Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 19

3072

1440 സഫര്‍ 09

കമല സുറയ്യ, സൈമണ്‍ മാസ്റ്റര്‍, നജ്മല്‍ ബാബു ജീവിതം പോലെ സംഭവബഹുലമായിരുന്നു ആ മരണങ്ങളും

എസ്.എം സൈനുദ്ദീന്‍

ജീവിതം സംഭവബഹുലമായിരുന്നു എന്നതാണ് നാം പരിചയിച്ചിട്ടുള്ള പ്രയോഗം. എന്നാല്‍ സംഭവബഹുലമായ മരണം എന്ന പ്രയോഗം അപൂര്‍വമായി പോലും കേള്‍ക്കാറില്ല. സംഭവബഹുലമായ ജീവിതത്തിന്റെ ഉടമകളുടെ മരണങ്ങളെ കുറിച്ചു പോലും അങ്ങനെ പറയാറില്ല. എന്നാല്‍ കേരളത്തിലെ ചില മരണങ്ങളെ സംബന്ധിച്ച്, അവ സംഭവബഹുലങ്ങളായിരുന്നു എന്ന പ്രസ്താവന അതിശയോക്തിയല്ല.  വിശ്വപ്രസിദ്ധ സാഹിത്യകാരി മാധവിക്കുട്ടി എന്ന കമലാ സുറയ്യയുടെയും ബൈബിള്‍ പണ്ഡിതനായിരുന്ന സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെയും നക്‌സല്‍ പ്രസ്ഥാനത്തിന്റെ നേതാവും വിപ്ലവകാരിയുമായിരുന്ന ടി.എന്‍ ജോയി എന്ന നജ്മല്‍ എന്‍. ബാബുവിന്റെയും മരണങ്ങള്‍ ഒരുവേള ജീവിതത്തേക്കാള്‍ സംഭവബഹുലങ്ങളായിരുന്നു. 'എന്റെ ജീവിതമാണ് എന്റെ  സന്ദേശം' എന്നാണല്ലോ മഹാത്മാ ഗാന്ധി പോലും പറഞ്ഞത്. എന്നാല്‍ മേല്‍സൂചിപ്പിച്ച മൂന്ന് മഹത്തുക്കള്‍ ജീവിതം കൊണ്ട് മാത്രമല്ല മരണം കൊണ്ടും ഒരുപാട് സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയവരാണ്. 

അവരുടെ മരണത്തിന്റെ സുഗന്ധം അന്തരീക്ഷത്തില്‍ പരിമളം പരത്തിക്കൊയേിരിക്കുകയാണ്. അതു നിമിത്തമുണ്ടായ സംവാദങ്ങളുടെ അലയൊലികളും പ്രതിധ്വനികളും ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു. അവരെ കുറിച്ച് സത്യസന്ധമായി സംസാരിക്കാന്‍ വരെ പലര്‍ക്കും ഭയമാണ്. ഔപചാരികമായി താന്‍ സ്വീകരിച്ച കമലാ സുറയ്യ എന്ന പേരില്‍ അവരെ വിളിക്കാതെ പൂര്‍വനാമമായ കമലാദാസ് എന്നോ മാധവിക്കുട്ടി എന്നോ മാത്രം പറയാന്‍ സാംസ്‌കാരിക കേരളവും പ്രബുദ്ധ മലയാളവും അസാമാന്യ വഴക്കം പ്രകടിപ്പിക്കുന്നത് അതിനാലാണല്ലോ. കമല സുറയ്യ എന്ന പേര് പോലും ഉച്ചരിക്കാന്‍ ഭയമാണവര്‍ക്ക്! പുരുഷാധികാര പ്രയോഗങ്ങളെ ധീരമായി നേരിടുകയും സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുന്ന സാമൂഹിക വ്യവസ്ഥയെ തന്റെ കര്‍മം കൊണ്ടും തൂലിക കൊണ്ടും ചെറുത്തു തോല്‍പ്പിക്കുകയും ചെയ്ത കമലാ സുറയ്യയുടെ ജീവിതം അഭ്രപാളിയിലെത്തിച്ച കമാലുദ്ദീനെന്ന  ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനും സിനിമാ സംവിധായകനുമായ കമല്‍ എപ്രകാരമാണ്  അവരെ അവഹേളിച്ചത് എന്ന് നാം കണ്ടതാണ്. 

