'പ്രസന്ന'വചനം ജീവിതത്തെ തഴുകുമ്പോള്‍
ജീവിതത്തിന്റെ നാനാതരം വിതാനങ്ങളിലൂടെയും കയറിയിറങ്ങുന്ന ഏതു മനുഷ്യനും ഇന്ന് അന്വേഷിക്കുന്നത് സ്വസ്ഥതയും സമാധാനത്തിന്റെ സമ്പൂര്‍ത്തിയുമാണ്. സാമ്പത്തിക സമൃദ്ധി സ്വസ്ഥത തരുമോ? ഗാര്‍ഹസ്ഥ്യമോ ഏകാന്തതയിലേക്ക് വഴുതുന്ന വിജനജീവിതമോ ഏത് സ്വയം വരിച്ചാലും അടിസ്ഥാനപരമായി അവര്‍ അന്വേഷിക്കുന്ന സ്വാസ്ഥ്യം മൃഗതൃഷ്ണയായി തന്നെ അവശേഷിക്കും. എത്രയെത്ര ജീവിതരഥ്യകള്‍, വിശ്വാസ പ്രമാണങ്ങള്‍, സിദ്ധാന്ത സമീക്ഷകള്‍. മനുഷ്യ ജീവിതത്തെ വ്യാഖ്യാനിക്കാനും അതു മുന്നോട്ടുവെക്കുന്ന സംഭീതിയെ വകഞ്ഞ് സ്വസ്ഥമായി കഴിഞ്ഞുപോകാന്‍ മനുഷ്യ മഹാ സഞ്ചാര പാതയില്‍ അവന്‍ തന്നെ ഖനിച്ചെടുത്ത പ്രമാണരൂപങ്ങള്‍. ജനായത്തം, മാര്‍ക്‌സിസം, അരാജകവാദം തുടങ്ങി മനുഷ്യദൈവങ്ങള്‍ വരെ ഇതിലുണ്ട്. അടിസ്ഥാനപരമായി ഇതൊക്കെയും തിരഞ്ഞുപോകുന്നത് ഭൂമിയില്‍ മനുഷ്യ ജീവിതത്തിന്റെ സ്വസ്ഥസാന്ദ്രിമ തന്നെയാണ്. ഭൗതിക ജീവിതത്തിന്റെ സംഘര്‍ഷങ്ങളെ അഭൗതിക സാന്നിധ്യത്തിന്റെ പ്രതലത്തില്‍ കൊളുത്തി അസമാധാനത്തിന് ശമനം കൊടുക്കുന്ന നിരവധി ആത്മീയ അന്വേഷണ രാശികളും ഇന്ന് നിലനില്‍ക്കുന്നു. ഇങ്ങനെ വൈവിധ്യമോലുന്ന സാരനിസ്സാര യോഗങ്ങളെ പുണര്‍ന്നു നിന്നിട്ടും അസംതൃപ്തിയുടെയും അപൂര്‍ണതയുടെയും അപാരതയില്‍ തന്നെയാണ് കാലാന്തരങ്ങളായി മനുഷ്യജീവിതം.
ക്ഷണം വികസിക്കുന്ന നാഗരികമണ്ഡലം മാനവജീവിതത്തെ കൂടുതല്‍ സംഘര്‍ഷാത്മകമാക്കിയതല്ലാതെ അവന് ഒട്ടും ശുഭം നല്‍കിയില്ല. മരണം എന്നും അവനു മുന്നില്‍ ഒരു സംഭീതിയാണ്. ഈ ഭീതിയെ തോല്‍പ്പിക്കാനുള്ള കുതറലാണ് സത്യത്തില്‍ വൈദ്യശാസ്ത്രം. ഇതെത്ര കണ്ട് വികാസമാകുന്നുവോ അതിനെയത്രയും പരിഹാസ്യമാക്കി മരണം ജീവിതത്തെ റദ്ദാക്കിക്കൊണ്ടിരിക്കുന്നു. എന്താണ് മരണം നമുക്ക് നല്‍കുന്നത്? മരണശേഷമെന്താണ്? അപാര ശൂന്യതയാണോ? ആണെങ്കില്‍ ഭൂജിവിതത്തിന്റെ നാനാതരം നിമ്‌നോന്നതങ്ങളെ എങ്ങനെ വ്യാഖ്യാനിക്കും? നീതിബോധങ്ങളുടെ ലംഘനങ്ങള്‍ എങ്ങനെ വിശദീകരിക്കും? പക്ഷേ ഹ്രസ്വമായ ഭൂജീവിതത്തില്‍ സ്വസ്ഥസംതൃപ്തിയുടെ മഹാസമതലം ലഭിക്കുക, പിന്നെ മരണത്തോടെ അതിനേക്കാള്‍ സാന്ദ്രമധുരമായ മോക്ഷ സ്ഥായീത്വത്തിലേക്ക് പറന്നുപോവുക- ജീവിതത്തില്‍ ഇങ്ങനെയൊരു മറുഭാഗം തപ്പിയെടുക്കാന്‍ സത്യത്തില്‍ അധികമാര്‍ക്കും കഴിയാറില്ല. രാഷ്ട്രീയ വിശ്വാസവും മതബോധ്യങ്ങളും കുടുംബ പാരമ്പര്യങ്ങളും സൗഹൃദ പരിവൃത്തങ്ങളും ഈ അന്വേഷണത്തെ ഉടക്കിനില്‍ക്കും.
