ഇസ്‌ലാമാശ്ലേഷങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍
വര്‍ത്തമാന ലോകത്തിലെ ഏറ്റവും സജീവമായ ആദര്‍ശമാണ് ഇസ്‌ലാം. സംവാദങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്ര സ്ഥാനത്ത് ഇസ്‌ലാമിനെ എപ്പോഴും നമുക്ക് കാണാനാവും. നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. വ്യത്യസ്ത കാരണങ്ങളാല്‍ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മനുഷ്യര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. ഇതിന് മനുഷ്യനോളം പഴക്കമുണ്ട്. ഇത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇസ്‌ലാമാശ്ലേഷങ്ങളുടെ കാരണങ്ങള്‍ എന്നും വ്യത്യസ്തങ്ങളായിരുന്നു. ഇതിനെയെല്ലാം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇസ്‌ലാമിനുണ്ട്. കാരണം ഇസ്‌ലാം കേവലാദര്‍ശം മാത്രമല്ല, ഒരു പ്രസ്ഥാനം കൂടിയാണ്. വ്യത്യസ്ത കാരണങ്ങളാല്‍ കടന്നുവരുന്നവരെ ആദര്‍ശപരമായി സംസ്‌കരിക്കാനുള്ള ആന്തരികമായ ശേഷി ഇസ്‌ലാമിനുണ്ട്. പൂര്‍ണതയിലേക്കുള്ള നിരന്തരമായ വളര്‍ച്ചയുടെ പേരാണ് ഇസ്‌ലാമിക ജീവിതം. പൂര്‍ണ മനുഷ്യനെക്കുറിച്ച സങ്കല്‍പമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. അതിലെത്തിച്ചേരാനുള്ള പരിശ്രമമാണ് മൊത്തത്തില്‍ ഇസ്‌ലാമിക ജീവിതം. കവാടത്തില്‍ വെച്ച് വിശുദ്ധി ഉറപ്പുവരുത്തി മാത്രം കടത്തിവിടുകയല്ല ഇസ്‌ലാം ചെയ്യുന്നത്. എല്ലാവരെയും സ്വീകരിക്കുകയും സംസ്‌കരിക്കാന്‍ നിരന്തരം പരിശ്രമിക്കുകയുമാണ്. ഇതിനകത്തേക്ക് കടന്നുവരികയും സംസ്‌കൃതനാകാന്‍ നിരന്തരം വിസമ്മതിക്കുകയും ചെയ്യാവുന്ന സാധ്യതയും ഇസ്‌ലാമിന്റെ ഈ രീതിശാസ്ത്രം തുറന്നുതരുന്നുണ്ട്. പ്രവാചകന്റെ കാലത്തുതന്നെ കപടവിശ്വാസികള്‍ ഈ സാധ്യതയെയാണ് പ്രയോജനപ്പെടുത്തിയത്. കപട വിശ്വാസികളെ കൃത്യമായി പ്രവാചകന് അറിയാമായിരുന്നു. അവരെ വധിച്ചുകളയാതിരുന്നത് മുഹമ്മദ് സ്വന്തം അനുയായികളെ കൊല്ലുന്നവനാണെന്ന് ലോകം ധരിക്കാതിരിക്കാനാണ് എന്ന് പ്രവാചകന്‍ പറയുന്നുണ്ട്. ഇസ്‌ലാം ഒരു പ്രസ്ഥാനമായതുകൊണ്ടാണ് അതിന്റെ പ്രതിഛായയെക്കുറിച്ച് പ്രവാചകന്‍ ഇത്രമാത്രം ബോധവാനായത്. കാരണം ഈ പ്രതിഛായാ നഷ്ടം ആളുകള്‍ ഇതിലേക്ക് കടന്നുവരുന്നതിന് തടസ്സമായിത്തീരും. വ്യാപനത്തിനും ഭദ്രതക്കുമിടയിലെ സമന്വയമാണ് ഇസ്‌ലാമിന്റെ പ്രാസ്ഥാനിക രീതിശാസ്ത്രം. ഭദ്രതക്കുവേണ്ടി വ്യാപന സാധ്യതക്ക് അപകടങ്ങള്‍ വരുത്താതിരിക്കാന്‍ പ്രവാചകന്‍ ശ്രദ്ധിച്ചു. ഭദ്രത വേറെ വഴികളിലൂടെ ഉറപ്പുവരുത്തി. കപടവിശ്വാസികളോട് അല്ലാഹുവും പ്രവാചകനും സ്വീകരിച്ച നിലപാടുകള്‍ പഠിച്ചാല്‍ ഭദ്രതക്കു വേണ്ടി സ്വീകരിച്ച നടപടികള്‍ മനസ്സിലാക്കാന്‍ സാധിക്കും.