കമലാ സുറയ്യയുടെ അന്ത്യയാത്രയും പാളയം ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനിലെ ജനാസ സംസ്‌കരണവും കേരള ചരിത്രത്തില്‍ തങ്കലിപികളാല്‍ തുന്നിച്ചേര്‍ക്കപ്പെട്ട സംഭവമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് അന്തിമോപചാരമര്‍പ്പിച്ച് അവസാനമായി ഒരു നോക്ക് കാണാന്‍ തൃശൂരും എറണാകുളത്തും തിരുവനന്തപുരത്തും തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്ക് മരണം കൊണ്ട് അവര്‍ പകര്‍ന്നു നല്‍കിയ പാഠം മലയാളി മറക്കരുതായിരുന്നു. ഇഷ്ടപ്പെട്ട് സ്വീകരിച്ച മതത്തിലും വിശ്വാസത്തിലും ആദര്‍ശത്തിലും, അത് മതമോ മതേതരമോ എന്തുമാകട്ടെ അതില്‍ പുലരാനും ജീവിക്കാനും മരിക്കാനും മരണാനന്തരം സംസ്‌കരിക്കപ്പെടാനും വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. അത് ബന്ധുക്കളുടെ ഇഷ്ടാനിഷ്ടങ്ങളുടെ നിശ്ചയങ്ങളല്ല തീര്‍പ്പാക്കേണ്ടത്. മാധവിക്കുട്ടിയുടെ മക്കള്‍ എം.ഡി നാലപ്പാടും ജയസൂര്യയും അമ്മയുടെ സ്വപ്‌നത്തോളം വളര്‍ന്ന മക്കളായതുകൊണ്ടു മാത്രം, അവരുടെ ചേതനയറ്റ ശരീരത്തിന്മേല്‍ മതേതര അധികാര പ്രയോഗം സാധ്യമാകാത്തതിനാല്‍ കേരളീയ പൊതുമണ്ഡലത്തിന് മക്കളുടെ തീരുമാനത്തിനു മുന്നില്‍ വഴങ്ങി നില്‍ക്കേണ്ടിവന്നു.

തന്റെ ജീവിതം പോലെ മനോഹരമായിരുന്നു കമലാ സുറയ്യയുടെ മരണാനന്തര ചടങ്ങുകള്‍. മതത്തെയും മതേതരത്വത്തെയും ആസ്തികതയെയും നാസ്തികതയെയും വിശ്വാസികളെയും അവിശ്വാസികളെയും ഹിന്ദുവിനെയും മുസ്‌ലിമിനെയും ക്രൈസ്തവനെയും കമ്യൂണിസ്റ്റിനെയും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ചേതന പോയ തന്റെ ശരീരത്തിനു ചുറ്റും അടക്കിനിര്‍ത്താന്‍ കമലാ സുറയ്യക്കായി. ധീരയായ പ്രിയ കവയത്രി ജീവിതത്തിലെന്ന പോലെ മരണത്തിലും ധീരയായി. പാളയം പള്ളിയിലെ ജനാസ  നമസ്‌കാരത്തിലെ മുന്‍നിരയില്‍ ഇമാമിന് തൊട്ടു പിന്നിലായി ഇസ്‌ലാം മതവിശ്വാസികളോടൊപ്പം അമ്മയുടെ അരികില്‍ ആ രണ്ട് മക്കളും അണിനിരന്നു. ഇന്ത്യന്‍ ബഹുസ്വരതയുടെ ബഹുവര്‍ണങ്ങള്‍ ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനിലെ നീര്‍മാതളച്ചുവട്ടിലെ ആറടി മണ്ണിലേക്ക്, തന്റെ നാഥനിലേക്ക് മുഖം ചായ്ച്ച നിലയില്‍ എടുത്തു വെക്കപ്പെട്ടപ്പോള്‍, പ്രാര്‍ഥനാ മുഖരിതമായ ആ അന്തരീക്ഷത്തില്‍ അവിടെ കൂടിയവര്‍ നിറമിഴികളാല്‍ അവരെ യാത്രയാക്കി. 

