Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 19

3072

1440 സഫര്‍ 09

തകര്‍ക്കപ്പെട്ട യൂഗോസ്ലാവ്യയും കുടിയിറക്കപ്പെട്ടവരുടെ വേദനകളും

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[വംശവെറിയുടെ കനല്‍ക്കൂനകളില്‍ അകംവെന്തൊരു ബലിപെരുന്നാള്‍ കാലം-2]

ചെങ്കുത്തായ മലനിരകള്‍ ചുറ്റിവരിഞ്ഞും ചൂഴ്ന്നു കടന്നും നീളുന്ന പാതകളിലൂടെ വടക്കന്‍ സെര്‍ബ് ഗ്രാമങ്ങള്‍ തേടിയുള്ള യാത്രയിലാണ് ഞങ്ങള്‍. ശിശിരകാലമെത്തുംമുമ്പ് ഹരിത സമൃദ്ധി ആഘോഷിക്കുന്ന ഗിരിനിരകള്‍. അവയുടെ താഴ്‌വാരങ്ങളിലൂടെ ശാന്തമായൊഴുകുന്ന ഡാന്യൂബ് നദി. നദിയുടെ മറുകരയില്‍ സെര്‍ബിയയുടെ അയല്‍ രാഷ്ട്രം റൊമാനിയ. ജര്‍മന്‍ മലനിരകളില്‍ ജനിച്ച് കരിങ്കടലിലൊടുങ്ങാനുള്ള സുദീര്‍ഘമായ യാത്രയില്‍ ഡാന്യൂബ് പല യൂറോപ്യന്‍ രാജ്യങ്ങളുടെയും രാഷ്ട്രീയ ഭൂപടത്തില്‍ അതിര്‍വരയായി മാറുന്നുണ്ട്. നദീതീരത്തെ സമതലങ്ങളിലും മലഞ്ചെരുവുകളിലും കൊച്ചു ജനവാസ കേന്ദ്രങ്ങള്‍. അവിടെ കൃഷിയും മിന്‍പിടിത്തവുമായി ജീവിതം തുഴയുന്ന സാധാരണ ജനങ്ങള്‍.

മുള്ളുവേലികളില്ലാത്ത, യന്ത്രത്തോക്കുകള്‍ കാവലിരിക്കാത്ത ഈ പുഴക്കരകള്‍ പോലെ ലളിതമാണ് യൂറോപ്യന്‍ രാജ്യാതിര്‍ത്തികള്‍ ഏറെയും. അതിര്‍ത്തി മതിലുകള്‍ അലിഞ്ഞില്ലാതായിക്കൊിരിക്കുന്ന ഇതേ യൂറോപ്യന്‍ രാജ്യങ്ങളുടെ കാര്‍മികത്വത്തിലാണ് ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളില്‍ മനുഷ്യരക്തം കുഴച്ച് പടുത്ത അതിര്‍ത്തി ഭിത്തികള്‍ക്ക് കാവലിരിക്കാന്‍ പടക്കോപ്പുകളും യുദ്ധവിമാനങ്ങളും കുമിഞ്ഞുകൂടുന്നതും.

 ഞങ്ങള്‍ മലയടിവാരത്തിലെ പാതയില്‍നിന്ന് പൊടുന്നനെ മലമുകളിലേക്ക് ചുരം കയറാന്‍ തുടങ്ങി.

''ഞാനൊരാളെ പരിചയപ്പെടുത്താം.''

മലയുടെ ഉച്ചിയില്‍ വേലികെട്ടിത്തിരിച്ച സുന്ദരമായൊരു ഉദ്യാനത്തിനകത്തേക്ക് ഡാമിയന്‍ എന്നെ ക്ഷണിച്ചു. വേലിക്കകത്ത് കായ്ച്ചു നില്‍ക്കുന്ന മധുര ഫലവൃക്ഷങ്ങള്‍ക്കിടയിലെ ചെറിയൊരു വീടിന്റെ പുറംചുമരില്‍ മാര്‍ഷല്‍ ടിറ്റോയുടെയും പഴയ യൂഗോസ്ലാവ്യന്‍ ഭൂപടത്തിന്റെയും വര്‍ണചിത്രം വരച്ചുവെച്ചിരിക്കുന്നു. ഉദ്യാനം നിറയെ മരത്തടികളില്‍ കൊത്തിവെച്ച ശില്‍പങ്ങള്‍. തോട്ടത്തിനൊരറ്റത്ത് തുറന്ന ഭക്ഷണശാലയിലെ മേശപ്പുറത്ത് നിരത്തിവെച്ച ഭക്ഷണ പാത്രങ്ങള്‍. കുന്നില്‍നിന്നേറെ താഴ്ചയില്‍ പച്ചിലക്കരയുടുത്ത ഡാന്യൂബ് നദിയുടെ തിളക്കം. മങ്ങിയ വെയിലും തണുത്ത കാറ്റും. ഡാമിയന്‍ ഉദ്യാനത്തിലെ ശില്‍പിയെ പരിചയപ്പെടുത്തി;'സിക്കാ'. മാര്‍ഷല്‍ ടിറ്റോയുടെ കടുത്ത ആരാധകന്‍. നഷ്ടപ്പെട്ടുപോയ യൂഗോസ്ലാവ്യന്‍ പ്രതാപം അയവിറക്കി കുന്നിന്‍പുറത്തെ ഉദ്യാനവീട്ടിലിരുന്ന് മരത്തടിയില്‍ കവിതകള്‍ തീര്‍ക്കുന്ന പഴയ കമ്യൂണിസ്റ്റുകാരന്‍. സിക്കായുടെ ഭാര്യയാണ് ഉപജീവനത്തിനായി ഭക്ഷണശാലയും കൊച്ചു റിസോര്‍ട്ടും നോക്കി നടത്തുന്നത്. ഞങ്ങള്‍ കുന്നിന്‍ മുനമ്പിലെ പുല്‍ത്തകിടിയില്‍ ഉറപ്പിച്ചുവെച്ച മരക്കസേരകളില്‍ അഭിമുഖമിരുന്നു. അതിഥി ഇന്ത്യയില്‍നിന്നാണെന്നറിഞ്ഞതോടെ സിക്കയുടെ മുഖം തിളങ്ങി. ''ഇന്ദിരാ ഗാന്ധിയുടെ നാട്ടുകാരനല്ലേ! യൂഗോസ്ലാവ്യയുടെ ഉറ്റ തോഴരില്‍ പ്രമുഖ സ്ഥാനത്തായിരുന്നു ഇന്ത്യ. ചേരിചേരാ വിപ്ലവത്തിന്റെ അമര നായകര്‍.''

