വിപ്ലവ സ്വപ്‌നങ്ങളുടെ കൊടുങ്കാറ്റിനൊപ്പം സഞ്ചരിച്ച നജ്മല്‍ ബാബു
വിപ്ലവ സ്വപ്‌നങ്ങള്‍ നിറഞ്ഞുനിന്ന ഒരന്തരീക്ഷത്തിലായിരുന്നു നജ്മല്‍ ബാബുവിന്റെ കുട്ടിക്കാലം. കൊടുങ്ങല്ലൂരിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് യുക്തിവാദി കുടുംബത്തില്‍ 1949-ല്‍ ജനനം. അഛന്‍ തൈവാലത്ത് നീലകണ്ഠദാസന്‍ സംസ്‌കൃതപണ്ഡിതനും സഹോദരന്‍ അയ്യപ്പന്റെ പ്രസ്ഥാനത്തില്‍ അംഗവുമായിരുന്നു.
'ഒന്നാം ക്ലാസ്സില്‍ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനു മുമ്പേ ചേച്ചിമാരായിരുന്ന വിമലാ ദേവിയും സുശീലാ ദേവിയും എന്നെ എഴുത്തും വായനയും പഠിപ്പിച്ചിട്ടുണ്ടായിരുന്നു' എന്ന് നജ്മല്‍ ബാബു പറഞ്ഞിട്ടു്. അതുകൊണ്ട് അദ്ദേഹം പിറകിലെ ബെഞ്ചിലാണിരുന്നത്. അന്നേ തുടങ്ങിയിരുന്നു സവിശേഷ സ്വഭാവങ്ങള്‍. ക്ലാസ്സിലെ മിടുക്കന്മാരെ മാറ്റിനിര്‍ത്തി അദ്ദേഹം അവഗണിക്കപ്പെട്ടവരുടെ സുഹൃത്തായി. അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള സൂക്ഷ്മ ഗ്രാഹികള്‍ അദ്ദേഹത്തില്‍ വളര്‍ന്നു എന്നതായിരുന്നു അതിന്റെ ഫലം. സ്‌കൂളില്‍ പോകാനും വ്യവസ്ഥാപിത പഠനത്തിനും താല്‍പര്യമില്ലാതിരുന്നിട്ടും അദ്ദേഹത്തിന് പത്താം ക്ലാസ്സില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആ ജോലി ഉപേക്ഷിച്ചു. ആ വല്ലാത്ത കാലത്ത് തിളച്ചുമറിഞ്ഞിരുന്ന വിപ്ലവ ബോധമായിരുന്നു താന്‍ ജോലി ഉപേക്ഷിക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴും ആശയങ്ങളുടെ സ്വപ്‌ന ലോകത്തെ അദ്ദേഹം വിടാതെ കൂടെ കൊണ്ടു നടന്നു. പ്രതിഭാ ശേഷിയും സംവേദനക്ഷമതയും വേണ്ടതിലധികമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ സ്വപ്‌നങ്ങള്‍ കൊടുങ്കാറ്റായി മാറിയത് സ്വാഭാവികം. ആ കൊടുങ്കാറ്റിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ജീവിതം.
സാമൂഹിക മാറ്റത്തിനായി സ്വപ്‌നജീവിതം
അന്തര്‍മുഖനായ നിഷേധി. ചിന്തകളില്‍ സമൂഹത്തിന്റെ സമസ്യകള്‍ മാത്രം. കമ്യൂണിസ്റ്റ് വിപ്ലവ സാഹിത്യങ്ങളോടൊപ്പം സാര്‍ത്രിനെപ്പോലുള്ള അസ്തിത്വവാദ ചിന്തകരുടെയും പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചുകൂട്ടി. കൊടുങ്ങല്ലൂര്‍ പ്രഭൂസ് ബുക് സ്റ്റാളില്‍ ഇവയെല്ലാം ലഭ്യമായിരുന്നു. ലോകത്തിലെ പ്രമുഖ ബുദ്ധിജീവികളുടെ ചിന്തകള്‍ പിന്തുടരുന്നതില്‍ അദ്ദേഹം അപ് ടു ഡേറ്റായിരുന്നു. അല്‍പ്പം മുമ്പു കണ്ട സുഹൃത്തിനെ വിവരിക്കുന്നതു പോലെ അവരുടെ മാനറിസങ്ങള്‍ പോലും സംഭാഷണത്തിനിടയില്‍ സ്വാഭാവികമായി പറയാന്‍ മാത്രം അദ്ദേഹത്തിന് പരിചിതരായിരുന്നു അവര്‍. അവരുടെ പുസ്തകങ്ങളിലെ വരികളും സംഭാഷണ ശകലങ്ങളും ജീവിത സന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും എഴുത്തിലും കടന്നുവന്നിരുന്നു. ഏതൊരു സാധാരണ വിഷയത്തിലും അദ്ദേഹം പ്രശസ്തരായ ബുദ്ധിജീവികളെ ഉദാഹരിക്കാറുണ്ടായിരുന്നു. അഗംബന്‍, റാന്‍സിയേ, ദെലേസ്, നെഗ്രി, ഹാര്‍ട്, സിസെക് തുടങ്ങിയവരെ ആദ്യമായി പരിചയപ്പെട്ടത് അദ്ദേഹത്തില്‍നിന്നായിരുന്നു എന്ന് കവിയും സുഹൃത്തുമായ സച്ചിദാനന്ദന്‍.
കെ. വേണു പറയുന്നു: ''ലോക നിലവാരത്തിലുള്ള ഏതൊരു പുതിയ തത്ത്വശാസ്ത്രമായാലും കലയായാലും ബൗദ്ധിക തലത്തിലുള്ള എന്തു തന്നെയായാലും ജോയി അറിഞ്ഞിരുന്നു. ഇവയെ സാകൂതം ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എനിക്ക് പലപ്പോഴും അക്കാര്യത്തില്‍ ജോയിയെക്കുറിച്ച് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ വായനയുടെ വ്യാപ്തിയും വളരെ വലുതായിരുന്നു. എന്നാല്‍ ഇതൊന്നും എല്ലാവരെയും അറിയിക്കുന്നതില്‍ യാതൊരു താല്‍പര്യവും കാണിച്ചിട്ടുമില്ല.''
കമ്യൂണിസത്തെ മാത്രം വിശ്വസിക്കുകയും തുടര്‍ന്ന് അതില്‍ മാത്രം മുഴുകുകയും ചെയ്തയാളല്ല അദ്ദേഹം. അസ്തിത്വവാദ ദര്‍ശനങ്ങള്‍ അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചിരുന്നു. ഒരു കാലഘട്ടത്തില്‍ വളരെ ജാഗ്രതയോടെ നക്‌സലൈറ്റ് സംഘാടനം നടത്തുമ്പോഴും അദ്ദേഹം ആത്മാന്വേഷകനായിരുന്നു.
കെ. വേണു വീും: ''ജോയിയൊക്കെ രാഷ്ട്രീയത്തില്‍ സജീവമായി വരുന്ന കാലത്ത് ലോകവ്യാപകമായി അസ്തിത്വവാദത്തിന് പ്രചാരം ലഭിച്ചിരുന്നു. അതിന്റെ സ്വാധീനം ജോയിയിലുമുണ്ടായിരുന്നു. അതിന്റെ ഭാഗമായ സ്വത്വബോധ പ്രതിസന്ധിയും എക്സ്പ്രഷണലിസത്തില്‍നിന്ന് മാറിനില്‍ക്കുന്ന സ്വഭാവവും ജോയിക്കുണ്ടായിരുന്നു. സത്യസന്ധമായി സ്വയം പ്രകടിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രകടിപ്പിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ആദ്യ കാലഘട്ടങ്ങളില്‍ പ്രസംഗിക്കുന്നതില്‍നിന്നും എഴുതുന്നതില്‍നിന്നുമെല്ലാം ഈ വിധത്തില്‍ വിട്ടുനിന്നിരുന്നു. ജോയി വളരെ നന്നായി എഴുതാന്‍ കഴിവുള്ള ഒരാളാണ്. എഴുതാതിരുന്നത് സത്യസന്ധമായി പ്രകടിപ്പിക്കണമെന്ന നിലപാട് കാരണമാണ്.'' നജ്മല്‍ ബാബു ഒരഭിമുഖത്തില്‍ പറയുന്നു: ''സാര്‍ത്രിയന്‍ നോവലുകള്‍, ദര്‍ശനങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. മാര്‍ക്‌സിനെയൊക്കെ പിന്നീട് വായിച്ചപ്പോഴും അടിസ്ഥാനപരമായി സാര്‍ത്രിയന്‍ ദര്‍ശനങ്ങളിലായിരുന്നു ഞാന്‍. അതിപ്പോഴും തുടരുന്നു.''
അദ്ദേഹം കൊടുങ്ങല്ലൂരില്‍ ഒരു ലോഡ്ജായി തുടങ്ങിയതാണ് സൂര്യകാന്തി. അത് ലൈബ്രറിയും ബുക് സ്റ്റാളുമായി. പ്രസാധനവും ആരംഭിച്ചു. സൂര്യകാന്തി അസ്വസ്ഥ യൗവനത്തിന്റെ അഭയ കേന്ദ്രമായി. അനേകം ലഘുലേഖകളും വിവര്‍ത്തനങ്ങളും പുറത്തിറക്കി. ലോക രാഷ്ട്രീയ-സാംസ്‌കാരിക ചലനങ്ങളിലേക്ക് ചെറുപ്പക്കാരുടെ ശ്രദ്ധ തിരിച്ചുവിടാനും അവരെ സാമൂഹികബോധമുള്ളവരാക്കാനും സൂര്യകാന്തിക്ക് സാധിച്ചു. കെ. സച്ചിദാനന്ദന്‍, സി.ആര്‍ പരമേശ്വരന്‍, കെ.ജി ശങ്കരപ്പിള്ള, ബി. രാജീവന്‍ തുടങ്ങി കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക ലോകത്ത് ഇന്ന് നിറഞ്ഞുനില്‍ക്കുന്നവരില്‍ ഭൂരിഭാഗവും സൂര്യകാന്തിയിലൂടെ കടന്നുപോയവരാണ്.