ഇസ്‌ലാം പ്രതികൂല കാലങ്ങള്‍ താണ്ടിക്കടന്ന് വമ്പിച്ച വിജയം വരിച്ചപ്പോള്‍ ആളുകള്‍ കൂട്ടം കൂട്ടമായി അതിലേക്ക് കടന്നുവന്നു. സൂറഃ അന്നസ്വ്ര്‍, വിശുദ്ധ ഖുര്‍ആനിലെ 'സഹായം' എന്നര്‍ഥമുള്ള അധ്യായം ഇക്കാര്യം വിവരിക്കുന്നുണ്ട്. ''ദൈവസഹായവും വിജയവും വന്നപ്പോള്‍ ജനങ്ങള്‍ കൂട്ടം കൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നിനക്കു കാണാം...'' വിജയപതാകക്കു കീഴില്‍ മനുഷ്യര്‍ അണിനിരക്കുന്നത് ചരിത്രത്തിലെ നിത്യമായ കാഴ്ചയാണ്. ചരിത്രത്തിന് മറ്റൊരു കാഴ്ച കൂടിയുണ്ട്. അതികഠിനമായി പീഡിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ ഒപ്പം നില്‍ക്കാന്‍ ശ്രമിക്കുന്ന സാഹസികരുടെ ചിത്രമാണത്. അവര്‍ അടിയേറ്റു വാങ്ങുന്നേടത്ത് അടിയേറ്റു വാങ്ങാന്‍ സ്വന്തം മുതുകുമായി കടന്നുചെല്ലും. സാഹസങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്നവര്‍. ധീരതക്കു വേണ്ടി ജനിച്ചവരാണവര്‍. കൂസലില്ലായ്മ ഹൃദയതാളമാക്കിയവരാണവര്‍. അതിജീവന ശേഷിയുള്ള ഒരു പ്രസ്ഥാനത്തിന് വിജയത്തെ മാത്രമല്ല പീഡനങ്ങളെയും മൂലധനമാക്കി മാറ്റാനാവും. ശത്രു അപ്പോള്‍ പീഡിപ്പിച്ച് തോല്‍പിക്കുകയല്ല, പീഡിപ്പിച്ച് ജയിപ്പിക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാം പീഡനങ്ങളിലും വിവേചനങ്ങളിലും തട്ടിത്തകര്‍ന്നു പോകുന്നതിനു പകരം അസാധാരണമായ അതിജീവനശേഷി പ്രകടിപ്പിക്കുന്നു എന്നാണ് അടുത്ത സമയത്ത് കേരളത്തിലുണ്ടായ ഇസ്‌ലാമാശ്ലേഷങ്ങള്‍ തെളിയിക്കുന്നത്. പീഡനങ്ങളും മൂലധനമാവുന്ന ആദര്‍ശചരിത്രങ്ങളില്‍ മാത്രം കാണുന്ന ചാരുതയാണിത്. ആകാശങ്ങളില്‍ ആത്മാവിനെ ബന്ധിച്ച് ചരിത്രത്തില്‍ ജീവിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെ സാഹചര്യത്തിലെ ചൂടിനെയും തണുപ്പിനെയും അത് എന്നും ലാഭമാക്കി മാറ്റിയിട്ടുണ്ട്.