''യൂഗോസ്ലാവ്യ തകര്‍ന്നുപോയി, അല്ല തകര്‍ക്കപ്പെടുകയായിരുന്നു.'' ഒരു വലിയ നെടുവീര്‍പ്പോടെ അയാള്‍ യൂഗോസ്ലാവ്യന്‍ ഓര്‍മകളിലേക്ക് ഊളിയിട്ടിറങ്ങി.

യൂഗോസ്ലാവ്യയെന്ന രാജ്യനാമം ചരിത്രത്തില്‍ കേട്ടുതുടങ്ങിയത് ഒന്നാം ലോകയുദ്ധാനന്തരം ആസ്‌ട്രോ-ഹംഗേറിയന്‍ പിടിയില്‍നിന്ന് അടര്‍ന്നുമാറിയ സ്ലോവന്‍ ക്രോആട്ട് ദേശങ്ങള്‍, ഉസ്മാനിയാ സാമ്രാജ്യം സ്വയംഭരണം നല്‍കിയ സെര്‍ബിയക്കൊപ്പം സ്ലാവിക് ഭാഷാടിസ്ഥാനത്തില്‍ ഒത്തുചേര്‍ന്നതോടെയാണ്. സെര്‍ബ് രാജാക്കന്മാര്‍ നിയന്ത്രിച്ച ഈ ആദികാല യൂഗോസ്ലാവ്യയിലേക്ക് രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്‌ലറുടെ ജര്‍മനി കടന്നുകയറി. ജര്‍മന്‍ അധിനിവേശത്തെ ചെറുത്തു നില്‍ക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഒളിപ്പോരാളികളുടെ നേതാവായിരുന്നു ടിറ്റോ. യുദ്ധം തോറ്റ് ജര്‍മനി വീണതോടെയാണ് സ്ലാവിക് ഭാഷ സംസാരിക്കുന്ന ഏഴ് തെക്കു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ചേര്‍ത്ത് ടിറ്റോയുടെ പുതിയ കമ്യൂണിസ്റ്റ് യൂഗോസ്ലാവ്യ നിലവില്‍വന്നത്. ആദ്യകാലങ്ങളില്‍ സോവിയറ്റ് യൂനിയനിലേക്ക് മാത്രം നോക്കി നാടുഭരിച്ച ടിറ്റോ പിന്നീട് സ്ലാവിക് ദേശീയതയിലേക്ക് ചുരുങ്ങി പുതിയ ചേരിചേരാ രാഷ്ട്ര സിദ്ധാന്തത്തിലേക്ക് ചുവടു മാറി. എതിര്‍ ശബ്ദങ്ങളൊക്കെയും നിഷ്ഠുരമായി ചവിട്ടിയൊതുക്കി, അഭിപ്രായസ്വാതന്ത്ര്യവും മതപ്രവര്‍ത്തനങ്ങളും തീര്‍ത്തും നിരാകരിച്ച് മരണം വരെ അദ്ദേഹം സോഷ്യലിസ്റ്റ് യൂഗോസ്ലാവ്യ ഭരിച്ചു.

ടിറ്റോയുടെ യൂഗോസ്ലാവ്യന്‍ യുവജന സന്നദ്ധസംഘങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു ഖനിത്തൊഴിലാളിയായിരുന്ന സിക്കാ.

