Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 19

3072

1440 സഫര്‍ 09

എന്റെ ഇസ്‌ലാം സ്വീകരണം കേവലം വൈകാരിക തീരുമാനമല്ല

കമല്‍ സി. നജ്മല്‍ / ശക്കീര്‍ മുല്ലക്കര

ചേരമാന്‍ പള്ളിയില്‍ തന്നെ ഖബ്‌റടക്കണമെന്ന നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം ഭരണകൂടത്തിന്റെ ഒത്താശയോടെ കുടുംബം അട്ടിമറിച്ച് മൃതദേഹം ദഹിപ്പിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇസ്‌ലാം സ്വീകരണം പ്രഖ്യാപിച്ച എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി. നജ്മല്‍ സംസാരിക്കുന്നു.

 

ഇസ്‌ലാം സ്വീകരിക്കാനുള്ള പ്രേരണ നൈമിഷികമായിരുന്നു എന്ന് പറയാമോ?

ഇസ്‌ലാം സ്വീകരിച്ചത് നൈമിഷിക തീരുമാനമല്ല. നജ്മല്‍ ബാബുവിന്റെ മൃതദേഹം മറവുചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ദുരനുഭവത്തോടുള്ള പ്രതികരണമായാണ് ഞാന്‍ ഇസ്‌ലാം സ്വീകരണം പ്രഖ്യാപിച്ചതെങ്കിലും അതൊരു രാഷ്ട്രീയ ബോധത്തിന്റെ പ്രതിഫലനമായിരുന്നു. ബാബരി മസ്ജിദിന്റെ ധ്വംസനവും ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന സവിശേഷമായ പ്രതിസന്ധികളും നേരത്തേ തന്നെ എന്നെ വല്ലാതെ സ്വാധീനിക്കുകയുണ്ടായി. ഒരു പള്ളി പരസ്യമായി പൊളിച്ചതിനുശേഷവും 'തര്‍ക്കമന്ദിരം' എന്ന് വിശേഷിപ്പിക്കുന്നതിലെ യുക്തി ന്യായീകരിക്കാനാകാത്തതാണ്. നമ്പി നാരായണനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു മുസ്‌ലിമിന്റെ പേരു പറയാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. മുസ്‌ലിമിന്റെ പേര് ലഭിക്കുന്നതോടെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്.

മഅ്ദനി വിഷയത്തിലെ ഇരട്ടത്താപ്പും എന്നെ അലോസരപ്പെടുത്തിയിരുന്നു. വിപ്ലവകാരിയായ ഒരു  മുസ്‌ലിമിനുപോലും താനൊരു ഇന്ത്യക്കാരനാണെന്നും തീവ്രവാദിയല്ലെന്നും നിരന്തരം തെളിയിക്കേണ്ടിവരുന്നു. ഇത് മുസ്‌ലിംകള്‍ മാത്രം അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയാണ്. മറ്റു മതസ്ഥര്‍ക്ക് ഇത് ബാധകമല്ല.

എന്റെ സുഹൃത്തുക്കളില്‍ ധാരാളം മുസ്‌ലിംകളുണ്ട്. എന്നാല്‍, ഇന്ത്യന്‍ മുസ്‌ലിമിന്റെ അവസ്ഥ ലോക മുസ്‌ലിംകളുടേതിനേക്കാള്‍ പരിതാപകരമാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഗുജറാത്ത് കലാപം പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇസ്‌ലാമുമായി ചേര്‍ന്നുനിന്നാലോ എന്ന ചിന്ത എന്നില്‍ ഉടലെടുക്കുന്നതിന് കാരണമായിട്ടുണ്ട്.

നജ്മല്‍ ബാബുവിനെ അടക്കം ചെയ്യുന്ന സമയത്ത് ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ മയ്യിത്ത് പള്ളിയില്‍ മറമാടാന്‍ സമ്മതിക്കുന്നില്ലെന്ന് എന്റെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. സംസ്‌കാരം ഒരു ദിവസം നീട്ടിവെച്ച് പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ ആര്‍.ഡി.ഒ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കൃത്യമായ ഹോം വര്‍ക്ക് നടന്നതായി എനിക്ക് ബോധ്യപ്പെട്ടു. സമാനമായ ഒരു അനുഭവം ആ പ്രദേശത്ത് മുമ്പ് ഉണ്ടായതുമാണ്. മതേതരമാകണമെങ്കില്‍ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണം എന്ന കാഴ്ചപ്പാടാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിനുള്ളത്. ഒരു വിപ്ലവകാരിയെ അടക്കേണ്ടത് പള്ളിയിലല്ലല്ലോ, ഹിന്ദു ആചാരപ്രകാരം തന്നെ ദഹിപ്പിക്കേണ്ടതുണ്ട് എന്ന പൊതുബോധമാണ് നിലനില്‍ക്കുന്നത്. ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുമ്പോള്‍ അവിടെ സഖാവ് എന്ന് അനുസ്മരിക്കാം. എന്നാല്‍ പള്ളിയില്‍ ഖബ്‌റിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ നജ്മല്‍ ബാബു എന്നേ സ്മരിക്കാന്‍ സാധിക്കുകയുള്ളൂ. 