ഇസ്‌ലാം കണിശമായ ആദര്‍ശമായിരിക്കെത്തന്നെ ചരിത്രത്തില്‍ അതൊരു ജനകീയ പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ കടുത്ത ഭക്തരും കപടരും ആദ്യകാലത്തുതന്നെ അതിലുണ്ടായിരുന്നു. ബഹുവിധ കാരണങ്ങളാല്‍ ആളുകള്‍ ഇതിലേക്ക് കടന്നുവന്നിരുന്നു. ബഹുവിധ കാരണങ്ങളാല്‍ കടന്നുവന്നവരെ ഇസ്‌ലാം അതിന്റെ ആദര്‍ശ ന്യൂക്ലിയസിലേക്ക് നിരന്തരം ആകര്‍ഷിച്ചിരുന്നു. അനസ് (റ) പറയുന്നു: ''ദുന്‍യാവ് ഉദ്ദേശിച്ചതുകൊണ്ടു മാത്രം ആളുകള്‍ ഇസ്‌ലാം സ്വീകരിക്കാറുണ്ട്. ശേഷം ദുന്‍യാവിനേക്കാളും അതിലുള്ളതിനേക്കാളും അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇസ്‌ലാമായിത്തീരും'' (മുസ്‌ലിം, ഹദീസ് നമ്പര്‍: 2313). പ്രതിജനഭിന്ന വിചിത്രരാണ് മനുഷ്യര്‍. മനുഷ്യര്‍ പല തരക്കാരാണ് എന്ന ചൊല്ല് അറബിയിലുണ്ട് (അന്നാസു അജ്‌നാസുന്‍). ഈ അഭിരുചി വൈവിധ്യത്തെ അഭിമുഖീകരിക്കാനുള്ള ശേഷി ഇസ്‌ലാമിനുണ്ട്. ഇസ്‌ലാം മനുഷ്യനെ ഒന്നാമതായും പ്രധാനമായും അഭിമുഖീകരിക്കുന്നത് ആദര്‍ശപരമായിത്തന്നെയാണ്. അങ്ങനെ മാത്രമേ മനുഷ്യനോട് സംസാരിക്കുകയുള്ളൂ എന്ന ശാഠ്യം ഇസ്‌ലാമിനില്ല. സകാത്തിന്റെ എട്ട് അവകാശികളില്‍ ഒന്ന് ഹൃദയം ഇണക്കപ്പെട്ടവരാണ്. ഈ ഗണത്തെക്കുറിച്ച് മുഹ്‌യിദ്ദീന്‍ ശൈഖ് എഴുതുന്നു: ''ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മുസ്‌ലിംകളല്ലാത്ത ചിലരാണ്. അവര്‍ക്ക് ധനം നല്‍കിയാല്‍ അവര്‍ മുസ്‌ലിമാവാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മുസ്‌ലിംകളെ ഉപദ്രവിക്കുന്നതില്‍നിന്ന് അവര്‍ പിന്തിരിയും'' (അല്‍ഗുന്‍യ 315). അവര്‍ നരകത്തില്‍ മുഖം കുത്തി വീഴാതിരിക്കാനാണ് ഞാനവര്‍ക്ക് ധനം നല്‍കിയത് എന്ന് ചില ദാനധര്‍മത്തെക്കുറിച്ച് പ്രവാചകന്‍ പറയുന്നുണ്ട് (മുസ്‌ലിം: 2212). ആശയപ്രബോധനം വഴി മാത്രമേ ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ പാടുള്ളൂ എന്ന ദുശ്ശാഠ്യം ഇസ്‌ലാമിനില്ല എന്നര്‍ഥം. കടന്നുവരുന്നവരെയെല്ലാം ആദര്‍ശവത്കരിക്കാന്‍ അത് പരിശ്രമിച്ചുകൊണ്ടിരിക്കും.
