Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

എത്ര നിസ്സാരനാണ് അഞ്ചടി ആറിഞ്ചുള്ള ഞാന്‍

മെഹദ് മഖ്ബൂല്‍

എങ്ങനെയാണൊരു മനുഷ്യന്‍ നന്മയാകുന്നത്?

സ്‌നേഹവും കരുണയും അവനില്‍ നിറയുന്നത്?

ഉള്ളിലെ ക്രോധവും കാര്‍ക്കശ്യവും  തേഞ്ഞു മായുന്നത്? ഹുങ്കും അഹങ്കാരവുമെല്ലാം അലിഞ്ഞുരുകുന്നത്?  

ഞാന്‍ മാത്രമല്ല ലോകത്തുള്ളതെന്നും തനിക്കു ചുറ്റും യാതനകളാല്‍ ചോര്‍ന്നൊലിച്ച് ഉറക്കം കെട്ട അനേകരുണ്ടെന്നും ബോധ്യമാകണം. മറ്റുള്ളവരേക്കാള്‍ എന്തെല്ലാം അനുഗ്രഹങ്ങളാണെനിക്കെന്ന് അകം തോന്നണം. വേദനകളുടെ വേലിയേറ്റങ്ങളില്‍ ജീവിതത്തിന്റെ താളം തെറ്റിയവരോട് സംവദിക്കണം. 

എന്തുമാത്രം നിസ്സാരനാണ് അഞ്ചടി ആറിഞ്ചുള്ള ഞാനെന്ന് അന്നേരം വെളിച്ചം കിട്ടും. 

ഒരു മഴക്ക്, ഇടിമിന്നലിന്, പ്രളയത്തിന്, മാറാരോഗത്തിന് കീഴ്‌മേല്‍ മറിക്കാന്‍  പറ്റുന്ന എന്തുമാത്രം വലുപ്പക്കുറവുള്ളവനാണ് താനെന്ന് മനസ്സിലായാല്‍ പിന്നെ നമുക്ക് നന്മയാകാതെ തരമില്ലെന്ന് വരും.

തീരെ ചെറിയ കാര്യങ്ങള്‍ക്കാണല്ലോ ഇങ്ങനെ വഴക്കിടുന്നതെന്ന് ആലോചിക്കും. നിന്റെ പോസ്റ്റിന് ഭംഗിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ കൂട്ടുകാരനെ വിളിച്ച മോശം വാക്കുകള്‍ ഓര്‍മയിലെത്തും. സൈഡ് തരാത്തതിന്റെ പേരില്‍ നടുറോഡില്‍ തര്‍ക്കിച്ച് യുദ്ധം കൂടിയ സാഹചര്യങ്ങള്‍ മനസ്സാക്ഷിക്കുത്ത് നല്‍കും. അയല്‍വാസിയോട,് ബന്ധുക്കളോട്, സഹപ്രവര്‍ത്തകരോട് ഏറെ ചെറിയ കാര്യങ്ങള്‍ക്ക് കെറുവിച്ചതെല്ലാം ഓര്‍മകളായി വന്ന് നമ്മെ നോവിക്കും. അതൊന്നും വേണ്ടായിരുന്നു എന്ന വിചാരം ഉള്ളില്‍ കേറും. 

മനുഷ്യന്റെ നിസ്സാരതയെ കുറിച്ച് വാചാലമാകുന്ന പുസ്തകങ്ങള്‍് ശരിക്കും നമ്മെ നവീകരിക്കുന്നുണ്ട്. ഇത്രേയുള്ളൂ അലക്കിത്തേച്ച് മിനുങ്ങി നടക്കുന്ന നമ്മള്‍ എന്ന ബോധ്യമാണ് അവ നമുക്ക് നല്‍കുന്നത്. 

അത്തരം പുസ്തകങ്ങള്‍ ഞാന്‍ ജീവിക്കാത്ത ജീവിതം തരുന്നു. ഞാന്‍ പിറക്കാത്ത രാജ്യം തരുന്നു. അതുവരെയുള്ള എന്നെ മാറ്റി നിര്‍മിക്കുന്നു. 

വായിക്കുന്നവനൊരു ആകാശമാകുന്നു. അവനിലേക്ക് കാറ്റും വെളിച്ചവും പ്രവേശിക്കുന്നു.

ജോണ്‍ ഗ്രീനിന്റെ ദ ഫാള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന പുസ്തകം ഉള്ളില്‍ രൂപപ്പെടുത്തുന്ന വന്‍കരകള്‍ക്ക് എന്തു വിശാലതയാണ്! കാന്‍സര്‍ ബാധിതരായ പതിനാറ് വയസ്സുകാരി ഹേസല്‍ ഗ്രേസും അഗസ്റ്റസ് വാട്ടറും ഐസകും സപ്പോര്‍ട്ട് ഗ്രൂപ്പിലെ മറ്റു അംഗങ്ങളും ആരോഗ്യമുള്ള മനുഷ്യരോട് വളരെ വാചാലമാകുന്നുണ്ട്. അവരുടെ അതിജീവനങ്ങള്‍ വായനക്കാരന് നല്‍കുന്ന ഊര്‍ജം ചെറുതല്ല. 

