Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 19

3072

1440 സഫര്‍ 09

ബനൂഖുറൈളയുടെ വിധി

ഡോ. മുഹമ്മദ് ഹമീദുല്ല

[മുഹമ്മദുന്‍ റസൂലുല്ലാഹ്-74]

ജൂതന്മാരുമായി ബന്ധപ്പെട്ട ഏതാനും ഖുര്‍ആനിക വചനങ്ങളിലേക്ക് വളരെ സംക്ഷിപ്തമായി സൂചനകള്‍ മാത്രം നല്‍കുകയാണ്. അവ നബിയുടെ മദീനാ ജീവിതകാലത്ത് ഏതു സന്ദര്‍ഭങ്ങളില്‍ അവതരിച്ചു എന്ന് കൃത്യമായി നമുക്ക് പറയാന്‍ കഴിയില്ല. മിക്കവാറും ഹിജ്‌റ രണ്ട്, അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലാവണം അവയുടെ അവതരണം. പ്രവാചകനെ അവഹേളിക്കാന്‍ ചില ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്താറുണ്ടായിരുന്നു അവര്‍.1 അതിലൊന്നാണ് 'റാഇനാ' എന്ന അറബി പ്രയോഗം. അതിന്റെ അര്‍ഥം 'ഞങ്ങളെ പരിഗണിക്കണം' എന്നാണ്. പക്ഷേ, അതേ വാക്കുകള്‍ ഹിബ്രുവില്‍ പ്രയോഗിച്ചാല്‍ 'വികട ബുദ്ധി, വൃത്തികെട്ടവന്‍' എന്നൊക്കെ അര്‍ഥം കിട്ടും.2 ഇസ്‌ലാമിന്റെ വിശുദ്ധ വേദഗ്രന്ഥത്തെയും വിശ്വാസ പ്രമാണങ്ങളെയും അവര്‍ പരിഹസിക്കും.3 എന്നല്ല സ്വന്തം വേദപുസ്തകം പോലും തിരുത്താന്‍ അവര്‍ മടിക്കില്ല.4 പരലോക ജീവിതത്തിന്റെ ചെലവില്‍ അവര്‍ ഇഹലോകം വിലയ്ക്ക് വാങ്ങുകയാണ്.5 തങ്ങളുടെ മതം വിലക്കേര്‍പ്പെടുത്തിയ പലിശ ഇടപാട് അവര്‍ നടത്തുകയും സത്യസന്ധമല്ലാത്ത വഴികളിലൂടെ മറ്റുള്ളവരുടെ സ്വത്ത് അപഹരിക്കുകയും ചെയ്യുന്നു.6 വേദപുസ്തകത്തെ അവര്‍ പിറകോട്ട് വലിച്ചെറിയുന്നു.7 അന്യായമായി പ്രവാചകന്മാരെ വധിക്കുന്നു.8 ഇങ്ങനെ ഒട്ടനവധി പരാമര്‍ശങ്ങള്‍.

ഇസ്‌ലാമിനെ സംബന്ധിച്ച അവരുടെ കടുത്ത എതിര്‍പ്പു കണ്ട് നിരാശരാകേണ്ടതില്ലെന്നും ഡേവിഡും ജീസസും വരെ അവരെ ശപിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ മുസ്‌ലിംകളെ ആശ്വസിപ്പിക്കുന്നു.9 പശുവിനെ അറുക്കണമെന്ന് പറഞ്ഞപ്പോള്‍, എന്ത് തരം പശു, അതിന്റെ നിറമെന്ത്, പ്രത്യേകതയെന്ത് എന്നൊക്കെ ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കിയ കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (2:67-71). അവരുടെ സ്വഭാവത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്, ഈ സംഭവം. ഇസ്‌ലാം എന്തെന്നു പറഞ്ഞുതരാന്‍ ദിവ്യസൂക്തങ്ങളൊന്നും മതിയാവില്ല എന്ന നിലപാടാണ് അവര്‍ക്ക്. ''പ്രവാചകരേ, വേദക്കാര്‍ താങ്കളോട് ആവശ്യപ്പെടുന്നു, അവര്‍ക്ക് വാനലോകത്തുനിന്ന് താങ്കളൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനേക്കാള്‍ ഗുരുതരമായ ഒരാവശ്യം അവര്‍ മോസസിനോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: 'നീ ഞങ്ങള്‍ക്ക് ദൈവത്തെ നേരില്‍ കാണിച്ചു തരണം'' (4:153). ഇനിയൊരു ഗ്രന്ഥം ഇറക്കിക്കൊടുത്തു എന്നു തന്നെ കരുതുക. എന്തുണ്ട് പ്രയോജനം? മോസസ് അങ്ങനെയൊരു ഗ്രന്ഥം അവര്‍ക്ക് നല്‍കിയിട്ടും അവര്‍ക്ക് തൃപ്തിയായില്ലല്ലോ. ദൈവം സ്വന്തം കൈകൊണ്ട് ആ ഗ്രന്ഥം നല്‍കുന്നത് കാണണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്!