ഇവിടെയാണ് കെ.പി പ്രസന്നന്റെ എഴുത്ത് ആഹ്ലാദമാകുന്നത്. സമാധാനത്തിന്റെ സുഗന്ധമെന്നാണ് പ്രസന്നന്‍ തന്റെ പുസ്തകത്തിന് പേരു വെച്ചത്. തന്റെ ബാല്യ-കൗമാര-യൗവനം വരെ തീര്‍ത്തും അപരിചിതമായൊരു വിശ്വാസപാഠത്തെ ആത്മബോധത്തിലേക്ക് പുണര്‍ന്നപ്പോള്‍ തനിക്ക് എന്താണ് സംഭവിച്ചതെന്നാണ് കുഞ്ഞു കുറിപ്പുകളിലൂടെ പ്രസന്നന്‍ വിളംബരപ്പെടുത്തുന്നത്. സത്യത്തില്‍ ഇതൊരു വിളംബരം തന്നെയാണ്. പാരതന്ത്ര്യത്തില്‍നിന്നുള്ള വിമോചന വിളംബരം. അസംതൃപ്തിയുടെ പാരതന്ത്ര്യം, ഭയത്തിന്റെ പാരതന്ത്ര്യം, അസമാധാനത്തിന്റെ പാരതന്ത്ര്യം, ആര്‍ത്തിയുടെ പാരതന്ത്ര്യം, ദാരിദ്ര്യത്തിന്റെ പാരതന്ത്ര്യം, സമ്പന്നതയുടെ പാരതന്ത്ര്യം, പ്രതികാരത്തിന്റെ പാരതന്ത്ര്യം. അവസാനം മരണത്തിന്റെ പാരതന്ത്ര്യം. അതുവരെ തന്നെ പൊതിഞ്ഞ അബോധത്തിന്റെ ചെതുമ്പല്‍ വകഞ്ഞു മാറ്റി ഏകദൈവ വിശ്വാസത്തിന്റെ സപ്തസാനുക്കളിലേക്ക് പ്രസന്നന്‍ നടത്തിയ വിശുദ്ധയാത്രയാണ് ഈ പുസ്തകത്തിന്റെ ആധാരം. അന്ധബോധങ്ങളുടെ ഗാന്ധാരങ്ങളില്‍നിന്ന് ആത്മസംതൃപ്തിയുടെ യസ്‌രിബിലേക്കുള്ള ഒരു ഹിജ്‌റ തന്നെയാണത്. ജഡിക കാമനകളില്‍നിന്ന് ഏകനായ പ്രപഞ്ചനാഥനോടുള്ള സ്‌നേഹസല്ലാപത്തിലേക്ക്.