1970-ല്‍ നക്‌സലൈറ്റ് നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ചിതറിപ്പോയ പ്രസ്ഥാനത്തെ പുനഃസംഘടിപ്പിച്ചത് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നജ്മല്‍ ബാബുവായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണം, കുമ്പളങ്ങി ആക്രമണം തുടങ്ങിയ കേസുകള്‍ അദ്ദേഹത്തിന്റെ മേല്‍ ചുമത്തി. പോലീസ് കസ്റ്റഡിയില്‍ ഭീകര മര്‍ദനങ്ങള്‍ക്കിരയായി. ഓര്‍മകള്‍ നഷ്ടമാവുകയും മാനസികവും ശാരീരികവുമായ അസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുകയും ചെയ്തു.
ജനകീയ സമരങ്ങളിലെ നിത്യസാന്നിധ്യം
'77-ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ പുറത്തു വന്ന അദ്ദേഹം അടിയന്തരാവസ്ഥയിലെ പോലീസ് മര്‍ദനങ്ങളെ അതിജീവിക്കാന്‍ കഴിയാത്ത ദുര്‍ബലനായതിനാല്‍ തനിക്ക് വിപ്ലവകാരിയായിരിക്കാന്‍ യോഗ്യതയില്ല എന്ന കുറ്റസമ്മതത്തോടെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനിന്നു.
ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങള്‍ തേടി നടന്ന അദ്ദേഹം ബ്യൂട്ടി കണ്‍സള്‍ട്ടന്റും ഡെവലപ്പ്‌മെന്റ് പ്ലാനറുമായി. കോട്ടപ്പുറം ചന്തയില്‍ ഉന്തുവണ്ടിക്കാരനായി. പൂജാരിയും മന്ത്രവാദിയുമായി. വായ്പാട്ടും പുല്ലാങ്കുഴലും പഠിച്ചു സംഗീതജ്ഞനാണ് താനെന്നു പരിചയപ്പെടുത്തി. ചിലപ്പോള്‍ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അനുസരണയുള്ള പ്രവര്‍ത്തകനായി. പ്രയോഗത്തില്‍ കമ്യൂണിസ്റ്റുകാരനായിരിക്കെ അതിന്റെ അനേകം ആശയങ്ങളുടെ കടുത്ത വിമര്‍ശകനായി. പാര്‍ട്ടിക്കൊപ്പം നിന്ന് പാര്‍ട്ടിക്കെതിരായ സമരങ്ങളില്‍ സജീവ സാന്നിധ്യമായി. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍ എന്നു വിളിച്ച് അതിനെ അംഗീകരിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. കാരണം കേരളത്തില്‍ ജീവിച്ചിരിപ്പുള്ള ഏതൊരു കമ്യൂണിസ്റ്റ് നേതാവിനേക്കാളുമധികം കമ്യൂണിസം മനസ്സിലാക്കിയവനും അതിനായി ത്യാഗങ്ങള്‍ സഹിച്ചയാളുമായിരുന്നു അദ്ദേഹം. ഇതോടൊപ്പം തന്നെ ജനകീയ സമരങ്ങളില്‍ സജീവ സാന്നിധ്യമായി. അതിരപ്പിള്ളിയിലും കാതിക്കുടത്തും ഓടിയെത്തി. അക്കാലത്ത് കാതിക്കുടം ജോയ് എന്നു പേരു മാറ്റി. കേരളത്തിലുടനീളം ആദിവാസി, മനുഷ്യാവകാശ സമരങ്ങളില്‍ പങ്കാളിയും സംഘാടകനുമൊക്കെയായി. സത്‌നാം സിംഗിന്റെ മരണം, ഇ-മെയില്‍ ചോര്‍ത്തല്‍, ഹാദിയയുടെ സ്വാതന്ത്ര്യം, ചുംബന സമരം, അവസാനം കന്യാസ്ത്രീ പീഡനം വരെയുള്ള പ്രക്ഷോഭങ്ങളില്‍ അദ്ദേഹമുണ്ടായിരുന്നു. മുസ്‌ലിംകള്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ക്ക് ഒരു രക്ഷിതാവിന്റെ റോളില്‍നിന്ന് സവിശേഷ പരിഗണന നല്‍കി. ഇസ്‌ലാമിക പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലര്‍ത്തി.
