Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 19

3072

1440 സഫര്‍ 09

സമൂഹത്തെ നെടുകെ പിളര്‍ക്കുന്ന വംശീയത

സയ്യിദ് സആദത്തുല്ല ഹുസൈനി

(അപകോളനീകരണവും ഇസ്‌ലാമിന്റെ സ്വാതന്ത്ര്യ സങ്കല്‍പവും - 2)

ഓരോ അതിക്രമിയും രഹസ്യമായോ പരസ്യമായോ, ബോധപൂര്‍വമോ അല്ലാതെയോ മനുഷ്യരെ നെടുകെ പിളര്‍ക്കുന്ന തത്ത്വശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവനായിരിക്കും. മനുഷ്യന്റെ വംശം, വര്‍ണം, ജാതി, വര്‍ഗം ഇതൊക്കെയായിരിക്കും 'നാം' ആരെന്ന് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം. ബാക്കിയുള്ള ദുര്‍ബല മനുഷ്യരാണ് 'അന്യര്‍' അല്ലെങ്കില്‍ 'അപരര്‍.' മനുഷ്യത്വവും സഹാനുഭൂതിയുമൊക്കെ 'നമ്മി'ല്‍ പരിമിതമായിരിക്കും. അപരനോടുള്ള സഹാനുഭൂതിയാകട്ടെ മൃഗങ്ങളോട് എപ്രകാരമാണോ അതിന് സമാനമായിരിക്കും. അപരര്‍ മരിച്ചാലോ ദുരിതക്കയത്തില്‍ അകപ്പെട്ടാലോ ഒരു മൃഗത്തിന് എന്തെങ്കിലും പറ്റി എന്ന് കേള്‍ക്കുമ്പോഴുള്ള നിസ്സാരഭാവം. ഫ്രഞ്ച്-അള്‍ജീരിയന്‍ ദാര്‍ശനികനായ ഫ്രന്‍സ് ഫാനോ (Frantz Fanon) പറയുന്നത്,1 വംശീയത എന്നത് ഒരു അധികാര ഘടന (Power Structure)  ആണെന്നാണ്. അത് മനുഷ്യരെ രണ്ടു വ്യത്യസ്ത ഭാഗങ്ങളാക്കി പകുക്കുന്നു. ഒന്നാമത്തേത്, ഉള്ള ലോകം (Zone of Being). രണ്ടാമത്തേത്, ഇല്ലായ്മയുടെ ലോക (Zone of Non-Being) വും. ഇല്ലായ്മയുടെ ലോകത്ത് ജീവിക്കുന്നവര്‍ പൂര്‍ണ മനുഷ്യരായി കണക്കാക്കപ്പെടുകയില്ല. 'ഉള്ള ലോക'ത്തും പീഡനങ്ങള്‍ക്കിരകളാവുന്ന ഇത്തരം മനുഷ്യരെ കാണാനാവുമെങ്കിലും അവിടത്തെ 'ഉയര്‍ന്ന' വംശക്കാര്‍ക്ക് ലഭിക്കുന്ന പരിഗണനകളുടെ പരിരക്ഷ ഇവര്‍ക്കും ലഭിക്കും. ഇത്തരം പരിരക്ഷകളൊന്നും ഇല്ലായ്മയുടെ ലോകത്തെ മനുഷ്യര്‍ക്ക് ലഭ്യമാവുകയില്ല. 'നമ്മള്‍', 'അപരര്‍' എന്ന വിഭജനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഉള്ള ലോകത്ത്, അഥവാ 'നമ്മുടെ' ലോകത്ത് അനീതിയോ അരുതായ്മകളോ സംഭവിച്ചാല്‍ ദുഃഖവും പ്രതിഷേധവുമൊക്കെ കനത്തതായിരിക്കും. ഇനി ഇല്ലായ്മയുടെ അഥവാ അപരരുടെ ലോകത്താണ് അരുതായ്മകളെങ്കില്‍ 'നമ്മള്‍'ക്ക് അത് പ്രശ്‌നമേ അല്ല. കൊല്ലപ്പെട്ടത് വെള്ളക്കാരനെങ്കില്‍ പാശ്ചാത്യ ലോകമൊന്നടങ്കം പ്രതിഷേധാഗ്നിയില്‍ ഇളകിമറിയും. ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടാല്‍ മതി, ഭൂകമ്പമായിരിക്കും പിന്നെ. സിറിയയിലോ ഫലസ്ത്വീനിലോ ഇറാഖിലോ അഫ്ഗാനിസ്താനിലോ ജനവാസ പ്രദേശങ്ങള്‍ ഒന്നടങ്കം തുടച്ചുനീക്കപ്പെട്ടാല്‍ പോലും, അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്കു കളയും. ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടി നഗരത്തില്‍ വെച്ച് കൈയേറ്റത്തിന് ഇരയായാല്‍ വലിയ ബഹളമായിരിക്കും. ദലിത് പെണ്‍കുട്ടിക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇതിന്റെ പത്തിലൊന്നു പ്രതിഷേധം പോലും ഉയരുന്നില്ല.