അതോടെ പ്രസന്നന്‍ നിര്‍ഭയനാവുന്നു. അസ്വസ്ഥതകളില്‍നിന്ന്, ദാരിദ്ര്യത്തില്‍നിന്ന്, ആര്‍ത്തിയില്‍നിന്ന്. എന്തിന്, മരണത്തില്‍നിന്ന്. ഹ്രസ്വതയാര്‍ന്ന ഭൂജീവിതത്തെ വിശ്വാസംകൊണ്ട് വിമലമാക്കുമ്പോള്‍ സഫലമാകുന്നത് അനന്തമായ ജീവിതത്തിന്റെ സുദീര്‍ഘത അപ്പാടെയാണ്. വിശ്വാസിക്ക് അപ്പോള്‍ ഭൂജീവിതം സ്വര്‍ഗതുല്യമാകും. അഭൗതിക ജീവിതമോ സ്വര്‍ഗവും. അതോടെ ജീവിതം 'പ്രസന്ന'മാവും. അങ്ങനെ താന്‍ ആശ്ലേഷിച്ച പ്രസന്നതയെയും അതിലേക്കുള്ള സഞ്ചാരരഥ്യയില്‍ മുറിച്ചുകടന്ന കഠോര വിഘ്‌നങ്ങളെയും അപ്പോഴും ആഹ്ലാദിപ്പിച്ച നക്ഷത്രക്കാഴ്ചകളെയുമാണ് ഗ്രന്ഥകാരന്‍ മിഴിവോടെ ഈ പുസ്തകത്തില്‍ വാങ്മയമാക്കുന്നത്. അതീവ ഹൃദ്യവും ലളിതവുമാണ് പ്രസന്നന്റെ ആഖ്യാനരീതി. കൊച്ചുകൊച്ചു കുറിപ്പുകളിലൂടെയാണ് അദ്ദേഹം തന്റെ ജീവിതം പറയുന്നത്.
മാടായിക്കാവ് പ്രാഥമിക പള്ളിക്കൂടത്തില്‍ മൂന്നാം തരം വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നില്‍ പറകൊട്ടിനിന്ന ശാസ്ത്രബോധത്തെ ചോദ്യം ചെയ്ത ആ ചെറിയ 'താത്തക്കുട്ടി'യില്‍നിന്നാരംഭിക്കുന്നു ഈ പ്രസന്ന സഞ്ചാരത്തിന്റെ ആദിനിമിത്തം. വളരെ മുമ്പ് കുരുന്നുപ്രായത്തില്‍ തന്നിലേക്ക് ഈ താത്തക്കുട്ടി പ്രക്ഷേപിച്ച അറിവിന്റെ മറുവായനാരീതി പില്‍ക്കാലത്ത് പ്രസന്നയാത്രയെ എങ്ങനെയൊക്കെയാണ് ത്വരിപ്പിച്ചതെന്നത് ഹൃദ്യമായൊരു വായനാ സന്ദര്‍ഭമാണ്.
പഠനകാലത്ത് സ്‌കൂളങ്കണത്തില്‍ മൂത്രമൊഴിച്ചു മണ്ടിപ്പാഞ്ഞ് ക്ലാസിലേക്കു കയറുന്ന കാലം. അന്നൊരു കൂട്ടം വിദ്യാര്‍ഥികള്‍ ശൗച്യത്തിനായി കല്ലുകള്‍ തെരഞ്ഞു നടക്കുന്നത് ഏറെ അത്ഭുതത്തോടെ നിരീക്ഷിച്ച പ്രസന്നന്‍ വിശ്വാസം തന്റെ വ്യക്തിശുദ്ധിയിലേക്കുകൂടി പടര്‍ത്തി നിര്‍ത്തിയ ആ കൗമാരബാല്യങ്ങളില്‍ കണ്ടത് ശുദ്ധിയെന്ന ഉദാത്തമായൊരു മൂല്യസാകല്യത്തെയാണ്. അപരാഹ്നങ്ങളില്‍ കുട്ടികള്‍ തമ്മില്‍ കലമ്പി കളികേളികളില്‍ മുഴുകുന്നു. കളിക്കിടയില്‍ ഇരമ്പിയെത്തുന്ന കോലാഹലവും കശപിശയും മസ്ജിദില്‍നിന്നുയരുന്ന സന്ധ്യാ ബാങ്കൊലിയോടെ പൊടുന്നനെ അസ്തമിക്കുന്നതും പൂര്‍വാധികം ഇണങ്ങുന്ന സൗഹൃദത്തോടെ കുസൃതിക്കുരുന്നുകള്‍ കൂരകളിലേക്ക് മടങ്ങുന്നതും പ്രസന്നമായൊരു വിശ്വാസ അനുഭൂതിയായി അദ്ദേഹം കണ്ടെത്തുന്നു.