അദ്ദേഹത്തിന്റെ വലിയൊരു സ്വപ്‌നമായിരുന്നു അടിയന്തരാവസ്ഥാ തടവുകാരെ സ്വാതന്ത്ര്യസമര സേനാനികളായി അംഗീകരിക്കണമെന്നത്. അവരില്‍ ഭൂരിഭാഗവും യൗവനത്തില്‍ വിപ്ലവ സ്വപ്‌നങ്ങളുമായി നടന്നതിനാല്‍ ജീവിതത്തില്‍ പരാജയപ്പെട്ടവരാണ്. പല സംസ്ഥാനങ്ങളിലും അംഗീകരിക്കപ്പെട്ട ഈ ആവശ്യം തന്റെ പരിചയക്കാരായ നേതാക്കള്‍ അധികാരത്തിലിരിക്കുമ്പോള്‍ അംഗീകരിക്കപ്പെടുമെന്ന് അദ്ദേഹം കരുതിയിരുന്നു.
വായനയും പഠനവും അവസാന കാലം വരെ തുടര്‍ന്ന അദ്ദേഹം അഞ്ച് പുസ്തകങ്ങളും പുറത്തിറക്കി. അപൂര്‍ണത്തിന്റെ ഭംഗി, അനുബന്ധം, നേതി - നേതി, ആത്മഗതവും പ്രകാശവും, ഇങ്ങനെയും കുറേ മലയാളികള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. നജ്മല്‍ ബാബുവിന്റെ ജീവിതത്തെ അധികരിച്ച് വി.കെ ശ്രീരാമന്‍ നിര്‍മിച്ച 'ലോകത്തെ സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍' എന്ന ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.
അവസാനിക്കാത്ത ആത്മാന്വേഷണങ്ങള്‍
കമ്യൂണിസ്റ്റ് ദര്‍ശനം പ്രയോഗവത്കരിക്കപ്പെട്ടപ്പോള്‍ അത് യാന്ത്രികവും കാരുണ്യരഹിതവും അധാര്‍മികവും ആയിപ്പോകുന്നത് ആത്മാന്വേഷകനായിരുന്ന അദ്ദേഹത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല. പ്രത്യയശാസ്ത്രത്തിന്റെ കണ്ണടയില്‍കൂടി മാത്രം മനുഷ്യനെ കാണാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഈ സംഘര്‍ഷത്തിന്റെ ഉത്തരം സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ അകത്തുനിന്ന് കണ്ടെത്താന്‍ കഴിയാതിരുന്ന അദ്ദേഹം അതിനായുള്ള അന്വേഷണം പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. മതങ്ങളും മറ്റു ദര്‍ശനങ്ങളും അദ്ദേഹത്തിന്റെ അന്വേഷണ പരിധിയില്‍ ആദ്യമേയുണ്ടായിരുന്നു.
തന്റെ ഇസ്‌ലാമനുഭവങ്ങള്‍ അത്യന്തം ഹൃദ്യവുമായിരുന്നു എന്ന് നജ്മല്‍ ബാബു അഭിമുഖങ്ങളിലും അവസാനം ചേരമാന്‍ പള്ളിയിലേക്കെഴുതിയ കത്തില്‍ വരെയും സ്മരിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ മരിക്കും വരെ അദ്ദേഹം ഹൃദയത്തില്‍ സൂക്ഷിച്ചു കൊണ്ടുനടന്ന നേതാവാണ് മുഹമ്മദ് അബ്ദുര്‍ഹ്മാന്‍ സാഹിബ്. സാഹിബ് കണ്ട അതേ ആകാശത്തിനു കീഴില്‍, അദ്ദേഹം പഠിച്ച അതേ ബോയ്‌സ് ഹൈസ്‌കൂളിന് വാരകള്‍ മാത്രം അകലെ ജീവിക്കുന്നതില്‍ നജ്മല്‍ ബാബു അഭിമാനിച്ചു. താന്‍ ജനാധിപത്യവും മതേതരത്വവും പഠിച്ചത് മാര്‍ക്‌സിസത്തില്‍നിന്നല്ല, സാഹിബിന്റെ ഇസ്‌ലാമില്‍നിന്നായിരുന്നു എന്നദ്ദേഹം തുറന്നു പറയുന്നു.
''ഈ കുറിപ്പ് തീരുന്നതിനു മുമ്പ് മറന്നുപോകാനിടയുള്ള ഒരു ചരിത്ര ശകലം കൂടി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അച്ചടിക്കാന്‍ ആരും തയാറാകാതിരുന്ന സമയത്ത് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് അല്‍അമീന്‍ പ്രസില്‍ അത് അച്ചടിച്ചു. ഉയര്‍ന്ന ജനാധിപത്യ ബോധം ഈ മുസ്‌രിസുകാരന് ആരില്‍നിന്നും പഠിക്കേണ്ടിവന്നില്ല. അപകടകരമാം വിധം സത്യസന്ധനായിരുന്നവന്റെ അന്ത്യദിനങ്ങള്‍ക്ക് ഗ്രീക്ക് ട്രാജഡിയുടെ ചാരുത നല്‍കിയത് കമ്യൂണിസ്റ്റുകാരായിരുന്നില്ല. ഒരു നമസ്‌കാരവും മുടക്കാത്ത കുഞ്ഞി ബീവാത്തുവിനെ എന്നും ഓര്‍മിച്ച ഏകപത്‌നീവ്രതക്കാരനെ തളച്ചിടാന്‍ മതേതരത്വത്തിന്റെയും മതത്തിന്റെയും പ്രണയത്തിന്റെയും വാര്‍പ്പുമാതൃകകള്‍ ആരും അന്വേഷിച്ചു പോകേണ്ടതില്ല. ആ ജന്മത്തിന്റെ അനന്യതയില്‍നിന്ന് ആവേശം കൊള്ളുന്ന ഒരു യുവത ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.''
ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടത്തില്‍ രക്തസാക്ഷ്യം കൊതിച്ചവന്‍
ഭൂരിപക്ഷ വര്‍ഗീയത ഫാഷിസമായി പരിണമിക്കുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയതക്ക് ഒരിക്കലും അതിന് സാധിക്കില്ല എന്ന നെഹ്‌റുവിന്റെ ഉള്‍ക്കാഴ്ച ബോധം ഇടതുപക്ഷത്തിന് നഷ്ടമായിരിക്കുന്നു എന്നദ്ദേഹം കിട്ടുന്ന അവസരങ്ങളിലെല്ലാം പറഞ്ഞുകൊണ്ടേയിരുന്നു. പറയാനുള്ള കാര്യങ്ങള്‍ പോസ്റ്റര്‍ രൂപത്തിലാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. അത്തരമൊരു പോസ്റ്ററില്‍ ഇങ്ങനെ വായിക്കാം:
''യുക്തിവാദം കപട ഹൈന്ദവ വാദമാണ്. എല്ലാ വര്‍ഗീയതകളും ഒരുപോലെ. ഇമ്മട്ടിലുള്ള സത്യപ്രസ്താവങ്ങള്‍ മോദി കാലത്ത് അല്‍പം ശ്രദ്ധയോടെ വേണം വിഴുങ്ങാന്‍. മാപ്പിളപ്പേടി ഇന്നത്തെ ഇന്ത്യയില്‍ പാര്‍ട്ടിഭേദമന്യേ ഹിന്ദുക്കളില്‍ മുളച്ചുപൊന്തിയ കാലത്ത് ദൈവം വേണ്ട, പര്‍ദ വേണ്ട എന്നൊക്കെ കുരക്കുമ്പോള്‍ മുസ്‌ലിം ദൈവം വേണ്ട, നമ്മുടേതു മാത്രം ശരി എന്നൊക്കെത്തന്നെയല്ലേ അര്‍ഥം? ക്ഷമിക്കുക, ചില ശരിയായ കാര്യങ്ങള്‍ പറയാനായിരുന്നു ശ്രമം; തെറ്റായ കാലത്ത്.''
മുസ്‌ലിംകളെ വേണം, എന്നാല്‍ മുസ്‌ലിം സംഘടനകളെ വേണ്ട എന്ന ഇടതുപക്ഷ നിലപാടിനെ വിമര്‍ശിച്ചുകൊ് എഴുതുന്നു: ''നല്ല കമ്യൂണിസ്റ്റുകാരും നല്ല കോണ്‍ഗ്രസുകാരും കേരളത്തിലെങ്കിലും യോജിച്ചാലേ ഫാഷിസത്തെ പരാജയപ്പെടുത്താനാവൂ എന്നൊരഭിപ്രായം എനിക്കുണ്ട്. മുസ്‌ലിംകള്‍ വേണം, മുസ്‌ലിംകളുടെ സംഘടനകള്‍ വേണ്ട എന്ന നിലപാട് കേരളത്തിലെങ്കിലും മുഖ്യധാരാ ഇടതുപക്ഷം മാറ്റിവെക്കണം. ചരിത്രം നമ്മെ പഠിപ്പിക്കുന്ന ദാരുണമായ പാഠമിതാണ്. ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല മുസ്‌ലിം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യന്‍ രക്തം, ഞങ്ങളിലുള്ളത് മാനവരക്തം എന്നൊക്കെപ്പറയുന്ന വിദ്യാര്‍ഥി സംഘടനകളുടെ 'നിഷ്‌കളങ്കമായ' മുദ്രാവാക്യങ്ങള്‍ കൊണ്ട് ഫാഷിസം തോല്‍ക്കുകയില്ല. ഹിറ്റ്‌ലറുടെ ജര്‍മനിയിലും അങ്ങനെ തന്നെയായിരുന്നു. ഞങ്ങളിലില്ലാ ജൂതരക്തം എന്ന മട്ടിലുള്ള മുദ്രാവാക്യമല്ല അവിടെ സംഭവിച്ചത്. മുമ്പ് യോജിക്കാതിരുന്ന പലരും യോജിച്ചപ്പോള്‍ മാത്രമാണ് ഹിറ്റ്‌ലര്‍ പരാജയപ്പെട്ടത്. നിങ്ങളൊരു പ്രമാണിയാണ്, ഫാഷിസ്റ്റ്‌വിരുദ്ധനാണ് എന്നൊക്കെ തെളിയിക്കാനാണെങ്കില്‍ ഞാന്‍ ഇപ്പറയുന്നതിലൊന്നും കാര്യമില്ല. പക്ഷേ ഫാഷിസത്തെ തോല്‍പ്പിക്കലാണ് പ്രധാനമെങ്കില്‍ ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.''