''യൂഗോസ്ലാവ്യയെ തകര്‍ത്തത് പടിഞ്ഞാറന്‍ യൂറോപ്പിന്റെ ആര്‍ത്തി പൂണ്ട കോര്‍പറേറ്റ് മുതലാളിത്ത താല്‍പര്യങ്ങളാണ്. ഞങ്ങളുടെ വ്യവസായങ്ങളും സാമ്പത്തിക സ്ഥിരതയും മനുഷ്യ ബന്ധങ്ങളുമെല്ലാം തല്ലിക്കെടുത്തി അവരുടെ മുന്നില്‍ കൈനീട്ടുന്ന ഉപഭോക്തൃ കമ്പോളമാക്കി മാറ്റാനുള്ള പദ്ധതിയില്‍ അവര്‍ വിജയിച്ചിരിക്കുന്നു.'' സിക്കാ ക്ഷോഭത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.

അയാളുടെ വികാര വിക്ഷോഭങ്ങളെ പരിഭാഷപ്പെടുത്താനാവാതെ ഡാമിയന്‍ പലപ്പോഴും വാക്കുകള്‍ക്കു വേണ്ടി പരതി നിന്നു. അപ്പോഴും പരിഭാഷകനെ ഒട്ടും ഗൗനിക്കാതെ അയാള്‍ വര്‍ത്തമാനം തുടര്‍ന്നുകൊണ്ടേയിരുന്നു.

''കെട്ടണയാത്ത കൊളോണിയല്‍ മനഃസ്ഥിതി പുതിയ മേല്‍ക്കോയ്മകള്‍ സ്ഥാപിച്ചെടുക്കുകയാണ്. വിഘടിത യൂഗോസ്ലാവ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന സ്വകാര്യവല്‍ക്കരണ പ്രക്രിയയില്‍ പുതുസംരംഭകരായി എത്തുന്നവരാരെന്ന് നോക്കിയാലറിയാം കാര്യങ്ങളുടെ പിന്നാമ്പുറം.''

സംഭാഷണമധ്യേ അടുക്കളയില്‍നിന്നെത്തിയ വേവിച്ച പച്ചക്കറികളും റൊട്ടിയും പഴച്ചാറുകളും ബിസ്‌കറ്റുകളും തീന്മേശയില്‍ നിരന്നു. മേലെ ആകാശത്തിനും താഴെ ഡാന്യൂബ് നദിക്കുമിടയില്‍ മലമുനമ്പില്‍നിന്ന് ശൂന്യതയിലേക്ക് നീട്ടിക്കെട്ടിയ മരത്തട്ടിലിരുന്ന് രുചിഭേദങ്ങളുടെ അനന്യമായ അനുഭൂതികള്‍ ആസ്വദിക്കവെ സിക്കാ യൂഗോസ്ലാവ്യന്‍ വര്‍ത്തമാനങ്ങള്‍ തുടര്‍ന്നു.

''ശീത യുദ്ധകാലത്ത് പടിഞ്ഞാറന്‍ യൂറോപ്പിനും കിഴക്കന്‍ യൂറോപ്പിനുമിടയിലെ തടയണയായി ചേരിചേരാ യൂഗോസ്ലാവ്യ നിലനില്‍ക്കേണ്ടത് പടിഞ്ഞാറന്‍ യൂറോപ്പിന്റെ കൂടി ആവശ്യമായിരുന്നു. സോവിയറ്റ് യൂനിയന്‍ അസ്തമിച്ച് ശീതയുദ്ധത്തിന് തിരശ്ശീല വീണതോടെ മുതലാളിത്തത്തിന് കിഴക്കോട്ടൊഴുകാന്‍ ആ തടയണ തകര്‍ക്കണമായിരുന്നു. പുതിയ യുദ്ധങ്ങള്‍ ഏറെയും പരോക്ഷമാണ്. ഒരിടത്ത് വംശവെറിയുടെയും വിഘടനവാദത്തിന്റെയും കനലുകള്‍ വിതക്കുകയേ വേണ്ടൂ. അവിടം സ്വയമെരിഞ്ഞ് ചാമ്പലാകും...''

തീന്മേശപ്പുറത്ത് തലങ്ങും വിലങ്ങും പാറി ഞങ്ങളെ ശല്യം ചെയ്ത വലിയൊരു തേനീച്ചയെ തല്ലിക്കൊന്ന് കൈയിലിട്ടരച്ച് മേശവിരിയില്‍ കൈ തുടച്ച് സിക്കാ ക്ഷോഭമടക്കി.