ഇങ്ങനെ അത്യന്തം ലളിതമായ നിരവധി കുറിപ്പുകളിലൂടെയാണ് എഴുത്തുകാരന്‍ തന്റെ വിശ്വാസ സഞ്ചാരത്തെ അടയാളപ്പെടുത്തുന്നത്. വിശ്വാസങ്ങളും ബോധ്യങ്ങളും തികച്ചും വ്യക്തിനിഷ്ഠമാണെന്നും അത് ഒരാളുടെ സ്വന്തം തെരഞ്ഞെടുപ്പ് മാത്രമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വ്യക്തിപരമായ ഇത്തരം അഭിലാഷങ്ങളെ സമൂഹവും കുടുംബവും ഇടപെട്ട് വിലക്കുന്നത് പരിഷ്‌കൃത സമൂഹത്തില്‍ എത്ര നിന്ദ്യമാണെന്നും അദ്ദേഹം അന്വേഷിക്കുന്നു. മതമെന്നത് ഒരാളുടെ പ്രപഞ്ചവീക്ഷണമാണ്. അതയാള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണ്. സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കരുത്. ഇത്തരം പ്രതിലോമ ഇടപെടലുകളാല്‍ വിശ്വാസമാറ്റങ്ങളില്‍ രൂക്ഷത സംഭവിക്കുന്ന വര്‍ത്തമാനകാലത്ത് പ്രസന്നന്റെ കാഴ്ച പ്രധാനമാണ്. പെരും കുറ്റവാളികളും സാമൂഹികദ്രോഹികളും കൊമ്പന്‍സ്രാവുകളെപ്പോലെ സമൂഹത്തില്‍ നീന്തിനടക്കുമ്പോഴാണ് നിരുപദ്രവമായി വിശ്വാസമാറ്റം പ്രഖ്യാപിച്ച നിസ്സഹായരായ ഹാദിയയും ഹസ്‌നയും പ്രബുദ്ധ മലയാളത്തില്‍ തടവിലാക്കപ്പെട്ടത്. കമലാ സുറയ്യ പോലും വേണ്ടതിലേറെ അപമാനിക്കപ്പെട്ടതാണ് വിശ്വാസത്തിന്റെ പേരില്‍. നജ്മല്‍ ബാബുവിനെപ്പോലൊരു പോരാളിക്കു പോലും തന്റെ ദേഹത്തില്‍ അവകാശം ഇല്ലാതെ പോയ കാലം. പരമ്പരാഗത വിശ്വാസികള്‍ക്കീ സംഘര്‍ഷം മനസ്സിലാവില്ല. നവോത്ഥാന കേരളത്തിന്റെ ഭാവുകത്വം ഇടതുപക്ഷ ധാരയാണെന്നത് നാം വെറുതെ പറയുന്നതാണ്. വിശ്വാസമാറ്റം അത്രക്ക് കഠിനമാണ് കേരളത്തില്‍പോലും. ഈ സത്യത്തെ ഒന്നുകൂടി വെളുപ്പിക്കുന്നതാണീ പുസ്തകം. വിദ്യാസമ്പന്നനും സ്വാശ്രയനുമായിട്ടുപോലും പ്രസന്നന്‍ അനുഭവിച്ച ക്ലേശങ്ങള്‍ തീര്‍ച്ചയായും സങ്കടകരമാണ്. ഇത്തരം അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന ഏതൊരാളും അനുഭവിക്കുന്ന സമ്മര്‍ദങ്ങളെ ബോധപൂര്‍വം സമൂഹം തടയേണ്ടതുണ്ട്. ഇതാണ് പുസ്തകം ചര്‍ച്ചക്കു വെക്കുന്ന മറ്റൊരു വിഷയം. ആപാദം കാല്‍പനികമാണ് പ്രസന്നന്റെ ഭാഷ. ആ ഒഴുക്ക് വായനയെ ഏറെ സരളമാക്കുന്നു. യുവപണ്ഡിതനായ സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ പ്രൗഢമായൊരു അവതാരികയുണ്ട് ഈ പുസ്തകത്തിന്റെ തിലകമായി. വര്‍ത്തമാന കേരളത്തില്‍ ഈ ഗ്രന്ഥത്തിന്റെ വായന അത്യന്തം അനിവാര്യമാകുന്നു.
സമാധാനത്തിന്റെ സുഗന്ധം
പ്രസന്നന്‍ കെ.പി
പേജ് 170, വില 170. വചനം ബുക്‌സ്, കോഴിക്കോട്
Comments