മനുഷ്യന്റെ ഭൗതികാവശ്യ നിര്‍വഹണത്തിനാണോ ആദര്‍ശ പ്രബോധനത്തിനാണോ മുന്‍ഗണന നല്‍കേണ്ടത് എന്ന തര്‍ക്കമൊക്കെ ചില ഘട്ടങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തിനകത്ത് ഉണ്ടാവാറുണ്ട്. 2002-ലെ പിളര്‍പ്പിന്റെ കാലത്ത് കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിലുായ തര്‍ക്കം ഉദാഹരണമാണ്. ഒരേസമയം ആദര്‍ശപ്രസ്ഥാനവും ജനകീയ പ്രസ്ഥാനവുമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഏതു തലത്തിന് ഊന്നല്‍ നല്‍കണമെന്ന തര്‍ക്കമോ ആശയക്കുഴപ്പമോ ആണിത്. ഇസ്‌ലാം ജ്വലിക്കുന്ന ആദര്‍ശവും അതിനു വിരുദ്ധമാകാത്ത സര്‍ഗാത്മകമായ പ്രയോഗ പദ്ധതിയുമാണ്. വരട്ടു സിദ്ധാന്ത വാശിക്കു പകരം സിദ്ധാന്തത്തിന്റെ സര്‍ഗാത്മക പ്രയോഗമാണ് ഇസ്‌ലാമില്‍ നമുക്ക് കാണാനാവുക. പ്രവാചകന്റെ അടുത്തുവന്ന് ഒരാള്‍ പാല്‍ ചോദിച്ചു. പ്രവാചകന്‍ അയാള്‍ക്ക് ഒരു ഗ്ലാസ് പാല്‍ കൊടുത്തു. അയാള്‍ വീണ്ടും ചോദിച്ചു. വീണ്ടും നല്‍കി. ഏഴു തവണ ഇതാവര്‍ത്തിച്ചു. ശേഷം പ്രവാചകന്റെ ഔദാര്യത്തില്‍ ആകൃഷ്ടനായി അയാള്‍ ഇസ്‌ലാം സ്വീകരിച്ചു. പിന്നീട് വന്ന് വീണ്ടും പാല്‍ ചോദിച്ചു. പ്രവാചകന്‍ ഒരു ഗ്ലാസ് പാല്‍ നല്‍കി. വീണ്ടും പാല്‍ ചോദിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''വിശ്വാസി ഒരു വയര്‍ ഭക്ഷണം കഴിക്കുന്നു. അവിശ്വാസി ഏഴു വയര്‍ ഭക്ഷണം കഴിക്കുന്നു.''
'നിശ്ചയമായും കര്‍മങ്ങളുടെ മൂല്യം നിശ്ചയിക്കപ്പെടുക ഉദ്ദേശ്യമനുസരിച്ചാണ്. ആരെങ്കിലും അല്ലാഹുവിലേക്കും പ്രവാചകനിലേക്കും പലായനം ചെയ്താല്‍ അവന്റെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണ്. ആരെങ്കിലും ഭൗതിക നേട്ടത്തിനോ ഏതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാനോ വേണ്ടി പലായനം ചെയ്താല്‍ അവന്റെ പലായനം അവന്‍ പലായനം ചെയ്തതിലേക്കാണ്' എന്നര്‍ഥമുള്ള പ്രവാചക വചനം ഇസ്‌ലാമിന്റെ ഉദ്‌ബോധന തലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ബോധതലത്തിലേക്ക് എല്ലാ പലായനക്കാരെയും എത്തിക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. അതിനര്‍ഥം അങ്ങനെയല്ലാതെ ഒരാള്‍ പലായനം ചെയ്താല്‍ പ്രായോഗികമായി അവന്റെ പലായനത്തെ ഇസ്‌ലാം അംഗീകരിക്കുകയില്ല എന്നല്ല. അബൂത്വല്‍ഹ (റ) മുസ്‌ലിമായത് ഉമ്മുസുലൈമിനെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നു. നബി (സ) അതിനെ വിലക്കിയിട്ടില്ല (ബുഖാരി). അബൂത്വല്‍ഹ വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ ഉമ്മുസുലൈം അദ്ദേഹത്തോട് ഇസ്‌ലാമിനെ വിവാഹമൂല്യമായി (മഹ്ര്‍) ചോദിക്കുകയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ആദര്‍ശനിഷ്ഠ ദാമ്പത്യത്തിന്റെ ഇതിഹാസ മാതൃകയായി അവര്‍ മാറി. സാധാരണ മനുഷ്യര്‍ക്ക് അസാധ്യമായ നിരവധി സംഭവങ്ങള്‍ അവരുടെ ദാമ്പത്യജീവിതത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആരും സ്വീകരിക്കാനില്ലാത്ത പ്രവാചക സദസ്സിലെ ഒരതിഥിയെ വീട്ടില്‍ ആവശ്യത്തിന് ഭക്ഷണമുണ്ടെന്ന ഒരുറപ്പുമില്ലാതെ സ്വീകരിക്കുന്നു. ഉമ്മുസുലൈമിനോട് അബൂത്വല്‍ഹ ഭക്ഷണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ക്കുള്ളത് മാത്രമുണ്ടെന്ന് അറിയിക്കുന്നു. കുട്ടികളെ അനുനയത്തില്‍ ഉറക്കാനും അതിഥിക്കും നമുക്കുമായി വിളമ്പാനും അതിഥി കഴിച്ചു തുടങ്ങുമ്പോള്‍ വിളക്കിന്റെ തിരി നന്നാക്കുന്നു എന്ന മട്ടില്‍ കെടുത്തിക്കളയാനും അങ്ങനെ പട്ടിണികിടന്ന് അതിഥിയെ ഊട്ടാനും അബൂത്വല്‍ഹ പറഞ്ഞു. ഉമ്മുസുലൈം അതേപ്രകാരം ചെയ്തു. അവരെക്കുറിച്ചാണ് സൂറഃ അല്‍ഹശ്‌റിലെ 31-ാം സൂക്തമവതരിച്ചത്. ''തങ്ങള്‍ക്കുതന്നെ ആവശ്യമുണ്ടായിരിക്കെ അവര്‍ ഇതരര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് ആര്‍ മുക്തരാകുന്നുവോ അവരത്രെ വിജയം വരിച്ചവര്‍.''