മലമുകളിലെ ഉദ്യാനത്തോടും ശില്‍പിയോടും യാത്രപറഞ്ഞ് ഞങ്ങള്‍ മലയിറങ്ങി താഴ്‌വരയിലെ ഗ്രാമങ്ങളിലേക്ക് യാത്ര തുടര്‍ന്നു. പുറംകാഴ്ചകളില്‍ അശ്രദ്ധനായി കാറിലിരുന്ന് യൂഗോസ്ലാവ്യന്‍ തകര്‍ച്ചയുടെ 'സിക്കാ' സിദ്ധാന്തം അയവിറക്കുകയായിരുന്നു ഞാന്‍. അയാള്‍ എന്തൊക്കെയോ വിട്ടുപോയിരിക്കുന്നു. കിഴക്കന്‍ യൂറോപ്പിനു മേല്‍ പടിഞ്ഞാറന്‍ യൂറോപ്പിനുള്ള മേല്‍ക്കോയ്മാ മനസ്സും ഇനിയും മരിക്കാത്ത കൊളോണിയല്‍ ആര്‍ത്തിയും മുതലാളിത്തത്തിന്റെ പുതിയ അധിനിവേശ സമ്പ്രദായങ്ങളും അംഗീകരിക്കവെ തന്നെ ടിറ്റോയുടെ യൂഗോസ്ലാവ്യയില്‍ കാലങ്ങളായി നിര്‍ദയം അടിച്ചമര്‍ത്തപ്പെട്ട അഭിപ്രായ-മതസ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശ ബോധങ്ങളും പുതുനാമ്പെടുത്ത് കരുത്തോടെ ഇരുമ്പുചങ്ങലകള്‍ ഭേദിച്ച് വളര്‍ന്നുവന്ന ചരിത്രസത്യം മറന്നുകൂടാത്തതായിരുന്നു. സോഷ്യലിസ്റ്റ് യൂഗോസ്ലാവ്യയുടെ തലസ്ഥാനമായിരുന്ന 'ബെല്‍ഗ്രേഡ്' ടിറ്റോയുടെ കാലാന്ത്യം സെര്‍ബിയന്‍ താല്‍പര്യങ്ങളുടെ മാത്രം 'തലസ്ഥാനമായി' ചുരുങ്ങി ഘടക രാഷ്ട്രങ്ങള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളും വിട്ടുപോകരുതായിരുന്നു. വംശവെറിയുടെ കനലുകളില്‍ തീയാളിപ്പിടിപ്പിച്ചത് അകമേയുള്ള അധിനിവേശ മോഹങ്ങളുടെ രാഷ്ട്രീയക്കളികളായിരുന്നെന്ന സത്യവും. മലയടിവാരത്തിലേക്കിറങ്ങി ഞങ്ങള്‍ പിന്നെയും കുറേ ദൂരം ഡാന്യൂബ് കരയിലൂടെ സഞ്ചരിച്ചു.

''ഇവിടമാണ് അയേണ്‍ ഗെയ്റ്റ് (ഇരുമ്പുകവാടം).''

വിസ്തൃതമായൊഴുകി നീങ്ങുന്ന നദി പൊടുന്നനെ വീതികുറഞ്ഞ മലയിടുക്കിലൂടെ കടന്നുപോകുന്നിടം ചൂണ്ടി ഡാമിയന്‍ പറഞ്ഞു. ഡാന്യൂബിലൂടെ ഇരച്ചുകയറി വന്ന നാവിക പടയോട്ടങ്ങള്‍ക്ക് തടയണ തീര്‍ത്ത തന്ത്രപ്രധാനമായ ഇടം ആയിരുന്നു ആദികാലത്ത് ഇവിടം.