ചിലരെക്കുറിച്ചുള്ള ആരോപണങ്ങളാണ് മേല്‍ ഖുര്‍ആനിക സൂക്തങ്ങളില്‍ കാണുന്നത്. അതേസമയം ജൂത സമൂഹത്തിന്റെ ഗുണഗണങ്ങള്‍ എടുത്തു പറയുന്നതില്‍ ഖുര്‍ആന്‍ തീരെ ലുബ്ധ് കാണിക്കുന്നില്ല. 'നിങ്ങളെ മുഴു ലോകരേക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു' എന്ന് ഒരേ അധ്യായത്തില്‍ രണ്ട് തവണ ആവര്‍ത്തിക്കുന്നു.10 മോസസിന്റെ അഞ്ച് പുസ്തകങ്ങളെ (Pentateuch),  അഥവാ തോറയെ ദൈവിക ഗ്രന്ഥമായി അംഗീകരിക്കുകയും ജൂതന്മാര്‍ അത് സസൂക്ഷ്മം പിന്തുടരേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട് (അതും രണ്ടു തവണ, ഒരേ അധ്യായത്തില്‍).11 ഈ രണ്ട് അധ്യായങ്ങളില്‍ തന്നെയാണ്,12 മതത്തിന്റെ പൊതുവായ സത്ത എന്താണെന്നും മതകീയ ജീവിതം നയിക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഒരാള്‍ എന്തൊക്കെ സ്വീകരിച്ചിരിക്കണമെന്നും വ്യക്തമാക്കുന്നത്. മതങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം അതുവഴി സാധ്യമാവുകയും ചെയ്യും.

''സത്യവിശ്വാസികളോ യഹൂദരോ സാബിഉകളോ ക്രിസ്ത്യാനികളോ ആരാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.''

അതേസമയം, അല്ലാഹുവില്‍ വിശ്വസിക്കുകയും എന്നാല്‍ അവന്റെ ദൂതന്മാരെ തള്ളിക്കളയുകയും ചെയ്യുന്നത് ഖുര്‍ആന്‍ അംഗീകരിക്കുന്നുമില്ല. അന്നേരം 'വിശ്വാസികള്‍' അവിശ്വാസികള്‍ തന്നെയാണെന്നാണ് ഖുര്‍ആന്റെ പ്രഖ്യാപനം: ''അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പ്പിക്കാനുദ്ദേശിക്കുന്നവരും, 'ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ അവിശ്വസിക്കുകയും ചെയ്യുന്നു' എന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നവരുമൊക്കെ യഥാര്‍ഥത്തില്‍ അവിശ്വാസികള്‍ തന്നെയാണ്.''13

മുസ്‌ലിം പുരുഷന് ബഹുദൈവാരാധകയായ സ്ത്രീയെ വിവാഹം ചെയ്യാനോ അവര്‍ അറുത്ത മൃഗങ്ങളുടെ ഭക്ഷണം കഴിക്കാനോ അനുവാദമില്ലെങ്കിലും, ജൂത-ക്രിസ്ത്യന്‍ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനോ അവര്‍ അറുത്ത14 മൃഗങ്ങളുടെ മാംസം (അത് നിയമപ്രകാരം ചെയ്തതാണെങ്കില്‍) ഭക്ഷിക്കുന്നതിനോ വിരോധമില്ല.

