Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 26

3073

1440 സഫര്‍ 16

വേണമെങ്കില്‍ ഐ.എ.എസ് അനാഥാലയത്തിലും കായ്ക്കും

ടി.ഇ.എം റാഫി വടുതല

നീലഗിരിക്കുന്നുകളിലെ ഇളമ്പേരി മലയില്‍നിന്ന് ഒഴുക്ക് തുടങ്ങുന്ന ചാലിയാര്‍ പുഴ ഏറനാടന്‍ മലനിരകളെ തലോടി അറബിക്കടലിന്റെ മാറില്‍ തല ചായ്ച്ചുറങ്ങി. പുസ്തക സഞ്ചിയും അലൂമിനിയം പെട്ടിയും തൂക്കി കുബേര മക്കള്‍ കലാലയങ്ങളിലേക്ക് പടികടന്ന് പോയപ്പോള്‍ കൊണ്ടോട്ടി റോഡിന്റെ ഓരം ചേര്‍ന്നുനിന്ന പൊടി പിടിച്ച കുട്ടക്കടയില്‍ ജീവശ്വാസത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത ഒരു പിതാവിന് ഒരു ബാലന്‍ കൂട്ടിരുന്നു. ഉപയോഗശൂന്യമായ സൈക്കിള്‍ ട്യൂബില്‍നിന്നും വെട്ടിയെടുത്ത റബര്‍ വള്ളിയില്‍ കുരുക്കിയ പുസ്തകക്കെട്ടുകള്‍ ആലസ്യം വിട്ടുമാറാത്ത നെഞ്ചില്‍ ചേര്‍ത്തുവെച്ചു. ഇളംകാറ്റിലിളകിയ കടലാസു തോണി  പോലെ ആര്‍ക്കൊക്കെയോ വേണ്ടി ആ ബാല്യം തള്ളിനീക്കിക്കൊണ്ടിരുന്നു. മാനം മുട്ടെ പ്രതീക്ഷകള്‍ നിറച്ച കുഞ്ഞിക്കടയില്‍ തൂക്കിയ റാന്തല്‍ വിളക്കിലെ വെളിച്ചത്തിലും വെറ്റിലയില്‍ തേച്ചുപിടിപ്പിച്ച ചുണ്ണാമ്പിന്റെ വെളുത്ത നിറത്തിലും അവന്‍ മങ്ങിയ സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടിരുന്നു.

കാലത്തിന്റെ കറക്കത്തില്‍ ചാലിയാര്‍ പിന്നെയുമൊഴുകി. ഓക്‌സിജനു വേണ്ടി വലിച്ചുകൊണ്ടിരുന്ന പിതാവിന്റെ അവസാന ശ്വാസവും നിലച്ചു. ഇന്നലെ വരെ പിതാവിന്റെ വിരലറ്റം പിടിച്ചു നടന്ന ബാലന്‍ അനാഥനായി. പറമ്പും പാടവും കടന്ന് തോട്ടുവക്കിലൂടെയുള്ള ചുറ്റിവളഞ്ഞ നടപ്പാതയിലൂടെ ഖബ്ര്‍സ്ഥാനിലേക്ക് ആ അനാഥ ബാലന്‍ നടന്നുനീങ്ങി. കണ്ണീര്‍പാടം നീന്തിക്കടന്ന ദുഃഖഭാരത്തോടെ മൂന്നു പിടി മണ്ണെടുത്ത് അന്ത്യ പ്രാര്‍ഥനയോടെ പിതാവിന്റെ ഖബ്‌റിലേക്കിട്ടു. മടക്ക യാത്രയില്‍ പാദം മുന്നോട്ടുവെച്ചിട്ടും നടപ്പാതക്ക് ദൈര്‍ഘ്യം കൂടിയതുപോലെ. പിതാവ് നീട്ടിത്തന്ന പ്രതീക്ഷകളുടെ വിരലറ്റവും നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ സങ്കടക്കൊടുമുടിയില്‍ നില്‍ക്കെ ഉറ്റവരും ഉടയവരും എറിഞ്ഞുകൊടുത്ത പിടിവള്ളി യതീംഖാന മാത്രം. പറക്കമുറ്റാത്ത അനുജത്തിമാര്‍ക്കും പഠനഭാരം പേറി നടന്ന സഹോദരനും സഹോദരിക്കും, ജീവിതത്തിന്റെ വഴി അടഞ്ഞ മാതാവിനും മുന്നില്‍ അതൊന്നു മാത്രമേ സംരക്ഷണത്തിന്റെ തണല്‍ വിരിക്കാന്‍ ഉണ്ടായിരുന്നുള്ളൂ.