ഞങ്ങള്‍ പാതയരികില്‍ വാഹനം നിര്‍ത്തി, മലയിടുക്കിലൂടെ ഊര്‍ന്നിറങ്ങുന്ന നദിയുടെ സുന്ദര ദൃശ്യം ആസ്വദിച്ചിരുന്നു. ഈ ദേശത്തിനല്‍പം താഴ്ഭാഗത്താണ് ജലവൈദ്യുത പദ്ധതിക്കായി യൂഗോസ്ലാവ്യയും റൊമാനിയയും സംയുക്തമായി 1970 -ല്‍ നിര്‍മിച്ച രണ്ട് അണക്കെട്ടുകള്‍ ഉള്ളത്. നദിയിലൂടെയുള്ള ജലഗതാഗതത്തിനും മത്സ്യങ്ങളുടെ ദേശാന്തര ഗമനങ്ങള്‍ക്കും ഭംഗം വരുത്താത്ത സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഈ അണക്കെട്ടുകള്‍ പക്ഷേ ചരിത്രപ്രധാനമായൊരു ദ്വീപ് ജലത്തിലാഴ്ത്തിക്കളഞ്ഞു. ഒരു പൗരാണിക മുസ്‌ലിം പള്ളിയും കല്‍ക്കോട്ടയും കെട്ടിടങ്ങളും വാണിജ്യത്തെരുവും ആയിരത്തോളം മനുഷ്യരുടെ വാസസ്ഥലങ്ങളും നിറഞ്ഞ 'അദാകാലേ' ദ്വീപ്. ആസ്ത്രിയന്‍ രാജാക്കന്മാരും ഉസ്മാനിയാ രാജാക്കന്മാരും മാറിമാറി കൈവശം വെച്ച കൊച്ചു തുരുത്ത്. ചരിത്രപ്രസിദ്ധമായ ബെര്‍ലിന്‍ ഉടമ്പടിയില്‍ യൂറോപ്പും ഉസ്മാനിയ സാമ്രാജ്യവും ഭൂപ്രദേശങ്ങള്‍ ഭാഗം വെച്ച് പിരിഞ്ഞപ്പോള്‍ മധ്യസ്ഥര്‍ ഭാഗ പത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ വിട്ടുപോയതിനാല്‍ എല്ലാവരുടെയും ഭൂമിയായി ചരിത്രത്തില്‍ അവശേഷിച്ച മണ്ണ്. രണ്ടാം ലോക യുദ്ധാനന്തരം റൊമാനിയന്‍ നിയന്ത്രണത്തില്‍ വന്നുപെട്ട മുസ്‌ലിം വാസസ്ഥലം. പുതിയ അണക്കെട്ട് ഈ തുരുത്തിനെ വെള്ളത്തിലാഴ്ത്തുമെന്നുറപ്പായപ്പോള്‍ റൊമാനിയന്‍ കമ്യൂണിസ്റ്റ് ഭരണകൂടം ഇവിടെയുള്ള മനുഷ്യരെയും ചരിത്രനിര്‍മിതികളെയും 'ഷമിയന്‍' ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യരെ തെരുവിലലയാന്‍ വിടാതെ തുര്‍ക്കി അവര്‍ക്ക് അഭയം നല്‍കി. ഡാന്യൂബ് ജലം വിഴുങ്ങുന്നതിനു മുമ്പ് ദ്വീപിലെ ചരിത്രനിര്‍മിതികളും പള്ളിമിനാരവുമൊക്കെയും റൊമാനിയന്‍ പട്ടാളം സ്‌ഫോടകവസ്തുക്കള്‍ വെച്ച് തകര്‍ത്തുകളഞ്ഞു. ഈജിപ്തിലെ അസ്വാന്‍ അണക്കെട്ട് വെള്ളത്തില്‍ മുക്കിക്കൊല്ലും മുമ്പ് ഫറോവമാരുടെ ചരിത്രസ്മാരകങ്ങള്‍ അണുവര തെറ്റാതെ മാറ്റി സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ ലോക ചരിത്ര സ്മാരക സംരക്ഷകരൊന്നും ഈ ദ്വീപില്‍ തകര്‍ത്തെറിയപ്പെട്ട പള്ളിമിനാരത്തിന്റെ നിലവിളി കേട്ടില്ല. ഇന്ന് റൊമാനിയയിലെയും സെര്‍ബിയയിലെയും തെരുവുകളില്‍ തെളിഞ്ഞു കത്തുന്ന വൈദ്യുതി ദീപങ്ങളുടെ വെള്ളിവെളിച്ചത്തില്‍ കുടിയിറക്കപ്പെട്ട നിസ്വരുടെയും തകര്‍ത്തെറിഞ്ഞ പൈതൃക നിര്‍മിതികളുടെയും വേദനകളുടെ ഇരുട്ടൊളിഞ്ഞ് കിടപ്പുണ്ട്. ഭൗതിക വികസനങ്ങള്‍ക്കായി കുടിയിറക്കപ്പെടുന്നവരും തച്ചുടക്കപ്പെടുന്നതും മുതലാളിത്ത സോഷ്യലിസ്റ്റ്, ഭരണക്രമ ഭേദങ്ങളേതുമില്ലാതെ എന്നും ഇരുളറകളില്‍ മറഞ്ഞുപോകുന്നതാണല്ലോ നാമറിഞ്ഞ ലോകക്രമം. ഡാന്യൂബിലെ ഉരുക്കുകവാടങ്ങളോട് വിടപറഞ്ഞ് ഞങ്ങള്‍ മലഞ്ചെരുവിലൂടെ സമതലം തേടി മടക്ക യാത്ര തുടങ്ങി.

''നമുക്കൊരു സെര്‍ബിയന്‍ ഗ്രാമച്ചന്ത വഴി മടങ്ങാം.'' മലചുറ്റുന്ന പ്രധാന പാതയില്‍നിന്ന് തെറ്റി പുതിയ ലക്ഷ്യത്തിലേക്ക് ഡാമിയന്‍ വാഹനം തിരിച്ചു.

ആപ്പിളും മുന്തിരിയും പ്ലം മരങ്ങളും കായ്ച്ചുനില്‍ക്കുന്ന തോട്ടങ്ങള്‍ക്കിടയിലൂടെയായി ഞങ്ങളുടെ യാത്ര. ഗ്രാമവഴിയില്‍ വാഹനങ്ങള്‍ തീരെ കുറവ്. സെര്‍ബിയന്‍ ഗ്രാമ ജനസാന്ദ്രത ഏറെ കുറവായതിനാല്‍ വഴി നടന്നുപോകുന്ന മനുഷ്യരും ദുര്‍ലഭം. വഴിമധ്യേ വിശാലമായൊരു ആപ്പിള്‍തോട്ടം രണ്ടാവൃത്തി വലംവെക്കെ ഞങ്ങള്‍ക്ക് വഴിതെറ്റിയെന്നറിഞ്ഞ ഡാമിയന്‍ തോട്ടത്തിനരികില്‍ വാഹനം നിര്‍ത്തി. അയാള്‍ വഴിയന്വേഷിക്കാന്‍ പരിസരത്ത് ആളെ തിരക്കിയിറങ്ങിയപ്പോള്‍ ഞാന്‍ ആപ്പിള്‍ തോട്ടത്തിലെ കൗതുകങ്ങളിലേക്ക് കടന്നു. വിസ്തൃതമായ തോട്ടം നിറഞ്ഞുനില്‍ക്കുന്ന ആപ്പിള്‍ മരങ്ങളില്‍ കൈയെത്തും ഉയരത്തില്‍ കായ്ച്ചുനില്‍ക്കുന്ന ഫലസമൃദ്ധിയുടെ സൗന്ദര്യം. അതിര്‍ത്തി വേലിയോ കാവല്‍ക്കാരോ ഒന്നുമില്ല. ഡാമിയന്‍ തോട്ടത്തിനരികിലൂടെ നടന്നുപോകുന്ന ഒരു കര്‍ഷകനുമായി വഴിയന്വേഷിക്കുന്ന ദീര്‍ഘ സംഭാഷണത്തിലാണ്. ബാള്‍ക്കന്‍ ജനങ്ങള്‍ പൊതുവെ വലിയ സംസാരപ്രിയരാണ്. ഇംഗ്ലീഷില്‍ ഒരു വാചകം കൊണ്ടവസാനിക്കുന്ന വര്‍ത്തമാനം സ്ലാവിക് ഭാഷകളില്‍ ഒരു ഖണ്ഡികയോളം നീളും.