ഇനി നമുക്ക് പറയാനുള്ളത് മൂന്നാമത്തെ പ്രമുഖ ജൂത ഗോത്രമായ ബനൂഖുറൈളയെക്കുറിച്ചാണ്. മദീനയുടെ മധ്യത്തില്‍ തന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നത്. തുടക്കത്തില്‍ അവരുടെ പെരുമാറ്റം മാന്യമായിട്ടായിരുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, വളരെ നിര്‍ണായക ഘട്ടത്തില്‍ അവര്‍ കാലുമാറി. അതൊരിക്കലും പൊറുക്കാവുന്ന കുറ്റമായിരുന്നില്ല. അതിനാല്‍ ഖന്‍ദഖ് ഉപരോധം സഖ്യകക്ഷികള്‍ വേണ്ടെന്നു വെച്ച അതേ ദിവസം തന്നെ പ്രവാചകന്‍ ബനൂ ഖുറൈളയുടെ ആവാസപ്രദേശം ഉപരോധിച്ചു. ഏതാനും ദിവസത്തെ ചെറുത്തുനില്‍പ്പിനു ശേഷം അവര്‍ കീഴടങ്ങി. ഖുര്‍ആന്‍ അവരുടെ കോട്ടകൊത്തളങ്ങളെ(സ്വയാസ്വീ)ക്കുറിച്ച് പറയുന്നുണ്ട് (33:26). സംഹൂദി (പേ; 1526, രണ്ടാം എഡിഷന്‍) അവയെ വിവരിച്ചിരിക്കുന്നത് പതിനാല് കോട്ടഭിത്തികള്‍ (ഉത്വും) ആയിട്ടാണ്. അവ പരസ്പരം വളരെ അടുത്തടുത്തായിട്ടായിരുന്നു. ഒരു കോട്ടഭിത്തിക്ക് തീ കൊടുത്താല്‍ മറ്റേതിലേക്കെല്ലാം ആളിപ്പടരുന്ന അത്ര അടുപ്പത്തില്‍.