അതിക്രമത്തിന്റെ ഈ മനശ്ശാസ്ത്രം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: ''കാര്യമെന്തെന്നു വെച്ചാല്‍ ഫറോവ ഭൂമിയില്‍ അഹങ്കരിച്ചു നടക്കുകയായിരുന്നു. അന്നാട്ടുകാരെ അവന്‍ പല ഗ്രൂപ്പുകളാക്കി തരം തിരിച്ചു നിര്‍ത്തി. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരും അധഃസ്ഥിതരുമാക്കി. അവരിലെ ആണ്‍മക്കളെ കൊല്ലുകയും പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഫറോവ തനി അതിക്രമി തന്നെയായിരുന്നു. എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെടുന്നവരോട് ഔദാര്യം കാണിക്കണമെന്നാണ് നമ്മുടെ തീരുമാനം. അവരെ നേതാക്കളും ഭൂമിയുടെ  അവകാശികളുമാക്കണമെന്നും നാം ഉദ്ദേശിക്കുന്നു; അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറോവക്കും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിക്കുന്നതെന്തോ അത് കാണിച്ചുകൊടുക്കണമെന്നും.''2

മുസ്‌ലിം സ്‌പെയിനിന്റെ പതനം പൂര്‍ത്തിയാവുകയും അമേരിക്കന്‍ ഭൂഖണ്ഡം കൊളോണിയല്‍ ശക്തികള്‍ക്ക് അധീനപ്പെടുകയും ചെയ്തതോടെ തദ്ദേശവാസികള്‍ മൃഗങ്ങളെപ്പോലെ കണക്കാക്കപ്പെടുകയാണുണ്ടായത്. ഈ നാടുകളില്‍ കൊളോണിയല്‍ ശക്തികള്‍ 'ഏക സ്വത്വം, ഏക മതം, ഏക രാഷ്ട്രം' എന്ന ആശയം നടപ്പാക്കാനാണ് ശ്രമിച്ചത്. അതിന്റെ ഫലമായി, അടിമത്ത്വത്തിന് നിയമപ്രാബല്യം ലഭിച്ചു. സകലവിധ ക്രൂരതകളും തദ്ദേശവാസികള്‍ക്കെതിരെ അഴിച്ചുവിട്ടു. മനുഷ്യരെന്ന പരിഗണന ആ ജനവിഭാഗങ്ങള്‍ക്ക് ഒരിക്കലും ലഭിച്ചില്ല. ആത്മാവില്ലാത്ത ജഡങ്ങള്‍ എന്ന മട്ടിലായിരുന്നു അവരോടുള്ള പെരുമാറ്റം. വെള്ളക്കാരുടെ ഈ ലോകത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ടാര്‍ഗറ്റ് ഇസ്‌ലാമാണ്. കാരണം പാശ്ചാത്യ കൊളോണിയലിസത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം ഇസ്‌ലാമാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ ബോധ്യത്തില്‍നിന്നാണ് ഇസ്‌ലാംപേടി എന്ന ഇസ്‌ലാമോഫോബിയ ജന്മം കൊള്ളുന്നത്. ഇസ്‌ലാമോഫോബിയയുടെ ജ്ഞാനശാസ്ത്രപരമായ അടിത്തറയെ വിലയിരുത്തിക്കൊണ്ട് ഗ്രോസ് ഫ്യൂഗല്‍ പറഞ്ഞതാണ് ശരി; 'വംശീയതയുടെ മേല്‍ പണിതുയര്‍ത്തിയ ജ്ഞാനശാസ്ത്രം പടിഞ്ഞാറിനെ ഉപദേശിക്കുന്നത്, പാശ്ചാത്യ ആഗോള/സാമ്രാജ്യത്വ പദ്ധതികളെക്കുറിച്ച് ഇസ്‌ലാമിക ചിന്തകര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളൊന്നും ശ്രദ്ധിക്കേണ്ടതില്ല എന്നാണ്.'3 ഒടുവില്‍ ഗ്രോസ് ഫ്യൂഗല്‍ എത്തുന്നത് ഇസ്‌ലാമോഫോബിയ എന്നത് വംശീയതയുടെ ഒരിനമാണ് എന്ന നിഗമനത്തിലാണ്. നല്ലവരും മോശക്കാരുമെന്ന ശ്രേണീഘടന സൃഷ്ടിച്ചുകൊണ്ട്, മുസ്‌ലിംകളെ തീവ്രവാദികളും അപകടകാരികളുമായി ചിത്രീകരിച്ച് അവരെ 'ഇല്ലായ്മയുടെ ലോക'ത്തേക്ക് തള്ളിയിരിക്കുകയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അവരെ മനുഷ്യരായി കണക്കാക്കുന്നില്ല എന്നര്‍ഥം. ഈ വംശീയത സ്ഥാപിതമായിരിക്കുന്നത് വംശത്തിന്റെ പേരിലല്ല മതത്തിന്റെ പേരിലാണ് എന്നു മാത്രം.

 

ഇസ്‌ലാമും അപകോളനീകരണ യത്‌നങ്ങളും

ചരിത്രത്തില്‍ ഏറ്റവുമേറെ വിജയം കൊയ്ത വിമോചന പ്രസ്ഥാനമാണ് ഇസ്‌ലാം. അതിനാല്‍ തന്നെ അപകോളനീകരണ ചിന്തകര്‍ക്ക് ഏറ്റവും ശക്തമായ പിന്‍ബലമാകാനും ഇസ്‌ലാമിന് സാധിക്കുന്നു. ഇസ്‌ലാമിന്റെ സവിശേഷ പ്രകൃതമാണ് അതിനു നിദാനം. കേവലം രാഷ്ട്രീയ, സാമൂഹിക പ്രതലങ്ങളില്‍ നിന്നുകൊണ്ട് അതിക്രമത്തെ കൈകാര്യം ചെയ്യുകയല്ല ഇസ്‌ലാമിന്റെ രീതി. ആശയപരമായും വിശ്വാസപരമായും വൈജ്ഞാനികമായും അതിക്രമത്തിന്റെ വേരുകള്‍ പിഴുതെറിയുകയാണ് അത് ചെയ്യുന്നത്. അതിക്രമം ഇല്ലാതാക്കുക മാത്രമല്ല, അതിന് ജന്മം നല്‍കുന്ന മാനസികാവസ്ഥയെയും ഇല്ലാതാക്കുന്നു. ഇസ്‌ലാമിന്റെ അതിക്രമവിരുദ്ധവും വംശീയവിരുദ്ധവുമായ നിലപാട് അതിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന ഒന്നാണ്. ദൈവത്താല്‍ അവതീര്‍ണമായിട്ടുള്ളതും നിര്‍ണയിക്കപ്പെട്ടിട്ടുള്ളതുമാണ് ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങള്‍ എന്നതിനാല്‍, ഒരു കാലത്തും അവക്ക് മാറ്റമോ തിരുത്തലുകളോ ഉണ്ടാവുക സാധ്യമല്ല.