ഇസ്‌ലാം പല രീതിയില്‍ ചരിത്രത്തില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സമ്പൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിച്ച മഹാ ഭൂരിഭാഗമുണ്ട്. ഇസ്‌ലാമില്‍ പ്രവേശിക്കാതെ തന്നെ അതിന്റെ ആത്മീയതോട് താല്‍പര്യം പുലര്‍ത്തിയ മുസ്‌ലിംകളല്ലാത്തവര്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഉണ്ടായിരുന്ന ഈ പ്രവണതയെക്കുറിച്ച് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നുണ്ട്: ''...ഇന്ത്യയിലെ വലിയ ഒരു വിഭാഗം ഹിന്ദു സഹോദരന്മാര്‍ ഇസ്‌ലാമിന്റെ വൃത്തത്തിനകത്തു വന്നില്ലെങ്കിലും മുസ്‌ലിം ആചാര്യന്മാരുടെ ആത്മീയ നേതൃത്വം സ്വീകരിച്ചവര്‍ ധാരാളമുണ്ട്. 1891-ലെ കാനേഷുമാരിയില്‍ തെക്കു പടിഞ്ഞാറന്‍ പ്രദേശത്തെ 2323643 ഹിന്ദുക്കള്‍ തങ്ങള്‍ ഏതെങ്കിലും പ്രത്യേക ദേവതകളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെന്നും പകരം മുസ്‌ലിംകളുടെ പീറുമാരില്‍ ആശ്രയം കൊള്ളുന്നുവെന്നും പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു...'' (ഇസ്‌ലാം വാളിന്റെ തണലിലോ?, പേജ് 29,30).
എന്നാല്‍ സാമൂഹിക-രാഷ്ട്രീയ ആവശ്യമെന്ന നിലയില്‍ ഇസ്‌ലാമാശ്ലേഷത്തെ കണ്ടവരും ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധനത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ പാശ്ചാത്യ പണ്ഡിതന്‍ സര്‍ തോമസ് ആര്‍നോള്‍ഡ് ഇക്കാര്യം ഇങ്ങനെ കുറിക്കുന്നുണ്ട്: ''തങ്ങള്‍ വിലമതിക്കുന്ന സത്യങ്ങള്‍ അന്യര്‍ക്കെത്തിച്ചു കൊടുക്കുന്നതിലും തങ്ങള്‍ പൂര്‍ണമെന്ന് മനസ്സിലാക്കിയിട്ടുള്ള സിദ്ധാന്തങ്ങളും വ്യവസ്ഥകളും നടപ്പില്‍ വരുത്തുന്നതിലും അവര്‍ കാണിച്ച താല്‍പര്യം അവരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. മതപ്രബോധനത്തിന് ജീവന്‍ നല്‍കുന്ന ശക്തിയും അതത്രെ. അതുപോലെ പ്രബോധനത്തോട് പ്രതികരിക്കുകയും പ്രബോധകരുടെയത്ര ആവേശം പ്രകടിപ്പിച്ചുകൊണ്ട് പുതിയ മതം സ്വീകരിക്കുകയും ചെയ്തവരുണ്ട്. എന്നാല്‍, മതപരമായ സ്ഥാപനങ്ങളെ രാഷ്ട്രീയ ഉപകരണങ്ങള്‍ എന്ന നിലക്കോ സാമൂഹിക സംഘടനകള്‍ എന്ന മട്ടിലോ പരിഗണിച്ച പുതു വിശ്വാസികളും ഇസ്‌ലാം മതത്തിലും ക്രിസ്തുമതത്തിലുമുണ്ട്. അവര്‍ പ്രശ്‌നങ്ങളുടെ സൗകര്യമുള്ള പരിഹാരമായി അവയെ കണ്ടു. രണ്ടു മതത്തിലും ഒരു യഥാര്‍ഥ മതപ്രബോധകന്റെ ചാലകശക്തിയായിത്തീരുന്ന ആത്മാക്കളെ നേടാനുള്ള ദാഹത്തില്‍നിന്ന് വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളാല്‍ മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്'' (ഇസ്‌ലാം പ്രബോധനവും പ്രചാരവും, പേജ് 23,24).