ബനൂ ഖുറൈളയോട് സ്വീകരിച്ച നിലപാടിനെപ്പറ്റി വെന്‍സിന്‍ക് (Wensinck)15 പറയുന്നത്, എത്ര പരിഷ്‌കൃതരായാലും നബി ചെയ്തതേ അവരും ചെയ്യുമായിരുന്നുള്ളൂ എന്നാണ്. അദ്ദേഹം എഴുതുന്നു: ''വളരെ മാന്യമായ നിലയിലാണ് പ്രവാചകന്‍ ബനുന്നളീറിനോട് പെരുമാറിയത്. പക്ഷേ, അവരാണ് മദീനക്കെതിരെയുള്ള ഖന്‍ദഖ് ഉപരോധത്തിന് ചുക്കാന്‍ പിടിച്ചത്. ഈ ഘട്ടത്തില്‍ ബനൂ ഖുറൈളക്ക് മാപ്പു കൊടുക്കുന്നത് വളരെ അപകടം പിടിച്ച തീരുമാനമാകുമായിരുന്നു.'' ബനൂ ഖുറൈള ഉപാധികളൊന്നുമില്ലാതെ കീഴടങ്ങിയിരുന്നുവെങ്കില്‍ ബനുന്നളീര്‍ ഗോത്രത്തിന് (അവര്‍ പ്രവാചകനെ വധിക്കാന്‍ വരെ ശ്രമിച്ചിരുന്നു) നല്‍കിയ അതേ ശിക്ഷ (മദീനയില്‍നിന്ന് നാടുകടത്തല്‍) തന്നെയായിരിക്കാം ബനൂഖുറൈളക്കും നല്‍കുമായിരുന്നത്. പക്ഷേ, ഇബ്‌നു ഹിശാമിന്റെ16 വിവരണമനുസരിച്ച്, തങ്ങളുടെ കാര്യത്തില്‍ മധ്യസ്ഥം പറയേണ്ടത് തങ്ങളുമായി മുന്‍കാലങ്ങളില്‍ സഖ്യമുണ്ടാക്കിയിരുന്ന ഔസ് ഗോത്രക്കാരനും മുസ്‌ലിമുമായ സഅ്ദുബ്‌നു മുആദ്17 ആയിരിക്കണമെന്ന വ്യവസ്ഥ അവര്‍ മുന്നോട്ടു വെച്ചു. നേരത്തേ ഖസ്‌റജ് ഗോത്രക്കാരനായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് തന്റെ സഖ്യകക്ഷിയായ ഖൈനുഖാഅ് എന്ന ജൂത ഗോത്രത്തിനു വേണ്ടി ശക്തമായി ഇടപെട്ടത് അവര്‍ ഓര്‍ത്തിട്ടുണ്ടാവണം. അത്തരമൊരു ഇടപെടല്‍ അവര്‍ സഅ്ദില്‍നിന്നും പ്രതീക്ഷിച്ചിട്ടുണ്ടാവണം. സഅ്ദിന്റെ മധ്യസ്ഥം പ്രവാചകന്‍ സ്വീകരിച്ചു. അന്നേരം സഅ്ദ് ഖന്‍ദഖ് യുദ്ധത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുകയായിരുന്നു. കുറേ ആഴ്ചകളായി അദ്ദേഹവുമായി സംസാരിക്കാന്‍ പ്രവാചകന് അവസരം ലഭിച്ചിരുന്നില്ല. 'സൈനിക ആശുപത്രി'യില്‍നിന്ന് ഒരു കഴുതപ്പുറത്താണ് സഅ്ദ് വന്നത്. അദ്ദേഹം ആദ്യം തന്റെ ഗോത്രത്തോട് താന്‍ എന്ത് വിധിച്ചാലും അത് നിങ്ങള്‍ക്ക് സ്വീകാര്യമാകുമോ എന്ന് ചോദിച്ചു. സ്വീകരിക്കും എന്നവര്‍ പറഞ്ഞു. പ്രവാചകനോടും അതേ ചോദ്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹവും സമ്മതിച്ചു. തോറയിലെ നിയമാവര്‍ത്തനം (Deuteronomy)  അനുസരിച്ചുള്ള (20:10-14) ശിക്ഷയാണ് ജൂതന്മാര്‍ക്ക് നല്‍കേണ്ടത് എന്നായിരുന്നു സഅ്ദിന്റെ വിധി. അത് അവരുടെ തന്നെ വേദപുസ്തകമാണല്ലോ. ഹുമൈദുബ്‌നു ഹിലാലി പറയുന്നത് (സംഹൂദി ഉദ്ധരിച്ചത്, പേ: 308, രണ്ടാം എഡിഷന്‍), ഖുറൈളക്കാരുടെ വീടുകള്‍ മക്കയില്‍നിന്നെത്തിയ മുസ്‌ലിംകള്‍ക്ക് നല്‍കി അന്‍സ്വാറുകളോടുള്ള ആശ്രിതത്വം അവസാനിപ്പിക്കണമെന്നുകൂടി സഅ്ദ് വിധിച്ചിരുന്നു എന്നാണ്. ഈ വിധിന്യായത്തിന്റെ കാര്യത്തില്‍ സഅ്ദുമായി പ്രവാചകന്‍ യാതൊന്നും സംസാരിച്ചിരുന്നില്ല എന്നതാണ് സത്യം. സഅ്ദിന്റെ വിധിന്യായം വന്നപ്പോള്‍ പ്രവാചകനെയത് അമ്പരപ്പിക്കുക തന്നെ ചെയ്തു. അതേസമയം താന്‍ കൊടുത്ത വാക്ക് പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹം. ഇത്ര കടുത്ത ശിക്ഷ അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു: ''എന്ത് ചെയ്യാം, അത് അവരുടെ വിധി. ഏഴാകാശങ്ങള്‍ക്ക് മുകളില്‍നിന്ന് അല്ലാഹുവിന്റെ തീരുമാനം.''18