എന്നാല്‍, പ്രിയപ്പെട്ട സുറയ്യ മണ്ണിലലിഞ്ഞു ചേര്‍ന്നതോടെ അവരെ അനാദരിക്കുന്ന വിഷയത്തില്‍ കേരളത്തിലെ കപട മതേതരത്വം ഒരു കുറവും കാണിച്ചില്ല. കമലാ സുറയ്യയെന്ന് അവരെ അഭിസംബോധന ചെയ്യാതിരിക്കാന്‍ അവര്‍ ശീലിച്ചു. അവരുടെ സ്വയംനിര്‍ണയാവകാശം വകവെച്ചു കൊടുക്കാന്‍ ലിബറല്‍ പൊതു ഇടം വിസമ്മതിച്ചു. മാധവിക്കുട്ടി, കമലാദാസ് എന്നു പറഞ്ഞു പറഞ്ഞ് അബദ്ധത്തില്‍ പോലും കമലാ സുറയ്യ എന്ന് പറയാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. കാരണം ആ പേരില്‍ ഒരു മതമുണ്ട്, ഒരു രാഷ്ട്രീയമുണ്ട്. ആ മതവും രാഷ്ട്രീയവും മതേതരത്വത്തിന്, സെക്യുലരിസത്തിന് വെളിയിലെ പുറമ്പോക്കിലെ മതവും രാഷ്ട്രീയവുമാണ്. ലിബറല്‍ യുക്തിക്ക് താങ്ങാനാവാത്തതാണ് അതിന്റെ ഉള്ളടക്കം. ഹിന്ദുത്വ യുക്തിവാദത്തിന്റെ ശത്രുവാണത്. സുറയ്യയില്ലാത്ത കമലയും മാധവിക്കുട്ടിയും മതി അവര്‍ക്ക്. അവരുടെ പ്രീ ഇസ്ലാം ജീവിതം മാത്രം മതിയവര്‍ക്ക്. കമലാ സുറയ്യയുടെ ഇസ്ലാമാശ്ലേഷാനന്തര എഴുത്തില്‍ അവര്‍ക്ക് തീരെ താല്‍പര്യമില്ല. പര്‍ദയും മഫ്തയുമിട്ട സുറയ്യയുടെ ചിത്രം പോലും അവരുടെ പുസ്തകങ്ങളുടെ പുറംചട്ടയില്‍ വരരുതെന്ന് പ്രബുദ്ധ-പുരോഗമന-മതേതര പ്രസാധകര്‍ക്ക് നിര്‍ബന്ധമുള്ളതു പോലെയാണ് അനുഭവപ്പെട്ടത്. അവരുടെ ജീവിതം സിനിമയാക്കിയ കമല്‍ എത്ര വലിയ അപരാധമാണ് ചെയ്തത്! ജീവിച്ചിരിക്കുന്നവര്‍ക്കെതിരെ ഉന്നയിക്കരുതാത്ത ആരോപണമാണ് സുറയ്യക്കെതിരില്‍ കമല്‍ ഉന്നയിച്ചത്. വ്യക്തിയുടെ അഭിമാനം ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരിച്ചാലും സംരക്ഷിക്കപ്പെടേണ്ടതാണെന്ന സാമാന്യ തത്ത്വത്തെയാണ് കമല്‍ ലംഘിച്ചത്. അവരുടെ മതപരിവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഇടത്, ഹിന്ദുത്വ അജണ്ടയുടെ തടവറയില്‍ കിടക്കുന്ന കമലിന് അതല്ലാതെ മറ്റൊന്നിനും ഒരു നിര്‍വാഹവുമില്ല. എന്നാല്‍ കമലാ സുറയ്യയുടെ ഇസ്ലാം സ്വീകരണാനന്തര ജീവിതവും എഴുത്തും ഉള്‍ക്കൊള്ളാനാവാത്ത പ്രബുദ്ധത അപൂര്‍ണമാണ്. ഈ അപൂര്‍ണതയെ താലോലിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നവര്‍ അറിഞ്ഞോ അറിയാതെയോ മുസ്ലിംമുക്ത ഭാരതം എന്ന ആര്‍.എസ്.എസ് അജണ്ടയുടെ സാംസ്‌കാരിക പ്രചാരകരാവുകയാണ് ചെയ്യുന്നത്.