നിരീശ്വരവാദിയായിരുന്ന പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ തമിഴ്‌നാട്ടിലെ ദലിതരോട് ജാതിവ്യവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ വ്യാപകമായും ശക്തമായും ആഹ്വാനം ചെയ്തത് ഇതിന്റെ ഉദാഹരണമാണ്.
പല കാരണങ്ങളാല്‍ ഇസ്‌ലാമിലേക്ക് ആളുകള്‍ കടന്നുവരും. പല രീതിയില്‍ മനുഷ്യര്‍ ഇസ്‌ലാമുമായി ബന്ധങ്ങള്‍ പുലര്‍ത്തും. കാരണം ഇസ്‌ലാം ചരിത്രത്തിലെ ഏറ്റവും ശക്തമായ ജനകീയ പ്രസ്ഥാനമാണ്. ഒരു ജനകീയ പ്രസ്ഥാനത്തോട് ആളുകള്‍ പല രീതിയില്‍ അസോസിയേറ്റ് ചെയ്യുക എന്നത് അതിന്റെ സ്വാഭാവികത മാത്രമാണ്. മനുഷ്യന്റെ എല്ലാ അഭിരുചി ആവശ്യ വൈവിധ്യങ്ങളോടും സമൂഹത്തിന്റെ എല്ലാ സങ്കീര്‍ണതകളോടും ഇടപഴകാനുള്ള ഇസ്‌ലാമിന്റെ ശേഷി തന്നെയാണ് അതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നത്. ഇസ്‌ലാമിനെ ഒരു വിശുദ്ധ കേഡര്‍ പ്രസ്ഥാനം മാത്രമായി മനസ്സിലാക്കുന്നതാണ് ചരിത്രപരമായ അബദ്ധം. ആദര്‍ശത്തിന്റെയും വിശുദ്ധിയുടെയും ഒരു ന്യൂക്ലിയസ് തീര്‍ച്ചയായും ഇസ്‌ലാമിനുണ്ട്. പക്ഷേ ഇസ്‌ലാമിനെ അത് മാത്രമായി ഒരിക്കലും മനസ്സിലാക്കാനാവില്ല. അത് വളര്‍ന്ന വഴികളും മനുഷ്യനോളം വൈവിധ്യമുള്ളതാണ്.
ആധുനിക കാലത്തെ കേരളത്തിലെ ഇസ്‌ലാമാശ്ലേഷങ്ങള്‍ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പൊതു മണ്ഡലത്തില്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഇസ്‌ലാമാശ്ലേഷങ്ങള്‍ എന്നതാണ് പുതിയ ഘട്ടത്തിന്റെ ഒരു സവിശേഷത. രണ്ടാമതായി ഈ പരിവര്‍ത്തനങ്ങള്‍ സാമൂഹിക വിഷയങ്ങളും രാഷ്ട്രീയ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമായി മാറുന്നുണ്ട്. പുതുവിശ്വാസികളുടെ ജീവിതം മാത്രമല്ല, മരണവും സംഘര്‍ഷ വിഷയമായി മാറുന്നുണ്ട്. ഈ ഘട്ടത്തെ എങ്ങനെ ഏറ്റവും നല്ല നിലയില്‍ അഭിമുഖീകരിക്കാമെന്നും വഴിതിരിക്കാമെന്നുമുള്ള ഗൃഹപാഠങ്ങള്‍ എല്ലാ മുസ്‌ലിം സംഘടനകളും നടത്തേണ്ട ചരിത്രത്തിന്റെ ഒരു നാല്‍ക്കവലയാണിത്.
Comments