'അയാളൊരു ക്രൊയേഷ്യന്‍ അഭയാര്‍ഥിയാണ്.'

വഴി കണ്ടുപിടിച്ച സന്തോഷത്തില്‍ കാറിലേക്ക് മടങ്ങവെ ഡാമിയന്‍ അയാളെക്കുറിച്ച് പറഞ്ഞു. 'ക്രൊയേഷ്യന്‍ യുദ്ധകാലത്ത് കുടുംബവും സമ്പാദ്യങ്ങളുമൊക്കെയും നഷ്ടമായി ജീവനും കൊണ്ടോടി രക്ഷപ്പെട്ടതാണയാള്‍. ഇവിടെ പഴത്തോട്ടങ്ങളില്‍ കൃഷിപ്പണി ചെയ്തു ജീവിക്കുന്നു.'

ആ മനുഷ്യന്റെ സ്വസ്ഥ ജീവിതം തകര്‍ത്ത യുദ്ധത്തിന്റെ രാഷ്ട്രീയമോ അയാള്‍ ജീവിച്ചുപോന്ന രാഷ്ട്ര സംവിധാനങ്ങളുടെ പരിണാമ കഥകളോ അവിടങ്ങളിലെ വംശഭേദങ്ങളോ ഒന്നും അയാള്‍ക്കറിയുമായിരുന്നില്ല. അറിഞ്ഞിരുന്നത് ആപ്പിള്‍ മരങ്ങളുടെ ജീവിത വിശേഷങ്ങളും ആ മരങ്ങളില്‍ കായ്ക്കുന്ന ഫലസമൃദ്ധി ഉലയാതെ നിവര്‍ത്തി നിര്‍ത്തിയ തന്റെ കൊച്ചു ജീവിതവും മാത്രം. തോട്ടങ്ങളിലെ വൃക്ഷങ്ങളെയും അവിടെ വിയര്‍പ്പൊഴുക്കുന്ന മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ഒരേയൊരു വംശത്തെ മാത്രം. എന്നിട്ടും അയാളുടെ ജീവിതവും ജീവിതോപാധികളും തീയെടുത്തു. എരിഞ്ഞൊടുങ്ങിയ കൃഷിയിടത്തിനരികിലൂടെ നിരയായി നീങ്ങിയ വാഹനങ്ങളിലൊന്നില്‍ അതിര്‍ത്തി കടന്നെത്തിയ ആ സാധു ഈ ഗ്രാമവഴിയിലെ ആപ്പിള്‍മരങ്ങളുടെ ശ്രേഷ്ഠ വംശവുമായി പുനഃസംഗമിച്ചു.

എത്ര യുദ്ധങ്ങള്‍, എത്ര അഭയാര്‍ഥികള്‍!

''യൂഗോസ്ലാവ്യയിലെ വിഘടിത രാഷ്ട്രങ്ങള്‍ക്കൊക്കെയും യുദ്ധങ്ങളേതുമില്ലാതെ സ്വാതന്ത്ര്യം നല്‍കണമായിരുന്നു'' ഡാമിയന്‍ തന്റെ അഭിപ്രായം പറഞ്ഞുനിര്‍ത്തി.