സുറയ്യയുടെ മക്കള്‍ അസാമാന്യമായ പക്വതയും ധീരതയുമാണ് പ്രകടിപ്പിച്ചത്. തങ്ങള്‍ ആരുമായിക്കൊള്ളട്ടെ, അമ്മയുടെ വിശ്വാസത്തിനും അഭിലാഷത്തിനും ഒപ്പമാണ് എന്നവര്‍ക്ക് തീരുമാനിക്കാനായി. ഇതാണ് ബഹുസ്വരതയിലെ പരസ്പര ബഹുമാനവും ആദരവും. ബഹുത്വമാണ് ഇന്ത്യന്‍ സെക്യുലരിസം. അല്ലാതെ, പടിഞ്ഞാറിലേതു പോലെ മതത്തെ ഒഴിവാക്കുക എന്നതല്ല. ഇന്ത്യന്‍ മതേതരത്വത്തെ പ്ലൂരലിസം എന്നാണ് നിര്‍വചിക്കേണ്ടത് എന്നു പറഞ്ഞത് പ്രമുഖ ചരിത്രകാരനായ കെ.എന്‍ പണിക്കരാണ്. മുസ്‌ലിംകളെയും ഇസ്‌ലാമിനെയും അപരവത്കരിക്കുകയും ഇസ്‌ലാംപേടി വ്യാപിപ്പിക്കുകയും ചെയ്ത വര്‍ത്തമാനകാല പരിസരത്ത് മതരഹിത മതേതരത്വമാണ് ഇടതുപക്ഷത്തിനു പോലും പ്രിയം!  ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹിന്ദുത്വയുടെ നിലപാടു തന്നെ കോപ്പി പേസ്റ്റ് ചെയ്യുന്ന നിലയിലേക്ക് ഇടത് മതേതരത്വം മുന്നോട്ടു പോകുന്നത് അതിനാലാണ്. സ്വയം റദ്ദാവുകയാണ് ഇതിലൂടെ ഇടതുപക്ഷം.

മരണം കൊണ്ട് സംവാദത്തിന്റെ പുതിയൊരു പാഠം രചിച്ച മഹാനുഭാവനായിരുന്നു സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജി. 2018 ജനുവരി 27-നാണ് അദ്ദേഹം മരിച്ചത്. കമലാ സുറയ്യയില്‍നിന്ന് വ്യത്യസ്തമായി വ്യക്തിസ്വാതന്ത്ര്യവും മൗലിക അവകാശവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഇവിടെ ലംഘിക്കപ്പെട്ടത്. മരണാനന്തരം കമലാ സുറയ്യയുടെ പേര് മാത്രമാണ് അപഹരിക്കപ്പെട്ടതെങ്കില്‍, സൈമണ്‍ മാസ്റ്റര്‍ക്ക് തന്റെ ശരീരം തന്നെ നഷ്ടപ്പെടുകയായിരുന്നു. ഇസ്ലാം സ്വീകരിച്ച സൈമണ്‍ മാസ്റ്റര്‍ പ്രാക്ടീസിംഗ് മുസ്ലിമായിരുന്നു. അഞ്ചു നേരവും കൃത്യമായി നമസ്‌കരിച്ചു. അതും പള്ളിയിലെ ജമാഅത്തുകളില്‍. തന്റെ പ്രദേശത്തെ മഹല്ലില്‍ അംഗമായി. പള്ളിയില്‍ മാസവരി കൊടുത്തു. ജുമുഅ നമസ്‌കാരത്തില്‍ മുടങ്ങാതെ പങ്കെടുത്തു. മക്കയില്‍ പോയി ഹജ്ജും ചെയ്തു. വിശ്വാസിയുടെ ബാധ്യതയായ മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ബൈബിളിലും ഖുര്‍ആനിലും ഉള്ള തന്റെ ആഴത്തിലുള്ള പരിജ്ഞാനം പിന്‍തലമുറക്കുള്ള ജ്ഞാനസമ്പത്താക്കി മാറ്റി അദ്ദേഹം. കനപ്പെട്ട കൃതികളും ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. മത താരതമ്യ പഠനത്തിന് വലിയ റഫറന്‍സാണ് അദ്ദേഹത്തിന്റെ കൃതികള്‍. മുസ്ലിം-ക്രൈസ്തവ മൈത്രിയുടെ മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇസ്ലാം സ്വീകരണത്തിനു ശേഷവും തന്റെ ഭാര്യയോടും മക്കളോടുമൊപ്പമാണ് അദ്ദേഹം ജീവിച്ചത്. മുസ്ലിം ആകുന്നതോടെ നവ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ അമുസ്‌ലിം ഭാര്യയോടൊപ്പമുള്ള കുടുംബ ജീവിതം സാധ്യമാവുകയില്ലെന്ന പൊതുബോധത്തെ ജീവിതം കൊണ്ട് ഉടച്ചുവാര്‍ക്കാന്‍ കഴിഞ്ഞ പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു സൈമണ്‍ മാസ്റ്റര്‍. 

