പി. കുഞ്ഞുമുഹമ്മദ്
പൂക്കോട്ടൂര്‍ പ്രാദേശിക ജമാഅത്ത് മുന്‍ അമീറും ജമാഅത്ത് റുക്‌നുമായിരുന്ന പി. കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞാന്‍ സാഹിബ് ജിദ്ദയില്‍ ദീര്‍ഘകാലം കെ.ഐ.ജിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രവാസത്തിനുശേഷം നാട്ടിലെത്തിയപ്പോഴും പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സജീവമായി. പൂക്കോട്ടൂര്‍ പ്രാദേശിക ജമാഅത്ത് അമീര്‍, എവര്‍ഷൈന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി, മസ്ജിദു ത്വബ്‌രി പ്രസിഡന്റ്, ആശ്വാസം വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ നേതൃരംഗത്ത് പ്രവര്‍ത്തിച്ചു. രോഗത്തിന്റെ വേദനയില്‍ അമര്‍ന്നപ്പോഴും പ്രസ്ഥാന പ്രവര്‍ത്തനവും പ്രവര്‍ത്തകരും ആവേശമായിരുന്നു അദ്ദേഹത്തിന്.
ജിദ്ദയിലായിരിക്കുമ്പോള്‍ നാട്ടിലെ ഏതു പൊതുസംരംഭങ്ങള്‍ക്കും മുന്നിട്ടിറങ്ങിയത് അദ്ദേഹമായിരുന്നു. അത്താണിക്കലിലെ എം.ഐ.സി, പൂക്കോട്ടൂരിലെ പി.കെ.എം.ഐ.സി സ്ഥാപനങ്ങള്‍, പൂക്കോട്ടൂര്‍ മുണ്ടിതൊടിക മഹല്ലിലെ ഖബ്ര്‍സ്ഥാന്‍, മേലങ്ങാടിയിലെ മസ്ജിദു ത്വബ്‌രി തുടങ്ങിയ സംരംഭങ്ങളുടെ സാക്ഷാല്‍ക്കാരത്തിലും വളര്‍ച്ചയിലും അദ്ദേഹത്തിന്റെ സാമ്പത്തികവും ശാരീരികവുമായ പിന്തുണയുണ്ടായിരുന്നു. ഏതു സംരംഭങ്ങളും വിജയിക്കും എന്ന നിശ്ചയദാര്‍ഢ്യം, സാമ്പത്തിക വിഷയങ്ങളില്‍ പുലര്‍ത്തിയിരുന്ന കണിശത, പ്രസ്ഥാന വ്യാപനത്തിനുവേണ്ടി നടത്തിയിരുന്ന സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലെ ആവേശം ഇതൊക്കെയും അദ്ദേഹത്തിന്റെ ജീവിതത്തിലെ അനുകരണീയ ഗുണങ്ങളാണ്. ഹല്‍ഖാ യോഗങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
മിക്ക സമയങ്ങളിലും ഖുര്‍ആന്‍ പഠനത്തിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു. ഖുര്‍ആനും നിത്യജീവിതത്തിലെ പ്രാര്‍ഥനകളും പഠിക്കാന്‍ കുട്ടികളെ വരെ പ്രേരിപ്പിക്കുകയും അവരോട് പിന്നീടതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. രോഗം മൂര്‍ഛിച്ച സമയത്തും ഹല്‍ഖയുടെയും ട്രസ്റ്റിന്റെയും കണക്കുകള്‍ അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. ആശ്വാസം വെല്‍ഫെയര്‍ സൊസൈറ്റിയെ സേവനകേന്ദ്രമാക്കി മാറ്റുന്നതിലും അതിലെ അയല്‍കൂട്ടങ്ങളുടെ കണക്കുകളും മറ്റും സൂക്ഷിക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. ഐഡിയല്‍ പബ്ലിക് സ്‌കൂളിന്റെ മാനേജരായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശാന്തപ്രകൃതനും സൗമ്യനുമായിരുന്നു കുഞ്ഞാന്‍ സാഹിബ്. മിതമായി മാത്രം സംസാരിച്ചിരുന്ന അദ്ദേഹം ഏതിലും അല്ലാഹുവില്‍ പ്രതീക്ഷയും തവക്കുലും വെച്ചുപുലര്‍ത്തി. പൂക്കോട്ടൂര്‍ മേലങ്ങാടിയില്‍ ഒരു മദ്‌റസ കെട്ടിടം അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. അതിന്റെ പണി തുടങ്ങുകയും എഴുപത് ശതമാനം പൂര്‍ത്തിയാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് അദ്ദേഹം അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയത്. മക്കളും ബന്ധുക്കളും പ്രസ്ഥാന പ്രവര്‍ത്തകരുമെല്ലാം ചുറ്റുമിരിക്കെ വളരെ ശാന്തമായ മരണം. ഭാര്യ: പി.എന്‍ സഫിയ, മക്കള്‍: മുംതാസ്, മുനീറ, മുഫീദ, മന്‍ജൂര്‍.
Comments