നജ്മല്‍ ബാബുവിനെ പോലെ ഇത്ര സ്വീകാര്യനും വലിയൊരു സൗഹൃദത്തിന്റെ ഉടമയുമായ ഒരാള്‍ക്ക് കേരളത്തില്‍ മുസ്‌ലിമായി മരിക്കാന്‍ സാധിക്കുന്നില്ല എന്നത് എന്നെ വളരെയധികം ആശങ്കപ്പെടുത്തി. അദ്ദേഹത്തിന്റെ മൃതശരീരത്തിനു സമീപം മുഴുവന്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പുരോഗമനവാദികളും വിപ്ലവകാരികളും അണിനിരന്നിട്ടും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സാധ്യമാക്കാന്‍ സാധിക്കാത്തതിലുള്ള പ്രതികരണം എന്ന നിലക്കാണ് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇത് കേവലം വൈകാരിക തീരുമാനമല്ല. മറിച്ച്, പല വിധത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ എന്റെ ഉള്ളില്‍ രൂപപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ ബോധത്തിന്റെയും ഇതുവരെ തുടര്‍ന്നുവന്നിട്ടുള്ള നിലപാടുകളുടെയും തുടര്‍ച്ചയായിട്ടാണ് ഞാന്‍ ഈ നിലപാടില്‍ എത്തിയത്. മുസ്‌ലിം വിഷയങ്ങളിലാണ് 'എടുത്തുചാട്ടം' എന്ന പ്രയോഗം കൂടുതലായും കാണാറുള്ളത്. ഹാദിയ-ഷഫിന്‍ ജഹാന്‍ വിഷയത്തില്‍ ഹാദിയയുടെ തീരുമാനം എടുത്തുചാട്ടമാണെന്നാണല്ലോ വിശേഷിപ്പിക്കപ്പെട്ടത്. ഈ വിഷയത്തില്‍ ഉായ കോടതിവിധി പുരോഗമനാത്മകമാണ്. പക്ഷേ, മതപരിവര്‍ത്തനാനന്തരം ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാന്‍ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ കയറിയിറങ്ങേണ്ടിവന്നത് ഖേദകരമാണ്. നിയമത്തിന്റെ മുന്നിലെ സമത്വം ഇന്ത്യന്‍ മുസ്്‌ലിമിന്റെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതും എന്റെ ഇസ്‌ലാം സ്വീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്.

 

എങ്ങനെയാണ് ഇസ്‌ലാമാശ്ലേഷം ഒരു രാഷ്ട്രീയായുധമായി മാറുന്നത്?

എന്റെ മതപരിവര്‍ത്തനം ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല. നിര്‍ബന്ധ മതപരിവര്‍ത്തനം എന്നത് തെറ്റു തന്നെയാണ്. ഞാന്‍ സ്വയം മനസ്സിലാക്കി തെരഞ്ഞെടുത്ത ഈ മാര്‍ഗം ഒരു രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്. ആന്തരികമായ നവീകരണം ബ്രാഹ്മണിക് മൂല്യവ്യവസ്ഥക്കകത്ത് സാധ്യമല്ല എന്ന ബോധ്യത്തില്‍നിന്നാണ് ഞാന്‍ ഈ നിലപാടിലെത്തിയത്. പാര്‍ശ്വവത്കൃതനോടൊപ്പം, തള്ളിമാറ്റപ്പെടുന്നവനോടൊപ്പം നില്‍ക്കുകയാണെങ്കില്‍ നമ്മളില്‍ പുതിയൊരു ലോകം സൃഷ്ടിക്കപ്പെടുമെന്ന തിരിച്ചറിവാണ് എന്നെ നയിച്ചത്.

ഇസ്‌ലാമിനെ കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടില്ല. 'ദൈവവും ഞാനും' എന്ന കൃതിയില്‍ ഇസ്‌ലാമിനെ കുറിച്ച പരാമര്‍ശങ്ങളുണ്ട്. ഈ കൃതിയില്‍ ദൈവസങ്കല്‍പത്തെയാണ് ഞാന്‍ പ്രശ്‌നവത്കരിച്ചത്. ഇതില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന ഒന്നും കടന്നുവന്നിട്ടില്ല. ഇസ്‌ലാം വലിയൊരു അനുഭവമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

 

ഇസ്‌ലാം സ്വീകരിച്ചതിനുശേഷം സമൂഹത്തില്‍നിന്നുണ്ടായ പ്രതികരണങ്ങള്‍ എന്തൊക്കെയാണ്?

ഇസ്‌ലാം സ്വീകരിച്ചതിനുശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ ലഭിക്കാന്‍ സമയമായിട്ടില്ല. മുസ്‌ലിം സുഹൃത്തുക്കളില്‍നിന്നും സംഘടനകളില്‍നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. ആശംസകള്‍ അറിയിച്ച് ധാരാളം സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. മനസ്സ് ഇപ്പോള്‍ വളരെ ശാന്തമാണ്. ഇസ്‌ലാമിന്റെ പ്രധാന അനുഷ്ഠാനങ്ങള്‍ പാലിച്ചാലേ മുസ്‌ലിമാകൂ എന്ന് പറഞ്ഞ് അനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടി ആരും എന്നെ വിളിച്ചിട്ടില്ല. ഇസ്‌ലാം സ്വീകരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ അങ്ങോട്ട് വിളിച്ചാണ് അന്വേഷിച്ചത്. ഇസ്‌ലാം സ്വീകരിച്ച ദിവസം ഞാന്‍ പള്ളിയില്‍ പോയി നമസ്‌കരിച്ചു. എന്റെ അനുഷ്ഠാനങ്ങള്‍ അപൂര്‍ണമായിരുന്നുവെങ്കിലും ആരും എന്നെ ചോദ്യം ചെയ്യാന്‍ വന്നില്ല എന്നതാണ് വസ്തുത. ഒരു സംഘടനാ നേതാവും എന്നെ വിളിച്ച് അവരുടെ സംഘടനയിലേക്ക് ക്ഷണിച്ചില്ലെന്നതും ഞാന്‍ പോസിറ്റീവ് ആയാണ് കാണുന്നത്.

 പുസ്തകം കത്തിക്കുന്ന പശ്ചാത്തലത്തില്‍ ധാരാളം മുസ്‌ലിം സംഘടനകള്‍ എനിക്ക് പിന്തുണയുമായി വന്നിരുന്നു. എം.എസ്.എഫ്, സോളിഡാരിറ്റി, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ എനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ എനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് പ്രകടനം നടന്നു. ഇതിനിടെ കുടുംബസമേതം പാണക്കാട് തറവാട് സന്ദര്‍ശിക്കാനും അവസരം ലഭിച്ചു.