പിതാവിന്റെ വിരല്‍ പിടിച്ച് ചാലിയാര്‍ മുറിച്ചുകടന്ന ഇന്നലെകളും മധുര നാരങ്ങയുടെ മണവും കണ്ണീരണിഞ്ഞ ഓര്‍മകള്‍ മാത്രമായി. മാതാവ് നീട്ടിത്തന്ന വിരലറ്റം പിടിച്ച്, ഈറന്‍ മിഴികളും മൂകമായ മനസ്സുമായി മുക്കം യതീംഖാനയിലേക്ക് വണ്ടികയറി. നിസ്സഹായതയുടെ ആഴക്കടലില്‍ മുങ്ങിപ്പോകുമായിരുന്ന ജീവിതസഞ്ചാരം അനാഥാലയമെന്ന നോഹയുടെ പേടകത്തിലേക്ക് മാറി. അനാഥാലയത്തിനകത്തെ പച്ചില മരങ്ങളും പുറത്തെ വള്ളിക്കുടിലുകളില്‍ ദര്‍ശിച്ച തിളക്കവും രാത്രി നമസ്‌കാരത്തിനു വേണ്ടിയുള്ള നടത്തത്തില്‍ വെളിച്ചം പകര്‍ന്ന റാന്തല്‍ വിളക്കിലെ നാളങ്ങളും ജീവിതത്തില്‍ പ്രചോദനമായി.

ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും കൂട്ടിനില്ലാത്ത അനാഥാലയത്തിലെ ജീവിതം ആദ്യമൊക്കെ വിരസമായെങ്കിലും പിന്നീട് വിജ്ഞാനത്തിന്റെ ഉര്‍വര ഭൂമികകള്‍ വളര്‍ത്തി സ്വപ്‌നം കാണാന്‍ പഠിപ്പിച്ചു. അനാഥാലയത്തിന്റെ ഭാരവാഹികള്‍ രക്ഷകര്‍ത്താക്കളായി. അന്തേവാസികള്‍ കൂടപ്പിറപ്പുകളും. യതീംഖാനയിലെ ഉസ്താദുമാരും വാര്‍ഡന്മാരും ജീവനക്കാരും അടുക്കളയിലെ പാചകക്കാരികളും പള്ളിക്കൂടത്തിലെ ഗുരുക്കന്മാരും സഹപാഠികളും എന്തിനേറെ മുക്കത്തെ കടകളിലെ കച്ചവടക്കാരുമൊക്കെ എവിടെയൊക്കെയോ വിജയത്തിന്റെ വിത്തെറിഞ്ഞു കൊടുത്തു. പള്ളിക്കൂടങ്ങളിലെ പാഠഭാഗങ്ങളില്‍ കയറിവന്ന അനാഥ കഥാപാത്രങ്ങളില്‍ ജീവിതത്തിന്റെ താരതമ്യം കണ്ടു. എസ്.എസ്.എല്‍.സി പരീക്ഷ എന്ന കടമ്പ മത്സരബുദ്ധിയോടെ വിജയിച്ചെങ്കിലും കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ ചെങ്കല്‍ക്വാറിയിലെത്തിച്ചു. പ്രതിസന്ധികളുടെ പാറമടകളില്‍ തട്ടി ജീവിതം ഇരുന്നും ഇഴഞ്ഞും മുന്നോട്ടുപോയി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ പണിയില്‍ കൂലി വേലക്കാരനായി... പ്യൂണായി... അധ്യാപകനായി.. ഓരോ വേഷവും സാര്‍ഥകമാകേണ്ട ലക്ഷ്യത്തിലേക്കുള്ള ഈടുവെപ്പുകളായിരുന്നു.