നജ്മല്‍ ബാബുവിന്റെ വാക്കുകള്‍ സ്വയം സംസാരിക്കുന്നവയാണ്. അവസാന കാലത്തെ അദ്ദേഹത്തിന്റെ ചിന്തകള്‍ മുഴുവന്‍ ഫാഷിസത്തെ തോല്‍പിക്കേണ്ടതിനെക്കുറിച്ചായിരുന്നു. അതിനു വേണ്ടി സംഘടിപ്പിക്കപ്പെടുന്ന ഏതു കൂട്ടായ്മയിലും അദ്ദേഹം പങ്കാളിയാവും. അത് ആരു സംഘടിപ്പിച്ചതായാലും ശരി. ഫാഷിസത്തിനെതിരായി നോട്ടീസുകളും സോഷ്യല്‍ മീഡിയാ പ്രചാരണ സാമഗ്രികളും നിര്‍മിച്ച് പ്രചരിപ്പിക്കും. ഫാഷിസത്തെ നേരിടുന്നതിനായി ഒന്നിക്കേണ്ടതിനെക്കുറിച്ച് ആഹ്വാനം ചെയ്യാതെ അദ്ദേഹത്തിന്റെ ഒരു പ്രസംഗവും പൂര്‍ണമാകാറില്ല. അതിനായി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയാറാവണം എന്നദ്ദേഹം എല്ലാ പാര്‍ട്ടികളോടും ആവശ്യപ്പെട്ടു.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് 2007 ഡിസംബറില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ച് ആര്‍.എസ്.എസുകാര്‍ നജ്മല്‍ ബാബുവിനെ ശാരീരികമായി ആക്രമിച്ചത്.
ബാബരി മസ്ജിദിന്റെ തകര്‍ക്കലിനും ഗുജറാത്ത് കലാപത്തിനും ശേഷം നരേന്ദ്ര മോദി അധികാരത്തിലേറുക കൂടി ചെയ്തതോടെ ഇന്ത്യയില്‍ ഫാഷിസ്റ്റ് തേര്‍വാഴ്ചക്ക് തുടക്കമായിരിക്കുന്നു എന്ന് അദ്ദേഹത്തിന് ബോധ്യമായി. ഈ പശ്ചാത്തലത്തിലാണ് താന്‍ ഇസ്‌ലാം സ്വീകരിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. തനതായ ഒരാത്മീയത എന്നും കൊണ്ടുനടന്നിരുന്നയാളായിരുന്നു അദ്ദേഹം.
ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നു: ''ഈ കറുത്ത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാനുള്ള ഏറ്റവും പ്രധാന രാഷ്ട്രീയ ദൗത്യം ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്നുള്ളതാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ബാക്കിയുള്ള ശരീരവും അതിന്റെ പിന്നിലെ സര്‍വ ഊര്‍ജവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി സമര്‍പ്പിക്കുകയാണ്. ചേരമാന്‍ പള്ളിയില്‍ ഖബ്റടക്കുക എന്നഭ്യര്‍ഥിച്ചപ്പോള്‍ ഞാന്‍ എന്റെ ശരീരത്തെ അതിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. മുസ്ലിം സമൂഹത്തിന്റെ ഭാഗമായപ്പോള്‍ ഞാന്‍ എന്റെ ആത്മാവിനെയും ശേഷിക്കുന്ന ജീവിതത്തെയും സമര്‍പ്പിക്കുകയാണ് ചെയ്തത്. 'പബ്ലിസിറ്റിക്കു വേണ്ടി പലതും ചെയ്യുന്നവനാണ്, അതിലൊന്നാണ് മതംമാറ്റമെന്ന ഈ പുതിയ വേഷം കെട്ടല്‍' എന്നതു മുതല്‍ ഫാഷിസ്റ്റ് പക്ഷത്തുനിന്നുള്ള തെറിവിളികള്‍ വരെയുള്ള വിമര്‍ശനങ്ങള്‍ നടത്തുന്നവരോട് പറയാനുള്ളത് ഇത്ര മാത്രമാണ്: കാരുണ്യവാനായ ദൈവത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പരലോക വിശ്വാസിയായ ഞാന്‍ പ്രശാന്തത അനുഭവിക്കുകയാണ്. അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുക. അതിനാല്‍ നിലപാടുകളില്‍ ഒത്തുതീര്‍പ്പില്ലാതിരിക്കാന്‍ ശ്രമിക്കുന്ന എനിക്ക് അവന്റെ കാരുണ്യം ലഭിക്കും.''