 

നജ്മല്‍ ബാബുവുമായുള്ള ബന്ധം, അനുഭവങ്ങള്‍ എന്തൊക്കെയാണ്?

നജ്മല്‍ ബാബുവുമായി ഒരിക്കല്‍ മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളൂ. എനിക്കു വേണ്ടി അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നതു എന്നെ അമ്പരപ്പിച്ചു. ഇത് ഒരു നിമിത്തമായിരിക്കാം. തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ആരെയും അദ്ദേഹം അകറ്റിനിര്‍ത്തിയില്ല. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ മര്‍ദനങ്ങള്‍ സഹിച്ച വ്യക്തിയാണ് നജ്മല്‍ ബാബു. ഇരയോടൊപ്പം നില്‍ക്കലല്ല, ഇരയായി നില്‍ക്കലാണ് ഫാഷിസത്തിനെതിരായ സമരത്തിന്റെ ആദ്യപടി എന്നദ്ദേഹം മനസ്സിലാക്കി. ആ രാഷ്ട്രീയ ബോധ്യത്തില്‍നിന്നാണ് അദ്ദേഹം മുസ്‌ലിമാകുന്നത്. ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങള്‍ അദ്ദേഹം കൃത്യമായി പുലര്‍ത്തിയിരുന്നോ എന്നത് അന്വേഷണം നടത്തേണ്ട ഒന്നായിരിക്കാം. എന്നാല്‍ താന്‍ ഉള്‍പ്പെട്ട സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം തകര്‍ത്തതോടെ മുസ്‌ലിമായി മരിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ മാത്രമല്ല, അദ്ദേഹം മുന്നോട്ടു വെച്ച രാഷ്ട്രീയത്തെ തന്നെയാണ് ഇല്ലായ്മ ചെയ്തത്.

 

എഴുത്ത്, വായന, ആക്ടിവിസം എന്നിവയിലൂടെ എന്തെല്ലാം പ്രതിസന്ധികളെയാണ് താങ്കള്‍ക്ക് തരണം ചെയ്യേണ്ടി വന്നത്?

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ എം.എ ഫോക്‌ലോര്‍ പൂര്‍ത്തിയാക്കി. ശ്മശാനങ്ങളുടെ നോട്ട് പുസ്തകം, ദൈവവും ഞാനും എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ശശിയും ഞാനും' എന്നത് ലഘുവായ ചെറിയ കുറിപ്പുകളാണ്. സജീവ നാടക പ്രവര്‍ത്തകനായിരുന്നു. സൂര്യനെല്ലി കോടതിവിധിയുടെ പശ്ചാത്തലത്തില്‍ 'ബലാത്സംഗ പരിശീലന ക്യാമ്പ്' എന്ന നാടകം സംവിധാനം ചെയ്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം കളിച്ചു. നാടകം കളിച്ചതിന്റെ പേരില്‍ ഹൈക്കോടതിയുടെ മുന്നില്‍ വെച്ച് അറസ്റ്റ് ഉണ്ടായി. മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കപ്പുറമുള്ള പാരിസ്ഥിതിക പോരാട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. 'ശശിയും ഞാനും' എന്നതിലെ കുറിപ്പുകളെ അടിസ്ഥാനപ്പെടുത്തിയാണ് ജ124(അ) സെക്ഷന്‍ പ്രകാരം കേസെടുത്തത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ശ്മശാനങ്ങളുടെ നോട്ട് പുസ്തകം പിന്‍വലിക്കുന്നതിനും കത്തിക്കുന്നതിനും തീരുമാനമെടുത്തത്.

 

പുരോഗമനപരം എന്നവകാശപ്പെടുന്ന കേരളീയ പൊതുമണ്ഡലത്തില്‍ പോലും വിവേചനവും അപരവത്കരണവും നിലനില്‍ക്കുന്നുണ്ട്. ഇതിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് ഹൈന്ദവ ആചാരങ്ങള്‍ മതേതര സമൂഹത്തെയും സംഘടനകളെയും സ്വാധീനിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ ബ്രാഹ്മണിക് മൂല്യവ്യവസ്ഥ നമ്മുടെ സമൂഹത്തില്‍ ബോധപൂര്‍വമായി ഇടപെടുന്നതിന്റെ ഭാഗമായും രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ഇത്തരം മൂല്യങ്ങള്‍ കടന്നുവന്നിട്ടുണ്ടാകാം. വ്യവസ്ഥാപിത ഇടതുപക്ഷവും ബ്രാഹ്മണിക് മൂല്യവ്യവസ്ഥ അനുസരിച്ചാണ് മുന്നോട്ടു പോകുന്നതെന്നത് ഖേദകരമാണ്. മാര്‍ക്‌സിസ്റ്റുകാരനായ ഒരു ഹിന്ദു അമ്പലത്തില്‍ പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വെള്ളിയാഴ്ച ഒരു മുസ്‌ലിം സഖാവ് പള്ളിയില്‍ പോകുമ്പോള്‍ സംശയത്തോടെയാണ് വീക്ഷിക്കപ്പെടുക.

അപകടം പിടിച്ച അധികാരശ്രേണിയായാണ് ജാതിയെ ഹിന്ദു ഫാഷിസം മാറ്റിയിട്ടുള്ളത്. ഒരിക്കലും രക്ഷപ്പെടാനാകാത്ത ഒന്നായി ജാതിയെ കൊെത്തിച്ചിരിക്കുന്നു. കേരളത്തിന്റെ പൊതുബോധം ഇതിനനുസരിച്ച് പരുവപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കുറവായിരിക്കാം. എന്നാല്‍ കേരളം ഇതില്‍നിന്നൊക്കെ പൂര്‍ണമായും മുക്തമാണെന്ന് പറയാനാകില്ല. പുരോഗമനമെന്നത് ഒരു നാട്യവും കാപട്യവുമായാണ് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. പുരോഗമനത്തിനുള്ളില്‍ തന്നെ മോശപ്പെട്ട മൊറാലിറ്റിയെ നാം സൂക്ഷിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളല്ല ഇവിടെയുള്ളത്. മറ്റൊരു അധികാര ഘടനയാണ് അതിനകത്ത് പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ പാര്‍ട്ടികള്‍ ഇത് അംഗീകരിച്ചാലും ഇല്ലെങ്കിലും ഇത് തള്ളിക്കളയാനാകാത്ത ഒരു യാഥാര്‍ഥ്യമാണ്.