ക്രൊയേഷ്യന്‍ അഭയാര്‍ഥി കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ പട്ടണപ്രാന്തത്തിലെ ഒരു പഴച്ചന്തയിലെത്തി. വീട്ടുമുറ്റത്തും തൊടിയിലും വിളഞ്ഞ ആപ്പിളും മുന്തിരിയും അത്തിയും നാനാ തരം പച്ചക്കറികളും പൂക്കളും അതിരുതിരിച്ച മരത്തട്ടുകളില്‍ വില്‍പ്പനക്കു വെച്ച് അരികിലിരിക്കുന്നവര്‍ ഏറെയും പ്രായം ചെന്ന ദമ്പതികള്‍. രുചിച്ചു നോക്കി ഇഷ്ടമുള്ളതു വാങ്ങാം. നഗര കമ്പോളത്തെ അപേക്ഷിച്ച് വളരെ തുഛമായ വില. അതുകൊണ്ടുതന്നെ വിലപേശലില്ലെന്നു മാത്രമല്ല, പറയുന്ന വിലയില്‍ ഒരല്‍പം കൂടുതല്‍ ദിനാര്‍ ടിപ്പായും നല്‍കിയാണ് കച്ചവടം. സെര്‍ബിയന്‍ മധ്യവര്‍ഗ ജീവിതശീലങ്ങള്‍ പടിഞ്ഞാറിന്റേതില്‍നിന്നേറെ വ്യത്യസ്തമല്ല. കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം നന്നേ കുറവ്. ഒന്നിലധികം മക്കളെ എണ്ണാവുന്ന കുടുംബങ്ങള്‍ അത്യപൂര്‍വം. മക്കള്‍ക്ക്‌മേല്‍ മാതാപിതാക്കളുടെ അധികാരങ്ങളും പരിമിതം. പ്രായപൂര്‍ത്തിയാവുന്നതോടെ കുട്ടികള്‍ പൂര്‍ണ സ്വതന്ത്രരായി സ്വന്തം ജീവിത മാര്‍ഗങ്ങള്‍ അന്വേഷിക്കണം. കുറഞ്ഞു വരുന്ന വിവാഹങ്ങളും കൂടിവരുന്ന വിവാഹ മോചനങ്ങളും വിവാഹേതര ബന്ധങ്ങളും. ഇതൊക്കെയാണെങ്കിലും ശ്രദ്ധയോടെ പാലിക്കപ്പെടുന്ന ജീവിത ചിട്ടകളും താളങ്ങളും. വാര്‍ധക്യത്തിലും പ്രസരിപ്പോടെ ജീവിതം ആസ്വദിക്കാനുള്ള മനസ്സും. ഞങ്ങള്‍ പഴച്ചന്തയില്‍നിന്ന് സമതലത്തിലേക്ക് യാത്രയായി. വോയ്‌വുദ്ദീന പ്രവിശ്യയിലെ 'ഫ്രസ്‌ക ഗോരാ' മലനിരക്കപ്പുറത്തെ ഗ്രാമീണ ജനജീവിതത്തിലേക്ക്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിഭൂമികള്‍. വിളവെടുപ്പിന് കാത്തുനില്‍ക്കുന്ന ചോളപ്പാടങ്ങളും സൂര്യകാന്തിത്തോട്ടങ്ങളും വിളവെടുപ്പ് കഴിഞ്ഞ് ഉഴുതു വൃത്തിയാക്കിയ ചുവന്ന മണ്ണും പച്ചപ്പുല്‍പ്പാടങ്ങളും തീര്‍ക്കുന്ന വര്‍ണചിത്രം. അതിരുകളില്‍ അലങ്കാരമായി പഴുത്ത പീച്ചും പിയേഴ്‌സും ആപ്പിളും നിറഞ്ഞു തൂങ്ങുന്ന പഴത്തോട്ടങ്ങള്‍. അവക്കിടയിലൂടെ മനം മടുക്കാത്ത യാത്ര. കറുത്ത റോഡില്‍നിന്നും മാറി കല്ലും കുഴികളും നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ കുറേ ദൂരം സഞ്ചരിച്ച് ഞങ്ങള്‍ പഴകിപ്പൊളിഞ്ഞ വീടുകള്‍ക്കരികിലെത്തി. നോവിസ്ലാന്‍കമെന്‍ ഗ്രാമാതിര്‍ത്തിക്കുള്ളിലാണ് ഞങ്ങള്‍. ഡാമിയനൊപ്പം  വഴികാട്ടിയായി സുഹൃത്ത് ബ്രാന്‍സ്ലോവ് എന്ന 'ബാനെ'യും കൂട്ടിനുണ്ട്. ഇവിടം ഇന്ത്യന്‍ ഗ്രാമങ്ങള്‍പോലെ ജനസാന്ദ്രമല്ല. വിസ്തൃതമായ കൃഷിഭൂമിയില്‍ വിരലിലെണ്ണാവുന്ന വീടുകളും അന്തേവാസികളും മാത്രം. പുറമെ നിന്ന് ഏറെയാരും എത്തിനോക്കാത്ത ഗ്രാമദേശത്തിന്റെ പുതിയ വിരുന്നുകാരെ ഗ്രാമം സന്തോഷത്തോടെ സ്വീകരിച്ചു.

ആന്‍ഡ്രു, സ്‌റ്റെഫാന്‍, വ്‌ളാഡ, ആല്‍വര്‍.... പിന്നെയും കുറേ പേരുകള്‍. ബാനെ അവരുടെ പരിചയക്കാരനാണ്. ഗ്രാമത്തിലെ വിളകള്‍ മൊത്തമായി സംഭരിക്കുന്ന കമ്പനിക്കു വേണ്ടി ചോളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പതിവായി അയാള്‍ അവിടെയെത്താറുണ്ട്.

ആതിഥേയര്‍ അവരുടെ വീടുകളിലെയും തോട്ടങ്ങളിലെയും കൗതുകങ്ങളിലൂടെ ഞങ്ങളെ കൊണ്ടു നടന്നു. വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ മുന്തിരി വള്ളിക്കുടിലിലെ മരത്തടികളില്‍ കൂട്ടം കൂടിയിരുന്ന് ചായയും പലഹാരങ്ങളും പഴങ്ങളും കഴിപ്പിച്ചു. തോട്ടങ്ങളില്‍നിന്ന് പാകമായ മധുര ഫലങ്ങള്‍ പറിച്ചു തരാന്‍ മത്സരിച്ചു. അവരുടെ ആതിഥ്യത്തിന്റെ ഊഷ്മളതയേറ്റുവാങ്ങി ഞങ്ങള്‍ വീടുകള്‍ കയറിയിറങ്ങി.