കഴിഞ്ഞ നൂറ്റാണ്ടില്‍ വിവിധ ദേശങ്ങളെ കൊളോണിയലിസത്തിന്റെ നുകങ്ങളില്‍നിന്ന് മോചിപ്പിച്ച ഒരു മതത്തിന്റെ വിശ്വാസ പ്രമാണങ്ങളാണിത്. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കുകയും വംശീയവും ഗോത്രപരവുമായ ഉച്ചനീചത്വങ്ങള്‍ക്ക് അന്ത്യം കുറിക്കുകയും ചെയ്ത ദര്‍ശനം. പ്രബോധക സമൂഹത്തിന്റെ ആദ്യ തലമുറ സ്വഹാബികള്‍/ നബി അനുചരന്മാര്‍ ആണല്ലോ. അതിക്രമികളായ ഭരണാധികാരികളില്‍നിന്ന് ജനസമൂഹങ്ങളെ രക്ഷിക്കുകയായിരുന്നു അവര്‍ ഏറ്റെടുത്ത ദൗത്യം. അവര്‍ പ്രബോധനം ചെയ്ത തൗഹീദ് എല്ലാ മനുഷ്യരുടെയും ദൈവത്തിനുള്ള അടിമത്ത്വവും വിധേയത്വവുമായിരുന്നു. ത്വാഗൂത്ത് എന്ന് പേരിട്ട് വിളിച്ച അതിക്രമത്തിന്റെ ശക്തികള്‍ക്കെതിരെ പടയണി ചേരേണ്ടത് മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗം തന്നെയായിരുന്നു. പേര്‍ഷ്യയിലെ റുസ്തമിന്റെ കൊട്ടാരത്തില്‍ ചെന്ന് റുബഈ ബ്‌നു ആമിര്‍ നടത്തിയ പ്രസംഗം പ്രവാചകന്‍ മുന്നോട്ടു വെക്കുന്ന വിമോചന ദര്‍ശനത്തിന്റെ നല്ല വ്യക്തതയുള്ള അവതരണമായിരുന്നു. റുബഈ പറഞ്ഞു: 'ദൈവം ഞങ്ങളിലേക്ക് ഒരു ദൂതനെ നിയോഗിച്ചു, ഞങ്ങള്‍ ദൈവത്തിന്റെ അടിമകളെ മനുഷ്യരുടെ അടിമത്ത്വത്തില്‍നിന്ന് ദൈവത്തിന്റെ അടിമത്ത്വത്തിലേക്ക് മോചിപ്പിക്കാന്‍; ഇഹലോകത്തിന്റെ ഇടുക്കത്തില്‍നിന്ന് പരലോകത്തിന്റെ വിശാലതയിലേക്കും മതങ്ങളുടെ അതിക്രമങ്ങളില്‍നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും അവരെ നയിക്കാന്‍.''4