മരണാനന്തരം തന്റെ മൃതശരീരം കാതിയാളം മഹല്ല് ഖബ്ര്‍സ്ഥാനില്‍ അടക്കം ചെയ്യണമെന്ന സ്വന്തം കൈപ്പടയിലെഴുതിയ വസ്വിയ്യത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ ശരീരം അനാട്ടമി പഠനത്തിന് വിട്ടുകൊടുത്തു ബന്ധുക്കള്‍. വീട്ടിലേക്കെന്ന വ്യാജേന ആംബുലന്‍സില്‍ കയറ്റിയ മൃതദേഹം അവര്‍ മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. അത്യന്തം നാടകീയമായിരുന്നു ആ സമയത്തെ രംഗങ്ങള്‍.  സ്വന്തം കൈപ്പടയിലെഴുതി മുദ്രവെച്ച വെള്ളക്കടലാസിനേക്കാള്‍ കോടതിക്ക് കാര്യമായി തോന്നിയത്, സൈമണ്‍ മാസ്റ്റര്‍ അബോധാവസ്ഥയിലായിരിക്കെ  സമ്മതമില്ലാതെ ആരോ കവര്‍ന്നെടുത്ത തന്റെ വിരലടയാളം പതിഞ്ഞ മുദ്രപത്രമായിരുന്നു. 

ഏതാനും വ്യക്തികളും സംഘങ്ങളും ഒഴിച്ചാല്‍ മുസ്ലിം സമുദായത്തിലെ മഹാഭൂരിപക്ഷം പേരും മിത സമീപനമാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്.  കോടതി തീര്‍പ്പില്‍ അവര്‍  പ്രത്യേകിച്ച് അസ്വസ്ഥതയൊന്നും പ്രകടിപ്പിച്ചില്ല. ജീവിതകാലത്ത് മാസ്റ്ററുടെ ഇസ്‌ലാം പ്രാക്ടീസിന് പിന്തുണ നല്‍കിയ കുടുംബം, ഒപ്പം നിന്ന ഭാര്യ, ബന്ധം മുറിക്കാതിരുന്ന ബന്ധുക്കള്‍ എത്ര ഔന്നത്യമാണ് പുലര്‍ത്തിയത്. സൈമണ്‍ മാസ്റ്ററുടെ ഇസ്ലാം ബന്ധുക്കള്‍ ഇപ്പോഴും ആ കുടുംബത്തോട് അടുപ്പം നിലനിര്‍ത്തിപ്പോരുന്നു. പ്രാര്‍ഥനാപൂര്‍ണമായ യാത്രയാണ് അവര്‍ അദ്ദേഹത്തിന് നല്‍കിയത്. കാതിയാളത്ത് ഖബ്‌റടക്കപ്പെട്ടില്ലെങ്കിലും മരണ ദിവസം വൈകീട്ട് വന്‍ ജനാവലി അദ്ദേഹത്തിനുള്ള ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തു. എങ്കിലും മരണാനന്തരം വ്യക്തിക്ക് തന്റെ ശരീരത്തിന്റെ മേല്‍ അധികാരമില്ലേ, ബന്ധുക്കളുടെ നിര്‍ബന്ധങ്ങളും ഇഷ്ടാനിഷ്ടങ്ങളും അടിച്ചേല്‍പ്പിക്കപ്പെടേണ്ടവയാണോ മൃതശരീരങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ സൈമണ്‍ മാസ്റ്റര്‍ സംഭവം ഉയര്‍ത്തുന്നു. 