തന്റെ തീരുമാനം ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് എക്കാലത്തും പ്രചോദനമാവുന്ന ചരിത്രമായിത്തീരണമെന്നാണ് ഇസ്‌ലാം സ്വീകരണത്തിലൂടെ ആഗ്രഹിക്കുന്നതെന്ന് അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്കെഴുതിയ കത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.
ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിന്റെ രക്തസാക്ഷിയായി നിത്യപ്രതീകമാവാന്‍ തന്നെയാണ് അദ്ദേഹം കൊതിച്ചത്. താനൊരു പരലോക വിശ്വാസിയാണെന്ന് അദ്ദേഹം പലരോടും തുറന്നു പറഞ്ഞിട്ടുണ്ട്. മരണത്തെയും പരലോകത്തെയും പുനര്‍ജന്മത്തെയും കുറിച്ച് ഭൗതികവാദത്തിനപ്പുറത്തുനിന്നുള്ള അവലോകനത്തിന് അദ്ദേഹം മുതിരുന്നുണ്ട്. അത്തരം വിഷയങ്ങളില്‍ അദ്ദേഹം അന്വേഷണങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല എന്നാണ് കരുതേണ്ടത്.
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് പോലെ ചേരമാന്‍ പള്ളിയും അദ്ദേഹത്തിന്റെ വൈകാരിക ആവേശങ്ങളിലൊന്നായിരുന്നു. ജുമുഅ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും പെരുന്നാളുകള്‍ക്കും അദ്ദേഹം പള്ളിയിലെത്താറുണ്ടായിരുന്നു.
ഇസ്‌ലാമോഫോബിയക്കെതിരെ അതിജാഗ്രതയോടെ
അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷത്തെ കേവലം രാഷ്ട്രീയമായി മാത്രമേ കാണാവൂ, അതിന് മറ്റൊരര്‍ഥവും നല്‍കരുതെന്ന് പറയാന്‍ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ ശഠിക്കുന്നുണ്ട്. അതിനവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മുസ്‌ലിം സമൂഹവും അതിനെ അങ്ങനെ തന്നെ കാണണമെന്നു പറയുന്നത് ശരിയല്ല.
കാരണം, നജ്മല്‍ ബാബു ഞാന്‍ മുസ്‌ലിമാവുന്നു എന്നും എന്നെ ചേരമാന്‍ പള്ളിപ്പറമ്പില്‍ ഖബ്‌റടക്കണമെന്നും പ്രഖ്യാപിച്ച് അതിനായി പള്ളിയില്‍ അപേക്ഷ നല്‍കിയ വ്യക്തിയാണ്. ആ അപേക്ഷ സ്വീകരിക്കപ്പെടുകയും മുസ്‌ലിം സമുദായത്തിലെ അംഗമായി പരിഗണിക്കപ്പെടുകയും ചെയ്തയാളാണ്. അദ്ദേഹം എങ്ങനെയുള്ള മുസ്‌ലിമാണ് എന്ന് പരിശോധിക്കേണ്ട കാര്യം ആര്‍ക്കുമില്ല. അത് പരിശോധിക്കേണ്ടത് അല്ലാഹുവാണ്. സമുദായം എല്ലാ മുസ്‌ലിംകളെയും അത്തരം സ്‌കാനിംഗിനു വിധേയമാക്കിയാല്‍ നിരീശ്വരവാദികള്‍, കമ്യൂണിസ്റ്റുകള്‍, യുക്തിവാദികള്‍, സംഘ് പരിവാറുകാര്‍, ഇസ്‌ലാമിനെ പല വിധത്തില്‍ എതിര്‍ക്കുന്നവര്‍ തുടങ്ങിയവരെയെല്ലാം ചെറിയ അളവിലെങ്കിലും കാണാന്‍ സാധിക്കും. അവരെയൊന്നും മുസ്‌ലിമല്ല എന്നു മുദ്രകുത്താന്‍ ആര്‍ക്കും അധികാരമില്ല. അവര്‍ക്കൊന്നും പള്ളിയോ ഖബ്ര്‍സ്ഥാനോ വിലക്കാനുമാവില്ല.
നജ്മല്‍ ബാബു ഫാഷിസ്റ്റുകള്‍ വളര്‍ത്തിക്കൊണ്ടുവന്ന ഇസ്‌ലാമോഫോബിയക്കെതിരെ മുസ്‌ലിംകളുടെ വ്യക്തിപരവും സാമുദായികവുമായ അസ്തിത്വം മാത്രമല്ല പൊതുസമൂഹത്തിലെ അസ്തിത്വം കൂടി അംഗീകരിക്കപ്പെടാനായി പോരാടിയ വ്യക്തിയാണ്. അതുകൊണ്ടാണ് അദ്ദേഹം, മുസ്‌ലിം സംഘടനകളുമായിക്കൂടി മതേതരപക്ഷം സഹകരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. അതിനു വേണ്ടി ഇസ്‌ലാം സ്വീകരണം എന്ന വിപ്ലവകരമായ വഴി തുറക്കുകയും ചെയ്തു. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് പ്രതിരോധിക്കാനാവാത്ത ആക്രമണമായിരുന്നു അത്. ആ വഴി പിന്തുടരാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുന്നു എന്നതാണ് കമല്‍ സി. നജ്മലിന്റെ ശഹാദത്ത് പ്രഖ്യാപനം വെളിപ്പെടുത്തുന്നത്.