ദൈവത്തിന്റെ ഏകത്വമാണ് ഇസ്‌ലാമിക വിശ്വാസപ്രമാണത്തിന്റെ അടിത്തറ. സര്‍വലോകത്തിന്റെയും സ്രഷ്ടാവും നിയന്താവും സംരക്ഷകനും നിയമദാതാവുമായ ഏകദൈവം. സര്‍വശക്തനായ ഈ ഏകദൈവത്തില്‍നിന്ന് ലഭിക്കുന്നതാണ് കുറ്റമറ്റ അറിവ്. ദിവ്യവെളിപാട് വഴിയാണ് പ്രവാചകന്മാരിലൂടെ അത് മനുഷ്യന് ലഭിക്കുന്നത്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം അത് അംഗീകരിക്കല്‍ അനിവാര്യതയാണ്. മുഴുവന്‍ ചിന്തകളും ആലോചനകളും ആ ദിവ്യവെളിപാടുകളെ ആസ്പദിച്ചാണ് രൂപപ്പെടുക. അതിക്രമത്തിന്റെയും സര്‍വാധിപത്യത്തിന്റെയും ഭാഷ്യം അതില്‍നിന്നൊരിക്കലും ഉരുത്തിരിയുകയില്ല. നേരത്തേ നാം വ്യക്തമാക്കിയതു പോലെ, വംശീയ അതിക്രമത്തിന്റെയും മേധാവിത്വത്തിന്റെയും യഥാര്‍ഥ കാരണം രഹസ്യമായോ പരസ്യമായോ, ബോധപൂര്‍വമോ അബോധപൂര്‍വമോ ഒരു വിഭാഗം തങ്ങള്‍ മറ്റു വിഭാഗങ്ങളേക്കാള്‍ ഉയര്‍ന്നവരും ശ്രേഷ്ഠരുമാണെന്ന ധാരണ വെച്ചുപുലര്‍ത്തലാണ്. ഈ ശ്രേഷ്ഠചിന്തയുടെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ഇസ്‌ലാം. മനുഷ്യ സമത്വമാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിത്തറകളിലൊന്ന്. ഖുര്‍ആന്‍ പറയുന്നു; ''ജനങ്ങളേ! നാം നിങ്ങളെ ആണില്‍നിന്നും പെണ്ണില്‍നിന്നുമായാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ മാത്രം. ഏറ്റവും ജീവിത സൂക്ഷ്മതയുള്ളവരത്രെ നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളവര്‍.''5 അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ചുവന്നവന് കറുത്തവനേക്കാളോ കറുത്തവന് ചുവന്നവനേക്കാളോ യാതൊരുവിധ ശ്രേഷ്ഠതയുമില്ലെന്ന് പ്രവാചകനും പഠിപ്പിച്ചു. സകല ശ്രേഷ്ഠതകളുടെയും മാനദണ്ഡം ദൈവഭയവും അതില്‍നിന്ന് ഉത്ഭൂതമാവുന്ന ജീവിത സൂക്ഷ്മതയും കരുതലും.6 'ആദമിന്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു' എന്നാണ് ഖുര്‍ആന്റെ മറ്റൊരു പ്രഖ്യാപനം.7 ഇവിടെ ഒരു വര്‍ഗത്തിന്റെയും വംശത്തിന്റെയും പേര് എടുത്തു പറഞ്ഞിട്ടില്ല. മനുഷ്യ വര്‍ഗത്തിനൊന്നാകെയാണ് ആദരവ്. ആരെങ്കിലും അന്യായമായി ഒരാളെ വധിച്ചാല്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതിന് തുല്യമാണെന്ന് മറ്റൊരു ഖുര്‍ആനിക പ്രഖ്യാപനം.8 എല്ലാ വിഭാഗം ജനങ്ങളോടും നീതിയോടെ മാത്രമേ ഇടപെടാവൂ എന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു. ഒരു തരത്തിലുള്ള വിഭാഗീയതയും സ്വജനപക്ഷപാതവും നീതി നടപ്പാക്കുന്നതില്‍ ഉണ്ടാവരുത്. നീതി നടപ്പാക്കുന്നത് നിങ്ങള്‍ക്കോ നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാല്‍ പോലും.9

ഈ സമത്വ ചിന്ത വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാഗമാക്കുന്നതോടൊപ്പം, അത് നിത്യജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ അതിശക്തമായ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു ഇസ്‌ലാം. ദിനേനയുള്ള അഞ്ചു നേരത്തെ നമസ്‌കാരം തന്നെ എടുക്കുക. ഒരൊറ്റ ദൈവത്തിനുള്ള വിധേയപ്പെടലിന്റെ ഏറ്റവും ശക്തവും തെളിമയാര്‍ന്നതുമായ ആവിഷ്‌കാരമാണത്. ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന മനുഷ്യ സമത്വവും ആ അനുഷ്ഠാനം വിശ്വാസിയെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. വിവിധ വംശക്കാര്‍, ദേശക്കാര്‍, ഗോത്രക്കാര്‍, സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവര്‍ മടമ്പോടു മടമ്പും തോളോടു തോളും ചേര്‍ത്തു വെച്ചാണ് നമസ്‌കാരത്തിനായി ഏകനായ ദൈവത്തിനു മുമ്പില്‍ ഒരൊറ്റ അണിയായി നില്‍ക്കുന്നത്. സകല ഹയറാര്‍ക്കികള്‍ക്കും പ്രോട്ടോക്കോളുകള്‍ക്കും മസ്ജിദില്‍ വെച്ച് അന്ത്യം കുറിക്കപ്പെടുകയാണ്.