 

പല വിഷയങ്ങളിലും കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷം ബ്രാഹ്മണിക്കല്‍ മൂല്യങ്ങളെ സ്വീകരിക്കുന്നു എന്ന ആക്ഷേപമുണ്ട്. ഈ ആരോപണത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

കേരളത്തിലെ നവോത്ഥാനം പ്രശ്‌നവത്കരിക്കപ്പെടേണ്ടതുണ്ട്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ ഗോപാലന്‍ എന്ന സഖാവാണ് നായക കഥാപാത്രം. അഛനാണ് പരമു പിള്ള. ആ നാട്ടിലെ മൂരാച്ചിയായ പ്രമാണിയാണ് പരമു പിള്ള. കാര്യങ്ങള്‍ പഠിച്ച് അവസാനം പരമു പിള്ള കമ്യൂണിസ്റ്റാകുന്നു. ഈ നാടകത്തില്‍ ഗോപാലനോടൊപ്പം മാല, കറുമ്പന്‍ എന്നീ ദലിത് കഥാപാത്രങ്ങളുമുണ്ട്. ഗോപാലനെ പ്രണയിച്ച ദലിത് പെണ്‍കുട്ടിയാണ് മാല. എന്നാല്‍ മാലയെ നിര്‍ദാക്ഷിണ്യം ഒഴിവാക്കുന്നു് ഗോപാലന്‍. നാടകത്തിന്റെ അവസാനത്തില്‍ ചെങ്കൊടി മാലയുടെ കൈയില്‍നിന്ന് പരമു പിള്ളയുടെ കൈയിലെത്തുകയും അദ്ദേഹം ഞാനൊരു കമ്യൂണിസ്റ്റുകാരനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. നായക സ്ഥാനത്ത് നില്‍ക്കേണ്ടവരും നയിക്കേണ്ടവരും സവര്‍ണനായിരിക്കണം എന്നതാണ് നാടകത്തിലെ ക്ലൈമാക്‌സ്. നമ്മള്‍ ഇല്ല എന്ന് പറയുന്ന എല്ലാം ഇവിടെത്തന്നെയുണ്ട്. ജാതിയും ജാതിയുടെ പേരിലുള്ള വേര്‍തിരിവും അതേപടി നിലനില്‍ക്കുന്നു. ഒരേസമയം കമ്പോളത്തിനു അനുകൂലമായും അതേസമയം മാര്‍ക്‌സിസത്തിന് അനുകൂലമായും മൂല്യവ്യവസ്ഥയെ പാകപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം.

 

കേരളത്തിലെ ദലിത് മുന്നേറ്റങ്ങളെ, ദലിത്-പിന്നാക്ക ഐക്യം എന്ന സങ്കല്‍പത്തെ എങ്ങനെ വിലയിരുത്തുന്നു?

കേരളത്തില്‍ ദലിത് സമൂഹം വളര്‍ച്ചയുടെ ഒരു സുപ്രധാന ഘട്ടം പിന്നിട്ടുകഴിഞ്ഞു. ദലിത് ആക്ടിവിസം, ദലിത് പഠനങ്ങള്‍ എന്നിവ പുതിയ തലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എന്നാല്‍ ഭരണകൂടാനുബന്ധ സാംസ്‌കാരിക ഇടങ്ങളില്‍നിന്നും ദലിതന്‍ ഇന്നും മാറ്റിനിര്‍ത്തപ്പെടുകയാണ്. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിലെ പ്രതിസന്ധി മറികടക്കാന്‍ ദലിത് ആക്ടിവിസ്റ്റുകള്‍ക്കും ദലിത് ഫെമിനിസ്റ്റുകള്‍ക്കും സാധിച്ചിട്ടുണ്ട്. സണ്ണി എം. കപ്പിക്കാടിനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ കേരളത്തില്‍ വിരളമാണ്. കെ.കെ കൊച്ച്, രേഖാ രാജ് തുടങ്ങിയവര്‍ രൂപപ്പെടുത്തിയ പ്രതിരോധത്തിന്റെ സ്‌പേസ് തടുക്കാനാകാത്ത വിധം നിലനില്‍ക്കുകയാണ്.

മുസ്‌ലിംകളുമായി ഐക്യപ്പെടാനുള്ള മടി ദലിത് രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ സമ്പന്നരും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാത്തവരാണെന്ന ധാരണയാണ് പൊതുവെയുള്ളത്. മുസ്‌ലിമാകണമെങ്കില്‍ ദരിദ്രനാകണമെന്ന ബ്രാഹ്മണിക്കല്‍ യുക്തിയില്‍നിന്നാണ് ഇത്തരം നിരീക്ഷണങ്ങള്‍ ഉണ്ടാകുന്നത്. മുസ്‌ലിംകള്‍ ദലിതുകള്‍ക്കു സമാനമാണെങ്കില്‍ ഐക്യപ്പെടാം എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന പിന്നാക്കാവസ്ഥ തന്നെയാണ് കേരളത്തിലുമുള്ളതെന്ന് ഹാദിയ വിഷയം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഭരണകൂടത്തിന് ഇടതുപക്ഷബോധം ഉണ്ടായിരുന്നെങ്കില്‍ ഈ വിഷയം ഇത്ര സങ്കീര്‍ണമാകുമായിരുന്നില്ല. ഭരണഘടനാപരമായി ലളിതവും സുവ്യക്തവുമായ പരിഹാരമുള്ള ഒരു വിഷയത്തെ ഇത്രമേല്‍ സങ്കീര്‍ണമാക്കിയതില്‍ ഇടതുപക്ഷത്തിന് നല്ല പങ്കുണ്ട്. ഒരു മുസ്‌ലിമിനെ ജയിലിലടക്കാന്‍ യാതൊരുവിധ തെളിവും ആവശ്യമില്ലെന്നാണ് മഅ്ദനിയുടെ അനന്തമായ ജയില്‍വാസം നമ്മെ പഠിപ്പിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിന് മറുപടി പറയേണ്ടിവരുന്നതു പോലെ മഅ്ദനി അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും കേരളീയ സമൂഹം മറുപടി പറയേണ്ടി വരും.