പത്താംതരം വിജയത്തിനു ശേഷം പങ്കെടുത്ത തൊഴില്‍ മാര്‍ഗനിര്‍ദേശ ശിബിരത്തില്‍ കേട്ട ഐ.എ.എസ് എന്ന മൂന്നക്ഷരം മങ്ങിയ ഓര്‍മകളുടെ മണ്ണിനടിയില്‍ ദാഹജലം തേടിയ ഒരു വിത്തായി മാഞ്ഞുകിടന്നു. പത്രത്താളുകളില്‍നിന്ന് വെട്ടി സൂക്ഷിച്ച പൊടി പിടിച്ച പത്രകട്ടിംഗുകളില്‍ ഒന്ന് കൈയില്‍ ഉടക്കി. മങ്ങിയ പേപ്പറിലെ പൊടിപിടിച്ച പദങ്ങള്‍ വായിച്ചെടുത്തു; 'ഐ.എ.എസ് ഒരു ബാലികേറാമലയല്ല.' ഉയരങ്ങളിലേക്ക് പടര്‍ന്നുപൊങ്ങുന്ന വള്ളിപ്പടര്‍പ്പുകള്‍ക്ക് മുകളില്‍ പുഷ്പദളങ്ങളില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന വിജയികളുടെ മുഖങ്ങള്‍. സ്വപ്‌നങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ വര്‍ണച്ചിറകുകള്‍ നല്‍കി യാത്ര തുടര്‍ന്നു. വാതിലുകള്‍ ഒത്തിരി മുട്ടി. പലതും സൗഭാഗ്യം പോലെ തുറന്നുകിട്ടി. ചൂടില്‍ കിതച്ചും തണുപ്പില്‍ വിറച്ചും അസുഖ വേളകളില്‍ തളര്‍ന്നും ദല്‍ഹിയിലും തിരുവനന്തപുരത്തുമൊക്കെയായി ത്യാഗസമര്‍പ്പണത്തിന്റെ സഹനജീവിതം നയിച്ചു. പ്രക്ഷുബ്ധമായ പാരാവാരം വിദഗ്ധനായ ഒരു കപ്പിത്താനെ സൃഷ്ടിക്കുന്നതുപോലെ ജീവിത പ്രാരാബ്ധങ്ങളുടെ അഗ്നിപര്‍വതങ്ങള്‍ ഒരു പ്രതിഭയെ സൃഷ്ടിച്ചു.

ശൈശവവും ബാല്യവും കൗമാരവും കണ്ട ചാലിയാറിന്റെ ഓളങ്ങള്‍ ലക്ഷ്യസാഫല്യത്തിന്റെ അറബിക്കടല്‍ കണ്ടു. അനാഥശാലയുടെ രക്ഷാകവാടത്തിലേക്ക് കൈപിടിച്ചു നടന്ന മാതാവിന്റെ വിരലറ്റം പിടിച്ച് അവരുടെ തന്നെ ചികിത്സക്കായി കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രിയുടെ തിരുമുറ്റത്തെത്തി. തിരക്കുള്ള വരിയില്‍ അരുമക്കിടാവിന്റെ കൈവിരല്‍ പിടിച്ചുനില്‍ക്കെ കീശയിലെ ഫോണ്‍ശബ്ദം. ഇരുളടഞ്ഞ ജീവിതത്തിന്റെ പാതിരാവുകള്‍ക്കു ശേഷം അരുണോദയം കണ്ട വിജയപ്പക്ഷിയുടെ കളകൂജനം. 'മാഷേ, നിങ്ങള്‍ ലിസ്റ്റിലുണ്ട്. 226-ാം റാങ്കാണ്.' മരുഭൂമിയെ തലോടിയ വചനപ്രസാദം പോലെ ഹൃദയത്തില്‍ സന്തോഷത്തിന്റെ പേമാരി പെയ്തു. അധരങ്ങളില്‍ 'അല്‍ഹംദു ലില്ലാഹ്' എന്ന പ്രകീര്‍ത്തനം.

മുഹമ്മദ് അലി ശിഹാബ് എന്ന അനാഥ ബാലന്‍ ഐ.എ.എസ് ഒരു ബാലികേറാമലയല്ലെന്ന് തെളിയിച്ച ജീവിതകഥയാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച 'വിരലറ്റം' എന്ന പുസ്തകം. ത്യാഗത്തിന്റെ ഉപ്പുരസമുള്ള മഷിത്തുള്ളികളെ സ്വന്തം ജീവിതമാകുന്ന തൂലികക്കുള്ളില്‍നിന്ന് നിര്‍ഗളിപ്പിച്ച ആത്മകഥാ പുസ്തകമാണ് 'വിരലറ്റം'. ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാവുന്ന ജീവിതാനുഭവങ്ങള്‍. ഇഛയുടെ പരമമായ വിജയം എന്നാണ് അവതാരികയില്‍ എന്‍.എസ് മാധവന്‍ കഥയുടെ പൊരുളെഴുതിയത്. അദ്ദേഹം തന്നെ സൂചിപ്പിക്കുന്നതുപോലെ സമൂഹത്തിലെ മധ്യവര്‍ഗവും അതിനു മുകളിലുള്ളവരും ലക്ഷങ്ങള്‍ കോച്ചിംഗ് ക്ലാസ്സുകള്‍ക്കായി ചെലവഴിച്ച് നേടിയെടുക്കുന്ന ഐ.എ.എസ് ജീവിതദുരിതങ്ങള്‍ക്കിടയിലും നേടിയെടുക്കാന്‍ കഴിയുന്ന ഒന്നാണെന്ന് ഈ ആത്മകഥ ധ്വനിപ്പിക്കുന്നു.