ആര്‍ദ്രമായിരുന്നു പ്രവാചകന്റെ സമീപനം. ചില ഉദാഹരണങ്ങള്‍ കാണുക: ഖുറൈളക്കാരായ ബന്ദികളോട് വളരെ നല്ല നിലയിലാണ് പെരുമാറിയിരുന്നത്. അവര്‍ക്ക് ഭക്ഷണം നല്‍കി (സര്‍കശിയുടെ ശറഹു സിയറില്‍ കബീര്‍ എന്ന കൃതിയില്‍ പറയുന്നത് ഭക്ഷണം കാരക്കയായിരുന്നുവെന്നാണ്). സാബിതു ബ്‌നു ഖൈസ് എന്ന പ്രവാചകന്റെ അനുചരന്‍, ബന്ദിയാക്കപ്പെട്ട ഖുറൈളക്കാരനായ ഒരു ജൂതന്‍ (ഇബ്‌നു ബത്ത) ഇസ്‌ലാം ആശ്ലേഷിക്കുന്നതിനു മുമ്പ് തനിക്ക് പല സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍നിന്ന് അയാളെ ഒഴിവാക്കിത്തരണമെന്നും അഭ്യര്‍ഥിച്ചപ്പോള്‍ പ്രവാചകന്‍ അത് അംഗീകരിച്ചു. എന്ന് മാത്രമല്ല അയാളുടെ കുട്ടികളെയും സ്വത്തുവഹകളും വിട്ടുനല്‍കുകയും ചെയ്തു.19 റിഫാഹു ബ്‌നു സമഊല്‍ എന്ന ഖുറൈള ജൂതന്‍ വൃദ്ധയായ ഒരു മുസ്‌ലിം സ്ത്രീയുടെ വീട്ടിലാണ് അഭയം തേടിയിരുന്നത്. ആ സ്ത്രീ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: ''അങ്ങ് റിഫാഹിന്റെ ജീവന്‍ വിട്ടുതരണം. അയാള്‍ പ്രാര്‍ഥനകള്‍ ചൊല്ലാമെന്നും ഒട്ടകയിറച്ചി ഭക്ഷിക്കാമെന്നും പറഞ്ഞിട്ടുണ്ട്.'' പ്രവാചകന്‍ അതും അംഗീകരിച്ചു.20

ഖുറൈളയെ സംബന്ധിച്ച മറ്റൊരു സംഭവവും ഇവിടെ ഓര്‍മിക്കാം. മദീനാ നഗര രാഷ്ട്രത്തിന്റെ ഭരണഘടനക്ക് രൂപം നല്‍കുന്ന സന്ദര്‍ഭത്തില്‍ ഏതാനും ജൂതന്മാര്‍ ഖുറൈള, നളീര്‍ ഗോത്രക്കാര്‍ക്കിടയിലെ ഒരു കൊലപാതക കേസുമായി പ്രവാചകനെ സമീപിച്ചു. അവര്‍ വാദിച്ചത് ഇപ്രകാരമാണ്: തുടര്‍ന്നു വരുന്ന സമ്പ്രദായമനുസരിച്ച് ഒരു ഖുറൈളക്കാരന്‍ കൊല്ലപ്പെട്ടാല്‍ ഒരു നളീറുകാരന്‍ കൊല്ലപ്പെട്ടാല്‍ കൊടുക്കേണ്ടിവരുന്ന നഷ്ടപരിഹാരത്തിന്റെ പകുതിയേ കൊടുക്കേണ്ടതുള്ളൂ (അതായത് 140 വസ്ഖ് കാരക്ക കൊടുക്കുന്നതിനു പകരം 70 വസ്ഖ് കൊടുത്താല്‍ മതിയെന്ന്). പ്രവാചകന്‍ അത് അംഗീകരിച്ചില്ല. നഷ്ടപരിഹാരത്തുക തുല്യമായിരിക്കണമെന്ന് അദ്ദേഹം വിധിച്ചു. നളീറുകാരനായ കഅ്ബുബ്‌നു അശ്‌റഫ് ഇത് അംഗീകരിച്ചില്ല. അയാള്‍ ഒച്ചവെച്ചു: 'നിങ്ങളുടെ തീരുമാനം ഞങ്ങള്‍ അംഗീകരിക്കില്ല; കല്‍പ്പന അനുസരിക്കുകയുമില്ല. ഞങ്ങള്‍ പഴയ സമ്പ്രദായം മുറുകെ പിടിക്കും.'21 നളീറുകാരനായ കഅ്ബിന് പ്രവാചകനോട് കടുത്ത വിദ്വേഷമുണ്ടാകാനുള്ള കാരണം ഇതാകാം. നളീര്‍ ഗോത്രക്കാരെ പ്രവാചകന്‍ ഉപരോധിച്ചപ്പോള്‍ ഖുറൈളക്കാര്‍ ഒരു പക്ഷത്തും നില്‍ക്കാതിരുന്നതിന്റെ കാരണവും ഇതാകാം.