റമദാനിലെ വ്രതവും ഇതുപോലെത്തന്നെയാണ്. വ്രതം മനുഷ്യനെ ദൈവത്തോട് കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തുകയും അവനില്‍ അര്‍പ്പണ ബോധം വളര്‍ത്തുകയും ചെയ്യുന്നു. അതോടൊപ്പം അതിനൊരു സാമൂഹിക വശവുമുണ്ട്. പാവങ്ങളുടെ നൊമ്പരം സ്വയം അനുഭവിച്ചറിയാനാവുക എന്നതാണത്. ലോകം മുഴുക്കെ ഒന്നിച്ചാണ് നോമ്പെടുക്കുന്നത്. ധനിക-ദരിദ്ര വ്യത്യാസമില്ലാതെ എല്ലാവരും അത്താഴത്തിനായി ഒരേസമയം എഴുന്നേല്‍ക്കുന്നു. നോമ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഒരേസമയത്ത്. ഇതിലൂടെയൊക്കെ എല്ലാ മനുഷ്യരും തുല്യരാണ് എന്ന വലിയൊരു പാഠമാണ് വിശ്വാസികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ സമത്വത്തിന്റെ ഏറ്റവും മികച്ച മാതൃക കാണണമെങ്കില്‍ ഹജ്ജിനായി പോവണം. വിവിധ ദേശങ്ങളില്‍നിന്ന് ഹജ്ജിനായി എത്തുന്ന പല വംശക്കാരും വര്‍ണക്കാരുമായ മുസ്‌ലിംകള്‍ ആറു ദിനങ്ങള്‍ ഒരു ദര്‍വീശിന്റേതു പോലുള്ള വസ്ത്രങ്ങള്‍ അണിയുന്നു. ഒരേതരം തമ്പുകളില്‍ ഫഖീറുകളായി ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുന്നു. ഈ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാളുടെയും മനസ്സില്‍ ആഴത്തില്‍ പതിയുക ദൈവത്തിന് മുമ്പില്‍ മനുഷ്യരെല്ലാം സമന്മാരാണെന്നും ഓരോ നിമിഷവും അവര്‍ ദൈവത്തിന്റെ സഹായം ആവശ്യമുള്ളവരാണെന്നും സാമൂഹിക തരംതിരിവുകള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും തന്നെയല്ലേ?

സാമ്പത്തിക നീതിയുടെയും സമത്വ ഭാവനയുടെയും ഇസ്‌ലാമിക ഫോര്‍മുലയാണ് സകാത്ത്. ധനികരുടെ മൊത്തം ആസ്തിയുടെ രണ്ടര ശതമാനം ദരിദ്രരുടെയും മറ്റു അധഃസ്ഥിതരുടെയും ഉന്നമനത്തിനായി നീക്കിവെക്കാനുള്ളതാണ്. വരുമാനത്തിനു പകരം ആസ്തിയുടെ അടിസ്ഥാനത്തില്‍ സകാത്ത് നിര്‍ണയിച്ചാല്‍ അത് രണ്ടു തരത്തില്‍ സാമ്പത്തിക സമത്വ വിഭാവനക്ക് സഹായകമായിത്തീരും.

ഒന്ന്: അധഃസ്ഥിതരുടെ ഉന്നമനത്തിന് കൂടുതല്‍ പണം ലഭ്യമാക്കാം. കോടീശ്വരന്മാര്‍ അവരുടെ ആസ്തി കണക്കാക്കി സകാത്ത് നല്‍കുകയാണെങ്കില്‍ ദാരിദ്ര്യം ഭൂമുഖത്തുനിന്ന് എളുപ്പം തുടച്ചുനീക്കാനാവും. രണ്ട്: ആസ്തികളെ മാനദണ്ഡമാക്കിയാല്‍ അവയെ ഉല്‍പ്പാദനപരമല്ലാത്ത രീതിയില്‍ നിലനിര്‍ത്താന്‍ ആരും തയാറാവുകയില്ല. അവ കമ്പോളത്തിലെത്തുകയും ഉല്‍പാദനപരമായി (ജൃീറൗരശേ്‌ല) മാറുകയും ചെയ്യും. അത് തൊഴിലുകള്‍ സൃഷ്ടിക്കുകയും ദാരിദ്ര്യത്തിന് പരിഹാരമാവുകയും ചെയ്യും.