   നാളെകളെ കുറിച്ചുള്ള പ്രതീക്ഷകളാണ് ജീവിക്കാനുള്ള ഇന്ധനമേകുന്നതെന്ന് പറയാറുണ്ട്. അതിലൊട്ടൊക്കെ ശരിയുണ്ട് താനും. വരുംകാലത്തെ പറ്റിയുള്ള അമിത ചിന്തകള്‍ പക്ഷേ ഒരുവന്റെ ഇന്നുകളുടെ നിറം വല്ലാതെ കെടുത്താറുമുണ്ട്. നാളെകളില്‍ ജീവിക്കുന്നവര്‍ ഇന്നുകളില്ലാത്തവരായി മാറുന്നു. 

നോവലിലെ കഥാപാത്രങ്ങള്‍ക്ക് ഇന്നുകളേ ഉള്ളൂ. നാളെകള്‍ അവര്‍ക്ക് ഒട്ടും ഉറപ്പില്ലാത്തതാണ്. ഒരു മനുഷ്യനും നാളെകളെ കുറിച്ച് യാതൊരു ഉറപ്പുമില്ലല്ലോ എന്ന് നോവല്‍ പറയുന്നു. ഞങ്ങള്‍ വളരെ കാലം ജീവിക്കാന്‍ ഗ്യാരണ്ടിയുള്ളവരാണ് എന്ന മട്ടില്‍ ജീവിതം ധൂര്‍ത്തടിക്കുന്നവരോട് സഹതാപമാണ് എഴുത്തുകാരന്. ഇന്നുകളെ വല്ലാതെ പ്രണയിക്കുന്നു നോവലിലെ കഥാപാത്രങ്ങള്‍. നാളെകളെ പറ്റി ഒട്ടും പ്രതീക്ഷകളില്ലാത്തതിനാല്‍ ഇന്നുകളെ അവര്‍ ജീവസ്സുറ്റതാക്കുന്നു. അവരീ ഓരോ കാഴ്ചയും ആസ്വദിക്കുന്നു. ഓരോ പ്രഭാതത്തെയും പുണരുന്നു.  മഴയോടും കാറ്റിനോടും സംവദിക്കുന്നു. 

തിരക്ക് പിടിച്ചോടുന്നവരെ വിസ്മയത്തോടെ നോക്കിക്കാണുകയാണ് അവര്‍. മരണം വരെ മാത്രമല്ലേ ഏതൊരു മനുഷ്യന്റെയും ഓട്ടം. അതിനപ്പുറത്തേക്ക് പ്രത്യക്ഷഭൂമിയില്‍നിന്ന് മാഞ്ഞ് മണ്ണകങ്ങളില്‍ ആരുടെയും ശ്രദ്ധയില്ലാതെ കിടക്കേണ്ടവരല്ലേ സര്‍വരും.

ജീവിതം കൂടുതല്‍ ഇരുട്ട് നിറഞ്ഞതായി തോന്നുന്ന നേരത്ത് ദൈവം നിങ്ങള്‍ക്ക് ഏറ്റവും നല്ല മനുഷ്യരെ നിങ്ങളുടെ ജീവിതത്തിലേക്ക് നിയോഗിക്കും എന്ന് പറയുന്നുണ്ടൊരിടത്ത് അഗസ്റ്റസിന്റെ അഛന്‍. ചുറ്റുമുള്ള നല്ല മനുഷ്യരാണ് നമുക്ക് ഉന്മേഷമുള്ള ജീവിതം നല്‍കുന്നതെന്ന് നോവല്‍ പങ്കുവെക്കുന്നു. 

എന്തുകൊണ്ടാണ് മാംസാഹാരം കഴിക്കാത്തതെന്ന അ ന്വേഷണത്തിന് എന്നെ കൊണ്ടാവുംവിധം ഭൂമിയില്‍ മരണങ്ങള്‍ കുറക്കാനാണ് ഞാനിഷ്ടപ്പെടുന്നത് എന്നു പറയുന്നു ഹേസല്‍ ഗ്രേസ്. എന്നെക്കൊണ്ടാവുംവിധം ദേഷ്യവും പകയും അസൂയയും അഹങ്കാരവുമെല്ലാം കുറക്കാന്‍ തീരുമാനിച്ചാല്‍ മാത്രം മതിയാകുമായിരിക്കും ലോകം പരമാവധി നന്മയായി മാറാന്‍. 

ഏതു നേരവും 'ട്വിസ്റ്റ്' സംഭവിക്കാവുന്ന മനുഷ്യന്റെ നിസ്സാരതയെ ഏറെ വലുപ്പത്തില്‍  കോറിയിട്ടിരിക്കുന്നു ജോണ്‍ ഗ്രീന്‍. തനിക്ക് ലഭിച്ച ആരോഗ്യം കൊണ്ട് ആരുടെ മെക്കിട്ട് കേറണം എന്ന് പരതുന്ന മനുഷ്യര്‍ക്ക് ഈ നോവല്‍ നല്‍കുന്ന തിരിച്ചറിവുകള്‍ ചെറുതല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