 

സ്വതന്ത്ര നിരീക്ഷണങ്ങളുള്ള എഴുത്തുകാര്‍ക്ക് കേരളത്തില്‍ മതിയായ സ്വീകാര്യതയും സുരക്ഷിതത്വവും ലഭിക്കുന്നുണ്ടോ?

കേരളത്തില്‍ എഴുത്തുകാരെ ഇടതുപക്ഷം സംരക്ഷിക്കും എന്ന ഒരു പൊതുധാരണയുണ്ട്. എന്റെ കാര്യത്തില്‍ ഇത് പൂര്‍ണമായും ശരിയല്ല. ഇടതുപക്ഷം എഴുത്തിനെ സംരക്ഷിക്കുന്നു എന്നത് ഒരു പ്രതീക്ഷയാണ്. ഇത് എത്രകാലം നിലനില്‍ക്കുമെന്നത് ഭയപ്പാടോടെയാണ് ഞാന്‍ കാണുന്നത്. എഴുത്തില്ലാതാക്കുക എന്നത് ഹിന്ദുത്വ ഫാഷിസത്തിന് വളരെ നിര്‍ബന്ധമുള്ള കാര്യമാണ്. ഇതിനാവശ്യമായ ചേരുവകള്‍ അറിഞ്ഞോ അറിയാതെയോ ഇടതുപക്ഷം നല്‍കുന്നുവെന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാണ്. ഹരീഷിന്റെ 'മീശ' നോവലുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം കൃത്യമായിരുന്നില്ല. ആദ്യകാലങ്ങളില്‍ പാര്‍ട്ടി കൃത്യസമയത്തു തന്നെ നിലപാട് രൂപീകരിച്ച് പ്രഖ്യാപിക്കുമായിരുന്നു. ഭൂരിപക്ഷത്തെ പിണക്കേണ്ടതില്ല എന്ന് ഇടതുപക്ഷം തീരുമാനിക്കുമ്പോള്‍ തങ്ങള്‍ക്ക് പറ്റിയ പാര്‍ട്ടി ഏതാണെന്ന് ഭൂരിപക്ഷം തീരുമാനിക്കുക സ്വാഭാവികമാണല്ലോ.

കേരളത്തിലെ യുക്തിചിന്തയില്‍ സംഭവിച്ച മൗലികമായ വ്യതിയാനങ്ങള്‍ എന്തൊക്കെ? ഇത് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ എങ്ങനെ സ്വാധീനിച്ചു?

ബഹുസ്വര രാഷ്ട്രമെന്ന നിലയില്‍ ഹിന്ദുമതത്തില്‍ ധാരാളം ദൈവങ്ങളുണ്ടായിരുന്നു. ഇതിനെതിരെയുള്ള ഒരു പ്രതിരോധം എന്ന നിലക്കാണ് ഇന്ത്യയില്‍ യുക്തിവാദം കടന്നുവരുന്നത്. എന്നാല്‍ യുക്തിവാദിക്ക് ജനനം, മരണം, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ സ്വതന്ത്രമായ വീക്ഷണമുണ്ടായിരുന്നില്ല. ആയതിനാല്‍ ഈ മൂന്ന് കാര്യങ്ങളിലെ ആചാരങ്ങള്‍ നിലനിര്‍ത്തി വലിയ ദോഷമില്ലാതെ ജീവിക്കുക എന്ന ശൈലിയാണ് യുക്തിവാദികള്‍ സ്വീകരിച്ചത്. ഇത് അവരുടെ ജീവിതത്തില്‍ പലപ്പോഴും വൈരുധ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 

യുക്തിചിന്ത ഇടതുപക്ഷത്തെ ഇത്രമേല്‍ കാര്യമായി സ്വാധീനിച്ചതെങ്ങനെ എന്നതിനെ കുറിച്ച് പഠനം നടത്തേണ്ടതുണ്ട്. യുക്തിവാദം എന്നത് യുക്തിയില്ലാത്ത ഒരു വാദമാണ്. ശാസ്ത്രത്തിന്റെ യുക്തികളെ കടമെടുത്താണ് യുക്തിവാദം മുന്നോട്ടുപോകുന്നതെന്നു പറയാറുണ്ട്. എന്നാല്‍ ശാസ്ത്രം അമ്പലത്തില്‍ പോയി ഈശ്വരസാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തുന്നില്ല, ആരാധനാലയങ്ങളില്‍ ഹൈഡ്രജനും ഓക്‌സിജനും തുടങ്ങിയ മൂലകങ്ങളാണുള്ളത്; അവിടെ ദൈവമില്ല എന്ന് പ്രഖ്യാപിക്കുന്നില്ല. സാംസ്‌കാരികമായ വിഷയങ്ങളില്‍ ശാസ്ത്രം ഒന്നിനെയും നിഷേധിക്കുകയോ സാധ്യതകള്‍ അന്വേഷിക്കുകയോ ചെയ്യുന്നില്ല. മനുഷ്യന്റെ ജീവിതം സര്‍ഗാത്മകവും സമ്പുഷ്ടവുമാക്കുക എന്ന ദൗത്യമാണ് ശാസ്ത്രത്തിനുള്ളത്. എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സമീപനമാണ് ശാസ്ത്രത്തിനുള്ളത്. ശാസ്ത്രത്തിലെ അന്ധവിശ്വാസമാണ് യുക്തിവാദമെന്നു പറയാം.