''ഇവരൊക്കെ സെര്‍ബ് വംശജരാണോ?'' ഞാന്‍ ഡാമിയനോട് തിരക്കി.

''ആയിരിക്കാം... പക്ഷേ, പലര്‍ക്കും സെര്‍ബോ-സ്ലോവാക്യന്‍ പേരുകളാണ്. അല്ലെങ്കിലും ചോളപ്പാടങ്ങളില്‍ എന്ത് വംശഭേദം?''

ഡാമിയന്‍ പലതും പറയാതെ കണ്‍കോണുകളിലൂടെ നടവഴിക്കപ്പുറത്തെ തോട്ടത്തിലേക്ക് നോക്കി. അവിടെ എന്നോ ഉപേക്ഷിക്കപ്പെട്ട ഗ്രാമ വീടുകളുടെ ഒടിഞ്ഞു തൂങ്ങിയ മേല്‍ക്കൂരകളും ഇടിഞ്ഞു വീണ കന്മതിലുകളും കാണാമായിരുന്നു. യൂഗോസ്ലാവ്യയില്‍നിന്ന് ക്രൊയേഷ്യ അടര്‍ന്നുമാറിയ തൊണ്ണൂറുകളിലെ യുദ്ധകാലം വരെ വോയ്‌വുദ്ദീന പ്രവിശ്യയിലെ കര്‍ഷക ഗ്രാമങ്ങള്‍ക്ക് വംശഭേദം അന്യമായിരുന്നു. വിഘടന ചര്‍ച്ചകള്‍ സജീവമായ യുദ്ധപൂര്‍വ കാലത്താണ് തീവ്ര ദേശീയവാദികള്‍ ഗ്രാമവാസികളെ വംശം തിരിച്ച് ചാപ്പകുത്തി വംശശുദ്ധിക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രചാരണങ്ങളുമായി രംഗത്തെത്തിയത്. ക്രോആട്ട് കുടുംബങ്ങളെ ആട്ടിപ്പായിക്കാന്‍ വന്നവരേറെയും ഗ്രാമത്തിനു പുറത്തു നിന്നെത്തിയവരായിരുന്നുവെന്ന് അവരോര്‍ത്തെടുക്കുന്നു. പരിഭ്രാന്തരായ ഗ്രാമീണര്‍ അന്യോന്യം സുരക്ഷാകവചങ്ങള്‍ തീര്‍ത്തെങ്കിലും അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പലര്‍ക്കും രാജ്യം വിടേണ്ടിവന്നു. അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമുള്ള എതിര്‍ വംശജര്‍ വീടുകളും കൃഷിയിടങ്ങളും പരസ്പര സമ്മതത്തോടെ കൈമാറി കലാപത്തെ ജയിച്ച അത്ഭുത കഥകളും ഗ്രാമത്തില്‍നിന്ന് കേട്ടു. യുദ്ധാനന്തരം നോവിസ്ലാന്‍കമെന്‍ ഗ്രാമത്തിലെ ജനസംഖ്യ ഗണ്യമായി കുറഞ്ഞുവെങ്കിലും വംശസങ്കരമായിത്തന്നെ തുടര്‍ന്നു. അവശേഷിച്ചവര്‍ വംശവിദ്വേഷങ്ങളെ പടിക്ക് പുറത്തുനിര്‍ത്തി കൃഷിയിടങ്ങളിലേക്കിറങ്ങി. ഗ്രാമം വിട്ടുപോയവര്‍ അയല്‍രാജ്യത്തുനിന്ന് തങ്ങളുടെ ഗൃഹാതുരതയിലേക്ക് പലപ്പോഴും വിരുന്നു വരാറുണ്ട്; പഴയ കൂട്ടുകാരെ കാണാനും തങ്ങളുടെ വീടുകളിലും പറമ്പുകളിലും ഉപേക്ഷിച്ചുപോയ സന്തോഷങ്ങള്‍ അയവിറക്കാനും. ഗ്രാമവിശേഷങ്ങളിലൂടെ ഏറെ നേരം സഞ്ചരിച്ച് സൂര്യാസ്തമയം കഴിഞ്ഞ് ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി. ആന്‍ഡ്രുവും വ്‌ളാഡയും ഞങ്ങള്‍ക്കായി കുറേ പഴങ്ങള്‍ പറിച്ച് സഞ്ചിയിലാക്കി കാറില്‍ വെച്ചുതന്നു. സ്‌നേഹ സന്തോഷത്തോടെ ഗ്രാമജനങ്ങള്‍ ഞങ്ങളുടെ മടക്കയാത്രക്ക് ആശംസകള്‍ നേര്‍ന്ന് കൈവീശി. 

    (തുടരും)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (46)
എ.വൈ.ആര്‍