ആ നിലക്ക് എത്രയോ വലിയ സേവനമാണ് അദ്ദേഹം ഇസ്‌ലാമിക സമൂഹത്തിനു വേണ്ടി ചെയ്തത്. അതിനു വേണ്ടി അദ്ദേഹം തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. അനേകം പേരുടെ വെറുപ്പും വിദ്വേഷവും ഏറ്റുവാങ്ങി. അതിനാല്‍തന്നെ കേരള മുസ്‌ലിം സമൂഹത്തിന് അദ്ദേഹത്തോട് വലിയ കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ ഇസ്‌ലാം അനുഭവങ്ങളും പേരും ബന്ധങ്ങളും വിസ്മരിക്കപ്പെടാനിടയാവരുത്. അതിനായി ഉചിതമായ മാര്‍ഗം കണ്ടെത്താന്‍ കൊടുങ്ങല്ലൂരിലെ ജനങ്ങള്‍ക്ക് ബാധ്യതയുണ്ട്.
അദ്ദേഹത്തിന്റെ ജീവിതം പോലെ മരണവും ചരിത്രസംഭവമാവുകയായിരുന്നു. തന്റെ ആഗ്രഹത്തിനു വിപരീതമായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം സഹോദരന്റെ വീട്ടില്‍ ദഹിപ്പിക്കാനാണ് കുടുംബം തീരുമാനിച്ചത്. സുഹൃത്തുക്കളും മുന്‍ സഹപ്രവര്‍ത്തകരും ചേരമാന്‍ പള്ളിയില്‍ ഖബ്‌റടക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പമായിരുന്നു. ഭാസുരേന്ദ്രബാബുവിനെയും കെ.വേണുവിനെയും പോലുള്ള സുഹൃത്തുക്കളും മറ്റനേകം പ്രമുഖ വ്യക്തികളും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ പ്രേമചന്ദ്രനുമായി സംസാരിച്ചു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. പള്ളിയില്‍ കൊണ്ടുവരാന്‍ തീരുമാനമെടുത്താല്‍ മയ്യിത്ത് ഖബ്‌റടക്കാന്‍ യാതൊരു തടസ്സവുമില്ലെന്ന് ചേരമാന്‍ മഹല്ല് കമ്മിറ്റി കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബം തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ സുഹൃത്തുക്കള്‍ കലക്ടറേറ്റില്‍നിന്ന് മൃതദേഹം ഒരു ദിവസത്തേക്ക് തടഞ്ഞുവെക്കാനുള്ള ഉത്തരവ് നേടി. പക്ഷേ, രാഷ്ട്രീയ നേതൃത്വത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ ആ ഉത്തരവിനെ അട്ടിമറിച്ച് മൃതദേഹം ബലം പ്രയോഗിച്ച് കൊണ്ടുപോയി ചിതയില്‍ ദഹിപ്പിക്കുകയായിരുന്നു. സൈമണ്‍ മാഷിന്റെയും നജ്മല്‍ ബാബുവിന്റെയും അനുഭവങ്ങളോടെ കേരളത്തില്‍ ഇസ്‌ലാം സ്വീകരിച്ചവരുടെ മരണാനന്തര ആഗ്രഹങ്ങളും പ്രശ്‌നവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മതമില്ലാതിരുന്ന അദ്ദേഹം ഹിന്ദു മതത്തിലേക്കു തന്നെയോ ബുദ്ധമതത്തിലേക്കോ മറ്റൊരു മതത്തിലേക്കോ ആണ് മാറിയിരുന്നതെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല എന്ന് വ്യക്തമാണ്. യുക്തിവാദം യാന്ത്രികവല്‍ക്കരിക്കപ്പെട്ട ഒരു അന്ധവിശ്വാസമായി പരിണമിച്ച കാഴ്ചയാണിത്. വ്യക്തിയുടെ പലവിധ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍ തന്നെയാണ് തങ്ങളുടെ യാന്ത്രിക വിശ്വാസങ്ങള്‍ക്കു വേണ്ടി ഒരു വ്യക്തിയുടെ അഭിലാഷങ്ങള്‍ക്കു മേല്‍ കുടുംബത്തിന്റെ അധികാര പ്രയോഗം നടത്തിയത്. കുടുംബം വ്യക്തിയുടെ മേല്‍ അധികാരം വാഴുന്നതിനെതിരെ നിരന്തരം പോരാടുന്നവര്‍ തന്നെയാണ് യുക്തിവാദികള്‍ എന്നതാണ് മറ്റൊരു വൈരുധ്യം.
Comments