളിലുമാണ് പഠിച്ചിരുന്നത്. 1966-ലാണ് ഞങ്ങള്‍ ജമാഅത്തുമായി ബന്ധപ്പെടുന്നത്. എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ പഠിച്ചുകൊണ്ടിരിക്കെ ജ്യേഷ്ഠന് അറബി അധ്യാപകനായി തിരൂരങ്ങാടിക്കടുത്ത് ത്രിക്കുളം ഗവ. യു.പി സ്‌കൂളില്‍ ജോലി ലഭിച്ചു. തിരൂരങ്ങാടിയില്‍ ജമാഅത്ത് മുത്തഫിഖായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം കാര്‍കുന്‍ ഘടന നിലവില്‍ വന്നതോടെ കാര്‍കുന്‍ ആയി. വണ്ടൂര്‍, നിലമ്പൂര്‍ ഭാഗങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ അവിടങ്ങളിലും സജീവമായിരുന്നു.

മക്കളെ ഇസ്‌ലാമിക പ്രവര്‍ത്തകരാക്കി വളര്‍ത്തുന്നതിലും അബൂബക്കര്‍ മാസ്റ്റര്‍ ഏറെ തല്‍പരനായിരുന്നു. അധ്യാപികയായ ഭാര്യയും അക്കാര്യത്തില്‍ സഹകരിച്ചു. മറ്റു കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും മറ്റും നല്‍കാറുമുണ്ടായിരുന്നു. പ്രശസ്തി ആഗ്രഹിക്കാതെ ധനവ്യയം ചെയ്യുന്നതില്‍ അബൂബക്കര്‍ മാസ്റ്റര്‍ മാതൃകയായി.

കെ.സി ജലീല്‍ പുളിക്കല്‍

 

 

 

നെച്ചിക്കണ്ടന്‍ മൊയ്തീന്‍

മലപ്പുറം ഹാജിയാര്‍ പള്ളി ജമാഅത്തെ ഇസ്‌ലാമി ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഈയിടെ നിര്യാതനായ നെച്ചിക്കണ്ടന്‍ മൊയ്തീന്‍ സാഹിബ്. മലപ്പുറത്തു നടന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തിന് പന്തലൊരുക്കാന്‍ എത്തിയ ജോലിക്കാരനായിരുന്നു അദ്ദേഹം. ജമാഅത്ത് നേതാക്കളുടെ പെരുമാറ്റത്തില്‍ ആകൃഷ്ടനായ അദ്ദേഹം സമ്മേളനത്തോടെ പ്രസ്ഥാന പ്രവര്‍ത്തകനായി മാറി. ചെറുപ്പത്തില്‍ തന്നെ മാതാവും പിതാവും നഷ്ടപ്പെട്ട അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല.  ആരുടെ മുന്നിലും തലകുനിക്കാത്ത ധീരനായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നപ്പോള്‍ പൗരോഹിത്യത്തിന്റെയും നാട്ടുപ്രമാണിത്തത്തിന്റെയും മുന്നില്‍ ഏതു വെല്ലുവിളിയെയും നേരിടാന്‍ അദ്ദേഹം പ്രസ്ഥാനത്തെ പ്രാപ്തമാക്കി.

ഇസ്സുദ്ദീന്‍ മൗലവി, അബ്ദുസ്സലാം മൗലവി തുടങ്ങിയ ആദ്യകാല നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ശേഷം വൈജ്ഞാനിക സദസ്സുകളില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നു.

തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം തന്റെയും പ്രസ്ഥാന പ്രവര്‍ത്തകരുടെയും മക്കള്‍ക്കും നാട്ടുകാര്‍ക്കും ലഭിക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. ഓരോ വര്‍ഷവും നാട്ടില്‍നിന്നുള്ള കുട്ടികളെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പ്രസ്ഥാനത്തിനു കീഴിലുള്ള അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയക്ക് അദ്ദേഹം പത്തു സെന്റ് സ്ഥലം വഖ്ഫ് ചെയ്യുകയുണ്ടായി.

പി. അനീസുര്‍റഹ്മാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (47-49)
എ.വൈ.ആര്‍

ഹദീസ്‌

അല്ലാഹുവിനിഷ്ടം സ്ഥിരതയാര്‍ന്ന കര്‍മങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