ധനം ചിലരുടെ കൈകളില്‍ മാത്രമായി കറങ്ങാതിരിക്കാന്‍ കൂടി വേണ്ടിയാണ് ഇസ്‌ലാം പലിശക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ പരിശോധിച്ചാലും അവിടെയും ഈ തത്ത്വം പ്രയോഗവല്‍ക്കരിച്ചതായി കാണാം.

സമത്വത്തിന്റെ ഇത്തരം അടിസ്ഥാന തത്ത്വങ്ങള്‍ ഉള്‍ച്ചേര്‍ന്നതോടൊപ്പം തന്നെ, ദരിദ്രരാക്കപ്പെട്ടവരുടെയും അവശരാക്കപ്പെട്ടവരുടെയും നീതിക്കു വേണ്ടി പൊരുതാനും  ഇസ്‌ലാം അതിന്റെ അനുയായികളോട് ആവശ്യപ്പെടുന്നുണ്ട്. ഖുര്‍ആന്റെ ഭാഷയില്‍ ഇത്തരം സര്‍വ സ്വേഛാധിപത്യ ശക്തികളും ദൈവത്തിന്റെ ശത്രുക്കളോ ത്വാഗൂത്തോ ആണ്. അവര്‍ക്കെതിരെ പടയണി ചേരണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു. പുതിയ കാലത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അധികാരം കൈപ്പിടിയിലൊതുക്കിയ സര്‍വാധിപതികള്‍ മാത്രമല്ല, മനുഷ്യര്‍ക്കെതിരെ അതിക്രമമഴിച്ചുവിടുന്ന മുഴുവന്‍ വ്യവസ്ഥിതികളും ത്വാഗൂത്ത് തന്നെയാണെന്ന് സമര്‍ഥിച്ചിട്ടുണ്ട്. ''സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികള്‍ 'ത്വാഗൂത്തി'ന്റെ മാര്‍ഗത്തിലും യുദ്ധം ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം പറ്റെ ദുര്‍ബലമാണെന്ന് അറിഞ്ഞിരിക്കുക.''10

വിശുദ്ധ ഖുര്‍ആന്‍ മൂസാ-ഫറോവ സംഭവം വിശദാംശങ്ങളോടെ പ്രതിപാദിച്ചിട്ടുണ്ട്. ഫറോവ അക്രമിയും വംശീയവാദിയും സ്വേഛാധിപതിയുമായ ഭരണാധികാരി. ആ സമൂഹത്തിലേക്ക് നിയോഗിതനായ മൂസാ നബിയാവട്ടെ ഫറോവയുടെ വംശീയാതിക്രമങ്ങളുടെ ഇരയും. ഇത്തരം അതിക്രമികളില്‍നിന്ന് അധഃസ്ഥിതരെയും ദുര്‍ബലരാക്കപ്പെട്ടവരെയും രക്ഷപ്പെടുത്താന്‍ വിശ്വാസികള്‍ തയാറാവണമെന്നാണ് ഖുര്‍ആന്റെ ആഹ്വാനം. ''നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നില്ല? മര്‍ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിക്കുന്നു; ഞങ്ങളുടെ നാഥാ, മര്‍ദകരായ ജനം വിലസുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.''11