സംഭവബഹുലമായ ജീവിതം കൊണ്ടും മരണം കൊണ്ടും മലയാളികളെ ഒരേസമയം വിസ്മയിപ്പിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത മറ്റൊരു വ്യക്തിയാണ് ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബു. വിപ്ലവ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതിനായി തെരഞ്ഞെടുത്ത മാര്‍ഗമോ, നക്‌സല്‍ പ്രസ്ഥാനവും. എഴുപതുകളിലെ ക്ഷുഭിത യൗവനത്തിന്റെ വീരഗാഥകള്‍ ആലപിക്കുമ്പോള്‍ ടി.എന്‍ ജോയി അതിലെ മുഖ്യ ഈരടിയായിരിക്കും. പക്ഷേ തന്നെ കുറിച്ച്, ആ കാലത്തെ വിപ്ലവ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി, അടിയന്തരാവസ്ഥയിലെ പോലീസ് മുറയെയും ജയില്‍ പീഡനത്തെയും സംബന്ധിച്ച് പറയുന്ന ജോയി 'പരാജയപ്പെട്ട വിപ്ലവകാരി'യാണ് താനെന്ന് പറയുന്നുണ്ട്. പീഡനം സഹിക്കവയ്യാതായപ്പോള്‍ രഹസ്യങ്ങള്‍ ഒളിച്ചുവെക്കാനാകാതെ എല്ലാം പോലീസിനു മുന്നില്‍ തുറന്നുപറയേണ്ടിവന്ന സാഹചര്യത്തെ സൂചിപ്പിച്ചുകൊാണ് അദ്ദേഹം അങ്ങനെ പ്രസ്താവിച്ചത്. സി.പി.ഐ.എം.എല്‍ പ്രസ്ഥാനത്തില്‍നിന്ന് മാറി തന്റെ ജീവിതത്തിന് മറ്റൊരു ദൗത്യമുണ്ടെന്ന വിചാരത്താല്‍ അതന്വേഷിച്ചുപോയ ജോയി ഇസ്‌ലാമില്‍ എത്തുകയായിരുന്നു. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍, 2001-ല്‍ ഗുജറാത്തില്‍ മുസ്ലിംകള്‍ വംശഹത്യക്ക് ഇരകളായപ്പോള്‍, സംഘ് പരിവാര്‍ ഫാഷിസം മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിന്റെ മൂര്‍ധന്യതയിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ ഇനിയും കാഴ്ചക്കാരനാകാനാവില്ലെന്ന നിശ്ചയമായിരുന്നു ജോയിയെ ഇസ്‌ലാമിലെത്തിച്ചത്.  ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനാവില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കഴിയുമായിരുന്നെങ്കില്‍ ബാബരി മസ്ജിദിനു വേണ്ടി രക്തസാക്ഷികളെ നല്‍കാന്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനാകുമായിരുന്നു. അത് സംഭവിക്കാത്തത് എന്തുകൊണ്ടായിരുന്നു? സി.പി.എമ്മിന് മുസ്ലിംകളെ വേണം; എന്നാല്‍ മുസ്ലിം സംഘടനകളുണ്ടായിക്കൂടാ എന്നാണവരുടെ പക്ഷം. ഇത് ശരിയല്ല എന്നായിരുന്നു ജോയിയുടെ നിലപാട്. ഫാഷിസത്തെ ചെറുക്കാന്‍ ഇസ്‌ലാമിനാകും. അതുകൊണ്ടാണ് ഹിന്ദുത്വ ഭീകരത മുസ്‌ലിംകളെ ശത്രു സ്ഥാനത്ത് അവരോധിച്ചത്. സംഘ് പരിവാറിന്റെ ഹിംസയുടെ ഏറ്റവും വലിയ ഇര മുസ്‌ലിംകളാണ്. അതിനാല്‍ മുസ്‌ലിമാവുക എന്നതുതന്നെ സ്വയം ഫാഷിസ്റ്റ്‌വിരുദ്ധതയാണ്. താന്‍ മുസ്ലിം ആയത് അതുകൊണ്ടാണ്. 2013-ല്‍ തന്നെ, തന്റെ മരണശേഷം ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദായ ചേരമാന്‍ പള്ളി ഖബ്ര്‍സ്ഥാനില്‍ തന്നെ അടക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ജോയി അന്നത്തെ ഇമാം സുലൈമാന്‍ മൗലവിക്കും മഹല്ല് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. കത്തിന്റെ ഉള്ളക്കം ഇങ്ങനെ:

''പ്രിയപ്പെട്ട സുലൈമാന്‍ മൗലവിക്ക്, വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ എന്റെ വിശ്വാസം. 