പുരോഗമന പ്രസ്ഥാനങ്ങള്‍ ഭൂരിപക്ഷത്തിന്റെ ചിഹ്നങ്ങളെ സ്വീകരിക്കുന്ന ഒരു നിലപാടിലാണ് എത്തിച്ചേര്‍ന്നത്. എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ടുള്ള പുരോഗമനത്തിന് അവര്‍ പാകമായിട്ടില്ല. ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടങ്ങളില്‍ പോലും മുസ്‌ലിം സംഘടനകള്‍ അകറ്റിനിര്‍ത്തപ്പെടുന്നു. അങ്കമാലിയില്‍ നടന്ന മനുഷ്യസംഗമത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. ഇവിടെ മുസ്‌ലിമിന് മുസ്‌ലിമായി വരാനാകില്ല, മനുഷ്യനായി വരാം എന്നാണവര്‍ പ്രഖ്യാപിച്ചത്. ഈ ചടങ്ങില്‍ മറ്റു മതവിശ്വാസികള്‍ അവരുടെ ചിഹ്നങ്ങളിലും വേഷങ്ങളിലും പങ്കെടുത്തിരുന്നു. എന്നാല്‍ മുസ്‌ലിം മുസ്‌ലിമെന്ന നിലയില്‍ മനുഷ്യനല്ല, ഒരു തീവ്രവാദി മാത്രമാണെന്ന ചിന്തയാണ് പുരോഗമന പ്രസ്ഥാനങ്ങളെ നയിക്കുന്നത്. അതിനാല്‍ ഇസ്‌ലാമിനെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു പുരോഗമന ചിന്ത ഉയര്‍ന്നുവരിക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

 

ബാബരി മസ്ജിദിന്റെ തകര്‍ച്ച സ്വാധീനിച്ചുവെന്ന് പറഞ്ഞുവല്ലോ. ബാബരി മസ്ജിദിന്റെ പതനം എങ്ങനെയാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക?

ബാബരി മസ്ജിദ് പതനം സംഭവിക്കുന്നത് അതിന് ഒരുക്കിയ മണ്ണില്‍ തന്നെയാണ്. അത് ഞെട്ടിക്കുന്ന ഒന്നു തന്നെയാണെങ്കിലും അതിനു വേണ്ട മണ്ണ് നേരത്തേ പാകപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഭരണം നടത്തുന്നു, സെക്യുലരിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും നോക്കി നില്‍ക്കുന്നു, മൗനം പാലിക്കുന്നു. എല്ലാവരും നോക്കിനില്‍ക്കുന്ന ഒരവസ്ഥയും അതൊരു തര്‍ക്കമന്ദിരമാണെന്ന സമവായവും വളരെ നിസ്സാരമായി ബാബരി മസ്ജിദ് പൊളിക്കുന്നതിനു ഫാഷിസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കി. ബാബരി മസ്ജിദ് പൊളിച്ചതിന് ഇന്ത്യന്‍ ജനത കനത്ത വില നല്‍കേണ്ടി വരും. വര്‍ത്തമാനകാലത്ത് ഹിംസ ഉണ്ടാക്കുന്നതിന് ഭൂതകാലത്തെ കൂട്ടുപിടിക്കുക എന്ന ഫാഷിസ്റ്റ് തന്ത്രമാണ് ഇവിടെ നടപ്പിലാകുന്നത്. ഭൂതകാലത്തെ കൂട്ടുപിടിക്കാന്‍ യാതൊരുവിധ യുക്തിയുടെയും ആവശ്യമില്ല. ബാബരി ധ്വംസനം എന്നത് വലിയൊരു അടയാളപ്പെടുത്തലായിരുന്നു. ബാബരി ധ്വംസനത്തിനു മുമ്പുള്ള ഇന്ത്യയെ തിരിച്ചുപിടിക്കാനാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവിടെ പള്ളി പുനര്‍നിര്‍മിക്കണമെന്ന ചിന്ത ജുഡീഷ്യറിക്കോ അധികാരിവര്‍ഗത്തിനോ ഇല്ല. ബാബരി ധ്വംസനത്തിനു ശേഷം കലാപങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ കാണിച്ച ജാഗ്രത പ്രശംസനീയമാണ്.

എല്ലാവരും നോക്കിനില്‍ക്കെ പള്ളി പൊളിക്കുന്നത് എളുപ്പമാണെന്ന് ഫാഷിസ്റ്റുകള്‍ക്ക് ബോധ്യപ്പെട്ടു. അതിനാല്‍ ഇനിയും ധാരാളം 'തര്‍ക്കമന്ദിരങ്ങള്‍' ഉണ്ടാകും. ഹിന്ദുത്വ സെക്യുലരിസം, ഹിന്ദുത്വ സോഷ്യലിസം, ഹിന്ദുത്വ ഇടതുപക്ഷം എന്നിവയെ പുരോഗമനവാദികളും മതേതരവാദികളും സ്വാംശീകരിച്ചതിനാലാണ് ബാബരി ധ്വംസനം വളരെ എളുപ്പമായിത്തീര്‍ന്നത്.