സകലവിധ ത്വാഗൂത്തീ ശക്തികള്‍ക്കുമെതിരെ അതിക്രമങ്ങളും കുഴപ്പങ്ങളും ഇല്ലാതാക്കാന്‍ നടത്തുന്ന ത്യാഗപരിശ്രമങ്ങളുടെ പേരാണ് ജിഹാദ്. ഇത് ഇസ്‌ലാം ചുമത്തുന്ന സുപ്രധാന ബാധ്യതകളില്‍ ഒന്നാണ്. ജിഹാദ് എന്താണെന്ന് ഇസ്‌ലാമിക നിയമസംഹിതയില്‍ തെളിമയായി വിശദീകരിച്ചിട്ടുണ്ട്. അതിന് പലവിധ രൂപങ്ങള്‍ ഉണ്ട്. തീര്‍ത്തും സമാധാനപരമായ രീതിയില്‍ ജിഹാദ് നടത്താനാവും. ചില സന്ദര്‍ഭങ്ങളില്‍ ശരീഅത്ത് നല്‍കിയ ഉപാധികള്‍ പാലിച്ചുകൊണ്ട് മറ്റു രീതികളിലും അത് നിര്‍വഹിക്കേണ്ടിവന്നേക്കാം. ജിഹാദിന്റെ രൂപം ഏതായിരിക്കണമെന്ന് അതത് സാഹചര്യങ്ങളാണ് തീരുമാനിക്കുക. അതേസമയം അതിക്രമത്തിനും അനീതിക്കുമെതിരായ ജിഹാദ് എന്ന ഈ പോരാട്ടം ഏതു സന്ദര്‍ഭത്തിലും മുസ്‌ലിമിന്റെ മേലുള്ള ബാധ്യതയായിത്തന്നെ നിലനില്‍ക്കും.

ഇങ്ങനെ ഇസ്‌ലാം അപകോളനീകരണ ചിന്തക്ക് ഒരു പൂര്‍ണ ഫ്രെയിംവര്‍ക്ക് നല്‍കുന്നുണ്ട്. വിശ്വാസപരം തന്നെയായ ബലിഷ്ഠ അടിത്തറകളിലാണ് അത് കെട്ടിപ്പൊക്കിയിട്ടുള്ളത്. എക്കാലത്തെയും അതിക്രമികള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സമരമുഖം തുറക്കാന്‍ അത് പര്യാപ്തവുമാണ്. വംശീയത, ജാതീയമായ ഉച്ചനീചത്വം, അനീതി, അസമത്വം തുടങ്ങിയ തിന്മകള്‍ക്കെതിരെ മേല്‍പ്പറഞ്ഞ അടിസ്ഥാനങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ശക്തമായി നിലയുറപ്പിക്കാന്‍ മുസ്‌ലിം സമൂഹം തയാറാവണമെന്നതാണ് ഏറ്റവും പ്രധാനം. അധഃസ്ഥിതരുടെയും മര്‍ദിതരുടെയും രക്ഷകരും മോചകരുമായി അവര്‍ രംഗത്തു വരണം. 

(അവസാനിച്ചു)

കുറിപ്പുകള്‍

1. Frantz Fanon (Tr. Charles Lam Markmann) Black Skin, White Masks; Pluto Books, London (2008).

2. അല്‍ ഖസ്വസ്വ്: 4,5,6

3. Ramon Grosfoguel - The Multiple Faces of Islamophobia, in 'Islamophobia Studies Journal’ Spring 2012, Pluto Journals, London (2012), p: 9-33


4. ഇബ്‌നു കസീര്‍ - അല്‍ ബിദായ വന്നിഹായ, ഏഴാം ഭാഗം, ഖാദിസിയ്യാ യുദ്ധം

5. അല്‍ ഹുജുറാത്ത്: 13

6. ബൈഹഖി; ശുഅബുല്‍ ഈമാന്‍. ജാസിറു ബ്‌നു അബ്ദില്ല ഉദ്ധരിച്ചത്. അല്‍ബാനി സ്വഹീഹെന്ന് സാക്ഷ്യപ്പെടുത്തി.

7. അല്‍ ഇസ്രാഅ്: 70

8. അല്‍മാഇദ: 32

9. അന്നിസാഅ്: 135

10. അന്നിസാഅ്: 76

11. അന്നിസാഅ്: 75

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (46)
എ.വൈ.ആര്‍