ജീവിതത്തിലുടനീളം എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്‌ലിംകളായിരുന്നു; ഇപ്പോഴും! ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കാന്‍ കഴിയുമോ?

നോക്കൂ! മൗലവീ, ജനനം 'തെരഞ്ഞെടുക്കാന്‍' നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവും നമ്മുടെ ഇഷ്ടത്തിനു നടക്കുന്നതല്ലേ ശരി?

എന്റെ ഈ അത്യാഗ്രഹത്തിന് മതപരമായ ന്യായങ്ങള്‍ കണ്ടെത്താന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇങ്ങനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?

ജനിച്ച ഈഴവ ജാതിയുടെ ജാതിബോധം തീണ്ടാതിരിക്കാനാണ് അഛന്‍ എന്നെ മടിയില്‍ കിടത്തി അന്ന് 'ജോയ്' എന്ന് പേരിട്ടത്. ബാബരിപള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം 'മാത്രം' സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇതിനെതിരായ 'മുസ്‌ലിം സാഹോദര്യങ്ങളുടെ' പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്. 

മുസ്‌ലിം സമുദായത്തിലെ അനേകരോടൊപ്പം എന്റെ ഭൗതികശരീരവും മറവുചെയ്യണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍, പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്റെ പിടച്ചിലില്‍ മൗലവി എന്നോടൊപ്പമുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.'' 

2013 ഡിസംബര്‍ 13-നായിരുന്നു ഈ കത്ത് സ്വന്തം കൈപ്പടയില്‍ അദ്ദേഹം എഴുതിയത്. 2015-ല്‍ തന്റെ പേര് നജ്മല്‍ ബാബു എന്നാക്കി മാറ്റുകയും ചെയ്തു. ഇസ്‌ലാമിക രാഷ്ട്രീയത്തെ സ്വന്തം നെഞ്ചിനോട് ചേര്‍ത്തു നിര്‍ത്തിയ ജോയി ഇസ്ലാം സ്വീകരണം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് വാദിക്കുകയും ചെയ്തു. പാരമ്പര്യ മുസ്‌ലിംകള്‍ ഇസ്‌ലാമും രാഷ്ട്രീയവും തമ്മിലെന്ത് എന്ന മത തര്‍ക്കത്തിന്റെ മൂര്‍ധന്യതയില്‍ സ്വയം മറന്നുല്ലസിച്ച കാലത്തായിരുന്നു ജോയി എന്ന നവ മുസ്‌ലിം വിപ്ലവകാരി ഇങ്ങനെ പ്രസ്താവിച്ചത്! 