'വിരലറ്റം ഒരു യുവ ഐ.എ.എസ്സുകാരന്റെ ജീവിതം' എന്ന പുസ്തകം പരിചയപ്പെടുത്തുന്നതും സാക്ഷര കൈരളിയിലെ ബുദ്ധിജീവികള്‍ക്കു വേണ്ടിയുമല്ല. മതപാഠശാലകളിലും അനാഥാലയങ്ങളിലും ആരുടെയൊക്കെയോ വിരലറ്റം പിടിച്ചുവന്ന മനുഷ്യ ജന്മങ്ങള്‍ക്കു വേണ്ടിയാണ്. വീടകങ്ങളിലും ഒരു വിരലറ്റവും കിട്ടാതെ പ്രാരാബ്ധങ്ങളുടെ അഗാധ ഗര്‍ത്തങ്ങളിലും അകപ്പെട്ടുപോയ ഹതഭാഗ്യര്‍ക്കും വേണ്ടിയാണ്. ഉണര്‍ന്നിരിക്കുമ്പോള്‍ സന്തോഷത്തിന്റെ വര്‍ണരാജികളും ഉറക്കത്തില്‍ ആനന്ദകരമായ സ്വപ്‌നങ്ങളും കാണാന്‍ കഴിയാത്ത ഒരുപിടി അനാഥ മക്കള്‍ക്കു വേണ്ടിയാണ്.

അനാഥ ബാല്യങ്ങളെ ചേര്‍ത്തുപിടിച്ച് സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്ന കുറേ സുമനസ്സുകള്‍. സ്‌നേഹത്തിന്റെ പൂമാല ചാര്‍ത്തുന്ന ഗുരുസാഗരങ്ങള്‍. ചാലിയാറിന്റെ കുളിരുള്ള സൗഹൃദങ്ങള്‍. ഇഴയടുപ്പമുള്ള മൈത്രീബന്ധങ്ങള്‍. ഗ്രാമീണ ജീവിതത്തിന്റെ നിഷ്‌കളങ്കമായ വാങ്മയചിത്രങ്ങള്‍. ഹൃദ്യമായ ബന്ധങ്ങളുടെ സുവര്‍ണ നൂലുകള്‍ പരത്തുന്ന പ്രകാശരശ്മികള്‍. പുഴപോലെ ഒഴുകിപ്പരക്കുന്ന ഹൃദ്യമായ വായനാനുഭവം. സര്‍വോപരി ആമുഖത്തില്‍ ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നതുപോലെ, 'ദിശാബോധം കൈമോശം വന്ന അനാഥബാല്യങ്ങളാണ് രചനാവേളകളില്‍ മുന്നില്‍ നിറഞ്ഞുനിന്നത്. വാക്കുകളും വാചകങ്ങളും നിര്‍മിച്ചതും അവര്‍ക്കു വേണ്ടിയാണ്.'

ഒരു കുട്ട വില്‍പനക്കാരനാവുമായിരുന്ന അനാഥ ബാലനെ ജീവിതത്തിന്റെ അജ്ഞാത വീഥികളിലൂടെ കൈപിടിച്ചു നടത്തിയ അനാഥശാലയുടെ തിരുമുറ്റത്ത് 'മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ്' വീണ്ടും കടന്നുചെന്നു. അനാഥാലയ വിദ്യാലയത്തിലെ നിറഞ്ഞുകവിഞ്ഞ സദസ്സില്‍ വാരിവിതറിയ നക്ഷത്ര കുഞ്ഞുങ്ങള്‍ പഴയ അന്തേവാസിയെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. മുഹമ്മദ് അലി ശിഹാബ് അവരോട് ചോദിച്ചു; 'നിങ്ങള്‍ക്ക് ആരാവണം?' ആത്മവിശ്വാസത്തിന്റെ ആരവമുയര്‍ന്ന അലയൊലി അനാഥാലയത്തിന്റെ കര്‍ണപുടങ്ങളില്‍ പതിച്ചു; 'ഐ.എ.എസ്.' കഥാനായകന്റെ ജീവിതം പോലെ സാര്‍ഥകമായിരിക്കുന്നു ഈ ഗ്രന്ഥവും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (47-49)
എ.വൈ.ആര്‍

ഹദീസ്‌

അല്ലാഹുവിനിഷ്ടം സ്ഥിരതയാര്‍ന്ന കര്‍മങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