 

മറ്റു ജൂത വിഭാഗങ്ങള്‍

മദീനയില്‍ അവശേഷിച്ച ജൂതന്മാര്‍ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെ മതിയാക്കി മുഴു ശ്രദ്ധയും വ്യാപാരത്തില്‍ കേന്ദ്രീകരിച്ചിരിക്കാനാണ് സാധ്യത. പ്രവാചകന് തങ്ങളോടുള്ള നിലപാടില്‍ ഒരു ഘട്ടത്തിലും അവര്‍ക്ക് പരാതി പറയാന്‍ ഇടവന്നിട്ടില്ല. വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം അവരുമായി ഇടപഴകിയത്. അവര്‍ക്ക് സ്ഥിരമായി വാര്‍ഷിക സഹായധനം നല്‍കിപ്പോന്നിരുന്നു പ്രവാചകന്‍. ബനൂ ഉറൈള് ജൂതന്മാര്‍ക്ക് ധാരാളം ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയതിന്റെ ഒരു രേഖ നമുക്ക് ലഭിച്ചിട്ടുണ്ട്.22

ഇവരുടെ പേരില്‍ അറിയപ്പെടുന്ന ഒരു പ്രദേശം തന്നെ മദീനയില്‍ ഉണ്ടായിരുന്നുവെന്ന് ഇബ്‌നു ഹിശാം23 രേഖപ്പെടുത്തുന്നുണ്ട്. ഹര്‍റ അല്‍ ഉറൈള് എന്നാണതിന്റെ പേര്. അദ്ദേഹം നല്‍കുന്ന റൂട്ട് അനുസരിച്ച് (ശിഅ്ബുല്‍ അജൂസ്, ബനൂ ഉമയ്യബ്‌നു സൈദ്, ബനൂഖുറൈള, ബുആസ്, ഉറൈള്) ആ മേഖല മദീനയുടെ തെക്കുകിഴക്ക് ഭാഗത്തായിരിക്കണം. ഇതേ പേരുള്ള മറ്റൊരു സ്ഥലം ഇബ്‌നു സഅ്ദും24 പരാമര്‍ശിക്കുന്നുണ്ട്. അത് ഉഹുദ് മലയുടെ കിഴക്ക്, മദീനയുടെ ഏതാണ്ട് വടക്കു വശത്തായി വരും. ഹിജ്‌റ പത്താം വര്‍ഷം മദീനയില്‍ വളരെ സമ്പന്നരായ ജൂതന്മാരെ കാണാമായിരുന്നു. ഈ ഘട്ടത്തില്‍ പ്രവാചകന്‍ തന്റെ പിതൃസഹോദരന്‍ അബ്ബാസിന് വിലപിടിച്ച ഒരു ആഭരണം നല്‍കിയിരുന്നു. അബ്ബാസ് അത് ഒരു ജൂതന് വിറ്റത് 8,000 ദിര്‍ഹമിനാണ്.25 പ്രവാചകന്‍ ഇഹലോകവാസം വെടിയുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി, മദീനയിലെ വ്യാപാരിയായിരുന്ന26 അബൂ അശ്ശഹം എന്ന ജൂതന്റെ കൈവശം പണയത്തിലായിരുന്നു. ഈ ജൂതന്‍ ബനൂ ളഫറിന്റെ27 കൂട്ടാളിയായിരുന്നു. ഖസ്തല്ലാനി പറയുന്നത് (ഇര്‍ശാദ് 4/296), പ്രവാചകന്‍ മുപ്പത് സാഅ് യവം (ബാര്‍ലി) കടം വാങ്ങിയെന്നും (അതിന് ഒരു ദീനാര്‍ വില വരും) അതിന് പകരമായാണ് പടയങ്കി പണയം വെച്ചത് എന്നുമാണ്. ദാതുല്‍ ഉഖൂല്‍ എന്നായിരുന്നു പടയങ്കിയുടെ പേര്. പണയമായി നല്‍കിയ ഈ പടയങ്കി പിന്നീട് പണം നല്‍കി തിരിച്ചെടുത്തത് അബൂബക്ര്‍ സിദ്ദീഖാണ്.