ബാബരി മസ്ജിദ് പൊളിച്ചുമാറ്റി തര്‍ക്കം പരിഹരിക്കണമെന്ന് ഇ.എം.എസ് പറഞ്ഞിരുന്നു. സംഘ്പരിവാര്‍ ഭാഗികമായി പൊളിച്ചപ്പോള്‍ പൂര്‍ണമായും പൊളിച്ചുമാറ്റാനാണ് ഇ.എം.എസ് ആവശ്യപ്പെട്ടത്. ആരാധനാലയങ്ങള്‍ ഇല്ലാതായാല്‍, ബാബരി മസ്ജിദ് പൊളിച്ചാല്‍ അന്ധവിശ്വാസം കുറയുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നുമുള്ള യുക്തിവാദമാണ് ഇ.എം.എസിനെ നയിച്ചത്. ഈ യുക്തിവാദം ബ്രാഹ്മണിക്കലായിരുന്നു. മുസ്‌ലിം പള്ളി നിലവിലുള്ള അവസ്ഥയില്‍ നിലനിര്‍ത്തലും സംരക്ഷിക്കലുമാണ് ജനാധിപത്യം എന്ന് ഉള്‍ക്കൊള്ളാനാകാത്ത, ജാതിയുടെ സങ്കീര്‍ണതകളും മതങ്ങള്‍ക്കുള്ളിലുള്ള അപരവത്കരണവും മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയ ബോധ്യമാണ് ഇടതുപക്ഷത്തെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും നയിച്ചത്.

 

അപരവത്കരണം മുസ്‌ലിം സ്വത്വത്തെ സ്വാധീനിക്കുന്നതെങ്ങനെയാണ്?

മുസ്‌ലിം നിരന്തരം സമരം ചെയ്തുകൊണ്ടാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. ആദിവാസി, ദലിത് പ്രശ്‌നങ്ങള്‍ പതിന്മടങ്ങ് രൂക്ഷമായിക്കൊണ്ടിരിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ ആവര്‍ത്തിക്കുന്നു. നിലവിലെ മൂല്യവ്യവസ്ഥയില്‍ ഇതിന് പല കാരണങ്ങള്‍ കണ്ടെത്തുന്നുണ്ടാകാം. ഇന്നലെ മറ്റൊരു വിഷയമായിരുന്നെങ്കില്‍ ഇന്നത് പശുവിന്റെ രൂപത്തില്‍ കടന്നുവരുന്നു. നാളെ മറ്റൊരു പ്രശ്‌നമാകും ഫാഷിസം ഉയര്‍ത്തിക്കൊണ്ടുവരിക. ഇത്തരം പ്രശ്‌നങ്ങളില്‍ മുസ്‌ലിംകള്‍ കാണിക്കുന്ന ജാഗ്രത എടുത്തുപറയേണ്ടതു തന്നെയാണ്. ഹിന്ദുത്വത്തിനു മുന്നില്‍ മുസ്‌ലിംകള്‍ കാണിക്കുന്ന സൂക്ഷ്മമായ ജാഗ്രതയും ഇസ്‌ലാം കാണിക്കുന്ന മാനസികമായ ഉയര്‍ച്ചയും കൈകാര്യം ചെയ്യുന്ന രീതിയും ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഒരു കലാപഭൂമിയായി മാറുമായിരുന്നു എന്നതാണ് സത്യം.

 

ഹിന്ദുത്വം നമ്മുടെ സാമൂഹികഘടനയില്‍ എങ്ങനെയാണ് നിഷേധാത്മകമായി പ്രവര്‍ത്തിക്കുന്നത്? എന്തൊക്കെ അപകടങ്ങളാണ് സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ അത് ഉണ്ടാക്കുന്നത്?

നമ്മുടെ മൂല്യവ്യവസ്ഥ ബ്രാഹ്മണിക്കല്‍ ആണ്. വടക്കേ ഇന്ത്യയെപ്പോലെ ചാതുര്‍വര്‍ണ്യം അതേപടി നിലനില്‍ക്കുന്നില്ലെങ്കിലും തെക്കേ ഇന്ത്യയിലും തുടരുന്നത് പ്രസ്തുത മൂല്യവ്യവസ്ഥ തന്നെയാണ്. ഹിന്ദുത്വം ബ്രാഹ്മണിക്കല്‍ ആണ് എന്നതാണ് യാഥാര്‍ഥ്യം. അധീശവര്‍ഗം സൃഷ്ടിച്ച മൂല്യബോധമാണ് ഹിന്ദുത്വ ഫാഷിസമായി പരിണമിച്ചത്. അവരാണ് നമ്മുടെ ഫിലോസഫിയും രാഷ്ട്രീയവും അധികാരഘടനയും തീരുമാനിച്ചിട്ടുള്ളത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കുള്ളില്‍ ഇടം ലഭിച്ചത് നായര്‍ക്ക് മാത്രമാണ്. ശൂദ്രര്‍, ദലിതര്‍ എന്നിവരുടെ കാര്യം വളരെ പരിതാപകരമാണ്. വിവേചനത്തിന്റെ ഈ ഘടനക്കപ്പുറമാണ് ഇന്ത്യന്‍ മുസ്‌ലിമിന്റെ സ്ഥാനം. സവര്‍ണ മൂല്യവ്യവസ്ഥയുടെ ഒന്നാമത്തെ ശത്രു മുസ്‌ലിമാണ്. ശത്രു എന്നതിലപ്പുറം മറ്റൊരു അസ്തിത്വം ഹിന്ദുത്വ ഫാഷിസം മുസ്‌ലിമിന് നല്‍കിയിട്ടില്ല. അതുകൊണ്ട് ഒരല്‍പം അകലം പാലിച്ചേ നല്ല ഒരു മുസ്‌ലിം സുഹൃത്തിനെ പോലും കൂടെ നിര്‍ത്തുകയുള്ളൂ. ഹിറ്റ്‌ലറിന്റെ വംശീയവാദവും പീഡനമുറകളും കുപ്രസിദ്ധമാണല്ലോ. എന്നാല്‍ ഒരു ജനത ഫാഷിസ്റ്റുവത്കരണ പ്രക്രിയയുടെ ഭാഗമായി മാറുന്നത് ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും കാണാനാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്ത്യന്‍ ബഹുസ്വരത ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്? അതിന്റെ ഗുണപരവും നിഷേധാത്മകവുമായ വശങ്ങള്‍ എന്തൊക്കെയാണ്?