ഇസ്ലാമിനൊപ്പം ജീവിക്കാനും മുസ്‌ലിമായി മരിക്കാനും മുസ്‌ലിംകളോടൊത്ത് അന്ത്യവിശ്രമത്തിന് എത്താനും കൊതിക്കുകയും പ്രാര്‍ഥിക്കുകയും ഒരുങ്ങുകയും ചെയ്ത നജ്മല്‍ ബാബുവിന് അവസാനകാലത്ത് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ആരംഭത്തില്‍, ജനുവരി 31-ന് തന്റെ ഫേസ് ബുക്ക് പേജില്‍ അദ്ദേഹം ഇപ്രകാരം കുറിച്ചിട്ടത് അധികമാരും ശ്രദ്ധിച്ചില്ല; 'സൈമണ്‍ മാസ്റ്ററോട് ചെയ്ത ക്രൂരത എന്നെയും പേടിപ്പിക്കുന്നുണ്ട്.' അതേ, നജ്മല്‍ ബാബു ഭയന്നതു തന്നെ സംഭവിച്ചു. യുക്തിവാദികളും കമ്യൂണിസ്റ്റുകളുമായ ബന്ധുക്കള്‍ ഇസ്ലാമികമായ ശവസംസ്‌കാരം നിഷേധിച്ചുകൊണ്ട് സ്റ്റേറ്റിന്റെ സഹായത്തോടെ മരണാനന്തരം നജ്മല്‍ ബാബുവിനെ ശിക്ഷിച്ചു. സഹപ്രവര്‍ത്തകരും ആത്മമിത്രങ്ങളും അദ്ദേഹത്തിനു വേണ്ടി നടത്തിയ സംഭാഷണങ്ങളൊന്നും ചെവിക്കൊള്ളാന്‍ നജ്മല്‍ ബാബുവിന്റെ സഹോദരന്‍ തയാറായില്ല. 'ദുര്‍ബലന്റെ പിടച്ചിലില്‍ മൗലവി എന്നോടൊപ്പമുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്' എന്ന വസ്വിയ്യത്ത് പത്രികയിലെ ഒടുവിലെ വാചകം ഇപ്പോള്‍ സുലൈമാന്‍ മൗലവിയുടെ ഹൃദയത്തെ കൊത്തിനുറുക്കുന്നുണ്ടാകും. ദൈവവിധിയിലുള്ള അചഞ്ചല വിശ്വാസം ഈ ആഘാതത്തില്‍നിന്ന് അദ്ദേഹത്തെ മോചിപ്പിക്കും. എന്നാല്‍ ഈ മരണത്തിന്റെ അനന്തരഫലങ്ങള്‍ നജ്മലിന്റെ മൃതശരീരത്തെ വ്രണപ്പെടുത്തിയവരെ ഇപ്പോഴും മുറിവേല്‍പിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. കമല്‍ സി. ചവറ എന്ന എഴുത്തുകാരന്റെ ഇസ്ലാം ആശ്ലേഷണത്തിലാണല്ലോ അത് കലാശിച്ചത്. ഒരു നജ്മലിന്റെ മരണം മറ്റൊരു നജ്മലിന്റെ ജനനത്തിനു നിമിത്തമായത് ഇസ്‌ലാംവിരുദ്ധ യുക്തിവാദത്തിനേറ്റ ചെകിടത്തടിയാണ്.

ടി.എന്‍ ജോയി എന്ന പൂര്‍വകാല നക്‌സല്‍ നേതാവിന്റെ മതേതര ജീവിതം അനുസ്മരിക്കുകയും എഴുതുകയും ചെയ്യുന്നവര്‍, നക്‌സലാനന്തര ജോയിയുടെ നജ്മല്‍ ബാബു എന്ന ഇസ്‌ലാംജീവിതത്തെയും അനുഭവത്തെയും പരാമര്‍ശിക്കുക പോലും ചെയ്യുന്നില്ല. ഈ വിസ്മൃതിയെയും അവഗണനയെയും അഭിമുഖീകരിക്കുന്ന ധീരമായ രാഷ്ട്രീയമാണ് നജ്മല്‍ ബാബു. നക്‌സല്‍ രാഷ്ട്രീയത്തേക്കാളും നിരീശ്വരവാദ യുക്തിയേക്കാളും കരുത്തുള്ള രാഷ്ട്രീയവും യുക്തിപരമായ ഉള്ളടക്കവും നജ്മല്‍ ബാബുവിന്റെ ഇസ്‌ലാമിനും ജീവിതത്തിനുമുണ്ട്. ടി.എന്‍ ജോയിയില്‍നിന്ന് നജ്മല്‍ ബാബുവിലേക്ക് വളരുകയും വികസിക്കുകയും ചെയ്ത് ആ ജീവിതത്തെ ഉള്‍ക്കൊള്ളാനാവാത്തവര്‍ ഭയക്കുന്നതും ഇസ്‌ലാമിന്റെ ഈ രാഷ്ട്രീയ അനുഭവത്തെയാണ്. അതിന് വീണ്ടും അടിവരയിട്ട് മുന്നോട്ടു നയിക്കാന്‍ കമല്‍ സി. നജ്മലിനെ പ്രാപ്തനാക്കിയത് നജ്മല്‍ ബാബുവിന്റെ മരണാനന്തര സംഭവവികാസങ്ങളാണ്. മരണം ഒന്നിന്റെയും ഒടുക്കമല്ല. പലതിന്റെയും തുടക്കമാണെന്ന ഇസ്‌ലാമിക ദര്‍ശനത്തിന്റെ കൂടി തത്ത്വത്തെ അടയാളപ്പെടുത്തുന്നു ഈ മരണങ്ങള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (46)
എ.വൈ.ആര്‍