 (തുടരും)

 

കുറിപ്പുകള്‍

1. ഖുര്‍ആന്‍ 2:104 ; 4:46

2. Blachere, Coran, II, 257. കുറിപ്പ് : 257

3. ഖുര്‍ആന്‍ 5:57

4. ഖുര്‍ആന്‍ 4:46

5. ഖുര്‍ആന്‍ 2:86

6. ഖുര്‍ആന്‍ 4:161

7. ഖുര്‍ആന്‍ 2:101

8. ഖുര്‍ആന്‍ 2:61

9. ഖുര്‍ആന്‍ CXII/5:78

10. ഖുര്‍ആന്‍ LXXXVII/2: 47, 122

11. ഖുര്‍ആന്‍ CXII/5: 4344, 68

12. ഖുര്‍ആന്‍ 2: 62, 5: 69

13. ഖുര്‍ആന്‍ XCII/4: 150151

14. ഖുര്‍ആന്‍ 5: 5

15. Wensinck in Der Islam,  11, 289. ഖുറൈള യുദ്ധത്തെക്കുറിച്ച വിശദാംശങ്ങള്‍ക്ക് എന്റെ Battlefields...  കാണുക.

16. ഇബ്‌നു ഹിശാം, പേ: 689, ത്വബരി I, 1487, ഇബ്‌നു സഅ്ദ് 2/I പേ: 53-4

17. ഇബ്‌നു ഹമ്പല്‍ VI, 142, ബുഖാരി 68/12/4

18. ഇബ്‌നു ഹിശാം പേ: 689, ഇബ്‌നു സഅ്ദ് 2/I പേ: 54

19. ഇബ്‌നു ഹിശാം പേ: 691

20. അതേ കൃതി പേ: 692

21. മഖാതില്‍-തഫ്‌സീര്‍. ഖുര്‍ആന്‍ 5:44 -ന്റെ വിശദീകരണത്തില്‍

22. വസാഇഖ്, No. 20

23. ഇബ്‌നു ഹിശാം, പേ: 552

24. ഇബ്‌നു സഅ്ദ് 2/I, പേ: 26

25. അതേ കൃതി I/ii പേ: 75

26. ബുഖാരി 34:87, ഇബ്‌നു സഅ്ദ് I/ii, പേ: 119, ഇബ്‌നു ഹമ്പല്‍ No: 2724

27. ഇബ്‌നു സഅ്ദ് I/ii പേ: 123, ഇബ്‌നു കസീര്‍, തഫ്‌സീര്‍ I, 337, 2:285-ന്റെ വ്യാഖ്യാനം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (46)
എ.വൈ.ആര്‍