ജനാധിപത്യവും ബഹുസ്വരതയും തമ്മില്‍ വല്ലാത്ത സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഏതര്‍ഥത്തിലാണോ ബഹുസ്വരതയെ സ്വീകരിക്കേണ്ടത് ആ അര്‍ഥത്തില്‍ സര്‍ഗാത്മകമായി നാം ബഹുസ്വരതയെ സ്വീകരിക്കുന്നില്ല. എല്ലാ വിഭാഗങ്ങള്‍ക്കും ഇവിടെ ജീവിക്കണം. പക്ഷേ, മുസ്‌ലിമിനും ബ്രാഹ്മണനും ദലിതനും ആദിവാസിക്കും പ്രത്യേകമായ ഇടങ്ങള്‍ നിര്‍ണയിച്ചുവെച്ചിട്ടുണ്ട്. ഇങ്ങനെ അധികാര തട്ടുകളും സാമൂഹിക തട്ടുകളും വളരെ കൃത്യമായി ഉയര്‍ത്തിയും താഴ്ത്തിയും വെച്ച് കളിക്കുന്ന ഒരു ബഹുസ്വരതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബഹുസ്വരതയെ ആദരിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് സാംസ്‌കാരിക ചിഹ്നങ്ങളെയും അടയാളങ്ങളെയും അംഗീകരിക്കലാണ്. ആദിവാസി പഠിക്കുന്നത് മലയാളത്തിലും സംസാരിക്കുന്നത് ആദിവാസി ഭാഷയിലുമാണ്. ഇത് മാറി ആദിവാസിക്ക് ആദിവാസി ഭാഷയില്‍ പഠിക്കാന്‍ സാധിക്കും വിധത്തില്‍ പ്രത്യേക സ്‌കൂളുകള്‍ തുടങ്ങണം. ആദിവാസിയെ മുണ്ടുടുപ്പിക്കുക, പാന്റ്‌സ് ധരിപ്പിക്കുക, ബൈക്ക് ഓടിപ്പിക്കുക എന്നത് നമ്മുടെ ഉത്തരങ്ങളിലേക്ക് ആദിവാസിയെ ഇറക്കിക്കൊണ്ടുവരുന്ന ഒരു പ്രക്രിയയുടെ ഭാഗമാണ്. ഇത് ആദിവാസിക്ക് പാടില്ല എന്നല്ല. മറിച്ച്, പാന്റ്‌സ് ധരിക്കുന്നതിലൂടെ ആദിവാസിയുടെ സാമൂഹികമായ താഴ്ചയുടെ വ്യത്യാസം പരിഹരിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പാന്റ്‌സ് ധരിക്കുന്ന ആദിവാസിയെ നാം കൂടെ ഇരുത്തുന്നില്ല. തെയ്യം കളിക്കുന്ന കലാകാരന്‍ വിശ്രമിക്കുമ്പോള്‍ കൊക്കക്കോള കുടിക്കുന്നു. തെയ്യം അലങ്കാരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. പക്ഷേ, ഈ മാറ്റങ്ങള്‍ ടൂറിസ്റ്റ് താല്‍പര്യങ്ങള്‍ക്കും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് എന്നതാണ് വസ്തുത.

സംസ്‌കാരം എന്ന നിലയില്‍ ബഹുസ്വരത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭരണകൂടം നിര്‍ണയിച്ചുനല്‍കുന്നത് മറ്റൊന്നാണ്. ബഹുസ്വരതയെ അതിന്റെ ആര്‍ജവത്തില്‍ ഉള്‍ക്കൊള്ളാന്‍ ജനാധിപത്യത്തിന് കഴിഞ്ഞിട്ടില്ല. ഏകശിലാത്മകമായ ഒരു സംസ്‌കാരം സൃഷ്ടിക്കുന്നതിനാണ് ബഹുസ്വരത ശ്രമിച്ചിട്ടുള്ളത്. നമ്മുടെ സൗകര്യത്തിനനുസരിച്ച് ചില വൈവിധ്യങ്ങളെ അംഗീകരിച്ചുകൊടുക്കലാണ് നമ്മുടെ ബഹുസ്വരത. ജനാധിപത്യത്തിന്റെ ഇത്തരത്തിലുള്ള വ്യവഹാരത്തിനകത്താണ് ബഹുസ്വരത നിര്‍ണയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

സുനില്‍ പി. ഇളയിടത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭരണകൂട ദേശീയത അതിന്റെ പൂര്‍ണതയിലെത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജനാധിപത്യത്തിന്റെ ഭാവി എന്താണ്?

ജനാധിപത്യത്തിന്റെ പതനം പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു പ്രാവശ്യം കൂടി സംഘ് പരിവാര്‍ അധികാരത്തില്‍ വന്നാല്‍ ഇനിയൊരു ഇലക്ഷന്‍ ഉണ്ടാകുമോ എന്നത് സംശയകരമാണ്. അപരനെ ഇല്ലായ്മ ചെയ്യുന്ന, ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷത്തില്‍ ജനാധിപത്യത്തെ കുറിച്ചെന്നല്ല, ഒന്നിനെ കുറിച്ചും ചിന്തിക്കാനാകാത്ത പ്രതിസന്ധിയാണുള്ളത്. ഇതുവരെയുള്ള ഉത്തരങ്ങള്‍ കൊണ്ട് നമുക്കിതിനെ നേരിടാനാകില്ല. പുതിയ ഉത്തരങ്ങളിലൂടെ പഴയ ജനാധിപത്യത്തെ തിരിച്ചുപിടിച്ചതിനു ശേഷം മാത്രമേ പുതിയ ജനാധിപത്യം നേരിടുന്ന വെല്ലുവിളി ചര്‍ച്ച ചെയ്യാനാകൂ. ജനാധിപത്യത്തിന്റെ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ഘട്ടമല്ല ഇത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത്തരമൊരു ഘട്ടം എന്നേ കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (46)
എ.വൈ.ആര്‍